സുൽത്താൻ : ഭാഗം 2

Spread the love

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“ആദിൽ സൽമാൻ സുൽത്താൻ ….. ഒന്നെഴുന്നേറ്റെടോ തന്നെയൊന്നു കാണട്ടെ… “ആഷ മാമിന്റെ വാക്കുകൾ കേട്ടു ആദി ചിരിയോടെ എഴുന്നേറ്റു…. “താൻ ഡിഗ്രി കഴിഞ്ഞാണ് മെഡിസിൻ ട്രൈ ചെയ്തതല്ലേ… ഡിഗ്രി റാങ്ക് ഹോൾഡർ.. ആം ഐ റൈറ്റ്…?? ” “അങ്ങനെയൊന്നുമില്ല… എങ്ങനെയോ റാങ്ക് കിട്ടി “..ആദിയുടെ മറുപടി ക്ലാസ്സിൽ ചിരിയുണർത്തി… “ഞങ്ങൾ സുൽത്താൻ എന്നെ വിളിക്കൂട്ടാ… പിന്നെ ഡിഗ്രി കഴിഞ്ഞു വന്നത് കൊണ്ടു ക്ലാസ്സിലെ വല്യേട്ടനും താനാ…

അതുകൊണ്ട് പിള്ളേരുടെയൊക്കെ മേൽ ഒരു കണ്ണ് വേണം.. ” “മാം പൊളിയാണല്ലോ…പിള്ളേരുടെ മേൽ എന്റെ കണ്ണുണ്ടാവും…ആദിയെ കൊണ്ടു അതിനൊന്നും കൊള്ളില്ല…. ഞാൻ നോക്കിക്കോളാം എല്ലാവരെയും.. “അത് നീരജാണ് പറഞ്ഞത്… ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി മുഴങ്ങി…. ആദി ചിരിയോടെ സീറ്റിലേക്കു ഇരുന്നു… ഇക്കണ്ട നേരമത്രയും തിരിഞ്ഞിരുന്നു തന്നെ കൗതുകത്തോടെ ആ മിഴികൾ വീക്ഷിക്കുന്നത് ആദി ഇടംകണ്ണാൽ കാണുന്നുണ്ടായിരുന്നു… ഇനിയും ആ നോട്ടം കണ്ടില്ലെന്നു നടിക്കാൻ അവനു ആവുമായിരുന്നില്ല…

നേർത്ത ഒരു ചിരിയോടെ ആദി അവളുടെ മുഖത്തേക്ക് നോക്കി….തലയിൽ നിന്നും ഊർന്നു വന്നൊരാ സ്വർണ്ണ നിറമുള്ള ദുപ്പട്ടയുടെ തുമ്പ് നേരെ പിടിച്ചിട്ടു കൊണ്ടവൾ ആദിക്ക് ഹായ് പറഞ്ഞു.. ബസിൽ വെച്ചു കണ്ടൊരാൾ ഒട്ടും പ്രതീക്ഷിക്കാതെ ഇവിടിരിക്കുന്നത് കണ്ട കൗതുകമായിരുന്നു ആ കണ്ണുകളിൽ … കണ്ണടച്ച് തലയാട്ടി കാണിച്ചു കൊണ്ടു ഒരു കുഞ്ഞു പുഞ്ചിരി ആദി അവൾക്കു സമ്മാനിച്ചു …. കോളേജ് അങ്കണത്തിലെ ചോന്ന വാകപൂക്കൾ തലയാട്ടി ചിരിച്ചു ആദിക്കൊപ്പം…

ഇനിയും സാക്ഷിയാകേണ്ടി വരുന്നൊരു പ്രണയത്തിനോ പ്രണയനഷ്ടത്തിനോ വേണ്ടിയുള്ള ആദ്യ സമ്മാനമെന്നപോലെയുള്ള ചിരി… ആഷാ മാം ഓരോരുത്തരെയായി പരിചയപ്പെട്ടുകൊണ്ടിരുന്നു.. ഒടുവിൽ അവളുടെ ഊഴം എത്തി.. എന്തോ പറഞ്ഞു കൊണ്ടു ചെവിക്കുള്ളിലേക്ക് വായും കൊണ്ടു വന്ന നീരജിന്റെ വായ് പൊത്തി പിടിച്ചു അവനെ ബലമായി മടിയിലേക്ക് പിടിച്ചു കിടത്തിയിട്ട് ആദി തന്റെ ചെവികൾ കൂർപ്പിച്ചു… “മാം… ഐആം ഫിദ ജന്നത്ത് … ഐആം ഫ്രം ആലപ്പുഴ…. ”

ആദിയുടെ മനസിലേക്ക് കുളിർമഴയായി ആ വാക്കുകൾ ഒലിച്ചിറങ്ങി…. “ഓഹ്… അപ്പോൾ അയൽജില്ലക്കാരി ആണ്… “അവനോർത്തു ആദിയുടെ മടിയിൽ നിന്നും എഴുന്നേറ്റു വന്ന നീരജ് ആദിയെ നോക്കി ആക്കിചിരിച്ചു… ആ ചിരിയും കൂടി തന്റെ ചുണ്ടിലേക്ക് ഏറ്റുവാങ്ങി ആദി പുറത്തെ ചോന്ന വാകപ്പൂക്കളിലേക്ക് വീണ്ടും നോക്കിയിരുന്നു…. ……………………💕💕💕 വീണുകിട്ടിയ ആദ്യത്തെ ഇടവേളയിൽ അവൾ അവനടുത്തേക്ക് വന്നു…. “ഹായ് ആദി…. പറഞ്ഞില്ലല്ലോ ഇങ്ങോട്ടായിരുന്നൂന്നു….”

അത് കേട്ട് ആദി ചിരിച്ചു….. “അതിനു നീണ്ട അഞ്ചര മണിക്കൂർ യാത്രയിൽ ഒന്നിച്ചുണ്ടായിരുന്നെങ്കിലും നമ്മൾ ഒന്നും മിണ്ടിയില്ലല്ലോ…. ” “സോറി ആദി …. അപ്പൊ ഇനി ഫ്രണ്ട്സ്….. “അവൾ അവന്റെ നേരെ കൈ നീട്ടി കൊണ്ടു അവനടുത്തേക്കിരുന്നു… ഇക്കുറി ആ കൈകൾക്ക് മേൽ തന്റെ കൈകൾ ചേർത്തപ്പോൾ ആദി ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു… മനസ്സ് ആഗ്രഹിക്കുന്നതെന്തോ പടച്ചോൻ തനിക്കായി സമ്മാനിക്കാൻ ഒരുക്കം കൂട്ടും പോൽ ഒരു തോന്നൽ അവനിൽ ഉണ്ടായി… “ഫിദാ… ഇത് നീരജ്.. അത് ഹർഷനും തന്മയയും…. നീരജ് എന്റെ പഴയ ഫ്രണ്ട് ആണ്…

ഹർഷനും തന്മയയും ഇപ്പൊ കൂടെ ചേർന്നതാണ്… അവർ പഴയ ചങ്ക്‌സ് ആണ്… ” “അയ്യോ ഞാനൊരാളെ വിളിക്കാൻ മറന്നു… ” ഫിദ അവിടിരുന്നു കൊണ്ടു തന്നെ താൻ ആദ്യം ഇരുന്ന സ്ഥലത്തേക്ക് നോക്കി വിളിച്ചു… “വൈശാഖി… ” ഒരു നാടൻ പെൺകുട്ടി തിരിഞ്ഞു നോക്കി…. നീണ്ട ഇടതൂർന്ന മുടിയുള്ള നെറ്റിയിൽ മഞ്ഞൾക്കുറിയും അതിനു മുകളിൽ ഒരു കുങ്കുമ കുറിയും ഒക്കെ വരച്ച..വെള്ളക്കൽ മൂക്കുത്തി ഇട്ട.. വാലിട്ട് കണ്ണെഴുതിയ ഒരു സുന്ദരിക്കുട്ടി…. വൈശാഖി എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു… “ഇത് വൈശാഖി… ഞാൻ വൈശു എന്ന് വിളിക്കും…

എന്റെ വീട് ആലപ്പുഴയിലാണെങ്കിലും മമ്മീടെ വീട് പാലക്കാടാ… അവിടെ അടുത്താ വൈശൂന്റെ വീട്… “ഫിദ പറഞ്ഞു.. “വീട്ടിലാരൊക്കെയുണ്ട്…?? “ആദിയാണ് വൈശൂനോട് ചോദിച്ചത്… പൊടുന്നനെ ആ മിഴികൾ ഒന്ന് പിടയുകയും നോട്ടം ഫിദയിൽ എത്തുകയും ചെയ്തു… “അത്.. ആദി.. വൈശു മ്യൂട്ട് ആണ്… സംസാരിക്കില്ല… ” “ഓഹ്.. സോറി.. “ആദി വല്ലായ്മയോടെ പറഞ്ഞു… “നിങ്ങളുടെയൊക്കെ വിശേഷം പറ…. എവിടാ വീട്….. “ഫിദ തന്മയയെ നോക്കി ചോദിച്ചു…. “എന്റെ വിശേഷം പറയാനാണെങ്കിൽ അത് ബോറായിരിക്കും….. “തന്മയ ചിരിയോടെ പറഞ്ഞു….

“അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിക്കുമ്പോൾ ഏട്ടൻ മെഡിസിന് പഠിക്കുകയായിരുന്നു… ഞാൻ ഏഴിലും…. അച്ഛനും അമ്മയും പോയതോടെ ബന്ധുക്കൾ സ്വത്തുമായി പോയി…. ഏട്ടന്റെ പഠനം അതോടെ നിന്നു… അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഏട്ടനെ ഡോക്ടർ ആക്കണമെന്ന്…. അത് നടക്കാതെ വന്നപ്പോൾ എന്നെയെങ്കിലും പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്ന് ഏട്ടന് ആഗ്രഹം… അതിന് വേണ്ടി കഷ്ടപ്പെടുകയാ പാവം… ഓട്ടോ ഓടിക്കുകയാണ്…. അമ്മയുടെ ഷെയറിലുള്ള സ്ഥലത്ത് ഒരു ചെറിയ വീടുണ്ടായിരുന്നു….അവിടാ ഞങ്ങൾ താമസിക്കുന്നത്….. തേജസ്‌… എന്റെ തേജുക്കുട്ടൻ…. അതാ എന്റേട്ടന്റെ പേര്….”

“തന്മയ നിറമിഴികളോടെ പറഞ്ഞു നിർത്തി…. ഫിദയും വൈശുവും ഒരുപോലെ അവളുടെ കയ്യിൽ തെരുപ്പിടിച്ചു…. ആദി അവളെ കണ്ണടച്ച് കാണിച്ചു….. “എനിക്ക് പ്രത്യേകിച്ച് ഹിസ്റ്ററി ഒന്നുമില്ല കേട്ടോ “അച്ഛനും അമ്മയ്ക്കും ഒറ്റമോൻ…അതുകൊണ്ട് തന്നെ ഒരല്ലലും ഇല്ലാതങ് പോകുന്നു…. “ഹർഷന്റെ വകയായിരുന്നു ആ ഡയലോഗ്… അവിടെ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു…. ആറുപേർ ചേർന്ന ഒരു ഒറ്റ സൗഹൃദം…. ഹർഷൻ എന്ന ഹരിയും തന്മയ എന്ന തനുവും വൈശാഖി എന്ന വൈശുവും നീരജിന്റെയും ആദിയുടെയും ഫിദയുടെയും ജീവന്റെ ഭാഗമായി മാറാൻ അധികനാൾ വേണ്ടിവന്നില്ല…

ഒരു മാസത്തിനുള്ളിൽ തന്നെ നീരജ് കൂട്ടുകാർക്ക് നീരുവും ഫിദ ഫിദുവുമൊക്കെയായി മാറി.. ഇണങ്ങിയും പിണങ്ങിയും മറ്റുള്ളവർക്ക് പണി വെച്ചും ആറുപേരും ആ കോളേജ് ക്യാമ്പസ് മുഴുവൻ തകർത്തു നടന്നു…. ഹർഷന്റെയും തനുവിന്റെയും വീട് കോളേജിൽ നിന്നും അധികം ദൂരെ ആയിരുന്നില്ല…. അവർ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഫുഡ്‌ ഒക്കെയായിരുന്നു ആറുപേരും കൂടി കഴിച്ചിരുന്നത്…..ഹോസ്റ്റൽ ഫുഡ്‌ ആർക്കും അത്ര പിടുത്തമില്ലായിരുന്നു… ഗേൾസ് ഹോസ്റ്റലിൽ ആയിരുന്നു ഫിദുവും വൈശുവും…. ഒരു മാസത്തോളം കടന്നുപോയി…..

മനസിലെ മൗനപ്രണയം മനസ്സിൽ തന്നെ വെച്ചുപൂട്ടി അവളുടെ കയ്യെത്തും ദൂരത്തുണ്ടായിരുന്നു ആദി…. എന്തിനും ഏതിനും…. പലവുരു നീരജ് അവനോടു.. പ്രണയം തുറന്നുപറയാൻ ആവശ്യപ്പെട്ടെങ്കിലും ആ സൗഹൃദം നഷ്ടപ്പെടുമോ എന്ന തോന്നലിൽ അവൻ തന്റെ പ്രണയം ഉള്ളിൽ തന്നെ ഒളിപ്പിച്ചു….. ആ മൗനപ്രണയത്തിൽ മുങ്ങി അവൻ തന്റെ മൊഞ്ചത്തിക്കായി കാത്തിരുന്നു…. ഈ കലാലയം വിട്ടിറങ്ങുന്നതിനു മുൻപായി പറയാമെന്ന തോന്നലിൽ…. സ്വന്തമാകുമെന്ന തോന്നലിൽ….

പലപ്പോഴും അവന്റെയടുത്തു യാതൊരു സങ്കോചവും കൂടാതെ അവൾ മുട്ടിയിരിക്കുമ്പോൾ നീരജ് ഒരു കള്ളക്കണ്ണോടെ ആദിയെ നോക്കുമായിരുന്നു… കൂടെയുള്ള കൂട്ടുകാരെ ആരെയും അറിയിക്കാതെ തന്റെ കുഞ്ഞുപ്രണയം ആദി തന്റെ ഹൃദയത്തിന്റെ ചെപ്പിലൊളിപ്പിച്ചു….. ഈ ഒരു കാലയളവിൽ അവൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു…. ഈ സൗഹൃദകൂട്ടായ്മയിൽ അവൾ ഏറ്റവും അധികം അടുപ്പം കാട്ടുന്നത് തന്നോടാണെന്ന്…. ആ ഒരടുപ്പത്തിന്റെ തിരയിളക്കം പലപ്പോഴും ഒരു സൗഹൃദത്തിന്റെയാണെന്ന് അവനു മനസിലായിരുന്നെങ്കിലും തന്റെ നെഞ്ചിൽ പതിഞ്ഞുപോയ ആ മുഖം തന്നിൽ കോരിയൊഴിക്കുന്നത് പ്രണയത്തിൻ മഴത്തുള്ളികൾ ആണെന്നുള്ളതും അവൻ അറിയുന്നുണ്ടായിരുന്നു….

സ്വപ്നങ്ങളിൽ തന്റെ മൊഞ്ചത്തിയെ താലോലിച്ചും …. മുറ്റത്തെ വാകപ്പൂക്കളെ പ്രണയിച്ചും ആദിയുടെ ദിനങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു….. ഒന്നര മാസത്തിനു ശേഷമുള്ള ഒരു പാത്തോളജി ക്ലാസ്സ് …. എല്ലാവരും ക്ലാസ്സിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന ആ സമയം….. ഡോറിൽ ഒരു തട്ട് കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി… ആറടി പൊക്കത്തിൽ സുമുഖനായ ഒരു വിദ്യാർത്ഥി…. ക്‌ളീൻ ഷേവ് ചെയ്ത പ്രസന്നമായ മുഖം…. ഒരു പുഞ്ചിരിയുണ്ട് ആ മുഖത്ത്… “യെസ്… കമിൻ… “സാർ പറഞ്ഞു… അവൻ അകത്തേക്ക് കയറി ഒരു കടലാസ് സാറിന്റെ നേർക്കു നീട്ടി… “ഓഹ്.. ലേറ്റ് അഡ്മിഷൻ ആണല്ലേ… “സാർ ചോദിച്ചു…. “അതെ സർ…. “വിനയമുള്ള മറുപടി..

ഒരു ഇൻട്രോ കൊടുത്തിട്ട് ഇരുന്നോളൂ…. സാർ പറഞ്ഞു…. അവൻ ചിരിയോടെ തന്റെ സഹപാഠികളെ നോക്കി…. “ഹൈ…. ഐആം ഫർദീൻ അഹമ്മദ്…ഫ്രം എറണാകുളം….. കുറച്ചു ലേറ്റ് ആയിട്ടാണ് ജോയിൻ ചെയ്തത്… അത് മറ്റൊന്നും കൊണ്ടല്ല… എനിക്ക് പറ്റിയ പണിയാണ് ഇതെന്ന് തോന്നിയില്ല…. പിന്നെ ഉമ്മിയുടെ ഒരു നിർബന്ധം കൊണ്ടു മാത്രമാണ് ജോയിൻ ചെയ്തത്… കാശ് കൊടുത്തു മേ ടിച്ച സീറ്റാണ്…. എൻട്രൻസ് എഴുതിയിട്ട് അത്രയ്ക്കങ്ങോട്ട് എത്തിയില്ല…. നമുക്ക് ബിസിനസ് ആയിരുന്നു താല്പര്യം…. MBA…”എല്ലാവരെയും നോക്കി ചിരിയോടെ പറഞ്ഞുകൊണ്ട് ഫർദീൻ ഇരിക്കാൻ ഇരിപ്പിടം തേടി…..

നിറഞ്ഞിരിക്കുന്ന ക്ലാസിൽ ഒരു സീറ്റ് കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരുന്നു…. അതുകൊണ്ട് തന്നെ ഗേൾസിന്റെ സൈഡിലെ….. തനു ലീവായിരുന്നത് കൊണ്ടു ഒഴിഞ്ഞുകിടന്ന ഫിദുവിന്റെ അടുത്ത സീറ്റിലേക്കു അവനിരുന്നു….. സീറ്റിലേക്കിരുന്നു കൊണ്ടു തല തിരിച്ചു അടുത്തിരിക്കുന്ന പെൺകുട്ടിയെ നോക്കിയ ഫർദീന്റെ കണ്ണ് മിഴിഞ്ഞു പോയി…. തട്ടത്തിൻ മറയത്തെ ആ മൊഞ്ചത്തിയെ കണ്ട്…….. ❣️ കാത്തിരിക്കുമല്ലോ……. 💕©Divya Kashyap

സുൽത്താൻ : ഭാഗം 1

-

-

-

-

-