Monday, November 18, 2024
Novel

സുൽത്താൻ : ഭാഗം 19

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

താനാശിച്ചതൊക്കെയും കൈപ്പിടിയിൽ നിന്നും എന്നുന്നേക്കുമായി വിട്ടു പോയി എന്ന് ഫിദക്ക് മനസിലായി തുടങ്ങിയിരുന്നു.. ഈ രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ എന്തൊക്കെയാ സംഭവിച്ചതെന്നോർത്തപ്പോൾ… അത് ഇനി ഒരിക്കലും തിരികെ വരാത്ത വസന്ത കാലം ആണെന്നോർത്തപ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു പോയി… ഒറ്റക്കിരുന്നു ഒന്ന് കര യുവാൻ പോലും ആകുന്നില്ലായിരുന്നു അവൾക്ക്….

നിദയും സുലുവാന്റിയും ഏതു സമയത്തും അവളുടെ ഒപ്പമായിരുന്നു… ഇടക്ക് എപ്പോഴോ ഒന്നൊറ്റക്ക് ആയപ്പോൾ ഫിദ ഫർദീന്റെ നമ്പറിലേക്ക് വിളിച്ചു നോക്കിയിരുന്നു… ആദി വെറുതെ പറഞ്ഞതായിരുന്നെങ്കിലും ഫർദീൻ അത് തന്നെ ചെയ്തിരുന്നു… ഒരു പിൻവിളി അവളിൽ നിന്നുണ്ടാകാതിരിക്കാൻ ആ ഫോൺ നമ്പർ അവൻ പാടെ ഒഴിവാക്കിയി രുന്നു… ആ ശബ്ദം നിലച്ചത് ഫിദയെ ഭ്രാന്തമാക്കുന്നുണ്ടായിരുന്നു…. നിദയെ റിഹു വിളിച്ചു സത്യാവസ്ഥകൾ പറഞ്ഞിരുന്നു..

അവൻ പറഞ്ഞതനുസരിച്ചു അവളുടെ അടുത്ത് തന്നെ നിന്നു അവൾ ഒന്ന് രണ്ടു ദിവസം കൊണ്ട് കോലം കെട്ടുപോയ ഫിദൂത്തയെ കാണുമ്പോഴൊക്കെ അവളുടെ നെഞ്ച് പൊടിയുന്നുണ്ടായിരുന്നു… മമ്മിയും നിശബ്ദമായി തേങ്ങിക്കൊണ്ടിരുന്നു…. മമ്മിയുടെയും നിദയുടെയും സങ്കട മുഖങ്ങൾ ഫിദയെ പിന്നെയും സങ്കടപ്പെടുത്തി… ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന പുതിയ സാഹചര്യത്തെ വിഷമത്തോടെ ആണെങ്കിലും അവൾ നേരിടാൻ തീരുമാനിച്ചു…

ഫർദീന്റെ ഓർമകൾക്ക് മുന്നിൽ പക്ഷെ പലവട്ടം വീണ്ടുമവൾ തോറ്റു… ഒരാഴ്ച കഴിഞ്ഞു… ഡാഡി പുതിയ കുറെ പ്രൊപോസൽസുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…. ഒരു ദിവസം വൈകിട്ട് ഡാഡി ഇല്ലാത്ത സമയം… എല്ലാവരും ചായ കുടിക്കുകയാണ്… സുലുവാന്റിയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ഫിദ.. “മമ്മി സുലുവാന്റിയെ എന്തോ ആംഗ്യം കാണിച്ചു… നിദയെ ഒന്ന് നോക്കി കൊണ്ട് സുലുവാന്റി ഫിദയുടെ തലമുടികളിൽ തഴുകി കൊണ്ട് പറഞ്ഞു… “ഫിദു.. ആന്റി ഒരു കാര്യം പറയട്ടെടാ… ”

“ഉം… “അവൾ അലസമായി മൂളി… “ഇവിടെ അടുത്ത് നിന്നു തന്നെ ഒരു ആലോചന വന്നിട്ടുണ്ട്… നല്ല പയ്യനാ… നിന്നെ പോലെ തന്നെ ഡോക്ടർ… നമുക്കൊന്ന് നോക്കിയാലോ… നമ്മൾക്ക് സമ്മതം ആണെങ്കിൽ പഴയ നിക്കാഹ് ഡേറ്റിനു തന്നെ അവർ തയ്യാറാണ്… നിന്നോടൊന്നു സൂചിപ്പിക്കാൻ ഡാഡി പറഞ്ഞു.. ” ഫിദയിൽ നിന്നും മറുപടി ഒന്നും ലഭിക്കാത്തത് കൊണ്ട് ആന്റി മമ്മിയെ നോക്കിക്കൊണ്ട് അവളുടെ മുഖം തിരിച്ചു നോക്കി… ആ മിഴികൾ ഉറവ പൊട്ടി ഒഴുകുന്നത് കണ്ടു മൂവരും പരസ്പരം നോക്കി വിഷമിച്ചിരുന്നു… ഫിദ മെല്ലെ എഴുന്നേറ്റിരുന്നു..

എല്ലാവരെയും നോക്കി… അവളുടെ മുഖം പതുക്കെ മമ്മിയിൽ തറഞ്ഞു… പിന്നെ നിലത്തേക്ക് നോക്കി സാവകാശം പറഞ്ഞു… “മമ്മി… ഡാഡിയോട് പറയണം.. ഉടനെയൊന്നും ഈ കാര്യം എന്നോട് പറയരുതെന്ന്… ഡാഡി പറഞ്ഞത് ഞാൻ അനുസരിച്ചില്ലേ… നീണ്ട അഞ്ചു വർഷം മനസിലുണ്ടായിരുന്ന എന്റെ ഇഷ്ടം ഞാൻ വേണ്ടെന്നു വെച്ചില്ലേ… ആ തീയതിക്ക് തന്നെ മറ്റൊരു നിക്കാഹ് നടത്തണമെന്നുള്ളത് ഡാഡിയുടെ വാശി മാത്രമാണ്… ഡാഡിയുടെ വാശി തീർക്കാൻ ഉള്ളതല്ല എന്റെ ജീവിതം…

എനിക്കും ഉണ്ട് ഒരു മനസ്… മുറിവേറ്റ മനസാണ്.. ഉണങ്ങാൻ കാലങ്ങൾ എടുത്തേക്കും… ഡാഡി പറയുന്ന ഏതൊരു ബന്ധത്തിനും ഞാൻ തയ്യാറാണ്.. പക്ഷെ ഉടനെ എനിക്ക് ആവില്ല… എന്നെ ഇനി നിർബന്ധിക്കരുതേ… “കൈകൾ കൂപ്പി കാണിച്ചു കൊണ്ട് മിഴികൾ വാർത്ത് വീണ്ടുമവൾ ആന്റിയുടെ മടിയിലേക്ക് കിടന്നു… മമ്മിയും ആന്റിയും നിദയും ഒരു ദീർഘനിശ്വാസത്തോടെ അവളെ തന്നെ നോക്കിയിരുന്നു… രാത്രിയിൽ കിടക്കും നേരം ഫിദയുടെ അപേക്ഷ മമ്മി ഡാഡിയോട് പറഞ്ഞു..

“ഒരല്പം സമയം അവൾക്കായി കൊടുത്തേക്കു..വേദനകൾ എല്ലാം ഒന്ന് തരണം ചെയ്തോട്ടെ അത്‌… അവൾക്കിഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്യട്ടെ ഇപ്പോഴവൾ … കുറച്ചുനാൾ അവളെ അവളുടെ വഴിക്ക് വിട്ടേക്കാം നമുക്ക്.. ” ഡാഡി നിറകണ്ണോടെ മമ്മിയെ നോക്കി… “അവളെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഇതൊന്നും… പക്ഷെ എനിക്ക് അംഗീകരിക്കാൻ പറ്റില്ലെടോ.. അൻസിയെ കൊന്നവന്റെ മുന്നിൽ.. അവന്റെ മുന്നിൽ നമ്മളിനി പല കാര്യത്തിനും ചെല്ലേണ്ടി വരില്ലാരുന്നോ ഈ നിക്കാഹ് നടന്നിരുന്നെങ്കിൽ …

ഏതെങ്കിലും ലോകത്തിരുന്നു അൻസി കാണില്ലേ അത്‌… അവൻ വിചാരിക്കില്ലേ അവനെ ഞാൻ മറന്നൂന്ന്…”ഡാഡി വിതുമ്മി “എന്റെ മോൾക്ക് ഇതിലും മികച്ചത് ഞാൻ കണ്ടെത്തി കൊടുക്കും.. താൻ നോക്കിക്കോ.. അവൾ തന്നെ എന്നോട് അന്ന് താങ്ക്സ് പറയും അങ്ങനെ ഒരാളെ കണ്ടെത്തി കൊടുത്തതിനു… “ഡാഡി മിഴികൾ പൂട്ടി… അൽപ സമയം ഡാഡിയെ നോക്കി കിടന്നിട്ട് മന്ദഹസിച്ചു കൊണ്ട് മമ്മിയും ഉറക്കത്തിനൊരുങ്ങി ……………………❤️

ഒരാഴ്ചയും കൂടി കഴിഞ്ഞു…. ഫർദീന്റെ നിക്കാഹ് ആണിന്ന്… പറഞ്ഞ ഡേറ്റിൽ തന്നെ അവർ നിക്കാഹ് നടത്തി… ഫ്രണ്ട്സിനെ ആരെയും തന്നെ അവൻ വിളിച്ചില്ല…. എറണാകുളത്ത് ആദിക്ക് പരിചയമുണ്ടായിരുന്ന ഒരാൾ വഴി ആദി പക്ഷെ കാര്യം അറിഞ്ഞു.. അവന്റെ നിക്കാഹ് ആണെന്നും ഒരാഴ്ചക്കുള്ളിൽ തന്നെ അവൻ മണവാട്ടിയേം കൂട്ടി ലണ്ടനിലേക്ക് മടങ്ങുമെന്നും …. എറണാകുളം എഡിഷനിലെ പത്രത്തിൽ വന്ന വിവാഹ ഫോട്ടോ ആദിയുടെ ഫ്രണ്ട് ആദിക്ക് വാട്സാപ്പ് ചെയ്തു കൊടുത്തിരുന്നു….

അതിലേക്കും നോക്കിയിരുന്നപ്പോഴാണ് ആദി ഒരു കാര്യം ഓർത്തത്… ആലപ്പുഴ എഡിഷനിലുള്ള പത്രത്തിൽ ഫോട്ടോ ഉണ്ടെങ്കിൽ അത്‌ ഫിദു കാണാനിടയുണ്ട് … അങ്ങനെയെങ്കിൽ അവളൊരുപാട് വിഷമിക്കും അത് കണ്ടാൽ… ആദി വേഗം റിഹുവിന്റെ റൂമിലേക്ക്‌ ചെന്നു… റിഹു എന്തോ പഠനത്തിലായിരുന്നു… “റിഹൂ… നീ നിദയെ ഒന്ന് വിളിച്ചേ… ” “എന്തിനാ ഇക്കാ.. ” ആദി അവനോടു കാര്യം പറഞ്ഞു… “പത്രത്തിൽ ഉണ്ടെങ്കിൽ അത്‌ ഒന്ന് മാറ്റിയേക്കാൻ അവളോട്‌ വിളിച്ചു പറ.. ” റിഹാൻ തന്റെ ഇക്കായെ സാകൂതം നോക്കി..

ഇങ്ങനെയൊക്കെ ഒരാൾക്ക് ചിന്തിക്കാൻ പറ്റുമോ… മനസിലെ പ്രണയം നഷ്ടമായെന്നറിഞ്ഞിട്ടും ആ ആളുടെ വിഷമം നെഞ്ചിലേറ്റി നടക്കുന്ന ഒരാൾ… എന്തായിരിക്കും ഇക്കായുടെ മനസ്സിൽ ഇപ്പോൾ… ചെറുതായെങ്കിലും ഒരു സന്തോഷമോ പ്രതീക്ഷയോടെ കാണുമോ.. ഫിദ ചേച്ചിയെ കിട്ടുമെന്ന് കരുതുന്നുണ്ടാവുമോ… ഒന്ന് ചോദിച്ചാലോ…അവൻ വിചാരിച്ചു.. റിഹാന്റെ നോട്ടം കണ്ടു ആദിയുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിടർന്നു… “എന്താ.. റിഹൂ ഇങ്ങനെ നോക്കണേ… എന്നെ ആദ്യം കാണുന്ന പോലെ… ”

“ഇക്കാ.. ഒരു കാര്യം ചോദിച്ചോട്ടെ… ” “അതൊക്കെ പിന്നെ ചോദിക്കാം… നീ ഞാൻ പറഞ്ഞത് കാര്യം നിദയെ വിളിച്ചു പറ ആദ്യം.. “അതും പറഞ്ഞു ആദി അപ്പുറത്തെ റൂമിലേക്കു പോയി… റിഹു ഒരു ചമ്മിയ ചിരിയോടെ ഫോണെടുത്തു… എടുത്തു ഓപ്പൺ ചെയ്തപ്പോഴേ മെസേജുകൾ ഇരച്ചു വന്നു.. ആ കൂട്ടത്തിൽ കണ്ടു നിദയുടെ മുഖവും…അവൻ വേഗം തുറന്നു നോക്കി… ഒരു ഗുഡ്മോർണിംഗ് മെസേജ്… പരിചയപ്പെട്ട അന്ന് മുതൽ ഇന്ന് വരെ മുടക്കിയിട്ടില്ല അവൾ.. ഗുഡ്മോർണിംഗും ഗുഡ്നൈറ്റും… പല കാരണങ്ങൾ കൊണ്ടും പലപ്പോഴും താൻ അയക്കാതിരുന്നിട്ടുണ്ട്…

എങ്കിലും ഒരു പരിഭവവുമില്ല കക്ഷിക്ക്… അവൻ ആ ഡിപി എടുത്തു നോക്കി… ചെറിയ ഒരു പുഞ്ചിരിയോടെ നിൽക്കുന്ന പുതിയ ഒരു ഫോട്ടോ.. ആ ഡാർക് ബ്ളൂ ടോപ്പിലും ക്രീം കളർ തട്ടത്തിലും ഒന്ന് കൂടി സുന്ദരിയായതു പോലെ… എന്തോ.. മനസ്സിൽ ഒന്ന് തട്ടി ആ നോട്ടം… പെട്ടെന്ന് റിഹാൻ ആദി പറഞ്ഞത് ഓർത്ത് നിദയെ വിളിച്ചു… ഒറ്റ ബെല്ലിന് തന്നെ അവൾ ഫോൺ എടുത്തു… “എന്താടി ഫോണിൽ തന്നെ കുത്തിയിരുപ്പാണോ.. ഒറ്റ ബെല്ലിൽ തന്നെ എടുത്തല്ലോ… “അവൻ കളിയായി ചോദിച്ചു..

“ആഹാ.. പെട്ടെന്ന് എടുത്തില്ലെങ്കിൽ അതിനു കുറ്റം പറയുന്ന ആളാണോ.. ഇപ്പൊ ഇങ്ങനെ പറയുന്നേ… “അവൾ ചിരിച്ചു.. സംസാരം അധികം നീട്ടാതെ അവൻ ആദി പറഞ്ഞ കാര്യം അവളെ അറിയിച്ചു.. “ഇവിടെ കൊല്ലത്തെ പത്രങ്ങളിൽ ഫോട്ടോ ഇല്ല.. അവിടെ ആലപ്പുഴ എഡിഷനിൽ ഉണ്ടോ എന്നൊന്ന് നോക്കിയേക്ക്… ഉണ്ടെങ്കിൽ ഒന്ന് മാറ്റിയെക്ക്.. വെറുതെ അത്‌ കണ്ടു ഇനി ആൾക്ക് വിഷമം കൂടണ്ടല്ലോ… ” “ഉം… ഞാൻ നോക്കിയിട്ട് ചെയ്തോളാം.. പിന്നെ റിഹു.. ഫ്രീയാണോ… “? “എന്തേ… ” “എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..”

“എന്താ.. പറഞ്ഞോ… “അവൻ പറഞ്ഞു… “പറയാം… ഞാൻ പത്രം നോക്കി നീ പറഞ്ഞത് പോലെ ഫോട്ടോ ഉണ്ടോന്നു നോക്കട്ടെ.. അത് കഴിഞ്ഞ് വിളിക്കാം… ” “മ്മ്.. ആയിക്കോട്ടെ… “അവൻ ഫോൺ വെച്ചു… നിദ വേഗം സിറ്റ് ഔട്ടിലേക്കു ചെന്ന് പത്രം എടുത്തു നോക്കി… പ്രതീക്ഷിച്ച പോലെ തന്നെ ഫർദീന്റെ വിവാഹ ഫോട്ടോ അതിൽ ഉണ്ടായിരുന്നു…ഭാഗ്യം.. ആരും ഇതുവരെ അത് നിവർത്തി നോക്കിയിട്ടില്ല.. അവൾ അതുമായി വേഗം റൂമിലേക്ക് പോന്നു..എന്നിട്ട് അത്രയും ഭാഗം മുറിച്ചു മാറ്റി… ഡാഡി കണ്ടാൽ വഴക്ക് പറയുമായിരിക്കും..

സാരമില്ല… എന്തെങ്കിലും നുണ പറയാം.. അവൾ കരുതി… പത്രം തിരിച്ചു കൊണ്ട് ചെന്ന് സിറ്റ് ഔട്ടിലേക്ക് ഇട്ടിട്ട് വരുന്ന വഴി അവൾ ഫിദയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി…ഫിദൂത്ത ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നത് കണ്ടു.. പാവം ഫിദൂത്ത… “ഇത്താ… ഇന്ന് ഫർദീന്റെ നിക്കാഹ് ആയിരുന്നു… അയാൾക്ക് എന്റെ ഇത്തായെ ഇഷ്ടമായിരുന്നു… പക്ഷെ ഇത്തയെ മാത്രമായി വേണ്ടാന്നു… പണവും സ്വർണ്ണവും ഒക്കെയുള്ള ഫീദൂത്തയെ മതിയെന്ന്…. എന്നെങ്കിലും ഞാൻ എല്ലാം എന്റെ ഇത്തയോടു പറഞ്ഞു തരാം…

ഇപ്പൊ പറഞ്ഞാൽ എന്റെ ഇത്തയുടെ ചങ്ക് പൊട്ടും…”നിദ നിറമിഴികളോടെ നിശബ്ദം ഫിദയെ നോക്കി പറഞ്ഞു… റൂമിൽ ഫോൺ ബെല്ലടിക്കുന്നത് കേട്ട് അവൾ വേഗം തന്നെ തന്റെ റൂമിലേക്ക് ചെന്നു… റിഹു കോളിങ്… എന്ന് കണ്ടതും നിറഞ്ഞു നിന്ന ആ മിഴികൾ വിടർന്നു….. ഒരുപാട്.. ഒരുപാടിഷ്ടമാണ് റിഹു എനിക്ക് നിന്നെ… പറയണമെന്ന് കരുതി വെച്ച വാക്കുകൾ നെഞ്ചകം വന്നു വീർപ്പു മുട്ടുന്നത് അവളറിഞ്ഞു….അപ്പോൾ തന്നെ മിഴികൾ.. തളർന്നു ബലമില്ലാത്ത തന്റെ വലതു കാലിലേക്ക് നീണ്ടു… ഫോണിലേക്കു നീണ്ട വിരലുകൾ നിശ്ചിത സ്ഥലം തൊടാതെ ഫോണിൽ തന്നെ അവിടവിടെ പരതി നടന്നു…. പിന്നീടെപ്പോഴോ അതിന്റെ ശബ്ദം നിലച്ചപ്പോൾ അത്യധികം ഹൃദയ വേദനയോടെ അവൾ ബെഡിലേക്ക് ചാഞ്ഞു..

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 18