സുൽത്താൻ : ഭാഗം 11
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
വൈശുവിനെ വന്നു കുലുക്കി വിളിക്കുന്ന തേജൂട്ടന്റെ വെപ്രാളം നോക്കിയിരിക്കുകയായിരുന്നു തനു.. ഹർഷൻ കുറച്ചു വെള്ളം കൊണ്ടുവന്നു അവളുടെ മുഖത്ത് തളിച്ചെങ്കിലും അവൾ ഉണർന്നില്ല…. കൂടുതലൊന്നും ആലോചിക്കാതെ തേജസ് അവളെ വാരിയെടുത്തു… അപ്പോഴേക്കും ആദിയും ഹർഷനും കൂടി പോയി തേജസിന്റെ ഓട്ടോയുമായി വന്നിരുന്നു…. അടുത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിലേക്കാണ് അവളെ കൊണ്ട് പോയത്..
ഡ്യൂട്ടി ഡോക്ടർ എത്തി അവളെ പരിശോധിക്കുന്ന നേരം ബാക്കിയുള്ളവരോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടു…. മണിക്കൂറുകൾ കടന്നു പോയി… തളർച്ചയോടെ ഇരിക്കുന്ന തേജൂട്ടനെ തനു ഇമവെട്ടാതെ നോക്കിയിരുന്നു… അവൾ ഫിദയെ നോക്കി… എന്തോ പരിഭ്രാന്തിയിൽ ഇരിക്കുകയാണ് ഫിദ…. തനു മെല്ലെ അവളുടെ കയ്യിൽ ഒന്ന് തൊട്ടു… എന്താണ് എന്ന അർത്ഥത്തോടെ ഫിദ മുഖമുയർത്തിയപ്പോൾ ശബ്ദം താഴ്ത്തി തനു സാവധാനം ചോദിച്ചു… “ഇവിടെ ഞാനറിയാതെ വല്ലതും നടക്കുന്നുണ്ടോ ഫിദു…? ”
“എന്താടാ… ” “അന്ന് നീ പറഞ്ഞൊരു മൗന പ്രണയം.. അത് ..ആരൊക്കെ തമ്മിലാ…? ” ഫിദ അതിനു മറുപടിയായി തലയുയർത്തി നോക്കിയത് തേജസിന്റെ മുഖത്തേക്കാണ്.. “വൈശുവിനു ഇഷ്ടമാണെന്ന് എനിക്കറിയാം… പക്ഷെ തേജസേട്ടന്റെ മനസ്സിൽ എന്താണെന്നറിയില്ലായിരുന്നു … എന്നാൽ ഇന്നത്തെ ഏട്ടന്റെ പെരുമാറ്റം കണ്ടിട്ട്…. “ഫിദ പറഞ്ഞു മുഴുമുപ്പിക്കുന്നതിനു മുൻപ് നേഴ്സ് വന്നു തേജൂട്ടൻ ആരാണ് എന്ന് അന്വേഷിച്ചു.. പേഷ്യന്റിന് തേജൂട്ടനെ കാണണമെന്ന് പറഞ്ഞു എന്നു നേഴ്സ് പറഞ്ഞപ്പോൾ കൂട്ടുകാർ അഞ്ചു പേരുടെയും മുഖം അമ്പരപ്പിലായി…
നിറകണ്ണുകളോടെ തനു ഏട്ടനെ നോക്കിയപ്പോൾ അല്പം ഒരു പരവേശത്തോടെ എഴുന്നേറ്റ് അവൻ അകത്തേക്ക് ചെന്നു… അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു ആകാംഷ നിറഞ്ഞ മുഖത്തോടെ കിടക്കുന്ന വൈശുവിനെ… “ഹലോ Mr.തേജസ്… ഇറ്റ്സ് എ മിറക്കിൾ വൈശാഖിക്ക് സംസാരശേഷി തിരിച്ചു കിട്ടിയിരിക്കുന്നു … ഒരു ഷോക്കിൽ ആയിരുന്നല്ലോ അവൾക്കത് നഷ്ടമായത്… മറ്റൊരു ഷോക്കിലൂടെ അത് തിരികെ കിട്ടിയിരിക്കുന്നു… കൺഗ്രാറ്റ്സ് മാൻ… ഗോഡ് ഈസ് ഗ്രേറ്റ്.. കാര്യങ്ങളൊക്കെ ഞങ്ങൾ അവളോട് ചോദിച്ചു മനസിലാക്കി കേട്ടോ.. “ഡോക്ടർ അവന്റെ കൈ പിടിച്ചു കുലുക്കി.. “ഡേ ആഫ്റ്റർ ടുമോറോ..
നിങ്ങൾ ഒന്ന് കൂടി വരണം.. നമുക്ക് കണ്സൺഡ് ഡോക്ടറെ കൂടെ ഒന്ന് കാണണം… അദ്ദേഹം മാറ്റന്നാളെ ഉണ്ടാകൂ…. ” “വരാം ഡോക്ടർ.. ” തേജു വൈശുവിന്റെ അടുത്തേക്ക് നടന്നു.. തളർന്നു കിടക്കുകയായിരുന്നു അവൾ.. അവനെ കണ്ടതും മിഴികൾ നിറഞ്ഞു.. എങ്കുലും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു… അവൻ അടുത്തിരുന്നു അവളുടെ കരം കവർന്നു അതിൽ മെല്ലെ ചുണ്ടുകൾ അമർത്തി… “എന്തേ പേടിച്ചു പോയോ..?? “അവൻ ചോദിച്ചു… “മ്മ്… ഇങ്ങനാ എന്റമ്മയും വാവയും എന്നെ ഇട്ടിട്ട് പോയത്…
അത് പോലെ തേജൂട്ടനും…”അവളുടെ മിഴികൾ നിറഞ്ഞൊഴുകി… “ഡി പോത്തേ… എനിക്ക് നന്നായി നീന്തലറിയാം… പിന്നെ സങ്കടപ്പെടണ്ട കാര്യമില്ല… വീണത് ഏതായാലും ഭാഗ്യമായി… എന്റെ ഊമക്കുയിലിനു ശബ്ദം തിരിച്ചു കിട്ടിയല്ലോ…. “അവൻ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി…. അവളുമായി തിരികെ ഇറങ്ങി അവൻ പോകാം എന്ന് പറഞ്ഞു തനുവിനെ നോക്കിയപ്പോൾ അവൾ മറ്റെങ്ങോട്ടോ നോക്കിയിരിക്കുകയായിരുന്നു…. …………………………….❣️
ഫിദയുടെ ഡാഡി എത്തിയിട്ട് ഒരു ദിവസം കഴിഞ്ഞു .. സുലേഖ ഭർത്താവുമായി അവിടെയെത്തിയിരുന്നു… തഞ്ചത്തിൽ ആങ്ങളയോടൊന്നു കാര്യം അവതരിപ്പിക്കാൻ അവർ കാത്തിരുന്നു… ഉച്ചയൂണ് കഴിഞ്ഞു എല്ലാവരും കൂടി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അവർ പതുക്കെ കാര്യം അവതരിപ്പിച്ചു… “അതെങ്ങനെ ശെരിയാകും സുലു.. അവൾ ഇപ്പോൾ ഒന്നാം വർഷം കഴിഞ്ഞല്ലേയുള്ളു ” “എന്റിക്കാ… നാളെ തന്നെ ഇങ്ങള് നിക്കാഹ് നടത്തണ്ടാ… ഒരു എൻഗേജ്‌മെന്റ്…
അവർക്ക് പെണ്ണ് കൈവിട്ടു പോകാതിരിക്കാൻ ഒരുറപ്പ്… അത്രേ വേണ്ടൂ.” “അവളെ ഞാൻ കാണട്ടെ.. ഇതിനാണോ ഞാൻ അവളെ പഠിക്കാനയച്ചത്… “ഡാഡി കലിപ്പിലായി… “അതിനു അവൾ എന്ത് ചെയ്തൂന്ന്… അവന്റെ ഉമ്മായേ കൊണ്ട് അവളോട് സംസാരിച്ചപ്പോൾ അവൾ എന്റെ നമ്പർ കൊടുത്തു വീട്ടിൽ വിളിച്ചു ആലോചിക്ക് എന്നും പറഞ്ഞു… അല്ലാതെ ഒന്നുമില്ല ഇക്കാ… “സുലുവാന്റി ഫിദയുടെ പക്ഷം പറഞ്ഞു… “ഇനി ഇക്കാക്ക് ഇത് താല്പര്യം ഇല്ലേ… അവൾക്കും വേണ്ടാ അത്രേയുള്ളൂ..
അല്ലാതെ അവൾ ഇതിൽ മൂക്കും കുത്തി വീണിട്ടൊന്നുമില്ല…. ഇക്കാടെ ഇഷ്ടമേ അവൾ നോക്കു… “പറഞ്ഞു കൊണ്ട് സുലേഖ ഇക്കായെ ഏറു കണ്ണിട്ട് നോക്കി… ഡാഡിയുടെ മുഖം തെളിഞ്ഞു… വിളിച്ചു പറഞ്ഞതനുസരിച്ചു ഫർദീനും ഉമ്മായും ഉപ്പയും കൂടി ഒരു ദിവസം ഫിദയുടെ ആലപ്പുഴയിലെ വീട്ടിലെത്തി… അന്ന് പക്ഷെ ഫിദ എത്തിയിട്ടുണ്ടായിരുന്നില്ല… ഫർദീനെ കണ്ടു ഫിദയുടെ അനിയത്തി നിദക്ക് എവിടെയോ കണ്ട പരിചയം തോന്നി.. അവനെ ഒറ്റക്ക് കിട്ടിയപ്പോൾ അവൾ അത് ചോദിക്കുകയും ചെയ്തു..
“അന്ന് ആകാശ് ചേട്ടന്റെ ഒപ്പം ഇവിടെ വന്നിട്ടില്ലേ ഫർദീൻ ഇക്കാ… ” “ശ് ശ്.. പതുക്കെ പറയെടി…നിന്റെ ഡാഡി കേൾക്കണ്ടാ.. ഡയറി മിൽക്ക് മേടിച്ചു തരാം… “ഫർദീൻ ചിരിയോടെ പറയുന്നത് കേട്ട് അവളും ചിരിച്ചു… എല്ലാവരും യാത്ര പറഞ്ഞു പോയി കഴിഞ്ഞപ്പോൾ ഫിദയുടെ ഡാഡിയുടെ മനസിലുണ്ടായിരുന്ന കാർമേഘം തെല്ലൊന്നോതുങ്ങി…. എല്ലാവർക്കും ഫർദീനെ വലിയ ഇഷ്ടമായി…. ……………………………❣️ ഫിദയെയും വൈശുവിനെയും ഹോസ്റ്റലിൽ ഇറക്കിയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു തേജസും തനുവും…
ഹോസ്പിറ്റലിൽ ഇരുന്ന നേരം മുതൽ ഇത്ര നേരമായിട്ടും തനു ഒരക്ഷരം മിണ്ടുകയോ തന്നെ നോക്കുകയോ ചെയ്തിട്ടില്ലെന്നു തേജസ് ഓർത്തു… വീട്ടിലെത്തിയതും അവൾ മെല്ലെ അജത്തേക്ക് നടന്നു.. വാതിൽ തുറന്നു അകത്തു കയറി.. തേജസ് എന്തോ പറയുവാനായി വന്നപ്പോഴേക്കും അവൾ മേൽകഴുകാൻ ബാത്റൂമിലേക്ക് കയറി.. അവളിരണഫാൻ കാത്ത് അവൻ വാതിൽക്കൽ ചാരു പടിയിൽ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അടുക്കളയിൽ തട്ടും മുട്ടും കേട്ട് അവൻ അങ്ങോട്ട് ചെന്നു…
അവൾ കുക്കറിൽ കഞ്ഞി വെച്ചിരിക്കുകയായിരുന്നു… ഒരു പാത്രത്തിൽ മെഴുക്കുപുരട്ടാനുള്ള പച്ചക്കറി നുറുക്കി വെച്ചിരിക്കുന്നു… തേജസിനു വല്ലാത്ത സങ്കടം തോന്നി… സാധാരണ എനിക്ക് പഠിക്കാനുണ്ട് തേജൂട്ടാ തേജൂട്ടൻ വെയ്ക്കുവോ എല്ലാം എന്ന് കെഞ്ചി ചോദിക്കുന്ന പെണ്ണാണ് ഒരക്ഷരം മിണ്ടാതെ നിന്നു ജോലി ചെയ്യുന്നത്… “തനൂട്ടാ… തേജൂട്ടനോട് പിണക്കമാണോ നീ ” മറുപടിക്ക് പകരം ഒരേങ്ങൽ ആണ് തേജു കേട്ടത്.. “എന്നോടൊന്നു പറയാരുന്നു… ഇങ്ങനൊരിഷ്ടം ഉണ്ടെന്നു… ഇതിപ്പോ രണ്ടാളും കൂടി എന്നെ പറ്റിച്ചില്ലേ…
“അവൾ അവന്റെ നെഞ്ചിലേക്ക് വീണു കെട്ടിപിടിച്ചു.. “അങ്ങനൊന്നുമില്ലെടാ… ഒന്ന് രണ്ടാഴ്ചയെ ആയുള്ളൂ… ഇപ്പോഴും അറിയില്ലെനിക്ക് അവളോടുള്ളത് പ്രണയമാണോ സഹതാപമാണോ എന്നൊന്നും… അന്നെന്തോ അവളുടെ മുത്തശ്ശൻ അവളുടെ കഥ പറഞ്ഞപ്പോൾ എന്തോ ഒരു അലിവ് തോന്നി…. പിന്നീട് ഞാൻ അവിടുന്ന് തിരിച്ചു പോന്നപ്പോൾ കണ്ണും നിറച്ചു നോക്കി നിൽക്കുന്ന കണ്ടപ്പോൾ… എന്തോ ഒരിഷ്ടം… അവളും ആരോടും ഒന്നും പറഞ്ഞിട്ടില്ല.. ഫിദക്ക് പോലും അറിയില്ല… എന്തോ ഡൗട്ട് ഉണ്ട് ഫിദക്ക്…
നമ്മളെ പോലെ തന്നെ അച്ഛനും അമ്മയും ഇല്ലാത്ത അല്ലേടാ.. നിനക്കിഷ്ടമല്ലെങ്കിൽ തേജൂട്ടാൻ അവളെ പറഞ്ഞു മനസിലാക്കിച്ചു വേണ്ടെന്നു വെച്ചോളാം… “തേജ് അവളുടെ ശിരസ്സിൽ തഴുകി…. “എന്നോടൊന്നു പറഞ്ഞില്ലല്ലൊ എന്ന സങ്കടമേ ഉള്ളൂ… അല്ലാതെ ഇഷ്ടക്കുറവൊന്നുമില്ല… എനിക്കും ഇഷ്ടാവാ ആ മിണ്ടാപ്പൂച്ചയെ…. “കണ്ണീരിനിടയിലും തനു ചിരിയോടെ പറഞ്ഞു… …………………………..❣️
“അടുത്ത ദിവസം തന്നെയിങ്ങു പോരു… ഞായറാഴ്ച ഫർദീനും ബന്ധുക്കളും വരുന്നുണ്ട്… ആ വളയിടൽ ചടങ്ങ് അങ്ങ് നടത്തി വെച്ചിട്ട് അവന് പോകണമല്ലൊ… അതിനടുത്ത വ്യാഴാഴ്ച അവൻ പോകുവാണ്… “ഫർദീൻ തലേ ദിവസം തന്നെ ഡെറ്റോക്കെ വിളിച്ചു പറഞ്ഞു അറിഞ്ഞിരുന്ന കാര്യമാണെങ്കിലും ഡാഡി വിളിച്ചു പറഞ്ഞപ്പോൾ ആദ്യമായി കേൾക്കുകയാണ് എന്ന മട്ടിൽ ഫിദ എല്ലാം മൂളി കേട്ടു… ഡാഡി ഫോൺ വെച്ചു കഴിഞ്ഞപ്പോൾ എന്താണ് കാര്യം എന്നറിയാൻ ആകാംഷയോടെ ഇരുന്ന വൈശുവിനെ ചെന്ന് ഫിദ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു…
“ഡാഡി സമ്മതിച്ചെടി… സൺഡേ അവർ വരും ഉറപ്പിക്കാൻ… നാളെ തന്നെ ചെല്ലാൻ പറഞ്ഞു… ” “ആഹ്.. കോളടിച്ചല്ലോ… ഞങ്ങളൊക്കെ വരണ്ടേ… ” “പിന്നെ വേണ്ടേ… നാളെ കോളേജിൽ വന്നു നിങ്ങളെയൊക്കെ ഒഫീഷ്യൽ ആയി വളയിടീലിന് വിളിച്ചിട്ട് ലീവും കൊടുത്ത് ഞാൻ പോകും… ” “നിങ്ങൾ അഞ്ചു പേരും കൂടി തലദിവസമേ എത്തണം കേട്ടോ… ” “ഡബിൾ ഓക്കെ.. “വൈശു ചിരിയോടെ പറഞ്ഞു ..
പിറ്റേദിവസം കോളേജിൽ ചെന്ന് ബാക്കി അഞ്ചു പേരോടും എല്ലാവരും ഞായറാഴ്ച്ച എത്തണം നമുക്ക് അടിച്ചുപൊളിക്കാം എന്നൊക്കെ പറയുമ്പോൾ വെന്തു നീറി ഒരു ഹൃദയം നിന്നുരുകുന്നത് അവളറിഞ്ഞില്ല…. അവളുടെ സന്തോഷത്തിൽ പങ്കു ചേർന്ന് കൊണ്ട് ഒരു ക്ലാസ് മൊത്തം സന്തോഷിച്ചപ്പോൾ തന്റെ സ്നേഹചെപ്പിൽ സൂക്ഷിച്ചുവെച്ചിരുന്ന മുത്തുകൾ ചിന്നിച്ചിതറി താഴേക്കു വീഴുന്നത് അറിയുകയായിരുന്നു ആദി… ബാക്കിയുള്ളവരെല്ലാം കൂടി ആലപ്പുഴക്കുള്ള ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ അവരിൽ നിന്നും ഒഴിഞ്ഞു മാറി കോളേജ് മുറ്റത്തെ വാകചുവട്ടിൽ പോയി അവൻ ഒറ്റക്കിരുന്നു..
“ഡാ… ഞാനിറങ്ങട്ടെ… നീ വരുമല്ലൊ… ഫിദ ലീവ് പറഞ്ഞത് ശേഷം ഓടി വന്നു അവന്റെ മുതുകിലേക്ക് ചാരി… മനോരാജ്യത്തിൽ അവളുടെ മുഖം കൈക്കൂടന്നയിലെടുത്തു ആ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ആദി യാഥാർത്യത്തിലെ അവളുടെ സ്പർശനമേറ്റ് പൊള്ളിപ്പിടഞ്ഞുപോയി…. ഒരു ഞെട്ടലോടെ അകന്നു മാറിയിരുന്ന അവന്റെ മുഖഭാവം കണ്ടു ഫിദയും ഒരു നിമിഷം അമ്പരന്നു…. ❣️ കാത്തിരിക്കില്ലേ…. 😊 With Luv….Dk❤️