ശ്യാമമേഘം : ഭാഗം 8
എഴുത്തുകാരി: പാർവതി പാറു
അനി പറയുന്നതെല്ലാം ഒരു ചെറു ചിരിയോടെ ആണ് മേഘ കേട്ടത്.. ഞാൻ ഇത്രയും സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ നീ ചിരിക്കുകയാണോ മേഘ…. അവൻ ഫോൺ സ്‌ക്രീനിൽ അവളെ നോക്കി പേടിപ്പിച്ചു.. ചിരിക്കുക അല്ലാതെ ഞാൻ എന്ത് വേണം.. കരയണോ…. ഇത് സന്തോഷിക്കേണ്ട സമയം അല്ലേ.. ഒരു കുഞ്ഞു ജീവൻ അല്ലേ… ആ വയറ്റിൽ.. എന്ത് രസം ആയിരിക്കും… അതൊക്കെ ശരി ആണ്..
പക്ഷെ ഞാനിപ്പോൾ എന്താ ചെയ്യാ.. ഡോക്ടർ പറയുന്നു അവളെ പോലീസിനെ ഏൽപ്പിച്ചു മാനസികാമയി തളർത്തരുത് എന്ന്… ഞാനും അതിനോട് യോജിക്കുന്നു അനി.. ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ സംരക്ഷണവും സന്തോഷവും വേണ്ട സമയം ആണ് അവളുടെ ഗർഭസമയം… ഈ സമയത്ത് അവളെ വേദനിപ്പിക്കാൻ നീ ഒരു കാരണം ആയാൽ.. ആ ശാപം എന്നും നമ്മളെ പിന്തുടരില്ലേ.. അവൾക്ക് വേണ്ടപ്പെട്ടവർ അവളെ തേടി വരും വരെ അവളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്…
നീ എന്താ പറഞ്ഞൂവരുന്നത്.. അവളെ ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോയി പാർപ്പിക്കണം എന്നോ.. അവൻ നിസ്സാരമായി പറഞ്ഞു… അതെ…. മേഘേ.. വാട്ട് യൂ മീൻ… വാട്ട് ഐ said… വേണം അനി.. അത് തന്നെ ആണ് വേണ്ടത്.. അവളെ നീ വീട്ടിലേക്ക് കൂട്ട്.. എന്റെ മേഘേ.. നീ എന്താ ഭ്രാന്ത് പറയുന്നേ… ആരാ എന്താ എന്നൊന്നും അറിയാത്ത ഒരാളെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോവുന്നതിൽ എന്ത് അർഥം ആണുള്ളത്… ശരിയാണ്… ഒന്നുമറിയില്ല.. പക്ഷെ… അവളൊരു അന്ധ ആണെന്നും ഗർഭിണി ആണെന്നും അറിയാമല്ലോ….
അനിക്ക് മറുപടി നൽകാൻ ഇല്ലായിരുന്നു.. നീ അവളെ രക്ഷിക്കാൻ കാണിച്ച മനുഷ്യത്വം ഇപ്പോഴും കാണിക്കണം അനി… മേഘേ.. ഞാൻ… ഒന്നും പറയണ്ട അനി…. നീ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഏറ്റവും കൂടുതൽ എതിർക്കേണ്ടത് ഞാൻ ആണ്.. ആ ഞാൻ ആണ് പറയുന്നത്… ഈ ലോകത്ത് എനിക്ക് അറിയുന്ന പോലെ ആർക്കും നിന്നെ അറിയില്ല.. അത് കൊണ്ടാണ് പറയുന്നത്… നിന്റെ കൈകളിൽ അവൾ സുരക്ഷിത ആയിരിക്കും… അവളെല്ലാം പറയും നിന്നോട് എനിക്ക് ഉറപ്പുണ്ട്…
പക്ഷെ മേഘേ.. ഞാൻ ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് ഞാൻ അവളെ എങ്ങനെ കൊണ്ടുപോകും.. അച്ഛൻ അറിഞ്ഞാൽ… നാട്ടുകാർ എന്ത് പറയും.. നാളെ ഞാൻ നിന്നെ വിവാഹം ചെയ്‌താൽ എന്തൊക്കെ കഥകൾ പറയും… നാട്ടുകാരുടെ വായ അടക്കാൻ നീ നോക്കണ്ട… അവർ പറയട്ടെ.. നീ ചെയ്യുന്നത് നിന്റെ മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നതാണ്…. ഒരു കാമുകിയിൽ ഇന്നേരം വേണ്ട പരിഭവമോ പരിഭ്രാന്തിയോ മേഘക്ക് ഇല്ലായിരുന്നു. .. പകരം വല്ലാത്ത ഒരു വിശ്വാസം ആയിരുന്നു..
തന്റെ പ്രിയതമനോട് ഏതൊരുവൾക്കും തോന്നുന്നതിലും അപ്പുറം ഉള്ള ഒരു വിശ്വാസം…. ……. അനിയുടെ കാറിന്റെ മുൻസീറ്റിൽ ഇരുന്ന് അവന്റെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ശ്യാമ മൗനം ആയിരുന്നു…. കുന്നിന്റെ മുകളിൽ ആണ് അനിരുദ്ധിന്റെ വീടെന്ന് തോനുന്നു… ശ്യാമ ഗ്ലാസ്സിലൂടെ കൈ പുറത്തേക്ക് ഇട്ട് ചോദിച്ചു… മ്മ്…. നേരം സന്ധ്യ ആയിതുടങ്ങിയിരിക്കുന്നു… കുന്നിൻ മുകളിൽ തണുപ്പ് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു… കാർപോർച്ചിൽ കാർ നിർത്തി അനി ഇറങ്ങി ശ്യാമക്ക് അരികിലേക്ക് എത്തിയപ്പോളേക്കും ശ്യാമ ഡോർ തുറന്ന് ഇറങ്ങിയിരുന്നു…
വരൂ.. അനി അവളെ വിളിച്ചു.. പിന്നീട് ആണ് ഓർത്തത് അവളെ പിടിക്കാതെ അവളെങ്ങനെ അകത്തേക്ക് കയറും… പക്ഷെ അവളെ സ്പർശിക്കാൻ അവന് ജാള്യത തോന്നി…. അത് മനസിലാക്കിയ പോലെ.. അവൾ ചുരിദാറിന്റെ ഷാൾ അവന് നേരെ നീട്ടി.. അവൻ അതിന്റെ തുമ്പിൽ പിടിച്ചു…. മൂന്ന് പടിയുണ്ട്… അവൻ പറഞ്ഞപ്പോൾ അവൾ ശ്രദ്ധയോടെ പടികൾ കയറി.. അവളുടെ ഷാളിന്റെ തലപ്പും പിടിച്ചു അവൻ മുന്നിൽ മെല്ലെ നടന്നു…. ചെറിയ വീട് ആണ് രണ്ടു മുറികളെ ഉള്ളൂ… അച്ഛന്റെ മുറി താൻ ഉപയോഗിച്ചോളൂ…
ഹാളിന്റെ വലതുവശത്തെ മുറിയിലേക്ക് കയറികൊണ്ട് അനി പറഞ്ഞു… മുറിയുടെ വാതിലിൽ നിന്ന് കട്ടിലിലേക്കുള്ള ദൂരം ശ്യാമ അളന്നു… കട്ടിലിന്റെ ഓരത്ത് അവളെ ഇരുത്തി അനി അവളുടെ ബാഗ് എടുത്ത് കൊണ്ട് വന്നു അവളുടെ അരികിൽ വെച്ചു… അനിരുദ്ധിന്റെ അച്ഛൻ വീട്ടിലേക്ക് എപ്പോഴെങ്കിലും ഓക്കെയെ വരാറുള്ളൂ അല്ലേ… അതെ.. എങ്ങനെ മനസിലായി.. ഈ മുറിക്ക് വിങ്ങിപ്പൊട്ടി ഇരിക്കുന്ന ഒരു ഭാവം… കാലങ്ങളോളം അടഞ്ഞു കിടന്ന ഒരു ശവപ്പെട്ടിയുടെ മണം….
അനി കർട്ടൻ നീക്കി ജനലുകൾ തുറന്നു… ഒരു കുളിർകാറ്റോടെ മുറ്റത്തെ മഞ്ഞിൻ തണുപ്പ് അകത്തേക്ക് പാറി വീണു തുടങ്ങി… അനിരുദ്ധ് ബാത്റൂം എവിടെ ആണ്… അനി വീണ്ടും അവളെ എഴുന്നേൽപ്പിച്ചു കുളിമുറിയുടെ സ്ഥാനം കാണിച്ചു കൊടുത്തു… പുറത്തേക്ക് ഇറങ്ങി… കുളികഴിഞ്ഞു ഹാളിൽ വന്നു ഇരുന്ന് അവൻ മേഘയെ വീഡിയോ കാൾ ചെയ്തു… എനിക്ക് പറ്റുന്നില്ലാടി.. അവൾ വന്നപ്പോൾ എനിക്ക് എന്റെ വീട്ടിൽ ഉള്ള സ്വാതന്ത്ര്യം നഷ്ടം ആയപോലെ.. എന്തോ ഒരു വീർപ്പുമുട്ടൽ… എന്റെ അനി…
നീ ഒന്ന് കൂൾ ആയി ഇരിക്ക്… നീ വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ അവൾ വന്നത് എന്ത്‌കൊണ്ടാണ് എന്ന് നീ ആലോചിച്ചിട്ടുണ്ടോ… നിന്നെ അവൾ വിശ്വസിക്കുന്നു എന്നത് കൊണ്ട്… ഞാനും… അവളെ ഒരു ശത്രു ആയി കാണല്ലേ അനി.. അവളും എന്നെ പോലെ ഒരു പെണ്ണാണ്.. അവളിൽ എന്നെ കാണാൻ ശ്രമിക്ക്… എനിക്കാണ് അങ്ങനെ ഒരു അവസ്ഥ വന്നെങ്കിൽ.. മേഘ.. സ്റ്റോപ്പ് ഇറ്റ്.. തമാശക്ക് പോലും അങ്ങനെ ഒന്നും പറയല്ലേ…. ശരി അത് വിട്…. നീ ഫുഡ് ഉണ്ടാക്കിയോ… ഇല്ല.. എന്താ ഉണ്ടാക്കണ്ടേ…
ഒരു കാര്യം ചെയ്യ് റവ ഇരിപ്പില്ലേ ഉപ്പ്മാവ് ഉണ്ടാക്ക്… നാളെ തൊട്ട് അവളുടെ ഇഷ്ടത്തിന് അനുസരിച്ചു ഉണ്ടാക്കി കൊടുക്കണം.. മേഘ….നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ… ഞാൻ കാര്യം പറഞ്ഞതല്ലേ പൊട്ടക്കണ്ണാ … അവൾ ഗർഭിണി ആണ് ഇഷ്ടം ഉള്ള ഭക്ഷണം വേണം കഴിക്കാൻ ഈ സമയത്ത്… നീ ഫോൺ വെക്ക്.. പോയി ഫുഡ് ഉണ്ടാക്ക്.. മേഘ നിനക്ക് എങ്ങനെ ഇത്ര കൂൾ ആവാൻ പറ്റുന്നു… അതൊക്കെ പറ്റും.. കാരണം ഞാൻ സ്നേഹിക്കുന്നത് എന്റെ അനിയെ ആണ്.. ഹൃദയം മുഴുവൻ എന്നെ മാത്രം കൊണ്ട് നടക്കുന്ന എന്റെ അ നിയെ.. അനി ചിരിച്ചു..
നീ ചെല്ല് ഞാൻ കിടക്കും മുന്നെ വിളിക്കാം.. മേഘ ഫോൺ വെച്ചതും അനി അടുക്കളയിൽ പോയി ഉപ്പുമാവ് ഉണ്ടാക്കി… ഒപ്പം കട്ടൻ ചായയും… ശ്യാമയെ വിളിക്കാൻ ചെന്നപ്പോൾ അവൾ കട്ടിലിൽ ഇരിക്കുകയാണ്.. കൈയിൽ അന്ന് കണ്ട ആ ഫ്രെയിം ചെയ്ത ഫോട്ടോയും ഉണ്ട്.. അതവൾ നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുണ്ട്… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… കുടുംബത്തോടുള്ള ഇമ്പം നഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ട്.. അവരുടെ ഫോട്ടോ കെട്ടിപിടിച്ചു ഇരുന്ന് കരയുകയാണോ… അനി വാതിൽക്കൽ കൈക്കെട്ടി നിന്നു ചോദിച്ചു …
നമുക്ക് വേണ്ടവയെ നഷ്ടപെടുത്തുമ്പോൾ ഒരിക്കൽ നാം അതോർത്തു കരയും എന്ന് കേട്ടിട്ടില്ലേ.. നഷ്ടപെടുത്തുന്നതിലേറെ വേദന ആണ് നഷ്ടപെടുത്തുമ്പോൾ…. ശ്യാമ കണ്ണുകൾ തുടച്ചു.. എണ്ണീറ്റു.. കാലങ്ങൾ ആയി ആ മുറിയിൽ പെരുമാറുന്ന ഒരാളെ പോലെ എണീറ്റ് കൈയിൽ ഉണ്ടായിരുന്ന ഫോട്ടോ മേശമേൽ വെച്ചു… മേശപ്പുറത്ത് ഇരിക്കുന്ന മറ്റൊരു ഫോട്ടോ കൃത്യമായി എടുത്തു… ഇത് അനിരുദ്ധിന്റെ ഫോട്ടോ ആണോ… അവൾ ചോദിച്ചു… മ്മ്.. അനിരുദ്ധ് ഈ ഫോട്ടോയിൽ കുഞ്ഞാണോ… അനി ഫോട്ടോയിലേക്ക് നോക്കി…
അവന് രണ്ടു വയസോ മറ്റോ ഉള്ളപ്പോൾ എടുത്ത ഫോട്ടോ ആണ്… അതെ.. എങ്ങിനെ.. മനസിലായി… ഒരച്ഛന്റെ മുറിയിൽ എപ്പോഴും അദേഹത്തിന്റെ മകന്റെ കുഞ്ഞിലേ ഉള്ള ഒരു ഫോട്ടോ എങ്കിലും ഉണ്ടാവും… എന്ത് കൊണ്ടാണെന്ന് അറിയുമോ… ആ കുഞ്ഞിന്റെ ചെറുപ്പം ആ അച്ഛന്റെ ചെറുപ്പം ഓർമിപ്പിക്കും… ഓരോ പിറന്നാളിലും കുഞ്ഞിനൊപ്പം വളർന്ന അച്ഛനെ ഓർമിപ്പിക്കും.. അതൊരു സുഖം ആണ്.. ഏതൊരച്ഛനും ഓർക്കാൻ ഏറ്റവും ഇഷ്ടപെടുന്ന സുഖമുള്ള ഓർമ്മകൾ.. ആയിരിക്കാം..
പക്ഷെ എന്റെ അച്ഛന് എന്നെ കുറിച്ച് ഓർക്കാൻ അത്ര സുഖമുള്ള ഓർമ്മകൾ ഒന്നും തന്നെ ഇല്ല.. അതെന്താ…. അതങ്ങനെ ആണ്… പറയാം എന്നെ കുറിച്ച്… പക്ഷെ ഇപ്പോൾ അല്ല.. എല്ലാം തുറന്നു പറയാൻ ഉള്ള മനസ് നമുക്കിരുവർക്കും ഉണ്ടാവുമ്പോൾ മാത്രം… അപ്പോൾ ഈ ജന്മം എനിക്ക് അത് കേൾക്കാൻ യോഗം ഉണ്ടാവില്ലെന്ന് തോന്നുന്നു.. ശ്യാമ ഒരു ചിരിയോടെ പറഞ്ഞു… നമുക്ക് നോക്കാം … അനിയും അതേ ചിരിയോടെ പറഞ്ഞു…
🙏🙏 തുടരും..