Sunday, December 22, 2024
Novel

ശ്യാമമേഘം : ഭാഗം 19

എഴുത്തുകാരി: പാർവതി പാറു

ഇരുവശവും ചുവന്ന കരിങ്കല്ലുകൊണ്ട് പടുത്തുയർത്തിയ ഓരോ അക്കാഡമിക് ബ്ലോക്കുകളും കടന്ന് അനി നടന്നു… . ജെ. എൻ. യു.. പണ്ടെന്നോ മേഘയുടെ സംസാരത്തിൽ കേട്ട മോഹമാണ്…. തന്നോടുള്ള പ്രണയത്തിൽ മെല്ലെ മെല്ലെ അവളത് മറന്നു തുടങ്ങിയിരുന്നു.. പക്ഷെ അനി അത് മറന്നില്ല… അനിയുടെ നിർബന്ധത്തിന് ആണ് പിജിക്ക് അവൾ ഇങ്ങോട്ട് പോന്നത്… ഡിപ്പാർട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ് എന്ന ബോർഡിന്റെ മുന്നിൽ അവൻ നടത്തം അവസാനിപ്പിച്ചു….

അതിനു മുന്നിലെ ഒരു അത്തിമരത്തിന്റെ താഴെ അവൻ ഇരുന്നു… പരീക്ഷ കഴിയാൻ ഇനിയും സമയം ഉണ്ട്… അവൾക്കറിയില്ല താൻ വരുമെന്ന്… ഒരു മീറ്റിങ്ങിനു പോവുകയാണെന്ന് നുണ പറഞ്ഞതാണ്.. അവൻ കണ്ണുകൾ അടച്ചു മരത്തിലേക്ക് ചാരി ഇരുന്നു … കണ്ണന്റെ മുഖം ആണ് ആദ്യം മനസിലേക്ക് തെളിഞ്ഞു വന്നത്…. അവനെ വല്ലാതെ മിസ്സ്‌ ചെയുന്നുണ്ടെന്ന് അവന് തോന്നി… ശ്യാമ താനില്ലാതെ അവനെ കൊണ്ട് ബുദ്ധിമുട്ടുകയാവും എന്നോർത്തപ്പോൾ അവന് വേദന തോന്നി…

അവൻ ഫോണെടുത്ത് കണ്ണന്റെ ഓരോ ഫോട്ടോ നോക്കി ഇരുന്നു…. പരീക്ഷ കഴിഞ്ഞു കുട്ടികൾ ഇറങ്ങി വരാൻ തുടങ്ങിയതും അവർക്കിടയിൽ അവൻ മേഘയെ തിരഞ്ഞു.. കൂടെയുള്ള കുട്ടിയോട് എന്തോ പറഞ്ഞു തന്റെ മുന്നിലൂടെ നടന്നു പോകുന്ന അവളെ അവൻ കൈകെട്ടി നോക്കി നിന്നു… ഒരു വർഷം കൊണ്ട് അവൾ നന്നേ ക്ഷീണിച്ചിരുന്നു… എന്ന് അവന് തോന്നി.. ഡി വെള്ളാരം കല്ലേ അതെന്ത് പോക്കാടി… അവൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി..

ആ നിമിഷം അവളുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം ഉണ്ടെന്ന് അവന് തോന്നി അവന്… അവൾ അവനെ കണ്ട് ഞെട്ടി നിൽക്കുകയാണ്… അവൾ കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി…. ടാ.. പൊട്ടകണ്ണാ… അവൾ ഓടി വന്ന് അവനെ കെട്ടിപിടിച്ചു.. അവൻ അവളെ എടുത്തു പൊക്കി വട്ടം കറക്കി… അവൾ അവന്റെ കവിളിൽ ചുംബിച്ചു.. അവനെ കണ്ട സന്തോഷത്തിൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അനി… നീ എന്താ പറയാതെ വന്നേ… പറഞ്ഞു വന്നാൽ എന്റെ പെണ്ണിന്റ ഈ സന്തോഷം കാണാൻ പറ്റില്ലല്ലോ…

അവൻ അവളുടെ ഇരു കവിളുകളും വലിച്ചു പറഞ്ഞു…. നിനക്ക് നല്ല ക്ഷീണം തോന്നുന്നു അനി … കണ്ണൊക്കെ കുഴിയിൽ പോയപോലെ.. അവൾ അവന്റെ മുഖത്തു തലോടി പറഞ്ഞു… മര്യാദക്ക് ഉറങ്ങിയിട്ട് കുറേ ആയി മേഘേ.. നിനക്ക് അറിഞ്ഞൂടെ… അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു… മ്മ്… ഞാൻ വന്നില്ലേ..ഇനി ഒരുമിച്ച് ഉറക്കം ഒഴിക്കാം.. അവൾ കള്ള ചിരിയോടെ പറഞ്ഞു…. ആ അല്ലെങ്കിലും ഇനി എന്റെ മോൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണ്.. അറിഞ്ഞല്ലോ അടുത്ത മാസം 20ന് ആണ് കല്യാണം….

അവനും അതേ കള്ള ചിരിയോടെ പറഞ്ഞു.. ഓ ആയിക്കോട്ടെ…. വാ ഇപ്പോൾ നമുക്ക് വല്ലതും കഴിക്കാം… എനിക്ക് വിശക്കുന്നു…പരീക്ഷ എഴുതി ക്ഷീണിച്ചു ഞാൻ… അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു നടന്നു കൊണ്ട് പറഞ്ഞു… ഇതിന് മാത്രം ഒരു മാറ്റവും ഇല്ലല്ലോ… അനി അവളുടെ തലക്ക് കിഴുക്കി… നീ jnu സ്ട്രീറ്റ് ലെ പാവ്ബാജി കഴിച്ചിട്ടില്ലല്ലോ… നമ്മുടെ രാമേട്ടന്റെ തട്ടുദോശ മിസ്സ്‌ ചെയുമ്പോൾ ആ വിഷമം തീർക്കാൻ ഞാൻ ഇടക്ക് പോവാറുണ്ട്… ആ വിഷമം ഒക്കെ നമുക്ക് തീർക്കലോ ഇനി…

ശ്യാമക്കും വലിയ ഇഷ്ടം ആണ് തട്ടുദോശ… ശ്യാമയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ നീ ഈ ഒരു വർഷം കൊണ്ടു പഠിച്ചു അല്ലേ… മ്മ്.. എന്തേ.. നിനക്ക് കുശുമ്പ് തോന്നുന്നുണ്ടോ.. അനി കള്ള ചിരിയോടെ ചോദിച്ചു… ഉണ്ട്… പക്ഷെ അത് നീ വിചാരിക്കുന്നത് പോലെ ഒരു കുശുമ്പ് അല്ല… അവളിലെ അമ്മയോട് തോന്നുന്ന കുശുമ്പ്. നിന്റെ കുശുമ്പ് ഞാൻ ഉടനെ പരിഹരിക്കുന്നുണ്ട് എന്റെ വെള്ളാരംകല്ലേ… അവൻ അവളുടെ തോളിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു… ഭക്ഷണം കഴിഞ്ഞു അവരിരുവരും ക്യാമ്പസിലെ തിരക്കൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ ഇരുന്നു….

അനി മേഘയുടെ മടിയിലേക്ക് കിടന്നു.. അവൻ അവളുടെ മുടിയിഴകളിൽ തലോടി… നല്ല സുഖം.. അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു… കുറേ നാള് കൂടിയിട്ട് അല്ലേ അതാവും.. അവൾ ചിരിച്ചു …. അനി അവളുടെ കൈകൾ കവർന്നു ഉള്ളനടിയിൽ ചുംബിച്ചു… കുറച്ചു നേരം ഉറങ്ങിക്കോ അനി…. നിനക്ക് നല്ല ക്ഷീണം ഉണ്ട്… മേഘ സ്നേഹത്തോടെ പറഞ്ഞു… വേണ്ട.. എനിക്ക് നിന്നെ ഇങ്ങനെ നോക്കി കിടന്നാൽ മതി…. അത് പറയുമ്പോഴും അവന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു…

മേഘ അവന്റെ മുടിയിഴകളിൽ വീണ്ടും വീണ്ടും തലോടി… അവൻ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു…. … അനി കണ്ണു തുറക്കുമ്പോൾ ചുറ്റും ഇരുട്ട് മൂടി തുടങ്ങിയിരുന്നു മേഘ മരത്തിൽ ചാരി ഇരുന്ന് അപ്പോഴും അവനെ നോക്കി ഇരിക്കുകയാണ്… മേഘേ ഞാൻ ഒത്തിരി നേരം ഉറങ്ങിയോ… അവൻ കണ്ണുകൾ തിരുമ്മി മുഖം തുടച്ചു ചോദിച്ചു… മ്മ്.. ഒരു നാലു മണിക്കൂർ… നാലു മണിക്കൂറോ… നിന്റെ കാല് വേദനിച്ചില്ലേ…. അവൻ അവളുടെ കാലിൽ തൊട്ടു.. അത് സാരല്ല്യ.. കാല് ആകെ തരിച്ചു ഇരിക്കാ.. വേദന അറിയുന്നില്ല..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… നിനക്ക് എന്നെ വിളിക്കാർന്നില്ലേ… അവൻ അവളോട്‌ ചേർന്നിരുന്ന് ചോദിച്ചു നീ ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല അനി… അവൾ അവന്റെ തോളിലേക്ക് തലവെച്ചു… ഒരു വർഷം കൂടി കണ്ടിട്ട് ഞാൻ ഇങ്ങനെ ഉറങ്ങി പോയതിൽ നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ മേഘേ…. അനി… നീ എന്നെ ഒരു ടിപ്പിക്കൽ കാമുകി ആക്കുകയാണോ.. നിനക്ക് തോന്നുന്നുണ്ടോ ഞാൻ അതിനൊക്കെ ഫീൽ ചെയ്യും എന്ന്… എനിക്ക് കൂട്ടിരിക്കാനും.. കളി പറയാനും സ്നേഹിക്കാനും ഇനി ഒരു ജന്മം മുഴുവൻ നീ ഉണ്ടല്ലോ അത് മതി എനിക്ക്….

അനി അവളുടെ നെറ്റിയിൽ ചുംബിച്ചു.. അനി നിനക്ക് ഒരു സൂത്രം കാണണോ… ന്താ… ഇത് നോക്കിയേ…. അവൾ അവളുടെ മറുവശത്തെ നിലത്തേക്ക് ചൂണ്ടി… അവളുടെ ചുരിദാറിന്റെ അറ്റം ചിതൽ അരിച്ചു കയറിയിരിക്കുന്നു…. ഇരുന്നിരുന്ന് ചിതൽ വന്നു എന്ന് നീ കേട്ടിട്ടല്ലേ ഉള്ളൂ ഇപ്പോൾ കണ്ടില്ലേ… അവൾ ചിരിയോടെ പറഞ്ഞു… അനിയും ആ ചിരിയിൽ പങ്കു ചേർന്നു… അനി നിന്റെ ക്ഷീണം ഒക്കെ മാറിയോ… ഓ മാറി… ഞാൻ ഉഷാറായി… എന്നാൽ നമുക്ക്.. കുത്തബ് മിനാർ കാണാൻ പോവാം…. ഈ സന്ധ്യക്കോ… രാവിലെ പോരേ…. പോരാ.. രാത്രിയിലെ ഭംഗി കാണാൻ രാത്രി തന്നെ പോണ്ടേ…

ഈ പെണ്ണിന്റെ ഓരോ വട്ട്…. ഏഴു മണിയോടെ അവർ അവിടെ എത്തി… മേഘ പറഞ്ഞത് പോലെ രാത്രിയുടെ ഭംഗി അറിയാൻ രാത്രി തന്നെ വേണം എന്നവന് തോന്നി…. പകൽ വെളിച്ചത്തിൽ ചുവന്നു നിൽക്കുന്ന ചെങ്കൽ നിറത്തിലെ ആ നീളൻ കെട്ടിടത്തിന് ആ രാത്രിയുടെ ഇരുട്ടിൽ മഞ്ഞ വിളക്കുകളുടെ പ്രകാശത്തിൽ വല്ലാത്ത ശോഭ ഉണ്ടായിരുന്നു…. തിരക്ക് വളരെ കുറവായതിനാൽ അവർ അവിടം മുഴുവൻ ചുറ്റിക്കണ്ടു.. മേഘേ… പണ്ടൊരിക്കൽ നീ പറഞ്ഞിരുന്നില്ലേ നിനക്ക് രാത്രി ഇഷ്ടം അല്ല.. പകൽ ആണ് ഇഷ്ടം എന്ന്..

ഇപ്പോൾ അഭിപ്രായം മാറ്റിയോ…. മ്മ്… എന്തോ… ഈ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാൻ ഒത്തിരി മാറിയത് പോലെ… നിനക്ക് തോന്നിയോ…. മ്മ്…. കുറച്ചു മാറ്റം ഒക്കെ ഉണ്ട്.. അവൻ അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു… പോടാ.. അതല്ല…. ശ്യാമ… അവൾ.. അവൾ എന്നിൽ എന്തൊക്കെയോ സ്വാധീനിക്കുന്ന പോലെ… എന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഞാൻ അറിയാതെ ഞാൻ ശ്യാമ ആവുന്നത് പോലെ… ഹേയ്.. അങ്ങനെ ഒന്നും ഇല്ല മേഘേ.. പക്ഷെ ശ്യാമക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്…. അവൾ നമ്മുടെ ജീവതത്തിലേക്ക് വന്നത് എന്തോ ലക്ഷ്യം നിറവേറ്റാൻ ആണെന്നൊരു തോന്നൽ…

വല്ലാത്തോരു ആത്മബന്ധം ആണ് അവളോട്‌…. പിന്നെ ഇപ്പോൾ കണ്ണനോടും… എന്നെ കാണാതെ അവൻ കരയുന്നുണ്ടാവുമോ മേഘേ….?? അനി.. നീ അവന്റെ അച്ഛനെ പോലെ സംസാരിക്കുന്നു… മേഘ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു…. ഇടക്കൊക്കെ ഞാനും അങ്ങനെ ആണെന്ന് എനിക്ക് തോന്നാറുണ്ട്…. അനി ചിരിച്ചു കൊണ്ട് പറഞ്ഞു… രാത്രിയുടെ ഇരുട്ടിൽ മേഘയുടെ കൈയും പിടിച്ചു ആ തെരുവിലൂടെ നടക്കുമ്പോൾ എല്ലാം വീട്ടിപിടിച്ചെടുത്ത ഒരു രാജാവിന്റെ സന്തോഷം ആയിരുന്നു അനിക്ക്… അനി നാളെ വൈകുന്നേരം അല്ലേ ഫ്ലൈറ്റ്…

പോകുന്നതിന് മുൻപ് കുറച്ച് സാധനങ്ങൾ വാങ്ങണം… കണ്ണനും ശ്യാമക്കും…. ആദ്യമായി കണ്ണനെ കാണാൻ പോവുകയാണ്.. വലുതായാൽ . അവനെന്താ എന്നെ വിളിക്കുക… അനി?? നീ പറ.. നിനക്ക് അവന്റെ ആരാവണം…?? ആ.. എനിക്കറിയില്ല.. അനി നീ അവന്റെ ആരാ…?? ആ.. എനിക്കും അറിയില്ല… ഞാൻ ആരാ അവന്റെ??? അവൻ ഓർത്തു… നീണ്ട നിശബ്ദതക്ക് ശേഷം മേഘ പറഞ്ഞു ചിലതൊക്കെ അങ്ങനെ ആണ് അനി… വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല… നമുക്ക് ശ്യാമയോടും കണ്ണനോടും തോന്നുന്ന വികാരം അങ്ങനെ ഒന്നാവാം.. വാക്കുകൾക്ക് അപ്പുറം ഉള്ള ഒരു ഭാഷ ആണത്.. സ്നേഹത്തിന്റെ ഭാഷ…. അതിനെ കേവലം ഒരു സ്ഥാനപേരിട്ട് വിലകുറച്ചു കാണേണ്ട….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 18