Saturday, January 18, 2025
Novel

ശ്യാമമേഘം : ഭാഗം 18

എഴുത്തുകാരി: പാർവതി പാറു

അഭിമന്യു…. എന്താ ആ പേര് ഇട്ടത്…. മേഘയുടെ സെലെക്ഷൻ ആണോ.. അന്ന് രാത്രി ഉറങ്ങാതെ കുറുമ്പുകാട്ടി കിടക്കുന്ന കണ്ണനെ എടുത്തു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അനിയോട് കട്ടിലിൽ ചാരിയിരുന്നുകൊണ്ട് ശ്യാമ ചോദിച്ചു… മ്മ്.. ശ്യാമയുടെ സെലെക്ഷൻ തന്നെ… ആ പേരിൽ നമ്മൾ എല്ലാവരും ഉണ്ടത്രേ… അനിരുദ്ധിന്റെ അ യും ന യും ശ്യാമയുടെയും മേഘയുടെയും മ… അവളുടെ ഓരോ വട്ട്…

അനി കണ്ണനെ ഇരു കൈകളിലും ഇട്ട് ആട്ടികൊണ്ട് പറഞ്ഞു… മ്മ്… അവന്റെ അച്ഛന്റെ പേരും ഉണ്ട് അതിൽ… യാദൃശ്ചികം ആയി അതും വന്നുപ്പെട്ടു… ശ്യാമ ഒരു നിരാശ കലർന്ന ചിരിയോടെ പറഞ്ഞു…. ആഹാ അത് കലക്കിയല്ലോ.. കണ്ണാ നീ കേട്ടോ.. നിന്റെ പേരിൽ നിന്റെ അച്ഛനും ഉണ്ടെന്ന്… എനിക്ക് അറിയില്ലടാ നിന്റെ അച്ഛന്റെ പേരെന്താണ് എന്ന്… നിന്റെ അമ്മയോട്ട് പറയുന്നുമില്ല…

അവളുടെ മുഖത്തേക്ക് പാളിനോക്കി അവൻ പറഞ്ഞു… ഞാൻ പറയാം അനിരുദ്ധ്. എന്തായാലും ഇത്രയും കാത്തില്ലേ.. അടുത്ത മാസം മേഘ വരും അവളും കൂടി വന്നോട്ടെ.. എന്നിട്ട് പറയാം.. ആയ്കോട്ടെ… എന്നാലും പേരെങ്കിലും പറഞ്ഞൂടെ…. അവനല്പം കുറുമ്പോടെ പറഞ്ഞു… ഒരു പേരിൽ എന്താണ് ഉള്ളത്… സത്യം പറഞ്ഞാൽ അയാളുടെ പേര് അതാണ് എന്ന് എനിക്ക് ഉറപ്പ് ഇല്ല.. തന്നോട് സംസാരിച്ചാൽ എനിക്ക് ഭ്രാന്ത് പിടിക്കും..

ഞാനും കണ്ണനും പോവാ… നിന്റെ അമ്മക്ക് വട്ടാ കണ്ണാ … അനിരുദ്ധ് തന്റെ ഈ പേര് ആരിട്ടത് ആരാ …. പോകാനായി തിരിഞ്ഞ അവനോട് ശ്യാമ ചോദിച്ചു… അമ്മ.. അച്ഛമ്മ പറഞ്ഞിട്ടുള്ള അറിവ് ആണ്… തന്റെ അമ്മ അന്നേ അറിഞ്ഞിരുന്നോ മേഘ തന്റെ ജീവിതത്തിൽ വരുമെന്ന് അതുകൊണ്ടാണോ തനിക്ക് ആ പേരിട്ടത്?? ശ്യാമ ചിരിയോടെ ചോദിച്ചു… അതിന് മേഘയും എന്റെ പേരും തമ്മിൽ എന്ത് ബന്ധം..?

അനി സംശയത്തോടെ ചോദിച്ചു… മേഘയും ആയി ബന്ധം ഇല്ല… പക്ഷെ മേഘയുടെ പ്രണയവും ആയി അതിയായ ബന്ധം ഉണ്ടല്ലോ… എന്ത് ബന്ധം? താൻ പുരാണത്തിലെ ബാണാസുര രാജാവിന്റെ മകൾ ഉഷയുടെ പ്രണയകഥ കേട്ടിട്ടില്ലേ..അവളുടെ സ്വപ്നത്തിൽ വന്ന് ഉറക്കം കെടുത്തിയ സുന്ദരനായ രാജകുമാരന്റെ കഥ…പേരോ നാടോ ഒന്നും അറിയാതെ അവൾ ആ സ്വപ്നത്തിലെ രാജകുമാരനുമായി പ്രണയം ആയി…

അവളുടെ ഊണും ഉറക്കവും ഒക്കെ അവൻ കാരണം നഷ്ടപ്പെട്ടു… ഒടുവിൽ ഉഷയും തോഴി ചിത്രലേഖയും കൂടി അവനെ കണ്ടുപിടിച്ചു… ആ രാജകുമാരൻ ആണ്.. അനിരുദ്ധൻ…. പുരാണത്തിൽ ഉഷയെ പോലെ റൊമാന്റിക് ആയ പ്രണയിനിമാർ തന്നെ വളരെ കുറവാണ്.. മേഘയും അങ്ങനെ അല്ലേ.. അതുകൊണ്ട് പറഞ്ഞതാ… ശ്യാമ ചിരിച്ചുകൊണ്ട് പറഞ്ഞു… ഓ അപ്പോൾ അനിരുദ്ധ് ആള് പുലി ആയിരുന്നു അല്ലേ…

ആ ജന്മം ഉഷ ഈ ജന്മം മേഘ ഏത് ജന്മം ആയാലും അനിരുദ്ധിന് പ്രണയം നിർബന്ധം ആണല്ലേ…. അനി ചിരിച്ചു…. അവൻ കണ്ണനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.. ശ്യാമ എന്തോ ഓർത്ത് കട്ടിലിലേക്ക് കിടന്നു… ….. ശ്യാമേ…. അടുത്ത ആഴ്ച മേഘയുടെ പരീക്ഷ തീരുകയാണ്… അവളെ ഡൽഹിയിൽ നിന്ന് കൂട്ടിക്കൊണ്ട് വരാൻ എനിക്ക് പോവണം എന്ന് അതിയായ ആഗ്രഹം ഉണ്ട്.. ഒരു വർഷം ആയിരിക്കുന്നു ഞാൻ അവളെ കണ്ടിട്ട്..

കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഞാൻ ഇത്രയും കാലം അവളെ പിരിഞ്ഞിരിക്കുന്നത്… മ്മ്.. അതിന് കാരണം ഞാൻ ആണല്ലോ അല്ലേ….ഒരുപക്ഷെ ഞാൻ നിങ്ങളുടെ ജീവിതത്തിൽ വന്നില്ലായിരുന്നു എങ്കിൽ അനിക്ക് എത്രയോ തവണ അവളെ കാണാൻ പോവാമായിരുന്നു… ഈ കണ്ണുപൊട്ടി കാരണം നിങ്ങള്കൂടി…. ശ്യാമേ… ഞാൻ.. ഞാനൊരിക്കലും അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്…

എനിക്കൊരിക്കലും താനൊരു ഭാരമായി തോന്നിയിട്ടില്ല മറിച് ഈ ഒറ്റപ്പെട്ട ജീവിതത്തിൽ ഒരു കൂട്ടയെ തോന്നിയിട്ടുള്ളൂ… ഇപ്പോഴും അതെ.. തന്നെയും കണ്ണനെയും പിരിയുന്നത് എനിക്ക് ഓർക്കാൻ പോലും സാധിക്കില്ല… ഇതിന് മാത്രം എന്ത് പുണ്യം ആണാവോ ഞാനും എന്റെ കുഞ്ഞും ചെയ്തത്… ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ചും ഏറ്റവും സ്നേഹനിധികളായ രണ്ടുപേരാണ് അനിയും മേഘയും…

എന്നാണ് മേഘയെ കൂട്ടികൊണ്ടുവരാൻ പോകുന്നത്… ഞാൻ പോകണോ ശ്യാമേ.. ഞാൻ പോയാൽ നീയും കുഞ്ഞും തനിച്ചാവില്ലേ.. നിനക്ക് ഒറ്റക്ക് അവനെ നോക്കാൻ ആവില്ലല്ലോ… അവൻ വേവലാതിയോടെ പറഞ്ഞു സാരമില്ല.. അനിരുദ്ധ്… കുറച്ചു ദിവസത്തെ കാര്യമല്ലേ.. ചീരുവമ്മ ഉണ്ടല്ലോ… നീ പോണം… അവളും അതാഗ്രഹിക്കുന്നുണ്ടാകും…. മ്മ്… എന്നാലും.. നാലു ദിവസം എന്റെ കണ്ണനെ കാണാതെ എങ്ങനെ ഞാൻ ജീവിക്കും എന്നോർത്താണ്…

അനി തൊട്ടിലിൽ കിടന്നുറങ്ങുന്ന കണ്ണന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു അവന്റെ കാലിൽ ചുംബിച്ചു.. ….. ഡൽഹിയിലേക്ക് പോകുന്ന അന്ന് അനിക്ക് കണ്ണനെ കണ്ടിട്ടും കൊഞ്ചിച്ചിട്ടും കൊതി തീരുന്നുണ്ടായിരുന്നില്ല…. അവനെ നെഞ്ചോട് ചേർത്ത് ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു ചീരുവമ്മക്ക് നൽക്കുമ്പോൾ കണ്ണൻ അനിയുടെ ഷർട്ടിൽ അള്ളി പിടിച്ചിരുന്നു…. അനിക്ക് അവന്റെ കൈകളെ ഷർട്ടിൽ നിന്ന് വേർപെടുത്തുമ്പോൾ വേദന തോന്നി…

അവന്റെ വിരലുകളിൽ ചുംബിച്ചു ശ്യാമയോട് യാത്ര പറഞ്ഞു അവൻ ഇറങ്ങി… അനി ഇല്ലാത്ത വീട്ടിൽ ശ്യാമക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു… ഉള്ളിൽ നിന്ന് സ്വന്തം ആയത് എന്തോ അകന്നു പോയപോലെ അവൾക്ക് തോന്നി… അനി തന്റെ ജീവിതത്തിൽ ആരൊക്കെയോ ആയിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞത് അവന്റെ അഭാവത്തിൽ ആയിരുന്നു… ആ രാത്രി കണ്ണൻ അനിയുടെ ചൂടിന് വേണ്ടി അലമുറയിട്ട് കരഞ്ഞുകൊണ്ടേ ഇരുന്നു…

ശ്യാമയുടെ മാത്രസ്നേഹത്തിനോ മുലപ്പാലിനോ അവന്റെ ശാഢ്യം ഇല്ലാതാക്കാൻ ആയില്ല… അവനപ്പോഴും അവനെ രാത്രികളിൽ പൊതിഞ്ഞു പിടിക്കുന്ന കൈകളെ തിരയുകയായിരുന്നു.. അവനുവേണ്ടി പാടുന്ന പാട്ടിനെ അന്വേഷിക്കുകയായിരുന്നു… അവനു മാത്രം ലഭിക്കാറുള്ള ചൂടിന് വേണ്ടി ഉഴറുകയായിരുന്നു…. . അവന്റെ കരച്ചിൽ അടക്കാൻ ചീരുവമ്മ വല്ലാതെ പണിപ്പെടുന്നുണ്ടായിരുന്നു..

എല്ലാം ശ്യാമ നിർവികാരതയോടെ നോക്കി ഇരുന്നു… അവളിലെ അമ്മ എവിടെയോ തോറ്റു പോയി എന്നവൾക്ക് തോന്നി.. അവളൊരു നല്ല അമ്മയല്ലെന്നവൾക്ക് തോന്നി… അവളൊരു നല്ല സ്ത്രീ അല്ലെന്ന് തോന്നി.. അവൾക്കൊന്ന് പൊട്ടികരയാൻ തോന്നി.. പക്ഷെ കരയാൻ കഴിയുന്നില്ല.. തന്റെ കുഞ്ഞിന്റെ കരച്ചിൽ അപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.. പക്ഷെ താനെന്ന അമ്മ നിസ്സഹായ ആവുന്ന പോലെ….

തനിക്കൊന്നും ചെയ്യാൻ ആവാത്ത പോലെ… അവനെ ഒരു നോക്ക് കാണാൻ ആവാത്ത വേദനക്കൊപ്പം പല പല വേദനകൾ അവളുടെ ഹൃദയത്തെ കുത്തിനോവിക്കുന്നത് അവൾ അറിഞ്ഞു… കണ്ണിനുള്ളിൽ കരഞ്ഞു ചുവന്ന കണ്ണന്റെ മുഖം നിറഞ്ഞു നിൽക്കുന്ന പോലെ. അവന്റെ ശരീരം വലിഞ്ഞു മുറുകുന്നത് അവൾ അറിയുന്നത് പോലെ… മോളേ… കണ്ണൻ വല്ലാതെ കരയുന്നു കുറച്ചു പാല് കൊടുക്ക്..

കുറച്ചു നേരം ആശ്വാസം കിട്ടുമല്ലോ…. ചീരുവമ്മ കണ്ണനെ അവളുടെ മടിയിലേക്ക് കിടത്തി… അവൾ കുഞ്ഞിനെ കൈകളിലേക്ക് വെച്ച് മുലകൊടുത്തു … അവളുടെ മാറിടങ്ങൾക്ക് വല്ലാത്ത വേദന തോന്നി.. അസഹ്യമായ വേദന.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പല്ലുകൾ കൂട്ടി കടിച്ചു… കുറച്ചു നേരം അനുസരണയോടെ മുല കുടിച്ചു കണ്ണൻ വീണ്ടും വാശി പിടിച്ചു കരയാൻ തുടങ്ങി….

ചീരുവമ്മ വീണ്ടും അവനെ എടുത്തു നടന്നു… അവന്റെ കരച്ചിൽ ശ്യാമയുടെ നെഞ്ചിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു.അവനെ കാണാൻ ആവാത്ത വേദനയേക്കാൾ അസഹ്യം ആയിരുന്നു അവന്റെ കരച്ചിൽ അവളിൽ ഉണ്ടാക്കുന്ന വേദന എന്നവൾക്ക് തോന്നി…. അവനെന്തിന് വേണ്ടി കരയുന്നു എന്ന് പോലും തിരിച്ചറിയാൻ ആവാതെ അവൾ തളർന്നിരുന്നു…. അവൾക്ക് ശരീരം വലിഞ്ഞു മുറുകുന്ന പോലെ തോന്നി… ചേർത്ത് പിടിക്കാൻ ഒരു കൈകൾക്കായി അവൾ കൊതിച്ചു… പൊട്ടികരയാൻ ഒരു മടിത്തട്ടിനായി അവൾ വെമ്പൽ കൊണ്ടു…. മോളേ…

മോന് വയറ് നിറഞ്ഞില്ലെന്നു തോന്നുന്നു… കുറച്ചൂടെ പാല് കൊടുക്ക് മോളേ.. എനിക്ക് വയ്യ.. എത്ര നേരായി…. അവൻ വെറുതെ വാശിപിടിക്കാ എന്നെ തോൽപ്പിക്കാൻ…. അവൾ ദേഷ്യത്തോടെ പറഞ്ഞു തിരിഞ്ഞു കിടന്നു.. . അവൾ തോറ്റുപോവുകയാണ് എന്ന് അവളുടെ ഉള്ളിൽ നിന്ന് ആരോ പറയുന്ന പോലെ അവൾക്ക് തോന്നി… നീ ഒരു നല്ല അമ്മ അല്ല.. ശ്യാമേ അവൾ സ്വയം പഴിച്ചു…. ഒരു നല്ല അമ്മ ഒരിക്കലും അങ്ങനെ ഒന്നും പറയില്ല..അല്ല ഞാൻ നല്ല അമ്മ അല്ല.. അവൾ മന്ത്രം പോലെ ഉരുവിട്ടു തേങ്ങി കരഞ്ഞു….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 17