Saturday, January 18, 2025
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 19

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

നിർത്താതെയുള്ള ഫോൺ ബെല്ലടി കേട്ടാണ് ഫൈസി ഉണർന്നത്..

അവൻ ക്ളോക്കിലേക്കു നോക്കി…
സമയം വെളുപ്പിന് അഞ്ചര…

“ഇതാരാ…ഈ വെളുപ്പാന്കാലത്ത്…?”
അവൻ മനസിലോർത്തു കൊണ്ട് ഫോൺ എടുത്തു നോക്കി…

ശ്രീയുടെ കോളായിരുന്നു…

“ശ്രീ..പറയെടാ…ഏഴുമണിക്ക് വന്നാൽ പോരെ..”?

ശ്രീക്ക് അന്നൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു…അതിന് അവനെ ടൗണിൽ കൊണ്ടു ചെന്നു ആക്കിക്കൊടുക്കണം എന്നവൻ ഫൈസിയോട് പറഞ്ഞിരുന്നു

“ശ്രീ അല്ല മോനെ..അമ്മയാ..ശ്രീക്ക് ഒട്ടും വയ്യാ..നല്ല പനി..മോൻ ഒന്നിവിടെ വരെ വരുമോ..ആറുമണിയാകുമ്പോൾ ആ ഗംഗാധരൻ ഡോക്ടറുടെ ക്ലിനിക്ക് തുറക്കുമല്ലോ..ഒന്ന് കൊണ്ടു പോയി കാണിക്കുവോ..”

മറുതലക്കൽ സുമംഗലാമ്മയുടെ ശബ്ദം കേട്ടു ഫൈസി അമ്പരന്നു..

ഇവനിന്നലെ അഞ്ചുമണി വരെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ…പിന്നിതെന്തു പറ്റി…

“ഞാനിപ്പോ വരാം അമ്മേ..”അവൻ പറഞ്ഞു…

ഫൈസി ചെല്ലുമ്പോൾ ശ്രീ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു…

സുമംഗലാമ്മ അവന്റെ നെറ്റിയിൽ തുണി നനച്ചു വെയ്ക്കുന്നു…

പാതി കുടിച്ചൊരു ആവി പൊന്തുന്ന കുരുമുളക് കാപ്പി മേശപ്പുറത്തിരുപ്പുണ്ട്…

അവനെയും കൂട്ടി ഗംഗാധരൻ ഡോക്ടറുടെ ക്ലിനിക്കിൽ എത്തുമ്പോൾ രണ്ടു മൂന്നു പേർ ഡോക്ടറെ കാണാൻ എത്തിയിട്ടുണ്ടായിരുന്നു..

പേര് എഴുതിയിട്ടിട്ട് പേഷ്യന്റസിനുള്ള ഇരിപ്പിടത്തിൽ ശ്രീയേയും കൊണ്ടിരുന്നപ്പോഴാണ് എതിർവശത്തെ കസേരയിൽ ശ്രീധരേട്ടന്റെ തോളിൽ തല ചായ്ച്ചു വെച്ചു ആകെ മൂടിപ്പുതച്ചു സേതു ഇരിക്കുന്നത് ഫൈസി കണ്ടത്…

“ഏഹ്..,ഇവൾക്കും പനിയായോ…അതെപ്പോ..ഇന്നലെ കാണുമ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ..,ഇവർക്ക് രണ്ടുപേർക്കും ഒരുമിച്ചെങ്ങനെ പനി പിടിച്ചു…”

ഫൈസിക്ക് ഒരെത്തും പിടിയും കിട്ടിയില്ല…

ശ്രീ ഇരുന്നപ്പോഴേ തല ഭിത്തിയിലേക്കു ചായ്ച്ചു വെച്ചു കണ്ണടച്ചായിരുന്നു..അതു കൊണ്ടു തന്നെ അവൻ അവരെ കണ്ടില്ല..

ഫൈസി അവനെ മെല്ലെ തോണ്ടി…

അപ്പോഴാണ് ശ്രീധരേട്ടൻ അവരെ കണ്ടത്…

“പനിയായല്ലേ..”അയാൾ ചോദിച്ചു..

ഫൈസിയുടെ തോണ്ടലിൽ കണ്ണുതുറന്ന ശ്രീ ശ്രീധരേട്ടന്റെ ചോദ്യമാണ് കേട്ടത്…

അവൻ ഒന്നു ചിരിച്ചു…

” മോൾക്ക് രാത്രി നല്ല ശ്വാസം മുട്ടലായിരുന്നു…ഒരു പോള കണ്ണടച്ചിട്ടില്ല…ഇപ്പൊ നല്ല പനിയും..എങ്ങനെ പനി പിടിക്കാതിരിക്കും..ആ ജാതി മഴയും തണുപ്പുമല്ലേ…ഇന്നലെ ഒത്തിരി ബുദ്ധിമുട്ടിയല്ലേ..ശ്രീ…”അയാൾ വീണ്ടും ചോദിച്ചു..

“ഏയ്‌..”ശ്രീ പറഞ്ഞുകൊണ്ട് സേതുവിന്റെ മുഖത്തേക്ക് നോക്കി…

ആ നിമിഷം തന്നെ അവളും മിഴികൾ തുറന്നു…

രണ്ടു പേരുടെയും മിഴികൾ കോർത്തു..

സേതു അച്ഛന്റെ തോളിൽ നിന്നും തലയുയർത്തിവെച്ചിരുന്നു…

ആ മുഖത്തൊരു സങ്കടം നിഴലിച്ചിരുന്നു..അതു മനസ്സിലായത് കൊണ്ടു തന്നെ ശ്രീ മറ്റാരും കാണാതെ തന്റെ പുരികമുയർത്തി അവളോട്‌ “എന്തു പറ്റി “എന്നു ചോദിച്ചു….

ഒന്നും മിണ്ടാതെ ഇമകൾ പോലും ചലിപ്പിക്കാതെ അവൾ ഇത്തിരി നേരം അവനെ നോക്കിയിരുന്നു…

“ഒന്നുമില്ല”എന്നു കണ്ണടച്ചു കാണിച്ചുകൊണ്ട് അവൻ വീണ്ടും ഭിത്തിയിലേക്കു തല ചായ്ച്ചു വെച്ചിരുന്നു…

സേതു ഡോക്ടറെ കണ്ടിറങ്ങിയ ഉടനെ ശ്രീ കയറി…

ശ്രീധരേട്ടനും ഫൈസിയും ക്ലിനിക്കിനോട് ചേർന്നുള്ള ഫാർമസിയിൽ മരുന്ന് മേടിക്കാനായി പോയപ്പോൾ ശ്രീ സേതുവിന് അരികിൽ വന്നിരുന്നു…

“എന്തു പറ്റി…ഒട്ടും വയ്യേ..”അവൻ ചോദിച്ചു…

“ശ്രീയേട്ടന്റെ ഇന്നത്തെ ഇന്റർവ്യൂം മുടങ്ങിയല്ലേ…”അവൾ വേപഥുവോടെ ചോദിച്ചു…

“ആരു പറഞ്ഞു നിന്നോട്..ഫൈസി യോ..”?

“അതേ”എന്നവൾ തലയാട്ടി…

“ഞാൻ കാരണം വീണ്ടും…ഇതിപ്പോ മൂന്നാമത്തെ തവണയല്ലെ ശ്രീയേട്ട…ഇങ്ങനെ മുടങ്ങുന്നെ…”അവൾ വിങ്ങിപ്പൊട്ടി…

“നിന്നേലും വലുതല്ലല്ലോ എനിക്ക് ഇന്റർവ്യൂ..ഇന്ന് പോകാൻ പറ്റില്ല എന്നുള്ളത് ശരിയാ..തല നേരെ നിക്കുന്നില്ല…ഭയങ്കര തലവേദനയും ശരീരം വേദനയും..ഒന്നു കിടന്നാൽ മതി..കുഴപ്പമില്ലെടി…അടുത്തത് നോക്കാം…”അവൻ ചിരിച്ചു…

അവൾ തുളുമ്പി വന്ന മിഴികൾ തുടച്ചുകൊണ്ടു അവന്റെ നെറ്റിയിന്മേൽ ഒന്നു തടവി…

ആ കൈ പിടിച്ചു തന്റെ കൈക്കുള്ളിൽ വെച്ചു കൊണ്ടു ശ്രീ പറഞ്ഞു..

“നീയും റെസ്റ്റ് എടുക്കണം കേട്ടോ..രണ്ടു ദിവസം..ഭക്ഷണമൊക്കെ പുറത്തു നിന്നു മേടിക്കാൻ അച്ഛനോട് പറ…”

“ഉം..”അവൾ തലയാട്ടി…

“രണ്ടു ദിവസം കഴിഞ്ഞേ ഇനി കാണാൻ പറ്റൂട്ടോ…നീ ഫ്രീയാകുമ്പോൾ മിസ്സ്‌കോൾ അടിക്ക്..ഞാൻ വിളി ചോളാം…”അവൻ പറഞ്ഞു..

ഫൈസി വരുന്നതു കണ്ടപ്പോൾ അവൻ അവളെയൊന്നു നോക്കിയിട്ട് എഴുന്നേറ്റു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“ഈ കുട്ടിക്കിതെന്താണ് മഹാദേവ..അവനെന്തോ കാലക്കേടാണെന്നു തോന്നുന്നു…”മാധവൻ മാഷ് പരിതപിച്ചു…

ഭാര്യയുമായുള്ള സംഭാഷണത്തിലായിരുന്നു അയാൾ..

സുമംഗലാമ്മയും വിഷണ്ണയായി കട്ടിലിന്റെ ഓരത്തിരുപ്പുണ്ട്..

“ഇന്നത്തെ ആ ഇന്റർവ്യൂം മുടങ്ങിയല്ലോ…എന്തൊക്കെയോ തടസ്സങ്ങളുണ്ടു അവനു്…താനൊരു കാര്യം ചെയ്യൂ സുമേ…നാളെ തിരുമേനിയെ ഒന്ന് ചെന്നു കാണൂ…പേരുംനാളും വെച്ചു ഒന്നു നോക്കാൻ പറയൂ..എന്തെങ്കിലും തടസ്സങ്ങളുണ്ടേൽ പരിഹാരം ചെയ്യാം നമുക്ക്…”

“ഞാനും അതു തന്നെയാ വിചാരിച്ചിരിക്കുന്നെ…”സുമംഗല മറുപടി നൽകി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പിറ്റേദിവസം ഒരു പത്തരയോടെ സുമംഗല മഹാദേവ ക്ഷേത്രത്തിലെ പരമേശ്വരൻ നമ്പൂതിരിയെ കാണാനെത്തി…ശ്രീയുടെ ജാതകക്കുറിപ്പും കയ്യിലെടുത്തിട്ടുണ്ടായിരുന്നു…

പൂജാദികർമങ്ങളൊക്കെ കഴിഞ്ഞു അദ്ദേഹം വിശ്രമിക്കുന്ന സമയം നോക്കിയാണ് എത്തിയത്…

“ആരാത്…സുമംഗലാമ്മയോ..കാലം കുറെയായിരിക്കണു കണ്ടിട്ട് ..ഇല്ലേ…”

സുമംഗല ചിരിച്ചു…

“ന്താപ്പോ…ഈ വഴിയൊക്കെ…”

സുമംഗല ജാതകക്കുറിപ്പ് മേശമേൽ വെച്ചു..

“ശ്രീയുടെയാ…എന്തൊക്കെയോ തടസ്സങ്ങൾ…”

“ഉം…നോക്കട്ടെ…”

തിരുമേനി കവടി വാരിവെച്ചു വിശദമായി നോക്കി…

കൂട്ടിയും കിഴിച്ചും ഗുണിച്ചുമൊക്കെ നോക്കിയ ആ മുഖത്തു ഗൗരവം തിങ്ങി നിന്നപ്പോൾ സുമംഗലാമ്മ ആശങ്കപ്പെട്ടു…

“പ്രശ്നങ്ങളെന്തെങ്കിലും….”?

“ഉം..ഉണ്ട്…ചെറുതല്ല…സമയം ഒട്ടും കൊള്ളില്ല…ആയുധമാണ് തെളിഞ്ഞു

നിൽക്കുന്നത്…അപഹരിക്കാൻ ആയുധം വരെ കയ്യിലെടുക്കാൻ സാധ്യത…കാലം പലതും ചെയ്യിപ്പിക്കും അവനെ കൊണ്ടു…ജോലിക്കും തടസ്സങ്ങളുണ്ട്…”

“പരിഹാരമൊന്നുമില്ലേ തിരുമേനി…”?

“പ്രാർത്ഥനകൾ മാത്രം…എന്നും വന്നു കുളിച്ചു തൊഴാൻ പറയൂ മോനോട്…ഈറനോടെ നിർമ്മാല്യം തൊഴുകയാണെങ്കിൽ അത്യുത്തമം…”

“ശരി തിരുമേനി…”ദക്ഷിണ വെച്ചു സുമംഗല പോകാൻ എഴുന്നേറ്റു..

“അല്ല.. പേടിക്കയൊന്നും വേണ്ടാട്ടോ…ദൈവാധീനത്തിന് ഒക്കെ വഴിമാറി പോകാനും സാധ്യത കാണുന്നുണ്ട്…നമുക്ക് ഓരോരുത്തർക്കും ഓരോ നിയോഗം ണ്ടെ…ഈ ഭൂമിയിലേക്ക് വരുമ്പോൾ…ഈശ്വരൻ അത് എഴുതിയാ ഇങ്ങടെക്ക് അയക്കുന്നത്…അത് സമയാവുമ്പോൾ എന്തായാലും നമ്മെ കൊണ്ടു ചെയ്യിച്ചിരിക്കും…പിന്നെ നാമൊക്കെ മനുഷ്യരല്ലേ…നിസ്സഹായരാണ്…പ്രാര്ഥിക്കാൻ അല്ലേ പറ്റൂ…പ്രാർത്ഥനകൾ കൊണ്ടു കാലക്കേടിന്റെ കാഠിന്യങ്ങൾ കുറയ്ക്കാൻ പറ്റും…നമ്മുടെ ദേവനെ തന്നെയങ് വിളിച്ചോളൂ…ക്ഷിപ്രപ്രസാദിയല്ലേ..കേൾക്കാതിരിക്കാൻ പറ്റില്ല ദേവന്…”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു സുമംഗല തിരുമേനിയുടെ മഠത്തിന്റെ പടവുകൾ ഇറങ്ങി…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു മുരടനക്കം കേട്ടാണ് മുറ്റത്തിട്ടിരുന്ന കൊപ്ര വാരിയെടുത്തുകൊണ്ടിരുന്ന ശ്രീധരേട്ടൻ തലയുയർത്തി നോക്കിയത്….

മുണ്ടും മടക്കി കുത്തി ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ശിവൻ!!!

“ഞാൻ കെട്ടിന്റെ തിയതി നോക്കിയാരുന്നു…ചിങ്ങം ഇരുപതിനാ…ദേ ജോൽസ്യരുടെ കുറിപ്പടി…”അവൻ പോക്കറ്റിൽ നിന്നു ഒരു കടലാസെടുത്ത് അരഭിത്തിയിൽ വെച്ചു…

“വലിയ ആർഭാടമൊന്നും വേണ്ടാ…ഞാനും എന്റെ കൂട്ടുകാരുമായി ഒരു എട്ടുപേർ വരും…ഇവിടുന്നും പത്തുപേർ വല്ലതും മതി…ഇവിടെ വെച്ചു മതി…അമ്പലത്തിലൊന്നും വേണ്ട..”

“പിന്നെ എനിക്ക് പൊന്നും പണവും ഒന്നും വേണ്ട…പെണ്ണിനെ മാത്രം മതി”അവൻ അകത്തേക്കൊന്നു പാളി നോക്കിക്കൊണ്ട് പറഞ്ഞു…

“കെട്ടു കഴിഞ്ഞു ഞാൻ ഇവിടെ തന്നെയങ് കൂടാൻ പോകുവാ…ഇവിടെ വല്ല പണിയും നോക്കാം…”അകത്തേക്ക് ഒന്നുകൂടി എത്തി നോക്കി കൊണ്ടു അവൻ വഴിയിലേക്കിറങ്ങി…

ശ്രീധരേട്ടൻ വേവലാതിയോടെ അകത്തേക്ക് നോക്കി…

“സേതുവെങ്ങാൻ കേട്ടോ…”???
അയാൾ അകത്തേക്ക് ചെന്നു..സേതു അടുക്കളപ്പുറത്തിരുന്നു എന്തോ അരിയുന്നത് കണ്ടു…

നേരിയ ഒരാശ്വാസത്തോടെ അയാൾ പുറത്തെ അരഭിത്തിയിൽ വന്നിരുന്നു ശിവൻ വെച്ചിട്ട് പോയ കുറിപ്പടി എടുത്തു നോക്കി…

“ചിങ്ങം ഇരുപത് ബുധനാഴ്ച ഒൻപതിനും ഒൻപതരക്കും ഇടക്കുള്ള മുഹൂർത്തം അനുയോജ്യം…”

ശ്രീധരേട്ടന്റെ കണ്ണു നിറഞ്ഞു…

തോളിൽ ഒരു കൈത്തലം പതിഞ്ഞപ്പോൾ അയാൾ തിരിഞ്ഞു നോക്കി…

ജാനുവമ്മ….

“എന്താ…ശ്രീധരാ..ന്താ നിനക്ക് പറ്റിയെ?”

അയാൾ വിറക്കുന്ന കൈകളോടെ അത് ജാനുവമ്മയുടെ കയ്യിൽ കൊടുത്തു…

കണ്ണട ഒന്നു നല്ലത്പോലെ വെച്ചിട്ട് അവർ അത് വായിച്ചു നോക്കി…

“മഹാദേവ…ന്റെ കുട്ടി…”

ജാനുവമ്മയും തളർച്ചയോടെ ശ്രീധരേട്ടന്റെ അടുത്തിരുന്നു….

പിറ്റേദിവസം രാവിലെ ജാനുവമ്മ വന്നു ശ്രീധരേട്ടനെ വിളിച്ചു…

“ശ്രീധരാ..നമുക്ക് ഈ കുറിപ്പടി ഒരു ജ്യോൽസ്യരെ കാണിക്കാം…ഒന്നു നോക്കിക്കാം…നീയൊന്നെഴുന്നേറ്റു വാ..മറ്റാരും ഇപ്പൊ ഇത് അറിയണ്ട..”

ശ്രീധരൻ എഴുന്നേറ്റു…

ജാനുവമ്മയുമായി അവിടെ അടുത്തു തന്നെയുള്ള ഒരു ജ്യോൽസ്യരുടെ അടുത്തു ചെന്നു ഇരുവരുടെയും നാളുകൾ വെച്ചൊക്കെ നോക്കിച്ചു…

“ഇതാരാഡോ…ഈ നാളുകൾ ചേരുമെന്ന് പറഞ്ഞത്…ഇയാളുടെ നാൾ ഈ കുട്ടിയുടേതുമായി ഒട്ടും ചേരില്ല…വൈധവ്യം ആണ് കാണിക്കുന്നത്…തമ്മിൽ ചേർപ്പിച്ചു വെച്ചു കാശു പിടുങ്ങുന്നവരുണ്ടാവും…ഞാനത് ചെയ്യില്ലാട്ടോ….നിങ്ങൾക്കീ ബന്ധം തന്നെ വേണമെങ്കിൽ ആവാം…”കുളിക്കാനിറങ്ങിയിട്ടു പിന്നെ നനഞ്ഞു എന്നു പറയരുത്…. “എനിക്കതെ പറയാനുള്ളൂ…ഈ നാളുകാരനുമായി ഒരു ആഴ്ച പോലും ഈ കുട്ടി തികയ്ക്കില്ല…ഇരുപത്തിരണ്ടാം വയസ്സിൽ അതിനെ വിധവ ആക്കണോടോ…”

ശ്രീധരേട്ടനും ജാനുവമ്മയും പുറത്തിറങ്ങി….

“ഈ വിവാഹം ഞാൻ നടത്താൻ പോവുകയാണ് ജാനുവമ്മേ ….”

“നിനക്കെന്താ ശ്രീധരാ…ഭ്രാന്തായോ..”??

“ആരെന്തൊക്കെ പറഞ്ഞാലും ഇതു തന്നെ നടന്നിരിക്കും…ന്റെ മോളുടെ ഭാവിക്ക് അതാ നല്ലത്…”

“എടാ…വൈധവ്യമാണ് ജ്യോൽസ്യർ പറഞ്ഞത്…”

“അതേ…അതു തന്നെയാണ് പറഞ്ഞത്..അതു കൊണ്ടു തന്നെയാണ് ഞാനിത് നടത്താൻ പോകുന്നതും…അവൾ വിധവയാകുക എന്നു പറയുമ്പോൾ അവൻ ചാകുമല്ലോ….ചത്ത്കിട്ടിയാൽ എന്റെ കുഞ്ഞിന് മനസ്സമാധാനമായി പിന്നീടുള്ള കാലം ആ ദുഷ്ടനെ പേടിക്കാതെ ജീവിക്കാല്ലോ…”

“ശ്രീധരാ…”ജാനുവമ്മ പേടിയോടെ വിളിച്ചു…

“പിന്നെ ഞാനെന്തു ചെയ്യും ജാനുവമ്മ പറയൂ…അവനോടു എതിരിടാനുള്ള കെൽപ്പ് ഒന്നടിച്ചുപോയ ഹൃദയവുമായി നടക്കുന്ന എനിക്കില്ല…പിന്നെയാരാ എന്റെ കുഞ്ഞിനുള്ളത്…ജീവച്ഛവം പോലെ കിടക്കുന്ന അതിന്റെ അമ്മയോ..”?

ശ്രീധരൻ പൊട്ടിപിളരുന്ന വേദനയോടെ ജാനുവമ്മയെ നോക്കി…

“മഹാദേവൻ ഒരു വഴി കാണിക്കും ശ്രീധരാ….നീ വിഷമിക്കാതെ…”

“ഇല്ല…ജാനുവമ്മ…ഇത് ഞാനുറപ്പിക്കുകയാണ്…ഇതാണ് എനിക്ക് മഹാദേവൻ കാണിച്ചു തന്ന വഴി..”

സൗമ്യമായ എന്നാൽ ഒട്ടും പതറാതെയുള്ള ശ്രീധരേട്ടന്റെ മൊഴികൾ കുപ്പിൽ ചീളുകൾ പോലെയാണ് ജാനുവമ്മയ്ക്കു തോന്നിയത്….💢💢💢

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അപ്പോൾ …കാലം തന്റെ കണക്കുപുസ്തകത്തിൽ പലതും കൂട്ടിച്ചേർത്തു വെക്കാൻ തിടുക്കപ്പെടുന്നതറിയാതെ ശ്രീമാധവം എന്ന വീട്ടിലെ തന്റെ കിടക്കയിൽ കിടന്നു തന്റെ പ്രാണനെ ഓർത്തു നിറമുള്ള സ്വപ്നങ്ങൾ നെയ്യുകയായിരുന്നു..
ശ്രീ….🌹

കാത്തിരിക്കുമല്ലോ….💕 4 ദിവസം കഴിഞ്ഞ് കാണാം…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18