Thursday, December 19, 2024
Novel

ശ്രീശൈലം : ഭാഗം 4

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

ഞാനും ശ്രീക്കുട്ടിയും കൂടി പാടവരമ്പത്തു കൂടി ക്ഷേത്രത്തിലേക്ക് നടന്നു.കുറച്ചു ദൂരം കൂടിയുണ്ട്,,,

എനിക്ക് ശ്രീക്കുട്ടി പറഞ്ഞത് കേട്ടപ്പോൾ മുതൽ തുടങ്ങിയ ടെൻഷൻ അങ്ങോട്ട് മാറുന്നതേയില്ല..

“ഈശ്വരാ ശ്രീ പറഞ്ഞതുപോലെ ആകരുതേ കാര്യങ്ങൾ”

ഞാൻ അവിടെ നിന്ന് ക്ഷേത്രം വരെ മൗന പ്രാർത്ഥന ആയിരുന്നു. ശ്രീ സംസാരിക്കുന്നതിനൊക്കെ മൂളുകയാണെങ്കിലും മനസിൽ കളള കൃഷ്ണനോടുളള അപേക്ഷ ആയിരുന്നു..

ക്ഷേത്രത്തിൽ പതിവ് തിരക്ക് ഉണ്ടായിരുന്നില്ല മുൻ ഭാഗത്ത് കൂടി ഞാനും ശ്രീയും ശ്രീകോവിലിലേക്ക് കയറി..

കണ്ണനു ഇന്നത്തെ ദിവസം പതിവിൽ കവിഞ്ഞ തിളക്കമുണ്ടെന്ന് എനിക്ക് തോന്നി.കണ്ണുകൾ തുറന്ന് ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു..

“ഭഗവാനേ ശ്രീ പറഞ്ഞതുപോലെ പോലെയാകരുതൊന്നും”

ഞാൻ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ശ്രീക്കുട്ടിയെന്നെയൊന്ന് തോണ്ടി.

“മതിയെടീ പ്രാർത്ഥനയൊക്കെ..കുറേ നേരമായല്ലോ തുടങ്ങീട്ട്”

പകരം ഞാനവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു. ഞങ്ങൾ ശ്രീകോവിലിനു വലം വെച്ചു വരുമ്പോൾ തിരുമേനി മുമ്പിൽ..

“അല്ല കുഞ്ഞ് എപ്പോളെത്തി”

ഞാൻ കുഞ്ഞും നാൾ മുതലേ കാണുന്നതാണ് തിരുമേനിയേ.

ചെറുപ്പത്തിൽ എത്തിയതാണ് അദ്ദേഹം.

ഇപ്പോൾ മുടിയും മീശയുമൊക്കെ നരച്ചു തുടങ്ങിയട്ടുണ്ടെങ്കിലും മുഖത്തെ സൗന്ദര്യത്തിനു കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ല..

അന്നും ഇന്നും എന്നെ തിരുമേനിക്ക് വലിയ കാര്യമാണ്. കുഞ്ഞ് എന്നല്ലാതെ അദ്ദേഹം സംബോധന ചെയ്തട്ടില്ല..

“ഇന്നലെ രാത്രിയിലെത്തി തിരുമേനി. ഏട്ടനും കൂടെ ഉണ്ടായിരുന്നു”

“അച്ഛൻ പറഞ്ഞിരുന്നു കുഞ്ഞ് ഉടനെ എത്തുമെന്ന്”

“അച്ഛൻ ഇന്നലെ വന്നിരുന്നോ”

“വന്നുവല്ലോ”

“മം”

ഞാൻ ചെറുതായിട്ട് മൂളി..

“തിരുമേനി ഇതെന്റെ കൂട്ടുകാരി ശ്രീക്കുട്ടി.ഒരേ ക്ലാസ്മേറ്റ്”

ഞാൻ ശ്രീയെ ചൂണ്ടി തിരുമേനിക്ക് പരിചയപ്പെടുത്തി..

തിരുമേനി ശ്രീയോട് പുഞ്ചിരിച്ചു. തിരുമേനി കിണ്ടിയിലൊഴിച്ചു തന്ന തീർത്ഥജലം വാങ്ങി ചുണ്ടോട് ചേർത്തു ബാക്കി തലിയിൽ തളിച്ചു.

ചന്ദനവും വാങ്ങി ഞങ്ങൾ തിരികെ നടന്നു..

“കുഞ്ഞേ അവിടെ ഒന്ന് നിന്നേ.ഒരുകാര്യം മറന്നു”

തിരുമേനിയുടെ പിൻ വിളി കേട്ട് ഞങ്ങൾ നിന്നു.അദ്ദേഹം ഞങ്ങൾക്ക് സമീപമെത്തി..

“അതേ ഇന്നല്ലേ കുഞ്ഞിനെ പെണ്ണുകാണാൻ ഒരുകൂട്ടർ വരുന്നത്”

അപ്രതീക്ഷിതമായി വീണ്ടും അത് കേട്ടതും ആകെ തകർന്നു പോയി.നടുക്കത്തോടെ ഞാൻ തിരുമേനിയെ നോക്കി..

“നല്ല കൂട്ടരാണു വരുന്നത്..അച്ഛൻ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ഗ്രഹനില പരിശോധിക്കാനാണു അദ്ദേഹം വന്നത്.

പതിനെട്ട് തികയും മുന്നേ വിവാഹം നടന്നില്ലെങ്കിൽ പിന്നെ മംഗല്യയോഗം ഇരുപത്തിയെട്ടാമത്തെ വയസ്സിലേയുള്ളൂ.പാപജാതകമാണ്”

തിരുമേനി പറഞ്ഞതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.കാതുകൾ കൊട്ടിയടക്കപ്പെട്ടു കഴിഞ്ഞിരുന്നു. കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ മിഴിനീര് ഒപ്പാൻ ശ്രമിക്കാതെ ഞാൻ വേഗം നടന്നു..

എന്റെ ഒപ്പം എത്തിപ്പെടാൻ ശ്രീക്കുട്ടി നന്നേ വിഷമിച്ചു. ശ്രീകോവിൽ നിന്ന് പുറത്തേക്കിറങ്ങി ഞാൻ അരയാൽ ചുവട്ടിലേക്ക് നീങ്ങി നിന്ന് പൊട്ടിക്കരഞ്ഞു..

“ശൈലി പലരും ശ്രദ്ധിക്കുന്നുണ്ട് കണ്ണ് തുടക്ക്”

അവളെന്നെ വഴക്ക് പറയാൻ തുടങ്ങി.. ഞാൻ ഒരു വിധം കരച്ചിലടക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വിങ്ങിപ്പൊട്ടി..

എന്റെ വിദൂരചിന്തയിൽ പോലും വിവാഹമെന്നൊരു ചിന്ത ഇല്ലായിരുന്നു. കഴിയുന്നത്രയും പഠിക്കണം.നല്ലൊരു ജോലി സമ്പാദിക്കണം.

അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഒപ്പം കുറച്ചു നാൾ കൂടി അടിച്ചു പൊളിക്കണം.

അവസാനം അവർ കണ്ടെത്തുന്നൊരാൾക്ക് മുമ്പിൽ തല കുനിക്കണം. ഇതൊക്കെ ആയിരുന്നു സ്വപ്നങ്ങൾ. എല്ലാം വളരെ വേഗത്തിൽ തകർന്നു അടിഞ്ഞിരിക്കുന്നു.

“എന്നാലും വീട്ടുകാർ ഉടനെയൊരു വിവാഹം നടത്താനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങട് വരില്ലായിരുന്നു ശ്രീക്കുട്ടി”

“സാരമില്ലെടീ വിട്ടുകളയ്.

ചെറുക്കൻ വന്ന് കണ്ടിട്ടു പോട്ടന്നേ.വിവാഹം മുടക്കാൻ നമുക്ക് മറ്റെന്തെങ്കിലും ആലോചിക്കാം..ഒരുപാട് ടൈം ഉണ്ടല്ലോ”

ശ്രീക്കുട്ടി എനിക്ക് ധൈര്യം നൽകി.കുറെ ഉപദേശം കേട്ടപ്പോൾ ഞാനും കരുതി ചെറുക്കൻ വന്നു കണ്ടിട്ടു പോകട്ടെന്ന്..

“ശ്രീ ഞാൻ നിന്റെ ബലത്തിലാ നിൽക്കുന്നത്. ഒടുവിൽ കാലുമാറരുത്”

“ഇല്ലന്നേ നീ ധൈര്യമായിരിക്ക്”

വീണ്ടും ശ്രീക്കുട്ടി ആശ്വാസം നൽകിയതോടെ എന്റെ സങ്കടം കുറഞ്ഞു..

“പിന്നെയൊരു കാര്യം”

ഞാൻ ശ്രീക്കുട്ടിക്ക് നേരെ തിരിഞ്ഞു.

“നിന്റെ സൂത്രപ്പണി പൊളിഞ്ഞാൽ എനിക്ക് പകരം നീ കതിർ മണ്ഡപത്തിൽ കയറേണ്ടി വരും പറഞ്ഞില്ലെന്ന് വേണ്ടാ”

“എന്തോന്ന്.ഒന്നൂടെ പറഞ്ഞേ”

ശ്രീക്കുട്ടി വായും പൊളിച്ചു നിൽക്കുന്നു കണ്ടെനിക്ക് ചിരിവന്നു.ഞാൻ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു..

“ഒന്നും പൊളിയില്ല നീ വന്നേ ”

അവൾ എന്നെയും വലിച്ചു നടന്നു.വീട് അടുക്കാറായപ്പോൾ ശ്രീക്കുട്ടി എന്റെ കാതിൽ പറഞ്ഞു..

“അതേ നമ്മളൊന്നും അറിഞ്ഞതായിട്ട് ഭാവിക്കരുത്.അവരെന്ത് പറയുമെന്ന് അറിയണമല്ലോ.അന്നേരം നിനക്ക് പറയാനുള്ളത് എല്ലാം തുറന്നു സംസാരിക്കണം”

“അത് ഞാനേറ്റടീ”

എല്ലാം പറഞ്ഞു ഞങ്ങൾ ഒരു തീരുമാനത്തിലെത്തി വീട്ടിലേക്ക് കയറി. ഒന്നും സംഭവിക്കാത്ത പോലെ ആയിരുന്നു ഞാനും ശ്രീയും വീട്ടിൽ പെരുമാറിയത്.

അടുക്കളയിൽ ചെന്ന് അമ്മയുടെ കയ്യിൽ നിന്ന് ഞങ്ങൾ ചായ വാങ്ങി കുടിച്ചിട്ടും അമ്മയൊന്നും മിണ്ടിയില്ല.അച്ഛനും ഏട്ടനും ഒന്നും പറഞ്ഞതുമില്ല..

രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു ഞാനും ശ്രീക്കുട്ടിയും കൂടി മുറിയിൽ വർത്തമാനം പറഞ്ഞു ഇരിക്കുമ്പോൾ വാതിക്കലൊരു മുരടനക്കം കേട്ടു.

തിരിഞ്ഞ് നോക്കിയപ്പോൾ അച്ഛനും അമ്മയും വാതിക്കൽ നിൽക്കുന്നു.

ഞങ്ങൾ അവരെ കണ്ടെന്ന് ഉറപ്പായതോടെ രണ്ടു പേരും കൂടി മുറിക്കകത്തേക്ക് കയറി വന്നു…

“എന്താ രണ്ടു പേരും കൂടി”

ഞാനും ശ്രീയും ഒരുമിച്ച് എഴുന്നേറ്റു..

“മോളോടൊരു കാര്യം സംസാരിക്കാനുണ്ട്”

അച്ഛൻ മുഖവുരയിട്ടു..ഉടനെ ശ്രീക്കുട്ടി മുറിക്ക് വെളിയിലേക്ക് പോകാനിറങ്ങി..

“മോൾ എവിടെ പോകുവാ”

അമ്മ ശ്രീയോട് ചോദിച്ചു..

“വെറുതെ”

“അങ്ങനെ നീ കൂടി കേൾക്കണ്ടാത്തത് ഒന്നുമില്ല”

എന്നു പറഞ്ഞു അമ്മ ശ്രീക്കുട്ടിയെ പിടിച്ചു നിർത്തി..

“മോളേ ശൈലി നിന്നെയിവിടെ ഞങ്ങൾ വരുത്തിയത് ഒരുകാര്യത്തിനാണു”

“അച്ഛൻ ചമ്മാതെ കാര്യം പറയൂ”

ഞാൻ പറഞ്ഞതോടെ അച്ഛന്റെ മറുപടി വന്നു..

“ഞാൻ നമ്മുടെ തിരുമേനിയെ രണ്ടു ദിവസം മുമ്പ് പോയൊന്ന് കണ്ടിരുന്നു.. മോളുടെ ഗ്രഹനിലയൊന്ന് പരിശോധിക്കാനായിട്ട്.

പാപ ജാതകമാണ്.അതുപോലെ വിവാഹം നടക്കണമെങ്കിൽ അതുപോലെയൊരു ചെറുക്കനെ കിട്ടണം.

അത് മാത്രമല്ല പതിനെട്ട് വയസിനു മുമ്പേ നിന്റെ വിവാഹം നടന്നില്ലെങ്കിൽ ഇരുപത്തിയെട്ടാമത്തെ വയസ്സിലേ നടക്കൂ”

മുൻ കൂട്ടി പ്രതീക്ഷിച്ചതാണെങ്കികും ഞാനാകെ ഉലഞ്ഞു പോയി..എങ്കിലും ധൈര്യസമേതം ഞാൻ മറുപടി കൊടുത്തു..

“അച്ഛനെന്താ തമാശ പറയുകയാണോ.എനിക്ക് പതിനെട്ട് വയസായിട്ടില്ല..വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല”

“മോളേ അച്ഛൻ പറഞ്ഞു വരുന്നതെന്തെന്ന് വെച്ചാൽ ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ നിന്റെ കാര്യങ്ങൾ നടക്കില്ല”

അമ്മ അച്ഛന്റെ സഹായത്തിനെത്തി..

“അമ്മേ എനിക്ക് ഇനിയും പഠിക്കണം”

“വിവാഹശേഷം ആയാലും പഠിക്കാലോ”

അച്ഛന്റെ മറുപടിക്ക് പകരം ഞാനൊന്നും മിണ്ടിയില്ല..

“എന്നാലും അച്ഛാ എനിക്ക് ഉടനെയൊരു വിവാഹം വേണ്ട”

ഞാൻ എതിർപ്പോടെ സംസാരിച്ചു.അച്ഛനും അമ്മയും ആകെ വല്ലാതായി..

” ഇന്നൊരു കൂട്ടർ വരാമെന്ന് പറഞ്ഞിരുന്നു.. അവരൊന്ന് വന്ന് കാണട്ടെ”

അച്ഛൻ എങ്ങും തൊടാതെ വീണ്ടും പറഞ്ഞു..

“എനിക്ക് വയ്യ അച്ഛാ ഒരാൾക്ക് മുമ്പിൽ ചെന്ന് നിൽക്കാൻ”

“വന്ന് കാണട്ടന്നല്ലേ അച്ഛനും അമ്മയും പറഞ്ഞുള്ളൂ..വിവാഹം ഉറപ്പിച്ചില്ലല്ലോടീ”

ശ്രീക്കുട്ടിയുടെ സംസാരം കേട്ടു ഞാൻ ഞെട്ടിപ്പോയി.

പകച്ചു ഞാൻ അവളെ നോക്കി.പകരം ശ്രീ എന്നെ കണ്ണിറുക്കി കാണിച്ചു.

അർത്ഥം മനസിലാക്കിയ ഞാൻ അച്ഛനും അമ്മയോടും അർദ്ധസമ്മതം മൂളി…

“എങ്കിൽ നീ ഒരുങ്ങ് ചെറുക്കൻ പത്തുമണി ആകുമ്പോൾ എത്തും”

അവർ പോയതോടെ ഞാൻ ശ്രീക്കുട്ടിയെ നോക്കി..

“നീ സപ്പോർട്ട് ചെയ്തപ്പോൾ ഞാനൊന്ന് ഞെട്ടി”

“ഞാനങ്ങനെ പറഞ്ഞില്ലെങ്കിൽ അച്ഛനും അമ്മയും എന്നെക്കുറിച്ച് എന്ത് വിചാരിക്കും ശൈലി”

ശ്രീ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി..

പത്തുമണി കഴിഞ്ഞു മുറ്റത്തൊരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടെങ്കിലും ഞങ്ങൾ ശ്രദ്ധിച്ചില്ല.

ചെറുക്കൻ വന്നെന്നും ചായ കൊടുക്കാൻ ഞാൻ വരാനെന്നും അമ്മ നിർബന്ധിച്ചതോടെ ഞാൻ ശ്രീക്കുട്ടിയെ കൂടെ കൂട്ടി..

“നീ കൂടി വാ ശ്രീ”

“ഞാനെന്തിനാ വരണത്..നിന്നെ കാണാനാ വന്നത്”

“എനിക്കൊരു ധൈര്യത്തിനു നീ കൂടെ വന്നേ പറ്റൂ”

അവസാനം ശ്രീക്കുട്ടി എന്റെ കൂടെ വന്നു..

ചായയുമെടുത്ത് ഞാനും ശ്രീക്കുട്ടിയും കൂടി ചെറുക്കനും കൂട്ടരും ഇരിക്കുന്നിടത്തേക്ക് ചെന്നു..ചെറുക്കൻ തല കുനിച്ച് ഇരിക്കുക ആയിരുന്നു..

ശ്രീക്കുട്ടിയാണു ചായ ട്രേയിൽ എടുത്ത് കൊണ്ട് വന്നത്.

“ചായ”

ഞാൻ പറഞ്ഞു.. ചെറുക്കൻ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി..

പെട്ടെന്ന് ചെറുക്കൻ ഞെട്ടുന്നതും ശ്രീക്കുട്ടി നൽകിയ ചൂടു ചായയും ഗ്ലാസും അയാളുടെ കയ്യിൽ നിന്ന് മടിയിലേക്ക് വീഴുന്നതും ഞാൻ കണ്ടു…

“ആര്യൻ…

തൊട്ട് ചെവിക്കീഴേ ശ്രീക്കുട്ടിയുടെ സ്വരം കേട്ടതും ഞാൻ നടുങ്ങിപ്പോയി…

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3