Sunday, September 8, 2024
Novel

ശിവപ്രിയ : ഭാഗം 7

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

ജലത്തിൽ മുങ്ങി നിവർന്നു പടവുകളിലേക്ക് കയറിയ രാമന്റെ കഴുത്തിൽ കിടക്കുന്ന നക്ഷത്ര പതക്കമുള്ള മാലയിൽ വൈശാഖിന്റെ നോട്ടം തറച്ചു.

ഒരു ഞെട്ടൽ അവനിൽ ഉണ്ടായി.

“രാമേട്ടാ… ” വൈശാഖ് അലറി.

അവന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് രാമൻ പകച്ചു അവനെ നോക്കി.

“എന്താടാ… ” രാമൻ ഒന്നും മനസിലാകാതെ അവനെ നോക്കി.

വൈശാഖ് എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് ദേവിയുടെ രാമേട്ടാ എന്നുള്ള വിളി കേട്ടത്.

“ഇതുവരെ കുളി കഴിഞ്ഞില്ലേ…. ദേ മുത്തശ്ശൻ അവിടെ രാമേട്ടനെ അന്വേഷിക്കുന്നു…. വേഗം ചെല്ലു….” അവിടേക്ക് വന്ന ദേവി രാമനോട്‌ പറഞ്ഞു.

“ഞാൻ ദേ വരുന്നു… ”

വൈശാഖിനെ ഒന്ന് നോക്കിയ ശേഷം രാമൻ പടവുകൾ കയറി പോയി.

അവൻ പോകുന്നതും നോക്കി വൈശാഖ് നിന്നു.

“അതേ നേരം സന്ധ്യ ആവുന്നു വേഗം കുളിച്ചു വരാൻ നോക്കു…”

ദേവിയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്നും ഉണർത്തി.

അവൻ കുളത്തിലേക്ക് എടുത്തു ചാടി.

ദേവി തിരിച്ചു പോയി.

കുളിയൊക്കെ കഴിഞ്ഞു വൈശാഖ് നേരെ പോയത് രാമന്റെ മുറിയിലേക്കായിരുന്നു.

അടഞ്ഞു കിടന്ന വാതിൽ തള്ളി തുറന്നു വൈശാഖ് അകത്തു കയറി.

പക്ഷേ രാമൻ അവിടെ ഇല്ലായിരുന്നു.

“നീ എന്താ മോനെ രാമന്റെ മുറിയിൽ… ” അവിടേക്ക് വന്ന മുത്തശ്ശി ചോദിച്ചു.

“രാമേട്ടനെ കാണാൻ വന്നതാ മുത്തശ്ശി… ഇവിടെ കണ്ടില്ല… ”

“രാമൻ പുറത്തേക്കു പോയിട്ടുണ്ട്…. മുത്തശ്ശൻ എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കാൻ വിട്ടതാ അവനെ… ”

“ശരി മുത്തശ്ശി ഞാൻ അച്ഛനെ ഒന്ന് പോയി കാണട്ടെ… ”

വൈശാഖ് അച്ഛന്റെ മുറിയിലേക്ക് നടന്നു.

“ഡൽഹിയിൽ നിന്നും വന്നിട്ട് ആകെ രണ്ടോ മൂന്നോ പ്രാവശ്യമാണ് താൻ അച്ഛന്റെ മുറിയിലേക്ക് പോയിട്ടുള്ളൂ എന്നവൻ ഓർത്തു…. ” അവനു തെല്ലു കുറ്റബോധം തോന്നി.

“ശിവയുടെ കാര്യം മാത്രം മനസ്സിലിട്ട് നടന്നത് കൊണ്ട് ഞാൻ എന്റെ ചുറ്റുമുള്ളവരെ എന്നെ സ്നേഹിക്കുന്നവരെ പാടെ മറന്നു…. ”

അച്ഛന്റെ മുറിയിൽ എത്തിയപ്പോൾ വൈശാഖ് കാണുന്നത് അച്ഛന്റെ കാലിൽ കുഴമ്പ് പുരട്ടി തടവി കൊടുക്കുന്ന അമ്മയെയാണ്. അച്ഛൻ കണ്ണുകൾ അടച്ചു തലയിണയിൽ ചാരി ഇരിക്കുന്നു.

“അച്ഛാ… ” അവൻ വിളിച്ചു.

അവന്റെ ശബ്ദം കേട്ട് രണ്ടുപേരും മുഖമുയർത്തി നോക്കി.

“ആഹ് നീയോ…. ഇങ്ങോട്ട് വന്നിരിക്ക്… ” പാർവതി അവനെ വിളിച്ചു.

അവനെ കണ്ടു ഉണ്ണികൃഷ്ണൻ മുഖം വെട്ടിച്ചു.

അതു കണ്ടപ്പോൾ വൈശാഖിനു മനസിലായി അച്ഛൻ തന്നോട് പിണങ്ങി ഇരിക്കുകയാണെന്ന്.

“അച്ഛൻ എന്നോട് പിണങ്ങി ഇരിക്കുവാണോ…. ” അയാളുടെ അരികിൽ പോയി ഇരുന്നു അവൻ ചോദിച്ചു.

അയാൾ അവന്റെ മുഖത്തേക്ക് നോക്കിയതേയില്ല.

“നിന്റെ കാര്യം അച്ഛൻ ഇപ്പൊ കൂടി പറഞ്ഞതേയുള്ളൂ…. അച്ഛനെ വന്നു കാണാൻ പോലും നിനക്കിപ്പോ വയ്യല്ലോ… ” പരിഭവത്തോടെ പാർവതി പറഞ്ഞു.

“എന്റെ അച്ഛാ എന്നോട് ക്ഷമിക്ക്…. അച്ഛന്റെ പുന്നാര മോനല്ലേ ഞാൻ… സോറി അച്ഛാ…. ” അവൻ അയാളെ ഇറുകെ പുണർന്നു.

“മോനെ…. ” അയാൾ അവനെ ചേർത്ത് പിടിച്ചു.

അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവി.

“അച്ഛനെ പാടെ മറന്നിട്ടല്ല ഇങ്ങോട്ട് വരാതിരുന്നത്…. മനസ്സിൽ എന്തൊക്കെയോ കയറി കൂടി ആകെ താളം തെറ്റി പോയി അച്ഛാ… ”

“അമ്മ പറഞ്ഞു ഞാൻ എല്ലാം അറിഞ്ഞു…. എന്റെ മോൻ ഇനിയും അതോർത്തു വിഷമിക്കണ്ട….നിന്നെ ഇങ്ങനെ മനസ്സ് തകർന്ന അവസ്ഥയിൽ കാണാൻ ഞങ്ങൾക്ക് വയ്യടാ….എന്നോടൊരു വാക്ക് പറയാത്തതിൽ മാത്രമേ അച്ഛന് പരിഭവം ഉള്ളു… ”

“അച്ഛാ ശിവയെ കൊന്നവരെ എനിക്ക് കണ്ടെത്തണം അച്ഛാ…. എന്നാൽ മാത്രമേ എന്റെ മനസ്സ് ശാന്തമാകു…. അവൾക്ക് വേണ്ടി ഞാൻ അതെങ്കിലും ചെയ്യണം…. അച്ഛൻ അരുതെന്ന് മാത്രം പറയല്ലേ….”

“നിന്റെ വിഷമം എനിക്ക് മനസിലാകും മോനെ…. നിന്റെ സ്ഥാനത്തു ഞാൻ ആണെങ്കിലും ഇങ്ങനെ തന്നെ ചിന്തിക്കും..എനിക്ക് നീ മാത്രമേയുള്ളൂ…
നിന്റെ സന്തോഷമാണ് എന്റെയും സന്തോഷം…. എന്തിനും ഏതിനും നിന്റൊപ്പം ഞാൻ ഉണ്ടെടാ…. ”

വൈശാഖ് അച്ഛന്റെ തോളിൽ വീണ് പൊട്ടി കരഞ്ഞു.

“അവളെ നിനക്ക് വിധിച്ചിട്ടില്ല മോനെ…. ഇനിയും അവളെ ഓർത്തു കരഞ്ഞു നടക്കാതെ എത്രയും വേഗം അവളെ കൊന്നവരെ കണ്ടെത്താൻ ശ്രമിക്കു…” അച്ഛന്റെ വാക്കുകൾ അവനിൽ ആത്മവിശ്വാസം കൂട്ടി.

മനസ്സിൽ അവൻ ചില തീരുമാനങ്ങൾ എടുത്തു.

അമ്മ ആ കുഴമ്പ് ഇങ്ങോട്ട് തന്നേ…. ഞാൻ തടവി കൊടുക്കാം അച്ഛന്.

അമ്മയുടെ കയ്യിൽ നിന്നും കുഴമ്പ് വാങ്ങി ഉണ്ണികൃഷ്ണന്റെ കാലുകളിൽ തേച്ചു അവൻ മെല്ലെ തടവി.

ഓരോ കാര്യങ്ങൾ പറഞ്ഞു വൈശാഖ് കുറെ നേരം അവരോടൊപ്പം ചിലവഴിച്ചു. അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ സന്തോഷം അവൻ കണ്ടു. മനസ്സ് കൊണ്ട് അവൻ അവരോടു മാപ്പ് ചോദിച്ചു.
*************************************
അതേസമയം വീട്ടിലേക്കു നടന്നു പോവുകയായിരുന്നു അജിത്ത്.

വൈശാഖിനെ കണ്ടു മടങ്ങുന്ന വഴിയാണ്.

ചുറ്റും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു.

തന്നെ പിന്തുടരുന്ന അപകടം തിരിച്ചറിയാതെ അജിത്ത് വീട് ലക്ഷ്യമാക്കി നടന്നു.

വീടിന്റെ ഏകദേശം അടുത്തെത്താറായപ്പോഴാണ് ആരോ തന്റെ പിന്നാലെ വരുന്നുണ്ടെന്ന് അവനു സംശയം തോന്നിയത്.

അജിത്ത് ടോർച്ചു തെളിച്ചു പുറകെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി.

പെട്ടെന്നാണ് അപ്രതീക്ഷിതമായി ഇരുളിൽ നിന്നും അവന്റെ തലയ്ക്കു കമ്പി പാര കൊണ്ട് ശക്തമായ പ്രഹരം കിട്ടിയത്.

“ആഹ്… ” അജിത്ത് അലറി.

പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയതിനാൽ ഒരു നിമിഷം അജിത്ത് പതറി പോയി.

അവന്റെ കയ്യിൽ നിന്നും ടോർച്ചു തെറിച്ചു പോയി.

വേദന കടിച്ചമർത്തി അജിത്ത് കണ്ണുകൾ കൊണ്ട് ചുറ്റും പരതി.

അരണ്ട വെളിച്ചത്തിൽ തനിക്കു നേരെ വരുന്ന ആക്രമകാരിയെ അജിത്ത് കണ്ടു.

അവനിലെ പോലീസ് ഉണർന്നു.
വായുവിൽ ഒന്ന് കറങ്ങി തിരിഞ്ഞു അജിത്ത് അവനു നേരെ കമ്പി പാരയുമായി പാഞ്ഞടുത്ത ആക്രമിയുടെ കഴുത്തിൽ പിടുത്തമിട്ടു.

അയാൾ കുതറി പിടഞ്ഞു.

“വിടടാ എന്നെ…. എന്റെ നില നിൽപ്പിന് വേണ്ടി നിന്നെ കൊല്ലാനും എനിക്കു മടിയില്ല…. ഇനിയും നിന്നെ വെറുതെ വിട്ടാൽ ഒരുപക്ഷെ സത്യങ്ങൾ എല്ലാം നീ അവനോട് പറയും…. ”

ആ ശബ്ദം തിരിച്ചറിഞ്ഞ മാത്രയിൽ അജിത്ത് നടുങ്ങി. ആ സമയം കൊണ്ട് ഞൊടിയിടയിൽ അവന്റെ പിടിയിൽ നിന്നും വഴുതി മാറിയ ആക്രമി കമ്പി പാര കൊണ്ട് അജിത്തിനെ വീണ്ടും അടിച്ചു.

“നിന്റെ മനസ്സിൽ ഇത്രയും ദുഷ്ടത ഉണ്ടായിരുന്നുവെന്ന് ഞാൻ അറിഞ്ഞില്ല… എങ്കിൽ ഇതിനോടകം തന്നെ സത്യങ്ങൾ ഞാൻ അവനോടു പറയുമായിരുന്നു…. എന്നോട് വേണ്ടായിരുന്നു ഈ ചതി….

നിങ്ങളെല്ലാ വരും കൂടി ക്രൂരമായി കൊന്നതല്ലേ അവളെ…. അത് അറിഞ്ഞാൽ ഒരിക്കലും അവനു സഹിക്കാൻ കഴിയില്ല അതുകൊണ്ട് മാത്രമാ ഞാൻ അവനെയൊന്നും അറിയിക്കാതെ ഇരുന്നത്…..

ഇത്രയും കാലം നിന്നെ സംരക്ഷിച്ച എന്നെ തന്നെ നീ അപകടത്തിൽ പെടുത്തി…. ” അജിത്ത് മറ്റെന്തോ പറയാൻ ആഞ്ഞതും അവൻ അജിത്തിന്റെ താടിയിൽ തൊഴിച്ചു.

ഒരു നിലവിളിയോടെ അജിത്ത് നിലത്തു വീണു പതിയെ അവന്റെ കൺപോളകൾ അടഞ്ഞു.

സമയം കടന്നു പോയി.

അന്നത്തെ ചികിത്സ കഴിഞ്ഞു മടങ്ങി വരുകയായിരുന്നു നാരായണൻ വൈദ്യരും സഹായി മുരുകനും.

വീട്ടിലേക്കുള്ള ഇടവഴിയിൽ എത്തിയപ്പോഴാണ് മുരുകനും വൈദ്യരും വീണു കിടക്കുന്ന അജിത്തിനെ കണ്ടത്.

ടോർച്ചു മുഖത്തേക്ക് തെളിച്ചു നോക്കിയപ്പോഴാണ് അത് അജിത്ത് ആണെന്ന് അവർക്ക് മനസിലായത്.

“മുരുകാ….ഇത് അജിത്ത് ആണല്ലോ ” ഭയത്തോടെ വൈദ്യർ പറഞ്ഞു.

മുരുകനും അത് കണ്ടു സ്തംഭിച്ചു നിൽക്കുകയാണ്.

“നീ വേഗം അജയനെ കൂട്ടി കൊണ്ട് വാ… ” വെപ്രാളത്തോടെ നാരായണൻ വൈദ്യൻ മുരുകനോട്‌ പറഞ്ഞു.

“ശരി… ” മുരുകൻ വേഗം തന്നെ അജയനെ വിളിക്കാനായി ഓടി.

പെട്ടന്ന് തന്നെ അജയനെയും കൊണ്ട് മുരുകൻ എത്തി.

പിന്നെ കാര്യങ്ങൾ വളരെ വേഗത്തിൽ ആയിരുന്നു.

മുരുകനും അജയനും കൂടി താങ്ങി പിടിച്ചു അജിത്തിനെ വീട്ടിലേക്കു കൊണ്ട് വന്നു.

വൈദ്യർ തന്നെ അജിത്തിന് വേണ്ട ചികിത്സകൾ നൽകി.

“ഏട്ടനിപ്പോ എങ്ങനെ ഉണ്ട് അച്ഛാ…?? ” അജയൻ ചോദിച്ചു.

“ചോര ഒരുപാട് പോയിട്ടുണ്ട്….നാളെയെ മയക്കം വിട്ടു ഉണരൂ.താടിയെല്ലിനു പരിക്ക് പറ്റിയിട്ടുണ്ട് അതുകൊണ്ട് സംസാരിക്കാൻ കഴിയില്ല ഉടനെയൊന്നും…. ശത്രുക്കൾ ആരോ അപകടത്തിൽ പെടുത്തിയതാണ്…. ആ സമയം ഞാൻ കണ്ടത് കൊണ്ട് രക്ഷപെട്ടു…. ഇല്ലെങ്കിൽ എന്റെ കുട്ടി അവിടെ കിടന്നു മരിച്ചു പോയേനെ… ” നാരായണൻ വൈദ്യർ നെഞ്ചത്ത് കൈ വച്ചു വിലപിച്ചു.

കുറച്ചു നേരം അജിത്തിനെ നോക്കി നിന്ന ശേഷം അവൻ അമ്മയുടെ അടുത്തേക്ക് പോയി.

അജിത്തിനെ അങ്ങനെ കണ്ടപ്പോൾ ബോധം കെട്ട് വീണതാണ് അവർ….

ഓർമ്മ വന്നപ്പോൾ തൊട്ട് അവർ നില വിളിച്ചു കരയാൻ തുടങ്ങി. ആർത്തു കരയുന്ന അമ്മയെ അജയൻ ഒരു വിധത്തിൽ സമാധാനിപ്പിച്ചു.
*************************************
അതേസമയം ഇളവന്നൂർ മഠത്തിന്റെ അകത്തളത്തിൽ ബന്ധുക്കൾ എല്ലാവരും ഒത്തു കൂടിയിരുന്നു.

മുത്തശ്ശനാണ് എല്ലാവരെയും ഒരുമിച്ചു വിളിപ്പിച്ചത്.

അത്താഴം കഴിഞ്ഞു എല്ലാവരും ഒത്തു കൂടി.

“നിങ്ങളോട് എല്ലാവരോടും ഒരു കാര്യം പ്രത്യേകം പറയാനാണ് ഞാൻ വിളിപ്പിച്ചത്…. ” മുത്തശ്ശൻ എല്ലാവരോടുമായി പറഞ്ഞു.

ഏവരും അദ്ദേഹത്തിന്റെ മുഖത്തേക്ക് മിഴികൾ പായിച്ചു.

“വൈശാഖിന്റെയും ദേവിയുടെയും വിവാഹ കാര്യം തീരുമാനിക്കാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്…. ഇനിയും അത് നീട്ടി കൊണ്ട് പോകണ്ട…. നല്ലൊരു ദിവസം നോക്കി വിവാഹം ഉറപ്പിക്കാം… ”

മുത്തശ്ശന്റെ തീരുമാനം കേട്ട് വൈശാഖ് ഞെട്ടി…. അവൻ ഒരു നിമിഷം ദേവിയുടെ മുഖത്തേക്ക് നോക്കി.
അവളുടെ മുഖത്തു നിറഞ്ഞു നിന്ന സന്തോഷം കണ്ട് അവനു കലി കയറി.

“ആർക്കും എതിർപ്പ് ഒന്നും ഇല്ലല്ലോ… നിങ്ങൾക്ക് രണ്ടുപേർക്കും വിരോധം ഒന്നുമില്ലല്ലോ…. ” മുത്തശ്ശൻ ദേവിയെയും അവനെയും നോക്കി ചോദിച്ചു.

എനിക്ക് സമ്മതമല്ല എന്ന് വൈശാഖ് പറയാൻ തുടങ്ങിയതും പാർവതി തമ്പുരാട്ടി അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

“മുത്തശ്ശനെ എതിർത്തു ഒന്നും പറയരുതെന്ന് അവർ അവനെ താക്കീതു ചെയ്തു… ”

“ഞങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ്…” ദേവിയുടെ അച്ഛൻ കൃഷ്ണനും ഭാര്യ ഗീതയും പറഞ്ഞു.

“ഞങ്ങൾക്കും സന്തോഷമേയുള്ളൂ അച്ഛാ… എത്രയും വേഗം വിവാഹത്തിനുള്ള മുഹൂർത്തം നോക്കാം നമുക്ക്… ഇനിയും അവനെ കയറൂരി വിട്ടാൽ ശരിയാവില്ല…. ” പാർവതി പറഞ്ഞു.

“ഓഹോ എല്ലാവരും ചേർന്നുള്ള ഒത്തു കളി ആയിരുന്നു ഇത്. ദേവിയെ എന്റെ തലയിൽ കെട്ടി വയ്ക്കാൻ അമ്മ മുത്തശ്ശനെ കൂട്ട് പിടിച്ചു…. എല്ലാം അറിയുന്ന അമ്മ തന്നെ അവളെ എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു…. ” വേദനയോടെ വൈശാഖ് ഓർത്തു.

അവൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് നടന്നു.

വൈശാഖിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ഇതൊന്നും നീ കാണുന്നില്ലേ ശിവാ….
നിന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും എനിക്കു കഴിയില്ല…. നിന്നെ കൊന്നവന്മാരെ കണ്ടു പിടിച്ചു കൊന്നു കഴിഞ്ഞാൽ നിന്റെ അടുത്തേക്ക് ഞാനും വരും ഉടനെ തന്നെ.

വിവാഹ ദിവസം ഈ മുറിയിൽ നിന്നും പുറത്തു പോകുന്നത് എന്റെ ശവം ആയിരിക്കും…. ” വൈശാഖ് അലറി വിളിച്ചു.

അവന്റെ പിന്നാലെ വന്ന ദേവി വൈശാഖിന്റെ അട്ടഹാസം കേട്ടു ഞെട്ടി തരിച്ചു.

“നിന്റെ കൂടെ എന്നെ കൂടി കൊണ്ട് പൊയ്ക്കോ ശിവാ…. ”

“ഏട്ടാ… ” ശിവപ്രിയ അവനരുകിൽ പ്രത്യക്ഷപ്പെട്ടു.

“നീ അറിഞ്ഞില്ലേ ഇവിടുത്തെ വിശേഷങ്ങൾ….എല്ലാവരും കൂടി ദേവിയെ എന്റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കുകയാണ്…”

“ഞാൻ എല്ലാം കാണുന്നുണ്ട് ഏട്ടാ… ”

“പക്ഷേ അവരുടെ ഉദ്ദേശം ഒരിക്കലും നടക്കില്ല… നടത്താൻ ഞാൻ സമ്മതിക്കില്ല ശിവ… നിന്നെ കൊന്നവന്മാർ ആരൊക്കെയാണെന്ന് പറയ്യ്…. അന്ന് ഒരുപാട് പറയാൻ ബാക്കി വച്ച് നീ പോയതല്ലേ…. ”

“പറയാം… ഞാൻ എല്ലാം പറയാം… ”

അവളുടെ വാക്കുകൾക്ക് കാതോർത്തു കൊണ്ട് വൈശാഖും മുറിക്കു പുറത്തു ദേവിയും മിടിക്കുന്ന ഹൃദയത്തോടെ കാത്തിരുന്നു.

അപ്പോഴാണ് കോണിപ്പടി കയറി വരുന്ന രാമനെ ദേവി കണ്ടത്. വൈശാഖിന്റെ മുറിക്കു നേരെയാണ് അവൻ വരുന്നതെന്ന് കണ്ട് അവൾ അവിടെ നിന്നും മാറി തൂണിന്റെ മറവിൽ ഒളിച്ചു.

ശിവപ്രിയ ബാക്കി പറയാൻ തുടങ്ങവേ വാതിൽ തള്ളി തുറന്നു രാമൻ അകത്തേക്ക് വന്നു.

വൈശാഖ് ഞെട്ടി വാതിൽക്കലേക്ക് നോക്കി. ശിവപ്രിയ വേഗം അപ്രത്യക്ഷമായി.

തേടിയ വള്ളി കാലിൽ ചുറ്റിയ ഭാവത്തോടെ അവൻ രാമനെ തുറിച്ചു നോക്കി.

അകത്തു കയറിയ രാമൻ വാതിൽ അടച്ചു സാക്ഷയിട്ടു.

“നിന്നോട് ചില കാര്യങ്ങൾ ചോദിക്കാനാ ഞാൻ വന്നത്…. ” രാമൻ അവനോടു പറഞ്ഞു.

“എനിക്കും ചിലത് രാമേട്ടനോട്‌ ചോദിക്കാനുണ്ട്… ” മുഷ്ടി ചുരുട്ടി കൊണ്ട് വൈശാഖ് മറുപടി പറഞ്ഞു.

“എനിക്ക് പറയാനുള്ളത് ആദ്യം നീ കേൾക്കു….അതിനു മറുപടി പറഞ്ഞിട്ടാവാം ഇങ്ങോട്ട് ചോദ്യം ചോദിക്കൽ… ”

“ഹും… ” വൈശാഖ് മൂളി.

“കുറച്ചു ദിവസമായിട്ട് ഞാൻ നിന്നെ ശ്രദ്ധിക്കുവാ…. എന്തൊക്കെയോ രഹസ്യം നീ മറച്ചു പിടിക്കുന്ന പോലെ എനിക്ക് തോന്നുന്നു.

ദേവിയുമായിട്ടുള്ള വിവാഹ കാര്യം മുത്തശ്ശൻ പറഞ്ഞപ്പോൾ നിന്റെ മുഖഭാവം ഞാൻ ശ്രദ്ധിച്ചു….

ദേവിയുടെ മുഖത്തു കണ്ട സന്തോഷം നിന്റെ മുഖത്തു ഞാൻ കണ്ടില്ല….. അവളെ നിനക്ക് ഇഷ്ടമില്ലേ?? നിന്റെ മനസ്സിൽ വേറെന്തെങ്കിലും ഉദ്ദേശമുണ്ടോ??…. ”

“അത് അറിഞ്ഞിട്ട് രാമേട്ടനു എന്ത് വേണം??? ഒരു കാര്യം ഓർത്ത് വെച്ചോ എനിക്ക് അവളെ ഇഷ്ടമല്ല…. അവളെ ഞാൻ വിവാഹം കഴിക്കുകയുമില്ല… ”
കൂസലന്യേ അവൻ പറഞ്ഞു.

അവന്റെ മറുപടി കേട്ട് ഒരു നിമിഷം രാമൻ പകച്ചു. ഇതുവരെ ഇത്ര ധാർഷ്ട്യത്തോടെ വൈശാഖ് രാമനോടു സംസാരിച്ചിട്ടില്ല.

“എന്താടാ നീ പറഞ്ഞത്…?? നീയെപ്പോ മുതലാ എന്റെ മുഖത്തു നോക്കി അഹങ്കാരം പറയാൻ തുടങ്ങിയത്… ” രാമനു ദേഷ്യം കയറി.

“ഇത്രയും നാൾ നിങ്ങളെ ഞാൻ ബഹുമാനിച്ചു…. ഇനി അതുണ്ടാവില്ല… ”

എന്തോ മനസ്സിലിട്ടാണ് അവൻ സംസാരിക്കുന്നതെന്ന് രാമന് മനസിലായി.

“എന്തോ മനസ്സിൽ വച്ച് പക പോക്കും പോലെയാ നിന്റെ സംസാരം…. അതെന്ത് തന്നെയാണെങ്കിലും അതെനിക്ക് ബാധകമല്ല ദേവിയുടെ കഴുത്തിൽ നീ മുത്തശ്ശൻ തീരുമാനിക്കുന്ന ദിവസം താലി കെട്ടിയിരിക്കും…. ”

“എന്റെ ശിവയെ ക്രൂരമായി കൊന്നിട്ട് ഇപ്പൊ വല്ലവളെയും എന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കുന്നോ…??

ഈ കൈ കൊണ്ട് തലയ്ക്കു അടിച്ചു വീഴ്ത്തി എന്നെ കൊല്ലാനും നിങ്ങൾ ശ്രമിച്ചതല്ലേ…?? അന്ന് എന്നെ അടിച്ചു വീഴ്ത്തുമ്പോൾ ഈ നക്ഷത്ര പതക്കം ഞാൻ കണ്ടിരുന്നു… ”

ഒറ്റ കുതിപ്പിന് രാമന്റെ കഴുത്തിൽ കുത്തി പിടിച്ചു ചുമരിൽ ചേർത്ത് നിർത്തി വൈശാഖ് മുരണ്ടു.

അവൻ പറഞ്ഞത് കേട്ട് രാമനും പുറത്തു എല്ലാം കേട്ടു കൊണ്ട് നിന്ന ദേവിയും ശക്തമായി ഞെട്ടി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2

ശിവപ്രിയ : ഭാഗം 3

ശിവപ്രിയ : ഭാഗം 4

ശിവപ്രിയ : ഭാഗം 5

ശിവപ്രിയ : ഭാഗം 6