ശിവപ്രിയ : ഭാഗം 6
നോവൽ
******
എഴുത്തുകാരി: ശിവ എസ് നായർ
ഇരയെ കണ്ട വേട്ട മൃഗത്തെ പോലെ അവളുടെ കണ്ണുകൾ വന്യമായി തിളങ്ങി.
അയാൾ മുൻ വാതിൽ തുറന്നു അകത്തു കയറാൻ തുടങ്ങവേ ശിവപ്രിയ അയാളെ കൈകളിൽ പൊക്കിയെടുത്തു.
അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ അയാൾ നടുങ്ങി പോയി.
വായുവിൽ ഉയർന്നു പൊങ്ങിയ അയാൾ ഒരലർച്ചയോടെ തലയടിച്ചു നിലത്തു വീണു.
ഭീതിയോടെ അയാൾ ചുറ്റും നോക്കി.
തൊട്ടു പിന്നിൽ സംഹാര രുദ്രയായി നിൽക്കുന്ന ശിവപ്രിയയെ കണ്ട് അയാളുടെ പകുതി ജീവൻ പോയി.
മോഷണം തൊഴിലാക്കിയ അന്നാട്ടിലെ കള്ളൻ കൊച്ചുണ്ണി ആയിരുന്നു അത്.
തലേ ദിവസമാണ് മോഷണ കുറ്റത്തിന് ജയിലിലായിരുന്ന കൊച്ചുണ്ണി ജയിൽ ചാടിയത്.
ആൾ താമസമില്ലാതെ കിടക്കുന്ന ശ്രീമംഗലം തറവാട്ടിൽ കയറികൂടി ഒളിച്ചു പാർക്കാനായിരുന്നു അവന്റെ ഉദ്ദേശം.
പക്ഷേ വന്നു പെട്ടത് വലിയ ആപത്തിലായിരുന്നു.
ശിവപ്രിയയെ കണ്ട മാത്രയിൽ തന്നെ കൊച്ചുണ്ണിക്ക് അവളെ മനസിലായി.
“എന്നെ…എന്നെ ഒന്നും ചെയ്യരുത്…. ” കൊച്ചുണ്ണി അവൾക്ക് മുന്നിൽ കൈ കൂപ്പി യാചിച്ചു.
“നിന്നെ പോലെയുള്ള ദുഷ്ടന്മാരെ ഒരിക്കലും വെറുതെ വിടാൻ പാടില്ല…. അർദ്ധ പ്രാണനോടെ എന്നെ കുഴിയിൽ മൂടുന്നത് മറഞ്ഞു നിന്നു കണ്ടതല്ലേ നീ… ഒരൽപ്പം മനസ്സലിവ് തോന്നി എന്നെ രക്ഷിക്കാൻ നീ ശ്രമിച്ചോ…??
പകരം നീ മണ്ണിനടിയിൽ കിടന്നു ശ്വാസം മുട്ടി പിടഞ്ഞു മരിച്ച എന്റെ ശരീരം പുറത്തെടുത്തു ഭോഗിക്കയായിരുന്നില്ലെ….”
“അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ പറ്റിപ്പോയി…. എന്നെ വെറുതെ വിടണം ഞാൻ ഇനി ഒരിക്കലും ഒരു തെറ്റും ചെയ്യില്ല… ” ഭയം അവനെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.
“തെറ്റ് ചെയ്തവന് ഒരിക്കലും മാപ്പില്ല…. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും നീ അർഹിക്കുന്നില്ല…. നിന്നെ എന്റെ കൈകളിൽ കിട്ടാൻ ഞാൻ കാത്തിരിക്കുകയായിരുന്നു…. ”
അവളുടെ കണ്ണുകൾ രക്ത വർണ്ണമായി.
ആഞ്ഞു വീശിയ കാറ്റിൽ അവളുടെ നീണ്ടു കറുത്ത മുടിയിഴകൾ പാറി പറന്നു. വായിൽ നിന്നും നീണ്ടു കൂർത്ത ദംഷ്ട്രകൾ പുറത്ത് വന്നു
പേടിച്ചു വിറച്ചു കൊച്ചുണ്ണി പുറകിലേക്ക് ഞരങ്ങി നീങ്ങി.
ശിവപ്രിയ അവന്റെ നേർക്കടുത്തു.
ഇടതു കൈ കൊണ്ട് അവൾ കൊച്ചുണ്ണിയെ പൊക്കിയെടുത്തു. ശേഷം വലതു കൈ വിരലിലെ കൂർത്ത നഖങ്ങൾ അവന്റെ കണ്ണുകളിൽ കുത്തിയിറക്കി.
വേദന കൊണ്ട് കൊച്ചുണ്ണി ഉച്ചത്തിൽ അലറി കരഞ്ഞു.
അവന്റെ നിലവിളി അവൾ നന്നായി ആസ്വദിച്ചു.
അടുത്ത നിമിഷം ശിവപ്രിയ അവനെ തല കീഴായി കമഴ്ത്തി കാലിൽ പിടിച്ചു നെടുകെ പിളർന്നു.
കൊച്ചുണ്ണിയുടെ കരച്ചിലും നിലവിളിയും അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി…
പിന്നീടവൾ അവന്റെ ശിരസ്സ് ഉടലിൽ നിന്നും വേർപ്പെടുത്തി.
ശ്രീമംഗലത്തിന്റെ പടിപ്പുരയ്ക്ക് മുന്നിൽ കൊച്ചുണ്ണിയുടെ ജഡം ഉപേക്ഷിച്ച ശേഷം അവൾ ഇരുളിൽ അലിഞ്ഞു ചേർന്നു.
കൊച്ചുണ്ണിയെ കൊലപ്പെടുത്തിയ ശേഷം അവൾ വൈശാഖിന്റെ അടുത്തേക്ക് പോയി.
അവളെ നോക്കി ഇരുന്നു എപ്പോഴോ അവൻ മയങ്ങി പോയിരുന്നു.അൽപ്പ നേരം അവൾ അവനെ നോക്കി നിന്നു.
തളർന്നുറങ്ങുന്ന അവനെ ഉണർത്താൻ നിൽക്കാതെ ശിവപ്രിയ ഇരുളിൽ മറഞ്ഞു.
*************************************
പിറ്റേന്ന് കിള്ളികുറുശ്ശി ഗ്രാമവാസികൾ ഉണർന്നത് കള്ളൻ കൊച്ചുണ്ണിയുടെ മരണ വാർത്ത കേട്ടാണ്.
ശ്രീമംഗലം തറവാടിന് മുന്നിൽ ആളുകൾ തടിച്ചു കൂടി. രക്തം മരവിപ്പിക്കുന്ന ആ കാഴ്ച അധിക നേരം കണ്ടു നിൽക്കാൻ ആർക്കും കഴിഞ്ഞില്ല.
രണ്ടായി വലിച്ചു കീറിയ ഉടലും വേർപ്പെട്ടു കിടക്കുന്ന ശിരസും.
വാർത്ത കേട്ടറിഞ്ഞു ആളുകൾ അവിടേക്ക് ഒഴുകിയെത്തി.
പോലീസ് എത്തിയാണ് കൊച്ചുണ്ണിയുടെ ശരീരം അവിടെ നിന്നും കൊണ്ട് പോയത്.
വൈശാഖും വിവരം അറിഞ്ഞു. അവിടം വരെ പോയി ആ രംഗം ഒന്ന് കാണണമെന്ന് അവന്റെ മനസ്സിൽ തോന്നി.
ആ അവസ്ഥയിൽ അവനെ മഠത്തിൽ നിന്നും പുറത്തിറങ്ങാൻ പാർവതി തമ്പുരാട്ടി അനുവദിച്ചില്ല.
സദാ സമയവും അവർ മകന്റെ അടുത്തു തന്നെ ഇരുന്നു. കണ്ണ് തെറ്റിയാൽ അവൻ വീണ്ടും പുറത്തു എവിടെയെങ്കിലും പോയി എന്തെങ്കിലും ആപത്തിൽ പെട്ടാലോ എന്ന് കരുതി രാത്രിയിലും അവർ മകന്റെ ഒപ്പം തന്നെ ഉറങ്ങി.
കള്ളൻ കൊച്ചുണ്ണിയെ കൊന്നത് ശിവപ്രിയ ആയിരിക്കുമെന്ന് അവനു ഉറപ്പായിരുന്നു. പക്ഷേ എപ്പോഴും അവന്റെയൊപ്പം അമ്മ ഉണ്ടായിരുന്നതിനാൽ ശിവ അവനെ കാണാൻ വന്നതേയില്ല…
നാട്ടിൽ മുഴുവനും കൊച്ചുണ്ണിയുടെ മരണം ചർച്ചാ വിഷയമായി മാറി. അവനെ യക്ഷി പിടിച്ചതാണെന്ന നിഗമനത്തിൽ ആയിരുന്നു മിക്കവരും.
ഗ്രാമത്തിൽ ഉണ്ടാകുന്ന ദുർ മരണങ്ങൾക്കുള്ള കാരണം തേടി ഏതാനും ഗ്രാമ വാസികൾ ഇളവന്നൂർ മഠത്തിലെ മുത്തശ്ശനെ സമീപിച്ചു.
രാശി പലകയിൽ പ്രശ്നം വച്ചു നോക്കിയ ശേഷം അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു
“ഒരു കൊല്ലം മുന്നേ ഒരു പെൺകുട്ടി ഇവിടെ ദുർ മരണപ്പെട്ടിരിക്കുന്നു. അവളുടെ ആത്മാവ് തന്നെ കൊന്നവരോടു പ്രതികാരം തീർക്കുന്നതാണ്. അവളുടെ ആഗ്രഹം പൂർത്തീകരിച്ചു കഴിഞ്ഞാൽ അവൾ ശാന്തയാകും….
ഏതെങ്കിലും മാന്ത്രികനെ വരുത്തി അവളെ ബന്ധിക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ അവൾ ഒരു നാൾ ബന്ധനത്തിൽ നിന്നും പുറത്തു വരും. അപ്രകാരം പുറത്തു വന്നതാണ് അവൾ….ആരോ മുൻപ് അവളെ പിടിച്ചു കെട്ടാൻ ശ്രമിച്ചതാണ്…. എന്തായാലും എല്ലാവരും സൂക്ഷിക്കുക….
തെറ്റ് ചെയ്തവർ ആരൊക്കെയാണോ അവർ ശിക്ഷ അനുഭവിക്കട്ടെ…. എന്തായാലും ഇതുവരെ കൊല്ലപ്പെട്ടവരിൽ സാധുക്കൾ ആരും തന്നെ ഇല്ലല്ലോ…. ”
“അത് ആരുടെ ആത്മാവാണെന്ന് അറിയുമോ തമ്പ്രാ… ” നാട്ടുകാരിൽ ഒരാൾ ചോദിച്ചു.
“എത്ര ശ്രമിച്ചിട്ടും അതൊന്നും രാശി പലകയിൽ തെളിഞ്ഞു വരുന്നില്ല…. വരുന്ന പൗർണമി നാൾ ഒന്നു കൂടി പ്രശ്നം വച്ചു നോക്കാം… തല്ക്കാലം ആരും രാത്രി പുറത്തു ഇറങ്ങി നടക്കാതിരിക്കുന്നതാണ് നല്ലത്… ”
അവർക്ക് ചില നിർദേശങ്ങൾ നൽകി മുത്തശ്ശൻ എല്ലാരേയും യാത്രയാക്കി.
ഇളവന്നൂർ മഠത്തിലും അതൊരു ചർച്ചാ വിഷയമായി.
ആര് പുറത്തു പോയാലും സന്ധ്യയ്ക്ക് മുന്നേ തിരികെ എത്താനും രാത്രി കാലങ്ങളിൽ മഠം വിട്ട് പുറത്തു പോകരുതെന്നും മുത്തശ്ശൻ എല്ലാവരോടുമായി കല്പ്പിച്ചു.
പ്രത്യേകിച്ച് ശ്രീമംഗലം തറവാടിന്റെ പരിസരത്ത് കൂടിയുള്ള സഞ്ചാരം ഒഴിവാക്കാനും അദ്ദേഹം നിർദേശിച്ചു.
കൊച്ചുണ്ണിയുടെ കൊലപാതകത്തെ ചുറ്റിപറ്റി പോലീസ് അന്വേഷണം ഉണ്ടായെങ്കിലും എവിടെയും എത്താതെ അന്വേഷണം വഴി മുട്ടി.
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു. വൈശാഖ് സുഖം പ്രാപിച്ചു വന്നു.
അവന്റെ തലയിലെ മുറിവ് ഉണങ്ങി തുടങ്ങി.വേദനയും ഒരുവിധം മാറി കിട്ടി.
കൊച്ചുണ്ണിക്ക് ശേഷം മറ്റാരും അവിടെ കൊല്ലപ്പെട്ടില്ല. വരാനിരിക്കുന്ന ഏതോ വലിയ ദുരന്തത്തിനു മുന്നോടിയായിട്ടുള്ള ശാന്തതയാണ് അതെന്ന് എല്ലാവർക്കും തോന്നി.
ശിവയെ കാണാൻ കഴിയാത്തതിൽ വളരെ നിരാശനായിരുന്നു വൈശാഖ്.
മുത്തശ്ശൻ നാട്ടുകാരോടു പ്രശ്നം വച്ചു പറഞ്ഞ കാര്യങ്ങൾ അവനും കേട്ടതാണ്.
ദുർമരണപ്പെട്ട പെൺകുട്ടി ശിവപ്രിയ ആണെന്ന് മുത്തശ്ശനു അറിയാൻ കഴിഞ്ഞില്ലെങ്കിലും ആ സത്യം അവനറിയാം. പക്ഷേ അവന്റെ സംശയം ഇതിനിടയിൽ അവളെ ആര് ബന്ധനത്തിൽ ആക്കിയെന്നതാണ്…
“എല്ലാത്തിനും ഉത്തരം കിട്ടണമെങ്കിൽ ശിവ വരണം…. ” വൈശാഖ് അക്ഷോഭ്യനായി.
അമ്മയെ തന്റെ മുറിയിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മാത്രമേ ശിവയുമായി സംസാരിക്കാൻ കഴിയുകയുള്ളു എന്നവനു മനസിലായി.
അതുകൊണ്ട് തന്നെ അമ്മയെ എങ്ങനെ ഒഴിവാക്കുമെന്നു അവൻ തല പുകഞ്ഞു ആലോചിച്ചു. ഒടുവിൽ വൈശാഖ് ഒരു വഴി കണ്ടെത്തി.
“അമ്മ എന്തിനാ എപ്പഴും എന്റെ പിന്നാലെ നടക്കണേ…. അച്ഛന്റെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ അമ്മ എപ്പഴും എന്റെ മുറിയിൽ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ ശരിയാവാ…
അമ്മ അച്ഛന്റെ അടുത്തേക്ക് ചെല്ല്….
എനിക്കിപ്പോ കുഴപ്പം ഒന്നുമില്ലല്ലോ…. വേദനയൊക്കെ മാറി മുറിവ് കരിഞ്ഞു ഞാൻ സുഖപ്പെട്ടു വരുന്നില്ലേ…. ”
“ഞാനിവിടെ ഉള്ളത് കൊണ്ടാ നിനക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്തത്… എന്റെ കണ്ണ് വെട്ടിച്ചു പുറത്തു ചാടാൻ അല്ലെ നീ ഇപ്പൊ എന്നെ പറഞ്ഞു വിടാൻ നോക്കുന്നത്…. ആ അടവ് കയ്യിൽ ഇരിക്കുകയെയുള്ളൂ… ”
എങ്ങനെയൊക്കെ അമ്മയെ മുറിയിൽ നിന്നും പറഞ്ഞു വിടാൻ ശ്രമിച്ചുവെങ്കിലും അവർ വഴങ്ങില്ലെന്നു കണ്ടപ്പോൾ വൈശാഖ് പറഞ്ഞു.
“അച്ഛനാണെ അമ്മയാണെ സത്യം അമ്മ അറിയാതെയോ അമ്മയോട് പറയാതെയോ ഞാൻ മഠം വിട്ട് എങ്ങും പോവില്ല…. ” അവൻ അവസാന ശ്രമം എന്നോണം അവരുടെ തലയിൽ പിടിച്ചു സത്യം ചെയ്തു.
“അങ്ങനെ വഴിക്ക് വാ…. ഞാൻ അറിയാതെ ഇവിടം വിട്ട് നീ എവിടേം പോവാൻ പാടില്ല കേട്ടല്ലോ… അച്ഛനെയും എന്നെയും പിടിച്ചു സത്യം ചെയ്തത് കൊണ്ട് ഞാൻ വിശ്വസിക്കുന്നു….
അല്ലെങ്കിലും നിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയ ശേഷം അച്ഛന്റെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല… ”
“എന്നാൽ അമ്മയിനി അച്ഛന്റെ അടുത്തേക്ക് ചെല്ല്… ”
“നിന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ ദേവിയോട് പറയാം… നീ മറുത്തൊന്നും പറയരുത്…. അവളോട് വെറുതെ ദേഷ്യപ്പെടാനും നിൽക്കരുത് കേട്ടല്ലോ..”
വേറെ വഴിയില്ലാത്തതു കൊണ്ട് അവനു അമ്മ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു.
അവർ മുറി വിട്ടു പോയി.
പാർവതി തമ്പുരാട്ടി നേരെ പോയത് ദേവിയുടെ മുറിയിലേക്കായിരുന്നു.
അവർ ചെല്ലുമ്പോൾ ദേവി കട്ടിലിൽ പുസ്തകവും വായിച്ചു കിടക്കുകയായിരുന്നു.
“മോളേ… ” വാതിൽ പടിയിൽ വന്നു അവർ വിളിച്ചു.
“ആ അമ്മയോ….അകത്തേക്ക് വരൂ അമ്മേ… ” അവരെ കണ്ട് അവൾ എഴുന്നേറ്റു. വായിച്ചു കൊണ്ടിരുന്ന പുസ്തകം അടയാളം വച്ചു മടക്കി.
പാർവതി അകത്തേക്ക് ചെന്നു.
“എനിക്ക് മോളോട് ഒരു കാര്യം പറയാനുണ്ട്… ”
“ഏട്ടന്റെ കാര്യമാണോ…? ”
“ആ അവനെ പറ്റിയാ പറയാനുള്ളത്… ”
“എന്താ അമ്മേ… ” പ്രതീക്ഷയോടെ അവൾ അവരുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“അവന്റെ കാര്യങ്ങളെല്ലാം ഞാൻ അന്ന് മോളോട് പറഞ്ഞതല്ലേ…. ശിവപ്രിയയുമായി അവനു അത്രയും അടുപ്പം ഉണ്ടായിരുന്നതു കൊണ്ട് മോളുമായിട്ടുള്ള വിവാഹ കാര്യം പറഞ്ഞു അവനെ നിർബന്ധിക്കാൻ എനിക്കു കഴിയുന്നില്ല മോളെ….
ജീവിതകാലം മുഴുവൻ എന്റെ കുട്ടി അവളെ ഓർത്തു ദുഃഖിതനായി കഴിയുന്നത് കാണാനും എനിക്കാവില്ല…”
“അമ്മ എന്താ പറഞ്ഞു വരുന്നത്… ”
“മോൾ അവന്റെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കണം…. അവനെ ഈ മൂകതയിൽ നിന്നും പുറത്തു കൊണ്ട് വരണം. അവനെ നീ പഴയത് പോലെ മാറ്റിയെടുക്കണം… ”
“എന്നെകൊണ്ട് അതിനു കഴിയുമെന്ന് തോന്നുന്നില്ല അമ്മേ… വെറുപ്പോടെ മാത്രമേ ഇന്നേ വരെ ഏട്ടൻ എന്നെ കണ്ടിട്ടുള്ളു….ഏട്ടന്റെ മനസ്സിൽ ഇപ്പോഴും ശിവ മാത്രമേയുള്ളൂ…എന്നെ കാണുമ്പോഴേ ദേഷ്യം പിടിക്കും അങ്ങനെയുള്ള ഏട്ടന്റെ മനസ്സിൽ എനിക്ക് എങ്ങനെ ഒരു സ്ഥാനം നേടാൻ കഴിയും… ”
“വെറുപ്പ് പതിയെ സ്നേഹമാക്കി മാറ്റിയെടുക്കാൻ നീ ശ്രമിക്കണം….
എത്ര നാൾ നിന്റെ സ്നേഹം അവനു കണ്ടില്ലെന്ന് നടിക്കാൻ പറ്റും…. ഒരു നാൾ അവൻ നിന്റെ സ്നേഹം മനസിലാക്കി നിന്നെ സ്വീകരിക്കും…. ഒരിക്കലും ശിവയ്ക്ക് പകരമാവില്ലെങ്കിലും അവന്റെ മനസ്സിൽ നിനക്കൊരു സ്ഥാനം ലഭിക്കും….”
“ഏട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… പക്ഷേ എന്നെ അത്ര മേൽ വെറുക്കുന്ന ഏട്ടനെ എങ്ങനെ മാറ്റിയെടുക്കുമെന്നറിയില്ല…. എന്നാലും ഞാൻ ശ്രമിക്കാം അമ്മേ…. ”
“തീർച്ചയായും അവന്റെ മനസ്സലിയും മോളെ… ” വാത്സല്യത്തോടെ പാർവതി തമ്പുരാട്ടി അവളുടെ ശിരസിൽ തഴുകി.
*************************************
നാരായണൻ വൈദ്യരുടെ വീട്.
അജിത്ത് കണ്ണാടിയിൽ നോക്കി മുടി ചീകി ഒതുക്കുകയായിരുന്നു.
“ചേട്ടൻ എങ്ങോട്ടാ ഈ ഒരുങ്ങി കെട്ടി… ”
അജിത്തിന്റെ മുറിയിലേക്ക് വന്നു അനിയൻ അജയൻ ചോദിച്ചു.
“ഞാൻ വൈശാഖിനെ ഒന്ന് പോയി കാണാമെന്ന് വച്ചു… അന്നിവിടെ വന്നു പോയിട്ട് അവന്റെ ഒരു വിവരോമില്ല… ”
“അന്നെന്തിനാ വൈശാഖേട്ടൻ ഏട്ടനെ കാണാൻ വന്നത്… ”
അജിത്ത് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
“ശിവപ്രിയയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ…. അവളുടെ കൊലയാളിയെ കണ്ടെത്താൻ സഹായിക്കാൻ എന്റെയും സഹായം വേണമെന്ന് പറയാൻ… ”
“എന്നിട്ട് ഏട്ടനെന്ത് പറഞ്ഞു… ”
“അവൻ എന്റെ ഉറ്റ സുഹൃത്ത് ആയി പോയില്ലേ…. പറ്റില്ലെന്ന് പറയാൻ കഴിയില്ലല്ലോ…. ”
അജയൻ പിന്നീട് എന്തോ ചോദിക്കാൻ വന്നെങ്കിലും അജിത്ത് അവനു മുഖം കൊടുക്കാതെ വേഗം പുറത്തിറങ്ങി.
അമ്മയോട് വേഗം വരാമെന്നു പറഞ്ഞു അജിത്ത് നേരെ ഇളവന്നൂർ മഠത്തിലേക്ക് തിരിച്ചു.
*************************************
വൈശാഖ് തന്റെ മുറിയിൽ ശിവയുടെ വരവും പ്രതീക്ഷിച്ചു ഇരിക്കുമ്പോഴാണ് ആരോ വാതലിൽ തട്ടുന്ന ശബ്ദം കേട്ടത്.
ദേവിയായിരിക്കുമെന്ന് കരുതിയാണ് വൈശാഖ് വാതിൽ തുറന്നതു.
പക്ഷേ മുന്നിൽ നിൽക്കുന്ന അജിത്തിനെ കണ്ട് അവൻ അമ്പരന്നു.
“നീ എന്താടാ പതിവില്ലാതെ ഈ വഴി…??” ആശ്ചര്യത്തോടെ വൈശാഖ് ചോദിച്ചു.
“നിന്നെ അങ്ങോട്ടൊന്നും കാണാത്തതു കൊണ്ട് വന്നതാ… വിവരങ്ങൾ ഒക്കെ താഴെ വച്ചു അമ്മ പറഞ്ഞു വീണു തല പൊട്ടിയെന്നു… ”
“ഇവിടെ എല്ലാവരോടും അങ്ങനെയാ പറഞ്ഞത്… ശരിക്കും ആരോ പിന്നിൽ നിന്നും എന്നെ അടിച്ചു വീഴ്ത്തിയതാ… ”
“ഏഹ്… നീയെന്താ പറഞ്ഞെ…?? ” അജിത്ത് ഞെട്ടലോടെ ചോദിച്ചു.
“അന്ന് നിന്നെ കണ്ട് സംസാരിച്ചു മടങ്ങി വരുന്ന വഴി ആരോ എന്നെ പുറകിൽ നിന്നും ആക്രമിച്ചു… ” വൈശാഖ് സംഭവം വിവരിച്ചു.
“ആളെ മനസ്സിലായോ…?? ”
“ഇല്ലെടാ…. മുഖം മറച്ചിരുന്നു…”
“എന്തായാലും നീ സൂക്ഷിക്കണം… ഇനിയിപ്പോ ശിവയുടെ പുറകെ പോണോ…. വീണ്ടും എന്തെങ്കിലും ആപത്ത് വന്നാലോ… ” അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ അജിത്ത് ഒരു ശ്രമം നടത്തി നോക്കി.
“എന്തായാലും അന്നത്തോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഇക്കാര്യത്തിൽ നിന്നെ ഞാൻ ഇതിലേക്ക് വലിച്ചിഴയ്ക്കില്ല….ഞാൻ കാരണം ഇനി നിനക്ക് ഒന്നും സംഭവിക്കണ്ട…”
അജിത്തിന് പിന്നെ മറുത്തൊന്നും പറയാനായില്ല. കുറച്ചു നേരം കൂടി അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു.
“സംസാരിച്ചു സമയം പോയതറിഞ്ഞില്ല എന്നാൽ ഞാൻ ഇറങ്ങട്ടെ… ”
“ആ… സമയം കിട്ടുമ്പോ ഇങ്ങോട്ടൊക്കെ ഇറങ്ങു… ”
“വരാം… പിന്നെ ഇനിയും അവളുടെ പുറകെ അന്വേഷിച്ചു നടന്നു അപകടം വരുത്തി വയ്ക്കണ്ട… ഭാഗ്യം എപ്പോഴും തുണച്ചു എന്നു വരില്ല… ” അജിത്ത് അവനെ ഓർമ്മിപ്പിച്ചു.
“അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം… നീ ഇറങ്ങാൻ നോക്ക്… ”
“ശിവയുടെ മരണ കാരണം ഒരിക്കലും നീ അറിയരുത് എന്നാണ് എന്റെ ആഗ്രഹം… അത് നിന്നെ ഒരുപാട് വേദനിപ്പിക്കും വൈശാ….
കൊലയാളികളെ അറിയാമെങ്കിലും അത് ആരാണെന്നു പറയാനുള്ള ധൈര്യം എനിക്കില്ലടാ…. എന്നോട് നീ ക്ഷമിക്ക്… ” അജിത്ത് മനസ്സിൽ അവനോടു മാപ്പ് ചോദിച്ചു.
“ഇനിയൊരു ദിവസം ഇറങ്ങാം… ”
അജിത്ത് അവനോടു യാത്ര പറഞ്ഞു പോയി.
അവൻ പോയി അൽപ്പ നേരം കഴിഞ്ഞപ്പോൾ വൈശാഖ് കുളിക്കാനായി കടവിലേക്ക് നടന്നു.
വൈശാഖ് കുളകടവിൽ എത്തിയപ്പോൾ അവിടെ ജേഷ്ഠൻ രാമൻ കുളിക്കുന്നുണ്ടായിരുന്നു.
“ഏട്ടന്റെ കുളി ഇതുവരെ കഴിഞ്ഞില്ലേ..” വൈശാഖ് ചോദിച്ചു.
“ഇന്ന് ഇത്തിരി താമസിച്ചു പോയെടാ… സന്ധ്യയ്ക്ക് മുന്നേ വേഗം കുളിച്ചു വരാൻ നോക്ക്….എന്റെ കുളി കഴിഞ്ഞു” രാമൻ അവനോടു പറഞ്ഞു.
സോപ്പും തോർത്തും പടിയിൽ വച്ചിട്ട് വൈശാഖ് തലയിൽ എണ്ണ തേച്ചു പിടിപ്പിച്ചു.
അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടു നടുങ്ങിയത്. ജലത്തിൽ മുങ്ങി നിവർന്നു പടവുകളിലേക്ക് കയറിയ രാമന്റെ കഴുത്തിൽ കിടക്കുന്ന നക്ഷത്ര പതക്കമുള്ള മാലയിൽ വൈശാഖിന്റെ നോട്ടം തറച്ചു.
ഒരു ഞെട്ടൽ അവനിൽ ഉണ്ടായി.
“രാമേട്ടാ… ” വൈശാഖ് അലറി.
അവന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് രാമൻ പകച്ചു അവനെ നോക്കി.
തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹