Sunday, December 22, 2024
Novel

ശിവപ്രിയ : ഭാഗം 3

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

വിറകൈകളോടെ മുത്തശ്ശി അവന്റെ കയ്യിൽ നിന്നും കടലാസ് വാങ്ങി നോക്കി.

“അതേ ഇത് രാവുണ്ണി തന്നെയാണ്… പക്ഷേ മോനെ അയാൾ രണ്ടു ദിവസം മുൻപ് മരിച്ചു പോയല്ലോ…”
ഇടറിയ സ്വരത്തിൽ മുത്തശ്ശി പറഞ്ഞു.

“ഹെന്ത്.. ”

ഇത്തവണ ഞെട്ടിയത് വൈശാഖ് ആണ്.

“രാവുണ്ണി രണ്ടു ദിവസം മുൻപ് മരിച്ചു പോയെന്നോ…?? ” വൈശാഖ് പകപ്പോടെ അവരെ നോക്കി.

“അതെ ശ്രീമംഗലം തറവാട്ടിനു മുന്നിൽ നിന്നാ രണ്ടു ദിവസം മുൻപേ അയാളുടെ ശവം കിട്ടിയത്…. ശിരസ് ഉടലിൽ നിന്നും വേർപ്പെട്ടു കിടക്കുകയായിരുന്നു…. ” ആ രംഗം അവരുടെ മനസിലേക്ക് വന്നു.

“ഇയാൾ തന്നെയാണ് രാവുണ്ണി എങ്കിൽ ഞാൻ എങ്ങനെ അയാളെ ഇന്നലെ രാത്രി കണ്ടു….?? ” താൻ വരച്ച ചിത്രത്തിലേക്ക് ഉറ്റുനോക്കി അവൻ ചോദിച്ചു.

“അയാളുടെ ആത്മാവിനെയാകും നീ കണ്ടത്…ദുർമരണം അല്ലെ ഗതി കിട്ടാതെ ആത്മാവ് അലഞ്ഞു നടക്കും..”

“അയാൾ എങ്ങനെയാ മരിച്ചത്…. ” അവൻ അവരോടു ചോദിച്ചു.

“രാത്രി അതുവഴി വരുമ്പോ യക്ഷി പിടിച്ചതാകുമെന്ന നാട്ടുകാർ പറയുന്നത്… ”

“യക്ഷിയോ…?? അതും ഇവിടെ…?? ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ മുത്തശ്ശ…. ” അതു പറയുമ്പോഴും അവന്റെ മനസ്സിൽ തലേ ദിവസം രാത്രി രാവുണ്ണി പറഞ്ഞ വാചകങ്ങളായിരുന്നു.

“എന്റെ മോനെ ഇവിടെ കുറച്ചു ദിവസങ്ങളായിട്ട് നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയോ…. ”

“എന്ത് നടന്നു എന്നാ മുത്തശ്ശൻ പറയുന്നത്…?? ” അവൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി.

“പറയാം… കഴിഞ്ഞ കുറച്ചു നാളായി ഇടവിട്ട് ഇവിടെ പല ദുർമരണങ്ങൾ നടക്കുകയാണ്…. ഉടലിൽ നിന്നും ശിരസ് വേർപ്പെട്ട നിലയിൽ മൃതദേഹങ്ങൾ പിറ്റേന്ന് രാവിലെ ശ്രീമംഗലം തറവാടിന്റെ മുന്നിൽ ഉണ്ടാകും…. ”

മുത്തശ്ശന്റെ വാക്കുകൾ കേട്ട് അവൻ ഞെട്ടി.

“അപ്പോ ശിവപ്രിയയും കുടുംബവും…?? അവർക്ക് എന്തെങ്കിലും പറ്റിയോ…?? ”

“അതേപ്പറ്റി പാർവതി നിന്നോട് ഒന്നും പറഞ്ഞില്ലേ….?? “മുത്തശ്ശി അവനോടു ചോദിച്ചു.

വൈശാഖ് അമ്മയുടെ മുഖത്തേക്ക് നോക്കി. അവർ അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി കളഞ്ഞു.

“ഇല്ല്യ മുത്തശ്ശി അമ്മ എന്നോട് ഒന്നും പറഞ്ഞിട്ടില്ല്യ… അവർക്ക് എന്ത് പറ്റി…. ”

ഉള്ളിൽ തിങ്ങി വന്ന വിങ്ങൽ പുറത്തു പ്രകടിപ്പിക്കാതെ അവൻ ചോദിച്ചു.

“ഒരു വർഷമായി കുഞ്ഞേ അതൊക്കെ നടന്നിട്ട്… നീ എന്താ പാറു അവനോടു പറയാത്തെ ആ കാര്യങ്ങൾ… ” മുത്തശ്ശി പാർവതിയോട് ചോദിച്ചു.

“അതു പിന്നെ അമ്മേ അവനെകൂടി പറഞ്ഞു ടെൻഷൻ ആക്കണ്ട എന്ന് കരുതി…. ” അവർ പരുങ്ങലോടെ പറഞ്ഞു.

വൈശാഖ് അമ്മയുടെ മുഖത്തേക്ക് സംശയ ദൃഷ്ടിയോടെ നോക്കി.

“മുത്തശ്ശി അവർക്ക് എന്താ പറ്റിയതെന്ന് ഇനിയെങ്കിലും പറയ്യ്… ” അവന്റെ മനസ്സിൽ നാനാവിധ സംശയങ്ങൾ ഉയർന്നു വന്നു.

“എന്താ ശരിക്കും ഉണ്ടായേ എന്ന് ഞങ്ങൾക്കും അറിയില്യ മോനെ…. ഒരു ദിവസം രാവിലെ തൊടിയിലെ പണിക്കാരൻ വാസു വന്നു പറയുമ്പോഴാണ് സംഗതി ഞങ്ങൾ അറിയുന്നത്…. ”

മുത്തശ്ശി ഒരു വർഷം മുൻപ് നടന്ന സംഭവം പറയാൻ തുടങ്ങി.
*************************************
ഉമ്മറത്തു ചാരു കസേരയിൽ ഇരുന്നു മുറുക്കുകയായിരുന്നു മുത്തശ്ശൻ. അരികിൽ വെറ്റില ചെല്ലവുമായി മുത്തശ്ശിയും ഉണ്ടായിരുന്നു.

അപ്പോഴാണ് അവിടുത്തെ പണിക്കാരൻ വാസു ഓടി കിതച്ചു വരുന്നത്.

“തമ്പ്രാനെ…. അവിടെ… ” അണച്ചു കൊണ്ട് വാസു കാര്യം പറഞ്ഞു. പക്ഷേ ആർക്കും കാര്യം പിടി കിട്ടിയില്ല.

“എന്താ വാസു എന്ത് പറ്റി…നീ ആദ്യം ശ്വാസം നേരെ വിടു…. എന്നിട്ട് പറയു… ” മുത്തശ്ശൻ അവനോടു പറഞ്ഞു.

കിതച്ചു കൊണ്ട് വാസു നിലത്തു കുത്തി ഇരുന്നു ശ്വാസം വലിച്ചു വിട്ടു.

“എന്താ വാസു കാര്യം… നീ എവിടുന്നാ ഓടി കിതച്ചു വരുന്നത്….?? ” അവിടേക്ക് വന്ന രാമൻ ചോദിച്ചു.

“തമ്പ്രാ അവിടെ ശ്രീമംഗലം തറവാട്ടിൽ ശ്രീധരൻ അങ്ങുന്നും ലക്ഷ്മി തമ്പ്രാട്ടിയും മരിച്ചു കിടക്കുന്നു…. ”

“എന്താ വാസു നീ പറയണേ…?? ” ഞെട്ടലോടെ മുത്തശ്ശൻ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു… ”

“ഇന്നലെ വൈകുന്നേരം ഇവിടുത്തെ പണി കഴിഞ്ഞു പോകുമ്പോൾ വഴിയിൽ വച്ചു ശ്രീധരൻ അങ്ങുന്നിനെ കണ്ടു അപ്പോൾ എന്നോട് ഇന്ന് രാവിലെ അത്രടം വരെ പുറംപണിക്ക് ചെല്ലാൻ പറഞ്ഞു ഏൽപ്പിച്ചു…. ഇപ്പൊ അങ്ങോട്ട്‌ ചെന്നപ്പോഴാ ഉമ്മറത്തു കിടക്കുന്ന അവരെ കാണുന്നത്…. അനക്കമൊന്നും ഇല്ലാത്തോണ്ട് അടുത്ത് പോയി നോക്കിയപ്പോഴാ…. ” അത്രയും പറഞ്ഞു വാസു അവരെ നോക്കി.

“രാമാ വാസൂന്റൊപ്പം അത്രടം വരെ ഒന്ന് പോയി നോക്കൂ…. ഞാൻ പിന്നാലെ എത്തിക്കോളാം… ” മുത്തശ്ശൻ പറയേണ്ട താമസം രാമൻ അനിയൻ അനന്തുവിനെയും കൂട്ടികൊണ്ട് വാസൂന്റൊപ്പം ശ്രീധരന്റെ വീട്ടിലേക്ക് ഓടി.

“എന്റെ ദേവ്യേ എന്തൊക്കെയാ ഈ കേക്കണേ… ” മുത്തശ്ശി നെഞ്ചത്ത് കൈ വച്ചു വിലപിച്ചു.

“ഗോപാലാ…വിജയാ…. വേഗം ഇങ്ങട്ട് വര്യാ… “മേൽ മുണ്ട് എടുത്തു തോളത്ത്‌ ഇട്ട് കൊണ്ട് മുത്തശ്ശൻ അകത്തേക്കു നോക്കി വിളിച്ചു.

മുത്തശ്ശനും മുത്തശ്ശിക്കും നാലു മക്കളാണ്. മൂത്തവൻ വിജയൻ. അവന്റെ മകനാണ് രാമൻ… വിജയനു താഴെ പാർവതി. അതു കഴിഞ്ഞു ഗോപാലനും കൃഷ്ണനും. ഗോപാലനു ഒരു മോനാണ് അനന്തു. കൃഷ്ണനു രണ്ടു പെൺകുട്ടികൾ ദേവിയും, ഗായത്രിയും.

ഗോപാലനും വിജയനും അങ്ങോട്ട്‌ വന്നു.

“അച്ഛൻ വിളിച്ചോ… “വിജയൻ ചോദിച്ചു.

“ഹാ വിളിച്ചു നമുക്ക് ശ്രീധരന്റെ വീട് വരെ ഒന്ന് പോകണം… ”

“എന്ത് പറ്റി അച്ഛാ… ” അച്ഛന്റെ മുഖത്തെ തെളിച്ച കുറവ് ശ്രദ്ധിച്ചു ഗോപാലൻ ചോദിച്ചു.

അദ്ദേഹം അറിഞ്ഞ കാര്യം അവരോടു പറഞ്ഞു.

വേഗം തന്നെ മൂവരും ശ്രീമംഗലത്തേക്ക് നടന്നു.

അതേസമയം രാമനും കൂട്ടരും അവിടെ എത്തിയിരുന്നു.

“ദേ അവിടെയാ കിടക്കണേ… ” വാസു ഉമ്മറത്തേക്ക് വിരൽ ചൂണ്ടി പറഞ്ഞു.

രാമനും അനന്തുവും ഉമ്മറത്തു കയറി നോക്കി.

വാസു പറഞ്ഞത് ശരിയായിരുന്നു.
ശ്രീധരനും ലക്ഷ്മിയും മരിച്ചിരുന്നു.

ശ്രീധരന്റെ ശരീരമാകെ നീലിച്ചിരുന്നു അരികിൽ തന്നെ ലക്ഷ്മിയും ചരിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.

വിഷം തീണ്ടിയാണ് ശ്രീധരൻ മരിച്ചിരിക്കുന്നതെന്ന് അവർക്ക് മനസിലായി.ലക്ഷ്മിക്ക് വിഷം തീണ്ടിയിട്ടില്ല….

“വാസു വേഗം നാരായണൻ വൈദ്യരെ വിളിച്ചു കൊണ്ട് വാ… ” രാമൻ വാസുവിനോട് പറഞ്ഞു.

“ശരി കുഞ്ഞേ… “വാസു വൈദ്യരെ വിളിക്കാൻ പോയി.

പതിയെ വിവരമറിഞ്ഞു ആളുകൾ അവിടേക്ക് വരാൻ തുടങ്ങി.

അപ്പോഴേക്കും മുത്തശ്ശനും വിജയനും ഗോപാലനും അങ്ങോട്ട്‌ വന്നു.

“എന്താ രാമാ ഉണ്ടായേ…?? ” മുത്തശ്ശൻ ചോദിച്ചു.

“വ്യക്തമായി ഒന്നും അറിയില്ല മുത്തശ്ശ…. ശ്രീധരൻ മാമ വിഷം തീണ്ടിയാ മരിച്ചത്…
ശരീരം മുഴുവനും നീലിച്ചിട്ടുണ്ട്… ലക്ഷ്മിയമ്മയ്ക്ക് എന്ത് പറ്റിയെന്നു അറിയില്ല… വൈദ്യരെ വിളിക്കാൻ വാസു പോയിട്ടുണ്ട്… ”

“ശ്രീധരന്റെ മോൾ എവിടെ…?? ” മുത്തശ്ശൻ ചോദിച്ചു.

അപ്പോഴാണ് രാമനും ശ്രീധരന്റെ മകൾ ശിവപ്രിയയെ പറ്റി ഓർത്തത്.

“അവളെ ഇവിടെയെങ്ങും കണ്ടില്ല മുത്തശ്ശ… ” രാമൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

“ഇനി അവൾക്കും എന്തെങ്കിലും ആപത്തു ഉണ്ടായിക്കാണോ… ” പരിഭ്രമത്തോടെ വിജയൻ ചോദിച്ചു.

“എന്തായാലും ഇവിടെ എവിടെയെങ്കിലും അവൾ ഉണ്ടോന്ന് അന്വേഷിക്ക് നിങ്ങൾ… ” ഗോപാലൻ പറഞ്ഞു.

“ശരി… ” രാമൻ അനന്തുവിനെയും കൂട്ടി തറവാട്ടിനുള്ളിലും പരിസരത്തും അവളെ അന്വേഷിച്ചു.

പക്ഷേ എങ്ങും ശിവപ്രിയ ഉണ്ടായിരുന്നില്ല. അവളെ ആരും കണ്ടിരുന്നില്ല.

എല്ലായിടത്തും ആളെ വിട്ട് ശിവയെ തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

അപ്പോഴാണ് വൈദ്യരെയും കൂട്ടി വാസു അവിടെ എത്തിയത്.

വൈദ്യർ ശ്രീധരനെയും ലക്ഷ്മിയെയും വിശദമായി പരിശോദിച്ചു.

ശേഷം എല്ലാവരോടുമായി പറഞ്ഞു…

“വിഷം തീണ്ടിയാ ശ്രീധരൻ മരിച്ചത്…. ഉടനെ ചികിത്സ ലഭിച്ചിരിന്നുവെങ്കിൽ ആള് രക്ഷപ്പെടുമായിരുന്നു. രാത്രി തന്നെ ആൾ മരിച്ചിരിക്കുന്നു.

ലക്ഷ്മി പെട്ടെന്നുണ്ടായ നെഞ്ച് വേദന കാരണമാണ് മരണമടഞ്ഞത്. രണ്ടു മരണവും ഏതാണ്ട് ഒരേ സമയം തന്നെയാ നടന്നത്.

ശ്രീധരന്റെ മരണം കണ്മുന്നിൽ കണ്ടാവാം ലക്ഷ്മിക്ക് പെട്ടന്ന് നെഞ്ച് വേദന ഉണ്ടായതെന്ന് തോന്നുന്നു….ആട്ടെ ശിവപ്രിയയെ കാണുന്നില്ലല്ലോ ഇവിടെ…കുട്ടി എവിടെ പോയി ഈ സമയം… ”

“ശിവയെ എങ്ങും കാണുന്നില്ല എല്ലായിടത്തും ആളുകൾ തിരഞ്ഞു പോയതാ… കണ്ടു കിട്ടിയില്ല… ” വിജയൻ പറഞ്ഞു.

നാട്ടുകാർ ഓരോരുത്തർ അവരുടെ ഊഹാപോഹങ്ങൾ മറ്റുള്ളവരോട് പറഞ്ഞു.

അവൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞു കാണുമെന്നു ചിലർ കരുതി.

മറ്റു ചിലർ അവൾ മറ്റാരെയെങ്കിലും കൂടെ ഓടിപോയി കാണുമെന്നു പറഞ്ഞു.

പക്ഷേ ആർക്കും അവൾ എവിടെ പോയി മറഞ്ഞു എന്നതിന് വ്യക്തമായ ഉത്തരം ഇല്ലായിരുന്നു.

മുത്തശ്ശൻ മുൻകൈ എടുത്തു ശ്രീധരന്റെയും ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ അവിടെ തന്നെ നടത്തി. ആ സംഭവത്തോടെ ശ്രീമംഗലം തറവാട് ആൾ പാർപ്പില്ലാതെ കാടും പടർപ്പും കയറി അടഞ്ഞു കിടന്നു.

ശിവപ്രിയയുടെ തിരോധാനം അപ്പോഴും ദുരൂഹതയായി അവശേഷിച്ചു.
*************************************
ആ സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞു ശ്രീമംഗലം തറവാടിന്റെ പടിപ്പുരയ്ക്ക് മുന്നിൽ നിന്ന് രാവുണ്ണിയെ അവശ നിലയിൽ നാട്ടുകാർ കണ്ടെത്തി.

പിന്നീട് രാവുണ്ണി പറഞ്ഞാ ഞങ്ങൾ അറിയുന്നത് അവനെ യക്ഷി ആക്രമിച്ചതാണെന്ന്….ആ ഇടയ്ക്ക് ഒന്ന് രണ്ടു പേർ രാത്രി കാലങ്ങളിൽ പലതും കണ്ടു പേടിച്ചിരിക്കുന്നു….

മനസിന് തീരെ ധൈര്യം ഇല്ലാത്തവർ അപ്പൊ തന്നെ പേടിച്ചു മരിച്ചു.അതോടെ രാത്രി കാലങ്ങളിൽ ഉള്ള പോക്ക് വരവ് നിന്നു.
പകൽ പോലും ആളുകൾ ശ്രീമംഗലത്തിനു മുന്നിൽ കൂടി പോകാൻ അറച്ചു.പിന്നെ കുറെ കാലായി പ്രശ്നം ഒന്നും ഇല്ലായിരുന്നു.ഇപ്പൊ വീണ്ടും തുടങ്ങിയിരിക്കുന്നു…. ” മുത്തശ്ശി പറഞ്ഞു നിർത്തി.

അവർ പറഞ്ഞതൊക്കെ കേട്ട് ഞെട്ടി ഇരിക്കുകയാണ് വൈശാഖ്.

“ഇവിടെ ഇത്രയൊക്കെ നടന്നിട്ട് എന്തുകൊണ്ടാ എന്നെ ആരും ഒന്നും അറിയിക്കാതിരുന്നത്…. ” ക്ഷോഭ്യനായി അവൻ ചോദിച്ചു.

“നീ ചൂടാകാതെ വൈശാ….ബിസിനസും കാര്യങ്ങളും നോക്കാനല്ലേ നീ ഡൽഹിക്ക് പോയത് ആ നിന്നെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ബുദ്ധിമുട്ടിക്കണ്ട എന്ന് ഞങ്ങൾ വിചാരിച്ചു. മാത്രമല്ല ഇത്രയും നാൾ വല്യ കുഴപ്പമില്ലാതെ പോയതാ…

അപ്പോഴാ രാവുണ്ണി രണ്ടു ദിവസം മുന്നേ മരിക്കുന്നത്… ” രാമൻ അവനെ സമാധാനിപ്പിച്ചു.

“ശിവ എവിടെ പോയെന്ന് ആർക്കും അറിയില്ലേ… ” നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ അവൻ നന്നേ പാടുപെട്ടു.

“ഇല്ലെടാ അവളെ ഈ ഗ്രാമം മുഴുവനും തിരഞ്ഞതാ… ആർക്കും അവൾ എവിടെപോയി മറഞ്ഞുവെന്ന് അറിയില്ല… ” രാമൻ മറുപടി പറഞ്ഞു.

“ആ സമയത്തു ഞാൻ ഇവിടെ ഇല്ലാതെ പോയി…അതെങ്ങനെയാ എന്നെ ആരും ഒന്നും അറിയിച്ചതുമില്ലല്ലോ…. ”
നിരാശയും ദേഷ്യവും കാരണം വൈശാഖ് മുഷ്ടി ചുരുട്ടി ചുമരിൽ ഇടിച്ചു.

“നീ ഇവിടെ ഉണ്ടെങ്കിൽ തന്നെ എന്ത് ചെയ്യാനാ…?? “രാമൻ ചോദിച്ചു.

“ഇവിടെ എന്തെങ്കിലും നടന്നാൽ അതു ഞാനും അറിയണ്ടേ… ” വൈശാഖ് തിരിച്ചു രാമനോട്‌ ചോദിച്ചു.

“ഞങ്ങളോട് എന്തിനാ നിനക്കിത്ര ദേഷ്യം… പാർവതി നിന്നോട് കാര്യങ്ങൾ എല്ലാം പറയലുണ്ടാവുമെന്നാ ഞാൻ വിചാരിച്ചത്…. നിന്നെ കൂടി അറിയിച്ചു പേടിപ്പിക്കണ്ട എന്ന് അവൾ കരുതി കാണും. അതിലിപ്പോ എന്താ തെറ്റ്… ” മുത്തശ്ശി അവനോടു ചോദിച്ചു.

അവൻ അമ്മയുടെ മുഖത്തേക്ക് ദേഷ്യത്തിൽ ഒന്ന് നോക്കിയ ശേഷം കലിതുള്ളി അകത്തേക്ക് കയറി പോയി.
*************************************
മുകളിലെ തന്റെ മുറിയിലേക്ക് പോയ വൈശാഖ് അലമാരയിൽ നിന്നും ഒരു ഷർട്ട് എടുത്തു ധരിച്ചു.

അപ്പോഴാണ് അവിടേക്ക് പാർവതി തമ്പുരാട്ടി കയറി വന്നത്.

“നീയിപ്പോ ഇതെവിടെ പോവാ… ”

“അറിഞ്ഞിട്ട് അമ്മയ്ക്ക് എന്ത് വേണം..?? ” ദേഷ്യത്തോടെ അവൻ ചോദിച്ചു.

“അമ്മയോട് ചൂടാവല്ലേ മോനെ… നിന്റെ നല്ലതിന് വേണ്ടിയെ അമ്മ എന്തെങ്കിലും ചെയ്തിട്ടുള്ളു…. ” അവർ സാരിതുമ്പു കൊണ്ട് കണ്ണുകൾ ഒപ്പി.

“എന്നിട്ട് അമ്മ ഇവിടെ നടന്ന എന്തെങ്കിലും എന്നോട് പറഞ്ഞോ?? ഒരു സൂചന എങ്കിലും തന്നോ…?? ഞാൻ മാത്രം ഇവിടെ ഇത്രയൊക്കെ നടന്നിട്ടും ഒന്നും അറിഞ്ഞില്ല… ”

“നിനക്ക് ശിവയോടുള്ള ഇഷ്ടം എനിക്കറിയാം…. അതുകൊണ്ടാ ഞാൻ ഒന്നും അറിയിക്കാതെ ഇരുന്നത്… ”

“അമ്മേ… ” ഞെട്ടലോടെ വൈശാഖ് അമ്മയെ നോക്കി.

“നിങ്ങൾ തമ്മിലുള്ള ഇഷ്ടം എനിക്ക് അറിയാം…. ഒരിക്കൽ അവളുടെ ഒരു കത്ത് നിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്….

അവൾക്കു എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല…. ഈ ഗ്രാമത്തിൽ ശിവയെ തിരയാൻ ഒരു സ്ഥലവുമില്ല ബാക്കി….

നിന്നെ ഇതൊന്നും അറിയിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ…. പോയ ജോലി പൂർത്തിയാക്കി തിരിച്ചു വരുമ്പോൾ സാവധാനം നിന്നോട് എല്ലാം പറയാമെന്നു കരുതി… ”

“എന്റെ ശിവയ്ക്ക് എന്ത് സംഭവിച്ചു എന്നെനിക്ക് അറിഞ്ഞേ പറ്റു…. ഞാൻ ഇപ്പൊ തന്നെ ശ്രീമംഗലം വരെ പോവുകയാ… എന്തെങ്കിലും തെളിവ് അവിടെ നിന്നും എനിക്ക് കിട്ടാതിരിക്കില്ല… ”

“വെറുതെ അപകടം ക്ഷണിച്ചു വരുത്തണ്ട മോനെ…. പകൽ പോലും അതുവഴി ആരുമിപ്പോ പോകാറില്ല…. എനിക്ക് നീ മാത്രമേയുള്ളു… ” പാർവതി തമ്പുരാട്ടി മകനെ തടയാൻ ശ്രമിച്ചു.

“അമ്മ എന്നെ തടഞ്ഞാലും ഞാൻ പോകും. ഇന്നലെ രാത്രി ഞാൻ അതുവഴിയാണ് വന്നത്….എന്നിട്ട് എനിക്കൊന്നും സംഭവിച്ചില്ലല്ലോ….എന്ത് വന്നാലും ഞാൻ അവിടെ പോയിരിക്കും… അമ്മ മുന്നിൽ നിന്നും മാറിക്കേ… ”

“വേണ്ട മോനെ അങ്ങോട്ട് പോകണ്ട… അമ്മ പറയുന്നത് കേൾക്ക് നീ… ”

അവരുടെ വാക്കുകൾ പാടെ അവഗണിച്ചു കൊണ്ട് വൈശാഖ് കോണിപടി ഇറങ്ങി താഴേക്കു പോയി.

നിസ്സഹായതയോടെ അവന്റെ പോക്ക് നോക്കി പാർവതി നെഞ്ചിൽ കൈവച്ചു വിലപിച്ചു.

“ദേവി എന്റെ കുട്ടിക്ക് ഒന്നും വരുത്തരുതേ…. ”
*************************************
ശ്രീമംഗലം തറവാടിന് പടിപ്പുരയ്ക്ക് മുന്നിൽ എത്തിയ വൈശാഖ് അടഞ്ഞു കിടന്ന പടിപ്പുര വാതിൽ തള്ളി തുറന്നു.

അവൻ കാലെടുത്തു അകത്തേക്ക് വച്ചതും അവിടെ അതിശക്തമായ കാറ്റ് രൂപപ്പെട്ടു.

സൂര്യനെ കാർമേഘങ്ങൾ വന്നു മറച്ചു.
വൈശാഖ് പടിപ്പുര കടന്നു അകത്തു കയറി. തൊട്ട് പിന്നിൽ പടിപ്പുര വാതിൽ കാറ്റിൽ അടഞ്ഞു.

ഒരു പൊട്ടിച്ചിരി അവിടെയാകെ മുഴങ്ങി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2