Tuesday, January 21, 2025
Novel

ശക്തി: ഭാഗം 6

എഴുത്തുകാരി: ബിജി

അവനിൽ നിന്ന് വിട്ടകലാൻ കഴിയാതെ അവനിലേക്ക് പറ്റിചേർന്ന് നിന്നു. അവനും അവളെ പൊതിഞ്ഞു പിടിച്ചു. അവൻ്റെ ചുണ്ടുകൾ തൻ്റെ ചുണ്ടുകളെ പൊതിയുന്നതും ചുടുനിശ്വാസം മുഖത്തു തട്ടിയിട്ടും അവനിൽ നിന്ന് അടരാനാകാതെ അവൾ നിന്നു…..!!! അവളുടെ ഇടുപ്പിൽ അവൻ്റെ കൈവിരലുകൾ അതിലോലമായി തഴുകി …..

അവളുടെ തനുവാകെ കോരിത്തരിച്ചു. ….. അവളുടെ കാതിൽ അതി മൃദുലമായി അവൻ ചൊല്ലി …. അത്രമേൽ നിന്നെ പ്രണയിക്കുന്നു ….!! അവൻ്റെ മൃദു മന്ത്രണം കാതിൽ കേട്ടതും ഇത്രയും നാൾ ഈ നിമിഷത്തിനായി തപസ്സു ചെയ്യുകയായിരുന്നു എന്നു തോന്നി അവൾ വിവശയായി അവൻ്റെ നെഞ്ചിൽ മുഖം ചേർത്തു….!! പെട്ടെന്നവൾ അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടാൻ തുടങ്ങിയതും അവൻ അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു……!!

അങ്ങനങ്ങ് പോയാലോ എനിക്ക് മറുപടി കിട്ടിയില്ല. ശ്ശോ ….വിട്… ശക്തി പ്ലീസ് അവൻ്റെ മുഖത്ത് നോക്കാൻ പോലും ത്രാണിയില്ലാതെ ലജ്ജയാൽ ലയ കുഴങ്ങി ….. പറയാതെ വിടില്ല മോളേ ഈ മഷി പുരളാത്ത മിഴികൾ പറയുന്നുണ്ട് നിനക്കെന്നോട് പ്രണയമാണെന്ന്….. അവനെ തള്ളി മാറ്റി അവൾ പുറത്തേക്ക് കുതിച്ചു…..!!

അവളുടെ മനസ്സ് അപ്പൂപ്പൻ താടി പോലെ പാറിപ്പറന്നു വളക്കടയിൽ കണ്ട നാൾ മുതൽ അവനിലേക്ക് താൻ അറിയാതെ വഴുതി വീഴുകയാണുണ്ടായത് തൻ്റെ മാത്രം റെയർ പീസ്…!! പക്ഷേ അന്ന് കോളേജിൽ ശക്തി ചൊല്ലിയ കവിത അവനു ആരോടോ തോന്നിയ പ്രണയത്തെ അവൻ സമാധി ചൊല്ലുന്നു എന്നു പറഞ്ഞതോ….. എല്ലാം ശക്തിയിൽ നിന്നു തന്നെ അറിയണം …. അങ്ങനെ തീരുമാനിച്ചവൾ കോൺവെൻ്റിലെ ആഘോഷ പരുപാടികളിൽ മുഴുകി…..!!

ഇടയ്ക്കിടെ തന്നിലേക്ക് പാളി വരുന്ന അവൻ്റെ നോട്ടവും കുസൃതിയും അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു….!! അപ്പോഴാണ് കോൺവെൻ്റിലെ വാർഷികത്തിൽ പങ്കെടുക്കാൻ പുറത്തു നിന്ന് വന്നവർക്കിടയിൽ നിന്ന് ഒരു മുറുമുറുപ്പ് ഉയർന്നു വന്നത് രാഗലയ ശ്രദ്ധിക്കുന്നത്. കാര്യം അന്വേഷിച്ചപ്പോൾ മെൻറ്ലീ ചലഞ്ചിടായ ഒന്നു രണ്ടു കുട്ടികൾ സമൂഹത്തിൽ ഉന്നത ജീവിതം ജീവിക്കുന്നു എന്നു സ്വയം വിശേഷിപ്പിക്കുന്ന ചില സ്ത്രീകളുടെ കൈളിൽ ആ കുട്ടികൾ ഒന്നു തൊട്ടു

അവരുടെ വിലകൂടിയ സാരി തുമ്പിൽ ഒന്നു പിടിച്ചു നികൃഷ്ട ജീവികളെ കണ്ട മാതിരി ആ കുഞ്ഞുങ്ങളെ ആട്ടിപ്പായിക്കുകയാണ്….. ലയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.അത് അവൾ മുൻപോട്ട് വന്ന് സ്റ്റേജിൽ കയറി മൈക്കെടുത്തു. …..!! അവൾ സംസാരിച്ചു തുടങ്ങി… ഒരോ കുഞ്ഞു പിറവി എടുക്കുമ്പോൾ മാതാപിതാക്കളുടെ പ്രാർത്ഥനയുണ്ട് ഒരു കുറവുകളും ഇല്ലാതെ പൂർണ്ണ ആരോഗ്യവാനായ കുട്ടിയെ ലഭിക്കണേന്ന് ……!! അങ്ങനെ അല്ലാതെ വൈകല്യങ്ങളോടു കൂടി ജനിക്കുന്ന കുട്ടികളും ഉണ്ട്.

അതൊരിക്കലും ആ മാതാപിതാക്കളുടെ ഭാഗ്യക്കേടോ കുട്ടിയുടെ വിധിയോ ഒന്നുമല്ല ….. അവനു കുറച്ച് കരുതൽ കൂടൂതൽ വേണം ലാളനയും പരിചരണവും എപ്പോഴും വേണം അവനെ അല്ലെങ്കിൽ അവളെ സ്നേഹിക്കുന്ന കരങ്ങളിൽ അവർ എത്തിച്ചേരും…..!! ഈ കോൺവെൻറിൽ വളരുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ പരിചരണം ലഭിച്ചിട്ടില്ല. എന്നു കരുതി അവർ അനാഥരല്ല. അവരെ പുഞ്ചിരിയോടെ തഴുകുന്ന ഓരോ കരങ്ങളിലൂടെയും അവർ സനാഥരാവുകയാണ്…..!!

ദയവു ചെയ്ത് പൊള്ളയായ വാക്കുകൾ കൊണ്ട് അവരെ വേദനിപ്പിക്കാതിരിക്കുക…. നിങ്ങളെ അവർ ഒന്നു തൊട്ടെങ്കിൽ നിങ്ങളിൽ അവർ അമ്മയെ കാണുകയാണ്. ഏറ്റവും നിഷ്കളങ്കമായി ചിരിക്കുന്ന ഈ കുഞ്ഞുങ്ങളെ നമ്മളിൽ നിന്ന് അകറ്റുന്നത് നമ്മുടെ മനസ്സ് കറ നിറഞ്ഞതിനാലാണ്. അവരെ സമൂഹത്തിൽ നിന്ന് അകറ്റുകയല്ല….. അവരെ ചേർത്തു പിടിച്ച് മുന്നോട്ട് നടക്കുകയാണ് വേണ്ടത് അവർക്കും കൂടീ ഉള്ളതാണ് ഈ ലോകം ലയ പറഞ്ഞ് അവസാനിപ്പിച്ച് ഇറങ്ങി ഒരൊഴിഞ്ഞ ക്ലാസ് റൂമിൽ പോയി ഡസ്കിലേക്ക് തല ചായ്ച്ച് കിടന്നു…..!!

ആഹാ …… ചക്കര കിടിലം സ്പീച്ച് നടത്തി ക്ഷീണിച്ച് ഉറക്കവും തുടങ്ങിയോ…..!! ശക്തി അവൾക്കരികിലായി വന്നിരുന്ന് കാതോരം മന്ത്രിച്ചു….!! അവൾ മെല്ല ഉയർന്നു നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞു തൂവിയിരുന്നു. അതു കണ്ട് അവൻ്റെ ചങ്ക് നീറുന്നുണ്ടായിരുന്നു…..!! അവൻ പെട്ടെന് ദേഷ്യത്തോടെ എണിറ്റു കരയാനാണേൽ ഞാൻ ഒന്നങ്ങ് പൊട്ടിക്കും അവൾക്ക് അനക്കമില്ലന്ന് കണ്ടപ്പോൾ ഇരുന്ന് മോങ്ങ് …

ഞാൻ പോകുവാ അവൻ നടന്നു…!! ശക്തി പിണങ്ങി എന്നവൾക്ക് മനസ്സിലായി അവൾ കുറച്ചു നേരം കൂടി അവിടിരുന്നു മനസ്സ് ശാന്തമായപ്പോൾ പുറത്തേക്ക് നടന്നു. അപ്പോൾ മദർ അവളുടെ അടുത്തേക്ക് വന്നു. കരഞ്ഞുകഴിഞ്ഞോ മദർ ചോദിച്ചു ലയ മദറിനെ നോക്കി ….. നീ നോക്കണ്ട …. എനിക്കറിയാം നിന്നെ….. ആ കുഞ്ഞുങ്ങളെ ആരു വിഷമിപ്പിച്ചാലും നിനക്ക് നോവുമെന്ന്….. നന്മയുള്ള മനസ്സാ നിൻ്റേത് നിനക്ക് നല്ലതേ വരൂ കുട്ടി അവളുടെ നെറുകയിൽ മദർ മുത്തി…..!!

ശക്തി പിണങ്ങി കോൺവെൻറിൽ നിന്ന് പോയിരുന്നു. വെക്കേഷൻ ആയതിനാൽ പിന്നെ ശക്തിയെ കാണാൻ കഴിഞ്ഞില്ല….!! രുദ്രനും കുടുംബവും ഭാമയുടെ തറവാട്ടിൽ വെക്കേഷൻ ആഘോഷിക്കാൻ വന്നിരിക്കുകയാണ്….!! ലയയും നീലുവും തറവാട്ടുകുളത്തിൽ ചെമ്പരത്തി താളിയൊക്കെ തേച്ചുപിടിച്ച് കുളത്തിൻ്റെ കൽപടവിലിരിക്കുകയാണ് ….!! അമ്മമേ… മതി …. ദേ ഇതെല്ലൊം മുഖത്തേക്ക് ഒലിച്ചിറങ്ങുന്നു ലയ ശുണ്ഠിയെടുത്തു.

അതെങ്ങനാ ഉള്ള മുടിയെല്ലാം മുറിച്ച് കളഞ്ഞാൽ തലയിൽ തേച്ചുവച്ചതിരിക്കുമോ …. ദേവയാനി തന്നെ ലയയുടെ മുടി തേച്ചു കഴുകി കൊടുത്തു….!! രണ്ടിനും പിന്നെ വയനാടൻ മഞ്ഞൾ കല്ലിൽ ഉരച്ച് മുഖത്തും കഴുത്തിലും കൈകളിലും തേച്ചു കൊടുത്തും രണ്ടും ഇഞ്ചി കടിച്ചതുമാതിരി ഇരിക്കുന്നതു കണ്ട് ഭാമയും രാഗിണിയും പൊട്ടിച്ചിരിച്ചു…..!!

അമ്മേ ഇവളുമാരേ ഇങ്ങനെ കിട്ടണേൽ പാടാ നീലു പിന്നെയും കുഴപ്പമില്ല’ ദാ മറ്റേ കൂരിപ്പിൻ്റെ നോട്ടം കണ്ടില്ലേ അതിനിതൊക്കെ അലർജിയാ ഭാമ ലയയെ നോക്കി പറഞ്ഞു ലയ അമ്മയെ കോക്രി കാണിച്ചു… ലയയും നീലുവും കുളിച്ച് തറവാട്ടിലേക്ക് നടന്നു….!! ഭാമയുടെ സഹോദരൻ്റെ മകൻ ഹരിഗോവിന്ദ് പടിപ്പുരയിൽ രുദ്രനുമായി സംസാരിച്ചിരിക്കുകയായിരുന്നു.

അവൻ്റ നോട്ടം ഇറ്റിറ്റു വീഴുന്ന ഈറൻ മുടിയെ മുന്നിലോട്ട് ഇട്ട് മുഖത്ത് ഇറ്റ് വീണ ജലകണങ്ങളെ ടവലിനാൽ ഒപ്പി കൊണ്ടുവരുന്ന രാഗലയയിൽ ആയിരുന്നു. അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് അകത്തു കയറിപ്പോയി….!! ഇതിനിടയിലാണ് ഗീത ചേച്ചിയുടെ കോൾ ലയക്ക് വന്നത് കുറേ ദിവസം ആയല്ലോ ശക്തിയുടെ അമ്മയെ കാണാൻ പോകാഞ്ഞിട്ട് ശ്രീദേവി അമ്മയ്ക്ക് അവളെ കാണണമെന്ന് പറഞ്ഞു ലയ ഉടനെ എത്താമെന്നു പറഞ്ഞു….!!

ശക്തിയെ കാണാഞ്ഞിട്ടും ഒരുപാട് ദിവസമായിരിക്കുന്നു. ചെക്കൻ ഇനി കണ്ടാൽ എന്തു പുകില് ഒപ്പിക്കുമോ ആവോ അവൻ്റെ ഓർമ്മകളിൽ അവളുടെ കവിളിണകൾ ചുവന്നു…….!! രുദ്രനും കുടുംബവും തറവാട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ തന്നെ ശ്രീദേവിയെ കാണാനായില്ല ശക്തിയുടെ വീട്ടിലേക്ക് ചെന്നു….!! ശ്രീദേവിയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. അവൾ കൊണ്ടുവന്ന ഭക്ഷണം സംതൃപ്തിയോടെ കഴിച്ചു…..!!

കൂറേ നേരം അവിടിരുന്ന് സംസാരിച്ചു.ശക്തി ഈയിടെയായി ഭയങ്കര ദേഷ്യത്തിലാണെന്നു പറഞ്ഞു. എന്തോ എൻ്റെ കൊച്ച് മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട് ശ്രീദേവി സങ്കടപ്പെട്ടു ഒന്നും പേടിക്കേണ്ട നമ്മുക്ക് ശരിയാക്കി എടുക്കാം..!! ആ നേരമാണ് ഗൗരി അങ്ങോട്ട് കയറി വന്നത് ലയയെ കണ്ടതും അവളുടെ മുഖം ഇരുണ്ടു …. ഗൗരി ലയയെ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോയി …..!!

നീ എന്തിനാടീ കൂടെ കൂടെ ഇവിടേക്ക് കയറി വരുന്നത്…?? ലയ ഒന്നും മിണ്ടാതെ നിന്നു. ശക്തിയെ വളയ്ക്കാനാണ് ഉദ്ദേശമെങ്കിൽ നടക്കില്ല’ നീയെന്നല്ല ഒരുത്തിക്കും ശക്തിയെ വിട്ടുകൊടുക്കില്ല ഗൗരി ഉറഞ്ഞു തുള്ളി …!! ലയ ഒന്നും മിണ്ടാതെ അകത്തു പോയി ശ്രീദേവിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി….!! ലയ പിന്നീടുള്ള ദിവസങ്ങളിലൊക്കെ വിഷമത്തിലായിരുന്നു. ശക്തിയെ കാണാനും കഴിയുന്നില്ല.

ആകെ മൂഡൗട്ടായതു പോലെ….!! ഈ സമയം ഭാമ ലയയുടെ വിവാഹത്തെ കുറിച്ച് രുദ്രനോട് പറയുകയായിരുന്നു. സഹോദരൻ്റെ മകനായ ഹരിഗോവിന്ദിന് അവളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് നമുക്കിത് ഉറപ്പിക്കാം പുറത്തോട്ട് കൊടുത്താലല്ലേ ഭയക്കേണ്ടത് ഇതാകുമ്പോൾ സ്വന്തം കുട്ടിയല്ലേ. രുദ്രൻ മറുപടി ഒന്നും പറഞ്ഞില്ല. എൻ്റെ മകളുടെ ഇഷ്ടത്തിനു മാത്രമേ അവളുടെ വിവാഹം നടക്കൂ അത്ര മാത്രം അയാൾ പറഞ്ഞു….!!!

ലയ ചുമ്മാതിരുന്നപ്പോളാണ് വായനശാലയിലേക്ക് പോയത് റാക്കിൽ ബുക്ക് തേടികൊണ്ടിരുന്നപ്പോൾ കാറ്റ് പോലെ തൻ്റെയരുകിൽ ആരോ വന്നതു പോലെ തോന്നി തിരിഞ്ഞു നോക്കിയതും ശക്തി …. മുഖത്ത് ദേഷ്യം ഒട്ടിച്ചു വച്ചിരിക്കുന്നു. എനിക്ക് സംസാരിക്കണം തോട്ടരികിലെ മഞ്ചാടിചുവട്ടിൽ ഞാനുണ്ടാകും വന്നേക്കണം മറുപടിക്കു കാത്തു നില്ക്കാതെ കാറ്റുപോലെ പോയി ….!! ലയ കുറേനാളിനു ശേഷം അവനെ കണ്ടതിൻ്റെ ത്രില്ലിൽ ആയിരുന്നു….!!

പിന്നെ അവൾ ബുക്കും എടുത്ത് മഞ്ചാടി മരത്തിനടുത്തേക്ക് നടന്നു. ലയ ചെല്ലുമ്പോൾ ശക്തി തോട്ടിലേക്ക് ചെറിയ കല്ലുകൾ എറിഞ്ഞോണ്ട് നില്ക്കുകയായിരുന്നു…..!! അവളെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു. വീണ്ടും ആ മുഖത്ത് കല്ലിപ്പ് പ്രകടമായി…!! എവിടെ ആയിരുന്നെടി ഇത്രനാളും ശക്തി അരിശപ്പെട്ടു ചോദിച്ചു…?? അത് അമ്മയുടെ തറവാട്ടിൽ ലയ നിന്ന് വിക്കി…!! മ്മ്മ് … പാറപ്പുറത്തേക്ക് ഇരുന്നിട്ട് അവളെയും അടുത്തിരിക്കാൻ വിളിച്ചു.

ലയ അവനടുത്തായി ഇരുന്നു….!! അവൻ അവളെ ഇമവെട്ടാതെ നോക്കിക്കൊണ്ട് പറഞ്ഞു….. സിവിൽ സർവ്വീസ് എൻ്റെ ലക്ഷ്യമാണ് നേടിയിട്ട് ഞാൻ വരും നിൻ്റെ അച്ഛൻ്റെയടുത്ത് ഈ മകളെ എനിക്ക് തരുമോന്ന് ചോദിക്കാൻ അതുവരെ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണം….!! അവളൊന്നും മിണ്ടാതെ നിന്നു. എന്തേ നിനക്കെന്നെ ഇഷ്ടമല്ലേ ഇഷ്ടമാണ് ജീവനേക്കാളധികം പക്ഷേ അവളത് പറഞ്ഞില്ല പകരം വേറൊന്നു ചോദിച്ചു.

അപ്പോൾ കോളേജിൽ ചൊല്ലിയ കവിത അതു കേട്ടതും അവൻ പൊട്ടിച്ചിരിച്ചു….!! എൻ്റെ ഒരേയൊരു പ്രണയം അത് നീയാണ് നീ മാത്രം നീയറിയാതെ തോന്നിയൊരിഷ്ടം കോൺവെൻ്റിലെ അശരണരോട് നിൻ്റെ സ്നേഹവും കരുതലും. ആദ്യം ബഹുമാനം തോന്നി പിന്നെ ഞാനറിയാതെ അത് പ്രണയമായി മാറുകയായിരുന്നു…..!! കോടീശ്വരനായ രുദ്രവർമ്മൻ്റെ മകളാണെന്നറിഞ്ഞും അർഹതയില്ലാത്തത് ആഗ്രഹിക്കാൻ പാടില്ലെന്നു തോന്നി അതാണ് പ്രണയത്തിന് സമാധി കെട്ടിയത്. ….!!

അവൾ അവനെ കൂർമ്മിച്ചു നോക്കി …. ഇങ്ങനെ നോക്കാതെടി ചങ്കു തുളഞ്ഞു കയറുന്നു. …!!! സമാധി ആക്കിയതെന്തിനാ പിന്നെയും കുഴി മാന്തിയെടുത്തത് …?? നീ ഇങ്ങനെ ചോദ്യം ചോദിക്കൽ നിർത്തിയിട്ട് എനിക്കു വേണ്ടി കാത്തിരിക്കുമോ പറയ് …. ശക്തി ചോദിച്ചതും അവൾ അവൻ്റെ തോളിലേക്ക് തല ചായ്ച്ചു …. ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിനക്കായി മാത്രം ഈ രാഗലയ കാത്തിരിക്കും …….!!

തുടരും ബിജി

ശക്തി: ഭാഗം 5