Sunday, December 22, 2024
Novel

ഷാഡോ: ഭാഗം 2

എഴുത്തുകാരി: ശിവ എസ് നായർ


മൊട്ടു സൂചികൾ വർക്കിയുടെ നഖത്തിന്റെ ഇടയിൽ കുത്തിയിറക്കി. മൂർച്ചയേറിയ കത്തി കൊണ്ട് വർക്കിയുടെ ശരീരത്തിൽ അയാൾ കോറി വരച്ചു. അയാളുടെ നെഞ്ചിൽ കത്തി കൊണ്ട് ആഴത്തിൽ “SHADOW” എന്ന് ആലേഖനം ചെയ്തു. പതിയെ കത്തിമുന വർക്കിച്ചന്റെ ലൈംഗികാവയത്തെ മുറിച്ചു കളഞ്ഞു. ശേഷം കത്തിയും ചുറ്റികയും വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച ശേഷം അയാൾ പുറത്തേക്ക് നടന്നു.

വേദന കൊണ്ട് വർക്കിച്ചൻ മുതലാളി ഞരങ്ങി. അവിടം മുഴുവൻ രക്തം തളം കെട്ടി.
വർക്കിച്ചൻ പിടഞ്ഞു പിടഞ്ഞു മരണത്തിലേക്ക് അടുത്തു കൊണ്ടിരുന്നു.

ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ വർക്കിച്ചന്റെ മനസിലൂടെ കടന്നു പോയി.

വായ് മൂടി കെട്ടി വച്ചിരുന്നതിനാൽ ഒന്നലറി കരയാൻ പോലും കഴിയാതെ നിസ്സഹായനായി തളർന്ന മിഴികളോടെ മച്ചിലേക്ക് കണ്ണും നട്ട് മരണവും കാത്തു വർക്കിച്ചൻ കിടന്നു.

അപ്പോഴാണ് പുറത്തേക്ക് പോയ ഓവർ കോട്ട് ധരിച്ച രൂപം അകത്തേക്കു കയറി വന്നത്. കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു.

വർക്കിയുടെ വായ് മൂടി കെട്ടിയ തുണി അയാൾ അഴിച്ചെടുത്തു. ശേഷം കയ്യിലെ കവറിൽ ഉണ്ടായിരുന്ന മുളകുപൊടി അയാളുടെ ശരീരത്തിലേക്ക് വിതറി.

വേദനയും നീറ്റലും കൊണ്ട് വർക്കിച്ചൻ അലറിക്കരഞ്ഞു.
പക്ഷേ അയാളുടെ നിലവിളി ശബ്ദം കേൾക്കാനോ രക്ഷിക്കാനോ ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല.

സാവധാനം വർക്കിച്ചന്റെ ബോധം മറഞ്ഞു.
ജീവന്റെ നേരിയ തുടിപ്പ് മാത്രമേ അയാളിൽ അവശേഷിച്ചിരുന്നുള്ളു.

കറുത്ത ഓവർ കോട്ട് ധരിച്ച ആൾ ഒരു കസേര വലിച്ചു നീക്കിയിട്ട് അതിലേക്ക് ഇരുന്നു.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.

പുറത്തു വണ്ടിയുടെ ഒച്ച കേട്ടപ്പോൾ അയാൾ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു.

ആരെയോ തോളിൽ കിടത്തി കുറച്ചു മുൻപ് പുറത്തേക്കു പോയ അയാളുടെ സഹായി അവിടേക്ക് വന്നു.

മുറിയുടെ ഒരു കോണിലേക്ക് തോളിൽ കിടന്നയാളെ എടുത്തെറിഞ്ഞ ശേഷം ഇരുവരും ചേർന്നു വർക്കിച്ചനെ ഒരു പ്ലാസ്റ്റിക് ചാക്കിനുള്ളിലാക്കി.

അതിനു ശേഷം കുറച്ചു മുൻപ് കൊണ്ടു വന്നയാളെ എടുത്തു ആ ടേബിളിൽ കിടത്തി. അത് മറ്റാരുമായിരുന്നില്ല കോടതിയിൽ നിന്നും നിഷ്പ്രയാസം വർക്കിച്ചനെ കുറ്റ വിമുക്തനാക്കി പുറത്തു കൊണ്ട് വന്ന വക്കീൽ വാസുദേവൻ ആയിരുന്നു അത്.

വക്കീലിന്റെ കൈകാലുകൾ ഇരുവരും ചേർന്നു ടേബിളിനോട്‌ ചേർത്തു കൂട്ടിക്കെട്ടി. മുഖത്തു വെള്ളം തളിച്ചപ്പോഴേക്കും വക്കീലിന് ബോധം വന്നു.

അപ്പോഴേക്കും കുടിച്ച മദ്യത്തിന്റെ ലഹരി അയാളെ വിട്ടുപോയിരുന്നു. ഭീതിയോടെ അയാൾ ചുറ്റും നോക്കി. തനിക്ക് മുന്നിൽ നിൽക്കുന്ന മുഖം മൂടി ധരിച്ച രണ്ടുപേരെയും വാസുദേവൻ പേടിയോടെ നോക്കി.

“നിങ്ങളാരാ…. എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നു കെട്ടിയിട്ടിരിക്കുന്നത്. എന്നെ അഴിച്ചു വിടു..”

വാസുദേവൻ കുതറി പിടഞ്ഞു കൊണ്ട് പറഞ്ഞു.

കയ്യിൽ ബ്ലേഡുമായി ഓവർ കോട്ട് ധരിച്ച ആൾ വക്കീലിന്റെ അടുത്തു വന്നു. ശേഷം തന്റെ സഹായിയെ നോക്കി എന്തോ ആംഖ്യം കാണിച്ചു.

കാര്യം മനസിലായത് പോലെ സഹായി അതിവേഗം വാസുദേവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി.

“അയ്യോ എന്നെ ഒന്നും ചെയ്യല്ലേ… എത്ര പണം വേണമെങ്കിലും ഞാൻ തരാം. എന്നെ വെറുതെ വിടണം…. ” അയാൾ ദയനീയ ഭാവത്തോടെ ഇരുവരോടും കെഞ്ചി.

അവരുടെ കണ്ണുകൾ തീ പോലെ ജ്വലിച്ചു.

ക്രൂരമായ പുഞ്ചിരിയോടെ അയാൾ ബ്ലേഡ് വക്കീലിന്റെ കഴുത്തിലേക്ക് അടുപ്പിച്ചു.
കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് ബ്ലേഡ് വാസുദേവന്റെ ശരീരത്തിലൂടെ പാഞ്ഞു നടന്നു.

വക്കീലിന്റെ നിലവിളി ആ മുറിയിൽ പ്രകമ്പനം കൊണ്ടു. കൂർത്ത ആണികൾ അയാളുടെ ശരീരത്തിൽ കുത്തിയിറക്കപ്പെട്ടു.

വേദന കൊണ്ട് വക്കീൽ ഉറക്കെ ഉറക്കെ കരഞ്ഞു.
അവർ ആരാണെന്നോ എന്തിനു വേണ്ടി തന്നെ അവർ കൊല്ലാൻ പോകുന്നുവെന്നോ അയാൾക്ക് മനസിലായില്ല.

വക്കീലിന്റെ ചോദ്യങ്ങൾക്കൊന്നും ഇരുവരും മറുപടി പറഞ്ഞതേയില്ല.

തന്റെ ശത്രുക്കളെ വളരാൻ അനുവദിക്കാതെ കണ്ടു പിടിച്ചു അപ്പാടെ തീർത്തു കളയുന്ന തനിക്ക് എവിടെയാണ് പിഴച്ചതെന്ന് വാസുദേവനോർത്തു.

മുറിവുകളിൽ നിന്നും രക്തം വാർന്നൊഴുകി. അസഹ്യമായ വേദന വാസുദേവനെ കാർന്നു തിന്നു.

“സമയം പോകുന്നു…. വേഗം ആവട്ടെ… ” വാച്ചിലേക്ക് നോക്കി കൊണ്ട് സഹായി അയാളോട് പറഞ്ഞു.

സമയം പുലർച്ചെ മൂന്നു മണി കഴിഞ്ഞിരുന്നു.

ഒരു നിമിഷം വക്കീലിനെ അടിമുടി വീക്ഷിച്ച ശേഷം അയാൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചിരുന്ന കത്തിയെടുത്തു വാസുദേവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി.

അയാളുടെ അലർച്ച അവിടെ മുഴങ്ങി കേട്ടു.

പിടഞ്ഞു പിടഞ്ഞു വക്കീലിന്റെ ശരീരം നിശ്ചലമായി. വാസുദേവന്റെ താടിയെല്ലിനു കീഴെ കത്തി കൊണ്ട് “SHADOW ” എന്നെഴുതിയ ശേഷം ഇരുവരും ചേർന്നു അയാളുടെ ശരീരവും ഒരു പ്ലാസ്റ്റിക് ചാക്കിൽ ആക്കി.

രണ്ടു ചാക്ക് കെട്ടുകളും ഇരുവരും ചേർന്നു വർക്കിച്ചന്റെ ബൊലേറോയ്ക്കുള്ളിൽ കൊണ്ട് വച്ചു.

കറുത്ത ഓവർ കോട്ട് ധരിച്ച കില്ലർ ബൊലേറോയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ടൊയോട്ടയിൽ മറ്റെയാളും കയറി.
രണ്ടും വണ്ടികളും തേയില കാടുകൾക്കിടയിലെ ഒറ്റയടി പാതയിലൂടെ കുതിച്ചു പാഞ്ഞു.

സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്കായിരുന്നു അവർ പോയത്.
മേപ്പാടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10 കിലോമീറ്റർ പോയാൽ തൊള്ളായിരം കണ്ടിയിലേക്കുള്ള വഴിയെത്തും.

സൂചിപ്പാറ കഴിഞ്ഞു അഞ്ചു കിലോമീറ്റർ വരെ പോയ ശേഷം ബൊലേറോ റോഡിനു നടുവിലായി നിർത്തിയിട്ടു. ചുറ്റുപാടും ഒന്ന് വീക്ഷിച്ച ശേഷം അയാൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്കു ഇറങ്ങി. റോഡ് വിജനമായിരുന്നു.

കയ്യിൽ കരുതിയിരുന്ന മുളക് പൊടി ബൊലേറോയ്ക്കുള്ളിലേക്ക് വിതറിയ ശേഷം അയാൾ പുറകിൽ നിർത്തിയിട്ടിരുന്ന ടൊയോട്ടയിൽ ചെന്നു കയറി.

ശേഷം അവർ വന്ന വഴിയേ തിരിച്ചു പോയി.
****************************************
രാവിലെ ഏഴു മണിക്ക് മേപ്പാടി പോലീസ് സ്റ്റേഷനിലേക്ക് തൊള്ളായിരം കണ്ടിയിലെ സ്വകാര്യ റിസോർട്ട് ഉടമയായ പീറ്റർ ആന്റണിയുടെ വിളി വന്നു.

തൊള്ളായിരം കണ്ടിയിലെ തന്റെ സ്വകാര്യ റിസോർട്ടിലേക്ക് കുടുംബ സമേതം പോകവേയാണ് പീറ്റർ ആന്റണി വഴി മുടക്കിയായി കിടക്കുന്ന ബൊലേറോ കാണുന്നത്.

ഡ്രൈവർ ചെന്ന് പരിശോധിക്കുമ്പോഴാണ് അതിനുള്ളിൽ ചാക്കിൽ പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങൾ കാണുന്നത്.

റോഡിനു നടുവിൽ വാഹനങ്ങൾക്ക് പോകാൻ തടസ്സമായി നിർത്തിയിട്ടിരുന്ന ബൊലേറോയ്ക്കുള്ളിൽ നിന്നും അസ്വാഭാവികമായി ചാക്കുകളിൽ രണ്ടു മൃതദേഹങ്ങൾ കണ്ടതിനെ തുടർന്നാണ് പീറ്റർ ആന്റണി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വിവരം പറഞ്ഞത്.

.മേപ്പാടിയിൽ നിന്നും ഒരു സംഘം പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപ്പോഴേക്കും
മീഡിയക്കാരും സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയിരുന്നു

ചാനലുകളിൽ ലൈവ് ആയി ന്യൂസ്‌ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വർക്കിച്ചൻ മുതലാളിയുടെയും വക്കീലിന്റെയും കൊലപാതക വാർത്ത എല്ലാവരും അറിഞ്ഞു.

ബൊലേറോയ്ക്കുള്ളിൽ മുളക് പൊടി വിതറിയിരുന്നതിനാൽ പോലീസ് നായ്ക്കൾക്ക് യാതൊരു തുമ്പും കണ്ടെത്താൻ സാധിച്ചില്ല.

ചാക്കുകെട്ടിൽ നിന്നും മൃതദേഹം പുറത്തേക്കെടുത്തു.
ഫോറൻസിക് വിദഗ്ധർ സസൂക്ഷ്മം ഓരോന്നും പരിശോധിച്ചു കൊണ്ടിരുന്നു.

പ്രത്യക്ഷത്തിൽ കാറിൽ നിന്നോ ഡെഡ്ബോഡികളിൽ നിന്നോ കൊലപാതകിക്ക് നേരെ വിരൽ ചൂണ്ടുന്ന യാതൊന്നും പോലീസിന് കണ്ടു കിട്ടിയില്ല.

ഉടനെ തന്നെ ബോഡി പോസ്റ്റ്‌ മോർട്ടത്തിനായി അയച്ച ശേഷം പോലീസ് തുടർ നടപടികൾ ആരംഭിച്ചു.
****************************************
രാഷ്ട്രീയമായി നല്ല സ്വാധീനമുള്ള വ്യക്തിയായിരുന്നു കൊല്ലപ്പെട്ട വർക്കിച്ചൻ മുതലാളി. അതിനാൽ തന്നെ പ്രതികളെ എത്രയും വേഗം കണ്ടെത്താനായിരുന്നു മുകളിൽ നിന്നുള്ള ഉത്തരവ്.

കേസ് അന്വേഷണത്തിന്റെ ചുമതല എസ് പി അരുൺ സെബാസ്റ്റ്യനായിരുന്നു.

പോലീസ് തങ്ങളുടെ അന്വേഷണം ഊർജിതമാക്കി. മേപ്പാടിയിൽ നിന്നും തൊള്ളായിരം കണ്ടി വരെയുള്ള പാതയിൽ വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ പോലീസ് പരിശോധിച്ചു.

അതിൽ നിന്നും ബൊലേറോയുടെയും അതിനെ പിന്തുടർന്നു പോയ ടൊയോട്ടയുടെയും വിഷ്വൽസ് പോലീസിന് ലഭിച്ചു.
****************************************
ബഷീറിനും മകൾ ആയിഷയ്ക്കും വർക്കിച്ചന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

കോടതിയിൽ നിന്നും അവർക്ക് നീതി ലഭിക്കാതെ പോയെങ്കിലും ദൈവത്തിന്റെ കോടതി അയാൾക്ക് തക്ക ശിക്ഷ നൽകിയതിൽ ആ അച്ഛനും മകളും ഒത്തിരി ആഹ്ലാദിച്ചു.

തന്റെ കൈ കൊണ്ട് അയാളെ കൊല്ലാൻ പറ്റിയില്ലല്ലോ എന്നോർത്ത് ബഷീർ നിരാശനായി.

വർക്കിച്ചന്റെയും വക്കീൽ വാസുദേവന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നു.

എസ് പി അരുൺ സെബാസ്റ്റ്യൻ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വിശദമായി പരിശോധിച്ചു.

ശരീരത്തിലുണ്ടായ മുറിവുകളിൽ നിന്നും രക്തം വാർന്നൊലിച്ചാണ് വർക്കിച്ചന്റെ മരണം സംഭവിച്ചത്. വക്കീൽ വാസുദേവൻ നെഞ്ചിൽ കത്തി കുത്തിയിറക്കിയ മുറിവിൽ നിന്നും അമിത രക്ത സ്രാവം ഉണ്ടായാണ്‌ മരണപ്പെട്ടത്.

രണ്ടു കൊലപാതകവും ഒരേ ആൾ തന്നെയാണ് ചെയ്തിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ എന്തായാലും ഒരാൾക്ക് ഒറ്റയ്ക്ക് കൃത്യം നിർവഹിക്കാനാവില്ലെന്ന് പോലീസ് ഊഹിച്ചു.

വർക്കിച്ചന്റെ കാറിൽ രണ്ടു ബോഡികളും ഉപേക്ഷിച്ച ശേഷം ടൊയോട്ട കാറിൽ പ്രതികൾ രക്ഷപ്പെട്ടിരിക്കാം എന്ന് പോലീസ് അനുമാനിച്ചു.

സംശയം തോന്നുന്ന ടൊയോട്ട കാറുകൾ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തീരുമാനിച്ചു.

കേസിനു ആസ്പദമായ ഒരു തുമ്പും കിട്ടാതെ എസ് പി അരുൺ സെബാസ്റ്റ്യൻ വിഷണ്ണനായി.

ഈ രണ്ടു കൊലപാതകങ്ങൾക്കു പിന്നിൽ ഏതെങ്കിലും സീരിയൽ കില്ലർ ആണോ അതോ അവരോടു പ്രതികാരമുള്ള ആരെങ്കിലുമാണോ ഇരുവരെയും കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ കൺഫ്യൂഷനിൽ പോലീസ് ഡിപ്പാർട്മെന്റ് കുഴങ്ങി.

അതിനോടകം തന്നെ ചാനലുകളിൽ വർക്കിച്ചന്റെയും വാസുദേവന്റെയും ബോഡിയിൽ “SHADOW ” എന്ന് ആലേഖനം ചെയ്തതിനെ പറ്റി ന്യൂസ്‌ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിരുന്നു.
****************************************
ദിവസങ്ങൾ ഓരോന്നു കഴിയവേ പോലീസ് ഡിപ്പാർട്മെന്റ് കേസ് അന്വേഷണം എങ്ങുമെത്താതെ വഴി മുട്ടി നിന്നു.

പോലീസിന്റെ കഴിവ്‌കേട് ചൂണ്ടി കാട്ടി പത്ര മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞു നിന്നു.

കേരളത്തിൽ മറ്റേതെങ്കിലും ജില്ലയിൽ ഇത്തരത്തിൽ കൊലപാതകം നടന്നിട്ടുണ്ടേയെന്നുള്ള അന്വേഷണത്തിലായിരുന്നു അരുൺ സെബാസ്റ്റ്യൻ.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നടന്ന മർഡർ കേസുകളുടെ ഫയലുകൾ സസൂക്ഷ്മം പരിശോധിക്കുകയായിരുന്നു എസ് പി അരുൺ സെബാസ്റ്റ്യൻ.

Shadow എന്ന പേരിൽ മറ്റെവിടെയെങ്കിലും കൊലപാതക കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഫയലുകൾ ഓരോന്നായി നോക്കുമ്പോഴാണ് എസ് പി അരുൺ സെബാസ്റ്റ്യന്റെ മേശപ്പുറത്തിരുന്ന ടെലിഫോൺ മുഴങ്ങിയത്.

“ഹലോ എസ് പി അരുൺ സെബാസ്റ്റ്യൻ ഹിയർ…”
അരുൺ ഫോൺ ചെവിയോട് ചേർത്തു.

മറുപുറത്തു നിന്നും കേട്ട വാക്കുകൾ അരുണിനെ ഞെട്ടിച്ചു.

 ഷാഡോ: ഭാഗം 3

ഷാഡോ: ഭാഗം 1