Saturday, January 18, 2025
Novel

ഷാഡോ: ഭാഗം 1

എഴുത്തുകാരി: ശിവ എസ് നായർ


കോടതി മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ വർക്കിച്ചൻ മുതലാളിയുടെ മുഖത്തു കൊലച്ചിരിയായിരുന്നു.

ബഷീറിന്റെ മകൾ ആയിഷയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണയായിരുന്നു അന്ന്.

കോടതി വിധി വർക്കിച്ചൻ മുതലാളിക്ക് അനുകൂലമായിരുന്നു.

വർക്കിച്ചന്റെ കയ്യിൽ നിന്നും ബഷീർ തന്റെ മകളുടെ കണ്ണോപ്പറേഷനു വേണ്ടി നല്ലൊരു തുക കടം വാങ്ങിയിരുന്നു.

അതിന്റെ പലിശ വാങ്ങിക്കാനെന്ന വ്യാജേനെ ബഷീറിന്റെ വീട്ടിൽ എത്തിയ വർക്കിച്ചൻ കാണുന്നത് മുറ്റമടിച്ചു കൊണ്ടിരുന്ന അയാളുടെ സുന്ദരിയായ മകൾ ആയിഷയെയായിരുന്നു.

പതിനേഴു വയസ്സ് മാത്രം പ്രായമുള്ള ആയിഷ. ഒരു ആക്സിഡന്റിൽ പെട്ട് ആയിഷയുടെ കാഴ്ച ശക്തി ചെറുപ്പത്തിലേ നഷ്ടമായിരുന്നു. പൈസയ്ക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടായിരുന്നു മകളുടെ ഓപ്പറേഷൻ ബഷീർ വൈകിപ്പിച്ചത്. ഒടുവിൽ വേറെ വഴിയില്ലാതെ പുരയിടം പണയപ്പെടുത്തി ബഷീർ വർക്കിച്ചന്റെ കയ്യിൽ നിന്നും നല്ലൊരു തുക വാങ്ങിച്ചാണ് മകൾക്ക് കാഴ്ച ശക്തി തിരിച്ചു നൽകിയത്.

ബഷീറിന്റെ മകളിൽ ഒരു നോട്ടം ഉണ്ടായിരുന്നത് കൊണ്ടാണ് വർക്കിച്ചൻ അയാൾക്ക് പണം വായ്പ്പ നൽകിയത്.

ആയിഷ വീട്ടിൽ തനിച്ചുള്ള സമയം നോക്കി അവിടെ എത്തിയ വർക്കിച്ചൻ അവളെ ബലമായി കീഴ്‌പ്പെടുത്തി.

നടന്ന സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വൈകുന്നേരം കച്ചവടം കഴിഞ്ഞു വീട്ടിലെത്തിയ ബഷീർ കാണുന്നത് പിച്ചി ചീന്തപ്പെട്ട വസ്ത്രങ്ങളോടെ ഭിത്തിയിൽ ചാരി കരഞ്ഞു തളർന്നിരിക്കുന്ന മകളെയാണ്.

ഉമ്മച്ചിയുടെ കുറവറിയിക്കാതെ അത്രയും വർഷം പൊന്നു പോലെ വളർത്തി വലുതാക്കി കൊണ്ട് വന്ന മകൾക്ക് സംഭവിച്ച ദുരന്തം ആ പിതൃ ഹൃദയത്തിനു താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

പിറ്റേന്ന് തന്നെ അയാൾ ലോക്കൽ പോലീസ് സ്റ്റേഷനിൽ വർക്കിച്ചനു നേരെ കേസ് കൊടുത്തു.

പക്ഷേ നിയമം പോലും അവർക്ക് മുന്നിൽ കണ്ണടച്ചു.
വലിയൊരു തുക ബഷീർ കടം വാങ്ങിയിട്ട് പലിശ പോലും മാസങ്ങളായി അടയ്ക്കാത്തതിനെ തുടർന്നു അത് അന്വേഷിക്കാൻ വീട്ടിൽ പോയ തന്നെ ബഷീറും മകളും ചേർന്നു മനഃപൂർവം അപമാനിക്കാൻ വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണിതെന്ന് വർക്കിച്ചന് വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ വാദിച്ചു.

സംഭവത്തിനു ദൃക്‌സാക്ഷികൾ ആരുമില്ലായിരുന്നു. തെളിവുകൾ എല്ലാം അച്ഛനും മകൾക്കും എതിരായി.

കോടതിക്ക് വേണ്ടത് തെളിവുകൾ മാത്രമായിരുന്നു.
****************************************
കുനിഞ്ഞ ശിരസ്സുമായി പുറത്തേക്ക് വന്ന ബഷീറിനെയും മകളെയും കോടതി വരാന്തയ്ക്ക് മുന്നിൽ വർക്കിച്ചൻ തടഞ്ഞു നിർത്തി.

“പന്ന നായിന്റെ മോനെ…. തന്തയോടും മോളോടും അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ പറഞ്ഞതല്ലേ ഞാൻ. കേസിനു പോയ ജയിക്കില്ലെന്ന് പറഞ്ഞിട്ടും വർക്കിച്ചൻ മുതലാളി മോളെ ബലാത്സംഗം ചെയ്തു എന്നുപറഞ്ഞു കേസ് കൊടുത്തു നാണംകെട്ടു. നിനക്കൊന്നും വർക്കിയുടെ രോമത്തിൽ പോലും തൊടാൻ പറ്റില്ല.

വെറുതെ ചാനലുകാരെയും നാട്ടുകാരെയും അറിയിച്ചു സ്വയം നാറി. കരിമൂർഖനെയാണ് നിങ്ങൾ നോവിച്ചു വിട്ടത്. വീട്ടിൽ ചെന്ന് മകളെ അണിയിച്ചൊരുക്കി നിർത്തിയേക്ക്…. വരുന്നുണ്ട് ഞാൻ ഇവളെ ഒന്നൂടെ ആസ്വദിക്കാൻ…. രണ്ടിനെയും പച്ചയ്ക്ക് കത്തിക്കുകയാ വേണ്ടത്…. പക്ഷേ പച്ച കരിമ്പു പോലെ ഇരിക്കുന്ന ആയിഷകുട്ടിയെ അങ്ങനെ അങ്ങ് വിട്ട് കളയാൻ തോന്നുന്നില്ല…. ” പകയോടെ വർക്കിച്ചൻ ഇരുവരോടും പറഞ്ഞു.

“അപ്പൊ രാത്രി കാണാം….പോട്ടെ മോളെ…. ” ഒരു വഷളൻ ചിരിയോടെ ആയിഷയുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം വർക്കിച്ചൻ കാറിന്റെ അടുത്തേക്ക് നടന്നു.

“ബാപ്പാ…. ” ആർത്തലച്ചു കരഞ്ഞു കൊണ്ട് ആയിഷ ബഷീറിനെ ചുറ്റിപിടിച്ചു.

“കേസിനും വഴക്കിനും ഒന്നും പോവണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ ബാപ്പാനോട്… ” ആയിഷ തേങ്ങി കരഞ്ഞു.

“എന്റെ മോളെ ഇനി ആ ചെറ്റ തൊടില്ല…. രാത്രി അവൻ വരട്ടെ കൊന്നു കുഴിച്ചു മൂടും ബാപ്പ അവനെ… ബാപ്പാന്റെ മോൾ ഇനി കരയരുത്. കോടതി ആ നീചനെ വെറുതെ വിട്ടാലും ഞാൻ അവനെ വെറുതെ വിടില്ല. എന്റെ കുട്ടിയെ വേദനിപ്പിച്ച അവനെ എന്ത് വില കൊടുത്തും ബാപ്പ കൊല്ലും…. ”

ആയിഷയെ ചേർത്തു പിടിച്ചു ബഷീർ പുറത്തേക്കു നടന്നു.
****************************************
വയനാട്ടിൽ മേപ്പാടിക്ക് അടുത്താണ് ബഷീറിന്റെ വീട്.

രാത്രി പത്തുമണി കഴിഞ്ഞു കാണും.

വീട്ടു പടിക്കൽ മകൾക്ക് കാവലിരിക്കുകയാണ് ബഷീർ. അരയിൽ വർക്കിച്ചൻ മുതലാളിക്ക് വേണ്ടി അയാൾ ഒരു വാക്കത്തി കരുതി വച്ചിരുന്നു.

ഇരുട്ടിൽ കത്തിമുന വെട്ടി തിളങ്ങി. ഒന്നുകൂടി കത്തിക്ക് മൂർച്ച കൂട്ടി വർക്കിച്ചന്റെ വരവും കാത്ത് അയാൾ ഉമ്മറപ്പടിയിൽ ഇരുന്നു.

അകത്തു മുറിയിൽ ഉറക്കം വരാതെ ഭീതിയോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ആയിഷ.

അവളുടെ കണ്ണുകളിൽ ഭയം തിങ്ങി നിറഞ്ഞു.
ഇടയ്ക്കിടെ അവൾ എഴുന്നേറ്റു പോയി ജനാല തുറന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കികൊണ്ടിരുന്നു.

പുറത്തു കേൾക്കുന്ന നേരിയ ഒരു ശബ്ദം പോലും അവളിൽ ഞെട്ടൽ ഉളവാക്കി. കണ്ണടച്ച് കിടക്കുമ്പോൾ വർക്കിച്ചന്റെ ഭീകര മുഖം അവളുടെ മനസിലേക്ക് ഓടിയെത്തും.

അസഹിഷ്ണുതയോടെ ആയിഷ കട്ടിലിൽ കിടന്നു ഞെരിപിരി കൊണ്ടു.
ഭയം അവളെ കാർന്നു തിന്നു.

സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.

വക്കീലുമൊത്തുള്ള മദ്യ സൽക്കാരം കഴിഞ്ഞു വർക്കിച്ചൻ മുതലാളി കാർ നേരെ വിട്ടത് ബഷീറിന്റെ വീട്ടിലേക്കാണ്.

ആയിഷയുടെ മത്തു പിടിപ്പിക്കുന്ന സൗന്ദര്യം അയാളുടെ സിരകളെ ചൂട് പിടിപ്പിച്ചു. സ്റ്റിയറിങ്ങിൽ മെല്ലെ കൈകൊണ്ടു താളമിട്ട് മൂളിപ്പാട്ടും പാടി വർക്കിച്ചൻ കാർ സ്പീഡിൽ പായിച്ചു.

വർക്കിയുടെ കാർ ചുണ്ട കടന്നു. ഒരു ടൊയോട്ട അയാളുടെ കാറിനെ ഓവർടേക് ചെയ്തു കടന്നു പോയി.
ചുണ്ടയിൽനിന്നും രണ്ടു വഴികളായി തിരിയാം ഇടത്തോട്ട് പോയാൽ ചായപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറി.വലത്തോട്ട് കുറച്ചു ദൂരം പോയാൽ മേപ്പാടി.
മഞ്ഞു നിറഞ്ഞു നിൽക്കുന്ന മേപ്പാടിയെ കണ്ടാൽ ഊട്ടി ആണെന്ന് തോന്നും. വർക്കിച്ചൻ കാർ വലത്തേക്ക് വെട്ടി തിരിച്ചു. എതിരെ മറ്റു വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വർക്കിച്ചന്റെ ബൊലേറോ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് കുതിച്ചു പാഞ്ഞു.

കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴാണ് വർക്കിച്ചൻ റോഡിനു നടുവിൽ നിർത്തിയിട്ടിരിക്കുന്ന ടൊയോട്ട കാർ കണ്ടത്. പൊടുന്നനെ അയാളുടെ കാലുകൾ ബ്രേക്കിൽ അമർന്നു.

ഒരു ഞരക്കത്തോടെ മുന്നിൽ കുറുകെ നിർത്തിയിട്ടിരുന്ന ടൊയോട്ടയിൽ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ബൊലേറോ നിന്നു.

വർക്കിച്ചന്റെ ഉടൽ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.

“ഏതവനാടാ പന്ന നായിന്റെ മോനെ… വണ്ടി എടുത്തു മാറ്റാടാ പുല്ലേ….” ചീത്ത വിളിച്ചു കൊണ്ട് വർക്കി ഡോർ തുറന്നു പുറത്തേക്ക് ചാടി ഇറങ്ങി.

പ്രതികരണമൊന്നുമില്ലെന്ന് കണ്ടപ്പോൾ അയാൾ ടൊയോട്ടയ്ക്ക് സമീപത്തേക്ക് ചുവടുകൾ വച്ചു.

വർക്കിച്ചൻ ടൊയോട്ടയുടെ വലതു വശത്തെ ഡോർ വലിച്ചു തുറന്നു. അകത്തേക്ക്
നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റ്‌ ശൂന്യമായിരുന്നു.

അപ്പോഴാണ് പുറകു വശത്തെ സീറ്റിൽ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടക്കുന്ന ഒരു ഇരുണ്ട രൂപത്തെ അയാൾ കണ്ടത്.

“ആരാടാ അത്…. ”
വർക്കിച്ചൻ അത് ചോദിക്കുമ്പോൾ കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ പിന്നിൽ ഒരു നിഴൽ അനങ്ങിയത് പോലെ അയാൾക്ക് തോന്നി.

വർക്കി ഞെട്ടി പിന്തിരിഞ്ഞതും ഇരുമ്പ് ദണ്ഡ് കൊണ്ടുള്ളൊരു പ്രഹരമേറ്റു ഒരു നിലവിളിയോടെ അയാൾ ബോധം കേട്ട് നിലത്തേക്ക് വീണു.

അപ്പോഴേക്കും ടൊയോട്ടയുടെ പുറകിലെ ഡോർ തുറന്നു ഒരാൾ പുറത്തിറങ്ങി.

വർക്കിച്ചനെ പിന്നിൽ നിന്നും അടിച്ചു വീഴ്ത്തിയ ആൾ മുന്നോട്ടു വന്നു.

ഇരുട്ടിൽ രണ്ടു നിഴലുകൾ ചലിച്ചു.
ഇരുവരും ചേർന്നു വർക്കിച്ചനെ താങ്ങിപിടിച്ചു ബൊലേറോയുടെ പിൻ സീറ്റിൽ കിടത്തി.

മുൻപ് തീരുമാനിച്ചുറപ്പിച്ചതു പോലെ വർക്കിച്ചനെ അടിച്ചു വീഴ്ത്തിയ ആൾ ടൊയോട്ടയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.

മറ്റെയാൾ ബൊലേറോയിലും കയറി. രണ്ടു കാറുകളും കുതിച്ചു പാഞ്ഞു.

വർക്കിച്ചന്റെ വരവും കാത്തിരുന്ന ആയിഷ വെളുപ്പിനെപ്പോഴോ മയങ്ങിപ്പോയി. എന്നാൽ ഒരു പോള കണ്ണടയ്ക്കാതെ വർക്കിച്ചൻ മുതലാളി വരുന്നതും നോക്കി അരയിൽ വാക്കത്തിയുമായി ബഷീർ കാത്തിരുന്നു.
****************************************
അതേസമയം തേയില തോട്ടത്തിന് നടുവിലുള്ള പൂട്ടിയിട്ട ഒരു ഫാക്ടറിക്കുള്ളിൽ കൈകാലുകൾ ബന്ധിച്ച അവസ്ഥയിലായിരുന്നു വർക്കിച്ചൻ.

മുഖത്തു ശക്തിയായി വെള്ളം വീണപ്പോഴാണ് അയാൾക്ക് ബോധം തെളിഞ്ഞത്.

പതിയെ വർക്കിച്ചൻ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുത്തു. തന്നെ ആരോ തലയ്ക്കടിച്ചു ബോധം കെടുത്തി ഇവിടെ കൊണ്ട് വന്നു കൈകാലുകൾ കൂട്ടി കെട്ടി ഇട്ടിരിക്കുകയാണെന്ന് അയാൾക്ക് ബോധ്യമായി. തൊട്ടടുത്ത നിമിഷം അയാളിൽ ഭയം അരിച്ചിറങ്ങി.

വർക്കിച്ചൻ ചുറ്റിലും കണ്ണോടിച്ചു. അയാളുടെ തലയ്ക്കു മുകളിൽ ഒരു ബൾബ് കത്തി നിൽക്കുന്നുണ്ടായിരുന്നു.

അരണ്ട വെളിച്ചത്തിൽ മുന്നിൽ ആരോ നിൽക്കുന്നത് അയാൾ കണ്ടു. ആറടിയോളം പൊക്കമുള്ള ഒരാൾ. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതിനാൽ വർക്കിച്ചന് ശബ്‌ദിക്കാൻ കഴിഞ്ഞില്ല.

ഭീതിയോടെ അയാൾ തറയിൽ കിടന്നു ഞരങ്ങി.
അപ്പോഴേക്കും കറുത്ത ഓവർകോട്ട് ധരിച്ച മറ്റാരോ കൂടി അവിടേക്ക് കടന്നു വന്നു.

രണ്ടുപേരും കൂടി ചേർന്ന് അയാളെ നിലത്തു നിന്നും പൊക്കിയെടുത്തു അടുത്ത് കണ്ട ടേബിളിലേക്ക് കിടത്തി. കയ്യും കാലും ടേബിളിന്റെ വശത്തായി കൂട്ടി കെട്ടി. എല്ലാം വളരെ വേഗം നടന്നു. ഇരുവരും മുഖം മറച്ചിരുന്നു.

മറ്റേയാളോട് പുറത്തേക്ക് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു കൊണ്ട് ഓവർ കോട്ട് ധരിച്ച ആൾ കയ്യിൽ ഒരു കത്രികയുമായി വർക്കിച്ചന് നേരെ നടന്നടുത്തു.

ഞൊടിയിടയിൽ വർക്കിച്ചന്റെ വസ്ത്രങ്ങൾ കത്രിക ഉപയോഗിച്ച് അയാൾ മുറിച്ചു കളഞ്ഞു.

ഒച്ച വയ്ക്കാൻ പോലും കഴിയാതെ വർക്കിച്ചൻ ഇരുവശത്തേക്കും തല വെട്ടിച്ചു കൊണ്ടിരുന്നു.

ഒരു ഭ്രാന്തനെ പോലെ അയാൾ ചുറ്റികയും ആണിയും എടുത്തു ശര വേഗത്തിൽ വർക്കിച്ചന്റെ കൈപ്പത്തിയിലും കാൽ പാദത്തിലും ആണികൾ അടിച്ചിറക്കി.

മൊട്ടു സൂചികൾ വർക്കിയുടെ നഖത്തിന്റെ ഇടയിൽ കുത്തിയിറക്കി. മൂർച്ചയേറിയ കത്തി കൊണ്ട് വർക്കിയുടെ ശരീരത്തിൽ അയാൾ കോറി വരച്ചു. അയാളുടെ നെഞ്ചിൽ കത്തി കൊണ്ട് ആഴത്തിൽ “SHADOW” എന്ന് ആലേഖനം ചെയ്തു. പതിയെ കത്തിമുന വർക്കിച്ചന്റെ ലൈംഗികാവയത്തെ മുറിച്ചു കളഞ്ഞു. ശേഷം കത്തിയും ചുറ്റികയും വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച ശേഷം അയാൾ പുറത്തേക്ക് നടന്നു.

വേദന കൊണ്ട് വർക്കിച്ചൻ മുതലാളി ഞരങ്ങി. അവിടം മുഴുവൻ രക്തം തളം കെട്ടി.
വർക്കിച്ചൻ പിടഞ്ഞു പിടഞ്ഞു മരണത്തിലേക്ക് അടുത്തു കൊണ്ടിരുന്നു.

 ഷാഡോ: ഭാഗം 2 Click