രാജീവം : ഭാഗം 5
എഴുത്തുകാരി: കീർത്തി
വാതിൽക്കൽ എന്നെത്തന്നെ നോക്കി ദേഷ്യത്തോടെ നിൽക്കുകയായിരുന്നു അച്ഛൻ. ആദ്യമായിട്ടാണ് അച്ഛനെ ഇത്രയും ദേഷ്യപ്പെട്ടു കാണുന്നത്. അച്ഛന്റെ ആ രൂപം കണ്ട് എനിക്ക് വല്ലാത്ത ഭയം തോന്നി. “നീ എന്താ പറഞ്ഞത്? ഈ ഇരിക്കുന്നത് നിന്റെ ആരാന്ന് വല്ല ഓര്മയുമുണ്ടോ? ” ഞാൻ തലകുനിച്ചു മിണ്ടാതെ നിന്നു. “നാളെ നിനക്കും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ഇവൻ മാത്രമേ കാണൂ നിനക്ക് കൂട്ടിന്. ഒരുപക്ഷെ ഞാൻ പോലും ഉണ്ടായെന്നുവരില്ല. ജീവിതകാലം മുഴുവൻ നിനക്ക് ഒരു താങ്ങും തണലുമായി ഉണ്ടാവുന്നത് ഇവനാണ്. ആ ഇവനോട് പറയാവുന്ന വർത്തമാനമാണോ നീ ഇപ്പൊ പറഞ്ഞത്?
” ശേഷം ഒന്ന് നിർത്തിയിട്ട് അച്ഛൻ വീണ്ടും തുടർന്നു. “മര്യാദക്ക് അവന് ചോറ് വാരിക്കൊടുക്ക്. ഇത് മുഴുവനും ഇവൻ കഴിച്ചിട്ട് നീ ഇവിടുന്ന് പോയാൽ മതി. ” “വേണ്ട അച്ഛാ മീനുന് ഇഷ്ടമല്ലെങ്കിൽ…. ” “നീ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്. മീനു… മ്മ്മ്… ” അച്ഛന്റെ ആ വിളിയിൽ തന്നെ പേടിച്ചു ഞാൻ വേഗം ഒരു ഉരുളയെടുത്ത് രാജീവേട്ടന്റെ വായിൽ കുത്തിക്കേറ്റി. ആ പ്ലേറ്റിൽ ഒരു കറിവേപ്പില പോലും ബാക്കി വെക്കാതെ മുഴുവനും അങ്ങേരെകൊണ്ട് കഴിപ്പിച്ചു. വാഷ്റൂമിൽ നിന്നും വെള്ളം കൊണ്ടുവന്ന് വായെല്ലാം കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഞാനവിടുന്ന് പോന്നത്.
മീനു പോയിക്കഴിഞ്ഞതും മഹാദേവൻ രാജീവിന്റെ അടുത്ത് ചെന്നിരുന്നു. “ഒന്നെ ഉള്ളൂന്ന് കരുതി അല്പം ലാളിച്ച് വഷളാക്കി. പിന്നെ അമ്മയില്ലാതെ വളർന്ന കുട്ടിയല്ലേ. അതുകൊണ്ട് ഒന്നിന്റെ പേരിലും ഇതുവരെ സങ്കടപ്പെടുത്തിയിട്ടും ഇല്ല. അവൾക്ക് വേണ്ടി അച്ഛൻ മോനോട് മാപ്പ് ചോദിക്കാണ്. ” “അയ്യോ… അച്ഛാ… എന്താ ഇത്. ഇതിന്റെയൊന്നും ആവശ്യമില്ല. ഇതൊക്കെ ഞാനുമൊരു തമാശയായിട്ടേ കണ്ടിട്ടുള്ളു.” “എന്നാലും…. പിന്നെ മോനോട് ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിട്ട് കുറച്ചു ദിവസമായി. “
“എന്താ അച്ഛാ? ” “സാധാരണ താല്പര്യമില്ലാതെ വിവാഹം നടത്തിയതിലുള്ള ഒരു ദേഷ്യം മാത്രമല്ല ഞാൻ മീനുവിൽ കാണുന്നത്. അതുകൊണ്ട് ചോദിക്കാണ്. നിങ്ങൾ തമ്മിൽ ഇതിനുമുൻപ് പരിചയമുണ്ടോ? ” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞു തുടങ്ങി. “ഉവ്വ്. അച്ഛന്റെ ഊഹം ശെരിയാണ്. എനിക്ക് മീനാക്ഷിയെ മുൻപേ അറിയാം. അവൾക്ക് എന്നെയും. ” “എങ്ങനെ? ” “എഞ്ചിനീയറിംഗ് ഞങ്ങൾ ഒരു കോളേജിൽ ആയിരുന്നു. മീനുവും മാളവികയും ചേർന്ന സമയത്ത് ഞാനുമുണ്ടായിരുന്നു അവിടെ.
ഫൈനൽ ഇയറിൽ. ” അദ്ദേഹം ഒന്നും മനസിലാകാതെ അവനെ നോക്കി നിന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങി. മീനുവിന് രാജീവിനോടുള്ള ഇപ്പോഴത്തെ ദേഷ്യത്തിന്റെ കാരണം. ………………………………………………. രാജീവേട്ടന് ഭക്ഷണം കൊടുത്തു കഴിഞ്ഞ് ഞാൻ നേരെ വന്നത് മുകളിലെ ബാൽകെണിയിലേക്കുള്ള നീണ്ടുകിടക്കുന്ന ഇടനാഴിയിലേക്കായിരുന്നു. അറ്റത്തുള്ള ജനലരികിൽ ലൈറ്റ് ഇടാൻ നിൽക്കാതെ ഇരുട്ടിനെ കൂട്ടുപിടിച്ച് അവിടെ നിന്നു. ആകാശത്ത് ഒരൊറ്റ നക്ഷത്രത്തെ പോലും കാണുന്നില്ല. എന്റെ മനസും ചിന്തകളും പോലെ അവിടെയും ഇരുട്ട് മാത്രം.
ഒരിക്കലും രാജീവേട്ടനോട് അങ്ങനെ പറയരുതായിരുന്നു. അതും ഇങ്ങനെയൊരു അവസ്ഥയിൽ. ഞാൻ കാരണമല്ലേ രാജീവേട്ടന് ഇന്ന് അങ്ങനെ സംഭവിച്ചത്. എന്നിട്ടും…. ഒരുവേള എന്റെ നോട്ടം കഴുത്തിൽ കിടക്കുന്ന രാജീവേട്ടൻ കെട്ടിയ താലിയിൽ പതിഞ്ഞു. ഒരുകാലത്ത് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ ഒന്ന് ആ കൈകൊണ്ട് ഈ കഴുത്തിലണിയാൻ. രാജീവേട്ടന്റെ സ്വന്തമാകാൻ. രാജീവേട്ടന്റെ പ്രണയമാകാൻ. രാജീവേട്ടന്റേത് മാത്രമായി ആ പ്രണയത്തിൽ ലയിക്കാൻ.പക്ഷെ…… അഡ്മിഷൻ കിട്ടി എഞ്ചിനീയറിംഗിന് ആ കോളേജിൽ ചേർന്ന അന്ന് മുതൽ കേൾക്കുന്ന പേരായിരുന്നു രാജീവ് പത്മനാഭൻ എന്നത്.
കോളേജിലെ എന്ത് കാര്യത്തിനും ആദ്യം കേൾക്കുന്നത് ആ പേരായിരുന്നു. എല്ലായിടത്തെയും പോലെ ഒരു കൊച്ചു കോളേജ് ഹീറോ. അവിടുത്തെ ഗോപികമാരുടെ ശ്രീകൃഷ്ണൻ. കോളേജിന്റെ അഭിമാനം. കാണുന്നതിന് മുന്നേ പലരിൽ നിന്നും കേട്ടറിഞ്ഞ കാര്യങ്ങൾ ആദ്യമാദ്യം ആ കഥകൾ കേൾക്കാൻ ഒരുതരം ആവേശമായിരുന്നു. പിന്നീടത് ആരാധനയായി. ഒന്ന് കാണാനുള്ള അവസരം കിട്ടിയത് ഫ്രഷേഴ്‌സ് ഡേയുടെ അന്നാണ്. നവാഗതർക്ക് പ്രചോദനമെന്ന രീതിയിൽ ഹർഷാരവത്തോടെ ഏവരും സ്റ്റേജിലേക്ക് ആനയിച്ച കഴിഞ്ഞ വർഷത്തെ ടോപ് സ്കോറെർ.
ഇത്തവണത്തേയും പ്രതീക്ഷ. പ്രിസിപ്പൽന്റെ കൈയിൽ നിന്നും സമ്മാനം വാങ്ങിക്കാൻ വന്നപ്പോൾ. അന്ന് വീണതാണ്. ആ വീഴ്ചയിൽ എന്റെ കൈയാണോ കാലാണോ ഒടിഞ്ഞത് എന്നൊന്നും അറിയില്ല. പക്ഷെ ഒന്നുമാത്രം മനസിലായി ആ ചങ്ങായി എന്റെ ഹൃദയം അടിച്ചോണ്ട് പോയിന്ന്. ആ ഗോപികമാരുടെ കൂട്ടത്തിൽ ഞാനുമൊരാളായി. എല്ലാ ഡിപ്പാർട്മെന്റും ഒരുമിച്ചായിരുന്നു പരിപാടികൾ ഒരുക്കിയിരുന്നത്. എല്ലാ ഡിപ്പാർട്മെന്റിൽ നിന്നുമുള്ള കുറച്ചു സീനിയഴ്സ് ആയിരുന്നു എല്ലാത്തിനും മുന്നിൽ. കൂടെ രാജീവേട്ടനും. പേര് വിളിച്ച ഓരോ ജൂനിയർസിനോടും ഓരോ കമന്റ് പറഞ്ഞു സദസിനെ ചിരിപ്പിച്ചിരുന്ന ആള് പക്ഷെ എന്റെ ഊഴം വന്നപ്പോൾ മാത്രം പെട്ടന്ന് നിശബ്ദതനായി.
അതിന് ശേഷം പലവട്ടം ആ നോട്ടം എന്നെത്തേടിയെത്തിയത് ഞാനറിഞ്ഞു. ഒരു കൗതുകത്തിന് വേണ്ടി ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഞാൻ സീറ്റ് മാറിയിരുന്നു. അപ്പോൾ സ്റ്റേജിലെ കർട്ടൻ ശെരിയാക്കാനെന്ന വ്യാജേന സ്റ്റേജിൽ കയറിനിന്ന് താഴെ ആരെയോ തിരയുന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷമായിരുന്നു. അന്വേഷിച്ചു നടന്നത് കണ്ടപ്പോഴുള്ള ആ മുഖത്തെ തെളിച്ചവും അത് ഞാൻ കണ്ടെന്നായപ്പോഴുള്ള ചമ്മൽ അടക്കാൻ പാടുപ്പെട്ടതും ഇന്നും ഓർമയിൽ മായാതെ നിൽക്കുന്നു. പിന്നീട് എപ്പോൾ കണ്ടാലും ഒരു നോട്ടം…., ഒരു ചിരി…. എനിക്കായ് കരുതിയിരുന്നു. തിരിച്ചും. ആരാധന പതിയെ പ്രണയമായി. പറയാനൊരു മടി.
ആരോ വിലക്കുന്നത് പോലെ. ആദ്യം പറഞ്ഞത് മാളുവിനോടായിരുന്നു. ഇതിനിടയിൽ ആരോ പറയുന്നത് കേട്ടു ആ കൃഷ്ണൻ കൈവിട്ടു പോയെന്നും ഒപ്പം പഠിക്കുന്ന ഒരു ചേച്ചിയാണെന്നും. ശ്രദ്ധിച്ചപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി. എപ്പോഴും കൂടെയൊരു ചേച്ചിയെ കാണാം. അടയും ചക്കരയും പോലെ. അതിന് ശേഷമാണ് വീഴ്ചയുടെ ആഘാതത്തിൽ നിന്നൊന്ന് മുക്തിയായത്. പക്ഷെ ഹൃദയം അപ്പോഴും തിരിച്ചു കിട്ടിയിരുന്നില്ല. പതിവ് നോട്ടങ്ങളും ചിരിയും പാടെ അവഗണിച്ചു. ആളുടെ നിഴൽ വെട്ടത്ത് പോലും പോകാതെയായി. രാജീവേട്ടന് അതാണ് ഇഷ്ടമെങ്കിൽ അങ്ങനെയാവട്ടെ.
ഏതായാലും എന്റെ ഇഷ്ടം ആള് അറിഞ്ഞിട്ടില്ല. പറഞ്ഞിട്ടുമില്ല. പറയാതിരുന്നത് നന്നായെന്ന് തോന്നി. എന്റെ വിഷമം കണ്ട് മാളു ഒരു ദിവസം രാജീവേട്ടന്റെ ക്ലാസ്സിലെ ഒരു ഏട്ടനോട് കാര്യം ചോദിച്ചു. സത്യമാണെന്നു തന്നെയായിരുന്നു അവിടുന്ന് കിട്ടിയ വിവരവും. പിന്നെ എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു. പഠനത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യാൻ. ആയിടയ്ക്ക് ഒരു ദിവസം ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു ഒരു കുട്ടി വന്ന് വിളിച്ചപ്പോൾ അങ്ങോട്ട് പോവുകയായിരുന്നു. പെട്ടന്നാണ് ആരോ എന്നെ പിടിച്ചു വലിച്ച് ആളൊഴിഞ്ഞൊരു ക്ലാസ്സ്‌റൂമിലേക്ക് കയറ്റിയത്.
രാജീവേട്ടനായിരുന്നു. “എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. ” “എനിക്ക് പോണം. മാറി നിൽക്ക്. ” “എന്റെ ചോദ്യത്തിന് മറുപടി തന്നിട്ട് പൊയ്ക്കോ. എന്തിനാ ഇപ്പൊ എന്നെകാണുമ്പോൾ മുഖം തിരിക്കുന്നത്? ” “….. ” “എന്നോടൊന്ന് ചിരിക്കുക പോലും ചെയ്യാത്തതെന്താ? ” മറുപടി പറയാനാകാതെ പോകാനൊരുങ്ങിയതും കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തുനിർത്തി. എന്റെ കണ്ണിലേക്കുനോക്കി കൊണ്ട് ചോദിച്ചു. “ഈ ഒരു മാസം കഴിഞ്ഞാൽ എന്റെ കോഴ്സ് തീരും. അതുകഴിഞ്ഞു ഒരു ജോലിയായി വീട്ടിൽ വന്ന് ഞാൻ ചോദിക്കട്ടെ തന്നെ എനിക്ക് തന്നേക്കുവോന്ന്? “
കേട്ടത് വിശ്വസിക്കാനാകാതെ ഞാൻ നിന്നു. ഒപ്പം ആ ചേച്ചിയെ കുറിച്ചുള്ള സംശയവും. “നന്ദനയെയാണോ? അവളെന്റെ നല്ലൊരു കൂട്ടുകാരി മാത്രമാണ്. ഇവിടെ പലരും പലതും പറഞ്ഞു നടക്കുന്നുണ്ടെന്ന് എനിക്കും അറിയാം. പക്ഷെ… ഈ രാജീവ് സ്നേഹിച്ചത് നിന്നെയാണ്. സ്വന്തമാക്കാൻ ആഗ്രഹിച്ചതും നിന്നെ മാത്രം. ” എന്റെ സംശയത്തോടെയുള്ള നിൽപ്പ് കണ്ട് ആള് തന്നെ പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവിടുന്ന് ഇറങ്ങുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ചൂടാറും മുന്നേ അത് മാളുവുമായി പങ്കുവെക്കാൻ തീരുമാനിച്ചു. ക്ലാസ്സിൽ അവളുണ്ടായിരുന്നില്ല.
അതുകൊണ്ട് അവളെ തിരിഞ്ഞു നടക്കുമ്പോഴാണ് കുട്ടികളെല്ലാം അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടത്. ചെന്നുനോക്കിയപ്പോൾ കണ്ടത് ഇത്രയും നേരം ഞാനും രാജീവേട്ടനും തമ്മിൽ സംസാരിച്ചിരുന്ന ക്ലാസ്സ്‌റൂമിൽ നിന്നും രാജീവേട്ടനോടൊപ്പം തലകുനിച്ചു ഇറങ്ങി വരുന്ന നന്ദനയെയാണ്. ചുറ്റും പ്രിൻസിപ്പാളടക്കം എല്ലാരുമുണ്ടായിരുന്നു. അപ്പൊ ഇത്രയും നേരം എന്നോട് പറഞ്ഞതൊക്കെ? അധികനേരം അവിടെ നിൽക്കാതെ ഈറനണിഞ്ഞ കണ്ണുകളുമായി മാളുവിനെയും വലിച്ചു ക്ലാസ്സിലേക്ക് ഒരു ഓട്ടമായിരുന്നു. അന്നാണ് എനിക്ക് നഷ്ടപ്പെട്ട എന്റെ ഹൃദയം ഞാൻ വീണ്ടെടുത്തത്.
രാജീവേട്ടൻ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയായി മാറിയത്. പോരാത്തതിന് രാജീവേട്ടന്റെ ക്ലാസ്സിലെ ജെറിൻ ചേട്ടൻ കാണിച്ചു തന്ന നന്ദനയുമൊത്തുള്ള രാജീവേട്ടന്റെ ചില ഫോട്ടോസ്. അവരൊന്നിച്ചുള്ള പ്രണയനിമിഷങ്ങൾ. കോഴ്സ് കഴിയുന്നത് വരെ പലതവണ കാണാനും സംസാരിക്കാനും വന്നപ്പോൾ കൂട്ടാക്കിയില്ല. കാണുന്നതേ വെറുപ്പായി. അവസാനം കണ്ടപ്പോൾ പറഞ്ഞിട്ട് പോയതായിരുന്നു. വേറൊരുത്തനും വിട്ടുകൊടുക്കില്ലെന്ന്. ഇത്രയും നാളും കാണാതായപ്പോൾ കരുതിയത് നന്ദനയുമൊത്ത് സുഖമായി ജീവിക്കുകയാവുമെന്നാണ്. പക്ഷെ….. പ്രേമിക്കാൻ ഒരുത്തി കല്യാണം കഴിക്കാൻ വേറൊരുത്തി.
ഇല്ല എന്റെ ജീവിതത്തിൽ രാജീവേട്ടന് ഇനിയൊരു സ്ഥാനമില്ല. ഒരു തവണ എല്ലാം മറന്നു ശെരിയായി വരികയായിരുന്നു. അപ്പോൾ വീണ്ടും ആശ തന്നിട്ട് നിമിഷനേരം കൊണ്ട് തന്നെ അത് തല്ലികെടുത്തിയില്ലേ. അതുപോലെ വീണ്ടും വന്നിരിക്കുന്നു. ഇനി ഈ മീനാക്ഷി പിന്മാറില്ല. എത്ര ദൃഢനിശ്ചയം എടുത്താലും ഇപ്പോഴും രാജീവേട്ടനെ പൂർണമായും മനസ്സിൽ നിന്നിറക്കിവിടാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. എല്ലാം ഒരിക്കൽ കൂടി ഓർത്തെടുത്ത് അങ്ങനെ നിന്നപ്പോഴാണ് തോളിലൊരു കരസ്പർശം ഞാനറിഞ്ഞത്. കണ്ണ് തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് മാളുവിനെയാണ്.
“നീ കരയാണോ? ” “ഇല്ലെടി. ഞാൻ… വെറുതെ….. നീ ചെന്ന് ഉറങ്ങാൻ നോക്ക്. ഗുഡ് നൈറ്റ്. ” ……………………………………………………. “അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ….. ” എല്ലാം കെട്ടുകഴിഞ്ഞ് മഹാദേവൻ പറഞ്ഞു. “പക്ഷെ ഇങ്ങനെ പോയാൽ നിങ്ങൾ ഏത് കാലത്ത് ഒന്നിക്കാനാണ്? ഞങ്ങൾക്കും വല്ല മനസമാധാനവുമുണ്ടോ? നിങ്ങള് രണ്ടാളും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണാനല്ലേ ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതിപ്പോ എലിയെ പിടിച്ചു പൂച്ചേടെ മുഖത്തേക്കിട്ടത് പോലുണ്ട്. ” “ഇനി ഞാനെന്ത് വേണമെന്നാ അച്ഛൻ പറയുന്നേ? ” “മോൻ എത്രയും പെട്ടന്ന് ബാംഗ്ലൂർക്ക് പോകണം. പോവുമ്പോൾ അവളെയും കൊണ്ടുപോകണം.
ഞങ്ങൾ ആരെങ്കിലുമൊക്കെ അടുത്തുള്ളതാണ് അവളുടെ ധൈര്യം. അവിടവുമ്പോൾ നിങ്ങള് മാത്രമല്ലേ കാണൂ. ഇച്ചിരി പേടിപ്പിച്ചു നിർത്തിയാൽ മതി. പാവമാണ്. ഈ കാണുന്ന മുന്കോപവും എടുത്തുചാട്ടവും ഉണ്ടെന്നേയുള്ളൂ…… ” “പിന്നെ ഇച്ചിരി കുരുട്ടുബുദ്ധിയും. ” രാജീവ് കൂട്ടിച്ചർത്തു. അവർ പരസ്പരം ചിരിച്ചു. “ഞാൻ പറഞ്ഞുന്നു കരുതി പെട്ടന്ന് വേണ്ട. ഈ കാല് ഭേദമായിട്ട് മതി. ” “അച്ഛനോട് ഞാനൊരു സ്വകാര്യം പറയട്ടെ. ഈ കെട്ട് വെറും അഡ്ജസ്റ്റ്മെന്റാണ്. ഒന്നൂല്ല്യ. കാലിന് ഒരു ചെറിയ മുറിവേയുള്ളൂ. അവളെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാണ്. അങ്ങനെലും ആ അടക്കിവെച്ച സ്നേഹം പുറത്തെടുക്കട്ടെന്ന് വിചാരിച്ചു. ” “എടാ… ഭയങ്കരാ….എന്നിട്ടിപ്പോ പേടിച്ചത് ആരാ?
” അവന്റെ മറുപടി ഒരു ചമ്മിയ ചിരിയായിരുന്നു. വീട്ടിലെ സുഖവാസം അവസാനിപ്പിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ രാജീവേട്ടന്റെ കൂടെ ബാംഗ്ലൂർക്ക് പുറപ്പെട്ടു. രാജീവേട്ടന്റെ വീട്ടിൽ നിന്നോളാമെന്ന് എത്ര പറഞ്ഞിട്ടും ആരും സമ്മതിച്ചില്ല. ഇയ്യാൾടെ കൂടെ ഒറ്റയ്ക്ക് അവിടെ. അതായിരുന്നു എന്റെ ടെൻഷൻ. എന്താവുമോ എന്തോ. മനസ് കൈവിട്ടു പോകാതെ കാത്തോളണേ.
(തുടരും)