Tuesday, December 24, 2024
Novel

പ്രണയവിഹാർ: ഭാഗം 4

നോവൽ: ആർദ്ര നവനീത്‎


അവൾ കണ്ണിൽനിന്നും മറഞ്ഞിട്ടും അവളുടെ പ്രവർത്തിയിൽനിന്നും മുക്തനായിരുന്നില്ല അവൻ.

വിഹാൻ.. ടാ
സഞ്ജു ചുമലിൽ തട്ടിയപ്പോഴാണവൻ ചിന്തകളിൽനിന്നും മുക്തനായത്.

നിന്നെ ഏതായാലും അവൾ നന്നായി ചെളിയിൽ മുക്കിയിട്ടുണ്ട്.. അവനെ ആകമാനം നോക്കിക്കൊണ്ടാണ് ദീപു പറഞ്ഞത്.

അപ്പോഴാണ് വിഹാനും അത് ശ്രദ്ധിക്കുന്നത്.
പീച്ചും വൈറ്റും കളർ ചെക്ക് ഷർട്ടിൽ ചെളിയുടെ പാട് വീണിട്ടുണ്ട്.
ഇളംനിറത്തിലെ വസ്ത്രമായതിനാൽ തന്നെ നന്നായി അറിയുകയും ചെയ്യാം.
അവൻ ദയനീയമായി അവരെ നോക്കി.

എന്റെ പൊന്ന് ശ്രാവൂ നീയെന്താ കാണിച്ചത്. ആ ചെക്കന്റെ ദേഹത്തെന്തിനാ ചെളി ആക്കിയത്.അതും പോരാഞ്ഞിട്ട് അവനെ കയറി കെട്ടിപ്പിടിച്ചേക്കുന്നു.
ഐഷു അവളെ ശാസിച്ചു.

അവനല്ലേ എന്നെ തള്ളിയിട്ടത്. ദേ നോക്കിക്കേ മുഴുവൻ ചെളിയായി.
ശ്രാവു തന്റെ ശരീരമാകമാനം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.
അത് ഐഷുവിനും അറിയാമായിരുന്നു അതുകൊണ്ടുതന്നെ കൂടുതലൊന്നും പറയാതെ അവൾ കോളേജിനടുത്തുള്ള ടെക്സ്റ്റയിൽസിൽ നിന്നും അവൾക്ക് ധരിക്കാനുള്ള വസ്ത്രം വാങ്ങി വന്നു.
കഴുത്തിലും ചുമലിലും പറ്റിയ ചെളി കഴുകിക്കളയാൻ ആവണിയും ഐഷുവും അവളെ സഹായിച്ചു.

എല്ലാം കഴിഞ്ഞ് ക്ലാസ്സിലെത്തിയപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരുന്നു.

ആദ്യത്തെ ഡേ തന്നെ ഫ്ലോപ്പ് ആയി.. ആവണി പിറുപിറുത്തു.

കൈകൾ മാറിൽ പിണച്ചുകെട്ടിക്കൊണ്ട് ഒരു അദ്ധ്യാപകൻ എല്ലാവരോടും എന്തൊക്കെയോ പറയുന്നുണ്ട്. കുട്ടികൾ ശ്രദ്ധാപൂർവ്വം കേട്ടിരിക്കുന്നുമുണ്ട്.

മൂന്നുപേർ വാതിലിനടുത്ത് പരുങ്ങി നിൽക്കുന്നത് കണ്ടാകാം സാർ അവരെ ചുഴിഞ്ഞു നോക്കി.
കൈകൊണ്ട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.

കോളേജിലെ ആദ്യത്തെ ഡേ തന്നെ ലേറ്റ് ആണല്ലോടോ.. അതിൽനിന്നും തന്നെ സാർ സരസനാണെന്നവർക്ക് ബോധ്യപ്പെട്ടു.

സോറി സർ.. കൂടുതലൊന്നും പറയാൻ അവർ തയ്യാറായില്ല.

ആകെ ഒരു ബെഞ്ച് മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ.
അവിടേക്ക് കടക്കുമ്പോഴാണ് പിന്നിലെ ബെഞ്ചിലിരിക്കുന്നവരെ ആവണി കണ്ടത്.
പതിയെയവൾ ശ്രാവുവിനെ തട്ടി.

എന്താടീ…

ആവണിയുടെ കണ്ണുകൾ പോകുന്നയിടത്തേക്ക് അവളുടെ കണ്ണുകൾ സഞ്ചരിച്ചു.

അവിടിരിക്കുന്ന വിഹാനെ കണ്ടതും കണ്ണുകൾ തുറിച്ച് ബാഗുകൊണ്ടവൾ മുഖം മറച്ചു.

അവളുടെ ആ പ്രവൃത്തി അവനിൽ ചിരിയാണുണർത്തിയത്.
ചെളിപുരണ്ട വേഷമവൾ മാറ്റിയെന്നവന് മനസ്സിലായി.
ബ്ലാക്ക് കളർ ജോർജറ്റിലെ പ്ലെയിൻ ത്രീ ഫോർത്ത് സ്ലീവ് ടോപ്പും ക്രീം കളർ ത്രീ ഫോർത്തുമായിരുന്നു വേഷം.
അവളുടെ കുട്ടിത്തം നിറഞ്ഞ മുഖഭാവം അവനിൽ കൗതുകമുണർത്തി.

ഇന്റർവെൽ ആയപ്പോൾ കുട്ടികളെല്ലാവരും പുതിയ കോളേജ് ചുറ്റിക്കാണുന്നതിനായി പുറത്തേക്കിറങ്ങി.

ബുക്ക്‌ എടുത്തുവച്ചശേഷം ശ്രാവുവും ആവണിയുo ഐഷുവും ഇറങ്ങാൻ തുടങ്ങി.
എന്നാലതിന് തടസ്സമായി മുന്നിൽ നിന്നവരെ കണ്ട് “പെട്ടു ” എന്ന അവസ്ഥയിലായി മൂവരും.

വിഹാൻ.. തന്റെ നേർക്ക് നീണ്ട കൈകൾ കണ്ട് സംശയഭാവത്തിൽ ശ്രാവു അവനെ നോക്കി.
ഉയരവും അതിനൊത്ത ശരീരഭംഗിയുള്ളവൻ.
പതിനെട്ട് വയസ്സാണെന്ന് കണ്ടാൽ പറയില്ല.
ഇരുപത് വയസ്സെങ്കിലും തോന്നിക്കും.
വർക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ടെന്ന് അവന്റെ ഉറച്ച ശരീരം വിളിച്ചോതുന്നുണ്ടായിരുന്നു.
ക്രീം കളറിലെ ഷർട്ടും ജീൻസുമാണ് വേഷം.
മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു.
ഒതുക്കമുള്ള മീശ. കുറ്റിത്താടിയുമുണ്ട്.
അസാമാന്യ തിളക്കമുള്ള മിഴികൾ. ചൊടിയിൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പുഞ്ചിരി അവന്റെ ഐശ്വര്യം കൂട്ടിയതേയുള്ളൂ.

ശ്രാവണി… അവൾ തന്റെ കൈകൾ അവന്റെ കൈകളിലേക്ക് ചേർത്തു.
ഒരു കുടന്ന പനിനീർപ്പൂക്കൾ തന്റെ കൈക്കുള്ളിൽ അമർന്നതുപോലെയാണ് അവന് തോന്നിയത് . അത്രയേറെ മൃദുലമായിരുന്നു അവളുടെ കൈകൾ.

പരസ്പരം പരിചയപ്പെട്ടതിനുശേഷം അവർ ഒരുമിച്ച് പുറത്തേക്കിറങ്ങി.
അടുത്ത സുഹൃത്തുക്കളാകാൻ അവർക്കധികസമയം വേണ്ടി വന്നില്ല.

ശ്രാവണി എല്ലാവർക്കും ശ്രാവു ആയപ്പോൾ വിഹാൻ മാത്രം അവളെ ശ്രീക്കുട്ടിയെന്ന് വിളിച്ചു.
അവൾക്ക് ആ വിളി ഏറെ പ്രിയമുള്ളതായിരുന്നു .

ദിവസങ്ങൾ കടന്നുപോകവേ അവർ തമ്മിലുള്ള സൗഹൃദം ദൃഢമായിരുന്നു.
ശ്രാവു എന്നാൽ അവർക്ക് കുസൃതിയും കുറുമ്പും മാത്രം നിറഞ്ഞ പെൺകുട്ടിയായിരുന്നു.
സദാസമയം പുഞ്ചിരിച്ച മുഖത്തോടെയേ അവരവളെ കണ്ടിട്ടുള്ളൂ.

ഇതേസമയം ഇന്ദ്രമൗലിയുടെ മിഴികൾ അവളറിയാതെ തന്നെ അവൾക്ക് പിന്നാലെയുണ്ടായിരുന്നു.
ഒരു നോട്ടംകൊണ്ടുപോലും അവൾക്ക് ശല്യമാകാതെ അവനവളെ പ്രണയിച്ചു കൊണ്ടിരുന്നു.

ക്ലാസ്സ്‌ കട്ട്‌ ചെയ്തും മതിൽ ചാടി സിനിമയ്ക്ക് പോയുമെല്ലാം കോളേജിലെ സുവർണ്ണനിമിഷങ്ങൾ അവർ അനുഭവിച്ചറിഞ്ഞു.

തനിക്ക് ശ്രീക്കുട്ടിയോടുള്ളത് സൗഹൃദത്തിനുമപ്പുറം മറ്റെന്തോ ആണെന്ന് വിഹാന് വ്യക്തമായിരുന്നു.
അവളുമായി ഏറെ നേരം സംസാരിച്ചിരിക്കുവാനും അവളുടെ കുറുമ്പുകൾക്ക് കുട ചൂടാനും അവനാഗ്രഹിച്ചു.
അവന്റെ സ്വപ്നങ്ങളിൽപോലും അവൾ നിറസാന്നിധ്യമായി മാറി .
പ്രണയമെന്ന വികാരം തന്നിലേക്ക് ശ്രീക്കുട്ടിയുടെ രൂപത്തിലാണ് വന്നെത്തിയതെന്ന് അവനറിയുകയായിരുന്നു.
അവളറിയാതെ ആഴത്തിൽ പ്രണയമെന്ന വികാരം അവനിൽ പിടി മുറുക്കിയപ്പോഴും അത് ശ്രീക്കുട്ടിയറിയാതെ അവൻ ശ്രദ്ധിച്ചു .
കാരണം
അവളുടെ കണ്ണിൽ സൗഹൃദതിനുമപ്പുറം മറ്റൊന്നും കാണാൻ അവന് സാധിച്ചിരുന്നില്ല.

ഇതിനിടയിൽ ഓണവുമെത്തി.
കസവുസാരിയിൽ പെൺകുട്ടികൾ ഒരുങ്ങിയിറങ്ങിയപ്പോൾ മുണ്ടിലും ഷർട്ടിലും ആൺകുട്ടികളും ചെത്തി.

കരിനീലയും ഗോൾഡനും കലർന്ന വീതി കസവുള്ള സെറ്റും മുണ്ടുമായിരുന്നു ശ്രാവണിയുടെ വേഷം.
മുല്ലപ്പൂവ് വച്ചൊതുക്കിയ മുടിയും കാതിലിളകിയാടുന്ന ജിമിക്കിയും.
കൈകളിൽ കരിനീല കുപ്പിവളകൾ.
റോയൽ ബ്ലൂ ടിഷ്യൂ സാരിയിൽ ഐഷു സുന്ദരിയായപ്പോൾ പച്ചക്കസവുസാരിയിൽ ആവണി സുന്ദരിയായി.
സാരിയുടുത്തുവെങ്കിലും അവളിലെ കുട്ടിത്തത്തിന് തെല്ലും മാറ്റo സംഭവിച്ചില്ലെന്ന് അവനോർത്തു .

ക്ലാസ്സിലെ രണ്ട് ആൺപിള്ളേരുടെ അടക്കി സംസാരവും ചിരിയുമാണ് വിഹാനെ ശ്രാവണിയിൽ നിന്നും കണ്ണുകളെടുക്കാൻ പ്രേരിപ്പിച്ചത്.
അവരുടെ കണ്ണുകൾ പിന്തുടർന്നെത്തിയ വിഹാൻ ദേഷ്യം കൊണ്ട് വിറച്ചു.
വയർ കാണാതെ സാരി അവൾ പിൻ ചെയ്ത് വച്ചിരുന്നു.
അത് പൊട്ടിപ്പോയിരുന്നു.
അതിനിടയിലൂടെ നഗ്‌നമായ അവളുടെ വയറിന്റെ വെളുത്ത ഭാഗം ദൃശ്യമായിരുന്നു.
വയറിന്റെ ഇടതുഭാഗത്തായുള്ള കാക്കപ്പുള്ളിയിൽ അവന്റെ കണ്ണ് പതിച്ചു.
തന്റെ പെണ്ണിനെ മോശമായി മറ്റൊരുത്തൻ നോക്കുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഐഷുവും ദീപുവും സഞ്ജുവും ആവണിയും കാര്യമായെന്തോ സംസാരത്തിലാണ്. അത്തപ്പൂക്കളം ഇട്ടശേഷം മിക്കവരും ഗ്രൗണ്ടിലായിരുന്നു.

അതിലൊരുവന്റെ കൈകൾ നിമിഷനേരം കൊണ്ടവൻ വലിച്ചു തിരിച്ചു .

ആഹ്… അവൻ അലറിക്കരഞ്ഞു.
മേലിൽ നിന്റെ കഴുകൻ കണ്ണ് അവളുടെ നേർക്ക് വീഴരുത്. വച്ചേക്കില്ല നിന്നെ ഞാൻ..അവന്റെ ചെവിയിലായവൻ പറഞ്ഞു.

അലർച്ചകേട്ട് അപ്പോഴേക്കും സഞ്ജുവും മറ്റുള്ളവരും ഓടിയെത്തി.
കാര്യം മനസ്സിലാകാത്ത ഭാവം അവരിൽ വ്യക്തമായിരുന്നു .
വിഹാന്റെ നോട്ടം ശ്രാവണിയിൽ തറച്ചു.

അവളുടെ മുഖം ചുളിഞ്ഞു.
അവൾ കണ്ണുകൾ കൊണ്ട് എന്താണെന്ന് ആംഗ്യം കാണിച്ചു.

വിഹാന്റെ കൈകൾ അവളുടെ കൈകളിൽ മുറുകി.
അവൾ അമ്പരന്നു നിൽക്കെ അവനവളെയും കൊണ്ട് പുറത്തേക്ക് നടന്നു.
ലൈബ്രറിക്ക് അരികിലുള്ള
സ്പോർട്സ് ഐറ്റംസ് സൂക്ഷിക്കുന്ന റൂമിലേക്കാണവൻ അവളെ കയറ്റിയത്.

എന്താടാ.. കാര്യമറിയാതെ അമ്പരന്നവൾ ചോദിച്ചു.

ഇടത് കൈകൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റിയവൻ തന്നിലേക്ക് ചേർത്തു നിർത്തി.
അവന്റെ നെഞ്ചോപ്പം ഉയരമേയുണ്ടായിരുന്നുള്ളൂ അവൾക്ക്.

ചേർന്ന് നിൽക്കുന്നതിനാൽ തന്നെ അവന്റെ ഹൃദയതാളം അവളുടെ ചെവിയിൽ പതിച്ചു കൊണ്ടിരുന്നു.

അവളുടെ ശരീരത്തിന്റെ മണവും മുടിയിലെ മുല്ലപ്പൂവിന്റെ മണവും അവനിലെ ആണിനെ ഉണർത്തി.

ഉള്ളിലുള്ള പ്രണയം തടയില്ലാതെ പുറത്തേക്കൊഴുകാൻ വെമ്പി.

കുതറി മാറുവാൻ ശ്രമിച്ചുവെങ്കിലും അവന്റെ ബലത്തിന് മുൻപിൽ അത് പ്രവർത്തികമായില്ല.
അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുനിർത്തിയവൻ
വലംകൈ കൊണ്ട് അവളുടെ സാരി പിന്നിൽനിന്നും വലിച്ച് നേരെയിട്ടു.

അവന്റെ വിരലുകളുടെ ഇളംചൂട് തണുത്ത വയറ്റിൽ സ്പർശിച്ചപ്പോൾ അവൾ പിടഞ്ഞു.
അവനത് ശ്രദ്ധിക്കാതെ സാരി വലിച്ച് വയർ കാണാത്ത വിധത്തിൽ പ്ളീറ്റ്സ് കൊണ്ട് മറച്ചു.

അവന്റെ ഓരോ സ്പർശനത്തിലും കരുതലിലും അടങ്ങിയിരുന്നത് സൗഹൃദം അല്ലെന്നവൾ തിരിച്ചറിയുകയായിരുന്നു.

അവന്റെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ അവളുടെ മിഴികൾ താഴ്ന്നു .
അവളുടെ സ്വകാര്യതയിലേക്ക് കടന്നുവന്ന ആദ്യപുരുഷസ്പർശം അവളെ തൂവൽപോലെ ബലമില്ലാത്തവളാക്കി .

എന്തുകൊണ്ടോ താനാദ്യം കണ്ടപ്പോൾ അവന്റെ ശരീരത്തിലുരസിയതും വാരിപ്പുണർന്നതും അവൾക്കോർമ്മ വന്നു.
മൗനം അവൾക്കിടയിൽ തങ്ങിനിന്നു.

അടർന്നുമാറാൻ കഴിയാതെ അവന്റെ കരവലയത്തിനുള്ളിൽ അവനോട് ചേർന്നവൾ നിന്നു.
അവന്റെ ശരീരത്തിൽ നിന്നുയരുന്ന പെർഫ്യൂമിന്റെ സുഗന്ധം അവളുടെ നാസികയിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു.

“ആദ്യമായി നീയെന്നിലേക്ക് വന്ന നിമിഷം മുതൽ എന്നിൽ നിറഞ്ഞു നിൽക്കുന്നത് നീയാണ്.
നിന്നെപ്പറ്റിയല്ലാതെ ഞാൻ ചിന്തിച്ചിട്ടില്ല.

എന്റെ സ്വപ്നങ്ങളിൽപ്പോലും നിറസാന്നിധ്യമാണ് നീ.
നീയില്ലാതെ ഞാനില്ല.

അത്രമേൽ ഭ്രാന്തമായി ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഞാനിഷ്ടപ്പെട്ടത് നിന്റെയീ ഭംഗിയല്ല.. നിന്റെയീ യൗവനം തുളുമ്പുന്ന ശരീരവുമല്ല..
പാറിപ്പറന്നു നടക്കാൻ കൊതിക്കുന്ന നിന്റെ മനസ്സാണ് എനിക്കിഷ്ട്ടം..

കുസൃതി ഓളം തല്ലുന്ന നിന്റെയീ മിഴികളാണ് എനിക്കിഷ്ടം..
നിനക്കിഷ്ടമാണെങ്കിൽ മരണം കൊണ്ട് മാത്രമേ വേർപിരിയൽ ഉണ്ടാകൂ.
അത്രമേൽ നീയെന്റെ ഹൃദയത്തുടിപ്പായി മാറിക്കഴിഞ്ഞു.

ഐ ലവ് യു ശ്രീക്കുട്ടീ… ”
കാതോരമായവന്റെ ചുടുനിശ്വാസം പതിക്കുമ്പോൾ അവളുടെ മിഴികൾ താനെയടഞ്ഞു.

എത്ര പെട്ടന്നാണവൻ തന്റെ പ്രണയത്തെ വ്യക്തമാക്കിയത്.
മുഖവുരയില്ലാതെ..
പേടിയോ പരിഭ്രമമോ ഇല്ലാതെ.
അതും അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ.
ആഴ്ന്നിറങ്ങി പ്രണയത്തിന്റെ ശക്തമായ വേരുകൾ അവളിലുറയ്ക്കും വിധം.

അവൻ പോയിട്ടും അവളെത്രനേരം അവിടെ നിന്നുവെന്നറിയില്ല.
അവളുടെ മനസ്സ് മുഴുവൻ അവനായിരുന്നു..
അവൻ പറഞ്ഞ വാക്കുകളായിരുന്നു .
ആ വാക്കുകളിൽ നിറഞ്ഞുനിന്ന പ്രണയം അവളെ കൊത്തിവലിക്കുകയായിരുന്നു.
മിഴികളവൾ മെല്ലെയടച്ചു.

അപ്പോഴും അവളുടെ മുൻപിൽ ഒരു രൂപമേ തെളിവോടെ മിഴിവോടെ ഉണ്ടായിരുന്നുന്നുള്ളൂ.
വിഹാന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രണയം തുളുമ്പുന്ന കണ്ണുകളും…

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3