Sunday, December 22, 2024
Novel

പ്രണയവിഹാർ: ഭാഗം 12

നോവൽ: ആർദ്ര നവനീത്‎


നീർച്ചാൽ കടന്ന് പാറപ്പുറത്തുകൂടി അവർ പൊന്നിമലയിലേക്ക് തിരിച്ചു. തണുപ്പ് തങ്ങിനിൽക്കുന്ന അന്തരീക്ഷമായതിനാൽ തന്നെ യാത്രാബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല.
ബാഗും ചുമലിട്ട് കൊണ്ട് അവർ നടന്നു.

തിരികെ ഗസ്റ്റ് ഹൗസിലേക്ക് പോയി ബാഗും വസ്ത്രങ്ങളും എടുത്ത് കൊണ്ടാണ് അവർ വന്നത്.

വിഹാന്റെ മനസ്സ് ഓരോ നിമിഷവും ശ്രീക്കുട്ടിയെയോർത്ത് തുടികൊട്ടി ഉയരുകയായിരുന്നു.

കുറ്റിച്ചെടികളും മുളങ്കൂട്ടങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടയിലൂടെയാണ് അവർക്ക് പോകേണ്ടിയിരുന്നത്.
ഏതോ പച്ചിലക്കൂട്ടത്തിൽ നിന്നും അനക്കം കേട്ട് ആവണി അങ്ങോട്ട്‌ ശ്രദ്ധിച്ചു.
പച്ചനിറത്തിൽ കയറുപോലെന്തോ കണ്ടവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

പാമ്പ്.. അയ്യോ… പിന്നോക്കം മാറിയവൾ അലറിക്കരഞ്ഞു.

ഇതൊരു പച്ചിലപ്പാമ്പാണ്. വലിയ ഉപദ്രവകാരിയൊന്നുമല്ല.
കാട് അവരുടേതല്ലേ.
നമ്മൾ അവരെ ഉപദ്രവിക്കാതിരുന്നാൽ മതി.
കൈയിലിരുന്ന നീളൻ മുള കൊണ്ട് അതിനെ മെല്ലെയെടുത്ത് മറ്റൊരു ചെടിയിലേക്ക് വച്ചുകൊണ്ട് മുരുകൻ പറഞ്ഞു.

പേടി കൊണ്ടവൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ഐഷുവിന്റെ അവസ്ഥയുo മറിച്ചായിരുന്നില്ല.
അവൾ സഞ്ജുവിനോട് ഒന്നുകൂടി പറ്റിച്ചേർന്ന് നടന്നു.

കുറച്ചപ്പുറത്തായി ഓല മേഞ്ഞ കുറച്ചു വീടുകൾ അവർക്ക് കാണാൻ കഴിഞ്ഞു.
അടുത്തെത്തുന്തോറും കാഴ്ചകൾ കുറച്ചുകൂടി വ്യക്തമായി.
മുളകൾ കൊണ്ട് ഭിത്തി തീർത്ത ഓലകൾ മേഞ്ഞ വീടുകളാണവ.
വൈദ്യുതി ഇല്ലെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമായി.

ആരാ.. അത്..
ഒറ്റമുണ്ടുടുത്ത കറുത്തുമെലിഞ്ഞ ഒരാൾ അവിടേക്ക് വന്നു.

മുത്തയ്യൻ ഇല്ലേ.. മുരുകൻ അവനോട് ചോദിച്ചു.

വിഹാനെയും കൂട്ടരെയും ഒന്ന് ഉഴിഞ്ഞു നോക്കിയശേഷം മുരുകനോട് തലയാട്ടിക്കൊണ്ട് അയാൾ അവിടുന്ന് പോയി.

പറഞ്ഞതെല്ലാം അപ്പോൾ ഓർമ്മയുണ്ടല്ലോ അല്ലേ.
തീക്കളിയാണ് മക്കളേ.
പിടിക്കപ്പെട്ടാൽ പിന്നെയീ കാടിറങ്ങേണ്ടി വരില്ല.. മുരുകൻ ഒന്നുകൂടി അവരെ ഓർമ്മിപ്പിച്ചു.

ഒരു പുഞ്ചിരിയായിരുന്നു അഞ്ചുപേരും തിരികെ നൽകിയത്.
അവരുടെ മുഖത്തെ ആത്മവിശ്വാസം കണ്ട് മുരുകന് അവരോട് വാത്സല്യം തോന്നി.
ആരോ പെറ്റ കുട്ടിക്ക് വേണ്ടി സുഹൃത്തുക്കൾ ഒരുമിച്ചു നിൽക്കുന്നു.
നന്മ നിറഞ്ഞവർക്കേ ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കുവാനും കഴിയുള്ളൂ.

മുരുകാ.. ഗാoഭീര്യം മുഴങ്ങുന്ന ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി.
കൈലിയുടുത്ത ഒരാജാനബാഹുവായ പുരുഷൻ.
അൻപത് വയസ്സോളം പ്രായം കാണുമെന്ന് അവർ ഊഹിച്ചു.

മുത്തയ്യാ.. ഞാനൊരു സഹായം ചോദിച്ച് വന്നതാണ്.. മുഖവുരയില്ലാതെ മുരുകൻ പറഞ്ഞു.

എന്റെ പരിചയത്തിലുള്ള കുഞ്ഞാ ഇത്.. സഞ്ജുവിനെ ചൂണ്ടിയയാൾ പറഞ്ഞു.
അടുത്ത് നിൽക്കുന്ന കൊച്ചുമായി സ്നേഹത്തിലാണ്.
ഞാൻ അമ്മനെപ്പറ്റി പറഞ്ഞപ്പോൾ അവർക്ക് ആഗ്രഹം അമ്മന്റെ മുൻപിൽ വച്ച് വിവാഹിതരാകാൻ.
ദൈവവിശ്വാസമുള്ള പിള്ളേരാ..

അയാൾ അവരെ ചുഴിഞ്ഞു നോക്കി.

മൂന്ന് ആങ്കുട്ട്യോളും രണ്ട് പെങ്കുട്യോളും.
നല്ല വീട്ടിൽ ജനിച്ച പിള്ളേരുടെ ലക്ഷണമാണ് കണ്ടിട്ട്. കുഴപ്പക്കാരല്ലെന്ന് കണ്ടാലറിയാം.

മുരുകനറിയാമല്ലോ ഇവിടെ പുറത്ത് നിന്നുള്ള ആരെയും കയറാൻ അനുവദിക്കാറില്ല അങ്ങനെ.
പക്ഷേ പറഞ്ഞത് മുരുകനാകുമ്പോൾ… അയാളൊന്ന് നിർത്തി.

എല്ലാവരും ആശങ്കയോടെ അയാളെ ഉറ്റുനോക്കി.

അമ്മന്റെ മുൻപിൽ വച്ച് മംഗല്യം കഴിക്കാൻ വരുമ്പോൾ പറ്റില്ലെന്ന് പറയാൻ നമുക്ക് കഴിയില്ലല്ലോ.
അടുത്തയാഴ്ച അമ്മൻ കോവിലിൽ ഉത്സവമാണ്. ഇവിടെ നമ്മൾ പാട്ടും ആഘോഷവുമായി കൊണ്ടാടുന്ന രാവും പകലുകളും.
സ്നേഹിക്കണവരെ ഒന്നിപ്പിക്കണ അമ്മനാണ്. മനസ്സുരുകി വിളിച്ചാൽ കൈവിടില്ല അമ്മൻ..
അയാളുടെ വാക്കുകൾ കേട്ട് വിഹാന്റെ മുഖം തിളങ്ങി.

നിങ്ങൾക്ക് ദേ ആ കുടിലിൽ താമസിക്കാം.
ഈ പെങ്കുട്ട്യോളെ അവരുടെ കൂടെ താമസിപ്പിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവരെ വേറെ കുടിയിലാക്കാം.
ഇവടെ വേറെയും പെൺകുട്ട്യോൾ ഉള്ളതാണ് ഇങ്ങള് പ്രശ്നക്കാരല്ലല്ലാ അല്ലേ..

ഇല്ല മുത്തയ്യാ.. നല്ല പിള്ളേരാ.. മുരുകൻ ഉറപ്പുകൊടുത്തു.

മുത്തൂ… അയാൾ വിളിച്ചു.

ഉറച്ച ശരീരമുള്ള പണിചെയ്ത് തഴമ്പിച്ച കൈകളുള്ള ഒരാൾ ഓടിവന്നു. ചളി പുരണ്ട ഒറ്റമുണ്ടാണ് വേഷം. അത് മുട്ടിന് താഴെ വരെയേ ഉള്ളൂ.

ഇവരെ നിന്റെ കുടിയില് താമസിച്ചോ.
അമ്മന്റെ നടയില് വച്ച് മംഗല്യം കഴിക്കാൻ വന്ന പിള്ളേരാ..

മുത്തു സമ്മതമെന്നോണം തലയാട്ടി.

വരിൻ… മുത്തു മുന്നോട്ട് നടന്നു.

ചീത എവടെ.. അയാൾ വേലുവിനോട് ചോദിച്ചു.

കുടിയില് കാണും അയ്യാ..
അയാൾ പറഞ്ഞു.
ചീതേടെ കുടിക്കടുത്ത് ഇവര് താമസിക്കട്ട്…

വേലു തലയാട്ടി.

നിങ്ങള് പൊയ്‌ക്കോളിൻ.
കുളിച്ചു മാറി വരിൻ.
ഇവടെ രാത്രി അത്താഴം എല്ലാവരും ഒരുമിച്ചാണ്.
ഐഷുവും ആവണിയും തലയാട്ടി.
.

ചീതേച്ചീ..

എന്താടാ കിടന്ന് കാറണത്..
അകത്തുനിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു.
ഇരുനിറമാണ്.
ഐശ്വര്യമുള്ള മുഖം.
കഴുത്തിൽ മഞ്ഞൾ താലി.
നെറുകയിൽ കുങ്കുമം..
അവർ നോക്കിനിന്നുപോയി.

വരിൻ മക്കളേ.. അവർ തട്ടി വിളിച്ചപ്പോഴാണ് ഐഷു നോട്ടം മാറ്റിയത്.
അടുത്തുള്ള ഒരു ഓല മേഞ്ഞ വീട് തുറന്നുകൊണ്ട് അവർ അകത്തുകയറി . പിന്നാലെ ഐഷുവും ആവണിയും .

നിങ്ങളിൽ ആരുടെ മംഗല്യമാണ്.. ചീത ആരാഞ്ഞു.

എന്റെയാ.. ഐഷു പതിയെ പറഞ്ഞു.

ചീത അവളെയൊന്ന് നോക്കി.

അമ്മന്റെ താലി കഴുത്തിലണിഞ്ഞാൽ മരണം പോലും ഒരുമിച്ചായിരിക്കും.
സർവ്വൈശ്വര്യങ്ങളും സന്താനഭാഗ്യവും കിട്ടും മോളേ.. അവരവളോട് പറഞ്ഞു.

ഐഷു പുഞ്ചിരിച്ചതേയുള്ളൂ.

നിങ്ങൾക്ക് കുളിച്ച് മാറ്റണ്ടേ.
ഇവടെ കുളിപ്പുരയൊന്നുമില്ല..

ഞെട്ടലോടെ ഐഷുവും ആവണിയും പരസ്പരം നോക്കി.

അതുകണ്ടിട്ടാകാം അവർ തുടർന്നു.
നാട്ടിലുള്ളതുപോലെ മനുഷ്യമൃഗങ്ങളൊന്നും ഇവടില്ല മക്കളേ.
കുറച്ചപ്പുറത്തുമാറി ഒരു ചോല ഉണ്ട്.
ആമ്പലും താമരയും ഒക്കെയുള്ള പൊയ്ക.
അവിടെ കുളിക്കാം നിങ്ങക്ക്. അങ്ങോട്ടേക്ക് ആരും വരില്ല.
ഞാൻ പിള്ളേരെ വിടാം കൂട്ടിന്.
എന്റെ കൊച്ച് വന്നേനെ.
അവള് പക്ഷേ ഉറങ്ങുകയാ.
വയ്യ അതിന്.. പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ചീത തിരിച്ചു പോയി.

ഐഷുവും ആവണിയും മുളങ്കട്ടിലിലേക്ക് ഇരുന്നുപോയി.

എന്തൊരു നാടാ അല്ലേടീ.
ശ്രാവുവിനെയും കൊണ്ട് എത്രയും വേഗം പോയാൽ മതിയായിരുന്നു.
എനിക്കിപ്പോഴും സംശയം മാറുന്നില്ല.
അത് ശ്രാവു തന്നെയാണോ… ആവണി വിരൽ കടിച്ചുകൊണ്ട് ചോദിച്ചു.

അറിയില്ല.. പക്ഷേ അത് ശ്രാവു ആയിരിക്കണേയെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. കാരണം അവൾ പോയപ്പോഴുള്ള വിഹാന്റെ അവസ്ഥ നിനക്കറിയില്ലേ.
ഒരിക്കൽക്കൂടി അങ്ങനെ സംഭവിച്ചാൽ വിഹാനെ എന്നന്നേക്കുമായി നഷ്ടപ്പെടും.. ഐഷു മ്ലാനതയോടെ പറഞ്ഞു.

ചേച്ചിമാരേ…

ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി.

മൊഴിയോടൊപ്പം പാറക്കെട്ടിനരികെ വച്ച് കണ്ട കുട്ടി .

തേന്മൊഴിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അവളുടെ നെറ്റി ചുളിഞ്ഞു.

നിങ്ങളോ.. നിങ്ങളല്ലേ എന്റെ മൊഴിയേച്ചിയെ കരയിച്ചത്.. തെല്ല് ഈർഷ്യയോടെ അവൾ ചോദിച്ചു.

അത്… വാക്കുകൾ കിട്ടാതെ ഐഷു വിഷമിച്ചു.

അതോ.. അത് ആൾ മാറിപ്പോയതാ മോളെ..
അത് പോലൊരു ചേച്ചിയെ ഞങ്ങൾക്കറിയാം. ആ ചേച്ചിയാണെന്ന് ഞങ്ങൾ വിചാരിച്ചു.
ആവണി സന്ദർഭത്തെ ലഘൂകരിക്കാൻ ശ്രമിച്ചു.

ആണോ.. അവളുടെ മുഖം തെളിഞ്ഞു.
അത് മൊഴിയേച്ചിയാ.
ഇനി ചേച്ചിയെ കരയിപ്പിക്കില്ലല്ലോ.. അവരവരുടെ മുഖത്തേക്ക് നോക്കി.

ഇല്ലെന്ന അർത്ഥത്തിൽ അവർ തലയാട്ടി.

തേന്മൊഴിയോടൊപ്പം അവർ കുളിക്കാനായി പോയി.
ഒരൽപ്പം പിന്നിലേക്ക് പോയാൽ കാണാവുന്ന ഒരു കാട്ടുചോല.
ആമ്പലും താമരയും ഒരുപോലെ അതിൽ വളർന്നു നിൽക്കുന്നു.
തെളിഞ്ഞ വെള്ളം.

ഉത്സവത്തിന്റെ വിശേഷങ്ങൾ പറഞ്ഞ് തേന്മൊഴി അവരോടൊപ്പം കൂടി.
ആദ്യം അൽപ്പം സങ്കോചം തോന്നിയെങ്കിലും പിന്നീടവർ കുളി ആസ്വദിച്ചു.

രാത്രിയായപ്പോഴേക്കും എല്ലായിടത്തും പന്തങ്ങൾ തെളിഞ്ഞു.
വിഹാനും മറ്റുള്ളവരും ഐഷുവും ആവണിയും താമസിക്കുന്ന കുടിലിനടുത്തേക്ക് വന്നു.
അത്താഴം കഴിക്കാനായി എല്ലാവരും അവിടവിടെ ഒത്തുകൂടിയിരുന്നു.

രണ്ടുപേർ ചേർന്ന് ഒരു വാർപ്പ് താങ്ങിപ്പിടിച്ച് കൊണ്ടുവന്നു.
പിറകെ മറ്റെന്തൊക്കെയോ പാത്രങ്ങളിലാക്കി സ്ത്രീകളും വന്നു.

കഴുകിവച്ചിരുന്ന സ്റ്റീൽ പാത്രങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു.

വാർപ്പിൽ മൂടിയിരുന്ന വാഴയില മാറ്റിയതും ആസ്വാദ്യകരമായ ഗന്ധം അവരുടെ നാസികയിലേക്ക് തുളച്ചു കയറി.
ചീത ചിരിയോടെ അവരുടെ പാത്രങ്ങളിലേക്ക് ഭക്ഷണം വിളമ്പി.
മനസ്സിലാകാതെ ദീപു അതിലേക്ക് നോക്കുന്നത് കണ്ടാകണം അവർ ചിരിയോടെ അവനെ നോക്കി.

കാച്ചിലും ചേമ്പും പുഴുങ്ങിയതാണ്.
ദാ.. കാന്താരിയും ഉള്ളിയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത കൂട്ടാണ്.

അൽപ്പം ചേമ്പ് പുഴുങ്ങിയത് കാന്താരി ചമ്മന്തിയോടൊപ്പം ചേർത്ത് സഞ്ജു വായിലേക്ക് വച്ചു.
ചേമ്പിന്റെ ഇളംചൂടും കാന്താരിയുടെ എരിവും വെളിച്ചെണ്ണയുടെ നറുരുചിയും നാവിലേക്ക് അരിച്ചു കയറി.
അപ്പൊഴേക്കും ചീത കട്ടനും നീട്ടിയിരുന്നു.
ഒരിറക്ക് കട്ടനും കൂടി കുടിച്ചപ്പോൾ വല്ലാത്തൊരു സ്വാദ് അവർക്കനുഭവപ്പെട്ടു.

കഴിക്കുന്നതിനിടയിലും വിഹാന്റെ മിഴികൾ ചുറ്റിലും പരതുകയായിരുന്നു.
മൊഴിയെ അവനവിടെ കാണാൻ കഴിഞ്ഞില്ല.
വല്ലാത്ത നിരാശ അവനിൽ പടർന്നു.

അല്ല ചീതേ നിന്റെ മോളെവിടെ മൊഴി..? മുത്തയ്യ വിളിച്ചു ചോദിച്ചു.

വിഹാനും മറ്റുള്ളവരും പരസ്പരം നോക്കി.
ചീതയുടെ മകൾ മൊഴിയോ.?
അപ്പോൾ ചീതയാണോ സീതമ്മ.

ഇത്രയും നേരം തങ്ങളുടെ തൊട്ടരികെ മൊഴിയുണ്ടായിട്ടും കാണാത്തതിന്റെ ഇച്ഛാഭംഗം ഐഷുവിനും ആവണിക്കുമുണ്ടായിരുന്നു.

ഞാൻ പോയി വിളിക്കാം എന്റെ മൊഴിമോളെ… അൽപ്പം തടിച്ച ഒരാൾ എഴുന്നേറ്റ് അകത്തേക്ക് പോയി.

അല്ലെങ്കിലും ചിന്നയ്യ വിളിച്ചാൽ മൊഴി എപ്പഴെത്തിയെന്ന് ചോദിച്ചാൽ പോരേ.
ഇങ്ങനൊരു അപ്പയും മോളും.. ആരോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു.

നമ്മൾ വന്നെന്ന് തേന്മൊഴി പറഞ്ഞവൾ അറിഞ്ഞിട്ടുണ്ടാകുമോ.?
അതുകൊണ്ടാണോ അവൾ വരാതിരുന്നത്.?
ആവണി അവരോട് അടക്കിയ സ്വരത്തിൽ ചോദിച്ചു.

വിഹാന്റെ മിഴികൾ അപ്പോഴും കുടിലിനകത്തേക്കായിരുന്നു.
അവന്റെ ഹൃദയതാളം വല്ലാതെ ഉയർന്നു.
കൺപീലികൾ വല്ലാതെ തുടിച്ചു.

ചിന്നയ്യയുടെ കൈയിൽ തൂങ്ങി പാവാടയും ബ്ലൗസുമണിഞ്ഞ് അവൾ വരുന്നത് അവർ കണ്ടു.
പന്തങ്ങളുടെ വെളിച്ചത്തിൽപ്പോലും അവളുടെ മുഖത്തെ പ്രകാശം അവൻ തിരിച്ചറിഞ്ഞു.
നീളന്മുടി അഴിച്ചിട്ടിരുന്നു.

ഹാ.. വന്നല്ലോ അപ്പയും മോളും.. വേലു കളിയാക്കി.

പോ വേലണ്ണാ.. അവൾ പരിഭവിച്ചു.

എന്താ മോളെ ഇത്.
സന്ധ്യയ്‌ക്കുശേഷം മുടി വിടർത്തിയിടരുതെന്ന് പറഞ്ഞിട്ടില്ലേ..
ഏതോ പ്രായമായ സ്ത്രീ അവളെ സ്നേഹപൂർവ്വം ശാസിച്ചുകൊണ്ട് മുടി ഉയർത്തികെട്ടി വച്ചുകൊടുത്തു.

മല്ലിയമ്മേ…അവളവരുടെ തോളിലേക്ക് ചാഞ്ഞു.
എല്ലാവർക്കുമിടയിൽ അവളിരിക്കുന്നതും സ്നേഹപൂർവ്വം എല്ലാവരോടും അവളോട് ഇടപെടുന്നതും അവർ ശ്രദ്ധിച്ചു.

എല്ലാവരോടും വളരെ നന്നായാണ് അവൾ ഇടപഴകുന്നത്.
അവരിലൊരാളായി തന്നെ.
കേവലം രണ്ടര വർഷത്തെ പരിചയമാണ് അവർ തമ്മിലെങ്കിൽ ഇത്രയും അഗാധമായി ഇടപഴകുവാൻ അവൾക്കാകുമോ.?
അതിനർത്ഥം ഇത് ശ്രാവുവല്ല.. മൊഴിയെന്ന് തന്നെയല്ലേ…
ഉൾക്കിടിലത്തോടെ സഞ്ജുവും ദീപുവും ആവണിയും ഐഷുവും വിഹാനെ നോക്കി.

വിഹാന്റെ കണ്ണുകളിലും ഇതേ ചോദ്യങ്ങൾ അലയടിക്കുന്നത് അവർ കണ്ടു.
പക്ഷേ അവന്റെ കണ്ണ് അപ്പോഴും ചിന്നയ്യയുടെ അടുത്ത് പറ്റിച്ചേർന്ന് അയാളുടെ കൈയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അവളിലായിരുന്നു.
അപ്പാ എന്നുള്ള അവളുടെ കൊഞ്ചിയുള്ള വിളിയിലായിരുന്നു.

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11