Thursday, December 26, 2024
Novel

പ്രണയവിഹാർ: ഭാഗം 10

നോവൽ: ആർദ്ര നവനീത്‎


കാലുകൾക്ക് വേഗത പോരെന്ന് തോന്നി അവന്.
പാറയിൽ നിന്നും വഴുതി വീണിട്ടും അവനവളുടെ നേർക്ക് ഓടി.
മുട്ട് പൊട്ടി രക്തമൊലിക്കുന്നതോ വേദനയോ ഒന്നുമവൻ അറിയുന്നുണ്ടായിരുന്നില്ല.
അവന്റെ കണ്ണിലും മനസ്സിലും അവൾ മാത്രമായിരുന്നു.
അവന്റെ ചുണ്ടിൽ ഒരേയൊരു നാമമായിരുന്നു ഉരുവിട്ടിരുന്നതും… അവന്റെ ശ്രീക്കുട്ടിയുടെ.

ഒടുവിൽ നേർക്കുനേർ നിൽക്കുമ്പോൾ ഇരുവരുടെയും മിഴികൾ തമ്മിലിടഞ്ഞു.
രണ്ടരവർഷങ്ങൾ.. തൊള്ളായിരത്തി പന്ത്രണ്ട് ദിവസങ്ങൾ.. പതിനായിരക്കണക്കിന് മണിക്കൂറുകൾ..

തന്റെ മുൻപിൽ നിൽക്കുന്ന അവനെ അവളും നോക്കുകയായിരുന്നു.
താടിയും മുടിയും വളർന്നിറങ്ങിട്ടുണ്ട്. ഓടിയിട്ടാകണം വല്ലാതെ കിതയ്ക്കുന്നുമുണ്ട്.

അവനവളെ ആഞ്ഞുപുൽകി.
ശ്രീക്കുട്ടീ… സ്നേഹാർദ്രമായ ശബ്ദം.
അവന്റെ വിയർപ്പിന്റെയും ശരീരത്തിന്റെയും ഗന്ധം അവളുടെ നാസികയിലേക്ക് അരിച്ചു കയറി.
അവന്റെ നെഞ്ചിലെ വിയർപ്പിന്റെ നനവ് അവളുടെ കവിളിൽ പടർന്നു.
ഒന്ന് ശ്വാസം പോലും വിടാനാകാത്ത വിധം അത്രമേൽ ശക്തമായിട്ടായിരുന്നു അവനവളെ മാറോട് ചേർത്തിരുന്നത്.

ഒരുവിധം ശ്രമപ്പെട്ട് അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.
എങ്ങനെയൊക്കെയോ അവനെ തള്ളിമാറ്റിയവൾ പിന്നോക്കം മാറി.
മുടി അഴിഞ്ഞുലഞ്ഞിരുന്നു.
കവിൾത്തടങ്ങൾ ചുവന്ന് കിടന്നു.
കണ്ണുകൾ കലങ്ങി ചുവന്ന് ഒഴുകുന്നു.

ശ്രീക്കുട്ടീ… വീണ്ടുമാ ആർദ്രമായ ശബ്ദം.

ശ്രാവൂ…
വിഹാന് പിന്നാലെ ഓടിയെത്താൻ അവരേറെ ശ്രമപ്പെട്ടിരുന്നു.
അവളവരെ നോക്കി.
എല്ലാവരുടെയും മിഴികളിൽ നീർത്തിളക്കം.

മഞ്ഞയും ചുവപ്പും കലർന്ന ദാവണിയാണ് വേഷം.
വേഷത്തിലും രൂപത്തിലും അവളൊരുപാട് മാറിയിരിക്കുന്നു എന്നവർക്ക് തോന്നി.
പണ്ടത്തെ കുറുമ്പ് മിന്നിയിരുന്ന കണ്ണുകളിൽ അമ്പരപ്പാണ്.
പക്വതയേറിയതുപോലെ.

ആരാ നിങ്ങളൊക്കെ..?

വിറയലോടെ അവൾ ചോദിച്ചു.
അപ്പോഴും കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

ശ്രീക്കുട്ടീ… ശബ്ദം കൊട്ടിയടഞ്ഞതുപോലെ വിഹാൻ തറഞ്ഞു നിന്നു.
മറ്റുള്ളവരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

നിങ്ങളെന്താണ് ചെയ്തതെന്ന് അറിയാമോ.?
എന്തിനാ എന്നെ കെട്ടിപ്പിടിച്ചത്.?
അവളുടെ കണ്ണുനീർ എന്തിന് വേണ്ടിയായിരുന്നുവെന്ന് അപ്പോഴാണവർക്ക് വ്യക്തമായത്.

അവിശ്വസനീയതയോടെ അവർ പരസ്പരം നോക്കി.

വിഹാൻ അപ്പോഴും തറഞ്ഞു നിൽക്കുകയായിരുന്നു.
“ആരാ നിങ്ങൾ” ആ ചോദ്യം മാത്രമായിരുന്നു അവന്റെ കാതുകളിൽ അലയടിച്ചിരുന്നത്.
അവളുടെ കണ്ണുകളിലെ ചുവപ്പും അപരിചിതത്വവും അവനെ പിടിച്ചുലയ്ക്കാൻ ഉതകുന്നതായിരുന്നു.
തന്റെ സന്തോഷങ്ങളെല്ലാം ശക്തമായ പ്രളയത്തിൽ ആടിയുലഞ്ഞ് അടിവേരറ്റ് പോകുന്നു.
ദിക്കറിയാതെ അതെങ്ങോട്ടോ പോയ്മറഞ്ഞിരിക്കുന്നു.

മൊഴിയേച്ചീ…
മുന്നിലോടിപ്പോയ കുട്ടികളിലൊരാളാണ്.
ഏകദേശം പത്തുവയസ്സോളം പ്രായം തോന്നിക്കുന്നൊരു കുഞ്ഞ്.
എണ്ണക്കറുപ്പുള്ള സുന്ദരി പെൺകൊടി.

”മൊഴി ”
വിഹാന്റെ ഹൃദയത്തിനേറ്റ ശക്തമായ അടുത്ത പ്രഹരം.

അപ്പോൾ തന്റെ ശ്രീക്കുട്ടി…
അവന്റെ നെഞ്ച് വിങ്ങി.
അവനവളെ സൂക്ഷിച്ചു നോക്കി.
അതേ പുരികക്കൊടികൾ.
അതേ വിടർന്ന കണ്ണുകൾ.
തന്റെ ചുംബനമേറ്റ് വാങ്ങിയ അധരങ്ങൾ.
കുറേ തലമുടിയും ആ നാടൻ വേഷവും അതൊഴിച്ചാൽ ശ്രീക്കുട്ടി തന്നെയാണ്.
മൂക്കിലെ വെട്ടിത്തിളങ്ങുന്ന പച്ച കല്ലുപതിച്ച മുക്കുത്തിക്ക് പകരം നീലനിറത്തിലെ പൂവിന്റെ മുക്കുത്തിയാണ്.
അവനാകെ ഭ്രാന്ത്‌ പിടിക്കുന്നതായി തോന്നി.
കൈവിരലുകൾ മുടിയിൽ കോർത്തു വലിച്ചു.

നീ അപ്പോൾ നീയെന്റെ ശ്രീക്കുട്ടിയല്ലേ..
അവളുടെ ഇരു ചുമലിലും പിടിച്ചു ഉലച്ചുകൊണ്ടവൻ അലറി.

അവന്റെ കൈകളുടെ മുറുക്കം കൊണ്ടാകാം അവൾക്ക് ചുമലുകൾ നന്നേ വേദനിക്കുന്നുണ്ടായിരുന്നു.
കണ്ണുകൾ നിറഞ്ഞൊഴുകി.

അല്ലെന്നവൾ തലയനക്കി.

കള്ളം.. കള്ളം പറയുകയാണ് നീ.
എന്റെ പെണ്ണാണ് നീ.
വിഹാന്റെ പ്രാണൻ.
അവനവളുടെ ഉടലിൽ മുഖം പൂഴ്ത്തി ആഞ്ഞു ശ്വസിച്ചു.
അവൾ വിറച്ചു കൊണ്ടിരുന്നു.

ഈ ഗന്ധം പോലും അവളുടെയാ. എന്റെ ശ്രീക്കുട്ടിയുടെ.
നീ എന്റെ ശ്രീക്കുട്ടിയാ.
അവനവളെ വീണ്ടും മാറോട് അമർത്തി.
അവളവനെ ഇരുകൈയാലും പ്രഹരമേല്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവളുടെ കൂടെ വന്ന കുട്ടികളും അവനെ പിച്ചുകയും അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അന്ധാളിപ്പോടെ മുരുകൻ അവരെ നോക്കി.
അവന്റെ ഭ്രാന്തൻ ചേഷ്ടകളും അവളുടെ കണ്ണുനീരും അയാൾക്കെന്തോ പന്തികേട് തോന്നി.

കുഞ്ഞേ.. ആ കൊച്ചിനെ വിടാൻ പറയ്.
അവരുടെ ഊരിലെ ആളുകൾ വന്നാൽ നമുക്കാർക്കും ഇവിടെ നിന്ന് ജീവനോടെ പോകാൻ പറ്റില്ല.. മുരുകന്റെ സ്വരത്തിൽ ആശങ്ക നിറഞ്ഞിരുന്നു.

ഏറെ പണിപ്പെട്ടാണ് അവർ അവനിൽനിന്നും അവളെ അടർത്തി മാറ്റിയത്.

അവൾ മാറിനിന്ന് പൊട്ടിക്കരഞ്ഞു.
കുട്ടികൾ അവളോട് ഒട്ടിനിന്നു.
അവരാൽ കഴിയുന്നതുപോലെ അവരവളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

കാര്യങ്ങളുടെ ഏകദേശ വിവരണം ആ സമയം കൊണ്ട് ആവണിയും ഐഷുവും മുരുകനെ അറിയിച്ചിരുന്നു.

മുരുകൻ വിഹാനെയും ആ പെൺകുട്ടിയെയും മാറിമാറി നോക്കി.
സുന്ദരിയായ പെൺകുട്ടി.
കരഞ്ഞത്‌ കൊണ്ടാകാം മുഖമെല്ലാം ചുവന്നിട്ടുണ്ട്.

കൊച്ചേ നിന്റെ പേര് ശ്രീക്കുട്ടിയെന്നാ.. മുരുകൻ ഒരഭ്യാസിയെപ്പോലെ പാറയിൽ നിന്നും അടുത്ത പാറയിലേക്ക് ചാടിക്കൊണ്ട് ചോദിച്ചു.

അല്ലെന്നവൾ കരച്ചിലിനിടയിലും തലയനക്കി.

കള്ളം.. കള്ളം പറയുകയാ..
ഇനിയും എന്നെവിട്ട് പോകല്ലേ ശ്രീക്കുട്ടീ.
ചത്തുപോകും ഞാൻ.
എന്റെ നെഞ്ച് വിങ്ങുകയാ പെണ്ണേ.
നീ അറിയില്ലെന്ന് പറയുന്ന ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയാണ് നിന്റെ വിഹാൻ.
നീയില്ലാതെ ഇനി ഒരു നിമിഷം പോലും വയ്യെടീ എനിക്ക്.
ഒന്ന് പറയെടാ ദീപൂ.
എന്നെ തനിച്ചാക്കി ഇനിയും പോകല്ലെന്ന് പറയെടാ സഞ്ജു.
ആവണീ.. പറയെടീ നിങ്ങളുടെ ശ്രാവുവിനോട്..
അലറിക്കരയുകയായിരുന്നു അവൻ.

അത് കേട്ടുനിൽക്കാൻ ത്രാണിയില്ലാത്തതുപോലെ ഐഷുവും ആവണിയും കരഞ്ഞു തുടങ്ങി.
സഞ്ജുവിന്റെ മിഴികൾ നിറഞ്ഞു.

ഞാൻ ശ്രാവുവും ശ്രീക്കുട്ടിയും ഒന്നുമല്ല മൊഴിയാണ്.
ചിന്നപ്പയുടെയും സീതമ്മയുടെയും മകൾ മൊഴി..
അവൾ കരയുന്നതിനിടയിലും പറഞ്ഞൊപ്പിച്ചു.

വിഹാന്റെ പിടച്ചിൽ അടങ്ങി.
കാറ്റ് പോലും ശബ്ദമില്ലാതെ കടന്നുവന്നു.
പാറയിടുക്കിലൂടെ വെള്ളമൊഴുകുന്നതിന്റെ കളകള ശബ്ദം മാത്രമവിടെ അലയടിച്ചു.

പാവാടയിൽ പിടിച്ചുകൊണ്ട് അവളോടി പോകുന്നതും പിന്നാലെ ആ കുട്ടികൾ പോകുന്നതും കണ്ണുനീർപ്പാടയിലൂടെ അവൻ കാണുന്നുണ്ടായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ അവരവിടെ തന്നെ തറഞ്ഞു നിന്നു.
ശ്രാവണിയുമായി കേവലം രൂപസാദ്യശ്യം മാത്രമേ മൊഴിക്കുള്ളോ.?

ആ നിറവും കണ്ണുകളും ചുണ്ടുകളുമെല്ലാം ഒരുപോലെ.

ചോദ്യങ്ങളേറെ അവർക്കുള്ളിലുണ്ടായിരുന്നു. അതിനെല്ലാം ഉത്തരം കണ്ടെത്തുക നിസ്സാരമല്ല എന്നും പകൽപോലെ വ്യക്തമായിരുന്നു.
എല്ലാം അറിയണമെങ്കിൽ എവിടെ നിന്നും തുടങ്ങണം.

എനിക്കുറപ്പാണ് സഞ്ജു.. ആ പോയത് എന്റെ ശ്രീക്കുട്ടി തന്നെയാണ്… വിഹാന്റെ ഉറച്ച സ്വരം എല്ലാവരിലും ആശങ്കയുണർത്തി.

അവൾ പറഞ്ഞതല്ലേ അവൾ ചിന്നപ്പയുടേയുടെയും സീതയുടെയും മകൾ മൊഴിയാണെന്ന്.
നമ്മളെ കണ്ടിട്ട് അവൾക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
നിന്നെയെങ്കിലും കാണുമ്പോൾ എന്തെങ്കിലും മാറ്റo കാണേണ്ടതായിരുന്നില്ലേ.. ആവണി അവനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.
കാരണം ഇനിയും അവൻ വേദനിക്കുന്നത് കാണാൻ ആകുമായിരുന്നില്ല അവർക്ക്.

ഷട്ട് അപ് ആവണി.
വിഹാൻ ശ്രീക്കുട്ടിയെ ചേർത്തുവച്ചത് ദേ ഈ ഹൃദയത്തിലാണ്.

അവളുടെ ശ്വാസവും ഗന്ധവുമെല്ലാം പരിചിതമാന്നെനിക്ക്.
ആ ഒരു വിശ്വാസം മാത്രം മതി ആ പോയത് മൊഴിയല്ല ഡോക്ടർ നിരഞ്ജൻ വാര്യത്തിന്റെയും തരുണി നാഥിന്റെയും മകൾ ശ്രാവണി നാഥ് ആണെന്ന് ഉറപ്പിക്കാൻ.

എന്തോ ഒന്നുണ്ട് വിഹാനിൽ നിന്നും അവന്റെ ശ്രീക്കുട്ടിയെ മാറ്റി നിർത്തുന്ന എന്തോ ഒന്ന്.
നമ്മൾ ഈ വയനാടിൽ നിന്നും പോകുമ്പോൾ നമ്മുടെ കൂടെ അവളും കാണും നമ്മുടെ പഴയ കുറുമ്പിയായി.

ഒരിക്കൽ നഷ്ടമായതിന്റെ വേദന അറിഞ്ഞവനാണ് ഞാൻ.
അവളില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിക്കുമ്പോഴും തോറ്റു പോയവൻ.
ഇനിയൊരിക്കൽ കൂടി അവളെ നഷ്ടമായാൽ താങ്ങാനെനിക്കാകില്ല.

ഇനി അത് ശ്രീക്കുട്ടിയല്ല മൊഴിയാണെങ്കിൽ ഈ നാട് വിടുന്നത് എന്റെ ജീവനില്ലാത്ത ശരീരമാകും.

അവന്റെ കണ്ണിലെ അഗ്നിയും സ്വരത്തിലെ നിശ്ചയദാർഢ്യവും അവരെ തെല്ല് ഭയപ്പെടുത്തി.
ഭീതിയോടവർ പരസ്പരം നോക്കി.

തുടങ്ങേണ്ടത് അവിടെ നിന്നാണ്.. ദൂരേക്ക് ചൂണ്ടി വിഹാൻ പറഞ്ഞു.
പൊന്നിമലയിൽ നിന്നും..
ചിന്നപ്പയിലും സീതയിലും നിന്ന്..

എനിക്കറിയണം ശ്രാവണി എങ്ങനെ മൊഴിയായെന്ന്..
എന്റെ കൂടെ നിൽക്കുമെങ്കിൽ നിൽക്കാം ഇല്ലെങ്കിൽ നിങ്ങൾക്ക് പോകാം ഇപ്പോൾ തന്നെ.

അങ്ങനെ പാതിവഴിയിൽ വിട്ടിട്ട് പോകാനല്ലെടാ തോളിൽ കൈയിട്ട് നടന്നത്.
അത് നിന്റെ ശ്രീക്കുട്ടിയാണെങ്കിൽ അവളെയും കൊണ്ട് മാത്രമേ നമ്മളിവിടം വിടൂ..
നാലുപേരും അവനൊപ്പം നിന്നു.

ഇത്രയും ഒരാളെ സ്നേഹിക്കണമെങ്കിൽ അവളെ കാത്തിരിക്കണമെങ്കിൽ ജീവൻ പോലും അപകടത്തിലാക്കിയിറങ്ങാൻ തുനിയണമെങ്കിൽ ആ കുട്ടി എത്ര നല്ലവളാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ കാണൂ മക്കളെ.
ചങ്ക് പറിച്ചു കൊടുത്ത് സ്നേഹിക്കുന്നവനും അവനുവേണ്ടി ജീവൻ പോലും കളയാൻ നിൽക്കുന്ന സുഹൃത്തുക്കളും.

നിങ്ങളെക്കാൾ വലുതായി ആരും കാണില്ല.
ഒരിക്കൽ ദുരഭിമാനക്കൊലയുടെ പേരിൽ നഷ്ടമായതാണ് എന്റെ ഭാര്യയെ എനിക്ക്.
ഒന്നിച്ച് അധികനാൾ കഴിഞ്ഞിട്ടില്ല.

വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമേ അവളെന്റെ കൂടെ ജീവിച്ചിരുന്നുള്ളൂ.
ഇക്കാലമത്രയും ഞാൻ ജീവിച്ചത് ആ ഓർമ്മകളിലൂടെയാണ്.

സ്നേഹിക്കുന്നവർ നഷ്ടമാകുമ്പോഴുള്ള വേദനയുണ്ടല്ലോ.. ദേ ചങ്കിനകത്തെ പിടച്ചിൽ അതറിയുന്നവനാണ് ഞാൻ.

ഞാൻ കാണും മക്കളേ നിങ്ങളുടെ കൂടെ…
മുരുകന്റെ സ്വരം പാറയെപ്പോലെ ഉറച്ചതായിരുന്നു.

പൊന്നിമലയിൽനിന്നും തുടങ്ങാൻ അവർ തയ്യാറായി…
എന്തിനെയും നേരിടാൻ ഉറച്ചുകൊണ്ട്..
സൗഹൃദത്തിനുവേണ്ടി..
പ്രണയത്തിനുവേണ്ടി പോരാടുന്നതിനായി..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9