പ്രണയവീചികൾ : ഭാഗം 3
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
ഞങ്ങൾ നിങ്ങളുടെ സീനിയേഴ്സ് ആണ്. ഞങ്ങളൊന്ന് പരിചയപ്പെടാൻ വന്നതാ മക്കളേ.. റിച്ചു മുടി വിരലുകൾ കടത്തി ഒതുക്കിക്കൊണ്ട് പറഞ്ഞു.
ഓഹ്.. ആയിക്കോട്ടെ. എന്താ ചേട്ടന് അറിയേണ്ടത്.. നീരവ് ചോദിച്ചു.
ഇന്നലെ നിങ്ങൾ രണ്ടുപേരെയും കണ്ടില്ലല്ലോ.. ഇന്നെവിടുന്നാ വന്നത്.. അഞ്ജലിയായിരുന്നു ചോദിച്ചത്.
അതിന് ഇന്നലെ നിങ്ങൾ ഇവരെ പരിചയപ്പെട്ടിരുന്നോ..
ഓഹ്.. ശരിയാ.. ചേട്ടനെ ഇന്നലെ നന്നായൊന്ന് പരിചയപ്പെട്ടെന്ന് ഇവളുമാർ പറഞ്ഞിരുന്നു.. അമ്പുവിന്റെ സ്വരത്തിലെ പരിഹാസം അവർ തിരിച്ചറിഞ്ഞു.
സാരംഗിന്റെ മുഖം കടുത്തു. അവന്റെ മിഴികൾ ഋതുവിലായിരുന്നു. അവളുടെ കൂസലില്ലാത്ത നിൽപ്പും ഭാവവും അവനിൽ ഓരോ നിമിഷവും ദേഷ്യമുണ്ടാക്കി കൊണ്ടിരുന്നു.
ടാ ടാ.. നീ കൂടുതൽ അങ്ങ് ഇളകണ്ട കേട്ടോ.. റിച്ചു അമ്പുവിനെ ഭീഷണിപ്പെടുത്തുംവിധം പറഞ്ഞു.
ഹലോ.. ചേട്ടാ റാഗിംഗ് കുറ്റകരമാണ്. ഞങ്ങളൊരു കംപ്ലയിന്റ് കൊടുത്താൽ നിങ്ങൾ സസ്‌പെൻഷൻ വാങ്ങി നടക്കേണ്ടി വരും. അമ്പുവായിരുന്നു പറഞ്ഞത്.
അതിനിത് റാഗിംഗ് അല്ലല്ലോ. ജസ്റ്റ് ഒന്ന് പരിചയപ്പെടുന്നു. ചില രസകരമായ ടാസ്കുകൾ തരുന്നു. അത് ഇവിടെ പതിവുള്ളതാണ്. ഞങ്ങൾ ഫ്രഷർ ആയിരുന്നപ്പോൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്… സാരംഗ് സന്ദർഭത്തെ ലഘൂകരിച്ചു.
ആഹ്.. ശരി അപ്പോൾ ചേട്ടനെന്താ അറിയേണ്ടത്.. നീരവ് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
വൈശു പേടിച്ച് മിണ്ടാതെ നിൽപ്പുണ്ട്.
ആദ്യം നിങ്ങളെപ്പറ്റി തന്നെ പറയ്.. റിച്ചു പറഞ്ഞു.
നീരവ് മാധവ് ഫ്രം പാലക്കാട്. ഡിഗ്രി ഇവിടെ സെന്റ്. തോമസിൽ ആയിരുന്നു.
അംബരീഷ് ഫ്രം പാലക്കാട്. ഡിഗ്രി സെന്റ്. തോമസിൽ ആയിരുന്നു.
വൈഷ്ണവി നമ്പ്യാർ ഫ്രം കോട്ടയം. ഡിഗ്രി സെന്റ് തോമസിൽ ആണ് ചെയ്തത്.
ഋതിക മേനോൻ ഫ്രം കോട്ടയം.
ഋതിക സാരംഗിന്റെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു.
അപ്പോൾ മൂന്നുപേരും അടുത്ത കൂട്ടുകാർ ആണ്. ഒന്നിച്ചു പഠിച്ചവർ.
സാരംഗ് റിച്ചുവിനെ ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്നവണ്ണം അവൻ അഞ്ജലിയോടെന്തോ പറഞ്ഞു.
ഓക്കേ.. അപ്പോൾ അംബരീഷ് ആൻഡ് നീരവ് നിങ്ങൾ ഞങ്ങളുടെ കൂടെ വരണം. നിങ്ങൾക്കുള്ള ടാസ്ക് ഗ്രൗണ്ടിൽ ആണ്.. പറഞ്ഞശേഷം അഞ്ജലി മുന്നോട്ട് നടന്നു.
അമ്പുവും നീരവും ഋതുവിനെ നോക്കി. കുഴപ്പമില്ല എന്ന അർത്ഥത്തിൽ അവൾ കണ്ണ് ചിമ്മി.
മനസ്സില്ലാമനസ്സോടെ അവർ അഞ്ജലി പോയ വഴിയേ പോയി.
സാരംഗ് ഋതുവിന് നേരെ തിരിഞ്ഞു. കൈകൾ മാറിൽ പിണച്ചു കെട്ടി ഗൗരവത്തിൽ നിൽക്കുകയാണ് അവൾ. ലവലേശം ഭയമോ പരിഭ്രമമോ അവൾക്കില്ലെന്ന് അത്ഭുതത്തോടെ അവനോർത്തു.
പേടിച്ചു നിൽക്കുന്ന വൈശുവിൽ ആയിരുന്നു റിച്ചുവിന്റെ കണ്ണുകൾ പതിഞ്ഞത്.
ഓഷ്യൻ ബ്ലൂ നിറത്തിലെ ലോങ്ങ് സ്കർട്ടും വൈറ്റിൽ പ്രിന്റുള്ള ടോപ്പുമാണ് വേഷം. മുഖത്ത് പരിഭ്രമം വ്യക്തമാണ്. കുനിഞ്ഞാണ് നിൽപ്പ്.. എന്തുകൊണ്ടോ അവന്റെ ചുണ്ടിലൊരു ചിരി മിന്നിമാഞ്ഞു.
സാരംഗും ഋതുവിനെ ശ്രദ്ധിക്കുകയായിരുന്നു. ചമയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സുന്ദരിയാണ് കാണാൻ.
പതിവുപോലെ ജീൻസും ഷർട്ടുമാണ് വേഷം. മുഖത്തെ കല്ലിച്ച ഭാവത്തിനുമപ്പുറം നിഷ്കളങ്കമായ കുട്ടിത്തഭാവം അവളിലെവിടെയൊക്കെയോ മറഞ്ഞിരിപ്പുണ്ടെന്നവന് തോന്നി.
നാളെ വരുമ്പോൾ പെൺകുട്ടികളെപ്പോലെ ഡ്രസ്സ് ചെയ്തുകൊണ്ട് വരണം. ജീൻസും ഷർട്ടുമൊന്നും വേണ്ട.. മനസ്സിലായോ.. സാരംഗ് ചോദിച്ചു.
ഇല്ല.. മനസ്സിലായില്ല. എന്ത് വേഷം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അല്ലാതെ താനല്ല.. ഋതു മൂർച്ചയേറിയ സ്വരത്തിൽ പറഞ്ഞു.
അത് പ്രതീക്ഷിച്ചെന്നപോലെ സാരംഗ് ഒന്ന് ചിരിച്ചു.
നീ ധരിച്ചു കൊണ്ട് വരും. ഇല്ലെങ്കിൽ സാരംഗിനറിയാം എന്ത് വേണമെന്ന്…
ഓഹോ. എങ്കിൽ എനിക്കൊന്ന് കാണണമല്ലോ. തനിക്ക് ചെയ്യാൻ പറ്റുന്നത് താൻ ചെയ്. മറന്നു കാണില്ലല്ലോ ഒരെണ്ണം കിട്ടിയത് .
തെറ്റ് എന്റെ ഭാഗത്തായത് കൊണ്ടാണ് ഞാൻ അതിന് നിനക്ക് മറുപടി തരാത്തത് . പക്ഷേ അത് എന്റെ കഴിവില്ലായ്‌മ ആയി നീ കാണരുത്. നിനക്കറിയില്ല എന്നെ.. രാകി മിനുസപ്പെടുത്തിയ കത്തിപോലെ ആ വാക്കുകൾ മൂർച്ചയേറിയതായിരുന്നു.
ഋതു വൈശുവിനെയും വിളിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.
നിനക്ക് പേടിയില്ലേടീ.. വൈശുവിന്റെ ചോദ്യം കേട്ടവൾ അവളെ നോക്കി.
പേടിക്കാൻ തുടങ്ങിയാൽ അതിനേ സമയം കാണുള്ളൂ. നിനക്കറിയാമല്ലോ എല്ലാം.. ഋതുവിന്റെ മനസ്സ് ശരിയല്ലെന്ന് വൈശുവിന് മനസ്സിലായി.
അവന്മാരെ എങ്ങോട്ട് കൊണ്ടുപോയോ എന്തോ.. ഋതു ആകുലപ്പെട്ടു .
ഗ്രൗണ്ടിൽ നിന്നും വട്ട് കളിക്കുന്ന അവന്മാരെ യും എങ്ങനെയൊക്കെ ചെയ്യണമെന്ന് കമന്ററി പറയുന്ന അഞ്ജലിയെയും കണ്ട് രണ്ടുപേർക്കും ചിരി പൊട്ടി .
നീ ഇവിടെ നിൽക്ക്… ഞാൻ പോയി എങ്ങനെയെങ്കിലും അവന്മാരെ പൊക്കിക്കൊണ്ട് വരാം.. ചിരിച്ചുകൊണ്ട് വൈശു ഗ്രൗണ്ടിലേക്ക് നടന്നു.
ചിരിയടങ്ങാതെ ഋതു അത് മൊബൈൽ ക്യാമറയിലാക്കാൻ തുടങ്ങി.
ആഹാ.. തകർത്തിട്ട റെക്കോർഡിങ് ആണല്ലോ. മോളിവിടെ പുതിയതാ അല്ലേ .. പിന്നിൽ നിന്നുമൊരു പുരുഷസ്വരം കേട്ട് ഋതു വെട്ടിത്തിരിഞ്ഞു.
വഷളൻ ചിരിയോടെ മുൻപിൽ നിൽക്കുന്ന മൂന്ന് യുവാക്കളെ കണ്ട് ഋതു ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ അവൾ അവരെ മറികടന്ന് പോകാൻ ശ്രമിച്ചു.
അങ്ങനങ്ങ് പോകാതെ മോളേ. ചേട്ടന്മാരൊന്ന് പരിചയപ്പെടട്ടെ. ഒന്നുമില്ലെങ്കിലും ഇന്ന് ഫ്രഷേഴ്‌സ് ഡേ അല്ലേ.. താടിയുഴിഞ്ഞുകൊണ്ട് വഷളൻ നോട്ടത്തോടെ അവൻ പറഞ്ഞു.
മാറഡോ അങ്ങോട്ട്.. എനിക്ക് തല്ക്കാലം തന്നെപ്പോലുള്ളവനെ പരിചയപ്പെടേണ്ട.
ആഹ്.. അങ്ങനെ പറയാതെ മോളേ. ജീൻസും ഷർട്ടും. നല്ല വെണ്ണക്കുടം തന്നെ. തൊട്ടാൽ പൊട്ടും. നല്ല അടാർ ഐറ്റം പെണ്ണ്.. അവന്റെ വൃത്തികെട്ട നോട്ടം തന്റെ ശരീരത്തെ കൊത്തിവലിക്കുകയാണെന്നറിഞ്ഞ് അവൾക്ക് വെറുപ്പ് തോന്നി. തലയിലൂടെന്തോ മൂളുന്നതുപോലെ .
നീ ഏതായാലും വാ.. ഈ
ആശിഷ് മോഹിച്ചതൊന്നും ഇതുവരെ വിട്ടു കളഞ്ഞിട്ടില്ല. നിന്നെയും വിട്ടു കളയില്ല.. വാടീ അവനവളുടെ കൈയിൽ പിടിച്ചു.
അവനിൽ nനിന്നുയർന്ന മദ്യത്തിന്റെയും മറ്റെന്തിന്റെയോ കൂടിക്കലർന്ന ഗന്ധം അവളിൽ വെറുപ്പുളവാക്കി.
വർധിച്ചുവന്ന കോപത്തോടെ വലംകൈ അടിക്കാനുയർത്തിയതും ആശിഷ് ആ കൈയെ പിന്നോക്കം ലോക്ക് ചെയ്തിരുന്നു .
മനസ്സിലൂടെ എന്തൊക്കെയോ കടന്നുപോയതുപോലെ. അവൾ ആഞ്ഞു കുതറി. അവന്റെ കൈക്കരുത്തിന് മുൻപിൽ കുതറൽ ഒട്ടും വിലപ്പോയില്ല.
പണി നടന്നുകൊണ്ടിരിക്കുന്ന ബ്ലോക്കിലെ ആളൊഴിഞ്ഞ ക്ലാസ്സ് റൂമിലേക്ക് അവനവളെ വലിച്ചു കയറ്റി
കൂടെയുണ്ടായിരുന്ന രണ്ടുപേർ പുറത്തിറങ്ങി പോയി .
ഋതുവിനെ തറയിലേക്ക് കിടത്തി അവൻ തന്റെ ഷർട്ടിലെ ബട്ടൺസ് അഴിക്കാൻ തുടങ്ങി.
കുതറുന്നതിനിടയിലും അവൾ വെറുപ്പോടെ മുഖം തിരിച്ചു.
ശബ്ദം പുറത്തു വരാത്തതുപോലെ തൊണ്ടയെല്ലാം അടഞ്ഞിരിക്കുന്നു.
ഉച്ചത്തിൽ അലറണമെന്നുണ്ട്.. പക്ഷേ കഴിയുന്നില്ല.
അവന്റെ ശ്രദ്ധയൊന്ന് തിരിഞ്ഞ നിമിഷം അവളവനെ കാലുകൾ കൊണ്ട് നെഞ്ചിലേക്ക് ആഞ്ഞു തൊഴിച്ചു .
ആശിഷ് പിന്നിലേക്ക് മലർന്നു.
ആ നിമിഷം മതിയായിരുന്നു പിടഞ്ഞെഴുന്നേറ്റ് വാതിൽ തുറക്കുന്നതിനായി.
പിന്നാലെയെത്തിയ ആശിഷിന് പിടി കിട്ടിയത് അവളുടെ ഷർട്ടിന്റെ കോളർ ആയിരുന്നു.
വലിക്കുന്നതിനിടെ ആദ്യത്തെ രണ്ടു ബട്ടൺ പൊട്ടി.
അവനെ തിരിഞ്ഞു ആഞ്ഞ് തള്ളിയശേഷം പുറത്തേക്ക് ഇറങ്ങിയതും ആരുടെയോ നെഞ്ചിലേക്കാണവൾ ഓടി വീണത്.
ഋതു നന്നായി തളർന്നിരുന്നു.
ആരുടേതെന്നറിയാതെ അവളാ ശരീരത്തെ കൈകളാൽ ചുറ്റി വരിഞ്ഞു.
ഒരു നിമിഷത്തിനുശേഷം ആരുടെ നെഞ്ചിലാണോ അവൾ അഭയം പ്രാപിച്ചത് ആ കൈകൾ അവളെ സുരക്ഷിതമായി നെഞ്ചോട് ചേർത്തുപിടിച്ചു.
അടുത്തനിമിഷം ബൂട്ടിട്ട ആ കാൽ മുന്നോട്ട് ആയുന്നതും ആശിഷ് പിന്നിലേക്ക് തെറിക്കുന്നതും ഋതു കണ്ടു.
ആ നിമിഷമാണ് ചുറ്റുമുള്ളതിനെപ്പറ്റി ഋതുവിന് ഓർമ്മ വന്നത്.
അവളുടെ കൈകൾ അയഞ്ഞുവെങ്കിലും അവളെ നെഞ്ചോട് ചേർത്ത കൈകൾ അയഞ്ഞില്ല.
അവളാ മുഖത്തേക്ക് നോക്കി.
ആരുടെ മുഖത്താണോ തന്റെ കൈകൾ പതിഞ്ഞത് ആരെയാണോ അല്പം മുൻപായി വെല്ലുവിളിച്ചത് അവൻ മുൻപിൽ നിൽക്കുന്നു. സാരംഗ്.
അവന്റെ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്ന കോപത്തിന്റെ ജ്വാലകൾ കണ്ടവൾ അമ്പരന്നു .
അവനവളുടെ മുഖത്തേക്ക് നോക്കി .
പോണി ടെയിൽ കെട്ടിയ മുടി അഴിഞ്ഞ് കിടക്കുന്നു.
ബ്രൗൺ കലർന്ന കറുപ്പ് നിറമുള്ള സിൽക്ക് നാരുകൾ പോലുള്ള മുടിയിഴകൾ മുഖത്താകെ ചിതറി കിടപ്പുണ്ട്.
മൂർച്ചയേറിയിരുന്ന വെള്ളിക്കണ്ണുകൾ നിറഞ്ഞു ചുവന്നിരിക്കുന്നു.
ഷർട്ടിന്റെ രണ്ടുമൂന്ന് ബട്ടൻസ് പൊട്ടിപ്പോയിരിക്കുന്നു.
ചുവന്ന് തുടുത്ത റോസാപ്പൂവുപോലെ അവൾ തന്റെ നെഞ്ചിലാണെന്ന് ഓർത്തപ്പോൾ ഹൃദയത്തിലെവിടെയോ എന്തോ പോലെ തോന്നി അവന്.
ചുറ്റും കുട്ടികൾ കൂടിത്തുടങ്ങി. അവളുടെ ഷർട്ട് പൊട്ടിയത് ആരും കാണണ്ട എന്നതുപോലെ അവനവളെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
അവളുടെ ശരീരം അവനിൽ അമർന്നു. എല്ലാവരുടെയും കാഴ്ചയിൽ നിന്നും തന്റെ ശരീരത്തെ മറയ്ക്കുവാനാണ് അവൻ ചേർത്തു പിടിച്ചതെന്ന് മനസ്സിലായ നിമിഷം
അവളുടെ മുഖം കുനിഞ്ഞുപോയി.
അപ്പോഴാണ് അഞ്ജലിയും നീരവും അമ്പുവും വൈശുവും അവിടെയെത്തിയത്.
കൂടിനിൽക്കുന്ന കുട്ടികളെയും
കലങ്ങി ചുവന്ന ഋതുവിന്റെ മുഖവും തറയിൽ വീണുകിടക്കുന്നവനെയും കണ്ടതോടെ കാര്യത്തിന്റെ ഏകദേശം ധാരണ അവർക്ക് കിട്ടി.
അഞ്ജലി ഓടി സാരംഗിന് അടുത്തെത്തിയതും അവൻ അവൾക്ക് നേരെ കൈനീട്ടി. അത് എന്തിനാണെന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം അവൾ അവളുടെ കഴുത്തിൽ ചുറ്റിയിരുന്ന സ്കാർഫ് അവന് നീട്ടി.
കൈനീട്ടി സ്കാർഫ് വാങ്ങി ഋതുവിന്റെ കഴുത്തിലേക്ക് ഇട്ടുകൊണ്ടവൻ അവളെ അടർത്തി മാറ്റി.
അപ്പോഴേക്കും നീരവും അമ്പുവും ആശിഷിന് നേരെ തിരിഞ്ഞിരുന്നു.
വൈശു കരഞ്ഞുകൊണ്ട് അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു.
നീയവളെ കൈവയ്ക്കും അല്ലേടാ.
പറഞ്ഞുകൊണ്ട് അവന്റെ മുഖത്തിനിട്ട് തന്നെയായിരുന്നു നീരവിന്റെ ആദ്യത്തെ ഇടി. ചുണ്ട് പൊട്ടി രക്തം ഒലിച്ചു.
മനസ്സിൽ പോലും നീയവളെ മോശമായ രീതിയിൽ ചിന്തിച്ചെന്നറിഞ്ഞാൽ ഞങ്ങൾ സഹിക്കില്ല. ആ പെണ്ണിനെയാ നീ… അമ്പു അവന്റെ കൈ പിന്നിലേക്ക് തിരിച്ചു.
അസ്ഥികൾ പൊട്ടുന്ന ശബ്ദവും ആശിഷിന്റെ അലറിയുള്ള ശബ്ദവും ബിൽഡിങ്ങിൽ മുഴങ്ങിക്കേട്ടു .
ഒരിക്കൽ നിന്നെ വാണിംഗ് നൽകി വിട്ടതാ ആശിഷ്. നിന്റെ അമ്മ എന്ന പാവം സ്ത്രീ വന്ന് കണ്ണുനീരൊലിപ്പിച്ചതുകൊണ്ട് മാത്രം. പക്ഷേ ഇതിന് നിനക്ക് മാപ്പില്ല.
സാരംഗ് ചീറി.
കൊടുക്കെടാ അവനിട്ട് നാലെണ്ണം.. അഞ്ജലി ഉറക്കെ വിളിച്ചു പറഞ്ഞു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു.
ഒരിക്കൽ നീ അഞ്ജുവിനെ കൈവച്ചു. അന്ന് കിട്ടിയത് കൊണ്ട് നീ പഠിച്ചില്ല. അതുകൊണ്ടല്ലേ ഇന്ന് ഋതുവിനെ നീ തൊട്ടത്.
അവളുടെ നിഴൽവെട്ടത്ത് കാണാൻ പാടില്ല നിന്നെ… മുരൾച്ചയോടെ പറഞ്ഞതിനൊപ്പം സാരംഗിന്റെ ആദ്യ പഞ്ച് അവന്റെ മൂക്കിൽ വീണു.
രക്തം കുതിച്ചൊഴുകി.
നെഞ്ചിനിട്ടായിരുന്നു പിന്നെ ഇടിച്ചത്..
ആരൊക്കെയോ അറിയിച്ചതുകൊണ്ട് അധ്യാപകർ ഓടിയെത്തി. നീരവിനെയും അമ്പുവിനെയും സാരംഗിനെയും പിടിച്ചു മാറ്റി.
അപ്പോഴേക്കും അടികൊണ്ട് നന്നേ തളർന്നിരുന്നു ആശിഷ്. അവനിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധവും ഉയർന്നിരുന്നു.
ആരെങ്കിലും ഇയാളെ ഹോസ്പിറ്റലിൽ എത്തിക്ക്.. ആരോ അലറി.
അധ്യാപകരും ഏതൊക്കെയോ കുട്ടികളും ചേർന്ന് ആശിഷിനെ താങ്ങിയെടുത്തു കൊണ്ടുപോയി.
മൂന്നുപേരും എന്റെ ക്യാബിനിലേക്ക് വരണം. സസ്‌പെൻഷൻ ലെറ്റർ കൈയോടെ തന്നേക്കാം.. പ്രിൻസി ഷൗട്ട് ചെയ്തുകൊണ്ട് തിരിഞ്ഞു.
ആർക്കും സസ്‌പെൻഷൻ കിട്ടില്ല സാർ. കിട്ടുന്നത് ഇപ്പോൾ ഇവിടുന്ന് എടുത്തു കൊണ്ട് പോയവനായിരിക്കും.ഈ നിൽക്കുന്ന മൂന്നുപേരാണ് എന്നെ രക്ഷിച്ചത്.
എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ മുറിവുകൾ ആണ് ആശിഷിനുള്ളത്. കേസ് റേപ്പ് അറ്റംപ്റ്റ്. ഇര ഞാൻ ഋതിക.. ഋതിക മേനോൻ..
ഉറച്ച സ്വരത്തിൽ അവളുടെ ശബ്ദം ബിൽഡിങ്ങിൽ മുഴങ്ങി.
അധ്യാപകരും കുട്ടികളും മാത്രമല്ല നീരവും സാരംഗും അമ്പുവും വരെ പകച്ചു നിന്നുപോയി.. മുൻപിൽ നിന്ന് സംസാരിക്കുന്നവളുടെ വെള്ളിനിറമുള്ള മിഴികളിലെ തീജ്വാല കണ്ട്..
(തുടരും )