Wednesday, January 22, 2025
Novel

പ്രണയകീർത്തനം : ഭാഗം 16 – അവസാന ഭാഗം

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


കാപ്പിയിട്ടുകൊണ്ടു കീർത്തന ഹാളിലേക്ക് വന്നപ്പോൾ വരുണ് താഴേക്കിറങ്ങി വന്നിരുന്നു..

അവൾ വരുണ്നും അഞ്ജുവിനും കാപ്പി കൊടുത്തു…

ഒരു കപ്പ് എടുത്തു അവളും ഇരുന്നു..

“ബീച്ചിൽ പോയാലോ..”.വരുണ് ചോദിച്ചു..

“അയ്യോ ഞാനില്ല..ഇപ്പൊ തന്നെ വൈകി..”കീർത്തൂ പറഞ്ഞു..

“അതു ഞാൻ അങ്കിളിനെ വിളിച്ചു പറയാം.. നിങ്ങൾ പോയിട്ട് വാ…”അഞ്ജന പറഞ്ഞു..

“ഞാൻ വണ്ടിയിലാ വന്നേ…”

“നിങ്ങൾ ബീചീന്നു ഇറങ്ങുമ്പോൾ എന്നെ വിളിക്കു…ഞാൻ വണ്ടി നിന്റെ വീട്ടിൽ എത്തിക്കാം…തിരിച്ചു ഉണ്ണ്യേട്ടനും ആയി പോരാമല്ലോ..”അഞ്ചു പറഞ്ഞു..

“നീയും വാടി… എന്താ വരാത്തത്…”

“ഞാനില്ലേ …കട്ടുറുമ്പാകാൻ…”അവൾ ചിരിച്ചു..

“നീ വേഗം ചെല്ലാൻ നോക്ക് കീർത്തൂ..അല്ലെങ്കിൽ ഈ അണ്റൊമാന്റിക് മൂരാച്ചിടെ മനസ്സ് മാറും”..അഞ്ജന കീർത്തൂന്റെ ചെവിയിൽ പറഞ്ഞു..

“എന്തുവാ..ഒരു രഹസ്യം…എന്താ ചിന്നു ഇവൾ പറഞ്ഞേ..”ഉണ്ണി ചോദിച്ചു..

“അതുപിന്നെ…അണ്റൊമാന്റിക് മൂരാച്ചി…”കീർത്തൂ ചിരിച്ചു..

“ഞാനോ…ആണോടീ ചിന്നു…”???

“ഞാൻ അണ്റൊമാന്റിക് ആണോ….?ആണെന്ന് ഇവൾ പറയട്ടെ..”ഉണ്ണി ചിന്നൂനെ നോക്കി പറഞ്ഞു..”പറഞ്ഞു കൊടുക്ക് ചിന്നൂ….”

“ചുണ്ടിന്റെ ചുവപ്പ് ഇതുവരെ മാറീട്ടില്ലാട്ടോ..”അവൻ അവളുടെ പുറകിൽ വന്നു നിന്നു ചെവിയിൽ പറഞ്ഞു…

ചിന്നുവിന്റെ മുഖം ചുവന്നു..

“ഓഹ്..അതു ഞാൻ ഊഹിച്ചു..മുകളിൽ നിന്ന് മണിക്കൂറുകൾ കഴിഞ്ഞല്ലേ ഇറങ്ങി വന്നേ..”അഞ്ചു കളിയാക്കി..

“രണ്ടും ഇവിടെ വന്നേ..ഒരു സെൽഫി എടുക്കാം…”വരുണ് പറഞ്ഞു..

അഞ്ജുവും കീർത്തുവും അവന്റെ അടുത്തേക്ക് ചെന്നു..

“ഇന്നാ നീ എടുക്ക്” ..വരുണ് അഞ്ജുവിന്റ് കയ്യിൽ ഫോൺ കൊടുത്തു..

വരുണ് നടുക്കിരുന്നു…അഞ്ജുവിനെ തോളിലൂടെ കയ്യിട്ടു..കീർത്തുവിനെ കൈചുറ്റി തന്നോട് ചേർത്തടുപ്പിച്ചു..

“ഇനി സെൽഫി എടുത്തില്ലെന്നുള്ള പരാതി തീർന്നില്ലേ…അന്ന് അഞ്ജുവി ന്റെ കല്യാണത്തിന് സെൽഫി എടുത്തില്ലാന്നും പറഞ്ഞു രണ്ടും കൂടി എന്നോട് വഴക്കിട്ടത് ഓര്മയുണ്ടല്ലോ..”

ഉണ്ണ്യേട്ടൻ ഓരോ ചെറിയ കാര്യവും ഓർത്തിരിക്കുന്നല്ലോ…എന്നു കീർത്തന ഓർത്തു…

ബീച്ചിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു…

ആളൊഴിഞ്ഞ ഒരു കോണിൽ അവരിരുന്നു…

“നല്ല സുഖം…അല്ലെ.”.വരുണ് അവളുടെ മുഖത്തേക്ക് നോക്കി

അവൾ കടലിന്റെ അടിത്തട്ടിലേക്ക് താഴാൻ വെമ്പുന്ന അർക്കബിംബത്തിൽ നോക്കിയിരിക്കുകയായിരുന്നു…

അതിന്റെ ചുവപ്പുരാശി അവളുടെ കവിളിൽ പതിഞ്ഞിരുന്നു…

“ഏയ്… ഈ ലോകത്തൊന്നും അല്ലെ..”അവൻ അവളുടെ കവിളിൽ ചൂണ്ടുവിരൽ കൊണ്ടു തോണ്ടി…

അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി…

“നല്ല ഭംഗിയില്ലേ ഉണ്ണ്യേട്ട..ഈ നിറവും നിഴലുകളും..നേർത്ത കടലിരമ്പവും എല്ലാം കൂടി….”

“എന്റെ പെണ്ണിന്റെ അത്രയും ഭംഗിയില്ല…”അവൻ ചിരിയോടെ പറഞ്ഞു…

“ആണോ..”

“പിന്നല്ലാതെ…”

“അപ്പൊ പഞ്ചാരയടിക്കാൻ ഒക്കെയറിയാല്ലെ..കഴിഞ്ഞ ആറു വർഷമായി ഇതൊന്നും ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല…”അവൾ അവന്റെ മുഖത്തേക്ക് നോക്കി..

“വികാരത്തിനും അപ്പുറം വിവേകത്തിനു അല്പം സ്ഥാനം കൊടുത്തു…പിന്നെ പ്രണയത്തിനുമപ്പുറം സൗഹൃദത്തിനും…”അവൻ ചിരിച്ചു..

“ഈ സാഗരത്തോളം പ്രണയമായിരുന്നു നിന്നോട്…അത് എങ്ങനെയാ പ്രകടിപ്പിക്കേണ്ടത് എന്നെനിക്കറിയില്ലായിരുന്നു…കാരണങ്ങൾ പലതാണ്…ഒരുപക്ഷേ വളരെ ചെറുപ്പത്തിൽ തന്നെ പ്രായത്തിനും അപ്പുറം പക്വത വന്നുചേർന്നതിനാലാവാം…

പിന്നെ രോഹിത് എങ്ങനെ പ്രതികരിക്കും എന്നൊരു പേടിയുണ്ടായിരുന്നു..പേടിയല്ല.. അവന്റെ സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടി…അപ്പ്വേട്ടനെ പോലെ സൗമ്യൻ അല്ലല്ലോ അവൻ…അതുകൊണ്ടു…അവനെ നഷ്ടപ്പെടാൻ വയ്യാരുന്നു…നിന്നെയും..
അതിന്റെ ഒരു ഊരാക്കുടുക്കിൽ…”

“സാരമില്ല..എല്ലാം നേരെയായി”ഇനിയിപ്പോ ഒന്നുമോർത്തു വിഷമിക്കണ്ടല്ലോ..അവൾ അവന്റെ വിരലിൽ തൊട്ടു…

ആ കൈകൾ പിടിച്ചു തന്റെ കൈക്കുള്ളിലാക്കി വരുണ് മുന്നിലെ തിരകളിലേക്കു നോക്കിയിരുന്നു…

കീർത്തനയെ വീട്ടിൽ ആക്കാനായി ഇറങ്ങിയപ്പോൾ അവൻ അഞ്ജുവിനെ വിളിച്ചു കീർത്തുവിന്റെ വണ്ടിയുമായി വരാൻ പറഞ്ഞു..

കാറിൽ നിന്നിറങ്ങാൻ നേരം വരുണ് പറഞ്ഞു..

“അങ്ങനെ ആ കടവും വീട്ടി കേട്ടോ..”

“എന്ത്…അവൾ തിരിഞ്ഞിരുന്നു ചോദിച്ചു..

“അന്ന് അഞ്ജുവിന്റെ കല്യാണത്തിന്റെ തലേദിവസം നിന്നെ വീട്ടിൽക്കൊണ്ടു വന്നു ആക്കിയില്ല എന്നൊരു പരിഭവം നിനക്കില്ലാരുന്നോ…അത്…”

“ഓഹ്… ഈ ഉണ്ണ്യേട്ടന്റെ ഒരു കാര്യം..”

“വീട്ടിലേക്കു വരുന്നില്ലേ..”?

“ഇല്ല…ഇപ്പൊ തന്നെ എറണാകുളതെക്കു പോകണം…”

“ശെരി അപ്പൊ ചെന്നിട്ട് വിളിക്കണം..”അവൾ പുറത്തേക്കിറങ്ങാൻ ഒരുങ്ങി..

“ഡി… രണ്ടാഴ്ച കഴിഞ്ഞു കല്യാണത്തിന്റെ അന്നേ ഇനി കാണൂ..”

“ഉം..”

“എക്‌സാമല്ലേ തകർത്തു പടിച്ചോളണം..എന്നെ പറയിപ്പിക്കരുത്..ഞാൻ അങ്ങോട്ട് വരില്ല കേട്ടോ..ഇനിയതിനു വിഷമിക്കരുത്…”

“ഇല്ലേ…”അവൾ തൊഴുത്കാണിച്ചു..
“എല്ലാദിവസവും ഒരു പ്രാവശ്യം ഒന്നു വിളിച്ചാൽ മതി”…

“ബൈ..”അവൾ ഇറങ്ങാനൊരുങ്ങി…

“അങ്ങനെ പോയാലോ…”അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു…

നെറുകയിൽ ഒരു ഉമ്മ നൽകി.. അധരങ്ങൾ അരിച്ചരിച്ചു താഴെക്കിറങ്ങിയപ്പോൾ അവൾ അവനെ തള്ളി മാറ്റി….

അപ്പോഴേക്കും അഞ്ജുവും വന്നു..അവൾ ആക്ടിവ അകത്തേക്ക് കയറ്റി വെച്ചു..

യാത്ര പറഞ്ഞു ഇരുവരും നീങ്ങി..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പിന്നെയങ്ങോട്ട് കീർത്തനക്ക് എക്സാം തിരക്കായിരുന്നു.

അപ്പച്ചിയുടെ വീട്ടിലെത്തിയ അവളെ ഏട്ടന്മാർ മാറി മാറി എക്സമിനു കൊണ്ട് പോകുകയും കൊണ്ടു വരികയും ചെയ്തു…

വരുണ് കല്യാണത്തിരക്കിലും ആയിരുന്നു..

ദേവരാജിനും സഹായത്തിനായി അപ്പുവും അച്ചുവും രോഹിതുമൊക്കെ മാറി മാറി ചെന്നുകൊണ്ടിരുന്നു.

കല്യാണദിവസം….

മെറൂണ് നിറത്തിലെ പാട്ടുസാരിയുടുത് സർവാഭരണ വിഭൂഷിതയായി അച്ഛന്റെ കൈപിടിച്ചു അമ്മയുമായി വന്നു കീർത്തന ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സഭയെ അഭിവാദ്യം ചെയ്തു…

പിന്നീട് കല്യാണ ചടങ്ങുകൾ…

മഞ്ഞചരടിൽ കോർത്ത താലി വരുണ് എല്ലാവരുടെയും അനുഗ്രഹത്തോടെ അവളുടെ കഴുത്തിൽ ചാർത്തി…ശേഷം സ്വര്ണമാലയും…

പരസ്പരം പൂമാലയണിഞ്ഞു നിന്ന അവരുടെ കൈകൾ ചേർത്തു വെച്ചു ദേവരാജ് കന്യാദാനം നടത്തി…

കുങ്കുമചെപ്പ് വെച്ചുനീട്ടിയ പൂജാരിയെ കണ്ണിറുക്കി കാണിച്ചുകൊണ്ട് വരുണ് അപ്പുവിനോട് ചോദിച്ചു..

“അപ്പ്വേട്ട അതെവിടെ…?”

അപ്പു പോക്കറ്റിൽ നിന്നും ഒരു കുങ്കുമ ചെപ്പ് എടുത്തു അവനു നൽകി..

കീർത്തന അതിലേക്കു നോക്കി..

പണ്ട് പിറന്നാളിന് ഉണ്ണ്യേട്ടൻ സമ്മാനിച്ച കുങ്കുമച്ചെപ്പ്…

അതിൽ നിന്നും ഒരു നുള്ളെടുത്ത് അവൻ അവളുടെ നെറുക ചുവപ്പിച്ചു..

ആ കുങ്കുമശോഭ അവളുടെ മുഖത്തെ കൂടുതൽ പ്രശോഭിതമാക്കി…

മിഴിപൂട്ടി കൂപ്പുകൈകളോടെ നിന്ന അവൾ മിഴികൾ തുറന്നപ്പോൾ അത് നിറഞ്ഞിരുന്നു…

“ഞാൻ വാക്ക് പാലിച്ചു കേട്ടോ”…”അവൻ അവളുടെ കൈകൾ ചെറുതായി അമർത്തികൊണ്ടു പറഞ്ഞു…

അവൾ നിറമിഴികളോടെ അവനെ നോക്കി…

അവൻ അവളെ കണ്ണടച്ചു കാണിച്ചു..

സഹോദരന്റെ സ്ഥാനത് നിന്നു അപ്പു വരുണ്ന് മാലയിട്ടു…

പുറകെ രോഹിത് ഒരു ബ്രെയസ് ലെറ്റ് അണിയിച്ചു കൊണ്ടു പറഞ്ഞു..

“ഡാ… അച്ചൂന്റെ വക മോതിരം വരുന്നുണ്ട്…ഇന്ന് നിന്റെ ഇരുപ്പ്ത്തെട്ട് കെട്ടാണെന്നു ഞാനിപ്പോഴാ അറിഞ്ഞേ..”

അത് കേട്ട് കൂടി നിന്നവരെല്ലാം ചിരിച്ചു…

പന്ത്രണ്ടരക്ക് അവർക്ക് ഇറങ്ങണമായിരുന്നു….

അച്ഛന്റെയും അമ്മയുടെയും മുതിർന്നവരുടെയും കാൽ തൊട്ടു വന്ദിച്ചു അവൾ ഇറങ്ങി…

മിഴികൾ നിറഞ്ഞു തുളുമ്പിയ അവളെ ദേവരാജും ശ്രീകലയും ചേർന്നു ആശ്ലേഷിച്ചു വരുണിനെ ഏൽപ്പിച്ചു..

അവൻ അവളെ ചേർത്തുപിടിച്ചു കാറിലേക്ക് കയറ്റി…

നാലരയ്ക്ക് അവിടെ റിസപ്ഷൻ വെച്ചിട്ടുണ്ട്…അതിനു എത്താമെന്നു പറഞ്ഞു എല്ലാവരും പിരിഞ്ഞു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ചൈത്രം…

ആരതിയുഴിഞ്ഞു നിലവിളക്ക് കയ്യിൽ കൊടുത്തു ചിത്ര മകളെ അകത്തേക്ക് കയറ്റി..

പൂജാമുറിയിൽ കൊണ്ടു വിളക്ക് വെച്ചു വന്നതിനുശേഷം മുത്തശി മക്കൾക്ക് മധുരം നൽകി…

റിസപ്ഷൻ ന് അധികം സമയം ഇല്ലാതിരുന്നതിനാൽ താഴത്തെ റൂമിൽ തന്നെ കുറച്ചു റെസ്റ്റ് എടുത്ത ശേഷം കീർത്തന ഒരുങ്ങാൻ തുടങ്ങി…ബ്‌യൂട്ടീഷ്യനും എത്തിയിട്ടുണ്ടായിരുന്നു…

ശ്രീമംഗലത് നിന്നു പവിത്രയും ഹരിയോടൊപ്പം എത്തിയിരുന്നു…

റിസപ്ഷൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും
അലപ്പുഴയിൽ നിന്നും എല്ലാവരും എത്തി…

ഇതിനിടയിലും നാളത്തെ എക്സാം ഓർത്തു കീർത്തനക്ക് ടെന്ഷന് ഉണ്ടായിരുന്നു…

എല്ലാം കഴിഞ്ഞു ആൾക്കാരൊക്കെ പിരിഞ്ഞപ്പോൾ അപ്പു അവരുടെ അടുത്തെത്തി…

അവനും അച്ചുവും രോഹിതും പോയിട്ടുണ്ടായിരുന്നില്ല…

“എന്താടാ ഒരു ടെന്ഷന് ചിന്നു..”എക്സാം ഓർത്താണോ..?

“ഉം…”

“കൊച്ചച്ചൻ എത്ര പറഞ്ഞതാ അടുത്ത മാസത്തെ തീയതി എടുക്കാമെന്ന്..അതെങ്ങനെ…ഇവൻ സമ്മതിക്കണ്ടേ…”അപ്പു വരുണിനെ നോക്കി പറഞ്ഞു…

“അളിയൻ ഇങ്ങോട്ടൊന്ന് വന്നേ…”വരുണ് അപ്പുവിനെ കൂട്ടിക്കൊണ്ടു മാറിനിന്നു…

“അതേ…ഒരു അളിയനോട് പറയാവോ എന്നെനിക്കറിയില്ല…എന്നാലും പറയുവാ…

ഏഴു വർഷത്തോളമായി കണ്ടോണ്ടിരിക്കാൻ തുടങ്ങിയിട്ട്…ഇനി ഒരു മാസം കൂടി പോലും എനിക്കതിനു പറ്റില്ല…അതുകൊണ്ടാ…

മനസ്സിലായല്ലോ…ഇനി ഒന്നിനും കാത്തിരിക്കാൻ വയ്യെന്ന്..””

അപ്പു വായും പൊളിച്ചു നിന്നു…

“അപ്പ്വേട്ട…ദേ അവരൊക്കെ നോക്കുന്നു…വായടച്ചു വെച്ചു ഒരു നിഷ്‌കു ഭാവമിട്ടു അങ്ങു ചെല്ലു…”

അപ്പു ചെറിയ ചിരിയോടെ നടന്നു നീങ്ങി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
“ചിന്നു…നീ കിടന്നോ…രാവിലെ എഴുന്നേക്കണ്ടതല്ലേ…”

“പാൽ..”അവൾ കയ്യിലിരുന്ന പാൽ അവനു നേരെ നീട്ടി…

“ഓഹ്..ഇതൊക്കെ ഉണ്ടായിരുന്നോ…”

അവൻ അതു വാങ്ങി പകുതി കുടിച്ചു ബാക്കി അവൾക്കു നൽകി…

“ഉം…കയറി കിടന്നോ…”

അവൾ കട്ടിലിലേക്ക് കയറി നിവർന്നു കിടന്നു..

തല ചരിച്ചു അവനെ നോക്കിയപ്പോൾ അവളുടെ വശത്തേക്ക് ചരിഞ്ഞു കണ്ണടച്ചു കിടക്കുകയാണ്…

അവൾ അവനെ ആകെയൊന്നു ശ്രെദ്ധിച്ചു..

വലതു കൈ ബെഡിൽ വെച്ചിട്ടുണ്ട്..അതിൽ തന്റെ പേര് കൊത്തിയ മോതിരം..കഴുത്തിലെ സച്ചിൻചെയ്യിന്റെ മാല ടീഷർട്ടിനിടയിലൂടെ പുറത്തേക്കു കിടക്കുന്നു…നെറ്റിയിൽ അലസമായി കിടക്കുന്ന മുടിയിഴകൾ….ചുണ്ടിലൊരു കുസൃതിച്ചിരി….

“ചിന്നൂ…ഇങ്ങനെ നോക്കാതെ…നാണം വരുന്നു..”

അവന്റെ പറച്ചിൽ കേട്ടു അവൾ അമ്പരന്നു അവന്റെ മുഖത്തേക്ക് നോക്കി..

“എന്റെ ശക്തിദേവതേ എനിക്ക് ശക്തി തരൂ…”അവൻ ഒരു പില്ലോ എടുത്തു കെട്ടിപ്പിടിച്ചു കൊണ്ടു തിരിഞ്ഞു കിടന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേ ദിവസം..

ചിന്നൂനെ എക്സമിനു കൊണ്ട് പോകാനായി അവൻ ബുള്ളെറ്റ് എടുത്തിറങ്ങി…

അമ്മയോട് യാത്ര പറഞ്ഞു അവൾ പോകാനിറങ്ങി…

അവന്റെ ഒപ്പം കോളേജിൽ ചെന്നു അവൾ ക്ലാസ്സിലേക്ക് കയറി…

അത്യാവശ്യം നന്നായി പരീക്ഷ എഴുതി അവൾ പുറത്തേക്കിറങ്ങിയപ്പോൾ മുറ്റത്തെ വാകമരത്തിൻ ചുവട്ടിൽ അവൻ നിൽപ്പുണ്ടായിരുന്നു..

ബുള്ളറ്റിൽ കയറി വീട്ടിലേക്ക് മടങ്ങും വഴി വണ്ടി വേറൊരു റോഡിലേക്ക് തിരിയുന്ന കണ്ടവൾ ചോദിച്ചു..

“ഇതെങ്ങോട്ടാ..”

മറുപടി പറയാതെ ഒരു ഐസ്ക്രീം പാര്ലറിന് മുന്നിൽ വണ്ടി നിർത്തി അവൻ അകത്തേക്ക് കയറി…കൂടെ അവളും..

റോഡ് കാണാവുന്ന രീതിയിൽ ഒരു ഇരിപ്പിടത്തിൽ ഇരുന്നു അവൾക്കിഷ്ടമുള്ള ഫലൂധ ഓർഡർ ചെയ്തു..

അവനെ നോക്കിയിരുന്ന അവളോട് എതിർവശത്തെക്കു ചൂണ്ടി ഈ സ്ഥലം ഓർമയുണ്ടോ എന്നു ചോദിക്കുമ്പോൾ ആ കണ്ണിലെ പിടപ്പ് അവൾക്കു കാണാൻ കഴിഞ്ഞു…

അങ്ങോട്ട് നോക്കിയ അവൾ കണ്ടത് ഒരു മെഡിക്കൽ ഷോപ് ആയിരുന്നു…

!!!!!അതേ…സ്വപ്ന ഉണ്ണ്യേട്ടനെ കാത്തു നിന്ന മെഡിക്കൽ ഷോപ്…!!!!!

അവൻ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു…

“ക്ലാസ് കട്ടു ചെയ്തു ഇവിടിരിക്കുമ്പോഴാണ് അവൾ എതിർവശത് അമ്മയ്ക്ക് മെഡിസിൻ വാങ്ങാൻ നിന്ന എന്നെ കണ്ടത്…ഇവിടുന്നിറങ്ങി വന്നു എന്റെ ബുള്ളറ്റിൽ ചാരി നിന്ന കാഴ്ചയാണ് നീ കണ്ടത്…ലിഫ്റ്റ് ചോദിച്ച അവളോട്‌ ഓട്ടോറിക്ക്ഷ്വ സ്റ്റാന്റ് കാട്ടിക്കൊടുത്തു പോയ എന്നോടായിരുന്നു നിന്റെ പിണക്കം….”

അവൾ അവന്റെ കയ്യിൽ തെരുപ്പിടിച്ചു…ആരുംകാണാതെ സ്വന്തം ചെവിയിൽ പിടിച്ചു ക്ഷമാപണം നടത്തി…

അവിടുന്നിറങ്ങി പിന്നെ ബുള്ളറ്റ് ചെന്നു നിന്നത് ഇരു കടവാതിൽക്കൽ ആയിരുന്നു….ഒരു ബുക് സ്റ്റാളിന്റെ അടുത്തുള്ള കട….അതിന്റെ പുറകിലേക്ക് ഒരു ചെറിയ കെട്ടിടം…

അവൻ അവളുമായി ആ കടയിലേക്കു ചെന്നു…

അവിടെ ഇരുന്ന ഒരു പ്രായമായ മനുഷ്യൻ അവനെ കണ്ടു പണിപ്പെട്ട് എഴുന്നേറ്റു…

“ഇരുന്നോ…ബഷീറിക്കാ…”

അപ്പോഴാണ് അവൾ ശ്രെദ്ധിച്ചത്…അയാൾക്ക്‌ ഒരു കാലില്ല…

“ഞാൻ ഉമ്മാടടുത്ത് പോയിട്ടു വരാം”.. എന്ന് പറഞ്ഞു ആ കടയുടെ പുറകിലേക്ക് നീങ്ങിയ അവന്റെ പുറകെ അവളും ചെന്നു….

“എന്റ റബ്ബേ…ഇതാരൊക്കെയാ…”അകത്തു നിന്നു ഒരു സ്ത്രീ ചോദിച്ചു…

“ചിന്നൂ…ഇത് ഖദീജുമ്മ…ബഷീറിക്കാടെ ഭാര്യ…”വരുണ് പറഞ്ഞു…

ഉമ്മ ഇപ്പൊ ജൂസ് എടുക്കാട്ടോ..”

ഖദീജുമ്മ അകത്തേക്ക് പോയി….

“അച്ഛന്റെ കൂട്ടുകാരനായിരുന്നു ബഷീറിക്കാ…രാമൻമാമനും അച്ഛനും ബഷീറിക്കയും കൂടി ബിസിനസ് ആവശ്യത്തിനു പോകുമ്പോഴാണ് ആക്സിഡന്റ് ഉണ്ടാകുന്നത്….രാമൻ മാമൻ നിസ്സാരപരിക്കോടെ രക്ഷപെട്ടു..അച്ഛൻ പോയി…ബഷീറിക്കാടെ ഒരു കാൽ നഷ്ടപ്പെട്ടു….”

“ഒരു സന്നദ്ധസംഘടന വിദേശത്തുള്ള ഒരു കമ്പനിയുമായി ചേർന്നു ഡിസെബിൾഡ് ആയിട്ടുള്ളവർക്ക് അവർക്കാവശ്യമായ ഉപകരണങ്ങൾ നൽകുന്നൊരു പദ്ധതി ഉണ്ടായിരുന്നു…
ബഷീറിക്കായ്ക്കു വേണ്ടി വീല്ചെയറിന് അപ്പ്ലിക്കേഷൻ കൊടുത്തിരുന്നു…അതിന്റെ ഡീറ്റൈൽസ് ഉടനെ വേണമെന്ന് പറഞ്ഞു അവർ എന്നെ വിളിച്ചപ്പോൾ അത് വാങ്ങാനാണ് അന്നിവിടെ വന്നത്…”

“വഴിയിൽ വെച്ചു വണ്ടി കേടായി നിന്ന രാജഗോപാൽ സർ സ്വപ്നയെ ഒന്നു കമ്പ്യൂട്ടർ ക്ലാസ്സിൽ ഡ്രോപ്പ് ചെയ്യുവോ എന്നു ചോദിച്ചപ്പോൾ ”നോ” പറയാൻ പറ്റിയില്ല”

തണ്ണിമത്തൻ ജൂസുമായി വന്ന ഖദീജുമ്മയുടെ കയ്യിൽ നിന്ന് അതും മേടിച്ചു കുടിച്ചു വരുണ് പുറത്തേക്കിറങ്ങി…

പുറത്തേക്കിറങ്ങിയ കീർത്തനയുടെ കയ്യിൽ പിടിച്ചു ഖദീജുമ്മ പറഞ്ഞു..

“മോളെ…കാലിൽ ഒരു മുള്ളു പോലും കൊള്ളാതെ ,നിന്റെ കൃഷ്ണമണി പോലെ കാത്തോളണ്ം കേട്ടോ…നിധിയാണ് അവൻ….”

ഖദീജുമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടവൾ നിറമിഴികളോടെ ദൂരേക്ക് നോക്കി…

ഒരു കൈ ജീൻസിന്റെ പോക്കറ്റിലിട്ടു മറുകൈയിലെ വിരലുകളിൽ വണ്ടിയുടെ താക്കോൽ കറക്കി നടന്നു നീങ്ങുന്ന തന്റെ പ്രീയപ്പെട്ടവനെ…

വീട്ടിലെത്തി ഡ്രസ് മാറ്റാനായി ഉണ്ണി മുകളിലേക്ക് കയറി…

അമ്മയെന്തോ ചോദിച്ചതിന് മറുപടി പറയാതെ “”ഇപ്പൊ വരാം “”എന്ന് പറഞ്ഞു അവളും മുകളിലേക്ക് കയറി….

ഷർട്ടു മാറ്റിക്കൊണ്ട് നിന്ന അവന്റെ പുറകിൽ ചെന്നു മുറുകെ കെട്ടിപ്പിടിച്ചു അവൾ….

തിരിച്ചു നിർത്തിയ അവന്റെ രോമാവൃതമായ മാറിലും മുഖത്തും കവിളുകളിലും ചുംബനങ്ങൾ കൊണ്ടു മൂടുമ്പോൾ അവൾ കരയുകയായിരുന്നു…

“എന്നോട് പൊറുക്കണം ഉണ്ണ്യേട്ട….”

അവൻ അവളെ ഒന്നുകൂടി വരിഞ്ഞുമുറുക്കി…

“ഇനിയും എന്തുണ്ടെങ്കിലും ഏട്ടനോട് തുറന്നു പറയണം നീ..മനസ്സിൽ വെച്ചു വിഷമിച്ചു..നെഞ്ചു പൊള്ളിച്ചു നടക്കരുത്…നമ്മൾ ഒന്നാണ് ചിന്നൂട്ടാ..
എന്റെ പ്രാണനാണ് നീ…അതുപോലെ എന്നെ നിന്റെ പ്രാണൻ ആയി കണ്ടോളണം…”

“അതങ്ങനെയാണല്ലോ…എന്റെ ഉണ്ണികുട്ടാ…”അവൾ അവന്റെ മൂക്കിൽ തന്റെ മൂക്ക് കൊണ്ടുരസി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാത്രി…

ഭക്ഷണം കഴിഞ്ഞു അമ്മയെയും ഗിരിജ ആന്റിയെയും കിച്ചനിൽ അത്യാവശ്യം സഹായിച്ചതിനു ശേഷം മുത്തശ്ശിക്കൊരു ഗുഡ്നൈറ്റും കൊടുത്തിട്ട് കീർത്തന മുകളിലേക്ക് ചെന്നു….

വരുണിനെ മുറിയിൽ കാണാഞ്ഞു പുറത്തേക്കു നോക്കിയപ്പോൾ ആൾ അവിടെ കൈ പിന്നിൽ കെട്ടി ആകാശത്തേക്കും നോക്കി നില്പുണ്ട്….

അവൾ അടുത്തേക്ക് ചെന്നു ആ കയ്യിൽ തൂങ്ങി…

അവൻ അവളെ ചേർത്തു നിർത്തി കൊണ്ടു ആകാശത്തേക്ക് വിരൽ ചൂണ്ടി..

പനിമതിയും ശതകോടി നക്ഷത്രങ്ങളും നിലാവിൽ കുളിച്ചു നിൽക്കുന്നു…

“ആ നക്ഷത്രങ്ങൾക്കിടയിൽ ഒരാൾ അച്ഛനാണ്…ഇവിടെ വന്നു നിന്നു ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്..
നിന്നെയും അറിയാം അച്ഛന്..”

“അച്ഛാ…ഇതാണെന്റെ പെണ്ണ്….അച്ഛന്റെ മോൾ…”അവൻ അങ്ങോട്ടു നോക്കി കൊണ്ടു പറഞ്ഞു…

അവൻ അവളുടെ പുറകിൽ വന്നു നിന്നു വയറിലൂടെ ചുറ്റിപ്പിടിച്ചു കഴുത്തിലേക്കു മുഖം പൂഴ്ത്തി…

ആ അധരങ്ങളുടെയും കൈകളുടെയും സ്ഥാനം തെറ്റി തുടങ്ങിയപ്പോൾ ചിന്നു തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു നിന്നു…

ആ നെഞ്ചിന്റെ താളം അവൾ അനുഭവിച്ചറിയുകയായിരുന്നു…അവൾ മിഴികൾ പൂട്ടി ആ ഹൃദയത്തിലേക്കു പറ്റിചേർന്നു…..അപ്പോഴും ആ കൈകളും ചുണ്ടുകളും കുസൃതി കാണിക്കുകയായിരുന്നു…

എപ്പോഴോ അവൻ തന്നെ വാരിയെടുത്തു മുറിയിലേക്ക് പോകുന്നതവൾ അറിഞ്ഞു..

ഏഴുവർഷമായി പെയ്യാൻ കൊതിച്ചൊരു വർണ്ണമേഘം അവളിൽ പെയ്തൊഴിയുകയായിരുന്നു…പിന്നീട്…

നിശീഥിനിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ ഉള്ള ഒരു ശുഭമുഹൂർത്തിൽ അവളെ പൂർണമായും തന്റെ സ്വന്തമാക്കിക്കഴിഞ്ഞുഅവളിൽ നിന്നും അടർന്നു മാറി അവളെതന്നെ നോക്കിക്കിടന്ന വരുണിന്റെ കണ്ണുകളിൽ പുറത്തുകണ്ട ശതകോടി നക്ഷത്രങ്ങളുടെയും തിളക്കമുണ്ടായിരുന്നു….💓💓💓

കീർത്തന അപ്പോഴും മറ്റൊരു ലോകത്തായിരുന്നു….പച്ചപുൽത്തകിടിയിൽ ഒരുപാട് മിന്നാമിനുങ്ങുകളുടെയും പൂമ്പാറ്റകളുടെയും നടുവിൽ തന്റെ പ്രീയപ്പെട്ടവന്റെ ചുംബനമേറ്റു…..ആ നെഞ്ചിന്റെ ചൂടിലും….ഹിമകണങ്ങളേറ്റു വാങ്ങി…..💓💓💓

അപ്പോൾ അങ്ങകലെ ദേവലോകത്ത്… ദേവദാരുവിന്റെ ചുവട്ടിലിരുന്നു…. മഹാദേവന്റെ നിർദ്ദേശപ്രകാരം… പ്രണയദേവതമാർ ഒരു കീർത്തനം രചിക്കുന്ന തിരക്കിലായിരുന്നു…

“”ഇന്നോളം ആരും രചിച്ചിടാത്തൊരു””””

💕പ്രണയകീർത്തനം💕

ഇനിയൊരു തുടർച്ചയില്ല….💕💕💕💕

💓ദിവ്യ കശ്യപ്💓

സ്നേഹം എല്ലാവരോടും💓
നിങ്ങൾ തന്ന സ്നേഹത്തിനും സൗഹൃദത്തിനും ഒരുപാട് നന്ദി..

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6

പ്രണയകീർത്തനം : ഭാഗം 7

പ്രണയകീർത്തനം : ഭാഗം 8

പ്രണയകീർത്തനം : ഭാഗം 9

പ്രണയകീർത്തനം : ഭാഗം 10

പ്രണയകീർത്തനം : ഭാഗം 11

പ്രണയകീർത്തനം : ഭാഗം 12

പ്രണയകീർത്തനം : ഭാഗം 13

പ്രണയകീർത്തനം : ഭാഗം 14

പ്രണയകീർത്തനം : ഭാഗം 15