Wednesday, January 22, 2025
Novel

പ്രണയകീർത്തനം : ഭാഗം 11

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


കീർത്തന ടി വി യിലേക്ക് മിഴികൾ നട്ടിരുന്നു…

ഒരിക്കൽ പോലും വരുണ് ഇരിക്കുന്ന ഭാഗത്തേക്കവൾ നോക്കിയില്ല…

വരുണ് അവളെ നോക്കിയിരിക്കുവാരുന്നു…

ഒരുപാട് മാറ്റം…പൊട്ടു പോലും കുത്തിയിട്ടില്ല…കണ്ടാലേ പറയും.. എന്തൊക്കെയോ വിഷമങ്ങൾ ഉള്ളിൽ കൊണ്ടു നടക്കും പോലെ…

“ചിന്നൂ…”അവൻ മൃദുവായി വിളിച്ചു…

“എന്താടാ നിനക്കു പറ്റിയെ..?”

“എത്രനാളായി നീ എന്നോടൊന്ന് മിണ്ടീട്ടു….?”

“എന്താ വയ്യാണ്ടായെ…”

“ഹോസ്പിറ്റലിൽ ആയിട്ടു എന്നെയെന്താ അറിയിക്കാഞെ?..”

“ഒന്നു മിണ്ടു ചിന്നൂ നീ എന്നോട്…”

“ഇങ്ങനെ അവഗണിക്കല്ലേ….ഇത് എനിക്ക് താങ്ങാൻ പറ്റുന്നില്ലെടാ…”

“കുറച്ചു തിരക്കൊക്കെ ആയതു കൊണ്ട് വിളിക്കാനോ വരാനോ പറ്റിയില്ല…അതാണോ കാര്യം?…”

“എന്ത് തന്നെയാണെങ്കിലും നീ എന്നെ മനസ്സിലാക്കുമല്ലോ എന്നു കരുതി…”

“ചിന്നൂ…നീ എന്തെങ്കിലുമൊന്നു പറ…”

വരുണ് വിങ്ങലോടെ പറഞ്ഞു…

__”എനിക്കൊന്നും സംസാരിക്കാനില്ല”__

“എന്നെ കാണാനായി ഇനി ഇവിടെ വരണ്ടാ”…

അവൾ എഴുന്നേറ്റു…

“പോകരുത്..എനിക്ക് സംസാരിക്കണം”

വരുണ് കൈനീട്ടി അവളെ തടഞ്ഞു…

“ഇനിയൊരു തിരിച്ചു വരവില്ല..ഉണ്ണ്യേട്ട…”

“അത് ഞാൻ തീരുമാനിച്ചതാ…”

“നിനക്കെന്താ…വട്ടായോ ചിന്നൂ..”

“എന്തൊക്കെയാ നീ പറയുന്നേ”..

‘എല്ലാം ആലോചിച്ചിട്ടു തന്നെയാ പറയുന്നേ…”

“നമുക്ക് പിന്നെ സംസാരിക്കാം ചിന്നു..ഇപ്പൊ നിന്റെ മാനസികാവസ്ഥ ശെരിയല്ല…”

വരുണ് വിഷമത്തോടെ പറഞ്ഞു..

“ഞാൻ പറഞ്ഞല്ലോ…ഒന്നുമില്ല എനിക്ക് സംസാരിക്കാൻ..”

അവൾ പുറത്തേക്കിറങ്ങാൻ തുടങ്ങി…

“ഞാൻ വിളിക്കും രാത്രി…” അവൻ പെട്ടെന്ന് പറഞ്ഞു…

അവൾ അവനെ തിരിഞ്ഞു നോക്കി..

“ഈ ആറു വര്ഷമായിട്ടു ഉണ്ണ്യേട്ടൻ എന്നെ വിളിച്ചിട്ടില്ലല്ലോ…”

“ഇനിയും വിളിക്കണ്ടാ..”

“എത്ര തവണ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…ഒന്നു വിളിച്ചിരുന്നെങ്കിൽ എന്നു-”

“ഒന്നു എന്റെ അടുത്തു വന്നിരുന്നെങ്കിൽ എന്നു…”

“അന്നോന്നും തോന്നാത്തത് ഇപ്പൊ തോന്നേണ്ട കാര്യമില്ല…”

“എല്ലാവരെയും പരിഗണിച്ചു കഴിഞ്ഞു ഏറ്റവും അവസാനമായി പരിഗണിക്കാൻ നിന്നു തരാൻ ഇനി ഞാനില്ല..”

“ആരും സ്നേഹിച്ചില്ലെങ്കിലും ഞാനെങ്കിലും സ്നേഹിക്കണ്ടേ എന്നെ..”

അവൾ വിതുമ്പിപ്പോയി…

“കരയല്ലേ…നീ…ഒക്കെ ശെരിയാവും..”

അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..

“എല്ലാം നിന്റെ തോന്നലാ…”

“കണ്മുന്നിൽ കണ്ടതെല്ലാം തോന്നലാകുന്നതെങ്ങനാ…?”

“എന്റെ കണ്ണിനെ ഞാൻ അവിശ്വസിക്കണ്ടല്ലോ..”

“എന്തു കണ്ടൂന്നു”?…വരുണിന് ഒന്നും മനസ്സിലായില്ല

പിന്നൊന്നും പറയാൻ അവൾക്കു കഴിഞ്ഞില്ല…

ആ ഓർമകളെ തന്നെ അവൾ ഭയന്നു…

അന്നത്തെ പോലെ വീണുപോയെക്കുമോ എന്നു പേടിച്ചു ചുവരുകളിൽ പിടിച്ചാണ്..അവൾ തന്റെ റൂമിലേക്ക് പോയത്..

വരുണ് പുറത്തേക്കിറങ്ങിയപ്പോൾ അപ്പു ഋതുവുമായി കിച്ചനിൽ നിന്നു വന്നു…

അവളെ അവിടെ നിന്നു മാറ്റാനായി അവളോട് ഓംലെറ്റ് ഉണ്ടാക്കി താ എന്നും പറഞ്ഞു വിളിച്ചു കൊണ്ടു പോയതാണ് അവൻ…

“പോകാം…അപ്പ്വേട്ട…”…

‘കഴിഞ്ഞോ’ എന്നു അപ്പു അവനോട് ആംഗ്യത്തിൽ ചോദിച്ചു…

വരുണ് മെല്ലെ തല കുലുക്കി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°രാത്രി സമയം…

വരുണ് പലവുരു കീർത്തനയെ വിളിച്ചു നോക്കിയിട്ടും ആ ഫോൺ ശബ്ദിച്ചില്ല…

അവൾ ഉണർന്നു കിടക്കുകയായിരുന്നു…ആ രാത്രി അവൾക്കു ഉറങ്ങാൻ കഴിയുമായിരുന്നില്ല…

ജനാല തുറന്നു പുറത്തെ നിലാവിലേക്കു അവൾ നോക്കിയിരുന്നു..

അങ്ങകലെ ശതകോടി നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു…അതിൽ ഒരു നക്ഷത്രം മാത്രം ഒരു പ്രത്യേക തരത്തിൽ ചിമ്മുന്നു…

_തനിക്കു തോന്നിയതാവുമോ…_

ഏയ്…അല്ല…അതൊരു പ്രത്യേക ചിമ്മലാണ്….

അവൾ കിടക്കയിലേക്ക് ചാഞ്ഞു…

എന്തിനോ മിഴികൾ നിറയുന്നു..

ഒരു വേള അതു നിയന്ത്രണതീതമായി അവളുടെ തലയണയെ കുതിർത്തു..

പിന്നീടുള്ള ദിവസങ്ങളിലും അത് തന്നെയായിരുന്നു അനുഭവം…

ഒരു മാറ്റം നല്ലതാണെന്ന് അവൾക്കു തോന്നി…

ഇനിയെന്തായാലും എക്സാം കൂടിയേ ഉള്ളൂ…

അതിനിനിയും ആഴ്‌ചകൾ ബാക്കിയുണ്ട്…

വീട്ടിലേക്കു തിരിച്ചുപോകണമെന്നു അവൾ ആഗ്രഹിച്ചു…

പിറ്റേദിവസത്തെ പത്രവാർത്തയിൽ നിന്നു എല്ലാ പി ജി പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ് ലഭിച്ചു…

അതവൾക്ക് ഒരനുഗ്രഹമായി…

തിരിച്ചു പോയേക്കാം എന്നു തന്നെ അവൾ തീരുമാനിച്ചു…

എക്സാം ഡിക്ലയർ ചെയ്യുമ്പോൾ വന്നാൽ മതിയല്ലോ…

തന്നെയുമല്ല അപ്പച്ചിയും രോഹിതേട്ടനും ഋതുവുമൊക്കെ പോയിക്കഴിഞ്ഞാലുള്ള ഒറ്റപ്പെടലിൽ നിന്നു ഒഴിവാകുകയും ചെയ്യാം…

ഒറ്റക്കിരിക്കുമ്പോഴുള്ള ഓർമകളുടെ കുത്തൊഴുക്കിൽ താൻ ഒലിച്ചുപോകുന്നതായി അവൾക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു…

വീട്ടിലാകുമ്പോൾ അമ്മയുണ്ടാകും..അമ്മയ്ക്കിപ്പോൾ സ്കൂളിൽ വെക്കേഷൻ ആണ്…

പിറ്റേദിവസം അപ്പച്ചിയോട് കാര്യം പറഞ്ഞു അച്ഛനെ വിളിച്ചു…

അടുത്ത ഞായറാഴ്ച കൂട്ടിക്കൊണ്ടു പോകാൻ വരാമെന്ന് ദേവരാജ് അറിയിച്ചു…

അങ്ങനെ രണ്ടു വർഷത്തെ ഓർമകളും സ്വപ്നങ്ങളും ബാക്കിയാക്കി താൻ തിരികെ പോകുകയാണെന്ന് അവൾ ഓർത്തു…

ഇങ്ങോട്ട് വരുമ്പോൾ ഇത് ഉണ്ണ്യേട്ടന്റെ നാടാണെന്ന ഒരു സന്തോഷം തനിക്കുണ്ടായിരുന്നു…

തിരക്കേറിയ വീഥികളിൽ എവിടെയെങ്കിലും വെച്ചു കാണു മായിരിക്കും എന്നു നിനച്ചിരുന്നു…

ഒട്ടും പ്രതീക്ഷിക്കാതെ സ്വന്തം വീട്ടിൽ,അവിടുത്തെ ഒരു അംഗത്തെ പോലെ ആളെ കണ്ടപ്പോഴുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു…

സത്യത്തിൽ സന്തോഷം കൊണ്ട് കരഞ്ഞു പോയിരുന്നു…

ഒരുപാട് നന്ദി പറഞ്ഞു മഹാദേവനോട്..ആ കണ്പീലികൾ സ്വന്തം ആക്കിത്തന്നതിനു…മനസ്സിൽ ഒരായിരം കൂവളമാലകൾ ചാർത്തി ദേവന്…

എന്നിട്ടും….

ഒരു പെണ്ണും ആഗ്രഹിക്കില്ല..തന്റെ പ്രിയപ്പെട്ടവനെ മറ്റൊരു പെണ്ണിന്റെ കൂടെ കാണാൻ…

അതും ഒരു തവണയല്ല…പലതവണ..

അവൾ ഏതോ കംപ്യൂട്ടർ കോഴ്സ് ചെയ്യുന്നുണ്ട്…

ആ ക്ലാസ് ടൈമിൽ ആണ് അവളെ ഉണ്ണ്യേട്ടന്റെ ഒപ്പം കണ്ടിട്ടുള്ളത്…

ഇനിയിപ്പോ അതിനു എന്തൊക്കെ ന്യായീകരണങ്ങൾ നികത്തിയാലും കണ്ണിൽ കണ്ടത് അവിശ്വസിക്കാൻ താൻ തയ്യാറല്ല…

ആ കാര്യത്തിൽ ഇനിയൊരു സംസാരം ഉണ്ടാവില്ല….

പോകുന്ന കാര്യം മനപ്പൂർവം അപ്പ്വേട്ടനോട് പറഞ്ഞില്ല…

തലേദിവസം രാത്രി പറയാം..അവൾ വിചാരിച്ചു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ശ്രീമംഗലം…

പവിത്ര ശ്രീലക്ഷ്മിയോട് കല്യാണ കാര്യം പറയുകയായിരുന്നു…

ശ്രീബാലനും ഉണ്ടായിരുന്നു കൂടെ…

കാര്യങ്ങൾ താൻ ഉദ്ദേശിച്ചടുത്തു വന്നതിൽ ശ്രീലക്ഷ്മി സന്തോഷിച്ചു…

വലുതായി മെനക്കെടേണ്ടി വന്നില്ല..

തന്റെ കാൽക്കീഴിൽ വന്നു എല്ലാം..

ഇതിപ്പോ വീട്ടുകാരായി ആലോചിക്കൂന്നു എന്നേ വരൂ…

എന്നാലും വരുണ് ഓക്കെ പറയുമെന്ന് വിചാരിച്ചില്ല…

അങ്ങനെയൊരു താത്പര്യമൊന്നും ആളിൽ കണ്ടിട്ടില്ല…

“മോളെ…നിനക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ലല്ലോ”?..ശ്രീബാലൻ ചോദിച്ചു…

“ഇല്ലഛാ…”

പവിത്ര സന്തോഷത്തോടെ മുത്തശ്ശിയോട് വിവരം പറയാൻ പോയി..

“എന്തൊക്കെയാ നിനക്ക് വേണ്ടതെന്നു വെച്ചാൽ മുന്നേ തന്നെ പറഞ്ഞേക്കണം…”ശ്രീബാലൻ ചിരിയോടെ പറഞ്ഞു…

“എല്ലാം എനിക്ക് തന്നെയല്ലേ…. …കൂടുതലായിട്ട് ഒന്നും വേണ്ട…”

“ചിത്രപ്പച്ചിയുടെ ഷെയർ അത് കൊടുക്കണ്മല്ലോ….അത് വരുണിന് ഉള്ളതല്ലേ…പിന്നെ എനിക്കുള്ള ഷെയർ അതും അച്ഛൻ തരണമല്ലോ…പിന്നെ അവിടുത്തെ ആസ്തി….ഞാൻ ഹാപ്പി ആണ് അച്ഛാ….”

ശ്രീലക്ഷ്മി ഗൂഢസ്മിതത്തോടെ പറഞ്ഞു…

“ആകെയുള്ള പ്രശ്നം…എന്തോ കടപ്പാടിന്റെയൊക്കെ പേരിൽ അവിടെയുള്ള രണ്ടു പേർ മാത്രമാ…”

“അതിനെന്തെങ്കിലും വഴി ഉണ്ടാക്കണം”

“ഉം…”ശ്രീബാലൻ ഒന്നമർത്തി മൂളി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞായറാഴ്ച്ച…..

രാവിലെ തന്നെ ദേവരാജ് എത്തി..

ബ്രെക്ഫാസ്റ്റിന് ശേഷം അല്പനേരം എല്ലാവരോടും ഇരുന്നു സംസാരിച്ചു..

പതിനൊന്നു മണിയോടെ കീർത്തന പോകാൻ ഒരുങ്ങി..

അപ്പ്വേട്ടനോട് ഇന്നലെ രാത്രിയാണ് ഇന്ന് പോകും,അച്ഛൻ കൊണ്ടു പോകാൻ വരും എന്നൊക്കെ അവൾ പറഞ്ഞത്…

ഇനി എക്സാമിനെ വരൂ എന്നവൾ പറഞ്ഞപ്പോൾ നിർവികാരതയോടെ അവൻ കേട്ടിരുന്നു…

തന്നോട് പിണക്കമൊന്നും ഇല്ലെങ്കിൽ നാളെ അപ്പ്വേട്ടൻ വരണം എന്നവൾ പറഞ്ഞപ്പോൾ വരാം എന്നവൻ പറഞ്ഞു…

അച്ഛൻ അങ്കിളിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്….

കീർത്തന പുറത്തേക്കിറങ്ങി…

പൂച്ചെടികളുടെ ഇടയിൽ പോയി കുറച്ചു നേരം നിന്നു…

ഇതിനിടയിൽ നിന്നാണ് വല്ലപ്പോഴുമാണെങ്കിലും ഉണ്ണ്യേട്ടനോട് സംസാരിച്ചിരുന്നത്….

അവൾ തുളസിച്ചെടിയുടെ അടുത്തു വന്നു….

മുൻപൊരിക്കൽ തുളസിയിലകൾ കിള്ളി അവന്റെ മുഖത്തേക്ക് എറിഞ്ഞതവൾ ഓർത്തു…

അന്ന് പറഞ്ഞായിരുന്നു ഉണ്ണ്യേട്ടൻ..

‘തന്നെ കണ്ടു മടുത്തുവെന്നു’…

അതിത്രയും പെട്ടെന്ന് യാധാർഥ്യമായി തീരുമെന്ന് നിനച്ചില്ല….

അവൾ ആ തുളസി ചെടിയിൽ നിന്നും ഒരു പിടി തുളസിയിലകൾ കിള്ളി കൈക്കുമ്പിളിൽ വെച്ചു….’ഇരിക്കട്ടെ’…

അവൾ അകത്തേക്ക് കയറി…

റൂമിൽ മൊത്തത്തിൽ ഒന്നു പരതി…

എന്തെങ്കിലും ഉണ്ടോ എടുക്കാൻ…????

മേശയുടെ വലിപ്പു തുറന്നു…

‘”””‘ഉണ്ണ്യേട്ടൻ തന്ന സിന്ദൂരച്ചെപ്പ് …..”””’

അവൾ അത് കയ്യിലെടുത്തു അതിലേക്കു നോക്കി….

‘എല്ലാവരുടെയും അനുഗ്രഹത്തോടെ ചാർത്തി തരാമെന്നു പറഞ്ഞിട്ട്….’

ആ കുങ്കുമവർണത്തിലുള്ള രക്തത്തുള്ളികൾ ആണ് ഇപ്പോൾ ഹൃദയത്തിൽ നിന്നു കിനിയുന്നത് എന്നവൾ ഓർത്തു….

വേണ്ട….ഇത് തനിക്ക് വേണ്ടാ…

പെട്ടെന്ന് ആരോ ഡോർ തുറന്നു..

….അപ്പ്വേട്ടൻ…

അവൾ വേഗം ചെപ്പ് മേശവലിപ്പിലേക്കു തന്നെ വെച്ചു…

“പോകാൻ തന്നെ തീരുമാനിച്ചു അല്ലെ?”…

“ഉം..”അവൾ ഒരു തളർന്ന പുഞ്ചിരി അവനു സമ്മാനമായി നൽകി…..

“വരുണ്”….അപ്പു ഇടക്ക് വെചു നിർത്തി…

“ആ ചാപ്റ്റർ മറന്നേക്കൂ അപ്പ്വേട്ട…”

അവർ പോകാനിറങ്ങി..

അപ്പുവും രോഹിതും കൂടി ബാഗൊക്കെ കൊണ്ടു ഡിക്കിയിൽ വെച്ചു..

കീർത്തന സിറ്റ് ഔട്ടിലേക്കിറങ്ങി…

ആ ചുവരുകളിൽ കൈകൾ ചേർത്തു…

തന്റെ പ്രണയത്തിന്റെ തുടക്കം…ഇവിടെ വെച്ചായിരുന്നു…ഒടുക്കവും…

ഈ ഭിത്തിയിൽ ചാരി നിന്നപ്പോൾ ആണ് ആ കണ്ണുകൾ തന്നെ ഉറ്റുനോക്കി കൊണ്ടു ഇഷ്ടമാണെന്ന് പറഞ്ഞത്….

ഒടുവിൽ കരഞ്ഞു വിറങ്ങലിച്ചു പ്രണയനഷ്ടത്തിൽ അപ്പ്വേട്ടന്റെ മടിയിൽ കിടന്നതും ഇവിടെ തന്നെ…

എല്ലാം തീർന്നു…

കീർത്തനയുടെ മിഴികൾ നിറഞ്ഞു തുളുമ്പി…

മുറ്റത്തെ പിച്ചകത്തോടും മന്ദാരത്തോടും അവൾ യാത്ര പറഞ്ഞു..

എല്ലാവരെയും നോക്കി കൈവീശി കാണിച്ചു കൊണ്ടവൾ സ്വപ്നങ്ങൾ നെയ്യാൻ പഠിപ്പിച്ച ആ വീടിനോടും തൊടിയോടും യാത്ര ചൊല്ലി അച്ഛന്റെ ഒപ്പം കാറിലേക്ക് കയറി…

കണ്മറയുവോളം തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അവളിരുന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഋതുവിന്റെ ഫ്രണ്ട് ആർദ്രയുടെ കല്യാണത്തിന് ചെന്നപ്പോൾ ഋതുവും ഒരു ഫ്രണ്ടും കൂടി വരുണിന്റെ വീട്ടിൽ കയറി….

അകത്തെക്കു വന്ന ഋതുവിനെ കണ്ടു വരുണ് സന്തോഷത്തോടെ എഴുന്നേറ്റു…

അമ്മയെയും ഗിരിജ ആന്റിയെയും വിളിച്ചു പരിചയപ്പെടുത്തി….

കുറെ നേരം വരുണും അമ്മയുമായി ഇരുന്നു അവർ സംസാരിച്ചു…

കുറച്ചു കഴിഞ്ഞപ്പോൾ എല്ലായിടവും ഒന്നു കാണട്ടെ എന്നും പറഞ്ഞു ഋതു എഴുന്നേറ്റു…വരുണും…

അവർ പുറത്തെ വിശാലമായ ഗാര്ഡനിലേക്കു ഇറങ്ങി…

ഒരു പാർക് പോലെയാണ് ഋതുവിന് തോന്നിയത്….

ഒട്ടു മിക്ക സ്ഥലവും പച്ചപുൽത്തകിടായിരുന്നു….ഇടക്കിടെ വുഡ്ൻ ബെഞ്ചുകൾ ഉണ്ടായിരുന്നു..

നല്ല തണലും തണുപ്പുമായിരുന്നു അവിടെ…

പുറകിലേക്ക് നിറച്ചു തേക്കിൻ മരങ്ങൾ ആയിരുന്നു…

വെയിലിന്റെ ഒരു കണിക പോലും ആ വീട്ടിലേക്കു എത്തി നോക്കില്ല എന്നു ഋതുവിന് തോന്നി…

“നല്ല വീട് വരുണ് ചേട്ടാ” ഋതു പറഞ്ഞു..

വരുണ് ചിരിച്ചു…

“അന്ന് ചിന്നുചേച്ചിയുമായി വരാമെന്നല്ലേ ഋതു പറഞ്ഞത്…

എന്തേ ആൾക്ക് വയ്യേ…എന്താ വരാഞ്ഞെ….?”

“അതിനു കക്ഷി സ്റ്റാൻഡ് വിട്ടല്ലോ..”നാലു ദിവസമായി പോയിട്ട്…”

“എവിടെ…?”വരുണ് ഞെട്ടലോടെ ചോദിച്ചു…

‘”അലപ്പുഴക്ക്..എക്സാം മാറ്റി വെച്ചല്ലോ…ഇനി ചിലപ്പോൾ അടുത്ത മാസമേ കാണൂ…”

പിന്നെയും ഋതു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

വരുണ് അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല…

അവന്റെ മനസ് തിളച്ചു മറിയുകയായിരുന്നു….

പ്രക്ഷുബ്ധമായ ഒരു കൊടുങ്കാറ്റു വീശിയ പോലെ അവൻ ആടിയുലഞ്ഞു..

ഇനിയും ഒരു മഹാമാരിക്കായി തയ്യാറെടുക്കുന്ന പോലെ തനിക്കു ചുറ്റും പ്രപഞ്ചം ഇളകിമറിയുന്നു എന്നു അവനു തോന്നി…

എപ്പോഴോ ഋതുവും കൂട്ടുകാരിയും യാത്ര പറഞ്ഞു പോയി…

അവർ പോയത് എപ്പോഴാണെന്നു പോലും അവന്റെ ബോധമണ്ഡലത്തിലേക്കു വന്നില്ല…

എപ്പോഴോ ഇടറുന്ന കാലുകളോടെ മുകളിലെ തന്റെ മുറിയിൽ പോയി കിടന്നു…

ഇനിയും തനിക്കരികിലേക്കു ഒരു കുളിർകാറ്റായി അവൾ കടന്നു വന്നിരുന്നുവെങ്കിൽ എന്നു ശക്തമായി അവൻ ആഗ്രഹിച്ചു…

കണ്ണുകൾ ഇറുക്കിയടച്ചു കിടക്കുമ്പോൾ കൂടുതൽ മിഴിവോടെ ആ മുഖം തന്നിലേക്കമരുന്നത് പോലെ അവനു തോന്നി….

ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോളാണ് ആ മുഖം തന്റെ അടുത്തില്ലെന്നു അവൻ തിരിച്ചറിഞ്ഞത്…

കൈനീട്ടി ഫോൺ എടുത്തു…

“ഉണ്ണ്യേട്ട…” കീർത്തനയുടെയും അജ്ഞനയുടെയും ഫ്രണ്ട് ആയ ആദർശ് ആയിരുന്നു വിളിച്ചത്…

‘”എന്താടാ?”…

“അന്നൊരിക്കൽ ഉണ്ണ്യേട്ടൻ എന്നോട് ഞങ്ങളുടെ കൂടെ പഠിച്ച ആദിത്യന്റെ കാര്യം ചോദിച്ചില്ലാരുന്നോ”?

“ഉം…”

“എന്താ അങ്ങനെ ചോദിച്ചേ…?”

“വെറുതെ…” വരുണ് മറുപടി നൽകി..

“അവൻ ലീവിന് വന്നിട്ടുണ്ട്…ഞാൻ വഴിയിൽ വെച്ചു കണ്ടാരുന്നു…”

“എന്നോട് കീർത്തുവിനെ പറ്റി തിരക്കി…”

“അവനു അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ടെന്നു”…

“പണ്ടേ ഇഷ്ടമായിരുന്നു എന്നു…”

“ജോലിയൊക്കെ കിട്ടിയിട്ട് പറയാമെന്നു വിചാരിച്ചായിരുന്നു എന്നു…”

“അവൻ വീട്ടിൽ പറഞ്ഞൂത്രേ….അവർ അതു നോക്കാൻ പോകുന്നു എന്ന്”..

ലോകം കീഴ്മേൽ മറിയുന്ന പോലെ തോന്നി അവനു…

ഓരോ രോമകൂപവും വേദനയാൽ വിങ്ങുന്നു…

ഇത്രമേൽ ഒരു കാര്യവും തന്നെ ഇതുവരെ ഇങ്ങനെ മുറിവേല്പിച്ചിട്ടില്ല എന്നവന് തോന്നി…

ശരീരത്തിന്റെ ഓരോ അണുവിലും ആരോ കാരമുള്ളു കുത്തിയിറക്കുന്ന വേദന…

ആ വേദന താങ്ങാനാവാതെ എങ്ങോട്ടെങ്കിലും ഒന്നു ഓടി പോകാൻ അവൻ ആഗ്രഹിച്ചു…

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6

പ്രണയകീർത്തനം : ഭാഗം 7

പ്രണയകീർത്തനം : ഭാഗം 8

പ്രണയകീർത്തനം : ഭാഗം 9

പ്രണയകീർത്തനം : ഭാഗം 10