Friday, November 22, 2024
Novel

പവിത്ര: 31- അവസാനഭാഗം

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും പവിത്രയുടെ കണ്ണുകൾ വിടർന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് കാണാൻ കാത്തിരുന്നവർ തന്നെ… ചിപ്പി…
പുറകിലെ ഡോർ അവൾ തുറന്നു കൊടുക്കുന്നു..
ചിപ്പിയുടെ അമ്മ ആണ് പുറകിലെ സീറ്റിൽ നിന്നും ഇറങ്ങി വന്നത്. അവരുടെ കയ്യിൽ ടർക്കിയിൽ പൊതിഞ്ഞു കുഞ്ഞ് ഉണ്ടായിരുന്നു.

പവിത്രക്ക് മുൻപേ പത്മം ഓടി ഇറങ്ങി രാജിയുടെ അടുത്തേക്ക് ചെന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ അവർ കൈ നീട്ടി. ചിപ്പിയെ ഒന്ന് നോക്കിയിട്ട് രാജി കുഞ്ഞിനെ പത്മത്തിന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
പവിത്രയും അവരുടെ അടുത്ത് വന്നു. ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അവൾ കാറിലേക്ക് തന്നെ വീണ്ടും നോക്കി.

ഇനിയും പുറത്തേക്ക് ഇറങ്ങി വരാൻ മടിക്കുന്ന പ്രശാന്തിനെയാണ് അവൾ നോക്കിയത്. പത്മം ആകട്ടെ കുഞ്ഞിനെ കയ്യിൽ കിട്ടിയതും മറ്റൊരു ലോകത്ത് ആയിരുന്നു… പ്രശാന്ത് എവിടെ എന്ന് തിരക്കാനോ വന്നവരോട് കയറി ഇരിക്കാനോ പറയാൻ അവർ മറന്നിരുന്നു.

മുൻപ് എപ്പോഴും കാണാറുള്ള തലക്കനം അമ്മയ്ക്കും മോൾക്കും ഇപ്പോൾ ഇല്ലെന്ന് പവിത്രക്ക് തോന്നി. മുഖത്തേക്ക് നോക്കാതെ പരസ്പരം കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന ചിപ്പിയെയും അമ്മയെയും അവൾ ശ്രദ്ധിച്ചു.

പെട്ടെന്നാണ് ഡ്രൈവിങ് സീറ്റിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നത്. പ്രശാന്തിനെ പ്രതീക്ഷിച്ചു നിന്ന എല്ലാവരുടെ മുഖത്തും അപരിചിതനെ കണ്ട അമ്പരപ്പ് പ്രകടമായിരുന്നു.

” ചിപ്പി വന്ന കാര്യം പറയാതെ നിങ്ങൾ എന്താ ഇങ്ങനെ നിൽക്കുന്നത്…
സമയം വൈകുന്നു ”
അക്ഷമയോടെ ചെറുപ്പക്കാരൻ എല്ലാവരെയും നോക്കി.

” പ്രശാന്ത് എവിടെ ചിപ്പി ”
പവിത്ര തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.

പവിത്രയുടെ ശബ്ദത്തിലെ കടുപ്പം തിരിച്ചറിഞ്ഞ ചിപ്പിയുടെ ഉള്ളിൽ ഭയം ഉടലെടുത്തു. അവൾ ഒരു ആശ്രയത്തിനു എന്ന വണ്ണം രാജിയെ നോക്കി.

” പ്രശാന്ത് ഇപ്പോൾ ഞങ്ങളുടെ കൂടെ അല്ല പവിത്ര താമസിക്കുന്നത്. ചിപ്പിയും പ്രശാന്തും രണ്ടിടത്ത് ആണ് ഇപ്പോൾ താമസിക്കുന്നത്. ”

” നിങ്ങൾ എന്താ ഈ പറയുന്നത്… എന്റെ മോൻ എവിടാ ”
പത്മം ദേഷ്യത്തോടെ രാജിയെയും ചിപ്പിയെയും നോക്കി.

” നിങ്ങളുടെ മോനേ വല്ല ഭ്രാന്താശുപത്രിയിലും പോയി തിരക്ക് ഭ്രാന്ത്‌ ആണ് അവന് ”
ചിപ്പിയും ദേഷ്യത്തോടെ തന്നെ തിരിച്ചു പറഞ്ഞു.

” ചിപ്പി ”
പവിത്രയുടെ വിളിയിൽ ശാസനയുടെ ധ്വനി ഉണ്ടായിരുന്നു.

” ചിപ്പി പറഞ്ഞതിൽ സത്യമുണ്ട് പവിത്ര… അമിതമായ ഡ്രഗ്സിന്റെ ഉപയോഗം പ്രശാന്തിന്റെ മനോനില തെറ്റിച്ചു. ഒരു വട്ടനെ പോലെയാണ് ഇപ്പോൾ അവന്റെ പെരുമാറ്റം. ഞങ്ങളെയൊക്കെ അവൻ ഉപദ്രവിക്കാൻ ശ്രമിച്ചു. അതുകൊണ്ട് അവനെ ഇപ്പോൾ ഒരു മെന്റൽ ഹോസ്പിറ്റലിലേക്ക് ഞങ്ങൾ മാറ്റി ”

വളരെ ലാഘവത്തോടെ രാജി പറഞ്ഞ ഓരോ വാക്കുകളും അത് കേട്ട് നിന്നവരുടെ നെഞ്ചിൽ ഒരു ഈർച്ച വാൾ കണക്കെ തറച്ചു കയറി.
രാഘവനും ഡേവിഡും അവരുടെ അടുത്തേക്ക് ചെന്നു.

” നിങ്ങൾ എന്താ ഈ പറയുന്നത് ഞങ്ങളുടെ കൊച്ചനു ഭ്രാന്ത്‌ ആയെന്നോ…
തങ്കം പോലെ ഇരുന്ന അവനെ ആ സ്ഥിതിയിൽ എത്തിച്ചത് നിങ്ങളുടെ മോള് അല്ലേ ”
അയാൾ വർദ്ധിച്ച രോക്ഷത്തോടെ അവരുടെ നേരെ തട്ടിക്കയറി.

” ഹേയ് മിസ്റ്റർ അങ്ങോട്ട് മാറി നിന്നേ വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കല്ലേ ”
ചിപ്പിയുടെ ഒപ്പം വന്ന ചെറുപ്പക്കാരൻ രാഘവന്റെ നെഞ്ചിനു പിടിച്ചു പുറകിലേക്ക് തള്ളി. വീഴാൻ പോയ അയാളെ ഡേവിഡ് താങ്ങി നിർത്തി.

” ഞങ്ങൾ ഒരു പ്രശ്നത്തിന് വന്നതല്ല… പ്രശാന്തിന്റെ കൂടെ ചിപ്പിക്ക് ഇനി ഒരു ജീവിതം ഇല്ല… ഇത് രാഹുൽ എന്റെ കൂട്ടുകാരിയുടെ മകൻ ആണ്.. യൂകെയിൽ സെറ്റിൽഡ് ആണ് ഇവർ. രാഹുലും ചിപ്പിയും തമ്മിൽ ഇഷ്ടത്തിൽ ആണ്… രാഹുലിന്റെ കൂടെ യൂകെയിൽ പോവുകയാണ് ചിപ്പി. കുഞ്ഞ് അവർക്ക് ഒരു ബാധ്യത ആണ്.. പ്രശാന്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അവന്റെ കയ്യിൽ കുഞ്ഞിനെ കൊടുക്കാൻ സാധിക്കില്ല. അതുകൊണ്ട് കുഞ്ഞിനെ നിങ്ങളെ ഏൽപ്പിക്കാൻ വന്നതാണ് ഞങ്ങൾ ”

യാതൊരു മനസ്താപവുമില്ലാതെ രാജി പറയുന്നത് കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു എല്ലാവരും.

ജനിച്ചിട്ട് ഇരുപത്തിയെട്ട് പോലുമാകാത്ത സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പുതിയ ജീവിതം തുടങ്ങാൻ പോകുന്ന ചിപ്പിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു പവിത്ര. കുറച്ചെങ്കിലും കുറ്റബോധമോ വിഷമമോ അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല.

” നിങ്ങളും ഒരു അമ്മയല്ലേ രാജി… മകളെ പറഞ്ഞു മനസ്സിലാക്കി കൂടെ.. പൊടിക്കുഞ്ഞിനെ ഉപേക്ഷിച്ചു പോകരുതെന്ന് അവളോട് പറയ്‌… പ്രശാന്തിന്റെ അസുഖം ഒക്കെ മാറി വരുമ്പോൾ അവന്റെ ഭാര്യയും കുഞ്ഞും ഇവിടെ വേണം ”
പത്മം അപേക്ഷ പോലെ രാജിയോട് പറഞ്ഞു.

” പിന്നെ ആ വട്ടന്റെ കൂടെ ജീവിക്കാൻ എന്റെ പട്ടിയെ കിട്ടും. ഞാൻ രാഹുലിന്റെ ഒപ്പം പോവാണ്. കുഞ്ഞിനെ നിങ്ങൾ എടുത്തോ ”

ചിപ്പി രാഹുലിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കാറിലേക്ക് കയറാൻ ഒരുങ്ങി.

” ചിപ്പി ഒന്ന് നിന്നേ ”
പവിത്രയുടെ പിൻവിളിയിൽ മുൻപോട്ട് നടക്കാനാകാതെ അവൾ നിന്നുപോയി. പവിത്ര അവളുടെ മുന്നിലേക്ക് ചെന്നു നിന്നു. കൈ വീശി ഒരു അടി അവളുടെ കരണത്ത് അടിച്ചു.
അടി കിട്ടിയ കവിൾ പൊത്തിപ്പിടിച്ചു കൊണ്ട് ചിപ്പി പകയോടെ അവളെ നോക്കി.

” നീ വട്ടൻ എന്ന് വിളിക്കുന്ന എന്റെ അനിയന് ജന്മനാ ഭ്രാന്ത്‌ ഉണ്ടായിരുന്നില്ല. ഇവിടെ നിന്നും നിന്റെ വീട്ടിൽ പൊറുക്കാൻ വന്നപ്പോൾ മുതലാണ് അവൻ വട്ടനായത്.
പിന്നെ നിന്നേ ഞാൻ തല്ലിയത് അതിനല്ല….
പ്രശാന്തിന്റെ കൂടെ ജീവിക്കാൻ വയ്യാ കുഞ്ഞിനെ മാത്രം മതി എന്ന് നീ പറഞ്ഞിരുന്നെങ്കിൽ നിന്നോട് എനിക്ക് മതിപ്പ് തോന്നിയേനെ…
എന്നാൽ ഒരു ആപത്ത് കാലം വന്നപ്പോൾ ഭർത്താവിനെയും നൊന്ത് പ്രസവിച്ച ചോരകുഞ്ഞിനെയും കളഞ്ഞിട്ട് വേറൊരുത്തന്റെ കൂടെ ലൈഫ് എൻജോയ് ചെയ്യാൻ പോകുന്ന നിനക്ക് ഒരു തല്ലെങ്കിലും ഞാൻ തരണ്ടേ… ഒന്ന് നീ ഓർത്ത് വെച്ചോ ചിപ്പി നീ ഈ ചെയ്യുന്ന മഹാപാപത്തിന്റെ ശിക്ഷ നിനക്ക് ഒരിക്കൽ കിട്ടിയിരിക്കും ”

” എടി എന്റെ മോളേ നീ കൈ വെക്കും അല്ലേ… നിന്നെ ഞാൻ കാണിച്ചു തരാം ”
രാജി പവിത്രയുടെ നേരെ ചീറി കൊണ്ട് അടുത്തു.

പവിത്രയുടെ കൈ ചിപ്പിയുടെ അടുത്ത കവിളിൽ വീണു. ചിപ്പിയും ചിപ്പിയെ പിടിച്ചു കൊണ്ട് നിന്ന രാഹുലും ഞെട്ടി പോയി.

” ഇത് നിന്റെ തള്ളയ്ക്ക് ഉള്ളതാ… മക്കൾ തെറ്റായ വഴിയിൽ കൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് നേർവഴി കാട്ടി കൊടുക്കാതെ കൊള്ളരുതായ്മക്ക് ഒക്കെ കൂട്ട് നിൽക്കുന്ന നിന്റെ ഈ പിഴച്ച തള്ളയ്ക്ക് ഉള്ള സമ്മാനം.
ഇനി ഈ വീടിന്റെ മുറ്റത്ത് നിന്നും ഇറങ്ങിക്കോ അമ്മയും മോളും പുതിയ കാമുകനും… കുഞ്ഞിന്റെ പേരും പറഞ്ഞു ഒറ്റ ഒരെണ്ണം ഈ പടി കടന്നു വന്നുപോയേക്കരുത്…
ഈ കുഞ്ഞിന് ഇനി അച്ഛനും അമ്മയും എല്ലാമായി പവിത്ര മാത്രം മതി… പവിത്ര മാത്രം… !!!

അവളെ നോക്കി പല്ല് കടിച്ചിട്ട് അമ്മയും മോളും കാറിൽ കയറി. കണ്മുന്നിൽ നിന്ന് ആ കാർ മറയുന്നത് വരെ എല്ലാവരും മുറ്റത്ത് തന്നെ നിന്നു. കുഞ്ഞിന്റെ കരച്ചിൽ ആണ് എല്ലാവരെയും യാഥാർഥ്യത്തിലേക്ക് തിരികെ എത്തിച്ചത്. പത്മം വാവയെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നിട്ടും കുഞ്ഞ് കരച്ചിൽ നിർത്താതെ വന്നപ്പോൾ പവിത്ര അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.
തന്റെ നെഞ്ചോട് അടുക്കി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു. അല്പ സമയം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിലും നിലച്ചു.

പത്മം ഡേവിഡിനെ വിട്ട് കുഞ്ഞിന് കുറുക്കി കൊടുക്കാനുള്ള ബേബി ഫുഡ്‌ വാങ്ങിപ്പിച്ചു. അത് കൊടുത്തു കഴിഞ്ഞപ്പോൾ കുഞ്ഞിന് ആശ്വാസമായി.

ശശിധരൻ വഴി പ്രശാന്ത് ഏത് ഹോസ്പിറ്റലിൽ ആണെന്ന് പവിത്ര മനസ്സിലാക്കി. അവനെ കാണാൻ അവൾ തയാറായി ഇറങ്ങി.
പത്മത്തിനെ കൂടെ കൂട്ടിയില്ല… ഒരിക്കലും അവർക്ക് ഇതൊന്നും താങ്ങാൻ കഴിയില്ലെന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നു.

” ഞാനും വരാം ”
ഒപ്പം ചെല്ലാമെന്ന് ഡേവിഡ് പറഞ്ഞപ്പോൾ മറിച്ചൊന്നും പറയാൻ അവൾക്ക് തോന്നിയില്ല.
അവിടെ എത്തിയപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറമായിരുന്നു പ്രശാന്തിന്റെ രൂപം. മാനസിക നില തെറ്റിയ മനോരോഗിയെ പോലെ പെരുമാറുന്ന അവനെ കണ്ടതും തന്റെ നെഞ്ച് പൊടിയുന്നത് പോലെ പവിത്രക്ക് തോന്നി.

അനിയൻ ആയിരുന്നെങ്കിലും മകനെ പോലെ ആയിരുന്നു അവനെ കണ്ടിരുന്നത്. ഉള്ളിൽ സ്നേഹം നിറച്ചു വെച്ചിട്ട് പുറമേ കർക്കശകാരിയായ ചേച്ചിയായി പെരുമാറിയത് അവന്റെ നന്മയെ കരുതി മാത്രമായിരുന്നു. എന്നാൽ ഇന്ന് എല്ലാം വൃഥാവിലായി.

ഉടനെ ഒരു റിക്കവറി പ്രശാന്തിന്‌ സാധ്യമല്ല എങ്കിലും പഴയ പ്രശാന്ത് ആയി പതിയെ അവൻ മാറുമെന്ന ഡോക്ടറുടെ ഉറപ്പിൽ ആണ് പവിത്രയും ഡേവിച്ചനും വീട്ടിലേക്ക് തിരിച്ചത്.
വീട്ടിലേക്കുള്ള യാത്രയിൽ തീർത്തും നിശബ്ദ ആയിരുന്നു പവിത്ര. ആകെ തകർന്ന പോലുള്ള അവളുടെ ഇരിപ്പ് ഡേവിച്ചനും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

വീട്ടിൽ എത്തിയപ്പോൾ രാഘവൻ പറഞ്ഞു എല്ലാവരും പവിത്രക്ക് എൽ ഡി സി പോസ്റ്റിൽ ജോലി കിട്ടിയ കാര്യം അറിഞ്ഞു കഴിഞ്ഞിരുന്നു.കണ്ണൂർ ആണ് പോസ്റ്റ് കിട്ടിയിരിക്കുന്നത്.
പത്മത്തിനും സൗമ്യക്കും ഒക്കെ ഈ വാർത്ത ഒരു അത്ഭുതം ആയിരുന്നു. പവിത്ര അങ്ങനെ എക്സാം അറ്റൻഡ് ചെയ്യുന്ന കാര്യങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല. ഡേവിഡിനും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനും ഒരുപാട് സന്തോഷം തോന്നി…
ഇത്രയും ബുദ്ധിമുട്ടുകൾക്ക് ഇടയിലും എല്ലാവരും സ്വപ്നം കാണുന്ന ഗവണ്മെന്റ് ജോലി അവൾ നേടിയെടുത്തതിൽ അഭിമാനവും.

മുന്നോട്ടുള്ള ദിവസങ്ങളിൽ പ്രശാന്തിന്റെ മോള് പവിത്രയുമായി നന്നായി ഇണങ്ങി കഴിഞ്ഞിരുന്നു. പുറത്ത് നിന്ന് നോക്കി കാണുന്നവർക്ക് അവർ ശരിക്കും അമ്മയും കുഞ്ഞും തന്നെ ആയിരുന്നു.
കുഞ്ഞിന് പ്രാർത്ഥന എന്ന് അവർ പേരിട്ടു.

മുരളി കുഞ്ഞിനെ ഏറ്റെടുത്തതിൽ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ചിപ്പിയുടെ കയ്യിൽ തന്നെ കുഞ്ഞിനെ തിരികെ ഏൽപ്പിക്കാൻ അയാൾ ആവശ്യപ്പെട്ടെങ്കിലും പവിത്ര തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.

പോകുമ്പോൾ പ്രാർത്ഥന മോളെയും കൊണ്ടുപോകാൻ പവിത്ര തീരുമാനിച്ചു. ആരും മറിച്ചു ഒരു അഭിപ്രായം പറഞ്ഞില്ല.
പവിത്ര പോകുന്ന ദിവസം എല്ലാവരും ശ്രീശൈലത്തിൽ എത്തി. ഇത്തവണ രാജേഷിന്റെ ഒപ്പം അവന്റെ ഭാര്യയും മകനും ഉണ്ടായിരുന്നു.

അവസാന നിമിഷത്തിലും ഡേവിഡിന്റെ കാര്യത്തിൽ പോസിറ്റീവ് ആയൊരു തീരുമാനം പവിത്രയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിൽ ആദിക്കും രാജേഷിനും ഒക്കെ വിഷമം ഉണ്ടായിരുന്നു.
ഡേവിഡിന്റെ ഉള്ളിലും ദുഃഖം ഉണ്ടായിരുന്നെങ്കിലും പുറമേ അവൻ സന്തോഷവാനായി നിന്നു.

ഇറങ്ങാനുള്ള സമയമായി…
രാജേഷ് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാമെന്ന് പറഞ്ഞത് കൊണ്ട് കൊണ്ടുപോകാനുള്ളതൊക്കെ അവന്റെ വണ്ടിയിൽ എടുത്തു വെച്ചു. പോകാനായി പവിത്ര കുഞ്ഞിനേയും എടുത്തു ഇറങ്ങി. അവളുടെ പുറകേ ഒരു ബാഗുമായി പത്മവും ഇറങ്ങി വന്നു.
പവിത്ര അമ്പരപ്പോടെ അമ്മയെ നോക്കി.

” എന്താടി നോക്കുന്നത്…
നീ എവിടാണോ അവിടെ ഈ അമ്മയും കാണും
നിനക്ക് ഇട്ടിട്ട് പോകാൻ പറ്റുമായിരിക്കും പക്ഷേ എനിക്ക് എന്റെ മോളേ കാണാതെ ഇരിക്കാൻ പറ്റില്ല ”
കെറുവോടെ പറഞ്ഞിട്ട് പത്മം കാറിൽ പോയിരുന്നു. പവിത്ര ചിരിയോടെ അത് നോക്കി നിന്നു. ശേഷം സാവിത്രി അമ്മയോടും അമ്മാവനോടും അമ്മായിയോടും സൗമ്യയോടും ഒക്കെ യാത്ര പറഞ്ഞു.

” ആദി ഈ വീട് നിന്നെ ഞാൻ ഏൽപ്പിക്കുക ആണ്.. അതുപോലെ തന്നെ ഇടയ്ക്കിടെ പ്രശാന്തിന്റെ വിവരങ്ങൾ പോയി തിരക്കണം എന്നെ വിളിച്ചു പറയണം ”
പവിത്ര ആദിയുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

” എല്ലാം ഞാൻ നോക്കിക്കോളാം… പവിത്രേച്ചി സമാധാനമായി പോയി വാ ”
അവളുടെ കൈകളിൽ മുറുകെ പിടിച്ചു ആദി ഉറപ്പ് നൽകി.

പിന്നെ ഒന്നും മിണ്ടാതെ പവിത്ര കുഞ്ഞുമായി വണ്ടിയിലേക്ക് കയറാനായി നടന്നു. തന്റെ നേരെ പ്രതീക്ഷയോടെ നീളുന്ന ഡേവിഡിന്റെ നോട്ടത്തെ അവഗണിച്ചു കൊണ്ടായിരുന്നു അവളുടെ നടപ്പ്. ആദിയും സൗമ്യയും സങ്കടത്തോടെ അവനെ നോക്കി…
നിറഞ്ഞു വന്ന മിഴികൾ അവരിൽ നിന്നും ഒളിപ്പിക്കാൻ അവൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

ഡോർ തുറന്നു അവൾ കുഞ്ഞിനെ പത്മത്തിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു. തിരിഞ്ഞു അവൾ ഡേവിഡിനെ നോക്കി… കണ്ണുതുടച്ചു കൊണ്ട് നിൽക്കുന്ന ഡേവിച്ചനെ കണ്ടതും അവളുടെ നെഞ്ചോന്നു പിടഞ്ഞു.
പവിത്ര ഡേവിച്ചന്റെ അടുത്തേക്ക് വന്നു. ഒരു നിമിഷം രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു.

” മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൂടെ ഡേവിച്ചാ…
എന്നെ കാത്ത് എന്തിനാ സമയം പാഴാക്കുന്നത്..
ഇപ്പോൾ എനിക്ക് മറ്റൊരു ചുമതല കൂടിയുണ്ട്.. പ്രാർത്ഥന മോള്…
അവൾക്ക് വേണ്ടിയാണ് ഇനി എന്റെ ജീവിതം ”

” എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല പവിത്ര…
എന്റെ ജീവിതത്തിൽ ഒരു പെണ്ണേയുള്ളൂ അത് താൻ മാത്രമാ…
കുഞ്ഞിനെ ഓർത്താണ് താൻ പുറകോട്ട് വലിയുന്നതെന്ന് എനിക്ക് അറിയാം.
പക്ഷേ താൻ എന്നെ മനസ്സിലാക്കിയിട്ടില്ല തന്റെ ഇഷ്ടങ്ങൾ തന്നെയാണ് എന്റെ ഇഷ്ടവും… താൻ മകളായി കാണുന്ന കുഞ്ഞ് എന്റെയും മോള് ആയിരിക്കും….
അതിനിയും എങ്ങനെ തന്നെ പറഞ്ഞു ബോധ്യപ്പെടുത്തും എന്ന് അറിയില്ല…
പക്ഷേ ഒന്നുണ്ട് താൻ നോക്കി ഇരുന്നോ തന്റെ പുറകേ ഞാൻ അവിടെ എത്തിയിരിക്കും…
തന്നിൽ നിന്നും ഒരു മോചനം എനിക്ക് സാധ്യമല്ല…
താൻ എവിടാണോ അവിടെ ഞാനും കാണും ”

ഇടറുന്ന സ്വരത്തിൽ ആണ് അവൻ പറഞ്ഞു നിർത്തിയത്.

” അങ്ങനെ ആണല്ലേ… ശരി ഞാൻ കാത്തിരിക്കാം.. ”
പവിത്ര പറഞ്ഞത് എന്താണെന്ന് മനസ്സിലാകാതെ അവൻ എടുത്തു ചോദിച്ചു.

” എന്താ ”

” ഡേവിച്ചന്റെ വരവിനായി ഞാൻ കാത്തിരിക്കാമെന്ന്… !!
പുഞ്ചിരിയോടെ പവിത്ര അവനെ നോക്കി. ഡേവിഡിന് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല. ഒരു പകപ്പോടെ ആ നിൽപ്പ് നിൽക്കുമ്പോൾ പവിത്ര കാറിൽ കയറി കഴിഞ്ഞിരുന്നു.

പവിത്രയുടെ മുഖത്തെ നിറഞ്ഞ സന്തോഷവും ചിരിയും കണ്ട രാജേഷിനും ആദിക്കും കാര്യം മനസ്സിലായി.
ആദി ഡേവിഡിന്റെ തലയ്ക്കു ഒരു തട്ട് കൊടുത്തപ്പോൾ ആണ് അവൻ സ്വബോധത്തിലേക്ക് വന്നത്. അവൻ പവിത്രയെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും വണ്ടി മുന്നോട്ട് എടുത്തിരുന്നു.

പവിത്ര തല പുറത്തേക്ക് ഇട്ട് ഡേവിഡിനെ കൈ വീശി കാണിച്ചു. അവനും ചിരിയോടെ കൈവീശി കാണിച്ചു.

പാതിവഴിയിൽ താങ്ങായി തന്റെ പ്രിയപ്പെട്ടവൻ എത്തുമെന്ന ശുഭപ്രതീക്ഷയിൽ പവിത്ര തന്റെ ജീവിതയാത്രക്ക് ആരംഭം കുറിച്ചു…
പുതിയ ജീവിതം സ്വപ്നം കണ്ടൊരു യാത്രക്ക് തുടക്കം കുറിക്കുക ആയിരുന്നു അവിടെ…
ഒപ്പം പുതിയ ചുമതലകളും… !!

ശുഭം

അവസാനിച്ചു എന്ന് പറയാൻ വയ്യാ… പവിത്രയുടെ ജീവിതം ശരിക്കും പറഞ്ഞാൽ ഇവിടെ തുടങ്ങുന്നതേയുള്ളൂ… !!
ലാസ്റ്റ് പാർട്ട്‌ എത്രത്തോളം നന്നായി എന്നറിയില്ല.
നമ്മുക്ക് ചുറ്റും ഇതുപോലുള്ള പവിത്രമാർ ഉണ്ട്… പക്ഷേ അവരെയൊക്കെ ഇതുപോലെ ചേർത്ത് പിടിക്കുന്ന ഡേവിച്ചന്മാർ വളരെ ചുരുക്കം ആണ്..
ചിപ്പിക്ക് ഒരു ശിക്ഷ കൊടുത്തില്ല പ്രശാന്ത് നന്നായി തിരിച്ചു വന്നില്ല അതാണ് ഈ കഥയിൽ അപൂർണമായി നിൽക്കുന്നത്…
അത് അങ്ങനെ തന്നെ ഇരിക്കട്ടെ യഥാർത്ഥ ജീവിതത്തിൽ എല്ലാം ഒറ്റയടിക്ക് സാധ്യമല്ലല്ലോ..
നിങ്ങൾ അനുവാചകർക്ക് വിട്ടുതന്നിരിക്കുന്നു.. 😊

ഇനി സ്റ്റിക്കർ കമന്റ്‌ ഇട്ടവരും വെയ്റ്റിംഗ് ഇട്ടവരും കഥയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയണം 😊

തുടക്കം മുതൽ അവസാനം വരെ എന്നോടൊപ്പം സഞ്ചരിച്ച എന്റെ പ്രിയപ്പെട്ട വായനക്കാരോട് ഒരുപാട് നന്ദിയും സ്നേഹവും 😘😘😘

പിന്നെ ഒരു കാര്യം കൂടി ഉടനെ തന്നെ ഞാൻ പുതിയ കഥയുമായി വരുന്നുണ്ട്
“ഇഷ്ടം ” എന്നാണ് പേര്… എല്ലാരും കൂടെ ഉണ്ടാകണം.. വലിയ കഥ ഒന്നുമില്ല കുറച്ചു കോമഡി ഒരു റിലാക്സേഷന് വേണ്ടി 😁

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 23

പവിത്ര: ഭാഗം 24

പവിത്ര: ഭാഗം 25

പവിത്ര: ഭാഗം 26

പവിത്ര: ഭാഗം 28

പവിത്ര: ഭാഗം 29

പവിത്ര: ഭാഗം 30