Saturday, December 14, 2024
Novel

പവിത്ര: ഭാഗം 30

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

ഡേവിച്ചന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ പവിത്രയൊന്ന് പകച്ചു.അവൻ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു അവൾ ഒരടി അറിയാതെ പുറകിലേക്ക് വെച്ചു.

” ഡോ അവിടെ നിന്നേ താൻ എങ്ങോട്ടാ ഇടിച്ചു കേറി പോകുന്നത് ”
പവിത്ര പതിയെ പഴയ അവസ്ഥയിലേക്ക് തിരികെ എത്തി.

” എന്റെ പവിത്ര കൊച്ച് പേടിച്ചു പോയോ… ഇതൊക്കെ അച്ചായന്റെ ഓരോ നമ്പർ അല്ലേ ”
ഡേവിഡ് മീശ പിരിച്ചു കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു..

” ഇപ്പൊ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ട് ഞാൻ അങ്ങ് പേടിച്ചു പോയെന്നാണോ ഡേവിഡിന്റെ വിചാരം….
എന്റെ സമ്മതമില്ലാതെ ദേഹത്ത് തൊട്ടാൽ ആ കൈ വെട്ടും ഞാൻ ”
പവിത്ര വീറോടെ ഡേവിച്ചനെ നോക്കി. ചുണ്ടിലെ ചിരി മായാതെ അവൻ അവളെ തന്നെ നോക്കി നിന്നു.

” ഇപ്പൊ പറഞ്ഞത് കേട്ട് ഞാനും പേടിച്ചെന്ന് പവിത്ര മേഡം കരുതണ്ട…
ഏത് നിമിഷവും ഞാൻ പറഞ്ഞത് പോലൊരു സന്ദർഭം ഉണ്ടായെന്നു വരാം…
സോ കെയർഫുൾ ആയിരുന്നോ… ”

” മിസ്റ്റർ ഡേവിഡ് തനിക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ ”
പവിത്ര അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു.

” അച്ചായന്റെ നേരെ വിരൽ ചൂണ്ടുന്നോ…
ഒരടി വെച്ച് തരും ഞാൻ കേട്ടോ ”
അവൻ കൈ ഓങ്ങി കൊണ്ട് പറഞ്ഞു.

” ശ്ശേ..
പവിത്ര കലിയോടെ പുറത്തേക്ക് ഇറങ്ങി പോയി. പോയെന്ന് ഉറപ്പായതും ഡേവിച്ചൻ നെഞ്ചിൽ കൈ വെച്ചു കൊണ്ട് ദീർഘനിശ്വാസം എടുത്തു.

” ഹാവൂ രക്ഷപെട്ടു…
ഹിറ്റ്ലറിന്റെ മുന്നിൽ പൂച്ചയായി ഇരുന്നിട്ട് കാര്യമില്ല. ഇങ്ങനെ എന്തേലും പറഞ്ഞു പിടിച്ചു നിൽക്കണം.
കയ്യും കാലും കെട്ടിയിട്ട് കല്യാണം കഴിക്കുമെന്ന്.. !
അതും ഞാൻ !
നടന്നത് തന്നെ… ”
ഡേവിഡ് ഉറക്കെ ചിരിച്ചു.

” പക്ഷേ ആലോചിക്കാവുന്നതാണ് ”
അവൻ ചിരി നിർത്തി ആലോചനയോടെ പറഞ്ഞു.
അവൻ ഫോൺ എടുത്തു രാജേഷിന്റെ നമ്പറിൽ വിളിച്ചു.

” നീ ജീവനോടെ ഉണ്ടോടാ നാറി ”
ഫോൺ എടുത്ത ഉടനെ രാജേഷ് ചോദിച്ചത് അതാണ്.

” എടാ അളിയാ എനിക്ക് കല്യാണം കഴിക്കണം… ”

” ആഹ് പെട്ടെന്ന് പോയി കഴിച്ചോ… ഒറ്റത്തവണയെ കഴിക്കാവൂ ”
രാജേഷ് ചിരിയോടെ പറഞ്ഞു

” നിന്റെ ചളി കേൾക്കാൻ അല്ല ഞാൻ വിളിച്ചത്… എനിക്ക് അവളെ കെട്ടണം ”
ഡേവിഡിന്റെ ശബ്ദത്തിലെ വ്യത്യാസം അവൻ തിരിച്ചറിഞ്ഞു.

” അളിയാ നീ സീരിയസ് ആണോ ”

” അതേടാ… എങ്ങനെ എങ്കിലും അവളെ കൊണ്ടൊന്നു സമ്മതിപ്പിച്ചു ഞങ്ങടെ കെട്ടു നടത്തി താടാ ”

രാജേഷിന്റെ നിർത്താതെയുള്ള പൊട്ടിച്ചിരി ആണ് അതിന് മറുപടിയായി കിട്ടിയത്.

” എടാ തെണ്ടി നീ ഇവിടെ ഉണ്ടാരുന്നേൽ ഇപ്പൊ ചവിട്ടി കൂട്ടി ഞാൻ കുളത്തിൽ താഴ്ത്തിയേനെ..
മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് കാര്യം പറയുമ്പോൾ അവൻ കിടന്നു അട്ടഹസിക്കുന്നു… ”

” മര്യാദക്ക് ഞാൻ നിന്നോട് പറഞ്ഞതല്ലേ നമ്മുക്ക് അവളോട് സംസാരിച്ചു ഒരു തീരുമാനത്തിൽ എത്താമെന്ന്…
അപ്പൊ അവന് പ്രണയം കിട്ടിയില്ലെങ്കിലും വേണ്ടില്ല അവളുടെ സൗഹൃദം നഷ്ടപ്പെടുത്താൻ വയ്യാ… അങ്ങനാ ഇങ്ങനാ
എന്നൊക്കേ കുറേ ഡയലോഗ്…
ഇപ്പൊ എന്തുപറ്റി ”

അല്പനേരം ഡേവിഡ് മൗനമായി നിന്നു. പിന്നെ സംസാരിച്ചു തുടങ്ങി.

” അത് പിന്നെ അങ്ങനൊക്കെ പറയാൻ എളുപ്പമാ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടും.
ഉള്ളിൽ പ്രണയം വെച്ച് സൗഹൃദം നടിച്ചാൽ…
ആ പ്രണയത്തിനും സൗഹൃദത്തിനും ഒരു സത്യം ഇല്ലാതാകും…
ഞാൻ ആ രണ്ട് റിലേഷനിലും ആത്മാർത്ഥത ഇല്ലാത്തവൻ ആകും.
എനിക്ക് വയ്യാ ഇഷ്ടപ്പെട്ട പെണ്ണിനെ സുഹൃത്തായി മാത്രം കാണാൻ ”

” അങ്ങനെ വഴിക്ക് വാടാ മോനേ…
ഇത് നിന്റെ വായിൽ നിന്നു തന്നെ അധികം വൈകാതെ കേൾക്കാൻ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു… ”

ഡേവിഡ് അതിന് ഉത്തരം കൊടുക്കാതെ ചിരിച്ചു കൊണ്ട് നിന്നു.

” ഇളിച്ചോണ്ട് നിൽക്കാതെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറ ”
ഇതുവരെ നടന്ന കാര്യങ്ങൾ അവൻ രാജേഷിനോട് പറഞ്ഞു.

” ഓഹോ അപ്പൊ വെല്ലുവിളി വരെ ആയോ കാര്യങ്ങൾ ”

” അത് മാത്രമോ ഇതൊക്കെ പറയുമ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണണമായിരുന്നു… ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു ആ മൂക്ക്…
എനിക്ക് അപ്പോൾ തന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി…
പിന്നെ അതിന്റെ പരിണിതഫലം ഓർത്തപ്പോൾ സ്വയം കണ്ട്രോൾ ചെയ്തു… ”

” എടാ എടാ വൃത്തികെട്ടവനെ അവളുടെ ആങ്ങളയോട് ആണ് നീ ഇതൊക്കെ പറയുന്നത് ഓർമ്മ വേണം ”

” അതിനെന്താ നീ എന്റെ ചങ്ക് അല്ലേടാ ”

” ഉവ്വാ സുഖിച്ചു… എന്തായാലും നമ്മുക്ക് ശരിയാക്കാം എല്ലാം…
നീ ടെൻഷൻ ആവേണ്ട കേട്ടോ…
ഞാൻ പിന്നെ വിളിക്കാം ”

” ശരിയെടാ ”

പുറത്ത് ഈ ഫോൺ സംഭാഷണം കേട്ടു നിന്ന പവിത്ര പെട്ടെന്ന് തന്നെ അവളുടെ മുറിയിലേക്ക് പോയി. അവൾ കണ്ണാടിയിലേക്ക് നോക്കി. ശരിയാണ് കവിളുകൾ ചുവന്നിരിക്കുന്നു…
അത് ദേഷ്യത്താൽ ആണോ മറ്റേതെങ്കിലും വികാരത്തിൽ ആണോ… !

അറിയാതെ തന്നെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിടർന്നു. അത് കണ്ടുകൊണ്ടാണ് സൗമ്യ അകത്തേക്ക് കയറി വന്നത്.

” ഇതെന്താ പവിത്രേച്ചി തന്നെ നിന്ന് ചിരിക്കുന്നത്…. ”
സൗമ്യയുടെ സ്വരം കേട്ട് പവിത്ര ഞെട്ടി തിരിഞ്ഞു നോക്കി.

” ചിരിച്ചെന്നോ… ആര്… വെറുതെ നിന്ന് ചിരിക്കാൻ എനിക്ക് എന്താ വട്ടുണ്ടോ ”
എത്ര മറക്കാൻ ശ്രമിച്ചിട്ടും ലജ്ജയുടെ ചുവപ്പ് രാശികൾ കവിളുകളിൽ തെളിഞ്ഞു നിന്നു.

” മ്മ് മ്മ് എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് ”
സൗമ്യ കളിയാക്കി കൊണ്ട് ചിരിച്ചു.

” എന്ത് മനസ്സിലായെന്ന്…
നിനക്ക് വേറേ പണിയൊന്നും ഇല്ലേ…എന്തിനാ എന്റെ പുറകേ നടക്കുന്നത് ”
കപടഗൗരവത്തോടെ പവിത്ര സൗമ്യയെ നോക്കി.

” ഇവിടെ കുറച്ചു ബുക്സ് ഇരിക്കുന്നത് കണ്ട്… അത് എനിക്ക് ഒന്ന് വേണം
അത് ചോദിക്കാൻ വന്നതാ ”

” ഏത് ബുക്ക്സ് ”

” ഞാൻ എടുത്തോളാം ”
സൗമ്യ ഷെൽഫിൽ നിന്നും ബുക്ക്‌ നോക്കി എടുക്കാൻ തുടങ്ങി. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വെപ്രാളമോ കള്ളത്തരമോ ഒക്കെ പവിത്രയുടെ മുഖത്ത് ഉണ്ടെന്ന് അവൾക്ക് തോന്നി.

” ഈ ബുക്സ് ഒക്കെ നിനക്ക് എന്തിനാ ”

” ആദിയേട്ടൻ പറഞ്ഞു ചുമ്മാ സമയം കളയാതെ pscക്ക് പ്രിപ്പയർ ചെയ്യാൻ ”

” ആഹ് നല്ല തീരുമാനം ചെല്ല് ”
സൗമ്യ മുറിക്ക് പുറത്ത് ഇറങ്ങിയ ഉടൻ തന്നെ അവൾ വാതിൽ അടച്ചു കുറ്റിയിട്ടു.

പത്മം പവിത്രയോട് മിണ്ടിയിട്ട് ദിവസങ്ങളായി. അവളും അമ്മയോട് മിണ്ടാനുള്ള ശ്രമങ്ങൾ ഒന്നും നടത്തിയില്ല. അത്രമാത്രം പത്മത്തിന്റെ വാക്കുകൾ അവളിൽ വേദന സൃഷ്ടിച്ചിരുന്നു.
പിണങ്ങി നിന്നവരൊക്കെ അടുത്ത് വന്നപ്പോൾ അമ്മയ്ക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന് അവൾ വിശ്വസിച്ചു.

നേരെത്തെ പവിത്രയുടെ മുന്നിൽ ചെല്ലാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത് ഡേവിഡ് ആണെങ്കിൽ ഇപ്പോൾ നേരെ തിരിച്ചായി കാര്യങ്ങൾ.
കഴിവതും ഡേവിഡിനെ അവൾ ഒഴിവാക്കി കൊണ്ടിരുന്നു.

ആദിയും സൗമ്യയും അവരെ കൊണ്ട് ആവുന്നത് പോലെ പവിത്രയെയും ഡേവിഡിനെയും അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

” അതേ അവിടൊന്നു നിന്നേ ”
ഡേവിച്ചനെ കണ്ടിട്ടും കാണാത്തത് പോലെ പോയ പവിത്രയെ അവൻ വിളിച്ചു നിർത്തി.

” എന്തുവേണം ”

” എന്ത് വേണം എന്ന് ഇയാൾക്ക് അറിയാല്ലോ. ”

പവിത്ര താല്പര്യമില്ലാത്ത പോലെ തിരിഞ്ഞു നിന്നു.

” ഞാൻ ഒരു മിന്ന് പണിയാൻകൊടുത്തിട്ടുണ്ട് കേട്ടോ ”
പവിത്രയുടെ അടുത്തേക്ക് വന്നു ചെവിയോരം അവൻ പറഞ്ഞു.

” അതിന് ഞാൻ എന്ത് ചെയ്യണം ”
അവൾ ഞെട്ടലോടെ അകന്നു മാറിക്കൊണ്ട് അവനെ തീക്ഷ്ണമായി നോക്കി.

” ഒന്നും ചെയ്യണ്ട പക്ഷേ എന്റെ കൊച്ച് എപ്പോഴും ഒന്ന് മനസ്സ് കൊണ്ട് തയാറായി ഇരുന്നോണം മിന്നുകെട്ടിന് ”
അതുപറഞ്ഞിട്ട് ചിരിയോടെ അവൻ അവിടെ നിന്നും പോയി.

പിറ്റേദിവസം രാഘവനമ്മാവൻ ശ്രീശൈലത്തിൽ വരുമ്പോൾ പൂമുഖത്ത് ഇരുന്ന് പത്രം വായിക്കുന്ന ഡേവിച്ചനെ ആണ് ആദ്യം കണ്ടത്.

” ആഹാ ഇയാൾ ഇന്ന് ജോലിക്ക് പോയില്ലേ ”
വന്ന ഉടനെ അവന്റെ തോളിൽ തട്ടി കുശലാന്വേഷണം നടത്തി.

” എണീറ്റപ്പോൾ നല്ല തലവേദന ഉണ്ടായിരുന്നു..
ഒരു ഗുളിക കഴിച്ചപ്പോൾ മാറി.. എന്നാലും പോകാൻ അങ്ങ് മടിച്ചു. പിന്നെ അവധി എടുത്തു ”
അവൻ ചമ്മലോടെ പറഞ്ഞു.

” അമ്മാവൻ എന്താ രാവിലെ തന്നെ ”
പവിത്രയും ഒപ്പം സാവിത്രിയും കൂടി അങ്ങോട്ടേക്ക് വന്നു.

” ദാ രണ്ട് പിടി ചീര തരാൻ വന്നതാ ഞാൻ…
അവിടെ വാങ്ങിയപ്പോൾ ഇന്ദു പറഞ്ഞു ആദിക്ക് ചീര അവിയൽ വലിയ ഇഷ്ടമാണെന്ന്…
അതാ രാവിലെ തന്നെ ഇങ്ങ് കൊണ്ടുവന്നത് ”

സാവിത്രിയുടെ കയ്യിലേക്ക് ചീര കൊടുത്തിട്ട് രാഘവൻ ചാരുകസേരയിലേക്ക് ഇരുന്നു. സാവിത്രി ചീരയുമായി അകത്തേക്ക് പോയി.

” നീ ഇപ്പോൾ പോകുന്നില്ലേ വായനശാലയിലേക്ക് ”

” രണ്ട് ദിവസമായി പോകുന്നില്ല…
കൈമൾ സാറിന്റെ കയ്യിൽ താക്കോൽ കൊടുത്തിട്ടുണ്ട്.
ഇനി ഇപ്പൊ പോകാൻ പറ്റില്ലല്ലോ ”
ഡേവിഡിനെ പാളി നോക്കിക്കൊണ്ട് ആണ് അവൾ അത് പറഞ്ഞത്.

” ഓഹ് അത് ശരി ആണല്ലോ ഞാൻ അത് ഓർത്തില്ല…
അല്ല എന്നാ പോകുന്നത് നീ ”

” അടുത്ത ആഴ്ച പോകാം എന്നാ കരുതുന്നത്… ”

ഡേവിഡ് ഒന്നും മനസ്സിലാകാതെ അവരെ നോക്കി.

” അല്ല എവിടെ പോകുന്ന കാര്യമാ പറയുന്നത്…. ”
അവൻ അമ്മാവനോട് ചോദിച്ചു.

” നീ ഇവിടെ ആരോടും പറഞ്ഞില്ലേ കുട്ട്യേ ”
അദ്ദേഹം ആശ്ചര്യത്തോടെ അവളെ നോക്കി.

” ഇല്ല… അമ്മ മിണ്ടാതെ നടക്കുന്നത് കൊണ്ട് ഒന്നും പറയാൻ തോന്നിയില്ല ”
അവൾ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

” ഇത്രേം നല്ലൊരു സന്തോഷവാർത്ത പറയാതെ മനസ്സിൽ വെച്ചോണ്ട് നടക്കുവാ…
മോനേ നമ്മുടെ പവിത്ര….

പറഞ്ഞത് മുഴുവിക്കുന്നതിന് മുൻപായി മുറ്റത്ത് ഒരു കാർ വന്നു നിന്നു. കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ട് പവിത്രയുടെ കണ്ണുകൾ വിടർന്നു.

( തുടരും )

അപ്പൊ അടുത്ത പാർട്ടോടെ നമ്മുടെ പവിത്രയും ഡേവിച്ചനും ഗുഡ് ബൈ പറയും കേട്ടോ

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 23

പവിത്ര: ഭാഗം 24

പവിത്ര: ഭാഗം 25

പവിത്ര: ഭാഗം 26

പവിത്ര: ഭാഗം 28

പവിത്ര: ഭാഗം 29

Leave a Reply

Your email address will not be published. Required fields are marked *