Tuesday, December 17, 2024
Novel

ഒറ്റയാൻ : ഭാഗം 5

എഴുത്തുകാരി: വാസുകി വസു


വാഗണറിൽ നിന്ന് ഒറ്റയാൻ ഒറ്റച്ചാട്ടത്തിനാണ് ഭദ്രന്റെ മുമ്പിലെത്തിയത്.കോപത്തോടെയുളള അയാളുടെ വരവ് കണ്ടപ്പോൾ ഭദ്രനും കൂട്ടാളികളും നടുങ്ങുന്നത് ഞങ്ങൾ വാഗണറിൽ ഇരുന്ന് കണ്ടു…

ജോസേട്ടൻ വാഗണറിൽ നിന്ന് ഇറങ്ങിയതോടെ ഞാനും ഇറങ്ങി.സ്ത്രീയുടെ മാനത്തിനു വില പറഞ്ഞവന്റെ പതനം നേരിട്ട് കാണണമെന്ന് എനിക്ക് തോന്നി.,..

ഭദ്രനു മുമ്പിലെത്തിയ ഒറ്റയാൻ നെഞ്ച് വിരിച്ചൊന്ന് നിന്നു.നല്ല മെയ്യ് വഴക്കത്തോടെ തന്നെ.ഹിന്ദി സിനിമയിലെ മസ്സിൽമാന്മാരെ പോലെയുണ്ട് ഇപ്പോൾ ഒറ്റയാന്റെ നിൽപ്പ് കണ്ടാൽ….

“ഭദ്രാ മുകളിലൂടെ പറക്കുന്ന എല്ലാത്തിനെയും എറിഞ്ഞു വീഴ്ത്താമെന്നത് നിന്റെ വ്യാമോഹം മാത്രമാണ്. കവലയിൽ വെച്ചു കിട്ടിയതൊന്നും നിനക്ക് മതിയായില്ലേടാ”

ഒറ്റയാന്റെ ഗാംഭീര്യമായ ശബ്ദത്തിനു മുന്നിൽ ഭദ്രനൊന്ന് പതറിയെന്ന് എനിക്ക് മനസ്സിലായി.എങ്കിലും വിട്ടു കൊടുക്കാൻ അയാൾ തയ്യാറായില്ല…

“ഒരിക്കൻ ഭദ്രൻ തോറ്റെന്ന് കരുതി എപ്പോഴും അങ്ങനെയാകില്ലെടാ.നീ ഇവന്മാരെക്കണ്ടോ ചെല്ലും ചെലവും കൊടുത്തു നിർത്തിയിരിക്കുന്നത് നിന്നെപ്പോലെയുളളവന്മാരെ തീർക്കാൻ വേണ്ടി തന്നെയാണ്”

“മോനേ ഭദ്രാ നിനക്ക് ഈ വളർത്ത് നായ്ക്കൾ കൂടെ ഉണ്ടായാലേ ശൗര്യം ഉണ്ടാകൂ..പക്ഷേ ഞാൻ അങ്ങനെയല്ലെടാ ഭൂമിയും ആകാശവും എനിക്ക് ഒരുപോലെയാണ്. ഒറ്റയാനാടാ ഒറ്റയാൻ”

നെഞ്ചിൽ കൈവെച്ചു ഒറ്റയാൻ അലറി…

“തല്ലിക്കൊല്ലെടാ ഈ നായേ”

ഭദ്രൻ അലറിയതോടെ ഗുണ്ടകൾ ഒറ്റയാനു പൊതിഞ്ഞു..പിന്നെ ഞാൻ അവിടെക്കണ്ടത് നല്ല പൊതിരെയുളള തല്ലാണ്.ഗുണ്ടകൾ ഓരോന്നായി പലവഴിക്ക് ചിതറുന്നതും ഒറ്റയാൻ വട്ടം കറങ്ങുന്നതുമൊക്കെ മിന്നായം പോലെ കാണാൻ കഴിഞ്ഞുളളൂ…

ഒറ്റയാന്റെ അസാമാന്യമായ മെയ്യ് വഴക്കം എന്നെ അത്ഭുതപ്പെടുത്തി.എത്ര കരുത്തനാണ് ഒറ്റയാൻ.ഞാൻ ആരാധനയോടെ ഒറ്റയാനെ നോക്കി നിന്നു പോയി…

ഭദ്രനരുകിലേക്ക് ഒറ്റയാൻ നീങ്ങി നിന്നു.കൈ നിവർത്തിയൊരടി അയാളുടെ കവിളിൽ വീണു.

“നിന്നെ എടുത്തിട്ട് ചവിട്ടാൻ അറിയാഞ്ഞിട്ടല്ല.ആശുപത്രിയിൽ നിന്ന് വന്നതിന്റെ കേട് മാറിക്കാണത്തില്ല.നമുക്ക് ഇതുകഴിഞ്ഞു വീണ്ടുമൊന്ന് കാണണം.അതുവരെ നിനക്ക് ചെയ്യാവുന്നതെല്ലാം ചെയ്യ്”

ഒറ്റയാൻ തിരികെ നടന്നിട്ട് പിന്നെയും ഭദ്രനെ നോക്കി..

“വസുമതിയുടെയും അമ്മയുടെയും നിഴലിൽ പോലും നിന്റെ ദൃഷ്ടി പതിക്കരുത്”

മാസായിട്ട് ഒറ്റയാൻ ഞങ്ങളുടെ അടുത്ത് വന്നു.ഭദ്രൻ അപ്പോഴും നിശ്ചലനായി നിൽക്കുന്നത് കണ്ടെനിക്ക് ചിരി വന്നു…

ആണൊരുത്തൻ വന്നപ്പോൾ അവന്റെ വീറും വാശിയെവിടെ.സാധുക്കളുടെ അടുത്തും ദുർബലരുടെ അടുത്തും മാത്രമേ ഭദ്രന്റെ ഭീക്ഷണി നടക്കൂ….

“വാ നമുക്ക് പോകാം”

ആജ്ഞാ സ്വരത്തിൽ ഒറ്റയാൻ പറഞ്ഞതോടെ ഞാനും ജോസേട്ടനും കൂടി വാഗണിൽ കയറിയതും അത് കുതിച്ചു പാഞ്ഞു…

എന്റെ കണ്ണുകൾ അനുസരണയില്ലാതെ ഒറ്റയാനെ നോക്കുകയായിരുന്നു….

ആരാണീ കരുത്തൻ?, എവിടെ നിന്ന് വരുന്നു?ഈ കുഗ്രാമത്തിൽ ഇയാൾക്കെന്താ കാര്യം?

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.

ആരായാലും എന്തായാലും നാടിളക്കി കൊമ്പുകുലുക്കി ആരെയും കൂസാതെ നടക്കുന്ന ഒറ്റയാനെ എനിക്ക് ഇഷ്ടമായി…

ഗ്രാമത്തിലെ മിക്ക ചെറുപ്പക്കാരും എന്റെ പിന്നാലെ നടന്നിട്ടുണ്ട് .അവരോടൊന്നും തോന്നാത്തൊരു അടുപ്പം എനിക്ക് ഒറ്റയാനോട് തോന്നിത്തുടങ്ങി….

വാഗണർ ജോസേട്ടന്റെ കടക്കു മുമ്പിൽ ഒറ്റയാൻ നിർത്തി.ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി…

“വാ എല്ലാവരും”

ജോസേട്ടന്റെ പിന്നാലെ ഞങ്ങൾ കടക്ക് സമീപത്തു കൂടി കടക്കു പുറകിലുള്ള വലിയൊരു ഓടിട്ട വീടിനു മുമ്പിലെത്തി..ജോസേട്ടന്റെ വീട് അതാണ്.

ജോസേട്ടനു ബന്ധുക്കളായി അവിടെ ആരുമില്ല.അച്ഛനും അമ്മയും മരിച്ചിട്ട് ഒരുപാട് നാളായി.ഏക മകനാണ്….

താക്കോലെടുത്ത് കതക് തുറന്നു ജോസേട്ടൻ അകത്ത് കയറി പിന്നാലെ ഞങ്ങളും…

നാലഞ്ച് മുറികൾ ഉണ്ടായിരുന്നു….

“ഉപയോഗിക്കാതെ പൊടി പിടിച്ചൊന്നും കിടപ്പില്ല.എന്നെക്കൊണ്ട് ആകുന്നതു പോലെ ഞാൻ വൃത്തിയാക്കിയട്ടുണ്ട്”

ഞങ്ങൾക്കായി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് ഞങ്ങൾ കയറി…

നല്ല വൃത്തിയും വെടിപ്പുമുളള മുറിയെങ്കിലും ഉപയോഗിക്കാത്തതിനാൽ അവിഞ്ഞയിരു ഗന്ധം നില നിൽക്കുന്നു.ഞാൻ ചെന്ന് മൂന്ന് പാളിയുളള ജനാല വാതിൽ തുറന്നിട്ടു.പുറത്ത് നിന്ന് നല്ല കാറ്റ് മുറിയിലേക്ക് കയറി….

ഒരു അലമാര ചെറിയ ഒരു മേശയും കസേരയും ഒരു കട്ടിലും ആ മുറിയിൽ ഉണ്ടായിരുന്നു. സീലിങ്ങ് ഫാൻ ഞാൻ ഓൺ ചെയ്തു. പുറത്ത് നിന്നുള്ള കാറ്റും സീലിങ്ങ് ഫാനിന്റെ കാറ്റും മുറിയിലെ ഗന്ധം പെട്ടെന്ന് മാറാൻ കാരണമായി…

ജോസേട്ടനിൽ ചന്ദനത്തിരി വാങ്ങി എല്ലാ മുറിയിലും ഓരോന്നും കത്തിച്ചു വെച്ചു.

അമ്മയെ മുറിയിൽ കിടത്തിയട്ട് ഞാൻ അടുക്കളയിൽ കയറി ചായയിട്ടു കൊണ്ട് വന്ന് ജോസേട്ടനും ഒറ്റയാനും കൊടുത്തു. ചായ ഗ്ലാസ് കൈമാറുന്ന നേരം അറിയാത്ത പോലെ ഒറ്റയാന്റെ കൈവിരലിൽ ഞാനൊന്ന് തലോടി…ഒറ്റയാൻ രൂക്ഷത്തിൽ എന്നെ നോക്കി…

“മൊശടൻ..ഇയാളുടെ മനസിൽ പ്രണയത്തിന്റെ അംശമൊന്നുമില്ല.തനി കാട്ടാളൻ.. വെട്ടുപോത്ത്..

ഞാൻ മുഖം വീർപ്പിച്ചു കാണിച്ചിട്ടും ഒറ്റയാനൊരു മൈൻഡുമില്ല…

ജോസേട്ടൻ ചായ ആസ്വദിച്ചു കുടിച്ചു….

” ഇപ്പോഴാ ഇവിടം ശരിക്കുമൊരു വീടായത്”

ജോസേട്ടന്റെ കണ്ണു നിറഞ്ഞു. ആൾ സെന്റിയാകാനുളള ഒരുക്കത്തിലാണ്..

“എന്റെ ജോസേട്ടാ അതൊക്കെ വിടൂന്നെ..ജോസേട്ടനു ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞാൽ മതി ഞാൻ ഉണ്ടാക്കി തരാം.ഞാൻ നല്ലൊരു കുക്കു കൂടിയാണ്”

ജോസേട്ടനോടാണു ഞാൻ പറയുന്നത് എങ്കിലും എന്റെ കണ്ണുകൾ ഒറ്റയാനിൽ ആയിരുന്നു. ഒറ്റയാന്റെ ഇഷ്ടങ്ങൾ കൂടി മനസിലാക്കാൻ ആയിരുന്നു. പക്ഷേ വെട്ടു പോത്ത് ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല….

“നീ ചെന്ന് കുളിച്ചിട്ടുവാ നമുക്ക് പട്ടണം വരെയൊന്നു പോയിട്ടു വരാം”

ന്റെ പൊന്നേ ഒറ്റയാൾ പറയേണ്ട താമസം പെട്ടെന്ന് ഞാൻ കുളിച്ചൊരുങ്ങി വന്നു…

“നിനക്ക് ഇത്രെയുള്ളോ തുണി”

ഞാൻ അണിഞ്ഞ നരച്ചു തുടങ്ങിയ തുണികളിൽ ആയിരുന്നു ഒറ്റയാന്റെ മിഴികൾ…

“ഞങ്ങൾ പാവങ്ങളല്ലേ ചേട്ടാ ഉളളതല്ലെ ഇടാൻ പറ്റൂ”

ചിരിയോടെ ഞാൻ മറുപടി കൊടുത്തു. ഒറ്റയാനും ജോസേട്ടനും കണ്ണുകളാൽ കഥ പറയുന്നതൊന്ന് ഞാൻ കണ്ടു….

ഒറ്റയാനും ഫ്രഷായിട്ട് വന്നു. ജീൻസും ടൈറ്റ് ബനിയനും വേഷം.ബോഡിയുടെയും കയ്യുടെ മസ്സിലും തെളിഞ്ഞ് കാണാം….

അയാളുടെ വേഷവും എന്റെ വേഷവും തമ്മിൽ ഞാൻ താരതമ്യം ചെയ്തപ്പോൾ ഞങ്ങൾ തമ്മിലുള്ള അന്തരം എനിക്ക് മനസ്സിലായി….

ഉളളവർക്ക് ഉളളതു പോലല്ലേ നടക്കാൻ പറ്റൂ ല്ലെ.അതിനാൽ എനിക്ക് തെല്ലും ജാള്യം തോന്നിയില്ല…

ഒറ്റയാൻ യമഹ സ്റ്റാർട്ട് ചെയ്തു റെയ്സ് ചെയ്തു. ഒറ്റയാനൊപ്പം ഞാനും യമഹയും അതിന്റെ മുരുളലും ഇഷ്ടപ്പെട്ടു തുടങ്ങി…..

“ശരി കയറിക്കോ”

ഒറ്റയാൾ പറയേണ്ട താമസം. ഞാനും പിന്നിൽ കയറി. അയാൾ ബൈക്ക് മുമ്പോട്ട് ഇരപ്പിച്ചു എടുത്തു. ബൈക്കിൽ കുറച്ചു അകലമിട്ടാണു ഞാൻ ഇരുന്നത്.പെണ്ണുങ്ങൾ മുട്ടുന്നത് അയാൾക്ക് അലർജിയാണ് ഹും…

പട്ടണത്തിലേക്കുളള റോഡ് അത്ര നല്ലതൊന്നുമല്ല.ഘട്ടറും കുഴികളും നിറഞ്ഞ റോഡാണ്….

പട്ടണത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽസ് ഷോപ്പിനു മുന്നിൽ ബൈക്ക് നിർത്തി.ഞാൻ മടിച്ചു നിന്നപ്പോൾ എന്നെ നിർബന്ധിപ്പിച്ചു അകത്ത് കയറ്റി….

ഇഷ്ടമുള്ള ഡ്രസ് എടുക്കാൻ പറഞ്ഞപ്പോൾ ഞാൻ മടിച്ചു.ഒടുവിൽ ഒറ്റയാൻ തന്നെ എനിക്കുളള മൂന്നു ജോഡി ചുരീദാർ സെലക്റ്റ് ചെയ്തു. …

ചുരീദാർ ഞാൻ ഇന്നുവരെ ഇട്ടട്ടില്ല.കൊതിച്ചിട്ടുണ്ട് കിട്ടിയിരുന്നെങ്കിലെന്ന്.അതിപ്പോൾ എനിക്ക് സ്വന്തമായിരിക്കുന്നു….

ഞാൻ മായാലോകത്താണെന്ന് എനിക്ക് തോന്നി….അവിടെ നിന്നിറങ്ങി നേരെ സ്വർണ്ണക്കടയിൽ.ഏകദേശം ഒന്നര പവന്റെയൊരു മാല,ജിമിക്കിയും കമ്മലും രണ്ടു വള ഒരുമോതിരം…ഒറ്റയാൾ വാങ്ങിയെനിക്ക് സമ്മാനിച്ചു….

എനിക്ക് ഉറക്കെയൊന്ന് കരയണമെന്ന് തോന്നി.ജീവിതത്തിൽ ഒരിക്കൽ പോലും ഇതൊന്നും അണിയാൻ കഴിയുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.പക്ഷേ അതൊക്കെ യാഥാർത്ഥ്യമായിരിക്കുന്നു…

“വാങ്ങാൻ മടിക്കേണ്ട നീയിതൊന്നും..ശരിക്കുമിത് നിനക്ക് അർഹതപ്പെട്ടത് തന്നെയാണ്”

പരുക്കൻ സ്വരത്തിൽ ഒറ്റയാൻ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും ഞാനതെല്ലാം വാങ്ങി…

ചെരിപ്പു കടയിൽ നിന്ന് എനിക്ക് രണ്ടു ജോഡി ചെരിപ്പും ഒറ്റയാൻ വാങ്ങി തന്നു.കൂടെ അമ്മക്കും.മറ്റൊരു തുണിക്കടയിൽ നിന്ന് എനിക്ക് വീട്ടിൽ ഇടാനും അമ്മക്കുമുളള തുണികളും എടുത്തു….

പിന്നെ വലിയൊരു ബേക്കറിയിൽ കയറി കുറച്ചു സ്വീറ്റ്സും..കഴിക്കണമെന്ന് കൊതിച്ചിട്ടുളളതാണെല്ലാം….

സ്വപ്നത്തിലെന്ന പോലെ ആയിരുന്നു എന്റെ പ്രവർത്തികൾ.കവറിലുളള സാധനങ്ങൾ എല്ലാം കൂടി ഒരുമിച്ച് വലിയൊരു കവറിലാക്കി ഒറ്റയാൻ ബൈക്കിനു മുന്നിൽ വെച്ചു….

തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഒറ്റയാനോട് കൂടുതൽ ചേർന്നിരുന്നു. വഴക്ക് പറയുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല….

പെട്ടെന്ന് ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടിയത്.വേനൽ മഴക്കുളള ഒരുക്കമാണ്….

അപ്രതീക്ഷിതമായൊരു മിന്നൽ വിണ്ണിൽ നിന്ന് അടർന്ന് ഭൂമിയെ ചുംബിച്ചു.ഭയന്നു പോയ ഞാൻ ഇരുകൈകളാലും ഒറ്റയാനെ വരിഞ്ഞു മുറുക്കി തല ആ പുറത്തേക്ക് ചായ്ച്ചു..കൂടുതൽ സുരക്ഷ കിട്ടുവാനായി….

“(തുടരും”)

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4