Thursday, January 23, 2025
Novel

ഓളങ്ങൾ: ഭാഗം 1

നോവൽ
എഴത്തുകാരൻ: ഉല്ലാസ് ഒ എസ്‌


സുമിത്രേ … … നീയെവിടെ ആണ്, ശേഖരൻ നീട്ടി വിളിക്കുന്നത് കേട്ടുകൊണ്ട് ആണ് സുമിത്ര തൊഴുത്തിൽ നിന്നു ഇറങ്ങി വന്നത്.

ദാ.. വരുന്നു ഏട്ടാ.. അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

മണിക്കുട്ടി എങ്ങനെ അഴിഞ്ഞു പോയിന്നു എനിക്ക് മനസിലാകാത്തത്, ഇന്നും പാല് കിട്ടിയില്ല… അവർ കൈയിൽ ഇരുന്ന ഓട്ടു കിണ്ണം അടുക്കളയിൽ കൊണ്ട് പോയി വെച്ചു.

“എടി നിനക്ക് അതിനെ മുറുക്കി കെട്ടാൻ വയ്യാരുന്നോ… ചുമ്മാ കയറു വലിക്കുവാണോ… എന്നിട്ട് ഓരോരോ വാർത്താനങ്ങൾ.. എന്റെ വായിന്നു വല്ലതും കേൾക്കും.”.. ഭർത്താവ് രാവിലെ കുറച്ചു ദേഷ്യത്തിൽ ആണ് എന്ന് അവർക്ക് മനസിലായി..

എന്റെ കുറ്റം ആണോ ശേഖരേട്ടാ, ഉള്ള ആരോഗ്യ വെച്ചു ഞാൻ അവളെ കെട്ടിയത്… എനിക്കെ ഷുഗർ എത്രയാണെന്ന് അറിയാമോ..ഞാൻ കോലം കെട്ടു പോയെന്നു കഴിഞ്ഞ പൂരത്തിന് വിട്ടിൽ ചെന്നപ്പോൾ എല്ലാവരും പറഞ്ഞത്.. നിങ്ങൾക്ക് അറിയാമോ അതു വല്ലതും… സുമിത്രയും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

എങ്കിൽ നീ നിന്റെ വീട്ടിൽ പോയി നിൽക്കെടി… കുറച്ചു ആരോഗ്യം വെയ്ക്കട്ടെ… ശേഖരൻ കൈക്കോട്ടും ആയിട്ട് പറമ്പിലേക്ക് ഇറങ്ങാൻ തുടങ്ങുക ആണ്.

എന്താ ഇവിടെ ഒരു ഒച്ചയും ബഹളവും… വീണ മോൾ അടുക്കളയിലേക്ക് വന്നു..

നിന്റെ അമ്മയോട് ചോദിക്കെടി.. ശേഖരൻ മുൻപോട്ട് നടന്നു..

എന്താ അമ്മേ പ്രശ്നം… മകൾ അമ്മയെ നോക്കി.

പെട്ടന്നവർ അടുക്കളയുടെ വാതിൽക്കലേക്ക് ഓടി..

ശേഖരേട്ടാ .. എന്തിനാരുന്നു എന്നെ വിളിച്ചത്… അവർ ഉറക്കെ ചോദിച്ചു.

അയാൾ ഒന്നു പിന്തിരിഞ്ഞു. ഒന്നുല്ലാടി… ഒരു കപ്പ് കാപ്പി കിട്ടുമോ എന്നറിയുവാൻ ആയിരുന്നു.. മറുപടി പറഞ്ഞിട്ട് അയാൾ വേഗം മുൻപൊട്ടു നടന്നു.

ന്റെ ദേവിയമ്മമേ…. ഞാൻ അതു മറന്നു…

എടി വീണേ… അച്ഛൻ കാപ്പി കുടിക്കാതെ ആണ് പോയത്, നീ വേഗം കുറച്ചു നാളികേരം ചിരകികയ്ക്കേ. കുറച്ചു ഇലയട ഉണ്ടാക്കാം…സുമിത്ര ബഹളം കൂട്ടി.

അല്ലെങ്കിലും അച്ഛനോട് എന്തേലും പറഞ്ഞു ഉടക്കി കഴിയുമ്പോൾ അമ്മക്ക് ഉള്ളതാണ്, അച്ചനു ഇഷ്ടം ഉള്ളതേ അമ്മ പിന്നെ ഉണ്ടാക്കു….വീണ നാളികേരം എടുത്തു ചിരകുന്നതിനിടയിൽ പറഞ്ഞു.

ഉണ്ണിമോൾ എഴുനേറ്റില്ലെടി… അവളെ വിളിച്ചു എഴുനേൽപ്പിക്കു.. നേരം എത്ര ആയിന്നു വെല്ലോ വിചാരവും ഉണ്ടോ.. അമ്മ പറഞ്ഞപ്പോൾ വീണ അനുജത്തിയെ വിളിക്കാനായി പോയി.

ആഹ്ഹാ… എന്തൊരു രുചി ആടി.. ആവശ്യത്തിന് ശർക്കരയും നാളികേരവും, ഇടയ്ക്കു കിട്ടുന്ന ആ ജീരകത്തിന്റെയും ഏലക്കയയുടെയും അകമ്പടി കൂടി ആകുമ്പോൾ…. എന്റെ സുമിത്രേ … കൈപ്പുണ്യം അപാരം….ശേഖരന് ഇലയട നന്നേ ബോധിച്ചു..

എന്താ ശേഖരേട്ട ….. ഈ കൊല്ലം വാഴയ്ക്ക് നല്ല വിളവ് കിട്ടുമോ..? ചെത്തുകാരൻ ദാമു സൈക്കിളിൽ പോകുന്ന വഴി ആണ്…

ശുമ്പൻ…. വായ തുറന്നു… ഇനി നോക്കണ്ട… ശേഖരൻ പല്ലിറുമ്മി.

പോട്ടെ… അവൻ എന്തെങ്കിലും പറയട്ടെ….ഈ കണ്ട കഷ്ടപ്പാടൊക്കെ വെറുതെ ആകുമോ… “സുമിത്ര uഅയാളെ സമാധാനിപ്പിച്ചു..

മ്…പോട്ടെ…. അല്ലാതെന്തു പറയാനാ… ഈ പെടാപ്പാടൊക്കെ ആർക്ക് വേണ്ടിയാടി…എങ്ങനെ എങ്കിലും വീണമോളെ കൂടി ആരുടെ എങ്കിലും കൊള്ളാവുന്ന ഒരുത്തന്റെ കൈ പിടിച്ചു ഏൽപ്പിക്കും, അതോടെ ഞാൻ ഇതെല്ലാം നിർത്തും.. അയാൾ വീണ്ടും എഴുനേറ്റു.

അപ്പോൾ ഉണ്ണിമോളേയോ… സുമിത്ര ചിരിച്ചു..

അവളെ നിന്റെ മോൻ കെട്ടിച്ചു വിടട്ടെ… അയാൾക്ക് പിന്നെയും ദേഷ്യം വന്നു

എന്റെ മോനോ… നിങ്ങൾക്ക് അതിൽ ഒരു പങ്കും ഇല്ലേ മനുഷ്യ…. സുമിത്ര വീണ്ടും ചിരിച്ചുകൊണ്ട് പോകുവാനായി എഴുനേറ്റു..

അവനു ഈ തവണ എങ്കിലും ഒരു ജോലി കിട്ടിമോടി… അതു പറയുമ്പോൾ അയാളുടെ മനസിൽ ആകുലത നിറഞ്ഞു നിന്നിരുന്നു..

നീ ഒത്തിരി ക്ഷീണിച്ചു കെട്ടോ.. എന്തെങ്കിലും കഴിക്കാൻ നോക്ക്…കാപ്പി കുടിച്ച ഗ്ലാസ്‌ സുമിത്രക്ക് കൈമാറി കൊണ്ട് അയാൾ പറഞ്ഞു, തന്റെ ഭർത്താവിന്റെ ആ ഒരു വാചകo മതി ആയിരുന്നു സുമിത്രക്ക് മനസ് nനിറഞ്ഞു …

തിരികെ അവർ വീട്ടിൽ എത്തിയപ്പോൾ വീണയും ഉണ്ണിമോളും ഉഗ്രൻ അടി..

എന്താടി… എന്തൊരു ബഹളം ആടീ. ഇവിടെ അയൽവക്കത്ത് ആർക്കും കിടക്കപ്പൊറുതി കൊടുക്കുക ഇല്ലേ നിങ്ങൾ?സുമിത്ര മക്കളോട് കയർത്തു.

അമ്മേ.. ഇന്ന് മുറ്റം അടിക്കേണ്ടത് ഉണ്ണിമോൾ ആണ്. ഇന്നലെവരെ ഞാനായിരുന്നു മുറ്റം അടിച്ചത്. എന്നിട്ട് അവൾക്ക് അതിന് കഴിയുകയില്ല, ഇങ്ങനെ മടി പിടിച്ചിരുന്ന കൊള്ളുമോ? ഞാൻ അത്രയും പറഞ്ഞതേയുള്ളൂ അവളോട്. അതിന് അവൾ എന്നെ കടിച്ചുകീറാൻ വരികയാണ്… വീണ അമ്മയോട് തന്റെ നിരപരാധിത്വം വ്യക്തമാക്കി..

സുമിത്ര പോയി ചൂലെടുത്തു…. വീണ ഇവിടെ വാടി… അവർ വിളിച്ചപ്പോൾ വീണ അവരുടെ അടുത്തേക്ക് വന്നു.

ഇതാ…. ഇത് പിടിച്ചേ അങ്ങോട്ട്,അമ്മ അത് പറയുമ്പോൾ വീണയുടെ മുഖം വാടി. അല്ലെങ്കിലും അമ്മയ്ക്ക് ഉണ്ണി മോളോട് ആണ് കൂടുതൽ ഇഷ്ടം… അവൾ പിറുപിറുത്തുകൊണ്ട് മുറ്റമടിക്കാൻ തുടങ്ങി.

ഉണ്ണിമോൾ ഇങ്ങോട്ട് വന്നേ…. സുമിത്ര ഇളയ മകളെ വിളിച്ചു, ഒരു ബക്കറ്റ് നിറയെ തുണികളുമായി അവളുടെ അടുത്തേക്ക് വന്നു. ഇതെല്ലാം കൊണ്ടുപോയി നനച്ച് ഇടൂ… അവർ അതുപറയുമ്പോൾ വീണയുടെ കണ്ണിൽ പൂത്തിരി കത്തി.
.
ഇത് മാടശ്ശേരി തറവാട്.. കർഷകനായ ശേഖരന്റെയും സുമിത്രയുടെയും നാല് മക്കളിൽ ഇളയവർ ആണ് വീണയും ഉണ്ണി മോളും.. വീണ ഡിഗ്രി ക്കും ഉണ്ണിമോൾ ഒൻപത് ക്ലാസ്സിലും പഠിക്കുന്നു. വീണയുടെ മൂത്തത് വിജി, അവളെ കല്യാണം കഴിച്ചു അയച്ചിട്ട് ഒരു വർഷം കഴിഞ്ഞതേ ഒള്ളു. അവളുടെ ഭർത്താവ് ഒരു പലചരക്കു കട നടത്തുന്നു. ഇവരുടെ എല്ലാം മൂത്തത് ആൺകുട്ടി ആണ്….വൈശാഖ് … പി ജി വരെ പോയെങ്കിലും ഒരു വിശേഷവും ഇല്ലാ.. എന്നും ഇന്റർവ്യൂ എന്നു പറഞ്ഞു പോകും, തിരിച്ചു ഒരു പ്രയോജനവും ഇല്ലാതെ വരും…

അന്നും പതിവുപോലെ വൈശാഖൻ ഇന്റർവ്യൂ എന്നു പറഞ്ഞു പോയിരിക്കുക ആണ്..

എന്റെ മെലേകാവിലമ്മേ… എന്റെ മോനു എവിടെ എങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കണേ…. സുമിത്ര മനമുരുകി പ്രാർത്ഥിച്ചു.

അമ്മേ….. ദേ… ജാനുവേടത്തി വന്നിരിക്കുന്നു…. വീണ വിളിച്ചു പറഞ്ഞു.

എന്താ ജാനു…. അവർ പുറത്തേക്ക് വന്നു…
അടുത്ത വീട്ടിലെ ആണ് ജാനു.

ഭർത്താവയാ രാഘവന് നാളികേരം പിരിക്കൽ ആണ് ജോലി..

ചേച്ചി… ഒരു നൂറു രൂപ എടുക്കാൻ ഉണ്ടോ… കുഞ്ഞിന് സുഖം ഇല്ലാ… സർക്കാർ ആശുപത്രിയിൽ പോയി മരുന്ന് മേടിച്ചിട്ട് ഒന്നും ഒരു കുറവും ഇല്ലാ.. ജാനു വിഷമിച്ചു..

ഇപ്പോൾ ഇനി എവിടെ പോകാനാണ്…?സുമിത്ര അവളെ നോക്കി..

സ്റ്റേഡിയത്തിന്റെ അവിടെ ഒരു ഡോക്ടർ ഉണ്ടെന്നു സുഷമ പറഞ്ഞു, ആ ഡോക്ടർടെ വീട്ടിൽ ഒന്നു പോകാം എന്നോര്ത്താണ്… ജാനു പറഞ്ഞു.

ശരി… ഞാൻ ഇപ്പോൾ വരാം… മരുന്ന് ഡപ്പിയിൽ നിന്നും ഒരു നൂറു രൂപ എടുത്തു അവർ ജാനുവിന് കൊടുത്ത്…

.എന്റമ്മേ… ഇത് എന്തിന്റെ കേടാണ്… ഇവറ്റകൾ ഒക്കെ കളവ് ആയിരിക്കും പറയണത്… വീണമോൾ അമ്മയെ കുറ്റപ്പെടുത്തി

പോടീ അവിടന്നു…. ജാനു നുണ പറയില്ല… സുമിത്ര മകളെ വഴക്ക് പറഞ്ഞു.

ഓഹ് ഞാൻ ഇനി ഒന്നും പറയുന്നില്ല, കഴിഞ്ഞ തവണ ഈ ജാനു വന്നു പൈസ മേടിച്ചോണ്ട് പോയിട്ട്, ഞാൻ നോക്കിയപ്പോൾ രാഘവൻ ചേട്ടൻ ഷാപ്പിൽ നിൽക്കുന്നു, അയാൾക്ക് പനിയാണ് എന്ന് പറഞ്ഞില്ലേ അന്ന് പൈസ മേടിച്ചത്. വീണയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

എടീ അന്ന് ജാനു എന്നോട് പറഞ്ഞിരുന്നു, അയാൾ കുടിക്കാൻ പൈസ ഇല്ലാതെ അവൾക്കിട്ട് അടിയും തൊഴിയും ആണെന്ന്. സുമിത്ര മക്കളോട് രണ്ടാളോടും കൂടി പറഞ്ഞു.

അപ്പോഴേക്കും ശേഖരൻ വരുന്നുണ്ടായിരുന്നു.

ഇനി അച്ഛനോട് ഒന്നും പറയാൻ നിൽക്കണ്ട, അവർ മക്കൾക്ക് രണ്ടാൾക്കും നിർദ്ദേശം നൽകി.

ഇന്നു മീൻ ഒന്നും കിട്ടിയില്ലേ സുമിത്രേ ? ഉച്ചയ്ക്ക് ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ ഭാര്യയെ നോക്കി.

ഓ ചാള ആയിരുന്നു.. അതിന്റെ കണ്ണിലൊരു രക്തമയം പോലുമില്ലായിരുന്നു.എന്നിട്ട് ഹനീഫ പറയുകയാ പുതിയ മീൻ ആണെന്ന്.. ഞാൻ അതുകൊണ്ട് അതു മേടിക്കാൻ നിന്നില്ല… ഭാര്യ വിശദീകരണം നൽകി.

എങ്കിൽ നീ ഒരു മുട്ട എങ്കിലും പൊരിക്കെടി… വിശന്നു വരുമ്പോൾ ഈ ചപ്പ്ചവറൊക്കെ എങ്ങനെ കൂട്ടും.. അയാൾ സാമ്പാറിൽ കിടന്ന ഒരു മുരിങ്ങാക്കോൽ എടുത്തു മക്കളെ രണ്ടാളെയും പൊക്കി കാണിച്ചു.

അവർ രണ്ടാളും ചിരിച്ചു.

സുമിത്ര മുട്ട പൊരിക്കുവാനായി എഴുനേറ്റു.

വീണമോളെ…. അച്ഛന് ഒരു മുട്ട പൊരിച്ചോണ്ട് വാടി. അയാൾ മകളെ നോക്കി.

അവൾ വേഗം തന്നെ അടുക്കളയിലേക്ക് പോയി..

ഇവിടെ ആരുമില്ലേ….. മുറ്റത്തു വന്നു നിന്നു ആരോ വിളിച്ചു.

ആരാ…. സുമിത്ര വേഗം വാതിൽക്കലേക്ക് വന്നു.

ആഹ്ഹ… നാരായണേട്ടനോ.. ഈ വഴി ഒക്കെ അറിയാമോ.. അമ്മ ചോദിക്കുന്നത് കേട്ടപ്പോൾ മക്കൾ രണ്ടാളും ഒരുപോലെ തലയിൽ കൈ വെച്ചു…

ഇനി ഉറക്കമില്ലാത്ത രാത്രി ആണല്ലോ അച്ഛാ… ഉണ്ണി മോൾ പറഞ്ഞപ്പോൾ അച്ഛൻ അവളെ വിലക്കി..

സുമിത്രയുടെ രണ്ടാമത്തെ സഹോദരൻ ആണ് നാരായണൻ.. ഭാര്യയുമായി വഴക്കിടുമ്പോൾ മാത്രം അയാൾ സഹോദരിയുടെ അടുത്തേക്ക് വരും…പിന്നത്തെ കാര്യം പറയണ്ട… മക്കളുടെയും ഭാര്യയുടെയും നൂറു കുറ്റം ആണ് അയാൾക്ക് പറയാനുള്ളത്.

മക്കൾ എല്ലാവരും എന്ത്യേടി… അയാൾ അകത്തേക്ക് കയറുന്നതിനു ഇടയിൽ ചോദിച്ചു.

അവർ അകത്തുണ്ട്…ശേഖരേട്ടന് ചോറ് കൊടുക്കുക ആയിരുന്നു.. അവർ പറഞ്ഞു.

ഇതാ… കുറച്ചു കരിമീനും വരാലും ആണ് , മുപ്പല്ലിക്ക് കുത്തി പിടിച്ചതാ.. നീ ഇത് പുളിയും, ഇട്ടു പറ്റിക്കു….നാരായണൻ കൈയിൽ ഇരുന്ന കവർ സുമിത്രക്ക് നേരെ നീട്ടി.

അമ്മാവാ…. എല്ലാവരും എന്തെടുക്കുന്നു.. വീണ അമ്മാവനോട് ചോദിച്ചു

എല്ലാവരും ആരാടി… ഈ നാരായണൻ ഏകനായി ആണ് ഈ ഭൂമിയിലേക്ക് വന്നത്, ഏകനായി ആണ് മടക്കവും…. ഇടയ്ക്കു കണ്ടുമുട്ടിയത് എല്ലാം വെറും പാഴ്‌വസ്തുക്കൾ…. അയാൾ വീണയോട് പറഞ്ഞു

ഉണ്ണിമോൾ അടക്കി ചിരിച്ചു.

അളിയോ…. ഒറ്റക്കിരുന്നു കഴിക്കുവാന്നൊ…. നാരായണൻ വന്നു ഊണ്മുറിയിലെ കസേരയിൽ ഇരുന്നു.

പാടത്തും പറമ്പിലും ഒക്കെ ആയിരുന്നു നാരായണ… ഇപ്പോൾ വന്നു കേറിയതെ ഒള്ളു.. ശേഖരൻ ഊണ് കഴിച്ചു എഴുനേറ്റു…

സുമിത്രേ .. നന്നായിട്ട് മുളകുപൊടിയും കുടംപുളിയും ഒക്കെ ഇട്ടു ഈ മീൻ പറ്റിക്ക് കെട്ടോ.. ശേഖരൻ കൈ കഴുകിയിട്ടു വന്നു ഭാര്യയോട് പറഞ്ഞു.

മുളകും മല്ലിയും കൂടി വറുത്തരച്ച വെച്ചാലും മതി… നാരായണൻ അടുത്ത അഭിപ്രായം പറഞ്ഞു.

ഞാൻ അതു എങ്ങനെ ആണെന്ന് വെച്ചാൽ അതു പോലെ ചെയ്തോളാം… സുമിത്ര ചിരിച്ചു..

ഈ കൊല്ലം മഴ നേരത്തെ ആണ്…. കിഴക്ക് നല്ല കാറും കോളുമാ…. ശേഖരൻ ആകാശത്തേക്കു നോക്കി പറഞ്ഞു.
.
അതേ അതേ… അതു ശരിയാ അളിയാ… റേഡിയോവിൽ ഇന്ന് കാലത്തെ കാലാവസ്ഥ പറഞ്ഞത് കേട്ടില്ലേ… ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ഇടിയോട് കൂടിയ മഴ ആയിരിക്കും എന്നു… നാരായൺ ഊണ് കഴിഞ്ഞു ഇരുന്നു മുറുക്കുക ആണ്..

സുമിത്രയും മക്കളും കൂടി കരിമീനും വാരലും ഇരുന്നു പൊളിക്കുക ആണ്.. കരിമീൻ നമ്മൾക്ക് പൊരിക്കാം അല്ലെ അമ്മേ….

മ്….സുമിത്ര മൂളി..

വരാല് പറ്റിച്ചു വെയ്ക്കാം… രാവിലെ അച്ഛനോട് കപ്പ പറിക്കാൻ പറയാം.. എന്നിട്ട് കപ്പയും മീൻകറിയും കൂട്ടി കഴിക്കാം…. ഉണ്ണിമോൾ ആയിരുന്നു അടുത്ത ഊഴം.

മ്…. സുമിത്ര വീണ്ടും മൂളി..

അമ്മയെന്താ ഇങ്ങനെ മൂളുന്നത്… മക്കൾ രണ്ടാളും ഒരുപോലെ ചോദിച്ചു.

അല്ലടി വിജിമോൾക്കും വല്യ ഇഷ്ട്ടം ആയിരുന്നു വരാൽ കറി വെച്ചത്. അവളു കൂടി ഉണ്ടായിരുന്നുവെങ്കിൽ… അവർ പറഞ്ഞു.

എന്റെ അമ്മേ… വല്യേച്ചി ഇതൊന്നും കാണാതെ കിടക്കുവല്ല… ഗോപേട്ടൻ എല്ലാം മേടിച്ചു വല്യേച്ചിക്ക് കൊടുക്കും… വീണമോൾ അമ്മയെ സമാധാനിപ്പിച്ചു.

എന്താ നാരായണ ഇന്നത്തെ ഈ വരവിന്റെ ഉദ്ദേശം…ശേഖരൻ വാഴക്കു ഇട കിളയ്ക്കുക ആണ്.

ഓഹ്… എന്നാ ഉദ്ദേശം… ഒന്നുമില്ല അളിയാ… വരാൽ കിട്ടിയപ്പോൾ നിങ്ങളെ ഒക്കെ കാണണം എന്ന് തോന്നി, അങ്ങനെ പോന്നു… നാരായണൻ അളിയനെ സഹായിക്കുക ആണ്.

അളിയാ… ആ ദാമു ഇതിലെ വരുമോ… നല്ല മധുര കള്ള് കുടിച്ച കാലം മറന്നു.

നല്ല മധുര കള്ളും കരിമീൻ വറുത്തതും…കുറച്ചു കപ്പയും കൂടി ഉണ്ടെങ്കിൽ.. ആഹ്ഹ കൊതിപ്പിക്കുവാ അല്ലെ…അയാൾ അയാളോട് തന്നെ ചോദിച്ചു.

ദാമു വരട്ടെ… നമ്മൾക്ക് നോക്കാം… ശേഖരൻ ആണെങ്കിൽ ഒരു കമ്പനി ഇല്ലാതെ വിഷമിച്ചു ഇരിക്കുക ആയിരുന്നു…

അളിയനും അളിയനും കൂടി പറമ്പിൽ നിന്നും കയറി വന്നപ്പോൾ വീണയും ഉണ്ണിമോളും കൂടി നാമം ജപിക്കുന്നുണ്ടായിരുന്നു…

ജയ ജനാർദ്ദനാ കൃഷ്ണ
രാധികാപതേ…

മക്കൾ രണ്ടാളും ഈണത്തിൽ ചൊല്ലുക ആണ്…

“ശംഭോ മഹദേവാ “…..നാരായണന്റെ ഒറ്റ വാചകത്തിൽ അയാൾ ഫിറ്റ്‌ ആണെന്ന് എല്ലാവർക്കും മനസിലായി.

വൈശാഖൻ എപ്പോൾ വരും? നാരായൺ അല്പം ഉറക്കേ ചോദിച്ചു.

അവൻ ലാസ്റ്റ് ബസിലെ വരൂ.. ഇന്ന് ഇന്റർവ്യൂ കുറച്ചു ദൂരെ ആയിരുന്നു. സുമിത്ര ഒരു വരാലിന്റെ നടുക്കഷ്ണം എടുത്തു സഹോദരന്റെ പാത്രത്തിലേക്ക് വെച്ചു.

അല്പം ചാറു കൂടി ഒഴിക്കെടി പെങ്ങളെ…. നാരായണൻ പറഞ്ഞു.

എന്തൊരു രുചി.. നമ്മുടെ അമ്മ ഉണ്ടാക്കുന്ന അതേ കൈപ്പുണ്യം.. നാരായണൻ ആസ്വദിച്ചിരുന്നു കഴിക്കുക ആണ്.

എന്റെ ഭാര്യ ഇല്ലേ…. പടിഞാരെ നടക്കൽ ഗോവിന്ദൻ മകൾ ദേവകി…. അവൾ ഉണ്ടാക്കുന്നത് വായിൽ വെയ്ക്കാൻ കൊള്ളില്ല. .

ഉപ്പു കൂടുമ്പോൾ പുളി കുറയും. പുളി കുറയുമ്പോൾ ഉപ്പ്‌ കുടും… നാരായണൻ പതിയെ കാര്യത്തിലേക്ക് വരിക ആണ്.

ഇന്ന് അവൾ എന്നോട് പറയുവാടി…. നാരായണൻ ഒച്ച വെച്ചു..

ഏട്ടാ…. നിർത്തു… കഴിച്ചിട്ട് പോയി കിടക്കാം.. സുമിത്ര ആങ്ങളയെ വിലക്കി..

നീ പോടീ… നീ മിണ്ടാതിരിക്കു, ഞാൻ പറയും അളിയാ… എന്റെ വിഷമം തീരും വരെ ഞാൻ കുടിക്കും… അയാൾ കരയാൻ തുടങ്ങി..

നാരായണാ… ഭക്ഷണം കഴിക്കുമ്പോൾ ഇരിന്നു കരയാതെ… കഴിച്ചിട്ട് എഴുന്നേൽക്കു…..ശേഖരൻ പറഞ്ഞപ്പോൾ അയാൾ മിണ്ടാതെ ഇരുന്നു കഴിക്കാൻ തുടങ്ങി.

എന്നാലും എന്റെ അളിയാ…. ഇടയ്ക്കു നാരായണൻ പറഞ്ഞു തുടങ്ങി എങ്കിലും അയാൾ വിലക്കി..

വരാന്തയിൽ ഇരുന്നു ശേഖരനും നാരായണനും കൂടി നാട്ടു വർത്തമാനം ആണ്.

സുമിത്ര ആണെങ്കിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ എല്ലാം കഴുകി വെച്ച്…

അമ്മേ… അമ്മേ…. വാതിൽ തുറക്ക്.. സുമിത്രയെ അടുക്കള വാതിൽക്കൽ നിന്നും ആരോ വിളിച്ചു..

മോനേ… വൈശാഖ…. അവർ ഓടിവന്നു അവന്റെ അടുത്തേക്ക്..

അമ്മാവൻ എപ്പോളാണ് അമ്മേ വന്നത്… അവൻ ചോദിച്ചു.

ഉച്ച ആയപ്പോൾ വന്നു… നീ എന്താ മോനേ ഇതിലെ വന്നത്…സുമിത്ര മകന്റെ കൈയിൽ ഇരുന്ന ബാഗ് മേടിച്ചു അടുക്കളയിലെ മേശമേൽ വെച്ചു.

എന്റെ അമ്മേ എനിക്ക് നല്ല യാത്രക്ഷീണം ഉണ്ട്, ഇനി അമ്മാവന്റെ കത്തി കേൾക്കാൻ വയ്യാ.. വൈശാഖൻ കൈകൾ രണ്ടും മേൽപ്പോട്ട് ഉയർത്തി ഒന്നു നീണ്ടു നിവർന്നു..

പോയി കുളിച്ചിട്ട് വരൂ മോനേ… അമ്മാവൻ കുറച്ചു കരിമീൻ കൊണ്ട് വന്നിട്ടുണ്ട്… അതുകൂട്ടി ചോറ് കഴിക്കാം… അവർ വാത്സല്യത്തോടെ മകനേ നോക്കി..

വൈശാഖൻ ഒരു തോർത്തും എടുത്തുകൊണ്ടു കുളത്തിലേക്ക് പോയി.

എവിടെ ഒക്കെ പോയാലും നമ്മുടെ ഈ കുളത്തിൽ ഒന്നു കുളിച്ചു വന്നാൽ മതി എന്തൊരു എനർജി ആണ് അമ്മേ….. വൈശാഖൻ അമ്മ വിളമ്പി കൊടുത്ത ചോറും കഴിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു.

മോനേ…. വല്ലതും നടക്കുമോടാ… ശേഖരൻ പിന്നിൽ വന്നതും വൈശാഖൻ പെട്ടന്ന് തിരിഞ്ഞു നോക്കി.

അച്ഛന്റെ മുഖത്തു അന്നും പതിവ്പോലെ പ്രതീക്ഷയുടെ ഒരല്പം പോലും വക ഇല്ലായിരുന്നു..

തുടരും

(ഹായ്…. ഒരു ഫാമിലി എന്റെറ്റൈനെർ ആയിട്ട് ആണ് വന്നത്… എല്ലാവർക്കും ഇഷ്ടം ആകും എന്നു വിചാരിക്കുന്നു )