നിഴൽ പോലെ : ഭാഗം 7
എഴുത്തുകാരി: അമ്മു അമ്മൂസ്
ചായയും കൊണ്ട് അകത്തേക്ക് വരുന്ന അവളെ കണ്ടതും ഗൗതം ഒന്ന് ഞെട്ടി. പിന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
തിരിഞ്ഞു നോക്കിയ പ്രിയയുടെ മുഖം മാളുവിനെ കണ്ടതും ഇരുണ്ടു.
പുതിയതായി ചെയ്യാൻ പോകുന്ന പ്രൊജക്റ്റ്‌ന്റെ പേരിൽ ഗൗതമിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാം എന്ന് വിചാരിച്ചു വന്നതായിരുന്നു അവൾ.
തന്നെ കണ്ടിട്ടാണ് പ്രിയയുടെ ഈ ഭാവമാറ്റം എന്ന് മാളുവിന് മനസ്സിലായി. അവൾ തിരിച്ചു പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു.” സമ്മതിക്കില്ല മോളെ ഞാൻ. വർഷങ്ങൾ കൊണ്ട് നോക്കി വച്ചേക്കുന്ന പ്രോപ്പർട്ടിയ. നിന്റെ ഒരു പരിപ്പും ആ കലത്തിൽ വേവിക്കാൻ ഈ മാളു സമ്മതിക്കില്ല”.അവൾ മനസ്സിൽ പറഞ്ഞു.
“ഇതെന്താ മാളവിക സാരീ ഒക്കെ ഉടുത്തു. കല്യാണത്തിന് വന്നതാണോ ഇവിടെ”. പ്രിയ മാളുവിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
മാളു ദേഷ്യം കടിച്ചമർത്തി ഗൗതത്തിനെ നോക്കിയപ്പോൾ അവിടെയും പ്രിയ പറഞ്ഞതിഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി. അത് കണ്ടപ്പോൾ അവൾക്ക് കുറച്ചൊക്കെ ധൈര്യം വന്ന പോലെ തോന്നി.
“പറയാൻ പറ്റില്ലല്ലോ മാഡം എപ്പോഴാ കല്യാണം നടക്കുന്നെ എന്ന്. ഒരാളൊന്ന് yes പറയാൻ വേണ്ടി വെയ്റ്റിംഗ് ആ. പറയേണ്ട താമസം കല്യാണത്തിന് ഞാൻ റെഡിയാ” . അവൾ ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
അവൾ ഗൗതത്തിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് പ്രിയക്ക് മനസ്സിലായി. ഗൗതം ഇപ്പോൾ ചൂടാകും എന്ന് പ്രതീക്ഷിച്ചു ഗൗതമിനെ നോക്കിയപ്പോൾ അവൻ ഇതൊന്നും ശ്രെദ്ധിക്കാതെ ഫോൺ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഇവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്നുള്ള ഒരു പേടി മനസ്സിൽ നിറയുന്ന പോലെ തോന്നി പ്രിയക്ക്.
മാളു ചായ ടേബിളിലേക്ക് വെച്ചിട്ട് അവിടെ തന്നെ നിന്നു.
പ്രിയ ചായ എടുത്തു കുടിച്ചു നോക്കി. “ഇതിന് കടുപ്പം പോരല്ലോ. മാളവിക കടുപ്പത്തിൽ ഒരു ചായ വാങ്ങി വരുമോ”. അവൾ ഒരു പുച്ഛ ചിരിയോടെ ചോദിച്ചു.
മാളു പെട്ടന്ന് തന്നെ രാമൻ ചേട്ടനെ വിളിച്ചു കടുപ്പത്തിൽ ഒരു ചായ പറഞ്ഞു. രാമൻ ചേട്ടൻ ചായ കൊണ്ട് വെച്ചിട്ട് പോയി.
അവൾ പോകില്ല എന്ന് മനസ്സിലാക്കിയ പ്രിയ അവളെ ദേഷ്യത്തോടെ നോക്കിയെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ല എന്നുള്ള ഭാവത്തിൽ ആയിരുന്നു മാളു. ഇനി നോക്കിയിട്ട് കാര്യം ഇല്ലെന്ന് തോന്നിയിട്ടാകും പ്രിയ വീണ്ടും ഗൗതത്തിന് നേരേ തിരിഞ്ഞു.
“ഗൗതം അപ്പൊ കാര്യങ്ങൾ ഒക്കെ തീരുമാനിച്ച പോലെ നടക്കട്ടെ അല്ലേ. ഞാൻ നാളെ രാവിലെ എത്താം”.
എന്ത് കാര്യങ്ങൾ എന്നുള്ള ഭാവത്തിൽ ആയിരുന്നു മാളു.
“മാളവിക പ്രിയയും പ്രിയയുടെ അസിസ്റ്റന്റും ഇനി കുറച്ചു നാൾ ഓഫീസിൽ ഉണ്ടാകും. പുതിയ പ്രൊജക്റ്റ് തീരുന്നത് വരെ പ്രിയ ഇവിടെ കാണും. So പ്രിയക്ക് വേണ്ട സഹായങ്ങൾ ഒക്കെ ചെയ്ത് കൊടുക്കണം. ഓക്കേ”. ഗൗതം മാളുവിനോട് പറഞ്ഞു.
പ്രിയ ഇത്തിരി അഹങ്കാരത്തോടെ മാളുവിനെ നോക്കി.
“മാളു കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു. ദൈവമേ ഈ പുട്ടി ഓഫീസിൽ വരാനോ. വല്ലപ്പോഴും മാത്രം സഹിച്ചാൽ മതിയായിരുന്നു നേരത്തെ. ഇതിനെ ഞാൻ എങ്ങനെ മാനേജ് ചെയ്യാനാ ഈശ്വരാ”. മനസ്സ് പല വിധത്തിൽ കാട് കയറിക്കൊണ്ടിരിക്കുമ്പോളാണ് പ്രിയയുടെ നോട്ടം കണ്ടത്. അവൾ മൈൻഡ് ചെയ്യാതെ ഗൗതത്തിനെ നോക്കി നിന്നു
“ഗൗതം കോൺഫറൻസ് ന്റെ കാര്യം ഓക്കേ അല്ലേ. ടിക്കറ്റ് ബുക്ക് ചെയ്യട്ടേ.” പ്രിയ ചോദിച്ചു.
ഗൗതം സമ്മതം മൂളിയപ്പോൾ മാളുവിന് നേരേ തിരിഞ്ഞു.” മാളവിക മറ്റെന്നാളിലേക്ക് ബാംഗ്ലൂർ ഫ്ലൈറ്റിൽ 2 ബിസ്സിനസ്സ് ക്ലാസ്സ് ടിക്കറ്റ് ബുക്ക് ചെയ്യണം. എന്നിട്ട് ഡീറ്റെയിൽസ് എനിക്ക് മെസ്സേജ് ചെയ്യണം”.
മാളു സംശയത്തോടെ നോക്കി. “മാഡം വരുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഡീറ്റെയിൽസ്”.
ഗൗതവും പ്രിയയും അവളെ സംശയത്തോടെ നോക്കി.
“അല്ല… ബോസ്സ് എവിടെ പോയാലും അസിസ്റ്റന്റ് കൂടെ വേണമല്ലോ. അപ്പൊ പിന്നെ 2 ടിക്കറ്റ് മാത്രം ആണുള്ളതെങ്കിൽ മാഡം എന്ത് ചെയ്യും എന്ന് ചോദിച്ചതാ”. അവൾ നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു.
അവളുടെ മറുപടി ഗൗതമിൽ ചിരിയുണർത്തി.
അവന്റെ ചിരി കണ്ടിട്ട് പ്രിയക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സിലും മാളുവുണ്ടോ എന്ന ചിന്ത അവളെ വല്ലാതെ അസ്വസ്ഥയാക്കി.
“Then 4 ടിക്കറ്റ് ബുക്ക് ചെയ്യൂ. എന്റെ സെക്രട്ടറിക്കും കൂടെ”. പ്രിയ പറഞ്ഞു നിർത്തിയതും ഡോറിൽ മുട്ട് കേട്ടു.
സുമുഖനായ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് വന്നു. വന്നപ്പോളേ അവന്റെ കണ്ണുകൾ മാളുവിൽ ആയിരുന്നു. അതവളിൽ ചെറിയ അലോസരം ഉണ്ടാക്കി.
“ഇതാണ് എന്റെ സെക്രട്ടറി ജീവൻ”. പ്രിയ പരിചയപ്പെടുത്തി.
മാളു ഒന്ന് ചിരിച്ചു. അവൻ അപ്പോഴും അവളുടെ മുഖത്തു നിന്നും കണ്ണെടുക്കുന്നുണ്ടായിരുന്നില്ല. ഗൗതമിനെ നോക്കിയപ്പോൾ അവൻ ജീവനെ ദേഷ്യത്തോടെ നോക്കുന്നതാണ് കണ്ടത്. പിന്നെ അവിടെ നിൽക്കാതെ അവൾ പെട്ടെന്ന് പുറത്തിറങ്ങി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മാളു ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി കഴിഞ്ഞാണ് മഴ പെയ്യുന്നത് കണ്ടത്. “ശേ.. ഇനിയിപ്പോ എങ്ങനെ പോകും. ലക്ഷണം കണ്ടിട്ട് ഉടനെ ഒന്നും തോരുമെന്ന് തോന്നുന്നില്ലല്ലോ. ഇനി മേലാൽ സാരീ ഉടുക്കില്ല. നാശം ഉടുത്തോണ്ട് വന്നപ്പോ മുതൽ മനുഷ്യന് എട്ടിന്റെ പണിയ കിട്ടിക്കൊണ്ടിരിക്കുന്നെ”.
ഗൗതവും പ്രിയയും പുറത്തേക്ക് വരുന്നതും നോക്കി അവൾ അവിടെ നിന്നു. മാളു നോക്കുന്നത് കണ്ടിട്ട് പ്രിയ ഗൗതത്തിനോട് കുറച്ചു നേരം കൂടി സംസാരിക്കാൻ ശ്രെമിച്ചെങ്കിലും അവന്റെ താല്പര്യമില്ല എന്നുള്ള ഭാവം കണ്ട് യാത്ര പറഞ്ഞു പോയി.
അവൾ പോയ ഉടനേ മാളു ഗൗതത്തിന്റെ അടുത്തേക്ക് ചെന്നു. “സർ, എന്നേ ഒന്ന് ഡ്രോപ്പ് ചെയ്യാമോ. മഴയത്തു ഈ സാരിയും ഉടുത്തു സ്കൂട്ടി ഓടിക്കാൻ ബുദ്ധിമുട്ട് ആയത്കൊണ്ട.” അവൾ പരമാവധി വിനയം വരുത്തി പറഞ്ഞു.
“പിന്നേ ഞാൻ നിന്റെ ഡ്രൈവർ അല്ലേ. മഴ തോർന്നിട്ട് പോയാൽ മതി നീ”. അതും പറഞ്ഞു ഗൗരവത്തിൽ അവൻ തിരിഞ്ഞു കാറിന്റെ ഡോർ തുറന്നെങ്കിലും ജീവന്റെ ശബ്ദം കേട്ട് അവിടെ നിന്നു.
ജീവൻ പെട്ടന്ന് മാളുവിന്റെ അടുത്തേക്ക് വന്നു. “താൻ പോയില്ല അല്ലേ. ഇനിയിപ്പോ മഴ കഴിഞ്ഞിട്ടല്ലേ പോകുന്നുള്ളൂ. എന്തായാലും ഒരു കൂട്ടായി. ഞാൻ ജീവൻ”. അവൻ കൈ നീട്ടി.
മാളു ആ കൈയിലേക്ക് കൈ കൊടുക്കാൻ തുടങ്ങിയതും, “വണ്ടിയിൽ പോയിരിക്കേഡി…” എന്നൊരലർച്ച കേട്ടു. പിന്നൊന്നും നോക്കിയില്ല ഒറ്റ ഓട്ടത്തിന് കാറിൽ കേറി ഇരുന്നു.
യാത്രയിൽ ഉടനീളം രണ്ടു പേരും മിണ്ടിയില്ല. മാളു മഴയും പുറത്തെ കാഴ്ചകളും ഒക്കെ കണ്ടിരുന്നു.
ഗൗതത്തിന്റെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല. ഇപ്പോൾ സംസാരിക്കാൻ പോയാൽ പണി വാങ്ങി ഇന്നത്തെ ഉറക്കവും പോകും എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് മാളുവും മിണ്ടാൻ പോയില്ല.
അവളെ വീട്ടിൽ ഇറക്കിയ ശേഷം അവൻ പോയി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഗൗതത്തിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടതും ബീനയും വാസുദേവനും മുഖത്തു വിഷമം വരുത്തി ഇരുത്തി.
അവൻ അകത്തേക്ക് നടന്നു വരുന്നത് കേട്ടതും ബീന പറയാൻ തുടങ്ങി. “എന്നാലും അവർ മാളുവിന്റെ സമ്മതം പോലും ചോദിക്കാതെ ഈ വിവാഹം നടത്താൻ തീരുമാനിക്കുന്നതെന്തിനാ എന്നാ മനസ്സിലാകത്തെ”.
കേട്ടതിന്റെ ഞെട്ടലിൽ വാതിൽക്കൽ തന്നെ തറഞ്ഞു നിന്നു ഗൗതം.
“മാളു മോൾക്ക് ഇനി ഒരു മാസം കൂടിയേ വിവാഹത്തിന് സമയം ഉള്ളൂ എന്നാ ജോത്സ്യൻ പറഞ്ഞേ. അല്ലെങ്കിൽ പിന്നെ മുപ്പത്തി അഞ്ചു വയസ്സ് കഴിയും പോലും.
മോഹൻ നാളെ മോനുവിനോട് സംസാരിക്കാം എന്നാ പറഞ്ഞേക്കുന്നെ. അവൻ സമ്മതിക്കില്ല എന്ന് ഉറപ്പാണല്ലോ. എന്നിട്ട് വേണം ദർശന്റെ ഉറപ്പിക്കാൻ”. വാസുദേവൻ പറഞ്ഞു.
“പാവം എന്റെ കുട്ടി. ദർശനു അവൾ ജോലിക്ക് പോകുന്നതിനോടൊന്നും താല്പര്യമില്ല. നാളെ മോനുവിനോട് സംസാരിച്ച ശേഷം അവളെ കൊണ്ട് റിസൈൻ ചെയ്യിക്കാം എന്നാ ദിവ്യ പറഞ്ഞേ”.
മാളുവിനെ നഷ്ടപ്പെടാൻ പോകുകകയാണ് എന്നുള്ള തോന്നൽ അവനിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ സൃഷ്ടിച്ചു. കുറച്ചു സമയത്തേക്ക് പരിസരം പോലും അവൻ മറന്നു. ബീന അവനെ തട്ടി വിളിച്ചപ്പോൾ മാത്രമാണ് ബോധത്തിലേക്ക് വന്നത്.
പെട്ടന്ന് തന്നെ വേറൊന്നും കേൾക്കാൻ നിൽക്കാതെ അവൻ റൂമിലേക്ക് നടന്നു.
തുടരും….