Saturday, January 18, 2025
Novel

നിഴൽ പോലെ : ഭാഗം 20

എഴുത്തുകാരി: അമ്മു അമ്മൂസ്‌


മാളുവിന്‌ കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. നെഞ്ചിൽ എന്തോ ഒരു ഭാരം. ഒരു കല്ല് കേറ്റി വച്ചത് പോലെ.

അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. ഗൗതമിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. പെട്ടെന്ന് തന്നെ ഫോൺ എടുത്തു നമ്പർ dial ചെയ്തു.

മാളുവിന്റെ പേര് ഡിസ്‌പ്ലേയിൽ കണ്ട ഗൗതം ചിരിയോടെ ഫോൺ എടുക്കാൻ തുടങ്ങിയപ്പോളേക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം തന്റെ നേരേ പാഞ്ഞു വരുന്നത് കണ്ടു.

ഒരു നിമിഷം പകച്ചു പോയെങ്കിലും അവൻ പെട്ടെന്ന് തന്നെ കാർ വെട്ടിച്ചു മാറ്റി. അമിത വേഗതയിൽ വന്ന ആ ലോറി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി.

ഗൗതം ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു.

പക്ഷേ അധിക നേരം ആ ആശ്വാസം നീണ്ടു നിന്നില്ല.

തന്റെ കാറിനെ കടന്നു പോയ ആ ലോറി റിവേഴ്‌സ് ഇട്ട് തിരിക്കാൻ ശ്രെമിക്കുന്നത് അവൻ മിററിൽ കൂടി കണ്ടു. ദർശന്റെ മുഖമാണ് ആദ്യം അവന്റെ മനസ്സിലേക്കെത്തിയത്.

പിന്നേ ഒന്നും ആലോചിക്കാതെ കാർ വേഗത്തിൽ ഓടിച്ചു അവൻ.

.

എങ്ങനെയൊക്കെ ദിശ മാറ്റി ഓടിച്ചിട്ടും ലോറി തന്റെ വാഹനത്തെ വിടാതെ പിന്തുടരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അധികം താമസം ഇല്ലാതെ അത് ഇടിക്കും എന്നവന് ഉറപ്പായി.

മറ്റു വാഹനങ്ങൾ മുൻപിൽ കൂടി വരുമ്പോൾ മാത്രം ലോറി വേഗത അല്പം കുറയ്ക്കും. തനിക്കായി ഒരുക്കിയ കെണി ആണിതെന്ന് അവന് മനസ്സിലായി.

രക്ഷപെടാനായി ഒരേയൊരു വഴിയേ ഉള്ളൂ മുൻപിൽ. ഒരു നൂറു മീറ്റർ മാറി ചെറിയ വാഹനങ്ങൾ മാത്രം കടന്നു പോകാൻ കഴിയുന്ന ഒരു കട്ട്‌ റോഡ് ഉണ്ട്. ഗൗതം കാറിന്റെ സ്പീഡ് ഒന്നുകൂടി കൂട്ടി.

കട്ട്‌ റോഡ് എത്തിയതും പെട്ടെന്ന് വെട്ടിച്ചു ഉള്ളിലേക്ക് കേറ്റി. ചെറുതായി കൈയിൽ നിന്നും പാളാൻ തുടങ്ങി എങ്കിലും ദൈവാനുഗ്രഹം കൊണ്ട് അവന് അകത്തേക്ക് കയറ്റാൻ പറ്റി.

അവൻ ആശ്വാസത്തോടെ സ്റ്റിയറിങ്ങിൽ തല വച്ചു കിടന്നു.

അധികം വാഹനങ്ങൾ പോകാത്ത വഴിയാണ് അതു കൊണ്ട് തന്നെ റോഡിനു വീതി കൂട്ടിയിരുന്നില്ല.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഏറെ നേരം കൊണ്ട് വിളിച്ചിട്ടും ഗൗതം ഫോൺ എടുക്കാതായതോടെ മാളുവിന്‌ പേടി ആയി തുടങ്ങി.

ഒരു പതിനഞ്ചു തവണ എങ്കിലും വിളിച്ചു കാണും. ബെൽ പോകുന്നതല്ലാതെ എടുക്കുന്നില്ല.
ഗൗതമിന് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നുള്ള ഉത്ക്കണ്ഠ അവളിൽ നിറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ബീനാമ്മയെ വിളിച്ചാലോ……….. വേണ്ട അമ്മയും കൂടി ടെൻഷൻ ആകും.”

“എന്താ ഇപ്പൊ ചെയ്ക…..ഒന്നുകൂടി വിളിച്ചു നോക്കാം എന്നിട്ടും എടുത്തില്ലെങ്കിൽ നന്ദേട്ടനെ വിളിക്കാം. ”

അവൾ വീണ്ടും ഗൗതമിനെ വിളിച്ചു. ഫോൺ ചെവിയോട് ചേർക്കുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു അവളുടെ.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

നന്ദനെ വിളിച്ചു പോലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞിട്ട് ഫോൺ വച്ചപ്പോളാണ് മാളുവിന്റെ കാൾ വീണ്ടും വന്നത്. അവൻ പെട്ടെന്ന് തന്നെ എടുത്തു.

“ഹലോ….. ”

മറുവശത്തു നിന്നും മറുപടി ഒന്നും കേട്ടില്ല. പക്ഷേ എത്ര അടക്കിപ്പിടിച്ചിട്ടും അവളിൽ നിന്നും ഒരേങ്ങൽ പുറത്തേക്ക് വന്നു.

“നീ കരയുവാണോ…. “അവൻ പെട്ടെന്ന് ചോദിച്ചു.

അവൾ മറുപടി പറഞ്ഞില്ലെങ്കിലും അവനറിയാമായിരുന്നു അവളുടെ അവസ്ഥ.

“ഡീ പെണ്ണേ നീ ഇങ്ങനെ കരയാതെ. ഞാൻ വണ്ടി ഓടിക്കുവായിരുന്നു. മീറ്റിങ്ങിൽ ആയതുകൊണ്ട് ഫോൺ സൈലന്റിൽ കിടന്നതറിഞ്ഞില്ല. ”

അവൻ പറഞ്ഞെങ്കിലും തിരിച്ചൊന്നും പറഞ്ഞില്ല അവൾ. കാൾ കട്ട്‌ ചെയ്യുന്ന ശബ്ദം ആണ് പിന്നെ കേട്ടത്. തിരിച്ചു വിളിച്ചപ്പോളേക്ക് അവൾ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തിരുന്നു.

അവളുടെ വിഷമം മനസ്സിലായെങ്കിലും ഇപ്പോൾ ചെന്നു സമാധാനിപ്പിക്കാൻ നിന്നാൽ ശെരിയാകില്ല എന്ന് അവന് തോന്നി

“ഹ്മ്മ്… മാഡം കലിപ്പിൽ ആണെന്ന് തോന്നുന്നു. നാളെ നേരിട്ട് ചെന്നു പിണക്കം മാറ്റം”. അവൻ ഫോണിൽ നോക്കി പറഞ്ഞു.

കാർ സ്റ്റേഷനിലേക്ക് ഓടിക്കുമ്പോൾ ഗൗതമിന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. “നിന്റെ കുഴി നീ തന്നെ തോണ്ടിയല്ലോ ദർശാ…”

ബാറിൽ ഇരുന്നു മദ്യപിക്കുക ആയിരുന്നു ദർശൻ. രാത്രി വൈകിയതിനാൽ അധികം ആരും ഇല്ല.

ഫോൺ ബെല്ലടിച്ചപ്പോൾ അവൻ പെട്ടെന്ന് തന്നെ എടുത്തു. “എന്തായി പരലോകത്തേക്ക് അയച്ചോ അവനെ..”

പക്ഷേ പിന്നീട് പറയുന്ന കാര്യങ്ങൾ കേട്ടിട്ട് അവന് സമനില നഷ്ടപ്പെടും പോലെ തോന്നി.

“ഇഡിയറ്റ് നിന്നോടാരാ ഫോളോ ചെയ്തു പോകാൻ പറഞ്ഞത്. ഒരു സംശയവും തോന്നാത്ത ഒരു ആക്‌സിഡന്റ് അല്ലെ ഞാൻ പറഞ്ഞത്. മെയിൻ റോഡിൽ കൂടി അവൻ ഫോളോ ചെയ്തു പോയേക്കുന്നു. “ദർശൻ ദേഷ്യത്തോടെ അലറി.

“സോറി സർ….. സർ കൊല്ലണം എന്ന് പറഞ്ഞതുകൊണ്ടാ…..ഞാൻ..”. മറുവശത്തു നിന്നും ലോറി ഡ്രൈവർ പേടിയോടെ പറഞ്ഞു.

ദർശൻ ദേഷ്യത്തോടെ കൈയിൽ ഇരുന്ന ഫോൺ വലിച്ചെറിഞ്ഞു.

അത് വന്നു വീണത് ഗൗതമിന്റെ കാലിന്റെ മുൻപിൽ ആണ്. ഗൗതം കുനിഞ്ഞു ഫോൺ എടുത്തിട്ട് ഒരു പുച്ഛച്ചിരിയോടെ അവന്റെ അരികിലേക്ക് നടന്നു.

“ഹാ ഇതൊക്കെ ഇങ്ങനെ എറിഞ്ഞു നശിപ്പിക്കാമോ. നമ്മുടെ തൊണ്ടി മുതൽ അല്ലെ.”

അവൻ ദർശന്റെ അടുത്തു വന്നു നിന്നു.

“കാർ അപകടത്തിൽ യുവ ബിസ്സിനെസ്സ്കാരൻ ഗൗതം വാസുദേവ് കൊല്ലപ്പെട്ടു. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്. ”
ഗൗതം വാർത്ത വായിക്കുന്ന സ്വരത്തിൽ പറഞ്ഞു.

ദർശൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.

“പക്ഷേ ഈ headline അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അത്കൊണ്ട് ഒരു ചെറിയ ചേഞ്ച്‌ ഉണ്ട്. യുവ ബിസ്സിനെസ്സ്കാരൻ ഗൗതം വാസുദേവന് നേരേ വധശ്രമം. ക്വട്ടേഷൻ നൽകിയ ദർശൻ കൃഷ്ണയും ലോറി ഡ്രൈവറും കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും സാന്നിധ്യത്തിൽ ആണ് അറസ്റ്റ്. ”

ദർശൻ ഞെട്ടി അവനെ നോക്കി.

“നീ ഞെട്ടണ്ട പോലീസ് കസ്റ്റഡിയിൽ നിന്നുമാണ് അവൻ നിന്നേ വിളിച്ചത്. ”

ദർശന്റെ മുഖത്തു ഭയം നിറഞ്ഞു പക്ഷേ പെട്ടെന്ന് തന്നെ ഭാവം മാറി. “ഈ പീറ കേസിന്റെ പേരിൽ എന്നെ അങ്ങ് ഒതുക്കാം എന്ന് വിചാരിച്ചോ നീ. ഇതൊക്കെ ദർശനു പുല്ലാ.”

“നീ അധിക കാലം അകത്തു കിടക്കണം എന്ന് എനിക്കും ആഗ്രഹം ഇല്ല. പക്ഷേ IPC 307 പ്രകാരം കുറച്ചു കാലം നീ അകത്തു കിടന്നേ പറ്റു. തിരിച്ചിറങ്ങുമ്പോളേക്ക് എല്ലാം നിനക്ക് നഷ്ടപ്പെട്ടിരിക്കും. അഭിമാനം… നിന്റെ കമ്പനി…. അങ്ങനെ എല്ലാം… പിന്നേ നിന്റെ വീട്ടുകാരെ ആലോചിച്ചു വിഷമിക്കണ്ട. അവരെ ഞാൻ നോക്കിക്കോളാം… നീ ഇങ്ങനെ ആയത് അവരുടെ കുറ്റം കൊണ്ടല്ലല്ലോ. ചതിച്ചു നേടിയതൊന്നും വാഴില്ലെടാ. “ഗൗതം പുച്ഛത്തോടെ പറഞ്ഞു.

ദർശനു കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അച്ഛനും അമ്മയും… അച്ഛൻ പലവട്ടം വിലക്കിയതാണ്… ഒന്നും കേട്ടില്ല.

“അങ്ങനെ എന്റെ ജീവിതം തകർത്തിട്ട് നീ സന്തോഷത്തോടെ ജീവിക്കണ്ട. “അവൻ കൈയിൽ ഇരുന്ന ബിയർ ബോട്ടിൽ അടിച്ചു പൊട്ടിച്ചിട്ട് ഗൗതമിന് നേരേ ആഞ്ഞു വീശി.

പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാൽ ഗൗതമിന്റെ കൈയിൽ ചെറിയ മുറിവേറ്റതെ ഉള്ളൂ. അവൻ വീണ്ടും തിരിയുമ്പോളേക്ക് ഗൗതം അവന്റെ പിന്നിലേക്ക് മാറി ചവിട്ടി വീഴ്ത്തി. കുടിച്ചതിനാൽ ദർശന് ഗൗതത്തിനെ എതിർക്കാൻ ആയില്ല.

നിലത്തേക്ക് മുട്ടു കുത്തി ഇരുന്നു ഗൗതം അവന്റെ കോളറിൽ പിടിച്ചു പൊക്കി. അവൻ കൈ നിലത്തു കുത്തി എണീക്കാൻ തുടങ്ങുമ്പോളെക്ക് ഇടി കൊണ്ട് വീണ്ടും വീണിരുന്നു.

“നിന്നോട് ഞാൻ ബാംഗ്ലൂർ വച്ചേ പറഞ്ഞതാ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടാൻ വരരുതെന്ന്”. വീണ്ടും വീണ്ടും ദർശനെ ഇടിച്ചു കൊണ്ടിരുന്ന ഗൗതത്തിനെ പോലീസ് വന്നു പിടിച്ചു മാറ്റി.

ദർശന്റെ ബോധം നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ മാളു എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. രാത്രി ശെരിക്കും ഉറങ്ങിയതേ ഇല്ല മുറിക്ക് പുറത്തേക്ക് വന്നപ്പോൾ എല്ലാവരും ടീവിയിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടു.

എല്ലാവരിലും എന്തോ ഒരു ടെൻഷൻ ഉള്ളത് പോലെ. വാർത്ത നോക്കിയ അവൾ ഒരു നിമിഷം അവിടെ തറഞ്ഞു നിന്നു.

“അപ്പോ…… ഇന്ന….ഇന്നലെ ഇത്കൊണ്ടാണോ ഫോൺ എടുക്കാതിരുന്നത്”. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

ഗൗതം തലനാരിഴക്ക് രക്ഷപെട്ടത് വാർത്തയിൽ നിറഞ്ഞു നിന്നു.

അവളുടെ തൊട്ടരികിൽ തന്നെ മനീഷ് നിൽക്കുന്നുണ്ടായിരുന്നു. അവന് അവളെ നോക്കാൻ ഉള്ള ധൈര്യം വന്നില്ല. ഒരാളെ കൊല്ലാൻ പോലും മടിയില്ലാത്ത ഒരുത്തനെ ആണല്ലോ താൻ പെങ്ങൾക്ക് വേണ്ടി കണ്ടുപിടിച്ചതെന്ന് തോന്നി അവന്. തെറ്റുപറ്റി പോയി.

മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കേട്ടതും അവൾ തിരിഞ്ഞു മുറിയിലേക്ക് പോയി. ചെന്നു നോക്കാതെ തന്നെ വന്നതാരാണെന്ന് അവളുടെ മനസ്സ് പറഞ്ഞു.

ഗൗതം അകത്തേക്ക് കയറിയ ഉടനേ മോഹനും ദിവ്യയും അവന്റെ അടുത്തേക്ക് ഓടി ചെന്നു.

“കുഴപ്പമൊന്നുമില്ലല്ലോ മോനു നിനക്ക്. അങ്ങോട്ടേക്ക് ഇറങ്ങാൻ തുടങ്ങുവായിരുന്നു ഞങ്ങൾ. ”

“എന്റമ്മേ എനിക്കൊരു കുഴപ്പവും ഇല്ല….കണ്ടില്ലേ… കൂട്ടുകാരി രാവിലെ അവിടെ ഒരു കരച്ചിൽ കഴിഞ്ഞിട്ടാ ഇങ്ങോട്ട് വിട്ടത്. ഇനി അമ്മയും കൂടി തുടങ്ങല്ലേ..” അവൻ ചിരിയോടെ പറഞ്ഞു.

ദിവ്യ അതു കേട്ട് കണ്ണുകൾ തുടച്ചു അവനെ നോക്കി പുഞ്ചിരിച്ചു.

ഇതിനിടയിൽ ആരുടേയും ശ്രെദ്ധയിൽ പെടാതെ മനീഷ് റൂമിലേക്ക് പോയിരുന്നു. ഗൗതമിനെ അഭിമുഖീകരിക്കാൻ അവന് കഴിയുമായിരുന്നില്ല .

മുൻപ് അവനോടു ചെയ്ത ദ്രോഹങ്ങൾ ഒക്കെ ഇപ്പോഴാണ് തിരിച്ചറിയുന്നത്.

ഗൗതം കണ്ണുകൾ കൊണ്ട് ചുറ്റും പരത്തുന്നത് കണ്ടപ്പോൾ ദിവ്യക്ക് ചിരി വന്നു. “ഇവിടെ ഉണ്ടായിരുന്നു ആള്. നീ വന്നു എന്ന് അറിഞ്ഞിട്ടാകണം റൂമിലേക്ക് പോയിട്ടുണ്ട്. ”

അവൻ മനസ്സിലായി അല്ലെ എന്നുള്ള ഭാവത്തിൽ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളുടെ റൂമിലേക്ക് നടന്നു.

വാതിൽ ചാരി ഇട്ടിരിക്കുകയായിരുന്നു. അകത്തേക്ക് കയറിയപ്പോൾ കണ്ടു ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നത്.

അടുത്തു ചെന്നു മുരടനക്കി നോക്കി. അവൾ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ തോളിൽ കൈ വച്ചു തിരിച്ചു നിർത്താൻ തുടങ്ങി.

പക്ഷേ അതിന് മുൻപേ അവൾ തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് വീണിരുന്നു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19