Saturday, January 18, 2025
Novel

നിഴൽ പോലെ : ഭാഗം 18

എഴുത്തുകാരി: അമ്മു അമ്മൂസ്‌


പ്രിയയുടെ അച്ഛൻ നടത്തുന്ന ബിസ്സിനെസ്സ് പാർട്ടിയിൽ ഗൗതമിന്റെ കൂടെ ചെന്നു മാളു.

ആദ്യം കൂടെ വരാൻ സമ്മതിച്ചില്ല എങ്കിലും പ്രിയ തന്നെയും invite ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മറുത്തു പറഞ്ഞില്ല.

സിംപിൾ ആയ ഒരു സാരി ആയിരുന്നു മാളു ഉടുത്തത്. മുടി വെറുതെ അലസമായി അഴിച്ചിട്ടു. മുഖത്തും വലിയ മേക്കപ്പ് ഒന്നും ചെയ്തില്ല.

പ്രിയയുടെ മുൻപിൽ നിരാശ കാമുകി ആണല്ലോ. അത്കൊണ്ട് കൂടുതൽ ഒരുങ്ങി പോയാൽ ശെരിയാകില്ല എന്നവൾക്ക് തോന്നി.

പാർട്ടി ഹാളിലേക്ക് കയറിയതും മാളു പരമാവധി ദുഃഖം മുഖത്തു വരുത്തി.

മാളുവിനെയും ഗൗതമിനെയും ഒന്നിച്ചു കണ്ടത് പ്രിയക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഡാഡി സർപ്രൈസ് അന്നൗൻസ് ചെയ്യുമ്പോൾ ഉള്ള മാളുവിന്റെ വേദന അവൾക്ക് നേരിട്ട് കാണണം എന്ന് തോന്നി.

പലവട്ടം ഗൗതമിനോട് ഒറ്റക്ക് സംസാരിക്കാൻ ശ്രെമിച്ചെങ്കിലും സാധിച്ചില്ല. ആരെങ്കിലും അപ്പോഴേക്കും സംസാരിക്കാൻ വരും. ഒടുവിൽ അവൾ ആ ശ്രമം ഉപേക്ഷിച്ചു.

പ്രിയയുടെ അച്ഛൻ പ്രകാശ് സംസാരിക്കാൻ വേണ്ടി മൈക്കും എടുത്തു വേദിയിലേക്ക് ചെന്നു.

പ്രിയ അത് കണ്ടപ്പോളേക്കും ഗൗതമിന്റെയും മാളുവിന്റെയും അടുത്തു ചെന്നു നിന്നു.

“ഗുഡ് ഈവെനിംഗ് everyone. ഇന്നിവിടെ ഇങ്ങനെ ഒരു പാർട്ടി അറേഞ്ച് ചെയ്തതിന്റെ കാരണം നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും അറിയാമായിരിക്കും. അത് പറയുന്നതിന് മുൻപായി ഞാൻ എന്റെ മകൾ പ്രിയയെ എന്റെ അരികിലേക്ക് ക്ഷണിക്കുന്നു.”

മാളുവിനെ ഒന്ന് നോക്കിയ ശേഷം പ്രിയ അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു.

പ്രകാശ് പ്രിയയെ തോളിൽ കൈ ചേർത്തു നിർത്തി. “വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാൻ വേണ്ടി ആണ് ഞാൻ ഈ വേദിയിൽ നിൽക്കുന്നത്.

ഇനി മുതൽ എന്റെകമ്പനിയുടെ എല്ലാ അധികാരങ്ങളും പ്രിയക്ക് ആയിരിക്കും. പ്രിയ ഗ്രൂപ്പ്‌ ഓഫ് കൺസ്ട്രക്ഷൻസ് ന്റെ എംഡി ആയി ഇനി മുതൽ എന്റെ മകൾ പ്രിയ ആയിരിക്കും ഉണ്ടാകുക”. പ്രകാശ് സന്തോഷത്തോടെ പറഞ്ഞു നിർത്തി.

പ്രിയ ഞെട്ടി അച്ഛനെ നോക്കി. സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. ചുറ്റും ഉയർന്ന കൈയ്യടികൾ ആണവളുടെ ചിന്തയെ മുറിച്ചത്.

ഗൗതമിനെയും മാളുവിനെയും നോക്കിയപ്പോൾ അവരും ചിരിയോടെ കൈയടിക്കുന്നുണ്ട്. പക്ഷേ മാളുവിന്റെ ആ ചിരി പ്രിയക്ക് അവളെ പരിഹസിക്കുന്നത് പോലെയാണ് തോന്നിയത്.

അവളുടെ മുൻപിൽ താൻ ഒരു കോമാളി ആയതു പോലെ. ഇന്നലെ മാളുവിനോട് പറഞ്ഞ വാക്കുകൾ ഒക്കെ ഇരട്ടി വേഗത്തിൽ അവളുടെ മനസ്സിലേക്ക് ഇരച്ചു വന്നു.

എല്ലാവരുടെയും മുൻപിൽ ചിരിക്കുമ്പോളും ഉള്ളിൽ കനൽ എരിയുകയായിരുന്നു. മാളുവിന്റെ വിജയം അത്രമേൽ ഭ്രാന്ത്‌ പിടിപ്പിക്കുന്നു. സമ്മതിക്കില്ല താൻ. അവളും അറിയണം ഈ വിഷമം.

സ്വപ്നങ്ങൾക്കിടയിൽ നിന്നും നിരാശയിലേക്കും അപമാനത്തിലേക്കും ഉള്ള ഈ വീഴ്ച. അവളുടെ മുൻപിൽ തോറ്റു പോയത് പോലെ.

പിന്നീടുള്ള കാര്യങ്ങൾ ഒന്നും പ്രിയക്ക് ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല. ആരൊക്കെയോ വരുന്നു സംസാരിക്കുന്നു. അഭിനന്ദിക്കാൻ വരുന്നവർ ആണെന്ന് തോന്നുന്നു. ചിരിയുടെ ഒരു മൂടുപടം എടുത്തണിഞ്ഞു.

അവർ പറഞ്ഞതിൽ ഒരു വാക്ക് പോലും കാതിൽ വീണിരുന്നില്ല. എങ്കിലും എല്ലാം തല കുലുക്കി സമ്മതിച്ചു കൊടുത്തു.

പ്രിയയുടെ മുഖം കണ്ടപ്പോൾ അവൾ ഈ ലോകത്തൊന്നും അല്ലെന്ന് തോന്നി മാളുവിന്‌. പുറമെ പുഞ്ചിരി അണിഞ്ഞാലും അത് ചുണ്ടുകളിൽ മാത്രം തങ്ങി നിൽക്കുന്ന ഒന്നായിരുന്നു. അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ ഒരു ലാഞ്ചന പോലും കാണാൻ സാധിച്ചില്ല.

ഒന്നും വേണ്ടായിരുന്നു. ഇന്നലെ താൻ പറഞ്ഞ വാക്കുകൾ കാരണമാണ് ഏറ്റവും സന്തോഷിക്കേണ്ട ഈ നിമിഷത്തിൽ പോലും അവൾക്ക് അതഭിനയിക്കേണ്ടി വരുന്നതെന്ന് തോന്നി മാളുവിന്‌.

ഒന്നും വേണ്ടായിരുന്നു. ചെറുതായി ഒന്ന് വട്ടാക്കണം എന്നെ വിചാരിച്ചുള്ളു. അത് ഇത്രത്തോളം അവളുടെ മനസ്സിനെ മുറിവേല്പിക്കും എന്ന് കരുതിയില്ല.

പ്രിയ അവരുടെ അടുത്തേക്ക് ചെന്നു. മാളുവിൽ തന്നെ ആയിരുന്നു അവളുടെ കണ്ണുകൾ. പ്രിയയുടെ ആ ഭാവം മാളുവിന്റെ ഉള്ളിൽ ഭയം ജനിപ്പിച്ചു.

“നിന്റെ വിവാഹം ഉറപ്പിച്ചു എന്ന് മാളവിക പറഞ്ഞത് സത്യമാണോ ഗൗതം.” അടുത്തെത്തിയതും മാളുവിൽ നിന്നും നോട്ടം മാറ്റി ഗൗതമിനെ ഉറ്റുനോക്കിക്കൊണ്ട് മുഖവുരയേതുമില്ലാതെ പ്രിയ ചോദിച്ചു.

പെട്ടെന്ന് ചോദിച്ചപ്പോൾ മാളുവും ഗൗതവും ഞെട്ടി. ഗൗതം മാളുവിനെ നോക്കിയപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു. വഴക്ക് പറയുമോ എന്നൊരു പേടി ഉണ്ടായിരുന്നു അവൾക്ക്.

പ്രിയയെ പറഞ്ഞു മനസ്സിലാക്കാൻ ഇതിലും നല്ല അവസരം ഇല്ലെന്ന് അറിയാമായിരുന്നു ഗൗതമിന്.

അവൾക്ക് തന്നോടുള്ള സ്നേഹം പലപ്പോഴും ആ കണ്ണുകളിൽ കണ്ടതാണ്. ഇനിയും അവൾക്ക് പ്രതീക്ഷ നൽകാൻ പാടില്ല.

“ഹ്മ്മ്. അതേടോ എന്റെയും മാളവികയുടെയും വിവാഹമാണ് ഈ മാസം അവസാനം. . നാളെ വെഡ്‌ഡിങ് ഇൻവിറ്റേഷൻ കിട്ടിയിട്ട് ക്ഷണിക്കാൻ ഇരിക്കുവായിരുന്നു ഞാൻ”. ഗൗതം ചിരിയോടെ പറഞ്ഞു.

ആ മറുപടി പ്രിയ പ്രതീക്ഷിച്ചിരുന്നില്ല. ഡാഡി തന്ന സർപ്രൈസ് താൻ പ്രതീക്ഷിച്ചതല്ല എന്നറിയുമ്പോളും മനസ്സിനെ പിടിച്ചു നിർത്തിയത് മാളു പറഞ്ഞത് കളവായിരിക്കും എന്ന പ്രതീക്ഷ ആയിരുന്നു.

ഇപ്പോഴാണ് മാളവികയുടെ മുൻപിൽ താൻ ശെരിക്കും തോറ്റതെന്ന് തോന്നി അവൾക്ക്.

നിറഞ്ഞു വരുന്ന പ്രിയയുടെ കണ്ണുകൾ മാളുവിന്റെ മനസ്സിലും വേദന ജനിപ്പിച്ചു.

ഗൗതം അഭിനന്ദിക്കുമ്പോൾ യാന്ത്രികമായ ഒരു ചിരി മുഖത്ത് വരുത്തി അവൾ നടന്നകന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദിവസങ്ങൾ കടന്നു പോയി. ഗൗതമിന്റെ ദേഷ്യം കുറച്ചു കുറഞ്ഞതായി തോന്നി മാളുവിന്‌. ഇപ്പോൾ തന്നോട് അനാവശ്യമായി ദേഷ്യപ്പെടാറില്ല. പക്ഷേ ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാർ അല്ലായിരുന്നു.

പണിയെടുപ്പിക്കൽ കുറച്ചു കൂടിയോ എന്നൊരു സംശയമേ ഉള്ളൂ. ബീനാമ്മയെ കൊണ്ട് പറയിപ്പിച്ചിട്ടാണ് ഒരുവിധം രണ്ടാഴ്ചത്തെ ലീവ് ഒപ്പിച്ചെടുത്തത്. അത് കല്യാണത്തിന് മുൻപ് ഒരാഴ്ചയും ശേഷം ഒരാഴ്ചയും വച്ചു എടുക്കാൻ തീരുമാനിച്ചു.

കല്യാണം കഴിഞ്ഞു അങ്ങെത്തിയാൽ പിന്നെ വീണ്ടും സോപ്പിട്ടു ലീവ് നീട്ടാം എന്നുള്ള ഒറ്റ പ്രതീക്ഷയിൽ ആയിരുന്നു ആ തീരുമാനം.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദക്ഷിണയെയും കാത്തു ബീച്ചിൽ നിൽക്കുകയായിരുന്നു മനീഷ്.

ഇന്നെങ്കിലും അവളോട്‌ സംസാരിച്ചേ പറ്റു. കുറച്ചു ദിവസങ്ങൾ കൊണ്ട് വിളിക്കുകകയാണ് ഓരോ തവണയും കാരണങ്ങൾ പറഞ്ഞു അവൾ ഒഴിഞ്ഞു മാറുകയായിരുന്നു.

ഒടുവിൽ ഇന്ന് കണ്ടേ തീരു എന്നുള്ള തന്റെ വാശിക്ക് മുൻപിൽ ഒടുവിൽ വരാം എന്ന് സമ്മതിച്ചു.

തന്റെ അരികിലേക്ക് നടന്നു വരുന്ന ദച്ചുവിനെ ദൂരെ നിന്നേ മനു കണ്ടിരുന്നു. എപ്പോഴും തന്നെ കാണുമ്പോൾ വിരിയാറുള്ള ആ പുഞ്ചിരി അവളുടെ മുഖത്തില്ലായിരുന്നു.

“എന്താ കാണണം എന്ന് പറഞ്ഞത്”. ഗൗരവം വിട്ടു മാറാതെ തന്നെ അവൾ ചോദിച്ചു.

“മാളുവിന്റെ കാര്യം പറയാൻ വേണ്ടി ആണ്. എനിക്കിനിയും അവളെ വിഷമിപ്പിക്കാൻ പറ്റില്ല ദച്ചു. ഒരു വീട്ടിൽ തന്നെ രണ്ടപരിചിതരെ പോലെ.

രണ്ടാഴ്ചയെ ഉള്ളൂ അവളുടെ വിവാഹത്തിന്. എല്ലാത്തിനും മുൻപിൽ നിൽക്കേണ്ട ഞാനാ ഇങ്ങനെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു…”

“അതിന് ഞാൻ ഇപ്പോൾ എന്താ വേണ്ടത്. നിങ്ങളുടെ പെങ്ങളുടെ കാര്യം നിങ്ങൾ അല്ലെ തീരുമാനിക്കേണ്ടത്”. അവനെ നോക്കുക പോലും ചെയ്യാതെ അവൾ പറഞ്ഞു.

അവളുടെ ആ നിങ്ങൾ എന്ന വിളി അവനെ വല്ലാതെ അസ്വസ്ഥമാക്കി. ഏട്ടൻ എന്നല്ലാതെ വിളിച്ചിട്ടില്ല ഇത് വരെ. അത്രമേൽ താൻ അവൾക്ക് അന്യൻ ആയോ.

അതോ ദർശനു വേണ്ടി ഒഴിവാക്കിയതാണോ തന്നെ.

“നീ എന്താ ദച്ചു ഇങ്ങനെ ഒക്കെ പറയുന്നത്.” ശബ്ദം ഇടറുന്നുണ്ടായിരുന്നു അവന്റെ.

അവൾ രൂക്ഷമായി നോക്കി അവനെ.” പിന്നെ ഞാൻ എന്താ പറയേണ്ടേ. എന്റെ ഏട്ടന്റെ അവസ്ഥ എന്താ എന്നറിയുമോ മനുവേട്ടന്.

മാളുവിന്റെ വിവാഹം തീരുമാനിച്ച അന്ന് തുടങ്ങിയ കുടിയാ എന്നോടൊന്നു സംസാരിച്ചിട്ട് പോലുമില്ല അതിനു ശേഷം. അതിനെക്കുറിച്ചു എന്തെങ്കിലും ചോദിച്ചോ മനുവേട്ടൻ.

എല്ലാവർക്കും സ്വന്തം കാര്യം മാത്രം. പക്ഷേ എന്റെ ഏട്ടനേക്കാൾ വലുതായി എനിക്കൊന്നും ഇല്ല”.

“അ…പ്പൊ ഞാ..നോ ദച്ചു…. ഞാൻ നിന്റെ ആ..രുമല്ലേ” . വാക്കുകൾ പലവട്ടം മുറിഞ്ഞു പോയി.

ആ ചോദ്യം അവളുടെ കണ്ണുകളെ ഈറൻ അണിയിച്ചു . തന്റെ എല്ലാമാണ് എന്ന് പറയണമെന്നുണ്ടായിരുന്നു . പക്ഷേ വയ്യ. ഒരു ചോദ്യ ചിഹ്നമായി ഏട്ടൻ മുൻപിൽ ഉണ്ട് . താനാണ് ഏട്ടനോട് ആദ്യം മാളുവിനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് .

വിവാഹശേഷവും ഏട്ടൻ ഒരിക്കലും തന്നിൽ നിന്നും അകലാതിരിക്കാൻ ഉള്ള സ്വാർത്ഥത.

അന്നൊക്കെ എതിർത്തിരുന്ന ഏട്ടൻ പിന്നെ എപ്പോളാണ് മാളുവിനെ സ്നേഹിച്ചതെന്നറിയില്ല .

നിറഞ്ഞു വന്ന കണ്ണുകൾ മറച്ചു പിടിച്ചു കൊണ്ട് അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ നടന്നകന്നു. അകന്നു പോകുന്ന അവളുടെ രൂപം അവന്റെ മിഴികളെയും ഈറനണിയിച്ചു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മാളു ജോലി കഴിഞ്ഞു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ആകാശം ഇരുണ്ടു മൂടി കിടന്നിരുന്നു. ഇത് പോലെയാണ് തന്റെ മനസ്സും എന്നവൾക്ക് തോന്നി.

മനസ്സിൽ വല്ലാത്ത ഒരസ്വസ്ഥത തോന്നി മാളുവിന്‌. കുറച്ചു ദിവസങ്ങളായി തുടങ്ങിയിട്ട്. ആരോ തന്നെ പിന്തുടരുന്ന പോലെ ഒരു തോന്നൽ.തന്റെ ഓരോ പ്രവൃത്തിയും ആരോ നിരീക്ഷിക്കുന്ന പോലെ. പക്ഷേ ആരെയും കാണാനുമില്ല.

പുറത്തു നിൽക്കാൻ ഇപ്പോൾ ഭയമാണ്. എത്രയും വേഗം ഓഫീസിലും വീട്ടിലും എത്തും. അപ്പോൾ വല്ലാത്ത ഒരു സുരക്ഷിതത്വം തോന്നും.

എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നുള്ള പേടി ഉള്ളിൽ നിറയുന്നു. പക്ഷേ ആരോടാ ഒന്ന് പറയുക. അച്ഛനോടും അമ്മയോടും പറഞ്ഞാൽ വെറുതെ ടെൻഷൻ ആകും. ഗൗതമേട്ടന് പിന്നെ ഇപ്പോൾ നിന്നു തിരിയാൻ വയ്യാത്ത തിരക്കാണ്.

അല്ലെങ്കിലും ഇതൊക്കെ പറഞ്ഞാൽ കളിയാക്കുകയായിരിക്കും ചെയ്യുക.
ആലോചിച്ചു നടക്കുന്ന അവളുടെ സകല ഭാവങ്ങളും ദർശൻ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.

നിന്നേ ഞാൻ മറ്റാർക്കും വിട്ടുകൊടുക്കില്ല മാളു. ദർശൻ ആഗ്രഹിച്ചതൊന്നും മറ്റാരുടെയും സ്വന്തം ആകാൻ സമ്മതിക്കില്ല ഞാൻ.

കൈയിൽ ഇരിക്കുന്ന താലി ഒന്നുകൂടി മുറുകെ പിടിച്ചു അവൻ അവളുടെ അരികിലേക്ക് നടന്നു.

തുടരും….

അപ്പോ ഇനി മാളുവിന്റെ കല്യാണം ആണ്. 😌😌

എല്ലാരും വായിച്ചിട്ട് അഭിപ്രായങ്ങൾ പറഞ്ഞാട്ടെ..

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17