Wednesday, January 22, 2025
Novel

നിഴൽ പോലെ : ഭാഗം 16

എഴുത്തുകാരി: അമ്മു അമ്മൂസ്‌


ഗൗതം വരുന്നതിന് മുൻപ് ടേബിളും ഫയലും ഒക്കെ അറേഞ്ച് ചെയ്തു വെച്ചിട്ട് പുറത്തേക്ക് ഇറങ്ങി മാളു.

“ഹോ… കഴിഞ്ഞു.. ഇന്നലെ രാത്രി ഒന്ന് സംസാരിക്കാൻ വിളിച്ചപ്പോൾ കിട്ടിയ ഓർഡർ ആയിരുന്നു. രാവിലെ വരുമ്പോഴേക്ക് എല്ലാം അറേഞ്ച് ചെയ്തു വച്ചോണം എന്ന്.

എന്നെക്കൊണ്ട് പണി എടുപ്പിച്ചില്ലെങ്കിൽ ഉറക്കം വരില്ല എന്ന് തോന്നുന്നു പ്രാന്തന്. കെട്ടു കഴിഞ്ഞാൽ പിന്നെ എന്തൊക്കെ ജോലി ചെയ്യിക്കും എന്ന് ദൈവത്തിന് മാത്രം അറിയാം.”

ഓരോന്ന് പറഞ്ഞു നടക്കുമ്പോളാണ് മുൻപിൽ ആരെയോ ചെന്നു തട്ടി. മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു. ജീവനാണ്.അവന്റെ കണ്ണുകൾ തന്നെ ചുഴിഞ്ഞു നോക്കുന്നത് അവളിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.

“സോറി ഞാൻ കണ്ടില്ലായിരുന്നു”. അവൾ മുൻപോട്ടു നടക്കാൻ തുടങ്ങിയെങ്കിലും ജീവൻ പെട്ടന്ന് തന്നെ തോളിൽ കൂടി കൈയിട്ടു ചേർത്തു പിടിച്ചതിനാൽ നിൽക്കേണ്ടി വന്നു.

“നിൽക്ക് മാളു. ഞാനൊന്ന് പറയട്ടേ. എങ്ങോട്ടാ ഈ ഓടുന്നെ. കുറച്ചു ദിവസം ആയല്ലോ ഈ ഒളിച്ചുകളി തുടങ്ങിയിട്ട്. ”

.

മാളു പെട്ടെന്ന് തന്നെ അവന്റെ കൈ എടുത്തു മാറ്റി രൂക്ഷമായി നോക്കി. “എന്ത് പറയാനുണ്ടെങ്കിലും ഇങ്ങനെ പറഞ്ഞാൽ മതി. ദേഹത്തു തൊട്ട് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല”. അവൾ ദേഷ്യത്തോടെ തന്നെ പറഞ്ഞു.

പക്ഷേ മറുപടിയായി ഒരു പുച്ഛം കലർന്ന ചിരിയാണ് അവനിൽ നിന്നും കിട്ടിയത്. “ഓഹോ… നമ്മൾ ഒന്ന് തൊടുമ്പോൾ മാത്രമേ ഉള്ളല്ലോ കുഴപ്പം.

ബാംഗ്ലൂർ വെച്ചു ഗൗതം സാറിന്റെ കൂടെ പോകുമ്പോഴും കഴിഞ്ഞ ദിവസം നന്ദൻ തൊടുമ്പോഴും ഒന്നും ഈ പൊള്ളൽ കാണാനില്ലായിരുന്നല്ലോ”.

.

മാളുവിന്റെ മുഖം ദേഷ്യം കൊണ്ട് മുറുകി.

“കഴിഞ്ഞ ദിവസം ക്യാബിനിൽ വെച്ചു സാറിന്റെ പുതിയ പാർട്ണറിനെ കെട്ടിപ്പിടിക്കുന്നതും ഞാൻ കണ്ടു. കാശുള്ളവന് മാത്രെ തൊടാൻ പാടുള്ളോ നിന്നേ.

വല്ലപ്പോഴും നമ്മളെ പോലുള്ള പാവങ്ങളെയും കൂടി ഒന്ന് പരിഗണിക്കണം”. അവൻ വീണ്ടും അവളുടെ തോളിൽ കൂടി കൈ ഇട്ടു.

അതിനു മറുപടി പറഞ്ഞത് ഉയർന്നു താഴ്ന്ന മാളുവിന്റെ കൈ ആയിരുന്നു. കവിൾ പൊത്തിപ്പിടിച്ചു നിൽക്കുന്ന ജീവന്റെ നേരേ അവൾ വിരൽ ചൂണ്ടി.

“ഇനി മേലാൽ നീ എന്റെ ദേഹത്തു തൊട്ടിട്ടുണ്ടെങ്കിൽ. ഇപ്പോൾ കിട്ടിയത് പോലെ ഒന്നും ആയിരിക്കില്ല കിട്ടുന്നത്. എന്നേ നിനക്ക് ശെരിക്കറിയില്ല”.

അവൻ മറുപടി പറയാൻ തുടങ്ങുമ്പോളെക്ക് “ഡീ…” എന്നൊരലർച്ച കേട്ടു.

പ്രിയ മാളുവിന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു. “നിനക്കെത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ സെക്രട്ടറിക്ക് നേരേ കൈ ഉയർത്തിയത്.

ഗൗതമിനെ നീ ചിരിച്ചു വരുതിയിൽ ആക്കി എന്നും പറഞ്ഞു എന്തും ആകാം എന്നാണോ.

എന്റെ സെക്രട്ടറിയെ തല്ലാൻ ആരാ നിനക്ക് അധികാരം തന്നത്”. പ്രിയ ദേഷ്യത്തോടെ ഷൗട്ട് ചെയ്തു.

ആവൾ ഇത്രയും ദേഷ്യപ്പെട്ടിട്ടും മാളുവിന്റെ മുഖത്തു യാതൊരു കൂസലും ഇല്ലെന്ന് കണ്ട പ്രിയക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ മാളുവിന്റെ നേരേ കൈ ഉയർത്തി എങ്കിലും മാളു ആ കൈ തടഞ്ഞു.

“What’s going on here…”. ഗൗതമിന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടതും പ്രിയ പെട്ടെന്ന് കൈ പിൻവലിച്ചു.

മാളുവിനും പേടി തോന്നി. “ഈശ്വരാ വരാൻ സമയമായെന്ന് ഓർത്തില്ലല്ലോ. ഓഫീസിൽ സീൻ ക്രിയേറ്റ് ചെയ്തു എന്നും പറഞ്ഞായിരിക്കും ഇന്നത്തെ വഴക്ക്”. ഗൗതമിനെ നോക്കിയപ്പോൾ അവളുടെ ഊഹം തെറ്റിയില്ല എന്ന് മനസ്സിലായി.

ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുകയാണ്. മുഖവും കണ്ണും ഒക്കെ ആകെ ചുമന്നിരിക്കുന്നു. പിന്നെ ഒന്നുകൂടി അവൾ ആ ഭാഗത്തേക്ക്‌ നോക്കാൻ പോയില്ല. നിലത്തേക്ക് തന്നെ നോക്കി നിന്നു.

ഗൗതമിനെ കണ്ടപ്പോഴേ ജീവന്റെ പകുതി ജീവൻ അങ്ങ് പോയി. അവന് മാളുവിനോടുള്ള അടുപ്പം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ മനസ്സിലായതാണ്.

ഓഫീസിൽ വച്ചു ഇങ്ങനെ ഒന്നും ഉണ്ടാകും എന്ന് ഒരിക്കലും കരുതിയില്ല.

ഒന്ന് തോളിൽ കൈ ഇട്ടതിനു അവൾ അങ്ങനെ react ചെയ്തപ്പോൾ വാശി കയറിപ്പോയി. അവൻ പേടി കാരണം ഉമിനീർ വിഴുങ്ങി നിന്നു.

ഗൗതം ചുറ്റും കൂടി നിന്ന് കാഴ്ച കാണുന്നവരെ രൂക്ഷമായി നോക്കി. എല്ലാവരും പെട്ടെന്ന് അവരവരുടെ സീറ്റിലേക്ക് പോയി.

മാളുവിനെയും പ്രിയയെയും ജീവനെയും ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവൻ ക്യാബിനിലേക്ക് നടന്നു.

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ മൂന്നു പേരും പിന്നാലെ ചെന്നു.

അകത്തേക്ക് കയറിയ ഉടനേ ഗൗതം ചൂടാക്കാൻ തുടങ്ങി. “ഇതെന്താ ചന്ത ആണെന്നാണോ നിങ്ങൾ വിചാരിച്ചു വച്ചിരിക്കുന്നത്. ഈ ഓഫീസിനു ഒരു ഡിസിപ്ലിൻ ഉണ്ട്.

അത് ഞാൻ പറഞ്ഞു തരേണ്ടല്ലോ ആർക്കും. “അവൻ കൈ ടേബിളിൽ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു.

മാളു ഒന്ന് ഞെട്ടി ആ സൗണ്ട് കേട്ടു. “ഭഗവാനേ രണ്ടാമത്തെ പല്ലും പോകുമെന്നാ തോന്നുന്നേ ഇന്ന്”. അവൾ കവിളിൽ കൈ വെച്ചു ആലോചിച്ചു.

“ആ പ്രൊജക്റ്റ്‌ എങ്ങാനും കൈയിൽ നിന്നും പോയാൽ പിന്നെ എന്നെ വച്ചേക്കില്ലല്ലോ.

ഈ കോഴി കാരണം ഞാൻ ഒരുവിധം കരക്കടുപ്പിച്ചുകൊണ്ടിരിക്കുന്ന ഈ തോണി കടലിലേക്ക് തന്നെ വീണ്ടും പോകുമോ ഈശ്വരാ.” അവൾക്ക് വല്ലാത്ത ടെൻഷൻ തോന്നി.

“സോറി ഗൗതം. മാളവിക എന്റെ സെക്രട്ടറിയെ തല്ലിയപ്പോൾ ആ ദേഷ്യത്തിൽ അറിയാതെ അങ്ങനെ സംഭവിച്ചതാ.

ഇത്തരം ഒരു ബിഹേവിയർ ഞാൻ ഒരിക്കലും ഈ കമ്പനിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല”.

പ്രിയ പെട്ടെന്ന് തന്നെ പരമാവധി വിനയം മുഖത്തു വരുത്തി പറഞ്ഞു. എന്നിട്ട് ഗൗതം കാണാതെ മാളുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു.

ഗൗതം മാളുവിനെ നോക്കി. അവൾ പ്രിയയെ തന്നെ നോക്കി നിൽക്കുകയാണ്. ദേഷ്യം പ്രകടമായി കാണാം അവളുടെ മുഖത്തു.

അവൾ തല്ലണം എങ്കിൽ എന്തെങ്കിലും കാരണം ഉണ്ടായിരിക്കും എന്നവന് തോന്നി. വിരലുകൾ കൂട്ടിപിടിച്ചു ടെൻഷനോടെ നിൽക്കുന്ന അവളെ കണ്ടതും ഉള്ളിലെ ദേഷ്യത്തിന് ഇത്തിരി അയവു വന്നത് പോലെ.

ജീവന്റെ മുഖത്തെ പരിഭ്രമം എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്നൊരു സൂചന അവന് നൽകി.

“എന്താ ഉണ്ടായത്”. അവൻ ശാന്തമായ സ്വരത്തോടെ മാളുവിനോട് ചോദിച്ചു. അവന്റെ ദേഷ്യം കുറഞ്ഞു എന്ന് കണ്ടതും മാളുവിന്‌ സമാധാനം ആയി.

“എന്നേ കുറിച്ചു അനാവശ്യം പറയുകയും ദേഹത്തു തൊടുകയും ചെയ്തു. അതിനാ അടിച്ചത്. അതിന്റെ പേരിൽ എന്ത് ആക്ഷൻ എടുത്താലും എനിക്ക് കുഴപ്പമില്ല sir. ഇനി ചെയ്താലും ഞാൻ ഇത് തന്നെ ചെയ്യും. “അവൾ ഗൗതമിനെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

അവളുടെ ആ മറുപടി അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിയിച്ചു. എന്നാൽ ജീവനെ നോക്കിയതും വീണ്ടും ദേഷ്യം കൊണ്ട് ഞരമ്പുകൾ വലിഞ്ഞു മുറുകി. ഒരു നിമിഷം കണ്ണുകൾ അടച്ച ശേഷം ഗൗതം സ്വയം നിയന്ത്രിച്ചു.

ജീവൻ തല ഉയർത്തി നോക്കിയതേ ഇല്ല. അല്ലാതെ തന്നെ ഗൗതമിന്റെ ഇപ്പോഴത്തെ അവസ്ഥ അവന് മനസ്സിലായിരുന്നു. വല്ലാത്ത പരവേശം തോന്നി അവന്. ഒന്നും വേണ്ടായിരുന്നു.

“ഇപ്പോൾ മുതൽ ജീവൻ ഈ കമ്പനിയിൽ ഉണ്ടാകാൻ പാടില്ല. പ്രിയക്ക് മാത്രം പ്രൊജക്റ്റ്‌ തീരുന്നത് വരെ ഇവിടെ തുടരാം. സമ്മതമല്ലെങ്കിൽ നമുക്കിപ്പോൾ ഈ പ്രൊജക്റ്റ്‌ വേണ്ട എന്ന് വെക്കാം.”

ഗൗതമിന്റെ വാക്കുകൾ ഞെട്ടലോടെ ആണ് പ്രിയ കേട്ടത്.

“നമ്മുടെ ഫ്രണ്ട്ഷിപ്പിനേക്കാളും ഈ പ്രോജെക്റ്റിനെക്കാളും വലുതാണോ ഇവൾ”. പ്രിയ ഈർഷ്യയോടെ ചോദിച്ചു. ഗൗതം ഇങ്ങനെ പറയും എന്നവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല.

“കൂടുതൽ വിശദീകരണം തരാൻ എനിക്ക് താല്പര്യമില്ല പ്രിയ. ഞാൻ പറഞ്ഞല്ലോ എന്റെ തീരുമാനം. സമ്മതമാണെങ്കിൽ നമ്മൾ ഈ പ്രൊജക്റ്റ്‌ ചെയ്യും. അല്ലെങ്കിൽ നന്ദനോട് സംസാരിച്ചാൽ മതി”. ഗൗതം ഗൗരവത്തിൽ തന്നെ പറഞ്ഞു.

പ്രിയ ദേഷ്യത്തോടെ മാളുവിനെ നോക്കി. അവൾ ഗൗതമിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ജീവനെയും കൂട്ടി അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി. മാളുവിന്റെ സന്തോഷം അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.

പ്രിയ പുറത്തേക്ക് പോയപ്പോളാണ് പുലിമടയിൽ ഒറ്റക്കാണ് നിൽക്കുന്നതെന്ന ബോധം മാളുവിന്‌ വന്നത്. ഗൗതം എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ട അവൾ മെല്ലെ ഡോറിനു അടുത്തേക്ക് നടന്നപ്പോളേക്ക് കൈയിൽ പിടി വീണിരുന്നു.

ഗൗതം അവളുടെ കൈ പിറകിലേക്ക് തിരിച്ചു പിടിച്ചു അവന്റെ അടുത്തേക്ക് ചേർത്തു നിർത്തി. കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

അവനോട് ചേർന്നുള്ള ആ നിൽപ്പ് അവളിൽ വല്ലാത്ത വെപ്രാളം സൃഷ്ടിച്ചു. അവനെ നോക്കാതെ തന്നെ ആ നോട്ടം തന്നിൽ ആണെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു നിൽക്കുന്ന അവളെ അവൻ കൗതുകത്തോടെ നോക്കി നിന്നു.

വിരലുകൾ കൊണ്ട് മെല്ലെ ആ വിയർപ്പുതുള്ളികൾ ഒപ്പി മാറ്റുമ്പോൾ അവളെ വിറക്കുന്നതു പോലെ തോന്നി അവനു.

കാര്യങ്ങൾ കൈ വിട്ടു പോകും എന്ന് തോന്നിയപ്പോൾ നെറ്റിയിൽ നിന്നും വിരലുകൾ പിൻവലിച്ചു.

“നീ ആരാടി ജാൻസി റാണിയോ. പെട്ടെന്ന് കേറി അങ്ങ് പ്രതികരിക്കാൻ. ഹ്മ്മ്.. “കുറച്ചു കൂടി അവളെ അടുത്തേക്ക് ചേർത്തു നിർത്തി അവൻ ചോദിച്ചു.

അവൾ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി. ആ മുഖത്തെ ചിരി കണ്ടതും അവൾക്ക് ദേഷ്യം വന്നു. “ആണെങ്കിൽ എന്താ. എന്റെ കാര്യം ഞാൻ തന്നെ നോക്കിയല്ല പറ്റു. വേറെ ആരും ഇല്ലല്ലോ അവനിട്ടു ഒന്ന് കൊടുക്കാൻ. ”

“അവനുള്ളത്‌ ഞാൻ കൊടുത്തോളും”. ഗൗതം മനസ്സിൽ പറഞ്ഞു. “ആഹ് ആ ബോധം ഉണ്ടായിരിക്കണം. നോക്കിയും കണ്ടും ഒക്കെ വേണം പ്രതികരിക്കാൻ.

എല്ലാവരും അവനെ പോലെ അടങ്ങി നിന്നു എന്ന് വരില്ല. ഇനി ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ തന്നെ എന്നോട് പറഞ്ഞോണം. കേട്ടോ..”.

അവന്റെ ചോദ്യം കേട്ട് അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. “പിന്നേ സൂപ്പർമാൻ അല്ലെ. വിളിച്ചാൽ ഉടനേ പറന്നു വന്നു രക്ഷിക്കാൻ. എന്തായാലും സമ്മതിച്ചു കൊടുത്തേക്കാം അല്ലെങ്കിൽ ഇപ്പൊ തുടങ്ങും വഴക്ക്”.

അവൾ തലയാട്ടി സമ്മതിച്ചു.

അവൻ കൈയിലെ പിടി വിട്ടതും അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി. വെറുതെ എന്തിനാ അടുത്ത ഉപദേശവും പണിയും വാങ്ങുന്നത്.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദർശൻ അവന്റെ കൈയിൽ ഉള്ള താലിയിലേക്ക് തന്നെ നോക്കി ഇരുന്നു.

“ഇനി അധികം ദിവസമില്ല മാളു. എത്രയും പെട്ടെന്ന് തന്നെ നമ്മുടെ വിവാഹം നടന്നിരിക്കും. പിന്നെ നീ എങ്ങനെ ഗൗതമിന് സ്വന്തമാകും. നിനക്കൊരു ജീവിതം ഉണ്ടെങ്കിൽ അതീ ദർശന്റെ കൂടെ മാത്രം ആയിരിക്കും”.

അവന്റെ മനസ്സിൽ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15