Thursday, December 19, 2024
Novel

നിഴൽ പോലെ : ഭാഗം 11

എഴുത്തുകാരി: അമ്മു അമ്മൂസ്‌


മീറ്റിംഗ് ഹാളിൽ ഇരുന്ന ദർശനും പ്രിയയും കൈകൾ കോർത്തു നടന്നു വരുന്ന അവരെ കണ്ട് ഞെട്ടി.

പ്രിയയെയും ദർശനെയും കണ്ടതും ഗൗതമിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു. മാളുവിന്റെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ അവൻ മുന്നോട്ടു നടന്നു.

ഗൗതമിന്റെ ഈ മാറ്റം അവർക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നാൽ അവരെക്കാൾ കൂടുതൽ ആ മാറ്റം ഉൾക്കൊള്ളാൻ കഴിയാതെ വേറൊരാളും അവിടെ ഉണ്ടായിരുന്നു. മറ്റാരുമല്ല മാളു തന്നെയാണ്.

ഗൗതമിന്റെ ഈ സ്നേഹം കൂടി കണ്ടപ്പോലേക്ക് തന്നെ കൊല്ലാൻ തന്നെയാ കൊണ്ട് വന്നിരിക്കുന്നതെന്ന് അവൾ ഉറപ്പിച്ചു.

“ഇങ്ങേരെന്തിനാ എന്നേ ബാംഗ്ലൂർ കൊണ്ട് വന്നിട്ട് കൊല്ലുന്നത്. തെളിവ് നശിപ്പിക്കാൻ ആയിരിക്കും. വേദനിപ്പിക്കാതെ കൊല്ലുമോ എന്നെങ്കിലും ചോദിച്ചു നോക്കാമായിരുന്നു”. അവൾ മനസ്സിൽ പറഞ്ഞു. ശരീരം വിറക്കുന്നത് പോലെ തോന്നി അവൾക്ക്.

അവളുടെ ശരീരം വിറക്കുന്നത് ഗൗതമിനും മനസ്സിലായിരുന്നു. ആ കുഞ്ഞിത്തലയിൽ ഓടുന്നതെന്താ എന്ന് അധികം ആലോചിക്കേണ്ടായിരുന്നു അവന്.

ഒരു ചിരിയോടെ അവൻ അവളെ അവിടെയുള്ള ഒരു കസേരയിൽ ഇരുത്തിയ ശേഷം അതിനടുത്തായി ഇരുന്നു.

“ഗൗതം what is this?. ഇവൾ PA ആണ്. നമ്മുടെ മീറ്റിംഗിൽ എന്തിനാണ് അവൾക്ക് അടുത്തിരിക്കാൻ പെർമിഷൻ കൊടുത്തത്”. പ്രിയ ബാക്കി ഉള്ളവരെ നോക്കി.

മിക്കവാറും എല്ലാവരും ഒരു ഞെട്ടലിൽ ആയിരുന്നു. അവരുടെ ഒക്കെ കൂടെ വന്നവർ മാത്രം മാളുവിനെ കുറച്ചു അസൂയയോടെ നോക്കി.

മാളുവിന്റെ തല കുനിഞ്ഞു. അവൾ എണീക്കാൻ തുടങ്ങിയെങ്കിലും ഗൗതം സമ്മതിച്ചില്ല. അവൻ മായങ്ക് വർമയെ നോക്കി.

ബാംഗ്ലൂരിലെ ഏറ്റവും വലിയ വ്യവസായി അദ്ദേഹത്തിന്റെ കമ്പനിയുമായുള്ള പ്രൊജക്റ്റ്‌ പിടിക്കാൻ വേണ്ടിയിട്ടാണ് ഇന്നിവിടെ ഈ മീറ്റിംഗ് നടക്കുന്നത്. അദ്ദേഹം അവനെ കൗതുകത്തോടെ നോക്കി ഇരിക്കുന്നത് കണ്ടു.

ഗൗതം മറ്റുള്ളവരെ നോക്കിയപ്പോൾ എല്ലാവരും അവന്റെ പ്രവൃത്തിയിൽ ഞെട്ടി ഇരിക്കുകയാണെന്ന് തോന്നി. “എനിക്കറിയാം നിങ്ങളിൽ പലർക്കും ഇത് കൺഫ്യൂഷനും അലോസരവും ഉണ്ടാക്കുന്നുണ്ട് എന്ന്.

പക്ഷേ എന്റെ മിക്കവാറും ഉള്ള മീറ്റിങ്ങുകൾ എല്ലാം ഇങ്ങനെ തന്നെയാണ്. ഓരോ മീറ്റിങ്ങിലെയും ചെറിയ ചെറിയ കാര്യങ്ങൾ ഉൾപ്പടെ എനിക്ക് റിപ്പോർട്ട്‌ വേണം.

പിന്നീട് ഒരാശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ആണ്. എന്റെ ശ്രെദ്ധയിൽ പെടാത്ത അല്ലെങ്കിൽ ഞാൻ പറയാൻ വിട്ടു പോകുന്ന കാര്യങ്ങൾ കാണും.

അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ സെക്രട്ടറിയുടെ സഹായം തേടുന്നതിൽ തെറ്റില്ലല്ലോ”. അവൻ വർമ്മയെ നോക്കി പറഞ്ഞു.

മായങ്ക് വർമ്മയുടെ ചുണ്ടിൽ ഒരു ചരി വിരിഞ്ഞു. ഗൗതം പറഞ്ഞ കാരണങ്ങൾ ഒക്കെ യോജിക്കാൻ കഴിയാത്തതാണെങ്കിലും മാളു അവന് വെറും ഒരു സെക്രട്ടറി അല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.

അവന്റെ കള്ളചിരിയും ഭാവങ്ങളും എല്ലാം പലതും പറയാതെ പറഞ്ഞു. ഈ പ്രായം കടന്നു തന്നെ ആണല്ലോ താനും ഇവിടെ എത്തിയത്.
അദ്ദേഹം ചിരിയോടെ തലയാട്ടി.

ദർശനും പ്രിയക്കും അത് ഇഷ്ടപ്പെട്ടില്ല എങ്കിലും പ്രതികരിക്കാൻ കഴിയുമായിരുന്നുമില്ല.

മീറ്റിങ്ങിൽ മുഴുവൻ മാളു സ്വപ്ന ലോകത്ത് തന്നെ ആയിരുന്നു. നടന്നതൊക്കെ ആലോചിക്കുംതോറും അവളുടെ സംശയം കൂടി കൂടി വന്നു.

ഗൗതത്തിനു തന്നെ ആയിരുന്നു പ്രൊജക്റ്റ്‌ കിട്ടിയത്. ഇത് വരെ ചെയ്തിട്ടുള്ള എല്ലാ പ്രൊജക്റ്റ്‌ന്റെ വിജയവും അവന്റെ സ്മാർട്നെസ്സും മായങ്കിനു നന്നായി ഇഷ്ടപ്പെട്ടു.

ദർശന്റെ മുഖത്തു പ്രൊജക്റ്റ്‌ ലഭിക്കുക എന്നതിൽ ഉപരി ഗൗതമിനെ തോൽപ്പിക്കുക എന്നുള്ള വാശിയായിരുന്നു ഉണ്ടായിരുന്നത്. അത് വളരെ എളുപ്പത്തിൽ മായങ്കിന് മനസ്സിലായി.

മീറ്റിംഗ് കഴിഞ്ഞ ശേഷം എല്ലാവരും പിരിഞ്ഞു. അവിടെ ദർശനും ഗൗതവും മാളുവും മാത്രമായി.

“നീ റൂമിൽ പോയി നിന്റെ ബാഗും ഒക്കെ എടുത്തുകൊണ്ടു റിസെപ്ഷനിലേക്ക് ചെല്ല്. ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം”. ഗൗതം മാളുവിനോട് പറഞ്ഞു.

ഇപ്പോഴും ശെരിക്ക് ബോധം വീഴാഞ്ഞത് കൊണ്ട് മാളു ഒന്നും മിണ്ടാതെ പോയി.

“എന്താണ് ദർശൻ ആദ്യത്തെ തോൽവിക്ക് തന്നെ ഇങ്ങനെ നിരാശനായാലോ. ഇനി എന്തൊക്കെ കിട്ടാൻ ഇരിക്കുന്നു. പഴയതൊന്നും മറന്നിട്ടില്ല ഞാൻ.” ഗൗതം ദർശന്റെ തോളിൽ തട്ടി പറഞ്ഞു.

ദർശൻ ദേഷ്യത്തോടെ ഗൗതമിനെ നോക്കി പല്ലിറുമ്മി.

“രണ്ടു വർഷം മുൻപ് നിന്നോട് സംസാരിച്ച ഗൗതം അല്ല ഇപ്പോൾ നിന്റെ മുൻപിൽ ഉള്ളത്. കുറേ കാര്യങ്ങൾ തിരിച്ചറിയാൻ വൈകി പോയി. പക്ഷേ ഒന്ന് മാത്രം ഗൗതം മറന്നിട്ടില്ല. നിന്നേ എല്ലാം നഷ്ടപ്പെടുത്തി തെരുവിൽ ഇറക്കും എന്നുള്ളത്. നീ ചതിച്ചു നേടിയതും കഷ്ടപ്പെട്ട് സമ്പാദിച്ചതും എല്ലാം ദാ ഇത് പോലെ നിന്റെ കൈയിൽ നിന്നും വഴുതി പോകും.” ഗൗതം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

പെട്ടെന്ന് അവന്റെ മുഖത്തു ഗൗരവം നിറഞ്ഞു. “ഇപ്പോഴും മനീഷിനെ കൂട്ടുപിടിച്ചു നീ ഒരു നാടകം കളിക്കുന്നില്ലേ. അതിനി വേണ്ട.

ഇനിയും നിന്നേ അവളുടെ പിറകേ കണ്ടാൽ പിന്നേ ഇങ്ങനെയൊന്നും ആയിരിക്കില്ല നമ്മൾ തമ്മിൽ ഉള്ള കൂടിക്കാഴ്ച്ച. ”

ഗൗതം അവനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയ ശേഷം പുറത്തേക്ക് നടന്നു. ദർശൻ അവന്റെ കൈയിൽ ഇരുന്ന ഫയൽ വലിച്ചെറിഞ്ഞു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മാളു ഗൗതമിനെയും നോക്കി റിസപ്ഷനിൽ ഇരിക്കുകയായിരുന്നു. ഗൗതം വരുന്നത് കണ്ട് അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു.

“നീ വാ.. നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്”. അതും പറഞ്ഞു ഗൗതം മുൻപിൽ നടന്നു.

“ഇപ്പോഴോ. ഇന്ന് വൈകിട്ട് അല്ലേ തിരിച്ചു പോകേണ്ടത്.” നടക്കുന്ന വഴി അവൾ ചോദിച്ചെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.

“ഇതേതാ ഈ കാർ”. അവന്റെ കൂടെ വണ്ടിയിൽ കയറിക്കൊണ്ട് അവൾ ചോദിച്ചു.

“ഞാൻ റെന്റിനു എടുത്തതാ. അവരുടെ ആള് എയർപോർട്ടിൽ വന്നോളും പിക്ക് ചെയ്യാൻ.” അതും പറഞ്ഞു അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു.

മാളുവിന്റെ ആലോചന തീരുന്നുണ്ടായിരുന്നില്ല. “കാറിൽ ലിഫ്റ്റ് പോലും തരാൻ തയാറല്ലാതിരുന്ന മനുഷ്യൻ ഇപ്പോൾ കാർ വാടകക്കെടുത്തു കൊണ്ടു പോകുന്നു.

എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ട്.

ഇനി എന്നോട് പ്രേമം വല്ലതും ആണോ. പക്ഷേ ഒറ്റ ദിവസം കൊണ്ടു ഇങ്ങനെ ആകുമോ.” അവൾ തല പുകഞ്ഞു ആലോചിച്ചു.

അവളുടെ ആലോചന കണ്ട് ഗൗതത്തിന് ചിരി വന്നു.

ഒരു തടാകത്തിന്റെ കരയിലേക്ക് അവൻ കാർ park ചെയ്തു.

കുറച്ചു സമയം രണ്ടു പേരും നിശബ്ദർ ആയിരുന്നു. ഗൗതം ആണെങ്കിൽ എന്താണ് പറയേണ്ടത് എന്നുള്ള ചിന്തയിൽ ആയിരുന്നു.

ഗൗതമിന്റെ പരുങ്ങലും അവളെ കൊണ്ടു വന്ന സ്ഥലവും ഒക്കെ കണ്ടപ്പോൾ മാളു മനസ്സിൽ ഉറപ്പിച്ചു. “ഇതത് തന്നെ പ്രൊപോസൽ. ഈശ്വരാ ഞാനിപ്പോൾ എന്ത് മറുപടിയാണ് പറയുന്നേ. പറഞ്ഞു തീരുമ്പോളേക്ക് യെസ് എന്ന് പറഞ്ഞാലോ. അതോ കുറച്ചു ഗമ കാണിച്ചിട്ട് ആലോചിക്കട്ടെ എന്ന് പറയണോ”. അവൾ പെട്ടെന്ന് മുടിയൊക്കെ നന്നായി ഒതുക്കി വെച്ചു.

“ശോ എന്നാലും ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ഒക്കെ ഒരുക്കി പെട്ടെന്ന് ഒരു മോതിരം കാണിച്ചു പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി ഗുമ്മ് കിട്ടിയേനെ.

ഹാ പോട്ടെ ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്യാം”. അതും മനസ്സിൽ പറഞ്ഞു ഗൗതം പ്രൊപ്പോസ് ചെയ്യാൻ വേണ്ടി അവൾ വെയിറ്റ് ചെയ്തിരുന്നു.

“എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്”. കുറച്ചു സമയത്തിന് ശേഷം അവൻ പറഞ്ഞു.

അവളുടെ മനസ്സിലേക്ക് പെട്ടെന്ന് ധ്രുവം സിനിമയിലെ സീൻ ആണ് വന്നത്.” ഈ ഗൗതം വാസുദേവിന്റെ ഭാര്യയായിരിക്കാൻ നിനക്ക് സമ്മതമാണോ.”

“സമ്മതം”. അവൾ നാണിച്ചു കൊണ്ടു പറഞ്ഞു.

“സമ്മതമോ എന്തിനു”. ഗൗതത്തിന്റെ ആ ചോദ്യമാണ് അവളെ സ്വപ്നലോകത്തു നിന്നും തിരിച്ചു കൊണ്ടു വന്നത്.

അവൾ നോക്കുമ്പോൾ അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു അവൻ.” എന്നേ പ്രൊപ്പോസ് ചെയ്യാൻ തുടങ്ങുവല്ലായിരുന്നോ അതിന് സമ്മതം ആണെന്നാ പറഞ്ഞേ. “അവൾ നഖം കടിക്കുന്നതായി ഭാവിച്ചു കൊണ്ടു പറഞ്ഞു.

“പ്രൊപ്പോസ് ചെയ്യാനോ. ഞാനോ ….നിനക്കെന്താ വട്ടായോ… “ഗൗതം അവളോട്‌ ചോദിച്ചു.

“എനിക്കറിയാം. മിനിഞ്ഞാന്ന് എന്നേ സാരിയിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലേ. എന്റെ ആ ലുക്ക്‌ കണ്ടപ്പോളേ എന്നോട് പ്രേമം തോന്നി എന്ന് എനിക്കറിയാം. “അവൾക്ക് അവളെ കുറിച്ചു തന്നെ വല്ലാത്ത അഭിമാനം തോന്നി.

“അവിടെ വച്ചു പറയാൻ ചമ്മൽ ആയതുകൊണ്ടല്ലേ ഇവിടെ വരെ വന്നത്.” അവൾ വീണ്ടും മുഖത്തു നാണം വാരി വിതറിക്കൊണ്ട് പറഞ്ഞു.

ഗൗതം തലയിൽ കൈ വച്ചു. “ഭയങ്കര കണ്ടുപിടിത്തം തന്നെ. നിന്റെ തല വെയിൽ കൊള്ളിക്കരുത് കേട്ടോ. എന്റെ കല്യാണം ഉറപ്പിച്ചു അത് പറയാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത്.”

കേട്ടതിന്റെ ഞെട്ടലിൽ മാളു കണ്ണും മിഴിച്ചു അവനെ നോക്കി ഇരുന്നു..

തുടരും. ..

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10