Friday, January 17, 2025
Novel

നിയോഗം: ഭാഗം 50

രചന: ഉല്ലാസ് ഒ എസ്

യാത്രയിൽ ഉടനീളം പദ്മയും കാർത്തിയും നിശബ്ദർ ആയിരുന്നു. കാറിൽ കയറി അല്പ കഴിഞ്ഞതും കുഞ്ഞ് ഉറങ്ങിപ്പോയി. പദ്മയും മിഴികൾ അടച്ചു കിടന്നു. വീണ്ടും ഓർമ്മകൾ ഒരു പമ്പരം പോലെ കറങ്ങുക ആണ്… പതിവ് പോലെ കാർത്തി കോളേജിലേക്ക് പോയത് ആയിരുന്നു. താനും അമ്മയും അച്ഛമ്മയും കൂടി ഉമ്മറത്തു ഇരുന്ന് വെറുതെ സൊറ പറയുക ആണ്. ഓരോരോ നാട്ടു വാർത്തമാനങ്ങൾ… കൂടേ അച്ഛമ്മയുടെ പഴയ കാല ഓർമകളും. അന്നേരം ആണ് ഓടി പാഞ്ഞു കൊണ്ട് അച്ഛൻ കയറി വരുന്നത്. oആകെ വിയർത്തു ഒലിക്കുന്നു.. “എന്താ… എന്താ പറ്റിയേ…” മൂവരും കൂടി അയാൾക്ക് അരികിലേക്ക് ഓടി വന്നു.

തളർച്ചയോടെ ഇരിക്കുന്ന അച്ഛനെ കാങ്കെ അരുതാത്തത് എന്തോ സംഭവിച്ചു എന്ന് പദ്മയു ടേ ഉള്ളം മന്ത്രിച്ചു. “എന്താ രാമ പറ്റിയേ… നി ആകെ വല്ലാണ്ട് ആയല്ലോ.. എന്തങ്കിലും ഒന്ന് പറയാൻ…” അച്ഛമ്മ പിടിച്ചു കുലുക്കുക ആണ് അച്ഛനെ. “അത് പിന്നെ…. ദേവു…. അവള്.. ” “ആത്മഹത്യക്ക് ” ശ്രെമിച്ചു… സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ ആണ് എന്ന്…” “ഈശ്വരാ…… എന്താണ് ഈ കേൾ ക്കുന്നെ…” അമ്മ തലയിൽ കൈ വെച്ച് കൊണ്ട് നിൽക്കുക ആണ്. “മ്മ്മ്…. അറിയില്ല… തെക്കേലെ രാഘവൻ ആണ് എന്നോട് പറഞ്ഞത്…. ഇങ്ങോട്ട് ഒരു മടക്കം ഉണ്ടാവില്ല ന്നു….”

“ഭഗവാനെ…. ഈ കുട്ടി…. ഇവൾക്ക് എന്തിന്റെ കേട് ആയിരുന്നു…” അച്ചമ്മ യും താടിക്ക് കയ്യും കൊടുത്തു ഇരുന്നു. “പദ്മേ… മോള് അകത്തേക്ക് ചെല്ല്….” തോളിൽ കിടന്ന തോർത്ത്‌ എടുത്തു വീശി കൊണ്ട് അച്ഛൻ അവളെ നോക്കി. ഒന്നും മിണ്ടാതെ പദ്മ അകത്തേക്ക് കയറി പോയി. അവൾ പോയോ എന്ന് ഏന്തി വലിഞ്ഞു നോക്കിട്ട് അയാൾ ഭാര്യ യെയും അമ്മയെയും നോക്കി. അവളൊരു എഴുത്തു എഴുതി വെച്ചിട്ട് ആണ് ഈ കടും കൈ ചെയ്തത്… ” ശബ്ദം താഴ്ത്തി അച്ഛൻ പറഞ്ഞതും അകത്തു നിന്ന പദ്മ കാത് കൂർപ്പിച്ചു. “എഴുത്തോ….” അമ്മ യ്ക്ക് സംശയം ആയി.

“ഹ്മ്മ്.. നമ്മുടെ കാർത്തിയോട് ക്ഷമ പറഞ്ഞു കൊണ്ട് ഒരെഴുത്തു….” “എന്റെ കൃഷ്ണാ… ഇനി അതു എന്തൊക്കെ പുലിവാൽ ആകും രാമേട്ടാ… എന്റെ മോനും ഇനി സമാധാനം കിട്ടില്ലേ ” “പതുക്കെ പറയു.. ആ കുട്ടി എങ്ങാനും കേട്ടാൽ…” വൈകുന്നേരം കാർത്തി വന്നതും മുഖം ആകെ വലിഞ്ഞു മുറുകി ആയിരുന്നു… ഈ കാര്യം അറിഞ്ഞിട്ട് ആണെന്ന് പദ്മ ഊഹിച്ചു. കൂടുതൽ ഒന്നും ചോദിക്കാൻ തുനിഞ്ഞതും ഇല്ല അവള്. പിറ്റേ ദിവസം അറിഞ്ഞു… ദേവു അപകടനില തരണം ചെയ്തു എന്ന്. അമ്മയ്ക്കും അച്ഛമ്മയക്കും ഒക്കെ ആശ്വാസം ആയിരുന്നു അപ്പോൾ… ഒരാഴ്ച കഴിഞ്ഞു ഒരു വെള്ളിയാഴ്ച്ച… താൻ കുളിക്കുക ആയിരുന്നു. മാഷ് എത്തിയതേ ഒള്ളു…

കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ മനസിലായി ആരൊക്കെയോ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് ഇറങ്ങി ചെന്നതും കണ്ടത് ദേവൂന്റെ അച്ഛന്റ്റെ മുഖം ആണ്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സെറ്റിയിൽ ഇരിക്കുക ആണ്.. മാഷ് മാത്രം വലിയ താല്പര്യം കാണിക്കുന്നില്ല. പക്ഷെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് സങ്കടം നിഴലിച്ചു. തന്നെ കണ്ടതും ദേവൂന്റെ അച്ഛൻ എഴുന്നേറ്റു. എന്നിട്ട് തന്റെ മുന്നിൽ വന്നു കൈ കൂപ്പി “മോളേ…. ഞാൻ ഒരൂട്ടം ആവശ്യപ്പെട്ടുണ്ട് ഇവിടെ… എങ്ങനെ എങ്കിലും കാർത്തിയോട് പറഞ്ഞു ഒന്നു സമ്മതിപ്പിക്കണം… ഞാൻ വേണോങ്കിൽ മോളുടെ കാലു പിടിക്കാം.. ഒന്നും മനസിലാവാതെ താൻ എല്ലാവരെയും മാറി മാറി നോക്കി. ”

ചങ്ക് പൊട്ടി ആണ് മോളേ ഞാൻ ഇവിടെ നിൽക്കുന്നത്… പിടിവാശി കൂടുതൽ ആയിരുന്നു അവൾക്ക്… എന്നാലും… എന്നാലും അവള് പാവം ആണ്…, ” കണ്ണുകൾ തുടച്ചു കൊണ്ട് ഇറങ്ങി പോകുന്ന ദേവൂന്റെ അച്ഛനെ നോക്കി താനും നിന്നു. കുറച്ചു കഴിഞ്ഞതും മാഷ് അമ്മയോട് പൊട്ടിത്തെറിക്കുന്നത് കേട്ട്. “നടക്കില്ല…. ആരൊക്കെ എന്തോക്കെ പറഞ്ഞാലും ശരി എനിക്ക് വയ്യാ ഹോസ്പിറ്റലിൽ പോകാൻ.. ഇതു അവരുടെ പുതിയ അടവാ…..” വായിൽ വന്നതെല്ലാം വിളിച്ചു പറയുകയാണ് മാഷ്.. തന്നെ കണ്ടതും പെട്ടെന്ന് നിർത്തി.. എന്താ അമ്മേ….. ദേവൂന്റെ അച്ഛൻ എന്തിനാണ് ഇവിടേക്ക് വന്നത്… ഉള്ളിലുള്ള സംശയം മറച്ചുവയ്ക്കാതെ താൻ അമ്മയെ നോക്കി..

“അതു മോളെ….. ദേവു ഇപ്പോൾ, മെന്റൽ ഹോസ്പിറ്റലിലാണ് … അവളുടെ മനസ്സാകെ താളം തെറ്റി…. അങ്ങനെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്… ” ” അതിനുമാത്രം എന്തു സംഭവിച്ച അമ്മേ… ദേവൂനെ ഏതോ വലിയ കുടുംബത്തിലേക്ക് അല്ലേ കെട്ടിച്ചയച്ചത്” “മ്മ് .. അതേ… പക്ഷെ, അവന് വേറെ ഏതോ ഒരു പെൺകുട്ടിയുമായി എന്തൊക്കെയോ ഇടപാടുകൾ ഉണ്ടായിരുന്നു, ബാംഗ്ലൂരിൽ വലിയ ബിസിനസ് ആണെന്നൊക്കെ അവൻ കളവു പറഞ്ഞതാണ്… കല്യാണം കഴിഞ്ഞ്, ചെന്ന ദിവസം മുതൽക്കെ, അവൻ ദേവൂനിട്ട് അടിയും പിടിയും ഒക്കെ ആയിരുന്നു എന്ന്… അങ്ങനെ ദേവു ഒരാഴ്ച വീട്ടിൽ വന്നു നിന്നു… പിന്നീട് വീണ്ടും ചെന്നപ്പോൾ, അവളുടെ ഭർത്താവ്, ഹൈദരാബാദിലേക്ക് മറ്റോ തിരിച്ചുപോയെന്ന്…ദേവൂനെ വിളിക്കുകയുമില്ല, ഒന്നും പറയുകയും ഇല്ലത്രെ…..

വേറൊരു പെണ്ണും ആയിട്ട് ആണ് അവിടെ താമസം പോലും ” ” ഇതൊക്കെ സത്യമാണോ അമ്മേ…. ” പത്മയ്ക്ക് സംശയം കൂടി. “എന്നൊക്ക ആണ് അവളുടെ അച്ഛൻ ഇപ്പൊ വന്നപ്പോൾ പറഞ്ഞത്…” . “എന്നിട്ടോ അമ്മേ ” “ഒരാഴ്ച കൂടി ദേവു അവിടെ നിന്നു… അവന്റെ ഒരു വിവരവുമില്ലാതെ വന്നപ്പോൾ അവൾ തിരികെ വീണ്ടും വീട്ടിലേക്ക് പോകുന്നു…” “ശോ… കഷ്ടം അല്ലേ അമ്മേ ” “മ്മ്…. വീട്ടിലെത്തിയതിനുശേഷം ദേവു, മുറിക്ക് പുറത്തേക്ക് പോലും ഇറങ്ങില്ലായിരുന്നത്രേ….. വെറുതെ കട്ടിലിൽ ചടഞ്ഞു കൂടിയിരിക്കും… ഭക്ഷണവും കഴിക്കില്ല, ആരോടും ഒന്നും സംസാരിക്കുകയും ഇല്ല…. അങ്ങനെ ഒരു ദിവസം ആണ് അവൾ അങ്ങനെ ഒരു ശ്രമം കൂടി നടത്തിയത്….”

“എന്നിട്ട് ഇപ്പൊ ദേവൂന്റ് അച്ഛൻ വന്നു എന്താണ് അമ്മേ പറഞ്ഞത് ” “അത് പിന്നെ…..” കാർത്തി യെ കണ്ടതും അമ്മ മിണ്ടാതെ നിന്നു. “ഞാൻ പറയാം…… അവൾക്ക് അവളുടെ ഓർമകളിൽ മുഴുവൻ ഞാൻ ആണെന്ന്….എന്നിട്ട് എന്നോട് ഹോസ്പിറ്റലിൽ വരെ ഒന്ന് എങ്ങനെ എങ്കിലും വരാമോ എന്ന് ചോദിക്കാൻ ആണ് അയാള് വന്നത്… ദേവൂനോട് ഞാൻ കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞു അവളെ മനസിലാക്കിക്കാൻ……. എന്തെ പോണോ പദ്മേ… നിന്റെ അഭിപ്രായം എന്താ ” കാർത്തി യെ വിറച്ചു. “ദൈവമേ… ഇത് ഒക്കെ സത്യം ആണോ…. ദേവു ഇപ്പോളും അവിടെ ആണോ അമ്മേ ” . “അതേ മോളേ… അവൾ ഇത് വരെ ആയിട്ടും നോർമൽ ലൈഫ് ലേക്ക് വന്നിട്ടില്ല… ആരോടും ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുവാ… അവൾക്ക് മനസ് നിറയെ കുറ്റബോധം ആണെന്ന്…

കാർത്തിയോട് ഒന്ന് തുറന്ന് സംസാരിച്ചാൽ പകുതി ആശ്വാസം ലഭിക്കും എന്ന് ദേവട്ടൻ പറഞ്ഞത്…” . സീത വിശദീകരിച്ചു. “മ്മ്…… എന്നാൽ പിന്നെ ഒന്ന് ചെല്ല് മാഷേ…. ഡോക്ടർ പറഞ്ഞ സ്ഥിതിക്ക്…” പദ്മ അവനെ നോക്കി. “എനിക്ക് അതിന്റ ആവശ്യം ഇല്ല പദ്മ….. ഞാൻ മൂലം അവൾ രക്ഷപെടുകയും വേണ്ട…. ഒക്കെ അവളുടെ വിധി ആണ്… അത്ര തന്നെ…..” കാവി മുണ്ട് ഒന്നൂടെ അഴിച്ചു മുറുക്കി ഉടുത്തു കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി.. എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അമ്പലത്തിലേക്ക് പോയി.. അവനു താല്പര്യം ഇല്ലെങ്കിൽ നിർബന്ധിക്കേണ്ട സീതേ… ദേവനെ അത്ര കണ്ടു വിശ്വസിക്കാൻ എനിക്കും പ്രയാസം ഉണ്ട്… ” അച്ഛൻ പിന്നിൽ നിന്ന് പറഞ്ഞു. മീനുട്ടിയും അച്ഛന്റെ പക്ഷത്ത് ആയിരുന്നു. ***

അന്ന് രാത്രിയിൽ കിടക്കുമ്പോൾ താൻ തന്നെ ആണ് മാഷിനോട് വീണ്ടും അവശ്യപ്പെട്ടത്.. ഒന്ന് പോയിട്ട് വരൂ… ദേവു നു അസുഖം മാറുമെങ്കിൽ… അത് നല്ലത് അല്ലേ….. കുറെ ഏറെ കാര്യങ്ങൾ താൻ മാഷോട് പറഞ്ഞു. ആൾ പക്ഷെ ഒന്നും മിണ്ടിയില്ല.. അടുത്ത ദിവസം അച്ഛനും അമ്മയും കൂടി ദേവൂനെ കാണാൻ ആയി പോകാൻ തീരുമാനിച്ചു. താനും കൂടി വരാം എന്ന് പറഞ്ഞു. പക്ഷെ… അച്ഛമ്മ അവളെ തടഞ്ഞു.. കുട്ടി ഇപ്പൊ എങ്ങടും പോവേണ്ട… ഇവിടെ ഇരുന്നാൽ മതി…. ഒരു കുഞ്ഞ് ഉള്ളതല്ലേ നിന്റെ വയറ്റിൽ… അമ്മയും അതു ശരി വെച്ച്.. പിന്നീട് താൻ പോകാനും മുതിർന്നില്ല. അവർ വരുന്നതും കാത്തു ദേവൂന്റെ വിവരം അറിയാനായി താൻ കാത്തു ഇരുന്നു.

ദേവൂന്റെ അച്ഛൻ പറഞ്ഞത് ഒക്കെ അക്ഷരം പ്രതി ശരിയാണ് എന്നും അവളുടെ നില വളരെ വഷളാണ് എന്നും കൂടി അമ്മ യും അച്ഛനും പറഞ്ഞു. അത് കേട്ടതും മാഷിന് ഒരു കുലുക്കോം ഇല്ല.. ഒടുവിൽ എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു മാഷ് അവളെ കാണാൻ പോകാൻ തീരുമാനിച്ചു. പക്ഷെ പദ്മ യും ഒപ്പം വരണം എന്നൊരു കണ്ടിഷൻ വെച്ചു. എന്നാൽ ആരും അതിനു സമ്മതിച്ചില്ല. വേറെ യും രോഗികൾ ഉണ്ട് എന്നും, ചിലർ ഒക്കെ വയലന്റ് ആണെന്നും, പേടി ആകുമെന്ന് ഒക്കെ പറഞ്ഞു അമ്മ യും തന്നോട് പോവേണ്ട എന്ന് പറഞ്ഞു. പക്ഷെ മാഷ്നു താൻ വരണം എന്നൊരു കടുത്ത നിർബന്ധം. പിന്നീട് സൂക്ഷിച്ചു കൊള്ളാം എന്നും പറഞ്ഞു കൊണ്ട് താനും കൂടി ഒപ്പം പോയി..

പറഞ്ഞത് പോലെ ആയിരുന്നു ദേവൂന്റെ അവസ്ഥ.. മുട്ടിന്മേൽ മുഖം പൂഴ്ത്തി വെച്ചു ഇരിക്കുക ആയിരുന്നു.. ഡോക്ടർ പറഞ്ഞതിന് പ്രകാരം താൻ അവിടെ നിന്നും മാറി…. ജനാലയുടെ മറവിലായി ഒളിച്ചു നിന്നു “ദേവു…..” മാഷിന്റെ വിളിയോച്ച കേട്ടതും അവൾ മുഖം ഉയർത്തി കുറച്ചു സമയം മാഷിനെ തുറിച്ചു നോക്കി.. “ദേവു… ഇയാൾക്ക് കാണേണ്ട ആള് അല്ലേ ഇതു.. നോക്കിക്കേ…” ഡോക്ടർ പറഞ്ഞതും അവൾ ഒറ്റ ചാട്ടത്തിന് കട്ടിലിൽ നിന്നും ഇറങ്ങി. “കാർത്തിയേട്ടാ……” എന്ന് വിളിച്ചു കൊണ്ട് മാഷിന്റെ നെഞ്ചിലേക്ക് വീണു.. അതു കണ്ടതും തന്റെ നെഞ്ചകം വിങ്ങുക ആയിരുന്നു..

ഡോക്ടറും മാഷും കൂടി ഒരു വിധത്തിൽ ദേവൂനെ പിടിച്ചു മാറ്റി.. പക്ഷെ ദേവു പിന്നെയും പിന്നെയും മാഷിലേക്ക് ഒട്ടി ചേർന്നു… മാഷ് തല ചെരിച്ചു നോക്കുന്നുണ്ട്.. താൻ കാണുന്നുണ്ടോ എന്നാവും.. ഒന്നൂടെ പതുങ്ങി നിൽക്കുക ആയിരുന്ന താൻ അപ്പോളോക്കെ. “കാർത്തിയേട്ടാ…ഓർക്കുന്നുണ്ടോ പണ്ട് നമ്മൾ രണ്ടാളും കൂടി…..” ദേവു അവരുടെ പ്രണയ നിമിഷങ്ങൾ എല്ലാം മാഷോട് പങ്ക് വെയ്ക്കുക ആണ്… ഡോക്ടർ നിൽക്കുന്നത് പോലും കണക്കാക്കാതെ… എല്ലാം കേട്ടപ്പോൾ തനിക്കും തോന്നി വരേണ്ടിയി രുന്നില്ല… ഇറങ്ങുന്ന നേരത്ത് അവൾ വീണ്ടും മാഷിനെ കെട്ടിപിടിച്ചു കരയുക ആയിരുന്നു.. അവിടെ നിന്ന് ഇറങ്ങുമ്പോൾ ഒരു കാര്യം തീരുമാനിച്ചു….

ഇനി മാഷിനെ മേലാൽ ഇവളുടെ അടുത്തേക്ക് വിടില്ല എന്ന്… ഇവൾക്ക് എന്ത് സംഭവിച്ചാലും തനിക്ക് എന്താണ്….. വെറുതെ ഓരോരോ വയ്യാ വേലി… പിറു പിറുത്തു കൊണ്ട് വന്നു വണ്ടിയിൽ കയറി.. “തനിക്കും എന്റെ വിട്ടുകാർക്കും ഒക്കെ ഇപ്പൊ സമാധാനം ആയല്ലോ അല്ലേ….” ഡ്രൈവിംഗ് സീറ്റിലേക്ക് ദേഷ്യത്തിൽ വന്നു കേറി ഇരുന്ന് കൊണ്ട് മാഷ് തന്നെ നോക്കി പല്ല് ഞെരിച്ചു. മറുപടി ഒന്നും പറയുവാൻ ഇല്ലയിരുന്നു…. അതാണ് സത്യം.. എന്നാലും ഇനി ഒരിക്കലും എന്റെ മാഷ് ഇവിടേക്ക് വരേണ്ട… അത് ആരൊക്കെ പറഞ്ഞാലും ശരി എന്ന് പറഞ്ഞു കൊണ്ട് താൻ മാഷിന്റെ തോളിലേക്ക് ചാഞ്ഞു. വിട്ടിൽ എത്തിയിട്ടും മാഷിന്റെ ദേഷ്യം തീർന്നില്ല.. എല്ലാവരോടും കയർത്തു.

അമ്മോട് മാത്രം താൻ മെല്ലെ പറഞ്ഞു അവൾ കെട്ടിപിടിച്ച കാര്യം ഒക്കെ…. അമ്മയും വല്ലാതേ ആയി.. ഇനി അവളുടെ അടുത്തേക്ക് പോകണ്ട എന്ന് പറഞ്ഞു.. മാഷേ……. കുളി കഴിഞ്ഞു ഇറങ്ങി വന്നിട്ട് മാഷിന്റെ അടുത്തേക്ക് അല്പം കുറുമ്പോടെ താൻ ചെന്നു. എന്നിട്ട് മാഷിനെ വട്ടം പുണർന്നു.. വീർത്തു വരുന്ന വയറിന്മേൽ താൻ മാഷിന്റെ കൈ എടുത്തു വെച്ചു നമ്മൾക്ക് ഇടയിലേക്ക് ഇനി ആരും വേണ്ട….. മാഷിനെ ഇന്ന് അവിടേക്ക് നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയതിൽ മാഷ് എന്നോട് ക്ഷമിക്കണം.. അത് പറഞ്ഞു കൊണ്ട് ആ നെഞ്ചിലേക്ക് ചാഞ്ഞു. പെട്ടന്ന് തന്നെ താൻ മുഖം ചെരിച്ചു മാഷിനെ നോക്കി. എന്താണ് എന്ന അർത്ഥത്തിൽ ആൾ ഒരു പുരികം പൊക്കി.

“എന്താ ഇവിടെ വേറൊരു മണം……” നെറ്റി ചുളിച്ചു കൊണ്ട് താൻ ചോദിച്ചു. “എന്ത്…..” . ആളൊന്നു പരുങ്ങി.. “മ്മ്… ഞാൻ കണ്ടായിരുന്നു… അവള് വന്നു കെട്ടിപിടിച്ചത് ഒക്കെ… വേഗം പോയി കുളിച്ചിട്ട് വരൂ….” മുഖം വീർപ്പിച്ചു പറഞ്ഞപ്പോൾ തന്റെ കവിളിൽ അമർത്തി ഒരു ചുംബനം തരിക ആയിരുന്നു… പകരത്തിനു.. എനിക്ക് ഈ ലോകത്തിൽ നീയും നമ്മുടെ വാവയും കഴിഞ്ഞേ ഒള്ളു… ബാക്കി എല്ലാം….. അതിന് പകരം ആവാൻ ഒരു ദേവുനും കഴിയില്ല…. ** .. പിന്നീട് എവിടെ ആണ് തെറ്റ് പറ്റിയത്… ഒരിക്കലും അവളുടെ അടുത്തേക്ക് പോകില്ല എന്ന് എന്നോട് സത്യം ചെയ്ത ആൾ… പിന്നീട് കൂടെ കൂടെ അവളെ കാണാൻ പോയി.. താൻ ചോദിച്ചിട്ട് പോലും കളവ് പറഞ്ഞു.

വെറുത്തു പോയി… ഒരുപാട് ഒരുപാട്.. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് ഉറപ്പിച്ച ആണ് ഇറങ്ങിയത്.. പക്ഷെ…. വീണ്ടും.. (കാർത്തി എന്തിനാണ് വീണ്ടും പോയത് എന്നൊക്കെ ഉള്ള കാര്യങ്ങൾ ദേവു വന്ന ശേഷം പറയാം കേട്ടോ.. അവർക്കിടയിൽ നടന്നത് ഇത്രയും കാര്യങ്ങൾ ആണ്…ഇനി ഉള്ളത് പിന്നീട് പറയാം… അത് എഴുതി വരുമ്പോൾ പറ്റുവൊള്ളൂ… എന്ന് കരുതി ഒരുപാട് വലിച്ചു നീടുകയും ഇല്ല…bore അടിപ്പിക്കാതെ തീർക്കും….അല്ലാതെ വായനക്കാരെ വെറുപ്പിക്കുക അല്ല….ഉറപ്പ്…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…