Tuesday, January 21, 2025
Novel

നിയോഗം: ഭാഗം 40

രചന: ഉല്ലാസ് ഒ എസ്

ദേവൻ പടിപ്പുര കടന്നു പോകുന്നത് കണ്ടതും മീനുട്ടി വന്നു വാതിൽ തുറന്നു. കാർത്തി യും അച്ഛനും അമ്മയും ഒക്കെ കൂടി ഉമ്മറത്തേക്ക് വന്നു. മീനു ഓടി ചെന്നു ഏട്ടനെ കെട്ടിപിടിച്ചു. “എന്റെ ഏട്ടാ…. ഇന്നത്തെ ദിവസം…… ഹോ… എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു സുദിനം ആണ് കേട്ടോ “.. അവൾ കാർത്തിയുടെ തോളോട് ചേർന്നു പറഞ്ഞതും അച്ഛൻ അവനെ നോക്കി പുഞ്ചിരിച്ചു. “എന്നാലും അത്രയ്ക്ക് ഒന്നും പറയേണ്ടിയിരുന്നില്ല മോനേ…. ലേശം കൂടി പോയി കേട്ടോ ” . “ഹമ്… ഈ അമ്മ ഇതു എന്ത് അറിഞ്ഞിട്ട് ആണ്….. സത്യത്തിൽ ഏട്ടൻ പറഞ്ഞത് കുറഞ്ഞു പോയി… അയാൾക്കിട്ട് രണ്ട് പെട കൂടി കൊടുക്കേണ്ടത് ആയിരുന്നു.. അല്ല പിന്നേ ”

മീനു അമ്മയോട് കയർത്തു. “ഇതു അവളുടെ പണി ആണ് അമ്മേ… ഈ കല്യാണ കുറിയും ആയിട്ട് അവള് മനഃപൂർവം വിട്ടത് ആണ് അയാളെ… അതുകൊണ്ട് രണ്ടെണ്ണം പറഞ്ഞില്ലെങ്കിൽ ശരി ആവില്ല… ചെന്ന് മക്കളോട് പറയട്ടെ കാര്യങ്ങൾ എല്ലാം ” കാർത്തി പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു… “ആഹ് കഴിഞ്ഞത് കഴിഞ്ഞു..ഇനി ഒന്നും പറയേണ്ട…ഒക്കെ പോട്ടെ മോനേ…. ആരെങ്കിലും കല്യാണം കഴിച്ചു കൊണ്ട് പോകട്ടെ അവളെ ” “മ്മ്… ഞാൻ പറഞ്ഞു എന്നേ ഒള്ളു അച്ഛാ…. എവിടെ എങ്കിലും പോകട്ടെ ആ നാശം പിടിച്ചവള്…” “അതല്ലേട്ടാ…. ഏടത്തിയെ അയാൾ കണ്ടിട്ടുള്ളത് ആണ്.. എന്നിട്ട് ചോദിച്ചത് കേട്ടോ, വാല്യക്കാരി ആണോ എന്ന്..

എന്തൊരു ദുഷ്ട മനസ് ആണ് അയാളുടെ… എനിക്ക് അത് ഓർക്കും തോറും ചൊറിഞ്ഞു വരുവാ ” മീനു ദേഷ്യം അടക്കാനാവാതെ പറഞ്ഞു. “അതിനു ഉള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ടല്ലോ മോളെ… സാരമില്ല പോട്ടെ ” കാർത്തി അകത്തേക്ക് കയറി പോയി. പദ്മ കോളേജിലേക്ക് പോകാനുള്ള ചുരിദാർ ഇടുക ആയിരുന്നു.. താൻ കുറച്ചു മുന്നേ ദേഷ്യപ്പെട്ടത് ഓർത്തപ്പോൾ അവനു വിഷമം തോന്നി.. പാവം… അവൾക്ക് ആണെങ്കിൽ അയാളെ പരിചയം ഇല്ലായിരുന്നു.. അതുകൊണ്ട് ആണ് ചായ എടുത്തു കൊണ്ട് വന്നത്. ശോ… താൻ വഴക്ക് പറഞ്ഞപ്പോൾ ആ മുഖം ആകെ വല്ലാണ്ട് ആയിരുന്നു..

അവൻ റൂമിൽ എത്തിയപ്പോൾ പദ്മ ഷോളെടുത്തു അടുക്കി ഇട്ടു പിന്ന് കുത്തുക ആണ്. കാർത്തി വാതിൽ അടച്ചിട്ടു അവളുടെ അടുത്തേക്ക് വന്നു. നീല കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നവളുടെ അടുത്തേക്ക് അവൻ ചെന്നു. മെല്ലെ അവളുടെ തോളിൽ തന്റെ മീശ കൊണ്ട് ഇക്കിളി പ്പെടുത്തി. സാധാരണ അവൻ അങ്ങനെ ചെയ്യുമ്പോൾ തിരിഞ്ഞു വന്നു അവന്റെ നെഞ്ചിലേക്ക് പതുങ്ങുന്നവൾ ആണ്.. പക്ഷെ അന്ന് അവൾ അനങ്ങാതെ നിന്നു. അപ്പോളേക്കും കാർത്തിയ്ക്ക് മനസിലായി പെണ്ണ് പിണക്കത്തിൽ ആണെന്ന്.. ഇരു കൈകൾ കൊണ്ടും അവൻ അവളുടെ അണിവയറിന്മേൽ പൊതിഞ്ഞു..

എന്നിട്ട് അവളുടെ വയറിൽ മെല്ലെ തോണ്ടി. പദ്മ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു. അവന്റെ കൈ വിരലുകൾ മേല്പോട്ട് നീങ്ങിയതും പദ്മ പെട്ടന്ന് അവനു നേർക്ക് തിരിഞ്ഞു. “മ്മ്… അപ്പോൾ അറിയാം അല്ലെ…. അതിർത്തി കടക്കുമ്പോൾ, എന്റെ കുട്ടി തിരിഞ്ഞു ല്ലോ….” അവൻ പദ്മയുടെ കാതിൽ മെല്ലെ അധരം മുട്ടിച്ചു. “വേണ്ട…. എന്നോട് ഒന്നും മിണ്ടണ്ട… ” അവന്റ അടുത്ത് നിന്നും മാറി അവൾ ജനാലയുടെ ഓരത്തു ആയി പോയി നിന്നു. . “പദ്മ……” അവനും മനസിലായി ആൾക്ക് സങ്കടം ആണെന്ന്… “ഞാൻ മാഷോട് പിണക്കം ആണ്….” ചുണ്ട് കൂർപ്പിച്ചു വിതുമ്പി കൊണ്ട് ഇപ്പോൾ കരയുന്ന മട്ടിൽ ആയിരുന്നു പെണ്ണ് അപ്പോൾ. “എന്നോട് പിണക്കമോ… അതും എന്റെ പദ്മക്കുട്ടിക്ക്….

എന്താണാവോ കാരണം ” അവൻ ഈണത്തിൽ ചോദിച്ചു. “മാഷ് എന്തിനാ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നേ വഴക്ക് പറഞ്ഞത്… എനിക്ക് ഒരുപാട് സങ്കടം ആയി പോയി… അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എന്റെ ചങ്ക് പൊട്ടും പോലെ തോന്നി യതു ..” പറയുകയും പദ്മയുടെ മിഴികൾ നിറഞ്ഞു തൂവി.. അത് കണ്ടതും കാർത്തിക്കും നെഞ്ചു നീറി. “പദ്മ…..” അവൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു.. “സോറി ടാ … പെട്ടന്ന് എനിക്ക് ദേഷ്യം വന്നു പോയി…. അയാൾ നിന്നേ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ…. സാരമില്ല… വിഷമിക്കേണ്ട… പോട്ടെ കേട്ടോ.. എന്റെ പദ്മയ്ക്ക് ഒരുപാട് സങ്കടം ആയിന്നു എനിക്ക് അറിയാം… റീലി സോറി ടാ ” കാർത്തി അവളെ സമാധാനിപ്പിച്ചു. അപ്പോളേക്കും പദ്മയുടെ ഏങ്ങൽ ഉയർന്നു… അവൾ അവനെ ഇറുക്കെ പുണർന്നു

“വേണ്ട .. മാഷ് എന്നോട് സോറി ഒന്നും പറയരുതേ… എനിക്ക് അത്…… അത് കേൾക്കാൻ പോലും പറ്റില്ല ” . തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു കരയുന്നവളെ കാർത്തി മെല്ലെ നോക്കി. എന്നിട്ട് അവളുടെ മുടിയിഴകൾ മാടി ഒതുക്കി. “കരയല്ലേടാ….. എന്റെ പദ്മയുടെ കണ്ണൊന്നു നിറഞ്ഞാൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ല കേട്ടോ…. പോട്ടെ…. വിഷമിക്കാതെ….” . അവൻ അവളുടെ നെറുകയിൽ മുത്തി.. അപ്പോളേക്കും അവളുടെ പിടിത്തം ഒന്നൂടെ മുറുകി. “പദ്മ….” അവൻ വിളിച്ചത് അവൾ മിഴികൾ ഉയർത്തി. കണ്ണൊക്കെ കലങ്ങി ഇരിക്കുന്നു അപ്പോളും.. “പിണക്കം ആണോ ഇപ്പോളും ” അവൾ അല്ലെന്ന് ചുമൽ ചലിപ്പിച്ചു. “പോട്ടെ കേട്ടോ…. ” “മ്മ് ”

“എന്നാൽ ഒന്ന് ചിരിച്ചേ….” അവൻ പറഞ്ഞതും അവൾ അവനെ നോക്കി ചെറുതായി ചിരിച്ചു.. സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് എടുത്തു അവൻ അവളുടെ സീമന്തം ചുവപ്പിച്ചു.. “ഏട്ടാ……. സമയം പോകുന്നു… വായോ വായോ ” താഴെ നിന്നും മീനുട്ടി വിളിച്ചു പറഞ്ഞതും പദ്മ അവനിൽ നിന്നു അകന്നു മാറി. “കണ്ണൊക്കെ തുടച്ചു സുന്ദരി ആയിക്കെ വേഗം….. നേരം പോയി ല്ലോ ഇന്നു ” അവൻ പെട്ടന്ന് തന്റെ കാവി മുണ്ട് മാറി പാന്റ് എടുത്തു ഇട്ടു. എന്നിട്ട് പദ്മ അയൺ ചെയ്ത് വെച്ച ഷർട്ട്‌ വേഗം എടുത്തു ഇട്ടു. അപ്പോളേക്കും പദ്മ ബാഗും എടുത്തു കൊണ്ട് പോകാനായി ഇറങ്ങി. എന്നിട്ട് എന്തോ മറന്നത് പോലെ ഓടി വന്നു ഇരു കാലും പൊന്തിച്ചു കൊണ്ട് അവന്റെ തോളിൽ കൈകൾ കുത്തി,കവിളിൽ അമർത്തി ചുമ്പിച്ചു.. കാർത്തി എന്തെങ്കിലും പറയും മുന്നേ പെണ്ണ് ഓടി കളഞ്ഞു. “ഇതിന്റ ബാക്കി നിനക്ക് വൈകിട്ട് തരാം കേട്ടോ ”

അവൻ പതിയെ പറഞ്ഞു.. അപ്പോൾ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു. തന്റെ പദ്മയ്ക്കായി മാത്രം….. ** കല്യാണം വിളിക്കാൻ പോയ ദേവൻ തിരികെ വരുന്നതും കാത്തു ദേവു ഉമ്മറത്തു ഉണ്ടായിരുന്നു. അയാളെ കണ്ടതും അവൾ ഓടി ഇറങ്ങി വന്നു “എന്തായി അച്ഛാ പോയിട്ട്.. എല്ലാവരും ഉണ്ടായിരുന്നോ അവിടെ ” തിടുക്കത്തിൽ വന്നു അവൾ അച്ഛനോട് ചോദിച്ചു.. പെട്ടന്ന് അയാളുടെ കൈ വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി.. എന്താണ് സംഭവിക്കുന്നത് എന്ന് അറിയും മുന്നേ ദേവൂന്റെ കവിൾ ത്തടം ചുവന്നു. “എന്നേ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയി അല്ലേടി…..” അവളുടെ മുടി കുത്തിനു പിടിച്ചു കൊണ്ട് അയാൾ മകളെ വലിച്ചു ഇഴച്ചു അകത്തേക്ക് കയറി പ്പോയി..…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…