Tuesday, January 21, 2025
Novel

നിയോഗം: ഭാഗം 29

രചന: ഉല്ലാസ് ഒ എസ്

പദ്മ കിടന്ന് കഴിഞ്ഞതും കാർത്തിയും കട്ടിലിന്റെ ഇപ്പുറത്തെ വശത്തായി കിടന്നു.. ഇന്നലെ വരെ താൻ ഈ മുറിയിൽ ഒറ്റയ്ക്ക് ആയിരുന്നു.. ഇന്ന് ഇപ്പോൾ…. പുതിയൊരാൾ..നാലാളു കൺകേ താൻ താലി ചാർത്തി കൊണ്ട് വന്ന തന്റെ നല്ല പാതി… തന്റെ ജീവിതം മുഴുവനും, തനിക്ക് തുണയായി, ഈശ്വരൻ കരുതി വെച്ച പെണ്ണ്.. തന്റെ സ്വന്തം…. . ഒരു കൈപ്പാട് അകലെ അവൾ ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നത് കാർത്തി നോക്കി. ദേവികയെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ ശ്രെമിക്കുക ആണ്.. പക്ഷെ…. പക്ഷെ.. എത്ര ഒക്കെ ആയിട്ടും ആ ഒരു നൊമ്പരം തന്നെ വേട്ട ആടുന്നു.. എന്നാലും…. ഇനി അവളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഇല്ല…. പദ്മയുടെ കണ്ണ് നനയാൻ ഒരിക്കലും ഇട വരുത്തരുതേ…

അത് മാത്രം ആണ് തന്റെ ഒരേ ഒരു പ്രാർത്ഥന.. തന്റെ താലി ഏറ്റു വാങ്ങുമ്പോൾ സകല ദൈവങ്ങളെയും വിളിച്ചു ഇവൾ അപേക്ഷിച്ചത് കണ്മുന്നിൽ കണ്ടത് ആണ്.. . അവളുട അച്ഛൻ തന്റെ കൈകളിലേക്ക് അവളുടെ കൈ ചേർത്തു വെച്ചപ്പോൾ താൻ അറിഞ്ഞത് ആണ് അവളുടെ വിറയൽ… താൻ ശ്രദ്ധിക്കാതെ നിൽക്കുമ്പോളും അവളുടെ നിഷ്കളങ്കമായ നോട്ടം ഇടയ്ക്ക് ഒക്കെ പാറി വരുന്നുണ്ടയിരുന്നു… അതൊക്കെ ഓർത്തപ്പോൾ കാർത്തിയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.. പാവം ആണ്….. തന്റെ പദ്മ…..ഒരുപാട് നന്മകൾ ഉള്ളവൾ.. അവൻ മെല്ലെ പറഞ്ഞു.

നാളെ പദ്മയെയും കൂട്ടി അമ്പലത്തിൽ പോകണം…പുതിയൊരു തുടക്കം….ജീവിച്ചു തുടങ്ങണം പദ്മയോടൊപ്പം അവൻ തീരുമാനിച്ചു. എപ്പോളോ അവന്റ കണ്ണുകൾ നിദ്രയെ പുൽകി. *** ശ്രീഹരി പറഞ്ഞ വാക്കുകൾ കേട്ട് തറഞ്ഞു ഇരിക്കുക ആണ് ദേവു.. അവൾക്ക് തല പെരുത്തു വരുന്നുണ്ടായിരുന്നു രണ്ടു കൈകളും കൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കിക ആണ് അവൾ.. കണ്ണുനീർ വിരലുകൾക്ക് ഇടയിലൂടെ അരിച്ചു ഇറങ്ങുന്നു.. അപ്പോൾ .. അപ്പോൾ… ശ്രീയേട്ടന് തന്നെ വിശ്വാസം ഇല്ലേ… ഒക്കെ ശ്രീയേട്ടൻ കാരണം ആണ്… ആ നിമിഷം ഓർക്കും തോറും അവൾക്ക് സ്ഥല കാല ബോധം നഷ്ടം ആയി.

പ്രഭ വന്നു വാതിലിൽ മുട്ടി.. ദേവു ചെന്നു വാതിൽ തുറന്നു “കിടന്നില്ലേ മോളെ ” “ഇല്ലമേ.. പഠിക്കുവാരുന്നു.” . “നീ എന്താ പെട്ടന്ന്.. ഒരു മുന്നറിയിപ്പും ഇല്ലാതെ ” . “അത്… എക്സാം കഴിഞ്ഞ കൊണ്ട് ആണ്..” . അവൾ അമ്മയോട് കളവ് പറഞ്ഞു.. “ഹമ് നീ വാ.. ഭക്ഷണം കഴിക്കാം ” “വേണ്ടമ്മേ…ശ്രീയേട്ടന്റെ ഒപ്പം ഞാൻ ഹോട്ടലിൽ നിന്നും കഴിച്ചു.” അവളെ ഒന്ന് സൂക്ഷിച്ചു നോക്കിട്ട് പ്രഭ മുറിയിൽ നിന്നും ഇറങ്ങി പോയി. മുറി അടച്ചു ലോക്കിട്ടിട്ട് അവൾ ബെഡിലേക്ക് ചെന്നു വീണു.. ഫോൺ എടുത്തു അവൾ വാട്സ്ആപ്പ് ഓൺ നോക്കി. മീനുട്ടി ഇട്ടിരുന്ന സ്റ്റാറ്റസ് കണ്ടപ്പോൾ അവളുടെ നെഞ്ചു വിങ്ങി.

കാർത്തിയേട്ടനോടൊപ്പം നിൽക്കുന്ന പെൺകുട്ടി. ഏട്ടന്റെ തോളിന്റ ഒപ്പം പോലും ഇല്ല.. ഒരു മന്ദഹാസത്തോടെ നിൽക്കുക ആണ് അവൾ. പക്ഷെ കാർത്തിയേട്ടൻ. ഏട്ടന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി പോലും ഇല്ല… നിസംഗ ഭാവം ആണ്.. ദേവൂട്ടിയുടെ മിഴികൾ അനുസരണ ഇല്ലാതെ നിറഞ്ഞു ഒഴുകുക ആണ്. പാവം കാർത്തിയേട്ടൻ… കാർത്തിയേട്ടനെ ചതിച്ചത് കൊണ്ട് ആവും ഈശ്വരൻ തനിക് ഇങ്ങനെ ഒരു വിധി തന്നത്. അവൾക്ക് ചങ്ക് പൊട്ടുക ആണ്.. ഈശ്വരാ എന്തൊരു ദുർ വിധി ആയി പോയി എനിക്ക്.. എങ്കിലും തോറ്റു കൊടുക്കുവാൻ ഭാവം ഇല്ലാതെ അവൾ വീണ്ടും വീണ്ടും ശ്രീഹരിയെ വിളിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ നിരാശ ആയിരുന്നു ഫലം. ****

അഞ്ചര ആയപ്പോൾ എന്നത്തേയും പോലെ കാർത്തി ഉറക്കം വിട്ടു എഴുനേറ്റ്. പെട്ടന്ന് അവൻ തന്റെ വാമഭാഗത്തേക്ക് നോക്കി… പദ്മ അവിടെ ഇല്ല.. അവൻ ബെഡിൽ നിന്നും എഴുന്നേറ്റപ്പോൾ കണ്ടു ബാത്‌റൂമിന്റെ വാതിൽ തുറന്ന് ഇറങ്ങി വരുന്നവളെ.. കുളി ഒക്കെ കഴിഞ്ഞിരിക്കുന്നു. അവൻ വേഗം ലൈറ്റ് ഓൺ ചെയ്തു. പദ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “താൻ നേരത്തെ ഉണർന്നോ “? “ഉവ്വ്… എല്ലാ ദിവസവും ഇങ്ങനെ ആണ്, അഞ്ച് മണിക്ക് മുന്നേ ഞാൻ എഴുന്നേൽക്കും ” അവൾ തലമുടിയിലെ വെള്ളം തോർത്തി കൊണ്ട് പറഞ്ഞു. “അവിടെ രാസ്നാദി കാണും. അല്പം എടുത്തു നെറുകയിൽ ഇട്ടോളൂ ”

“ഹേയ് വേണ്ട മാഷേ… ഞാൻ ആണെങ്കിൽ കൊച്ചിലെ മുതല് ഈ സമയത്ത് കുളിക്കുന്നത് ആണ്. എനിക്ക് ഒരു കുഴപ്പവും ഇല്ലാട്ടോ ” പെട്ടന്ന് അവൻ എഴുനേറ്റ് അവളുട അടുത്തേക്ക് ചെന്നു. “പറയുന്നത് കേൾക്കൂ പദ്മ… വെള്ളം മാറി കുളിച്ചിട്ട് ഇനി എന്തെങ്കിലും ജലദോഷം പിടിച്ചാലോ ” അവൻ അത് പറയുകയും അവളെ ഒന്ന് രണ്ട് വട്ടം തുമ്മി. മ്മ്… ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ കാർത്തി അവളെ നോക്കി. അവൾ അപ്പോൾ തന്നെ അവൻ പറഞ്ഞ പ്രകാരം ചെയ്തു. എന്നിട്ട് എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നാല് പാടും തിരഞ്ഞു. “എന്തെ…”? കാർത്തി അവളോട് ചോദിച്ചു. അവൾ ഒന്നും ഇല്ലെന്ന് ചുമൽ കൂപ്പി കൊണ്ട് മുറി യിൽ നിന്നും ഇറങ്ങി പോയി.

വാതിൽക്കൽ എത്തിയതും കാർത്തി അവളെ വിളിച്ചു. പിന്തിരിഞ്ഞു നോക്കിയ പദ്മയുടെ കണ്ണുകൾ തിളങ്ങി. അവന്റെ കൈയിൽ കുംകുമത്തിന്റെ ഒരു ചെപ്പ് ഉണ്ടായിരുന്നു. അവനോട് അത് മേടിച്ച ശേഷം അല്പം എടുത്തു അവൾ തൊട്ടു… എന്തോ… വല്ലാത്ത ആത്മ നിർവൃതി.. ഒപ്പം കാർത്തിയുടെ മുഖത്തേക്ക് അവൾ നോക്കി. തന്റെ മനസ് വായിച്ചു അറിഞ്ഞ ആളോട് വല്ലാത്ത ഒരു ആത്മ ബന്ധം തോന്നി അവൾക്ക്.. “കാലത്തെ അമ്പലത്തിൽ പോണം….7.30ആകുമ്പോളേക്കും റെഡി ആയിക്കോളു” തന്നെ നോക്കി നിൽക്കുന്നവളോട് കാർത്തി പറഞ്ഞു. എന്നിട്ട് അവൻ ബാത്‌റൂമിലേക്ക് പോയി. ** പദ്മ താഴേക്ക് വന്നപ്പോൾ അമ്മയും അച്ഛമ്മയും ഒക്കെ അടുക്കളയിൽ ഉണ്ട്.

“ആഹ് മോളെ… കുളി കഴിഞ്ഞു ല്ലേ ” സീത അവളുടെ അടുത്തേക്ക് വന്നു. “ഉവ് അമ്മേ….” സീതയും കുളി ഒക്കെ കഴിഞ്ഞു മുടി മുഴുവൻ വാരി ചുറ്റി ഉചിയിലൊരു തോർത്തിട്ട് കെട്ടി വെച്ചിട്ടുണ്ട്. “മോൾക്ക് കാപ്പി തരാം കേട്ടോ ” അവളുട കവിളിലൊന്ന് തട്ടിയിട്ട് സീത പറഞ്ഞു. “ഞാൻ എടുത്തോളാം അമ്മേ…” അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പദ്മ പറഞ്ഞപ്പോൾ സീത അവൾക്കായി ഒരു കപ്പിലേക്ക് കാപ്പി പകർന്നിരുന്നു. “ഇവിടെ ഇരുന്നു കുടിച്ചോളൂ കുട്ട്യേ ” അച്ഛമ്മ പറഞ്ഞപ്പോൾ അവൾ ഒരു കസേരയിൽ പോയി ഇരുന്നു. അവൾ കാപ്പി കുടിച്ചു കഴിഞ്ഞപ്പോൾ സീത മറ്റൊരു കപ്പിലേക്ക് കാപ്പി എടുത്തു… “മോളെ.. ഇതു കാർത്തിക്കു കൊണ്ട് പോയി കൊടുക്ക് കേട്ടോ….

എല്ലാ ദിവസവും ഈ സമയത്ത് അവനു ഒരു കാപ്പി കിട്ടണം.. പഠിക്കുന്ന കാലം മുതൽക്കേ ഉള്ള ശീലം ആണ്…” സീത ചിരിച്ചു കൊണ്ട് പറഞ്ഞു. പദ്മ അത് മേടിച്ചു കൊണ്ട് മുറിയിലേക്ക് ചെന്നപ്പോൾ അവൻ ഏതോ പുസ്തകം വായിച്ചു കൊണ്ട് ഇരിക്കുക ആണ്. “മാഷേ… “.. അവൾ വിളിച്ചപ്പോൾ അവൻ മുഖം ഉയർത്തി നോക്കി. അവൾ കാപ്പി അവിടെ കിടന്ന മേശയിൽ വെച്ചു. “അമ്മ തന്നു വിട്ടതാ ” “മ്മ്…” “എടോ…. താൻ എന്നാൽ ഒരുങ്ങിക്കോ, നമ്മൾക്ക് താമസിയാതെ പോയിട്ട് വരാം ” “ശരി മാഷേ… ഞാൻ അമ്മോട് ഒന്ന് പോയി പറഞ്ഞിട്ട് വരാമേ ” അവൾ സീതയുടെ അരികിലേക്ക് പോയി.

തിരികെ മുറിയിൽ എത്തിയപ്പോൾ കണ്ടു ഒരു കാവി മുണ്ടും, ഉടുത്തു കൊണ്ട് നിൽക്കുന്ന കാർത്തിയെ. പെട്ടന്ന് അവൾ തിരിഞ്ഞു നിന്നു.. കാർത്തി ആണെങ്കിൽ ഒരു ഷർട്ട് എടുത്തു ഇട്ടു. “തനിക്ക് ഉള്ള മുണ്ടും നേര്യതും ഒക്കെ അവിടെ ഇരിപ്പുണ്ട്…” പറഞ്ഞു കൊണ്ട് അവൻ മുറിയിൽ നിന്നുമിറങ്ങി.. കുറച്ചു കഴിഞ്ഞതും അവളും റെഡി ആയി അമ്പലത്തിലേക്ക് പോവാനായി ഇറങ്ങി വന്നു. കരിനീല കര ഉള്ള ഒരു സെറ്റ് ആണ് അവൾ ഉടുത്തത്… “ഏടത്തിക്ക് ഇതു നന്നായി ഇണങ്ങുന്നുണ്ട് ”

മീനു പറഞ്ഞപ്പോൾ അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു. അച്ഛനോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞിട്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു അപ്പോളേക്കും കാർത്തി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.. നടന്നു പോവാൻ ഉള്ള ദൂരം ഒള്ളു ഏടത്തി…. ” .. മീനുട്ടി പറഞ്ഞു. “എങ്കിൽ നടന്നു പോവാം ല്ലേ ” അവൾ കാർത്തിയോട് ചോദിച്ചു. “കുഴപ്പമില്ല…. കേറിക്കോളൂ… തനിക്ക് അധികം പരിചയം ഇല്ലാലോ ..” കാർത്തി പറഞ്ഞപ്പോൾ പദ്മ അവന്റെ പിന്നിലേക്ക് കയറി. രണ്ടാളും പോകുന്നത് നോക്കി കൊണ്ട് നിറഞ്ഞ മനസോടെ വാതിൽക്കൽ സീതയും മീനുട്ടിയും നിന്നു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…