നിയോഗം: ഭാഗം 24
രചന: ഉല്ലാസ് ഒ എസ്
വെളുപ്പിന് 5മണി ആയപ്പോൾ തന്നെ പദ്മ ഉണർന്നു. തല ചെരിച്ചു നോക്കിയപ്പോൾ ഭവ്യ അപ്പോളും അവളെ ചുറ്റി വരിഞ്ഞു കിടപ്പുണ്ട്… മെല്ലെ അവളുട കൈകൾ എടുത്തു മാറ്റിയിട്ട് അവൾ എഴുനേറ്റ് ബാത്‌റൂമിലേക്ക് പോയി. കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ അമ്മ അടുക്കളയിൽ നിന്നും അച്ഛനു ചായയും എടുത്തു കൊണ്ട് വരുന്നുണ്ട്. പദ്മ പൂജാ മുറിയിലേക്ക് ചെന്നു. അച്ഛൻ കാലത്തെ തന്നെ എഴുനേറ്റ് വിളക്ക് കൊളുത്തി കഴിഞ്ഞിരിക്കുന്നു. ചന്ദനത്തിരിയുടെയും, കർപ്പുരത്തിന്റെയും ഒക്കെ സുഗന്ധം അവിടമാകെ നിറഞ്ഞു നിൽക്കുന്നു..
അല്പം ഭസ്മം എടുത്തു നെറ്റിമേൽ വരച്ചിട്ട് അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു. കട്ടൻ ചായ എടുത്തു മേശമേൽ വെച്ചിട്ടുണ്ട് അവൾക്കായി. അതും എടുത്തു കൊണ്ട് അവൾ മുറിയിലേക്ക്പോയി. പഠിക്കാൻ ഉള്ള പുസ്തകങ്ങൾ എടുത്തു വെച്ച് അവൾ.. എന്നാലും മനസ് ഇവിടെ ഒന്നും അല്ല.. തലേ ദിവസത്തെ ഫോൺ കാൾ ഇൽ പതിഞ്ഞു കിടക്കുക ആണ് അപ്പോളും.. മാഷ് ഇന്ന് തന്നെ കാണാൻ വരുന്നുണ്ട്…. ഈശ്വരാ… എന്തെങ്കിലും കുഴപ്പം വല്ലതും ഉണ്ടോ ആവോ.. അതോ വെറുതെ വരുന്നത് ആണോ.. പല ചിന്തകൾ ആണ് അപ്പോളും അവളെ വലയം ചെയ്തിരിക്കുന്നത്.. ഗൗരവം നിറഞ്ഞ ശബ്ദം ആയിരുന്നു… ഇനി എന്തെങ്കിലും എതിർപ്പ് ഉണ്ടോ ആവോ ആൾക്ക്..
പദ്മയ്ക്ക് ആണെങ്കിൽ വല്ലാത്ത ടെൻഷൻ തോന്നി. എങ്ങനെ എങ്കിലും ഒന്ന് ഉച്ച ആയാൽ മതി ആയിരുന്നു… “ചേച്ചി.. എല്ലാം പഠിച്ചു കഴിഞ്ഞോ..” ഭവ്യ ചോദിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. ഒരു കപ്പ് കാപ്പിയും ആയി ഉറക്കച്ചടവോടെ നിൽക്കുക ആണ് ഭവ്യ.. അവള് എഴുനേറ്റ് പോയത് ഒന്നും താൻ അറിഞ്ഞിരുന്നില്ല.. “ഹെലോ.. മാഡം.. ഇതേത് ലോകത്താണ്… പഠിച്ചു കഴിഞ്ഞോ ” അവൾ തന്റെ നേർക്ക് വിരൽ ഞൊടിച്ചു. “മ്മ്… കുറച്ചൂടെ ഉണ്ട് ” വീണ്ടും പദ്മ പുസ്തകത്തിലേക്ക് കണ്ണു നട്ടു.. കാപ്പി കുടിക്കാനായി അമ്മ വന്നു വിളിച്ചപ്പോൾ പദ്മ എഴുനേറ്റ് പോയി. അപ്പവും കിഴങ്ങ് സ്റ്റു വെച്ചതും ആയിരുന്നു.
ഒരപ്പം എടുത്തു അവൾ വേഗം കഴിച്ചു തീർത്തു. എന്നിട്ട് റെഡി ആവാനായി മുറിയിലേക്ക് പോയ് വയലറ്റ് നിറം ഉള്ള ഒരു ചുരിദാർ ആണ് അവൾ എടുത്തു അണിഞ്ഞത്. കാലത്തെ കുളിച്ചത് കൊണ്ട് മുടി ഒക്കെ ഏകദേശം ഉണങ്ങി.. അവൾ കുളി പിന്നൽ പിന്നി മുടിയുടെ തുമ്പത്തായി ഒരു ക്ലിപ്പ് ഇട്ടു. ഭവ്യയുടെ കണ്മഷി ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഒരു മോഹം.. മോതിരവിരൽ കൊണ്ട് അല്പം കണ്മഷി തോണ്ടി എടുത്തു അവൾ കണ്ണിൽ എഴുതി.. ഭവ്യ വാങ്ങി വെച്ചിരിക്കുന്ന ലിപ്സ്റ്റിക്കും, എന്തൊക്കെയോ ക്രീംകളും ഒക്കെ ഇരിപ്പുണ്ട്.. പക്ഷെ അതൊന്നും വേണ്ട… ഒരു കുഞ്ഞി പൊട്ടെടുത്തു തൊട്ടു.. അല്പം ചന്ദനം വരച്ചു…അതിന്റെ മേലെ കാവിൽ നിന്നും അച്ഛൻ കൊണ്ട് വന്ന കുംകുമം ചെറുതായി ഒന്ന് കോറി.
“സത്യം പറ… ഇന്ന് കാർത്തിയേട്ടൻ എങ്ങാനും വരാം എന്ന് അറിയിച്ചിട്ടുണ്ടോ ” പിന്നിൽ നിന്നും ഭവ്യ മെല്ലെ ചോദിച്ചു. പദ്മ ആണെങ്കിൽ അടിമുടി വിറച്ചു… ഭവ്യ എങ്ങാനും അറിഞ്ഞോ ഈശ്വരാ… “എന്റെ ഭവ്യ… നീ ഒന്ന് പതുക്കെ പറയു… ആരെങ്കിലും കേൾക്കും “ങ്ങേ… അപ്പോൾ ഏട്ടൻ ഇന്ന് വരുമോ ” അവൾക്ക് ആകാംഷ ആയി.. “ഇല്ലന്നേ…. ഈ കുട്ടിക്ക് ഇതു എന്താണോ എന്റെ ഗുരുവായൂരപ്പാ ” തന്റെ കള്ളത്തരം പിടിക്കപ്പെടുമോ എന്നു ഭയപ്പെട്ടു കൊണ്ട് അവൾ പറഞ്ഞു. “അല്ലാ…..എന്താ ചേച്ചി പതിവ് ഇല്ലാതെ ഇന്ന് ഒരു മേക്കപ്പ് ഒക്കെ…” അവൾ വിടാൻ ഉള്ള ഭാവം ഇല്ല..
“ഞാൻ വെറുതെ… ഈ കണ്മഷി കണ്ടപ്പോൾ…” പദ്മ അവളുടെ ബാഗിലെക്ക് പുസ്തകങ്ങൾ ഒക്കെ നിറച്ചു കൊണ്ട് അനുജത്തിയേ നോക്കാതെ പറഞ്ഞു. “കണ്ടാലും തെറ്റൊന്നും ഇല്ല…. കല്യാണം കഴിക്കുന്ന ആൾ അല്ലേ ” “ഭവ്യെ… ഞാൻ അമ്മോട് പറയും കേട്ടോ… നീ ആവശ്യം ഇല്ലാത്ത വർത്താനം പറയാതെ ” പദ്മ പിറു പിറുത്തു.. “മ്മ്….” ആക്കി ഒന്ന് മൂളി കൊണ്ട് ഭവ്യ അവളെ ഒന്ന് ചൂഴ്ന്നു നോക്കിയിട്ട് റെഡി ആവാനായി പോയ്. പദ്മ ശ്വാസം ഒന്ന് എടുത്തു വലിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി. ഹരിക്കുട്ടൻ പോവാനായി വഴിയിൽ നിൽപ്പുണ്ട്.. അവനു ആട്ടോ വരും.. അതിൽ ആണ് പോകുന്നത്. പദ്മ എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഉമ്മറത്തു ഇരിക്കുന്ന ഗുരുവായൂരപ്പനെ നോക്കി തൊഴുതു പ്രാർത്ഥിച്ചു കൊണ്ട്, ഹരി കുട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് വേഗം നടന്നു പോയി. **
പിടി വിട്ടു പോയാ പട്ടം കണക്കെ ആണ് കാർത്തിയുടെ മനം…. ഒരു അത്യാവശ്യം ഉണ്ടന്ന് പറഞ്ഞു കോളേജിൽ ചെന്നിട്ട് അവൻ ലീവ് എടുത്തു പോന്നതാണ്.. ഒരു മണി ആകുമ്പോൾ വരാൻ ആണ് പദ്മയ്ക്ക് മെസ്സേജ് അയച്ചത്..സ്ഥലവും വണ്ടിടെ നമ്പർ ഉം ഒക്കെ അവൻ അവളോട് സൂചിപ്പിച്ചു.. അതുകൊണ്ട് അവൾ വരുന്നതും കാത്തു ഗുൽമോഹർ മരത്തിന്റെ അടുത്തായി കാർ പാർക്ക് ചെയ്തു കിടക്കുക ആണ് അവൻ. മനസാകെ പല ചിന്തകൾ കൊണ്ട് കലുഷിതം ആണ്… കുറച്ചു കാര്യങ്ങൾ അവളോട് പറയാൻ ഉണ്ട്… അതുകൊണ്ട് ആണ് ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച. ഉച്ചസമയം ആയത് കൊണ്ട് ഒരുപാട് കുട്ടികൾ ഒക്കെ ഇറങ്ങി വരാൻ തുടങ്ങി യിരിക്കുന്നു.
അവർക്കിടയിലൂടെ പദ്മ തന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നത് അവൻ കണ്ടു.. ഷാളിന്റെ തുമ്പെടുത്തു വിരലിന്മേൽ ചുറ്റി ഞെരിച്ചു കൊണ്ട് ആണ് അവൾ വരുന്നത്… അവന്റ അടുത്തേക്ക് വന്നതും തോളിൽ കിടന്ന ബാഗിലെക്ക് അവൾ അല്പം കൂടി പിടി മുറുക്കി.. ഹൃദയം പട പടാന്ന് മിടിക്കുന്നു… തൊണ്ട ആണെങ്കിൽ വറ്റി വരണ്ടു.. താൻ ഇവിടെ എങ്ങാനും വീണു പോകുമോ എന്ന് പോലും അവൾ ഭയപ്പെട്ടു. കാർത്തി ഡോർ തുറന്ന് വെളിയിൽ ഇറങ്ങി. അവൾ ആണെങ്കിൽ ചുറ്റിലും നോക്കുക ആണ്… ആരെങ്കിലും കണ്ടാലോ എന്നായിരുന്നു പദ്മക്ക് ഭയം.. “തനിക്ക് ഉച്ചക്ക് ശേഷം ക്ലാസ്സ് ഇല്ലേ ” തോളിൽ കിടന്ന ബാഗ് കണ്ടു കൊണ്ട് അവൻ ചോദിച്ചു.
“ഇല്ല….” പെട്ടന്ന് അവൾ പറഞ്ഞു കൊണ്ട് നാലുപാടും നോക്കി.. “താൻ പേടിക്കണ്ട… വേഗം പോകാം…ഇപ്പോൾ വണ്ടിയിൽ കയറു…” അവൻ പറഞ്ഞപ്പോൾ പദ്മ ഒന്ന് ഞെട്ടി. “ഇവിടെ എവിടെ എങ്കിലും നിന്ന് പറഞ്ഞാൽ മതി….” . മെല്ലെ അവൾ പറഞ്ഞു.. “ഇവിടെ നിറയെ കുട്ടികൾ അല്ലേ… താൻ വാ…ഒന്ന് ഫ്രീ ആയിട്ട് വേണം സംസാരിക്കാൻ ” അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. എന്നിട്ട് ഫ്രണ്ട് ഡോർ തുറന്ന് കൊടുത്തു. നിവർത്തി ഇല്ലാതെ പദ്മയും ഒപ്പം കയറി.. കുറച്ചു സമയത്തേക്ക് ഇരുവരും ഒന്നും സംസാരിച്ചില്ല.. “എക്സാം ഈസി ആയിരുന്നോ ” അവൻ മൗനത്തിനു വിരാമം ഇട്ടു കൊണ്ട് ചോദിച്ചു. “കുഴപ്പമില്ലായിരുന്നു .” “മ്മ്…. താൻ ഭക്ഷണം കഴിച്ചിരുന്നോ ” “ഉവ്വ് ”
അവൻ ചോദിക്കുന്നതിനു മാത്രം മറുപടി കൊടുത്തു അവള്.. മാഷ് ഭക്ഷണം കഴിച്ചോ എന്ന് അവനോട് ചോദിക്കാൻ ആഗ്രഹം ഉണ്ട്.. പക്ഷെ എന്തോ… വല്ലാത്തൊരു പേടി…. ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് ഒരാളുടെ കൂടെ… ഇങ്ങനെ വണ്ടിയിൽ… ആകെ ഉള്ള ഒരു സമാധാനം എന്ന് പറയുന്നത് തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾ ആണല്ലോ എന്നാണ്.. കോളേജിൽ നിന്നും രണ്ട് കിലോ മീറ്റർ മാറി ഒരു ചെറിയ പാർക്കിൽ അവൻ വണ്ടി ഒതുക്കി നിറുത്തി.. ഒരുപാട് ആളുകൾ ഒന്നും ഇല്ല.. ഏറിയാൽ അഞ്ചോ ആറോ പേര് കാണും അവിടെ… കാർത്തി യുടെ പിന്നിലായി മിടിക്കുന്ന ഹൃദയത്തോടെ പദ്മ നടന്നു.….തുടരും