Sunday, December 22, 2024
Novel

നിയോഗം: ഭാഗം 11

രചന: ഉല്ലാസ് ഒ എസ്

“മ്മ്.. എനിക്ക് അറിയാം എന്റെ കുട്ടി ഇങ്ങനെ പറയു എന്ന്… നിങ്ങൾക്ക് ആർക്കും ദോഷം ആകുന്നത് ഒന്നും അച്ഛൻ ചെയ്യില്ല മോളെ… ഗുരുവായൂരപ്പൻ ഇതാണ് നിനക്ക് വിധിച്ചത് എങ്കിൽ ഈ വിവാഹം നടക്കുക തന്നെ ചെയ്യും ” അവളുട മുറിയിൽ ഇരുന്ന ഗുരുവായൂരപ്പന്റെ ഫോട്ടോയിലേക്ക് നോക്കി ആണ് അയാൾ അത് പറഞ്ഞത്.. അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയതും പദ്മ വീണ്ടും പുസ്തകം മറിച്ചു വായിച്ചു നോക്കി കൊണ്ട് ഇരുന്നു. പക്ഷെ മനസ് ഇവിടെ ഒന്നും അല്ല..

തന്നെ വന്നു കണ്ടിട്ട് പോയ ആളെ എത്ര വട്ടം ആലോചിച്ചു നോക്കിയിട്ടും മനസിലേക്ക് കൊണ്ട് വരാൻ പറ്റുന്നില്ല.. കണ്ട നാളിൽ മുഴുവൻ ആൾ അങ്ങനെ നിറഞ്ഞു നിന്നു ഉള്ളാകെ.. പക്ഷെ ഉറങ്ങി എണിറ്റു കഴിഞ്ഞപ്പോൾ ആളുടെ രൂപോം ഭാവോം ഒക്കെ മാഞ്ഞുപോയി.. ദെന്താ കഥ ഇപ്പൊ ഇങ്ങനെ… ആലോചിച്ചു നോക്കി.. കുറെ വട്ടം… പക്ഷെ കിട്ടണില്ല… നെച്ചുകാട്ടിൽ അമ്പലത്തിലെ ദേവിയോട് നേർച്ച നേർന്നു.. . അയാളുടെ മുഖം ഒന്ന് ഓർമയിൽ വരുത്താൻ..

ലളിത സഹസ്ര നാമം ചൊല്ലി തുടങ്ങുകയും ചെയ്തു ഹേയ്… എവിടുന്ന്.. ദേവിയും തന്നെ കളിപ്പിക്കാ… അങ്ങനെ എങ്കിൽ പിന്നെ എന്താ ഒരു വഴി.. നേരിട്ട് കാണും വരെ കാത്തിരിക്കാം… അത്ര തന്നെ.. “ട്ടോ ” ഭവ്യ പിന്നിൽ വന്നു ഒച്ച ഇട്ടതും അവൾ ഞെട്ടി തിരിഞ്ഞു. “ഇതു ഏതു ലോകത്താണ് ചേച്ചിയെ… ഞാൻ ഇവിടെ വന്നു ഈ നിൽപ്പ് തുടങ്ങിട്ട് മണിക്കൂർ ഒന്നായേക്കണ് ” . അവൾ ശബ്ദം താഴ്ത്തി പദ്മയേ നോക്കി പറഞ്ഞു. എന്നിട്ട് ഒരു പ്രേത്യേക ഈണത്തിൽ മൂളി.

“ഞാൻ… ഞാൻ.. പഠിക്കുവാ.. നാളെ എക്സാം ഉണ്ട് ” “ഉവ്വ് ഉവ്വേ….. ഞാൻ കണ്ടു കേട്ടോ…” . അവൾ ചിരിച്ചു കൊണ്ട് മുറി വിട്ട് ഇറങ്ങി പോയി. “അമ്മേ…. ദെ ഈ ചേചൂട്ടി സ്വപ്നം കാണാൻ തുടങ്ങി ട്ടോ…വേഗം നമ്മൾക്ക് ആ ചേട്ടനെ വിളിച്ചു ഒപ്പം പറഞ്ഞയക്കണം ” . ഭവ്യ ഉറക്കെ വിളിച്ചു പറയുന്നത് കേട്ട് പദ്മ തലയിൽ കൈ വെച്ചു. ഈശ്വരാ…. ഈ ഭവ്യക്ക് ഇതു എന്തിന്റെ കേടാ.. നാവെടുത്താൽ വഷളത്തരം വീഴു.. ആരെങ്കിലും കേൾക്കും എന്ന് പോലും ഇല്ല.. പദ്മ പിറുപിറുത്തു കൊണ്ട് പുസ്തകം മറിച്ചു നോക്കി.

“കൂയ് ” ഹരികുട്ടൻ പിന്നിൽ നിന്നും വന്നു കണ്ണ് പൊത്തി. അവൾ അവനെ പിടിച്ചു മടിയിലേക്ക് ഇരുത്തി.. “ഭവ്യെച്ചി എന്താണ് പറഞ്ഞെ.. ചേച്ചി എന്ത് സ്വപ്നാ കണ്ടത്..” അവൻ പദ്മയെ നോക്കി “അവൾക്ക് നൊസ്സ മോനേ… വെറുതെ ഓരോന്ന് പറഞ്ഞു നടക്കുന്നത് അല്ലേ അവളുടെ ജോലി… നല്ല അടിടെ കുറവാ ” അവന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പദ്മ പറഞ്ഞു. “ചേച്ചി…” .. അവൻ വിളിച്ചപ്പോൾ പദ്മ ആ കുഞ്ഞ് മുഖത്തേക്ക് നോക്കി. “ചേച്ചി യേ കല്യാണം കഴിച്ചു വിട്ടാൽ പിന്നെ ഇവിടെ നിന്നും ദൂരെപോകുവോ.. മുത്തശ്ശി പറഞ്ഞു എന്നോട്, ചേച്ചി പിന്നെ ഇടയ്ക്ക് ഒക്കെ ഇങ്ങട് വരുവൊള്ളൂ എന്ന്… നേരാ…” .

സങ്കടം ആണ് അവന്റ മുഖത്ത്.. . അത് കേട്ടതും അവളുടെ നെഞ്ച് ഒന്ന് വിങ്ങി.. “ഹേയ്.. ഇല്ല മോനേ… മുത്തശ്ശി വെറുതെ ഓരോന്ന് പറയ്യാ… ചേച്ചി ഒരിടത്തും പോകില്ല ട്ടോ ” അവനെ ഏറെ നേരം സമാധാനിപ്പിച്ച ശേഷം ആണ് അവളുടെ മടിയിൽ നിന്നും ഇറങ്ങി പോയത്. . ഹരിക്കുട്ടനെ നോക്കി വന്ന ഭവ്യ യും അവന്റ സങ്കടം കേട്ട് കണ്ണ് നിറഞ്ഞു വാതിൽ മറവിൽ നിന്നു.. ചേച്ചി ഇവിടെ വിട്ട് പോകുന്നത് ചിന്തിക്കാൻ കൂടി അവൾക്ക് വയ്യാ.. എന്തിനും ഏതിനും ചേച്ചി വേണം രണ്ടാൾക്കും… അവർക്ക് അമ്മയെ ക്കാൾ അടുപ്പം പദ്മയോട് ആണ്… അത് പലപ്പോളും മുത്തശ്ശി പറയാറും ഉണ്ട്..

ഈശ്വരാ എന്റെ ചേച്ചി ഒരു പാവ… എന്നും നന്മകൾ മാത്രെ ചേച്ചിക്ക് വരുത്താവൊള്ളെ…. ആ ഒരു പ്രാർത്ഥന ആണ് ഇവിടെ എല്ലാവർക്കും ഉള്ളത്.. *** കാലത്തെ ദേവു ഉണർന്നു.. കുളി ഒക്കെ വേഗം നടത്തി. കടും പച്ച നിറം ഉള്ള ദാവണി എടുത്തു ചുറ്റി.. മുഖത്തു എന്തൊക്കെയോ ക്രീം ഒക്കെ വാരി തേച്ചു. അത് കണ്ടു കൊണ്ട് ആണ് പ്രഭ കേറി വന്നത്. “എന്തൊക്കെ പരിഷ്ക്കാരം ആണ് ദേവൂട്ടി… കണ്ടത് എല്ലാം ഇട്ടു മുഖത്തെ നിറമൊക്ക മങ്ങി… പൂവന്പഴം പോലെ ഇരുന്ന പെണ്ണാ…

ഇപ്പൊ കണ്ടില്ലേ… ആകെ വാടി കരിഞ്ഞു ” പ്രഭ അവളെ ശകാരിച്ചു “ന്റ് അമ്മേ ഇതു മോയ്സ്ചറൈസർ ഇട്ടതാണ് ഞാന്.. ദേ ഇത് സൺസ്ക്രീം… ഇതുരണ്ടും ഇന്നത്തെ കാലത്തെ എല്ലാ പെൺകുട്ടികളും മുഖത്ത് ഇടുന്നതാണ്.. ഇതിന് പരിഷ്കാരം എന്നൊന്നും പറയാൻ പറ്റില്ല അമ്മേ.. ” ” എന്ത് കുന്ത്രാണ്ടം ആണെങ്കിലും ശരി, ഇതൊക്കെ തേച്ചു കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോഴാണ്, മുഖമൊക്കെ ഒരു പരിവം ആകുന്നത് ” ” ഹോ ഈ അമ്മയെ കൊണ്ട് തോറ്റു.. അമ്മ അപ്പോൾ എന്റെ കോളേജിൽ ഒന്ന് വരണം, എന്റെ ഫ്രണ്ട്സ് ഒക്കെ എന്നും ഫൗണ്ടേഷൻ ഇട്ടുകൊണ്ടാണ് കോളേജിൽ വരുന്നത്”

“ഹ്മ്മ്… ആയിക്കോ… കാലം പോയ പോക്കേ..” പ്രഭ മുടി വാരി കെട്ടി വെച്ചു കൊണ്ട് അടുക്കളയിലേക്ക്പോയി. ദേവു എങ്കിൽ അല്പം കോൺടാക്ട് പൗഡർ എടുത്തിട്ടു.. അതിനുശേഷം ഐലൈനർ കൊണ്ട് കണ്ണുകൾ നീട്ടിയെഴുതി.. ഒരു പൊട്ടും കുത്തി, അല്പം ലിപ്സ്റ്റിക്കും ഇട്ട്, മുടി കുളി പിന്നലും പിന്നി ഇട്ടു, മുറ്റത്തേക്ക് ഇറങ്ങി. തുളസി ചെടിയിൽ നിന്നും ഒരു കതിരു പൊട്ടിച്ചു മുടിയിലേക്ക് തിരുകി. “അമ്മേ… ഞാൻ അമ്പലത്തിൽ പോയിട്ട് വരാം ” അതും പറഞ്ഞു കൊണ്ട് അവൾ പടിപ്പുര കടന്നു വേഗം നടന്നു പോയി… പോകുംവഴിയിൽ തന്നെ അവൾ കാർത്തിയേ വിളിച്ചിരുന്നു..

അവൻ,മിത്രൻ നമ്പൂതിരിയുടെ അമ്മാത്തിന്റെ അടുത്തുള്ള പറങ്കിമാവിൻ തോട്ടത്തിന്റെ തെക്കു വശത്തു നിൽപ്പുണ്ട് എന്ന് അറിയിച്ചു. എന്നും അവിടെ ആണ് അവൻ അവളെ കാത്തു നിൽക്ക.. രണ്ടാളുടെയും ഇഷ്ടം നാട്ടിൽ അത്യാവശ്യം ആളുകൾക്ക് അറിയാം.. അതോണ്ട് ഇവരെ ഒരുമിച്ചു കണ്ടുലൂം ആളുകൾ ഒന്നും വിചാരിക്കില്ല.. അകലെ നിന്നും നടന്നു വരുമ്പോൾ ദേവു കണ്ടു, തന്നെ നോക്കി നിൽക്കുന്ന കാർത്തിയെ ഒരു മാവിൽ ചാരി കൈകൾ രണ്ടും പിണഞ്ഞു വെച്ചു കൊണ്ട്,ഒരു കാൽ എടുത്തു പിന്നിലേക്ക് മാവിൽ ഊന്നി ആണ് അവന്റെ നിൽപ്പ്. മുടി ഒക്കെ അലക്ഷ്യം ആയി കിടക്കുന്നു.

“ഇതെന്താ ഏട്ടാ ഈ മുടി ഒക്കെ ഇങ്ങനെ ഇട്ടിരിക്കുന്നത്.. ഒന്ന് മാടി എങ്കിലും വെച്ചൂടെ…” അതും പറഞ്ഞു കൊണ്ട് .അവൾ അവന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയൊതുക്കുവാൻ ആയി ശ്രമിച്ചുവെങ്കിലും കാർത്തി വേഗം തന്നെ അത് തടഞ്ഞു . “ഇതാണ് ഈ കാർത്തികേട്ടന്റെ കുഴപ്പം…. ഒന്ന് തൊടാൻ പോലും എന്നെ സമ്മതിക്കില്ലേ” കുറുമ്പോടെ അവൾ അവനെ നോക്കി. ” സമയം പോകുന്നു ദേവൂട്ടി വേഗം നടക്ക്… എനിക്ക് ഇന്ന് നേരത്തെ കോളേജിൽ എത്തണം ” . അവൾക്കായി അതായിരുന്നു അവൻ കൊടുത്ത മറുപടി.. ” അതല്ലല്ലോ ഞാൻ ചോദിച്ചത്”

” നിന്റെ കുട്ടികളി ഒന്നും ഇതുവരെ മാറിയിട്ടില്ല അല്ലേ… ” “ഇല്ല്യ എന്തേ ” . അതും പറഞ്ഞു കൊണ്ട് അവൾ കെറുവിച്ചു നടന്നു. “ടി… ” “എന്താ…” “ഞാൻ പഠിപ്പിക്കുന്ന പിള്ളേർ ആണ് ആ പോകുന്നത്.. അവർ എങ്ങാനും നമ്മുടെ റൊമാൻസ് കണ്ടൽ പിന്നെ കോളേജിൽ ഞാൻ നാറും…. നിനക്ക് അത് ഒന്നും പറഞ്ഞാൽ മനസിലാവില്ല” അവൻ ശബ്ദം താഴ്ത്തി കടുപ്പിച്ചു പറഞ്ഞു.. . കാർത്തി ഏട്ടനോട് ഏറ്റവും ബഹുമാനവും സ്നേഹവും പ്രണയവും ഒക്കെ തോന്നാൻ കാരണം ഇതു ആണ്… ഒരിക്കൽ പോലും അരുതാത്ത ഒരു നോട്ടം പോലും തന്റെ നേർക്ക് ഉണ്ടായിട്ടില്ല…

ഒരു സ്പർശനം കൊണ്ട് പോലുംതന്നെ മറ്റൊരു രീതിയിൽ പെരുമാറിയിട്ടില്ല… ആളുടെ പ്രണയം മുഴുവൻ ആ മനസ്സിൽ ആണ്.. ഒരിക്കൽ തന്റെ പിറന്നാളിന് എന്ത് ഗിഫ്റ്റ് വേണം എന്ന് ചോദിച്ചപ്പോൾ താൻ വെറുതെ ആളെ ഒന്ന് ഇളക്കാനായി പറഞ്ഞു, ഒരു ഉമ്മ വേണം എന്ന്.. അതൊക്കെ എത്ര വേണേലും തരാം.. പക്ഷെ നിന്റ മാറിൽ ഞാൻ അണിയിച്ച താലി വന്നു ചേർന്ന ശേഷം മാത്രെ ഒള്ളൂ…. അന്ന് അവൻ കൊടുത്ത മറുപടി അത് ആയിരുന്നു.. അവന്റെ ഒപ്പം നടക്കുമ്പോൾ ദേവു ഓർക്കുക ആയിരുന്നു…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…