നിവേദ്യം : ഭാഗം 7
എഴുത്തുകാരി: ആഷ ബിനിൽ
സത്യം പറഞ്ഞാൽ എനിക്ക് നല്ല സങ്കടം വരുന്നുണ്ടായിരുന്നു. അത് തീർക്കാൻ സദ്യ കഴിക്കുമ്പോൾ പായസം രണ്ടു തവണ വാങ്ങി. എന്നിട്ട് പോത്തുപോലെ കിടന്നുറങ്ങി. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ മഠത്തിൽ വീടും അവിടെനിന്ന് കിട്ടിയ സൗകര്യങ്ങളും ഒക്കെ ഞാൻ ആസ്വദിച്ചിരുന്നു. പക്ഷെ ഹരിയേട്ടൻ പോയ ദിവസം മുതൽ അതെല്ലാം എന്നെ വീർപ്പുമുട്ടിക്കുകയാണ്. സ്നേഹത്തിനു പകരമാണ് അതെല്ലാം എനിക്ക് ആ മനുഷ്യൻ വച്ചുനീട്ടിയത് എന്ന് മനസിലായപ്പോൾ മുതൽ എന്നോട് തന്നെ പുച്ഛം ആണ് എനിക്ക്. ആ വീട്ടിൽ താമസിക്കുമ്പോൾ അവരുടെ നിലയ്ക്കും വിലേക്കും അനുസരിച്ചു ജീവിക്കാതിരിക്കാനും കഴിയില്ലല്ലോ.
വേണ്ടിയിരുന്നില്ല, ഈ വിവാഹം. അമ്മയുടെ കഞ്ഞിയും പയറും ആഭിജാത്യത്തിന്റെ തള്ളും ചിന്നുവിന്റെയും അപ്പുവിന്റെയും കുറുമ്പും ഒക്കെയായി പഴയ അമ്മുവായി ഇവിടെ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു. ഇതിപ്പോ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയത് പോലെയായി. ഇനി കടി കിട്ടിയാൽ കൊള്ളുക തന്നെ..! ആരോട് പറയാൻ, ആര് കേൾക്കാൻ…? സ്വന്തം ഭാര്യയുടെ ജന്മദിനം അറിയാത്ത, അറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിക്കാതെ ആദ്യത്തെ ഭർത്താവൊന്നും അല്ലല്ലോ എന്റെ എൻടിആർ… സോ… വിട്ട് കളയണം… എന്നാലും… എള്ളോളം വിഷമം ഉണ്ട്ട്ടോ… “അമ്മൂ.. പോകേണ്ടേ നമുക്ക്..??” ശ്രീദേവിയമ്മയുടെ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്. പിന്നെ വേഗം പോകാൻ റെഡിയായി.
ചിന്നുവിനെയും അപ്പുവിനെയും കൂടി പെറുക്കി വണ്ടിയിൽ ഇട്ടു. രണ്ടു ദിവസം ഒരുമിച്ചു നിൽകാമല്ലോ. “അച്ഛന് ഒരുപാട് സന്തോഷമായി മോളെ. നിനക്ക് ഇത്ര സ്നേഹമുള്ള ഒരു ഭർത്താവിനെയും വീട്ടുകാരെയും കിട്ടിയല്ലോ” ഇറങ്ങാൻ നിൽക്കുമ്പോൾ ആഭിജാത്യം കണ്ണു നിറയ്ക്കുന്നത് കണ്ടു. അമ്മയും ഡാം തുറക്കാൻ റെഡിയായി നിൽക്കുകയാണ്. അവരോടൊന്നും പറയാൻ തോന്നിയില്ല. കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുത്തിട്ട് ഇറങ്ങി. അടുത്ത രണ്ടു ദിവസവും അപ്പുവും ചിന്നുവും ഉള്ളതുകോണ്ട് മഠത്തിൽ സമയം പോകുന്നതെ അറിഞ്ഞില്ല. തിങ്കളാഴ്ച മുതൽ വീണ്ടും കോളേജിൽ പോയി തുടങ്ങി. ഹാരിമോനെയും കൊണ്ടാണ് പോയത്. അവനെ വെറും വണ്ടി എന്ന് പറഞ്ഞ് അപമാനിക്കാൻ മനസു വന്നില്ല. അതാണ് പേരൊക്കെ ഇട്ടത്.
ഇപ്പോ എന്റെ അനിയൻ ആണെന്നേ തോന്നൂ. ഞാനാരാ മോള്. കോളേജിൽ ചെന്ന് കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്നു തോന്നി. ബെർത്ത്ഡേയുടെയും വണ്ടി വാങ്ങിയത്തിന്റെയും ചിലവ് ഒരുമിച്ചു വേണമെന്ന്. ഞാനൊരു വേദനിക്കുന്ന കോടീശ്വരി ആണെന്ന് ആണല്ലോ അവരുടെ ധാരണ. ആ സമയം എൻടിആറിനെ കയ്യിൽ കിട്ടിയാൽ ഞാൻ കഴുത്തു ഞെരിച്ചു കൊന്നേനെ. അങ്ങേരുടെ ഒരു മണ്ടൻ ഐഡിയ. കല്യാണം കഴിഞ്ഞതാണെന്നു പറയേണ്ട പോലും..! എന്നിട്ട് ഇപ്പോൾ അനുഭവിക്കുന്നത് ഞാൻ ആണല്ലോ. ഒടുവിൽ സാമാന്യം നല്ലൊരു റെസ്റ്റോറന്റിൽ കൊണ്ടുപോയി ചിലവ് ചെയ്യേണ്ടി വന്നു.
മൂന്ന് മാസം ഞാൻ വെള്ളെപ്പം വിറ്റ പൈസ മൂന്ന് മണിക്കൂർ കൊണ്ട് തീർന്നുകിട്ടി. ദേവച്ചൻ പൈസ തന്നാലും നിവൃത്തിയുണ്ടെങ്കിൽ ഞാനത് വാങ്ങാറില്ല. എൻടിആർ തന്ന കാർഡ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കൊടുക്കലും വാങ്ങലും മിക്കവാറും എന്റെ സേവിങ്‌സിൽ നിന്ന് തന്നെയാണ്. ദിവസങ്ങൾ വീണ്ടും കോഴിഞ്ഞുപോയി. ഇതിനിടയിൽ ചിഞ്ചു അവളുടെ ബോയ്ഫ്രണ്ടിനെ കൊണ്ടു പൊറുതിമുട്ടി. അവരുടെ പ്രശ്നം പരിഹരിക്കൽ ആണ് ഇപ്പോഴത്തെ എന്റെ മെയിൻ പണി. അവന്റെ ചാറ്റ് വായിച്ച എന്റെ ബാല്യം മുതൽ യവ്വനം വരെ പകച്ചുപോയി.
അവിടെ പോകരുത്, ആ ഡ്രസ് ഇടരുത്, അവനോട് മിണ്ടരുത്, അവർക്ക് മെസേജ് അയക്കരുത്… ഇതെല്ലാം കഴിഞ്ഞു രാത്രിയായാൽ ഒലിപ്പീരും ഡ്രസിന്റെ അളവെടുക്കലും. അവൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ മറ്റാരോടോ ചാറ്റ് ചെയ്യാൻ ആണെന്ന് പറഞ്ഞുകളയും. “ഉറങ്ങുമ്പോൾ കണ്ണടയ്ക്കാമോ ചേട്ടാ” എന്നൊരു വോയ്‌സ് ക്ലിപ് അയച്ചിട്ടു. അവനെ ഒന്ന് ആക്കണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. അതിന് എന്നെ ചാറ്റ് കാണിച്ചു എന്നും പറഞ്ഞ് അവനിനി അവളെ പറയാനൊന്നും ബാക്കിയില്ല. ഇനി ഈ പ്രശ്‌നത്തിൽ ഇടപെടില്ല എന്നു ഞാൻ ഉറപ്പിച്ചു. അതൊക്കെ എന്റെ എൻടിആർ.
സ്വന്തം ഭാര്യ ആയിട്ടു കൂടി ജീവനോടെ ഉണ്ടോ എന്നറിയാൻ പോലും ഒരു മെസേജ് അയച്ചു ശല്യം ചെയ്യില്ല. അപ്പോഴാണ് ഇവിടെ ഓരോരുത്തർ ഗേൾഫ്രണ്ടിന്റെ ഷാളിന്റെ നീളം തീരുമാനിക്കുന്നത്. “നിവേദ്യാ….” നോക്കുമ്പോൾ വിവേക് ആണ്. ഞങ്ങളുടെ ടീമിലെ പുതിയ ജോയിനീ. “എന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്?” “ഒന്നുമില്ല വിവി. ചിഞ്ചു അവിടെ കർത്തിക്കുമായുള്ള പ്രശ്നം പരിഹരിക്കുകയാണ്.” “ആഹാ. നിവേദ്യയ്ക്ക് ഇല്ലേ ബോയ്ഫ്രണ്ട് ഒന്നും?” ഉള്ള കെട്ടിയോനെ ഒന്ന് കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഈ എന്നോടൊ ബാലാ? “ഹേയ്. ഇല്ല…” “എങ്കിൽ പിന്നെ എന്നെ ആ പോസ്റ്റിലേക്ക് പരിഗണിക്കാമോ?” “എഹ്ഹ്..?”
ഞാൻ അവനെ അന്തംവിട്ടൊന്നു നോക്കി. അവന്റെ മുഖത്തു ചമ്മൽ തെളിഞ്ഞു നിന്നു. “അത് പിന്നെ നിവേദ്യാ.. എനിക്ക് തന്നെ വലിയ ഇഷ്ടമാണ്. ഐ.. ഐ റിയലി ലവ് യൂ” ബലേ ഭേഷ്… ഈ സൗന്ദര്യം എനിക്കൊരു ശാപം ആകുകയാണോ കണ്ണാ… “അത് വിവി.. എന്റെ വീട്ടിലെ അവസ്ഥ താൻ കരുതുന്നത് പോലെയല്ല. എന്റെ അച്ഛൻ ഒരു ഡോൺ ആണ്. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ മൂന്നാല് പേരുടെ കാല് തല്ലി ഒടിച്ചിട്ടൊക്കെ ഉണ്ട്. അത് പേടിച്ചിട്ടാ ആരും എന്നെ പ്രാപ്പൊസ് ചെയ്യാത്തത്. ഇനിയിപ്പോ വിവിക്ക് ഇത്ര ധൈര്യം ഒക്കെ ഉള്ള സ്ഥിതിക്ക് നമുക്ക് നോക്കാം. അല്ലെ?” അത്രയും പറഞ്ഞു ഞാനവനെ നോക്കി. ചെക്കന്റെ കിളി പോയിരിക്കുകയാണ്.
“ന്തോ… ധാ വരുന്നു നിവേദ്യാ എന്നെ ബിനൂപ് വിളിക്കുന്നുണ്ട്. ഇപ്പോ വരാട്ടോ” അവൻ കണ്ടം വഴി ഓടി. കോടീശ്വരി ഇമേജ് കാരണം പിന്നെയും കോഴിക്കുഞ്ഞുങ്ങൾ കൊത്താൻ വന്നു. നമുക്ക് ആസ്വാദനം മാത്രം ആണല്ലോ ലക്ഷ്യം. അതുകൊണ്ട് അച്ഛന് ഹിറ്റ്ലറിൻറെ സ്വഭാവം ആണെന്നും എന്റെ പുറകെ നടന്നവരുടെയൊക്കെ കാൽ തല്ലി ഒടിച്ചിട്ടുണ്ട് എന്നും പറഞ്ഞു ഒക്കെത്തിനേം ഓടിച്ചു. ചിഞ്ചു സഹികെട്ട് കാർത്തിക്കുമായി ബ്രെയ്ക് അപ്പ് ആയി. അവർ ബി ടെക് പഠിക്കുന്ന കാലത്തെ അടുപ്പം ആണ്. അവൻ ആണെങ്കിൽ കൂടെ പടിച്ചവരോടെല്ലാം അവൾ അവനെ തേച്ചെന്നു പറഞ്ഞു നാണം കെടുത്തി. “വിഷമം ഉണ്ടല്ലേ നിനക്ക്?” ഞാൻ ചോദിച്ചു. ”
പിന്നെ ഇല്ലാതിരിക്കുമോടി. എന്നാലും.. ഇത്രയും കാലം ചങ്ക് പറിച്ചു സ്നേഹിച്ചിട്ടും അവൻ എനിക്ക് ഇത്ര വിലയല്ലേ തന്നുള്ളൂ. അത് ഓർക്കുമ്പോൾ ആ വിഷമത്തോളം വരില്ല അവൻ ഇല്ലായ്മയുടെ വേദന.” ഞാൻ ഓർക്കുകയായിരുന്നു, സ്നേഹം എത്ര വിചിത്രം ആണെന്ന്. അവനും അവളും പരപ്സരം സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം പങ്കാളിക്ക് ബുദ്ധിമുട്ട് ആയിട്ടും തുടരുന്നതാണ് കുഴപ്പം. സ്നേഹം ഉള്ളിടത്ത് വിട്ടുകൊടുക്കലും ഉണ്ടാകും, ഉണ്ടാകണം.
യാതൊരു മാറ്റങ്ങളുമില്ലാതെ നാല് മാസം കൂടി കടന്നുപോയി. എന്റെ സെം എക്സാംസ് തുടങ്ങി. അങ്ങനെ ഒരു ദിവസം വൈകുന്നേരം. കോളിംഗ് ബെൽ കേട്ടു വാതിൽ തുറന്ന് നോക്കുമ്പോൾ ദേ മുറ്റത്തൊരു മസിലളിയൻ…! കല്യാണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് തലേന്ന് മുങ്ങിയതാണ്. പിന്നെ ഇപ്പോഴാണ് ഈ മുതലിനെ കാണുന്നത്. ഇടയിൽ ഒരു ഫോൺ കോളോ മെസേജോ പോലും ഉണ്ടായിട്ടില്ല. ഞാൻ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു. മാസങ്ങൾക്ക് ശേഷം ഭാര്യയെ കാണുമ്പോഴുള്ള സന്തോഷമൊന്നും ആ മുഖത്തു ഞാൻ കണ്ടില്ല. പിന്നെ ഞാൻ എന്തിനാണ് എക്ഷ്പ്രഷൻ ഇട്ട് മരിക്കുന്നത്…
ആയുഷ്കാലം സിനിമയിലെ ജയറമേട്ടനെപ്പോലെ ഞാൻ ആ സൈഡിൽ അദൃശ്യയായി നിന്നു. അപ്പോഴേക്കും അമ്മ എത്തി. പിന്നെ പരിഭവം പറച്ചിലായി, കെട്ടിപ്പിടിക്കൽ ആയി, അച്ഛനെ വിളിച്ചു വരുത്തൽ ആയി, ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കൽ ആയി, ആകെ ബഹളം. ഒക്കെ കഴിഞ്ഞു ആൾ മുറിയിലേക്ക് പോയി. ബാഗും കൊണ്ട് ഞാനും കൂടെപ്പോയി. മസിൽ പിടിച്ചുള്ള നടപ്പിനൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. “നിവേദ്യാ ഞാൻ തന്ന എ റ്റി എം കാർഡ് യൂസ് ചെയ്തില്ലേ?” ആഹാ. ആറു മാസം കഴിഞ്ഞു കാണുന്ന ഭാര്യയോട് ചോദിക്കാൻ പറ്റിയ നല്ല ബെസ്റ്റ് ചോദ്യം. “ഇല്ല” “അതെന്തു പറ്റി? പൈസക്ക് ആവശ്യം ഒന്നും വന്നില്ലേ?” “എന്റെ കഴുത്തിൽ താലി കെട്ടിയത് എറ്റിഎം കാർഡ് അല്ല എന്നാണ് എന്റെ വിശ്വാസം” അത്രയും പറഞ്ഞു ഞാൻ മുറി വിട്ടിറങ്ങി.
വൈകിട്ട് അത്താഴം എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. അതിനിടയിൽ ഒന്നോ രണ്ടോ വട്ടം എന്നിലേക്ക് നോട്ടം വന്നു. ഒരുപാട് ആഗ്രഹിച്ചിട്ട് കൂടി, അതിൽ സന്തോഷിക്കാൻ എന്തുകൊണ്ടോ എനിക്കായില്ല. റൂമിൽ ചെന്നു പഠിക്കാൻ ഇരുന്നു. മനസിൽ ഒന്നും പതിയുന്നില്ല. സങ്കടം മനസിനെ ആകെ മൂടിയിരിക്കുകയാണ്. ഒരു നോട്ടം, ഒരു ചിരി അത്രയേ ആഗ്രഹിച്ചുള്ളൂ. അതിനു പോലും അർഹത ഇല്ലാത്തവൾ ആണോ ഞാൻ? സത്യത്തിൽ ഇപ്പോഴത്തെ എന്റെ അവസ്ഥ കണ്ടിട്ടാണ് പണ്ടാരോ ചിറകൊടിഞ്ഞ കിനാവുകൾ എന്ന കഥ എഴുതിയത്.
എല്ലാ സങ്കടങ്ങളും പുഞ്ചിരികൊണ്ട് നേരിടുന്നത് കൊണ്ടാണോ കണ്ണാ നീയെനിക്ക് ഈയിടെയായി സങ്കടം മാത്രം തരുന്നത്? ഇരുന്ന ഇരുപ്പിൽ മേശമേൽ തലവച്ചു ഉറങ്ങിപ്പോയി. രാവിലെ വെളിച്ചം കണ്ണിൽ അടിച്ചപ്പോഴാണ് എഴുന്നേറ്റത്. ഏഴുമണി ആകാറായിരുന്നു. എന്നെ റൂമിൽ കാണാഞ്ഞിട്ട് പോലും ഒന്ന് അന്വേഷിക്കാൻ തോന്നിയില്ലേ കണവന്? രാവിലെയുള്ള ജോഗിംഗിനും ഗ്രീൻ ടീയ്ക്കും ഒന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. ഇങ്ങേർക്ക് ഹെൽത്ത് കോൺഷ്യസ്നെസ് കൂടി പ്രാന്തായത് ആണെന്ന് തോന്നുന്നു. പ്രാതൽ കഴിഞ്ഞയുടനെ പണ്ടത്തെപ്പോലെ മുറിയിലേക്ക് വിളിച്ചു.
“നിവേദ്യാ. ഒന്നു വേഗം റെഡിയാകൂ. നമുക്കൊന്ന് പുറത്തു പോണം” അപ്പോൾ അന്ധനായിട്ടില്ല. ഊമയും അല്ല. സന്തോഷം. അടുത്ത ആറു മാസത്തെക്കുള്ള ഷോപ്പിംഗിന് ആയിരിക്കും ഈ പോക്ക്. അല്ലാതെ എന്നെ ഒപ്പം കൊണ്ടുപോകേണ്ട കാര്യം ഇല്ലല്ലോ. അപമാനവും വേദനയും എന്നെ തളർത്തി തുടങ്ങിയിരുന്നു. ഒന്നും സംസാരിക്കാനോ തർക്കിക്കാനോ മനസ് വന്നില്ല. ഒരുങ്ങിയിറങ്ങി. വലിയൊരു റെസ്റ്റോറന്റിലേക്ക് ആണ് പോയത്. ഭക്ഷണം കഴിക്കാനല്ല, സംസാരിക്കാൻ ആണെന്ന് വ്യക്തമായി. ആൾ ഇരുന്നതിന് ഓപ്പോസിറ്റ് സീറ്റിൽ ഞാനും ഇരുന്നു. എന്റെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് നേരിടുന്നത് പോലെ തോന്നി. “നിവേദ്യാ ഞാൻ.. എങ്ങനെയാ തന്നോടിത് പറയേണ്ടത് എന്നെനിക്കറിയില്ല.
ഇനിയും ഇതിങ്ങനെ നീട്ടിക്കൊണ്ടു പോകാൻ എനിക്ക് താൽപര്യമില്ല. ഐ… ഐ നീഡ് ഡിവോഴ്‌സ്” തിളച്ച എണ്ണ വീണതുപോലെ എന്റെ ചെവി പൊള്ളി. ഉള്ളു നീറി. കഴിഞ്ഞ ആറു മാസമായുള്ള എന്റെ കാത്തിരിപ്പ്, പ്രതീക്ഷ, സ്വപ്നം…. ഒക്കെയാണ് തകർന്നടിയുന്നത്. ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. “നിവേദ്യാ. തനിക്ക് അത്ര വേഗം ഇതൊന്നും ഉൾകൊള്ളാൻ കഴിയില്ല എന്നെനിക്കറിയാം. എന്നാലും പറയാതിരിക്കാൻ എനിക്കാവില്ല. താൻ കണ്ടേതോ അറിഞ്ഞതോ ആയ ആളല്ല ശരിക്കുള്ള ഞാൻ…” നിന്നു സിനിമ ഡയലോഗ് അടിക്കാതെ എണീറ്റ് പോ ഉവ്വേ…. വിഷമം അതിന്റെ ഉച്ചസ്ഥായിൽ എത്തി. അതിന്റെ ഫലമായി എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.
എന്നിട്ടും മൗനം പാലിച്ചു. ആൾക്ക് പറയാനുള്ളത് കേൾക്കാൻ ഞാനിരുന്നു. “നിവേദ്യാ. ഞാൻ യൂ എസിലേക്ക് പോയത് വരെയുള്ള കാര്യങ്ങൾ കുറെയൊക്കെ താൻ അന്വേഷിച്ചു കണ്ടെത്തിയല്ലോ. അതിന് ശേഷമാണ് എന്റെ ജീവിതം മാറിയത്. ഞാൻ ഇപ്പോൾ താൻ കാണുന്ന ജെന്റിൽമാൻ ശ്രീഹരി ആയത്…” സ്വന്തം ഭാര്യയോട് നീതി പുലർത്താത്ത ജന്റിൽമാൻ. ആഹ്. യൂ എസിൽ ഒക്കെ അങ്ങനെ ആയിരിക്കും. ഇങ്ങനൊക്കെ ആശ്വസിക്കാൻ ശ്രമിക്കുമ്പോഴും എന്റെ കണ്ണുകൾ എന്നെ ചതിക്കാൻ തുടങ്ങിയിരുന്നു.
തുടരും