Saturday, January 18, 2025
Novel

നിവേദ്യം : ഭാഗം 32

എഴുത്തുകാരി: ആഷ ബിനിൽ

“നിന്നെപ്പോലെഴുള്ള യൂസ് ലെസുകൾക്ക് അല്ലെങ്കിലും കമ്പനിയോട് യാതൊരു ആത്മാർത്ഥതയും ഇല്ല. സാലറി എണ്ണി വാങ്ങുന്നുണ്ടല്ലോ മാസവും. ആ നന്ദി പോലും ഇല്ലാതെയാണ് ഇറങ്ങി പോകാൻ തുടങ്ങുന്നത്.” ആത്മാർത്ഥതയോടെ നിറകുടം ആണീ പറയുന്നത്. അതാണ് ആകെയുള്ള ഒരാശ്വാസം. “സാലറി എണ്ണി വാങ്ങുകയല്ല സർ. അക്കൗണ്ടിൽ ഇട്ട് തരികയാണ്”,

എന്തോ പോയ അണ്ണാനെപ്പോലെയുള്ള അവന്റെ നിൽപ് കണ്ടെനിക്ക് ഭയങ്കര സന്തോഷം തോന്നി. “കഴിഞ്ഞോ..?” എന്റെ ചോദ്യം കേട്ട് കരണ്ടുകൊണ്ടിരുന്ന തേങ്ങാ അവിടെ വച്ചിട്ട് എലി നോക്കുംപോലൊരു നോട്ടം. “സർ നിങ്ങൾ എന്ത് ഉദ്ദേശത്തിൽ ആണ് ഇവിടേയ്ക്ക് വന്നതെന്ന് എനിക്കറിയില്ല. എന്തായാലും അതെനിക്ക് നല്ലതിനല്ല എന്നു മാത്രം അറിയാം. ആ സ്ഥിതിക്ക് ഒരു നല്ല ഓഫർ വരുമ്പോ ഞാനത് വേണ്ടെന്ന് വയ്‌ക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

മെഗാ സീരിയലിലെ നായികയെപ്പോലെ ഇവിടെ തന്നെ കടിച്ചു തൂങ്ങി സാറിന്റെ പണി വാങ്ങാൻ എനിക്ക് സൗകര്യം ഇല്ല. വന്നു പറയേണ്ടത് ഒരു മര്യാദ ആണെന്ന് തോന്നി. അത്രമാത്രം. പോട്ടെ” ഞാൻ തിരിഞ്ഞു നടന്നു തുടങ്ങിയപ്പോഴേക്കും പിൻവിളി വന്നുകഴിഞ്ഞു. “ടി.. നീ രക്ഷപെട്ടു എന്നൊന്നും കരുതേണ്ട. വിടില്ല നിന്നെ ഞാൻ. നിനക്കുള്ള പണി ഞാൻ തന്നിരിക്കും. ചെവിയിൽ നുള്ളിക്കോ നീ” പറഞ്ഞ സ്ഥിതിക്ക് സ്വന്തം ചെവിയിൽ ഒന്ന് നുള്ളി കാണിച്ചു കൊടുത്തു.

ആയുഷ്മാന്റെ പല്ല് കടിച്ചു പൊട്ടിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയോടെ ഞാൻ കാബിനിൽ നിന്നിറങ്ങി. ഏട്ടൻ വിളിക്കാൻ വന്നിരുന്നു. ഞങ്ങൾ വീട്ടിലേക്ക് പോന്നു. “അങ്ങനെ ആ അദ്ധ്യായം അവസാനിച്ചു അല്ലെ ഏട്ടാ..?” ഞാൻ സന്തോഷത്തിൽ ആയിരുന്നു. “അങ്ങനെ പറയാറായിട്ടില്ല നിവി. അവൻ വെറുതെ ഇരിക്കില്ല. ഇതിപ്പോ എത്രാമത്തെ തവണയാണ് നമ്മൾ അവന്റെ പ്ലാൻസ് തകർത്തു കളയുന്നത്.. അതിന്റെ ദേഷ്യം ഇലാതിരിക്കുമോ?”

“അത് പിന്നെ അവൻ ഒരുമാതിരി സീരിയലിലെ വില്ലന്റെ സ്വഭാവം കാണിക്കുന്നത് കൊണ്ടല്ലേ..?” “അതും ശരിയാണ്.” ഏട്ടൻ പറഞ്ഞു. രണ്ടാളുടെയും മനസ് അശാന്തമായിരുന്നു. പിറ്റേന്ന് തന്നെ സിതാരയിൽ ജോയിൻ ചെയ്തു. അവിടുത്തെ അറ്റ്മോസ്ഫിയർ നല്ലതായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരു പോസിറ്റീവ് എനർജി ഉള്ളതുപോലെ തോന്നി. കണവൻ ഇവിടെയും പഴയ സ്വഭാവം തന്നെയാണ്. ആത്മാർത്ഥത നിറഞ്ഞു തുളുമ്പുന്നു. ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് ഇംഗ്ളീഷിൽ ചീത്തയും പറയും.

ആദ്യത്തെ വർക്കിന്റെ സിനോപ്സിസ് വലിച്ചൊരു ഏറായിരുന്നു. “യൂ ഫുൾ. നിനക്ക് ഇത്ര നാളായിട്ടും ഒരു ആഡിന്റെ തീം പോലും മര്യാദയ്ക്ക് ക്രിയേറ്റ് ചെയ്യാൻ അറിയില്ല. സ്റ്റുപ്പിഡ്. നിന്നെയൊക്കെ ജോലിക്ക് എടുത്തവരെ പറഞ്ഞാൽ മതി. ഗെറ്റ് ലോസ്റ്റ്” അലർച്ച കേട്ട് എല്ലാവരും വിഷമത്തോടെ നോക്കുന്നത് കണ്ടു. നമ്മൾ ഇതൊക്കെ എത്ര കണ്ടതാണ്. ആദ്യമായി കേൾക്കുന്നത് കൊണ്ട് സ്റ്റാഫിന് അതൊരു പുതിയ കാര്യം ആയിരുന്നു.

“സ്വന്തം ഭാര്യയെ ഇങ്ങനെ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കുന്നൊരു ഭർത്താവിനെ ഞാൻ ജീവനോടെ കാണുന്നത് ആദ്യമായിട്ടാണ്” ഇത്രയും ഒക്കെ പറഞ്ഞിട്ടും ഞാൻ മൈൻഡ് ചെയ്തില്ല. പിന്നെ പിന്നെ എനിക്ക് ഇതൊന്നും പുത്തരിയല്ല എന്നവർക്ക് മനസിലായി. “സർ ഇങ്ങനെ ചീത്ത പറയുമ്പോ നിനക്ക് വിഷമം ഒന്നും തോന്നാറില്ലേ? ഒന്നും അല്ലെങ്കിലും നിന്റെ ഹസ്ബൻഡ് അല്ലെ..?” അഞ്ജു എന്ന കോളീഗ് ചോദിച്ചു. അവളും എന്റെയൊപ്പം തന്നെ ജോയിൻ ചെയ്തതാണ്. “ഹേയ്.

അതിനൊക്കെ ഉള്ളത് ഇവൾ വീട്ടിൽ ചെല്ലുമ്പോ തിരിച്ചു കൊടുക്കുന്നുണ്ടാകും” അടുത്തയാൾ ആണ്. ആ ചർച്ച അങ്ങനെ നീണ്ടു പോകുന്നത് ഇഞ്ചൂറിയസ് റ്റു ഹെൽത്ത് ആണെന്ന് അറിയാവുന്ന ഞാൻ ഇടപെട്ടു: “ഏട്ടൻ പറയുന്നത് നന്നാക്കാൻ വേണ്ടിയല്ലേ? എല്ലാവർക്കും കിട്ടുന്നുണ്ടല്ലോ. പിന്നെന്തിന് ഞാൻ ഇത്ര വിഷമിക്കണം? സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ആണ് എന്റെ ഭർത്താവ്.” ഹല്ല പിന്നെ. എല്ലാവരും അന്തംവിട്ടു നോക്കുന്നത് കണ്ടു.

ഞങ്ങളുടെ ഭാഗ്യം കൊണ്ടാണോ കമ്പനിയുടെ ഭാഗ്യദോഷം കൊണ്ടാണോ എന്തോ, സിതാരയിൽ കയറി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ നാടെങ്ങും കൊറോണ വന്നു. ഉത്സവം വന്നെന്ന് പറയുമ്പോലെ ഉണ്ടല്ലേ. അതോടെ രാജ്യം മുഴുവൻ ലോക്ക് ഡൗണ് ആയി. അതിന്റെ തലേന്ന് ഒന്നര കിലോ ചിക്കൻ വാങ്ങാൻ ഞങ്ങൾ ഒന്നര മണിക്കൂർ ആണ് ക്യു നിന്നത്. പൊരിഞ്ഞ യുദ്ധം ആയിരുന്നു. ചിക്കന് എന്ത് സോഷ്യൽ ഡിസ്റ്റൻസിങ്..! ഞങ്ങൾ വർക്ക് അറ്റ് ഹോം തുടങ്ങി. ആദ്യത്തെ കുറച്ചു ദിവസം വലിയ വർക്ക് ഒന്നും ഇല്ലായിരുന്നു.

പിന്നെപ്പിന്നെ രാവിലെ എഴുന്നേൽക്കുന്നത് മുതൽ തുടങ്ങുന്ന പണി രാത്രി വൈകും വരെ ഉണ്ടാകും. ഏട്ടന് ആണെങ്കിൽ രാവിലെ ബാത്‌റൂമിൽ പോകാൻ ഒരു മണിക്കൂർ വേണം. ഫോണും കൊണ്ടാണ് കയറുന്നത്. അതും പിടിച്ചു ഞാൻ വന്നു വിളിക്കുന്നത് വരെ അവിടിരിക്കും. ഒന്നുരണ്ടു തവണ ഞാൻ വിളിക്കാൻ മറന്നു പോയ സാഹചര്യത്തിൽ മുക്കാൽ മണിക്കൂറൊക്കെ ഇരുന്നിട്ടുണ്ട്. എന്റെ വിളി കേട്ടാൽ ഉടനെ ഫ്ലഷ് അടിക്കുന്ന ശബ്ദം കേൾകാം. അഞ്ചു മിനിറ്റിനകം കുളിയും കഴിഞ്ഞു വരും.

ഇതിനും മാത്രം അതിനകത്ത് എന്താണാവോ. ഓഫീസിൽ പോകുമ്പോൾ ആണെങ്കിൽ ഒൻപത് മണി മുതൽ അഞ്ചര വരെ ജോലി ചെയ്താൽ മതി. ഇതിപ്പോ ഊണും ഉറക്കവും വരെ ലാപ്പിൽ ആണ്. എല്ലാവരെയും നേരിൽ ചീത്ത വിളിക്കാൻ പറ്റാത്തതിന്റെ വിഷമം ഏട്ടൻ സൂം കോൺഫറൻസ് വഴി തീർക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തുള്ള എന്നോട് പോലും നേരിൽ പറയാതെ ഓൺലൈനിൽ ആണ് തെറി. ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ. ഈ കാര്യം പറഞ്ഞു കൊളീഗ്സ് പലരും എന്നെ ആക്കി.

“ഇങ്ങനെ ഒക്കെ ചെയ്യാമോ നമ്മള് നാളേം കാണണ്ടേ” എന്നും പാടി മൂപ്പരുടെ മുന്നിൽ കൂടി മൂന്നാല് വട്ടം നടന്നു. നോ മൈൻഡ്. പിന്നെ ഞാൻ എന്റെ പണി നോക്കി തുടങ്ങി. ഒന്നര മാസത്തെ കഠിനമായ വർക്ക് അറ്റ് ഹോമിന്റെ ഫലമായി എന്റെ കയ്യിൽ ഇരുന്ന പ്രെഗ്നൻസി ടെസ്റ്റ് കാർഡിൽ രണ്ടു ചുവപ്പ് വരകൾ വിരിഞ്ഞു. സന്തോഷം അടക്കാനായില്ല. കാർഡ് കാണിച്ചപ്പോൾ ഏട്ടൻ അന്തംവിട്ട് നോക്കുന്നത് കണ്ടു. “എന്താ ഇത്..?” “പ്രെഗ്നൻസി ടെസ്റ്റ് കാർഡ്.” “എന്നിട്ട്..?” ആവേശം മൂത്തു വേഗം എഴുന്നേറ്റു വന്നു.

കാർഡ് കണ്ടിട്ട് ഒന്നും മനസിലാകാത്ത ആളെ കാര്യം പറഞ്ഞു മനസിലാക്കേണ്ടി വന്നു. സർപ്രൈസ് കൊടുക്കാൻ പോയ ഞാൻ ഡിപ്രസ് ആയെന്ന് പറഞ്ഞാൽ മതീലോ. “നിവി.. ഇപ്പോ എല്ലായിടത്തും കൊറോണ അല്ലെ. നമുക്ക് ഇത് കഴിഞ്ഞു പോകാം ഹോസ്പിറ്റലിൽ.” ഏട്ടൻ പറഞ്ഞപ്പോ അത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ അല്ലെന്ന് മനസിലായത് മൂന്നാഴ്ച കഴിഞ്ഞും സാഹചര്യത്തിൽ യാതൊരു മാറ്റവും വരാഞ്ഞപ്പോൾ ആണ്. ഒടുവിൽ ഡോക്ടറെ പോയി കണ്ടു. “റ്റു മന്ത്സ് ഗ്രോത്ത് ആയല്ലോ.

വന്നു കാണിക്കാൻ എന്താ ഇത്ര വൈകിയത്…?” “അത് പിന്നെ ഡോക്ടർ… കൊറോണ കഴിയട്ടെ എന്നു വിചാരിച്ചിട്ടാണ്.” അവർ നന്നായൊന്ന് ചിരിച്ചു. “അത് അടുത്ത കാലത്തൊന്നും കഴിയാൻ പോകുന്നില്ല മക്കളെ. നിങ്ങൾ വന്ന സ്ഥിതിക്ക് സ്കാനിംഗ് കൂടി ചെയ്തിട്ട് പൊയ്ക്കോളൂ.” സ്കാനിംഗിൽ കുഴപ്പം ഒന്നും കണ്ടില്ല. “കുഴപ്പം ഒന്നുമില്ല. എന്നാൽ ആദ്യത്തെ മൂന്നു മാസം കഴിയുന്നത് വരെ നന്നായി ശ്രദ്ധിക്കണം. ഫുഡ് ഒക്കെ നന്നായി കഴിക്കണം. സ്റ്റെപ്പ് കയറുന്നതും കഠിനമായ ജോലികൾ ഒക്കെ ചെയ്യുന്നത് ഒഴിവാക്കണം.”

ഞങ്ങൾ എല്ലാത്തിനും തലയാട്ടി. രണ്ടു വീടുകളിലും ഹരിയേട്ടന്റെ വീട്ടിലും പറഞ്ഞു. എല്ലാവർക്കും സന്തോഷം. ശ്രീദേവിയമ്മയുടെ കണ്ണൊക്കെ സന്തോഷം കൊണ്ട് നിറയുന്നത് ആ ശബ്ദത്തിൽ നിന്ന് എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. അമ്മമാർക്ക് ഈ സമയത്ത് എന്നെ വന്നു പരിചരിക്കാൻ പറ്റാത്തിന്റെ വിഷമം ആയിരുന്നു. പ്രെഗ്നൻറ് ആണെന്ന് അറിഞ്ഞ ദിവസം മുതൽ ഏട്ടൻ എന്നെ ചീത്ത പറയുന്ന ഏർപ്പാട് സ്വിച്ചിട്ട പോലെ നിർത്തി. നേരത്തെ എല്ലാവർക്കും ആളെന്നെ വഴക്ക് പറയുന്നതിൽ ആയിരുന്നു വിഷമം. ഇപ്പോ പറയാത്തിൽ ആയി. അസൂയ, വെറും അസൂയ.

ആ ആഴ്ച്ച തന്നെ എഡ്വി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നേരിൽ പോയി കാണാൻ പറ്റാത്തത് കൊണ്ട് ഞങ്ങൾ വാട്‌സ്ആപ്പിൽ വീഡിയോ കോൾ ചെയ്തു സായൂജ്യമടഞ്ഞു. “എക്സിന്റെ ഫാമിലിയുമായി ഇത്ര നല്ല ബന്ധം പുലർത്തുന്ന ആളുകൾ നമ്മൾ മാത്രമേ കാണു അല്ലെ നിവി..?” ഏട്ടൻ ചോദിച്ചു. ഞാൻ പുഞ്ചിരിച്ചു.

തുടരും… അടുത്ത ബെല്ലോടെ ഈ നാടകം അവസാനിക്കും😁💪 പിന്നെ ഞാൻ എഴുതിയ അഹാന എന്ന രണ്ടുപാർട്ടുള്ള ഒരുനോവലുണ്ട്. അതൊന്ന് വായിക്കണേ… ലിങ്ക് താഴെയുണ്ട്. 10 മണിക്ക് ഈ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. കാണാത്തവർ വായിക്കുക…

അഹാന : ഭാഗം 1-2

നിവേദ്യം : ഭാഗം 31