Saturday, January 18, 2025
Novel

നിവേദ്യം : ഭാഗം 22

എഴുത്തുകാരി: ആഷ ബിനിൽ

ഇതിലും വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും അതിനെയെല്ലാം നേരിട്ടവൾ ആണ് ഞാൻ. പക്ഷെ ഇത്തവണ തളർന്നു പോകുന്നോ? മനസറിയാത്ത കാര്യത്തിന് ഇത്ര മോശമായ ആരോപണം നേരിട്ടാൽ പിന്നെ തളരാതെ ഡിസ്കോ കളിക്കാൻ ഒന്നും പറ്റില്ലല്ലോ. “ചേച്ചി.. ദേ കണ്ടോ?” ചിന്നുവാണ് ഫോണും പിടിച്ച് ഓടിപ്പാഞ്ഞു വരുന്നത്. അപ്പു പുറകേതന്നെയുണ്ട്. “എന്താടി?” ഞാൻ വല്യ താല്പര്യം ഇല്ലാതെ ചോദിച്ചു. അവളെനിക്ക് ഫോൺ കാണിച്ചു തന്നു. നോക്കുമ്പോൾ ആയുഷ്മാന്റെ കുമ്പസാരം ആണ്.

ഞങ്ങൾ തിക്ക് ഫ്രണ്ട്സ് ആണെന്നും ഒരു പ്രാങ്ക് എന്ന നിലയിൽ ചെയ്ത വിഡിയോ അബദ്ധത്തിൽ ലീക്ക് ആയി വൈറൽ ആയതാണ് എന്നും ആണ് വിശദീകരിച്ചു പറയുന്നത്. കൂട്ടത്തിൽ എല്ലാത്തിനും മാപ്പും പറയുന്നുണ്ട്. സത്യത്തിൽ അപ്പോഴാണ് അവനോട് പ്രതികാരം ചെയ്യാൻ ഞാൻ പ്ലാൻ ചെയ്തിരുന്ന കാര്യം ആലോചിച്ചത്. എന്റെ കയ്യിലുള്ള ആ വീഡിയോ ലീക്ക് ആക്കിയാൽ എളുപ്പം കാര്യം കഴിഞ്ഞേനെ. പക്ഷെ അതെന്റെ അനിയത്തിയെ കൂടി ബാധിക്കാൻ ചാൻസ് ഉണ്ട്. ആഹ്. എന്തായാലും അവൻ സ്വമനസാലെ തോന്നി ഇത് ചെയ്യാൻ വഴിയില്ല.

എന്നു വച്ചാൽ, ഞാൻ കൊടുക്കാനുള്ളത് വേറെയാരോ കൊടുത്തു എന്നർത്ഥം. എന്നാലും ആരായിരിക്കും അത്? രാജപ്പൻ ആകും. അല്ലാതെ ആര്..! “ചേച്ചി… ഇനി വിഷമിക്കേണ്ട. പൃഥ്വി ഏട്ടൻ ഒക്കെ ശരിയാക്കിയല്ലോ. അവന് നല്ല പണി കൊടുത്തിട്ടുണ്ട് എന്നാ പറഞ്ഞത്” പ്രിത്വി… ഏട്ടനോ? ഇതൊക്കെ എപ്പോ? “ചേച്ചി നോക്കേണ്ട. ഇന്നലെ ചേച്ചിയെ ഇവിടെ വിട്ടു കഴിഞ്ഞ് ഏട്ടൻ എല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു.” “എന്തു പറഞ്ഞെന്ന്?” “ചേച്ചിക്ക് ശർദ്ധിക്കാൻ വന്നപ്പോ വണ്ടി നിർത്തിയതാണെന്നും അയാൾ ചേച്ചിയോടുള്ള വൈരാഗ്യം തീർക്കാൻ ആളുകളെ കൂടി വന്നതാകാം എന്നും.

ചേച്ചിയെ ഇതിന്റെ പേരിൽ വിഷമിപ്പിക്കരുത് എന്നു പറഞ്ഞു.” ഓഹോ. നല്ലവനായ ഉണ്ണി ഇവിടെയും കഥ അടിച്ചിറക്കിയിട്ടുണ്ടല്ലേ. കൊള്ളാം. അപ്പോ ഇന്നലെ രാത്രി എന്നെയും കൊണ്ട് മറൈൻ ഡ്രൈവിൽ പോയത് കായലിലെ പുഴമീനെ ചൂണ്ടയിട്ടു പിടിച്ചു കടലിൽ ഒഴുക്കാൻ ആയിരുന്നോ? എന്റെ മുന്നിൽ മുട്ടുകുത്തിനിന്ന് കയ്യോട് കൈചേർത്തു നിൽക്കുന്ന രാജപ്പന്റെ മുഖം ഓർമവന്നു. നക്ഷത്രങ്ങളെക്കാൾ ശോഭയുണ്ടായിരുന്നു അപ്പോൾ ആ കണ്ണുകൾക്ക്. എന്താ ഇതിന്റെയൊക്കെ അർത്ഥം? അത് മാത്രമല്ല, രാജപ്പന് എന്റെ വീടെങ്ങനെ അറിയാം? നല്ല പരിചയം ഉള്ളതുപോലെയാണ് ഒന്ന് സംശയിക്കുക പോലും ചെയ്യാതെ ഇങ്ങെത്തിയത്.

ഇന്നലത്തെ ബഹളത്തിനിടെ അത് ശ്രദ്ധിക്കാൻ ഒന്നും പറ്റിയില്ല. പിന്നെ ഒന്നും ചെയ്യാനുള്ള മൂഡ് തോന്നിയില്ല. ഹാരിമോൻ ഇപ്പോഴും ഓഫീസിൽ തന്നെയാണ്. അല്ലെങ്കിൽ അവനെയും കൊണ്ട് എവിടേലും പോകാമായിരുന്നു. ഫോണെടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്ഡ് കോൾസ് ഉണ്ട്. മഠത്തിൽ നിന്ന് അച്ഛനും അമ്മയും ഹരിയേട്ടനും ഒക്കെ വിളിച്ചിട്ടുണ്ട്. തിരികെ വിളിക്കേണ്ടി വന്നില്ല, അതിന് മുമ്പ് അടുത്ത കോൾ വന്നു. “അമ്മൂ….” ഒരമ്മയുടെ മുഴുവൻ ആധിയും ഉണ്ടായിരുന്നു ആ ശബ്ദത്തിൽ. “ആഹ് അമ്മേ..” “അമ്മേടെ മോള് കരയ്യാ..?” “ഹേയ്. ഞാൻ കരഞ്ഞില്ലല്ലോ. അമ്മയ്ക്ക് തോന്നീതാകും” കള്ളം പറയാനും പഠിച്ചല്ലോ ഞാൻ. “എനിക്കറിഞ്ഞൂടെ മോളെ നിന്നെ.

എന്തിനാ അമ്മേടെ കുട്ടി വിഷമിക്കുന്നത്? നിന്നെ അറിയാവുന്ന ആരും ഇതൊന്നും വിശ്വസിക്കില്ല. പിന്നെന്താ.” അതാണ് അമ്മേ എന്റെയും വിഷമം. എല്ലാവർക്കും എന്നെ ഒരുപാട് ഇഷ്ടമാണ്, വിശ്വാസവും. അതുകൊണ്ട് തന്നെ ഞാൻ നൽകിയ അപമാനത്തിന് കയ്പ്പുരസം കൂടും. അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അച്ഛനോടും ഹരിയേട്ടനോടും എഡ്വിയോടും എന്തിന്, ഉണ്ണിക്കുട്ടനോടു വരെ സംസാരിച്ചു. മനസ് ഒന്ന് കലങ്ങിത്തെളിഞ്ഞപോലെയുണ്ട്. ഉച്ചകഴിഞ്ഞു വെറുതെ ടീവി കൊണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തൊരു കാർ വന്ന് നിന്നത്. ഡ്രൈവർ സീറ്റിൽ നിന്ന് രാജപ്പൻ ഇറങ്ങുന്നത് കണ്ടു ഞാനൊന്ന് ഞെട്ടി.

കോ ഡ്രൈവർ സീറ്റിൽ നിന്ന് അച്ഛന്റെ പ്രായമുള്ള ഒരാളും ബാക്ക് സീറ്റിൽ നിന്ന് ഒരമ്മയും മോളും കൂടി ഇറങ്ങിവന്നു. കുടുംബമായി വീട്ടിൽ കേറി തല്ലാൻ ഉള്ള പരിപാടി ആണോ? അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് സ്വീകരിക്കുന്നത് കണ്ടു. പുറകെ അമ്മയും. ഞാൻ അകത്തേക്ക് വലിഞ്ഞു. വാണം വിട്ടപോലെ അമ്മ പാഞ്ഞുവരുന്നത് കണ്ടു. എന്നിട്ട് എന്നെ ദഹിപ്പിക്കുന്നത് പോലൊരു നോട്ടം. ഞാനും സ്വയം ഒന്ന് നോക്കി. ഒരു ബ്ലൂ പൈജാമയും പിങ്ക് ബനിയനും ആണ് വേഷം. കുളിക്കാതെ മുടി ഉച്ചിയിൽ കെട്ടിവച്ചിരിക്കുകയാണ്. “എന്തു കോലമാ അമ്മു ഇത്? വേഗം പോയി മുഖം കഴുകി വൃത്തിയുള്ള എന്തെങ്കിലും എടുത്തിട്ട് വാ” എനിക്കങ്ങു ദേഷ്യം വന്നു.

“ഓഹ് പിന്നെ.. രാജപ്പൻ എന്നെ പെണ്ണുകാണാൻ വന്നതൊന്നും അല്ലല്ലോ. ഇങ്ങനൊക്കെ മതി” “പെണ്ണുകാണാൻ തന്നെയാണ് വന്നത്. അധികപ്രസംഗം പറയാതെ വേഗം പോയി ഒരുങ്ങി വാ…” എനിക്ക് മറുപടി പറയാൻ സാവകാശം ഉണ്ടായില്ല. ചിന്നു പിടിച്ചു വലിച്ചുകൊണ്ട് പോയി. മുഖം കഴുകി, മുടി കുളിപ്പിന്നൽ കെട്ടി. ഒരു പച്ച ചുരിദാറും എടുത്തിട്ടു. താഴെ ചെന്നു നോക്കുമ്പോൾ രാജപ്പൻ ദേ പച്ചപിടിച്ചു ഇരിക്കുന്നു. അതും എന്റെ ചുരിദാറിന്റെ അതേ പച്ചനിറം. ഞാൻ സംശയത്തോടെ ചിന്നുവിനെ നോക്കി. അവളൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ ചുമൽ കൂച്ചി. അല്ലെങ്കിലും അവര് വന്നു കഴിഞ്ഞല്ലേ ഞാൻ ചേഞ്ച്‌ ചെയ്തത്.

പിന്നെ അവളെങ്ങനെ പറയാൻ ആണ്..? വിവാഹം ഒന്ന് കഴിഞ്ഞെങ്കിലും ഇതെന്റെ ആദ്യത്തെ പെണ്ണുകാണൽ ആണ്. ടെൻഷൻ ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. “മോളെ…” വിളി കേട്ട് ഞാൻ തലയുയർത്തി നോക്കി. നല്ല ഐശ്വര്യമുള്ള അമ്മ..! “ഞാനിവന്റെ അമ്മയാണ് കേട്ടോ. മോളെ ഞങ്ങൾക്ക് തന്നേക്കാമോ എന്നു ചോദിക്കാൻ വന്നതാ ഞങ്ങൾ.” “അമ്മേ അത് ഇന്നലെ നടന്നതൊന്നും….” മുഴുവൻ പറയാൻ അനുവദിച്ചില്ല. ഇവർ കുടുംബമായി തോക്കിൽ കയറിയിരുന്നു വെടി വയ്ക്കുന്ന ആളുകൾ ആണെന്ന് തോന്നുന്നു. “മഞ്ജിമ പോയതിൽ പിന്നെ ഇവൻ പെണ്ണേ വേണ്ട എന്നു പറഞ്ഞു നടന്നതാണ്.

ഒരുപാട് നല്ല ആലോചനകൾ വന്നു. ഒന്നും അവനിഷ്ടായില്ല. ഇപ്പോ മോളുടെ കാര്യത്തിലാ ഒരു താൽപ്പര്യം പറഞ്ഞത്. അത് ഇവൻ മോളോട് ഒന്ന് സംസാരിച്ചു റെഡി ആക്കിയിട്ട് ഇവിടെ വന്നു ചോദിക്കാം എന്നാ ഞങ്ങൾ കരുതിയത്. ഇതിപ്പോ ഇങ്ങനൊക്കെയായി.” രാജപ്പനെ നോക്കുമ്പോൾ കണ്ണ് എന്റെ മേലെയാണ്. ആദ്യമായി എനിക്ക് ആ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി. ആകെമൊത്തം ഒരു വിറയൽ എന്നെ ബാധിക്കുന്നതറിഞ്ഞു. “മോളൊന്നും പറഞ്ഞില്ലല്ലോ?” അവയടുത്തെ അച്ഛൻ ആണ്. ഞാനിപ്പോ ഇതിൽ എന്ത് അഭിപ്രായം പറയാൻ ആണ്? ഇത്ര വേഗം ഒരു വിവാഹം അജണ്ടയിൽ ഉണ്ടായിരുന്നില്ലല്ലോ.

അപ്പു ഒന്ന് സെറ്റിൽ ആകുന്നത് വരെ എങ്കിലും ഒന്നും വേണ്ടെന്ന് തീരുമാനിച്ചതാണ്. “ഞാൻ നിവേദ്യയോട് ഒന്ന് സംസാരിക്കട്ടെ?” രാജപ്പൻ ചോദിക്കുന്നത് കേട്ടു. ഇത്ര നേരം വായിൽ മിക്സ്ചർ ആയിരുന്നത് കൊണ്ടാണ് മിണ്ടാഞ്ഞത് എന്നു തോന്നുന്നു. ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങി. ആളോട് മിണ്ടാൻ അന്നാദ്യമായി എനിക്ക് വല്ലാത്ത ജാള്യത തോന്നി. ആൾക്കും അതുണ്ട് എന്ന് കയ്യിലിരുന്ന ടൗവലിനെ ബലാൽസംഗം ചെയ്യുന്നത് കണ്ടപ്പോൾ മനസിലായി. ഇന്നലെ എന്റെ മുന്നിൽ നിന്ന രാജപ്പനെ വീണ്ടും എനിക്കോർമ്മവന്നു. “നിവേദ്യാ.. ആം സോറി ഫോർ വാട്ട് ഹാപ്പൻഡ് യെസ്റ്റർഡേ.

തന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടിയാണ് അവിടേക്ക് പോയത്..” ഇപ്പോഴും എന്റെ മുഖത്തല്ല, മാവിൽ എത്ര ചക്കയുണ്ട് എന്നാണ് നോട്ടം. ആളുടെ ജാള്യത മനസിലാക്കി ഞാൻ തന്നെ ബാക്കി പറഞ്ഞു: “എനിക്ക് ഇത്ര വേഗം ഒരു കല്യാണത്തിന് ആലോചന ഇല്ലായിരുന്നു. ഇവിടുത്തെ കാര്യങ്ങൾ….” മുഴുമിപ്പിക്കും മുമ്പ് പതിവ് പോലെ കയ്യെടുത്തു തടഞ്ഞു. “ഇതിപ്പോ ഇങ്ങനൊക്കെ ആയതുകൊണ്ടാണ് പെട്ടന്നൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയത്‌. തനിക്കെന്നെ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല എന്നറിയാം. വീട്ടിലെ കാര്യങ്ങളും അറിയാം. തന്റെ സാലറി മുഴുവൻ വീട്ടിൽ കൊടുത്തോളൂ… ആവശ്യം എന്തെങ്കിലും വന്നാൽ ഞാനും സഹായിക്കാം.

താൻ പൂർണമായും തയ്യാറാക്കുന്ന സമയത്തേ നമ്മൾ ഭാര്യാഭർത്തക്കൻമാർ ആയി ജീവിച്ചു തുടങ്ങൂ. പക്ഷെ തനിക്ക് ഇനിയൊരു ചീത്തപ്പേര് വരാതെ ഇത് അവസാനിപ്പിക്കണം. അതിനാണ് ഞാൻ ഇത്ര വേഗം കല്യാണം വേണം എന്നു വാശി പിടിക്കുന്നത്” “ഹലോ…” അപ്പു, ചിന്നു, പിന്നെ രാജപ്പന്റെ അനിയത്തി. മൂന്നാളും ഉണ്ട്. “എല്ലാം ഇപ്പോഴേ പറഞ്ഞു കഴിഞ്ഞാൽ കല്യാണം കഴിഞ്ഞു പറയാൻ എന്തെങ്കിലും വേണ്ടേ?” ഓഹ്. പോയി. പറയാനുള്ള മൂഡ് പോയി. രാജപ്പന്റെ അനിയത്തിയുടെ പേര് പാർവണ. എന്റെ ചിന്നുവിനെക്കാൾ രണ്ടു വയസ് കൂടുതലുണ്ട്. മിടുക്കിയാണ്.

പിന്നെ അവളോട് കുറെ മിണ്ടി. രാജപ്പൻ ദേഷ്യത്തോടെ അകത്തേക്ക് പോകുന്നത് കണ്ടു. കുരിപ്പുകൾ അത് കണ്ടു എന്നെ ആക്കി ചിരിച്ചു. ഞങ്ങൾ തമ്മിൽ മുടിഞ്ഞ പ്രണയത്തിൽ ആണെന്ന് അവർ തെറ്റിദ്ധരിച്ചു വച്ചിട്ടുണ്ട് എന്നു മനസിലായി. ആളോട് അതിന് ശേഷം എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. മുഹൂർത്തം കുറിച്ചിട്ടു വിളിക്കാം എന്നു പറഞ്ഞ് അവർ മടങ്ങി. അന്ന് മുഴുവൻ എന്റെ ചിന്തകൾ രാജപ്പനിൽ കുരുങ്ങികിടന്നു. അയാൾക്ക് എന്നോട് പ്രണയമാണോ? ഇന്നുപോലും അങ്ങനെ പറഞ്ഞില്ല, പെരുമാറിയിട്ടും ഇല്ല. ഇനി എനിക്ക് അയാളോട് പ്രണയം ഉണ്ടോ? ഉത്തരമില്ലാത്ത ഒരു സമസ്യയായി രാജപ്പൻ എന്റെ മുന്നിൽ നിന്നു.

രണ്ടാഴ്ചക്കുള്ളിൽ വിവാഹം നടത്താൻ തീരുമാനമായി. ഞാൻ അതുവരെ ലീവ് എടുത്തു. രാജപ്പനെ ഫോണിൽ വിളിക്കാൻ പലതവണ മനസ് വെമ്പിയെങ്കിലും ഞാനത് നിയന്ത്രിച്ചു. താല്പര്യം ഉണ്ടെങ്കിൽ ആൾക്ക് ഇങ്ങോട്ടു വിളിക്കാമല്ലോ. അങ്ങനൊരു വിളി ഉണ്ടായതേയില്ല. ഞാനും വിളിച്ചില്ല. മെസേജ് അയച്ചില്ലെങ്കിലും വാട്‌സ്ആപ്പിൽ ലാസ്റ്റ് സീൻ നോക്കുന്നത് ശീലമായി. “ചേച്ചി വിഷമിക്കേണ്ടട്ടോ. ചേച്ചി പോയിക്കഴിഞ്ഞാലും വെള്ളേപ്പം ഞങ്ങൾ ഉണ്ടാക്കി കൊടുത്തോളാം.” ചിന്നുവാണ്. എന്റെ ആത്മാർഥതയുടെ നിറകുടമേ…! കൊടുങ്കാറ്റിൽ ആന പാറിയപ്പോൾ ആണ് അവൾ അഴ (അശ- തുണി വിരിക്കുന്ന കയർ) പൊട്ടിയ കഥ പറയുന്നത്.

ആഴ്ചയിൽ മൂന്നോ നാലോ ദിവസം വെള്ളേപ്പം ഉണ്ടാക്കി കൊടുക്കേണ്ടതൊഴിച്ചാൽ ബാക്കി സമയങ്ങളിൽ വീട്ടിൽ വെറുതെ ഇരുന്നു എന്നുതന്നെ പറയാം. കല്യാണത്തിന് ഡ്രെസ് എടുക്കൽ കഴിഞ്ഞു. അന്നും രാജപ്പാനെ കണ്ടെങ്കിലും കാര്യമായി ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കുരിപ്പുകൾ സമ്മതിച്ചില്ല എന്നുവേണം പറയാൻ. ആൾക്കും എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് തോന്നിയിരുന്നു.

ഇവറ്റകൾക്കൊക്കെ ഇങ്ങനെ കട്ടുറുമ്പായി നടന്നാൽ മതി. ആ മനസിൽ എന്താണെന്ന് അറിയാതെ എനിക്കൊരു സ്വസ്ഥതയില്ല. ലളിതമായ കസവുസെറ്റും മുണ്ടുമാണ് ഞാൻ സെലക്ട് ചെയ്തത്. ആഭരണങ്ങൾ മുന്നേ ഉണ്ടല്ലോ. എല്ലാം ഒന്നു പോളിഷ് ചെയ്തെടുത്തു. വിവാഹദിവസം അടുക്കുംതോറും എന്റെ മനസും കൂടുതൽ അശാന്തമായി.

തുടരും

നിവേദ്യം : ഭാഗം 21