Thursday, December 19, 2024
Novel

നിവേദ്യം : ഭാഗം 19

എഴുത്തുകാരി: ആഷ ബിനിൽ

“നിവേദ്യാ നാരായണൻ?” ACP എല്ലാവരെയും നോക്കി. അച്ഛനെയും അമ്മയെയും അപ്പുവിനെയും ഒക്കെ കണ്ടാൽ നിവേദ്യാ നാരായണന്മാർ ആയി തോന്നുമോ? “ഞാനാണ് സർ” “എനിക്ക് കുട്ടിയോടൊന്ന് സംസാരിക്കണം. വരൂ” വന്നപാടെ ചായ കുടിക്കാനും വിശേഷം പറയാനും ഒന്നും മിനക്കേടാതെ ആൾ കാര്യത്തിലേക്ക് കടന്നു. അല്ല… മൂപ്പര് ഇവിടെന്നെ പെണ്ണ് കാണാൻ വന്നതല്ലല്ലോ അല്ലെ. അച്ഛനും അമ്മയും അപ്പുവും ഒന്നും മനസിലാകാതെ നോക്കുന്നുണ്ടായിരുന്നു. ചിന്നു പേടിച്ചു തലകുനിച്ചു നിന്നു. എന്റെ ഉള്ളിലും പേടി ഉണ്ടായിരുന്നു എങ്കിലും ഞാനത് പുറമെ പ്രകടിപ്പിച്ചില്ല. “എന്താണ് സർ..?”

“നിവേദ്യയ്ക്ക് ആയുഷ് മഹാദേവനെ അറിയാമോ” അപ്പോൾ വണ്ടി ഞാൻ ഉദ്ദേശിച്ചയിടത്തു തന്നെയാണ് പാർക്ക് ചെയ്തിരിക്കുന്നത്. “അറിയാം സർ. എന്റെ അനിയത്തിയുടെ അദ്ധ്യാപകൻ ആണ്. എന്താ സർ?” മൂപ്പര് എന്നെ കത്തിക്കുന്നപോലൊരു നോട്ടം. “നിന്റെ ഓവർ ആക്ടിങ്ങും സ്മാർട്ട്നെസും ഒന്നും എനിക്ക് കാണേണ്ട. ഇന്നലെ നീ അവന്റെ ഹോട്ടൽ റൂമിലേക്ക് കയറുന്നതിന്റെയും ഇറങ്ങി പോകുന്നതിന്റെയും CCTV വിഷ്വൽസ് കണ്ടിട്ടാണ് ഞാൻ വരുന്നത്. അവനെന്താ സംഭവിച്ചത്? നീയെന്തിനാ ഇന്നലെ അവിടെ പോയത്? നീയും അവനും തമ്മിലെന്താണ് ബന്ധം?” എന്റെ സാറേ. ഇങ്ങനെ എല്ലാ ചോദ്യവും കൂടി ഒരുമിച്ചു ചോദിക്കാതെ. “സർ.. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല…” “നിവേദ്യാ ഇത്രയും നേരം നിന്നോട് മാന്യതയുടെ ഭാഷയിലാണ് ഞാൻ സംസാരിച്ചത്.

എന്നെ നീ വെറുതെ പോലീസുകാരൻ ആക്കരുത്. ആയുഷും എന്റെ അനിയത്തി നർമ്മദയുമായുള്ള വിവാഹം ഉറപ്പിച്ചു വച്ചിരിക്കുകയാണ്. നീ കാര്യം പറഞ്ഞില്ലെങ്കിൽ നിന്നെക്കൊണ്ട് പറയിക്കും ഞാൻ.” യ്യോ സാറേ. ഇത് ആദ്യമേ അങ്ങു പറഞ്ഞാൽ പോരെ. ഒരു പെൺകൊച്ചിന്റെ ജീവിത കാര്യമല്ലേ. സത്യം ഞാൻ മണി മണിപോലെ പറഞ്ഞുതരാം. “സർ. ഒരു നിമിഷം ഒന്ന് അകത്തേക്ക് വരാമോ?” ആൾ എന്നെയൊരു നോട്ടം. അയ്യേ. അതിനല്ല സാറേ. ഞാൻ മൂപ്പരെയും കൊണ്ട് റൂമിലേക്ക് പോയി. പെൻഡ്രൈവ് ലാപ്പിൽ കണക്ട് ചെയ്തു. ഇന്നലെ ഹോട്ടലിന്റെ മുന്നിൽ ഇറങ്ങിയപ്പോൾ മുതൽ തിരിച്ചു ഹാരിമോന്റെ അടുത്ത് എത്തുന്നത് വരെയുള്ള വിഷ്വൽസ് ഉണ്ട്.

അതുകൊണ്ട് പ്രത്യേകിച്ചു ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. ACP എഴുന്നേറ്റു. പോകുവാണോ? “സർ…” കുട്ടി മിണ്ടുന്നില്ല. നോട്ടം മാത്രം. “അവനെപ്പോലെ ഒരുത്തന് സ്വന്തം പെങ്ങളെ കെട്ടിച്ചു കൊടുക്കുന്നത് കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നത് പോലെയാകും.” ഇപ്പോഴും ലുക്കിങ് മാത്രം. കനം അല്പം കൂടീട്ടുണ്ട്. “എന്തെങ്കിലും പ്രശ്നം വന്നാൽ ഈ ഡിവോഴ്‌സ് എന്നൊക്കെ പറയുന്നത് പുറമെ നിന്ന് പറയുന്നത് പോലെ അത്ര ഈസിയല്ല സാറേ. അനുഭവിച്ചത് കൊണ്ടു പറയുന്നതാണ്. നല്ലോണം അന്വേഷിച്ചിട്ടൊക്കെ മതി കല്യാണം.” പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞോ? ACP ഒന്നും പറയാതെ മുറിയിൽ നിന്നിറങ്ങിപ്പോയി. ഞാൻ പുറകെ ഓടി. വണ്ടിയിൽ കയറാൻ പോകുകയാണ് മൂപ്പര്.

“സർ.. ഇതിന്റെ പേരിൽ പോലീസോ കേസൊ കോടതിയോ എന്തു വന്നാലും നേരിടാൻ ഞാൻ റെഡിയാണ്. എനിക്കിപ്പോ മൂന്നും പിന്നും ഒന്നും നോക്കാനില്ല. പക്ഷെ അങ്ങനെ വന്നാൽ സർ കണ്ട വിഷ്വൽസ് ലോകം മുഴുവൻ കാണും. എന്തു വേണമെന്ന് സർ തീരുമാനിക്ക്” “താൻ കരാട്ടെ പടിച്ചിട്ടുണ്ടോ?” കണ്ണാ.. ഒരു ബന്ധവും ഇല്ലാത്ത ചോദ്യം ആണല്ലോ. കരാട്ടെ. അതും ഈ ഞാൻ. സെൽഫ് ഡിഫൻസിന് വേണ്ടി യൂട്യൂബിൽ കണ്ട വീഡിയോസ് എല്ലാം കൂടി അച്ഛന്റെയും അപ്പുവിന്റെയും മേൽ പരീക്ഷിച്ച അറിവ് മാത്രമേ എനിക്കുള്ളൂ. പിന്നെ ആത്മാവിശ്വാസവും. ആ അദ്ധ്യാപഹയന് സ്റ്റാമിന ഇല്ലാത്തത് എന്റെ ഭാഗ്യം. “ജീവിതം അല്ലെ സർ. പലതും പടിക്കേണ്ടി വന്നിട്ടുണ്ട്.” ആൾ എന്നെയൊന്ന് നോക്കി വണ്ടിയെടുത്തു പോയി.

ആ പോക്കിൽ ഹാരിമോനെയും നോക്കി പേടിപ്പിക്കുന്നത് കണ്ടു. അത് എന്തിനാണാവോ..? “ചേച്ചീ.. ആ സർ എന്തു പറഞ്ഞു?” റൂമിൽ എത്തിയപ്പോഴേക്കും ചിന്നു ഓടിവന്നു. ഞാൻ അവൾക്കും വിഷ്വൽസ് കാണിച്ചു കൊടുത്തു. പെണ്ണിന്റെ കണ്ണൊക്കെ ഇപ്പോ തള്ളി വെളിയിൽ വരും. “ചേച്ചി.. ഇത്.. ഇതെങ്ങനെയാ?” ഞാൻ എന്റെ മാലയുടെ ലോക്കറ്റ് പുറത്തെടുത്തു. “ഡീ.. ഇത് ഞാൻ ബാംഗ്ലൂരിൽ നിന്ന് വാങ്ങിയതാണ്. കാമറയുള്ള ലോക്കറ്റ്. വെറുതെ ഒരു കൗതുകം തോന്നിയതുകൊണ്ടാ വാങ്ങിയത്. പക്ഷെ ഇത്ര വേഗം ഉപകാരം ഉണ്ടാകും എന്നു കരുതിയില്ല. ആഹ്. ഒരുകണക്കിന് ഇപ്പോ തന്നെ ഇത് നടന്നത് നന്നായി.

ഒരു ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞിരുന്നെങ്കിൽ പിന്നെ നോക്കേണ്ട. ചൈനയുടെ സാധനം അല്ലെ..” ചിന്നുവും ഞാനും ചിരിച്ചു. “നീ കിച്ചുവിനോട് പറഞ്ഞോ?” അവളുടെ കണ്ണ് വീണ്ടും താഴെവീണു. “ആ കണ്ണെടുത്തു തിരിച്ചു വയ്ക്ക്. ഞാനേ നിന്റെ ചേച്ചിയാ. നീ കാണിക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്.” ചിന്നു കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ തല താഴ്ത്തി. എനിക്ക് പാവം തോന്നി. “ഡീ പറഞ്ഞോ നീ?” “ഇല്ല..” “എങ്കിൽ സമയവും സൗകര്യവും കിട്ടുമ്പോ പറയണം. നീ ഒന്നും മറച്ചു വച്ചു എന്നു തോന്നാൻ പാടില്ല. മനസിലായോ നിനക്ക്?” പെണ്ണ് തലയാട്ടി. ജോലിക്ക് പോകുന്നതിന് മുൻപ് ഞാൻ തന്നെ എല്ലാവർക്കും കാര്യങ്ങളുടെ ഒരു രത്‌നചുരുക്കം കൊടുത്തു. “മോളെ എന്നാലും..

ഒരു സർ ഇങ്ങനൊക്കെ ചെയ്യുക എന്നു പറഞ്ഞാൽ.. വേണ്ട. ഇനി ചിന്നു ആ കോളേജിൽ പോകേണ്ട” അമ്മ പറഞ്ഞു. എനിക്ക് ചിരിയാണ് വന്നത്. “അമ്മേ അയാൾ ചെയ്തത് അയാളുടെ സ്വഭാവദൂഷ്യം. അതിന് ചിന്നുവിന്റെ പഠിപ്പ് മുടക്കുന്നതാണോ പരിഹാരം? അയാൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.” “മോളെ അവരിനി എന്തെങ്കിലും പ്രശ്നത്തിന് വന്നാലോ..?” അച്ഛൻ ആണ്. പഴയ ആഭിജാത്യം ഒന്നും ഇപ്പോഴില്ല. പേടി മാത്രമേയുള്ളൂ. “വന്നാൽ അപ്പോ നോക്കാം അച്ഛാ.. അതല്ലാതെ പേടിച്ചു ജീവിക്കാൻ ആണെങ്കിൽ നമുക്ക് അതിനെ നേരം കാണൂ.” “എന്നാലും എന്നെയും കൂടി വിളിക്കാമായിരുന്നില്ലേ ചേച്ചി.

അവന് കൊടുത്തത് കുറഞ്ഞു പോയി.” അപ്പു പറഞ്ഞു. “നിന്റെ ഈ സ്വഭാവം കൊണ്ട് തന്നെയാണ് വിളിക്കാഞ്ഞത്. നീയെ. ഞങ്ങൾക്ക് ആകെയുള്ള ഒരു ആൺതരിയാ. ഈ ചോരത്തിളപ്പും വച്ചു അയാളെ കേറി എന്തെങ്കിലും ചെയ്താൽ.. നീ പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങി നടക്കുന്നത് ഞങ്ങൾക്ക് സഹിക്കുമോടാ?” ഞാൻ അവന്റെ കവിളിൽ തലോടി. “അപ്പോ ചേച്ചിയോ? ചേച്ചിക്ക് എന്തെങ്കിലും വന്നാലോ?” അതിന് ഞാൻ മറുപടി പറഞ്ഞില്ല. ഓഫീസിൽ എത്തിയിട്ടും മനസിനൊരു സമാധാനം ഉണ്ടായിരുന്നില്ല. എന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് വരുന്നതും നോക്കി ഇരുന്നു വൈകുന്നേരം വരെ ഒരുതരത്തിൽ തള്ളി നീക്കി. മരിയ ലീവ് ആയിരുന്നു.

അല്ലെങ്കിൽ അവളുടെ നാല് തള്ള് കേട്ടാൽ സ്വല്പം ആശ്വാസം കിട്ടിയേനെ. ഇടയ്ക്ക് ദീപക്ക് മിണ്ടാൻ വന്നു. ഞാനൊന്ന് മാന്തി വിട്ടത്തിൽ പിന്നെ പിണങ്ങി നടക്കുന്നത് കണ്ടു. നന്നായതെയുള്ളൂ. ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും രാജപ്പൻ ഓടി വന്നു. “എന്തു പറ്റി നിവേദ്യാ നല്ല ടെന്ഷനിൽ ആണല്ലോ. വീണ്ടും കല്യാണം നോക്കി തുടങ്ങിയോ വീട്ടുകാർ?” എലിക്ക് പ്രണവേദന പൂച്ചയ്ക്ക് വീണവായന. ബോസ് ആണെന്നൊന്നും അപ്പോൾ ഓർമ വന്നില്ല. സകല ദേഷ്യവും കേട്ടു പൊട്ടിച്ചു വെളിയിൽ ചാടി. “സാറേ നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട്. ഈ ഡിവോഴ്‌സ് കഴിഞ്ഞ ആളുകളുടെ ഒരേയൊരു പ്രശ്നം വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നതാണ് എന്ന്.

സാറേ നിങ്ങൾക്കുള്ള എല്ലാ പ്രശ്നങ്ങളും ഞങ്ങൾക്കും ഉണ്ട്. പിന്നെ വിവാഹ കാര്യം ആണെങ്കിൽ, എന്റെ കുടുംബം ഒരു കരയ്ക്ക് എത്തിക്കഴിഞ്ഞാൽ എന്റെ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ട് ഒരാൾ വന്നാൽ നോക്കിയാൽ കൊള്ളാം എന്നെനിക്കുണ്ട്. അല്ലാതെ ആദ്യബന്ധം പരാജയമായി എന്നു കരുതി ജീവിതകാലം മുഴുവൻ കരഞ്ഞു നടക്കാൻ ഒന്നും എന്നെ കിട്ടില്ല.” “എങ്കിൽ പിന്നെ ആ പോസ്റ്റിലേക്ക് ഞാൻ അപ്പ്‌ളൈ ചെയ്യട്ടെ?” ഈ ഡയലോഗ് ഞാൻ എവിടെയോ..? ആളെ വടിയാക്കുന്നോ രാജപ്പാ..? “സർ ഞാൻ കല്യാണം ആണ് ഉദ്ദേശിക്കുന്നത്. ട്രെയിനിന് തല വയ്ക്കാൻ അല്ല.” രാജപ്പൻ ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കുന്ന മട്ടിൽ ഓടിപ്പോയി വണ്ടിയിൽ കയറി പായുന്നത് കണ്ടു. പുള്ളി ഒരു കോമഡി പറഞ്ഞു.

ഞാനും മറുപടി പറഞ്ഞു. ഇതിൽ ഇത്ര ദേഷ്യം വരാൻ എന്താ ഉള്ളത്? എന്റെ കോമഡി അത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു. വെറുപ്പിച്ചു വെറുപ്പിച്ചു വെറുപ്പിന്റെ അവസാനം അയാൾക്കിനി എന്നോട് ശരിക്കും പ്രേമമോ മറ്റോ ആണോ? കണ്ണാ.. ആ മനുഷ്യൻ എന്റെ ബോസ് അല്ലെ. ഇനിയും വെറുപ്പിച്ചാൽ പണി പോയത് തന്നെ. വീട്ടിലെത്തിക്കഴിഞ്ഞു ഞാൻ ഒന്ന് വിളിച്ചു നോക്കി. കോൾ എടുത്തില്ല. കുളിച്ചു അത്താഴവും കഴിച്ചു കിടക്കാൻ സമയം ആയിട്ടും തിരിച്ചു വിളിച്ചിട്ടില്ല. വാട്‌സ്ആപ്പിൽ നോക്കുമ്പോ ഓൺലൈൻ ഉണ്ട്. ഒരു ഹായ് സർ അയച്ചു. നോ മൈൻഡ്. ഒന്നൂടെ ഹായ് യും മൂന്നാല് ഇളിയും 😀😀😀 അയച്ചു. ഇപ്പോഴും റീഡ് ആക്കി, റിപ്ലൈ ഇല്ല. കോഴിമോൻ, സോറി രാജുമോൻ പിണക്കത്തിൽ ആണെന്ന് തോന്നുന്നു.

ഇയാൾ നേഴ്സറി കുട്ടിയല്ലേ, കൂട്ടു വെട്ടി നടക്കാൻ. ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെയാണോ? കാണുന്ന ലുക്ക് മാത്രമേയുള്ളൂ മെച്ചുരിറ്റി ഇല്ല..? “സർ ആം റിയലി സോറി ഫോർ വാട്ട് ഐ സെഡ് ഇൻ ദി ഈവനിംഗ്. ഐ റിയലി ഡിഡിന്റ് മീൻ റ്റു ഹർട്ട് യൂ. ഐ വാസ് ജസ്റ്റ് കിഡിങ്. പാർഡൻ മീ സർ” മൂന്നാല് കരയുന്ന സ്മൈലിയും കൂടി അയച്ചതോടെ രാജപ്പൻ ഫ്ലാറ്റ്. ദേ വിളിക്കുന്നു. സമയം നോക്കുമ്പോൾ ഒമ്പതര കഴിഞ്ഞു. എടുക്കണോ? ആഹ്. എടുത്തു നോക്കാം. “ഹാലോ സർ” കുട്ടി മിണ്ടുന്നില്ല. ചമ്മൽ ആണോ? ഇയാൾക്കെന്തിനാ ചമ്മൽ? ഇനി അപ്പ്‌ളൈ ചെയ്‌തൊട്ടേ എന്നു ചോദിച്ചത് സീരിയസ് ആയിരുന്നോ? “സർ..” “ആഹ് നിവേദ്യാ.. ഉറങ്ങിയായിരുന്നോ?” ഉറക്കത്തിൽ സംസാരിക്കുന്ന ശീലം എനിക്കില്ല സർ. “ഹേയ് ഇല്ല സർ. പറയു.”

“ആഹ്. അത്.. അത് പിന്നെ…” കമോൺ. ട്രൈ.. ട്രൈ മിസ്റ്റർ രാജപ്പൻ. യൂ ക്യാൻ. നിങ്ങളെ കൊണ്ട് കഴിയും. നിങ്ങളെ കൊണ്ടേ കഴിയൂ. “നിവേദ്യ ഇന്ന് മുഴുവൻ മൂഡോഫ് ആയി ഇരിക്കുന്നത് കണ്ടു. എന്ത് പറ്റി?” അയ്യേ. ഇതായിരുന്നോ? ഈ നിഷ്കളങ്ക ബാലനെ ഞാൻ ബാലൻ കെ നായരായി തെറ്റിദ്ധരിച്ചു പോയല്ലോ കണ്ണാ. “അത് സർ…” ഞാൻ കാര്യം പറഞ്ഞു. അപ്പുറത്ത് അനക്കമില്ല. “സർ” “നിവേദ്യാ തനിക്ക് ഇത്ര ബോധമില്ലേ? അവനെപ്പോലെ ഉള്ളവന്റെ മുറിയിലേക്കൊക്കെ ഒറ്റയ്ക്ക് ചെല്ലുക എന്നൊക്കെ പറഞ്ഞാൽ..

അവിടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലോ? അല്ലെങ്കിൽ അവൻ നല്ല ആരോഗ്യം ഉള്ള ഒരാൾ ആയിരുന്നെങ്കിലോ? താൻ എന്തു ചെയ്തേനെ?” സത്യത്തിൽ അങ്ങനൊന്നും ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിരുന്നില്ല. “അത് പിന്നെ സർ.. എനിക്ക് ചിന്നുവിനെ രക്ഷിക്കണമായിരുന്നു. ഞങ്ങൾക്ക് ഞങ്ങൾ മാത്രം അല്ലേയുള്ളൂ. വേറെ വഴിയൊന്നും മനസിൽ തോന്നിയില്ല. അതാണ് ഞാൻ..” “ഓഹോ. അപ്പോ ഞാൻ തന്റെ ആരുമല്ല അല്ലെ..?” ചോദ്യവും ഫോൺ കട്ട് ചെയ്യലും ഒരുമിച്ച് ആയിരുന്നു. ഞാൻ ഇതെന്ത് കൂത്ത് എന്ന മട്ടിൽ ഇരുന്നുപോയി.

തുടരും

നിവേദ്യം : ഭാഗം 18