നിന്നെയും കാത്ത്: ഭാഗം 22
രചന: മിത്ര വിന്ദ
മഹി ആണെങ്കിൽ നാരായണി അമ്മയെ കാണുവാനായിരുന്നു പോയത്. കാരണം അവരെ കണ്ടെത്തി കഴിഞ്ഞാൽ ഗൗരിയെ കുറിച്ചു അറിയാനാവും എന്നു അവൻ കരുതി. എന്തായാലും ഒരുപാട് തിരയേണ്ടതായി വന്നില്ല.. അടുത്തുള്ള ഒരു ചെറിയ മുറുക്കാൻ കടയിൽ ഇരിപ്പുണ്ടായിരുന്നു അവര്. “നാരായണിയമ്മേ ” വണ്ടി നിറുത്തി ഗ്ലാസ് താഴ്ത്തി അവൻ വിളിച്ചു. പെട്ടന്ന് അവർക്ക് മഹിയെ മനസിലായില്ല. “അത് ആരാ കണാരാ… എന്നേ ആണല്ലോ വിളിക്കുന്നെ ” കൈപത്തി കൊണ്ട് നെറ്റിമേൽ മുട്ടിച്ചു അവർ ആലോചനയോടെ ചുളിഞ്ഞ മുഖത്തോടെ മഹിയെ നോക്കി.. “ഞാനാ….. കുട്ടിമാളൂനെ കല്യാണം കഴിച്ച ആള് ”
അവൻ പറഞ്ഞതും അവർ പിടഞ്ഞെഴുനേറ്റു. “യ്യോ……. മഹേശ്വരൻ കുഞ്ഞ് അല്ലെ…” അവർ വടിയും കുത്തി പിടിച്ചു അവന്റ അടുത്തേക്ക് വന്നു. “കുട്ടിമാളു ഇല്ലേ മോനേ “കാറിന്റെ ഉള്ളിലേക്ക് നോക്കി “ഇല്ല… അവൾ സ്കൂളിൽ പോയി. ” അത് കേട്ടതും അവരുടെ മുഖം വാടി. “നാരായണിയമ്മ ഈ വണ്ടിയിലേക്ക് കയറു..” “അയ്യോ…. ഞാനോ…” അവർ ആകെ പരവേശ ആയി. “ഹമ്… കയറുന്നേ… നമ്മൾക്ക് ഒന്ന് കറങ്ങിട്ട് വരാം ” അവൻ പറഞ്ഞപ്പോൾ നാരായണിയമ്മ തിരിഞ്ഞു കണാരനെ നോക്കി.. അയാൾ ആക്കി ഒന്ന് തലയാട്ടി.. മഹി ഡോർ തുറന്നു കൊടുത്തു വീണ്ടും വിളിച്ചപ്പോൾ അവർ ഉള്ളിലേക്ക് സാവധാനം കയറി.
“ഞാൻ ആദ്യം ആയിട്ട് ആണ് കാറിൽ കേറുന്നത്….” അവർ വെളുക്കനെ ഒന്ന് ചിരിച്ചു. “അതെയോ…. എന്നാൽ ഇന്ന് മുഴുവനും നമ്മൾക്ക് ഒന്ന് ചുറ്റാം… എന്തെ ” അവൻ വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് അവരെ നോക്കി. “യ്യോ .. വേണ്ട കുഞ്ഞേ……. ലീല വഴക്ക് പറയും…. അവൾക്ക് ഇതു ഒന്നും ഇഷ്ടം ആവില്ല ” “ആരാണ് ലീല “? “ഇളയ മകന്റെ ഭാര്യ ആണ് കുഞ്ഞേ ” “മ്മ്… അവർ നാരായണിയമ്മയോട് വഴക്ക് ഉണ്ടാക്കുമോ ” “ഓഹ് ഇല്ലന്നേ….. ഇങ്ങനെ ഇറങ്ങി ഒക്കെ നടക്കുമ്പോൾ അവൾക്ക് ദേഷ്യം ആണ്… എവിടെ എങ്കിലും വീണു പോയാലോ മോനേ… അതുകൊണ്ട് ആണ് ” അവർ വിശദീകരിച്ചു.
“കുട്ടിമാളു സുഖം ആയിട്ട് ഇരിക്കുന്നോ മോനേ ” . “ഹമ്… സുഖം ആണ്… പക്ഷെ നാരായണിയമ്മേ… അവൾക്കേ ഇടയ്ക്ക് ഒക്കെ ഒരെല്ലു കൂടുതൽ ആണ്.. അത്രയും ഒള്ളു ” അത് കേട്ടതും അവർ പൊട്ടിച്ചിരിച്ചു. “എന്റെ കുഞ്ഞേ… അത് ഉള്ളത് ആണ് കേട്ടോ…… രാധ യും ആയിട്ട് വഴക്ക് ഉണ്ടാകുമ്പോൾ രാധയും ഇതു തന്നെ ആണ് പറയുന്നത് ” “നാരായണിയമ്മേ…… കുട്ടിമാളുന്റെ അമ്മയ്ക്ക് എന്ത് പറ്റിയതാ ” പെട്ടന്ന് അവൻ ചോദിച്ചു. ഒരു നിമിഷം അവർ മൗനം പാലിച്ചു. “മോന് ഇതു ഒന്നും അറിയില്ലാരന്നോ ” “മരിച്ചു എന്നറിയാം.. എങ്ങനെ ആണെന്ന് അറിഞ്ഞൂടാ ” അവൻ പറഞ്ഞു..
സഹതാപം കൊണ്ട് എനിക്ക് ആരുടെയും സ്നേഹം വേണ്ട…..അമ്മ ഇല്ലാത്ത കുട്ടി ആണല്ലോ എന്നോർത്ത് നിങ്ങൾ ഇനി എന്നേ സ്നേഹിച്ചലോ… അമ്മയുടെ മരണത്തെ കുറിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞ കാര്യം മഹി അപ്പോൾ ഓർത്തു പോയി.. “കുട്ടിമാളൂന്റെ ജീവിതം… അത് ഒക്കെ വലിയൊരു കഥ ആണ് മോനേ… ഒരുപക്ഷെ അവളെ പോലൊരു കുട്ടി….എന്റെ അറിവിൽ എങ്ങും ഇല്ല ” അവർ പറഞ്ഞു തുടങ്ങി. “അംബിക എന്നായിരുന്നു അവളുട അമ്മേടെ പേര്… മോളുടെ അതേ മുഖഛായ ആയിരുന്നു..കാണാൻ സുന്ദരി….. ഭർത്താവിന്റെ പേര് ദാസൻ എന്നായിരുന്നു…. ഇത്രമേൽ സ്നേഹത്തോടെ കഴിഞ്ഞ oഒരു കുടുംബം ഈ നാട്ടിൽ ഇല്ലായിരുന്നു..
ദാസനും അംബികയും തമ്മിൽ ജീവന്റെ ജീവൻ ആയിരുന്നു.. അങ്ങനെ അവർക്കിടയിലേക്ക് ഒരു കുഞ്ഞ് കൂടി വന്നു.. സന്തോഷവും സ്നേഹവും വീണ്ടും ഇരട്ടി ആയിരുന്ന അവരുടെ ഓർമ്മകൾ പിന്നിലേക്ക് പോയി. ഗൗരി മോൾക്ക് രണ്ട് വയസ് ഉള്ളപ്പോൾ അവളുടെ അമ്മയ്ക്ക് ഒരു പനീ വന്നത് ആണ് മോനേ….. മരുന്ന് ഒക്കെ മേടിച്ചത് ആയിരുന്നു.. പക്ഷെ പെട്ടന്ന് അങ്ങ് കൂടി.. ആശുപത്രിയിൽ ഒക്കെ കൊണ്ട് പോയി.. അവിടെ ചെന്നു പരിശോധിച്ചപ്പോൾ ആണ് അറിഞ്ഞത് കാൻസർ ആണെന്ന്…… ശരീരം മുഴുവനും ആയിരുന്നു അപ്പോളേക്കും…..” അവരുടെ ശബ്ദം ഇടറി. “മെഡിക്കൽ കോളേജിലെ ചികിത്സാ ആയിരുന്നു… ഒരു മാസമേ കിടന്നോള്ളൂ….
പെട്ടന്ന് ഒരു ദിവസം ശ്വാസംമുട്ടൽ പോലെ വന്നതാ…. പിന്നീട് അറിഞ്ഞു…. അംബിക പോയെന്നു…” നാരായണിമ്മ ഒന്ന് തേങ്ങി. “എന്റെ മോനേ…. ഇത്തിരി പോന്ന എന്റെ കുട്ടിമാളു…. അമ്മിഞ്ഞപ്പാൽ മണം മായും മുന്നേ….. അവളുട അമ്മയും പോയി…. എന്നും വൈകുന്നേരം അവളുടെ കരച്ചിൽ മാത്രം ബാക്കി ആയി… ദാസനും ആകെ തകർന്ന് പോയി. ഭാര്യ മരിച്ചു എന്നുള്ള ആ സത്യം ഉൾകൊള്ളാൻ അവനു ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. കുറെ ദിവസങ്ങൾ അവൻ കുഞ്ഞിനേയും അടക്കി പിടിച്ചു മുറിയിൽ കഴിഞ്ഞു കൂടി. ഒരു വിവാഹം കഴിക്കാൻ എല്ലാവരും പറഞ്ഞു.. പക്ഷെ അവൻ സമ്മതിച്ചില്ല. അവന്റ അംബിക അല്ലാതെ അവനു ഇനി ഒരു പെണ്ണില്ല എന്നു തീർത്തു പറഞ്ഞു.
അങ്ങനെ ഇരിക്കെ ആണ് രാധ ഇവിടേക്ക് വരുന്നത്.. അംബികേടെ ഇളയ അനുജത്തി ആയിരുന്നു രാധ. ഈ കുഞ്ഞ് ആണെങ്കിൽ രാധയും ആയി പെട്ടന്ന് അടുത്ത.. അവളുടെ അമ്മയുടെ ചോര തന്നെ അല്ലെ മോനേ.. അതോണ്ടാവും…. രാധ യുടെ പിന്നാലെ ഈ കുഞ്ഞ് പിച്ച വെച്ച് നടക്കും.. രാധയ്ക്കും ജീവൻ ആയിരുന്നു കേട്ടോ… പിന്നീട് എങ്ങനെ ഒക്കെയോ എല്ലാവരും പറഞ്ഞു പറഞ്ഞു ഒടുവിൽ ദാസൻ, ഇവളെ കെട്ടാൻ സമ്മതം മൂളി. തന്റെ കുഞ്ഞിനെ പൊന്ന് പോലെ നോക്കുക ആണല്ലോ അവൾ എന്നോർത്തപ്പോൾ… എല്ലാവരുടെയും നിർബന്ധത്തിന് കൂടി വഴങ്ങി ആണ് അവൻ രാധയെ കല്യാണം കഴിച്ചത്.. ദാസൻ മരിക്കുന്നത് വരെയും രാധായ്ക്ക് കുട്ടിമാളു ന്നു വെച്ചാൽ ജീവൻ ആയിരുന്നു കേട്ടോ.
“ങ്ങേ… അപ്പോൾ ഗൗരിടെ അച്ഛനും മരിച്ചോ…” മഹിയ്ക്ക് അത് പുതിയ അറിവ് ആയിരുന്നു. “മരിച്ചു പോയി മോനേ… ന്റെ കുട്ടിക്ക് 6വയസ്സ് ഉള്ളപ്പോൾ….” . “എങ്ങനെ ആണ് അമ്മൂമ്മേ ” അവനു ആകാംക്ഷ ആയി. “അത് അവൻ പണിയാൻ പോയിട്ട് തിരിച്ചു വന്ന വഴിക്ക് ഒരു ലോറി വന്നു ഇടിച്ചു മോനേ…. ഇതൊന്നും മോന് അറിയില്ലായിരുന്നോ ” .. “അമ്മ മരിച്ചത് എനിക്ക് അറിയാം.. പക്ഷെ അച്ഛൻ….” “മ്മ്… ആറാമത്തെ വയസിൽ അനാഥ ആയതു ആണ് എന്റെ കുട്ടിമാളു… അന്ന് മുതൽ അവളുടെ കഷ്ടകാലം ആയിരുന്നു മോനെ… അനുഭവിക്കാൻ ഒന്നും ഇനി ആ കുഞ്ഞിന്റെ ജാതകത്തിൽ ഇല്ല്യ ” . അവർ കണ്ണീർ തുടച്ചു. “ചെറിയമ്മ അവളോട് വഴക്ക് ആയിരുന്നു ല്ലേ ” .
“വഴക്കോ….. അതൊക്കെ സഹിക്കാം മോനേ… ഉപദ്രവം…. ഹോ… ആ കുഞ്ഞിന്നിട്ട് അവൾ കൊടുത്തിരുന്ന അടി…..കട്ട മുല്ല യുടെ കമ്പ് വെട്ടി വെയ്ക്കും.. എന്നിട്ട് അത് വെച്ചാണ് പ്രഹരം മുഴുവനും ” .. “അത് എന്തിനു ” . “അവളുടെ മക്കളെ കുളിപ്പിച്ചില്ല,പല്ല് തേപ്പിച്ചില്ല, വീട്ടിലെ ജോലികൾ ചെയ്തു തീർത്തില്ല…. അങ്ങനെ പോകും അവളുടെ കുറ്റം കണ്ടു പിടിക്കൽ ” . “ഗൗരിക്ക് അത് ഒക്കെ ചെയ്യാൻ ഉള്ള പ്രായം ഉണ്ടായിരുന്നോ….” . അവനു സംശയം തോന്നി. “എന്റെ മോനെ,10വയസ് പോലും ഇല്ലായിരുന്നു ആ കുഞ്ഞിന് അപ്പോള്…രാധ യെ വീണ്ടും കെട്ടിച്ചു.. ആ കുടിയിൽ ഉള്ളത് ആണ് ഇളയ കുട്ടികൾ…..”
“ഹമ് ” .. “രാധ എന്തൊക്കെ ചെയ്താലും ഒരിക്കൽ പോലും ഈ കുട്ടി അവളെ കുറിച്ചു ഒരു ദോഷവും പറഞ്ഞിട്ടില്ല… എല്ലാം സഹിച്ചും ഉള്ളിൽ ഒതുക്കിയും ആണ് അവൾ ജീവിച്ചത്… പിന്നെ കുറച്ചു പ്രായം ഒക്കെ ആയി കഴിഞ്ഞു അവള് രാധയോട് വഴക്ക് കൂടാൻ തുടങ്ങി..അത്രമേൽ മടുത്തു പോയിരിന്നു അവള് അപ്പോൾ “… “ഹമ് ” “വല്യ വാശിക്കാരി ഒക്കെ ആയിരുന്നു.. ഇടയ്ക്ക് പിണക്കവും കുറുമ്പും ഒക്കെ എന്റടുത്തു കാണിക്കും…” “എന്തിനു ” “മിക്കവാറും ദിവസം ഞാൻ അവൾക്ക് കടല മുട്ടായിയും, പഴം പൊരിയും ഒക്കെ മേടിച്ചു കൊടുക്കും… അതൊക്കെ വല്യ ഇഷ്ടം ആയിരുന്നു….
ചിലപ്പോൾ എന്റെ അടുത്ത് ഓടി വരുമ്പോൾ ഞാൻ ഇതൊക്കെ ഒളിപ്പിച്ചു വെക്കും… അപ്പോൾ എന്നോട് പിണങ്ങും…” അതു പറഞ്ഞു കൊണ്ട് അവർ മെല്ലെ പുഞ്ചിരിച്ചു.. . “മോനേ,,, കല്യാണം കഴിക്കാൻ സമ്മതം ആണെന്ന് ടീച്ചർ നോട് പറഞ്ഞിട്ട് വന്ന ദിവസം…… ഹോ എന്റെ മുരുകാ…….” അവർ ശ്വാസം ആഞ്ഞു വലിച്ചു. . “അന്ന് അതിനിട്ട് കൊടുത്ത അടിയ്ക്ക് കയ്യും കണക്കും ഇല്ലായിരുന്നു….അന്ന് ആണെങ്കിൽ ഭയങ്കര മഴയും ഇടി മിന്നലും ആയിരുന്നു.. രാധ ആണെങ്കിൽ ഈ കുട്ടിയെ വെളിയിൽ ഇട്ടിട്ട് വാതിലും അടച്ചു…പാവം കുട്ടിമാളു.. അവൾക്ക് ഭയങ്കര പേടി ആയിരുന്നു ഈ മിന്നൽ.. ഞാൻ മോനോട് പറഞ്ഞിട്ടില്ലേ ചെറുപ്പത്തിൽ ഇടി മിന്നൽ ഏറ്റത്….”
“ആഹ് .. ഞാൻ ഓർക്കുന്നുണ്ട് ” “എന്റെ മോനേ, രാത്രി 11വരെയും മഴ ആയിരുന്നു.. അതെല്ലാം കഴിഞ്ഞു ആണ് രാധ വാതിൽ തുറന്നത്… എന്റെ മരുമകൾ ലീല ഇടയ്ക്ക് വന്നു പറഞ്ഞത് ആണ്, ഈ കുട്ടിയേ വിളിച്ചു കേറ്റാൻ…. എവിടെന്നു… ഇവിടുത്തെ മൂഷിക സ്ത്രീ സമ്മതിക്കുമോ… അവൾ ആണെങ്കിൽ അനങ്ങി പോലും ഇല്ല… കതക് തുറന്ന് കൊടുത്തിട്ട് രാധ വീണ്ടും ചോദിച്ചു, നീ അവനെ കെട്ടുവോടി എന്നു.. എന്നിട്ടും വാശിയോട് എന്റെ കുട്ടി പറഞ്ഞു ഞാൻ അയാളെ മാത്രം വിവാഹം കഴുക്കുവൊള്ളൂ എന്ന്… മോൻ അല്ലാതെ അവളുടെ ജീവിതത്തിൽ ഒരു പുരുഷൻ ഇല്ലന്ന് ഉറക്കെ അവള് വിളിച്ചു പറഞ്ഞു. അവർ പറഞ്ഞപ്പോൾ മഹിയ്ക്ക് അത്ഭുതം തോന്നി..
നേരിട്ട് ഒന്ന് കാണുക പോലും ചെയ്യാതെ ഗൗരി ഇങ്ങനെ ഒക്കെ പറയണമെങ്കിൽ…. അത്രമേൽ അമ്മ അവളെ സ്വാധിനീച്ചു കാണും… “മോനേ … വർത്താനം പറഞ്ഞു പറഞ്ഞു ഇരുന്നത് കൊണ്ട് നേരം പോയത് അറിഞ്ഞില്ല…..” .. “ഹമ്…. ശരിയാണ് അമ്മൂമ്മേ… ഞാൻ കൊണ്ട് പോയി വിടാം.. വീട് എവിടെ ആണ്…” “വേണ്ട മോനേ ഞാൻ പോയ്കോളാം… എന്നെ ആ കണാരന്റെ പീടികയിൽ വിട്ടാൽ മതി. “ഹേയ്.. അത് ഒന്നും സാരമില്ല….. അമ്മൂമ്മ വഴി പറയു… ഇനി നടന്നൊന്നും പോകേണ്ട…” അവൻ കുറെ നിർബന്ധിച്ചപ്പോൾ നാരായണിഅമ്മ പിന്നെ വീട്ടിലേക്ക് ഉള്ള വഴി പറഞ്ഞു.. അവൻ അവരെ അവിടെ കൊണ്ട് പോയി ഇറക്കി..
രണ്ടായിരത്തിന്റെ ഒരു നോട്ടും എടുത്തു കൊടുത്തു. “വേണ്ട മോനേ… പൈസ ഒക്കെ ഉണ്ട്… കഴിഞ്ഞ ദിവസം അല്ലെ മോൻ എനിക്ക് കാശ് തന്നത് ” അവർ സ്നേഹപൂർവ്വം നിരസിച്ചു “അത് ഒന്നും സാരമില്ല… ഇതു വെച്ചോളൂ….. എന്തെങ്കിലും ആവശ്യം ഒക്കെ വന്നാലോ ” … “വേണ്ടാഞ്ഞിട്ടാ മോനേ .. ഇത്രയും പൈസേടെ ഒന്നും ആവശ്യം ഇല്ല….” “ഇതു ഇരിക്കട്ടെ അമ്മൂമ്മേ…. നമ്മൾക്ക് ഇനിയും കാണാം കേട്ടോ ” അവരുടെ കൈയിലേക്ക് പൈസ വെച്ചു കൊടുത്തു കൊണ്ട് അവൻ വന്നു വണ്ടിയിൽ കയറി. “ഞാൻ എന്നാൽ പൊയ്ക്കോട്ടേ….” അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. “മോനേ… ഇനി വരുമ്പോൾ കുട്ടിമാളൂനെ കൊണ്ട് വരണെ ” “ഹമ്… ശരി അമ്മൂമ്മേ…” .. അവൻ അവരെ കൈ വീശി കാണിച്ചു കൊണ്ട് വണ്ടി ഓടിച്ചു പോയി..….. തുടരും…..