Thursday, December 26, 2024
Novel

നിനക്കായ്‌ : ഭാഗം 17

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” അഭീ കണ്ണുതുറക്ക് ”

കുപ്പിയിലെ വെള്ളം അവളുടെ മുഖത്ത് തളിച്ച് പരിഭ്രമത്തോടെ വീണ വിളിച്ചു. പതിയെ ഒന്ന് ഞരങ്ങി അവളുടെ കണ്ണുകൾ ചിമ്മിത്തുറന്നു. അപ്പോഴും ആ കവിൾത്തടങ്ങളിൽ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. വീണയേയും കീർത്തിയേയും മാറി മാറി നോക്കി അഭി പതിയെ എണീറ്റിരുന്നു.

” അജിത്തേട്ടനെ വിളിക്ക് ”

തന്റെ ഫോണെടുത്ത് വീണയ്ക്ക് നേരെ നീട്ടിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അഭിരാമി പറഞ്ഞു. ഒന്നും മനസിലാവാതെ വീണയും കീർത്തിയും അവളെ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ വീണ ഫോൺ ഓൺ ചെയ്ത് അജിത്തേട്ടൻ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. ഡിസ്പ്ലേയിൽ അജിത്തിന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു.

” ആഹ് പറയെടാ നീയിറങ്ങിയോ ഒരു പത്ത് മിനുട്ട് ഞാനിപ്പോ എത്താം ”

വീണ എന്തെങ്കിലും പറയും മുന്നേ അജിത്തിന്റെ ശബ്ദം കേട്ടു.

” അജിത്തേട്ടാ ഞാൻ വീണയാ ”

അവൾ പെട്ടന്ന് പറഞ്ഞു.

” അയ്യോ വീണയാരുന്നോ ഞാൻ കരുതി അഭിയാണെന്ന്. അല്ല അഭിയെവിടെ ? ”

അവൻ ചോദിച്ചു.

” അതജിത്തേട്ടാ ഞങ്ങളിപ്പോ ബീച്ചിലുണ്ട് അഭിയൊന്ന് തലചുറ്റി വീണു. പേടിക്കണ്ട ഇപ്പൊ കുഴപ്പമൊന്നുമില്ല. ”

വീണ പതിയെ പറഞ്ഞു.

” ആഹ് ഞാൻ ദാ വരുന്നു ”

മറുപടിക്ക് കാക്കാതെ പരിഭ്രമത്തിൽ അവൻ ഫോൺ വച്ചു.

” ഇപ്പൊ വരും ”

ഫോൺ തിരികെ അഭിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. അവൾ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു. അത് കണ്ട് കീർത്തിയുടെ മുഖത്ത് ഗൂഡമായ ഒരു മന്ദഹാസം വിരിഞ്ഞു.

” അഭീ നീയിതെന്ത്‌ ഭാവിച്ചാ ? വെറുതെ ആരേലും എന്തെങ്കിലും പറയുന്നത് കേട്ട് സ്വന്തം ജീവിതം നശിപ്പിക്കരുത് ”

മത്സരിച്ച് കരയിലേക്ക് പാഞ്ഞുകേറി പൊട്ടിത്തകർന്ന് പോയ്‌ക്കോണ്ടിരിക്കുന്ന ഓരോ തിരമാലകളെയും നോക്കി വെറുതെയിരിക്കുന്ന അഭിരാമിയെ കുലുക്കി വിളിച്ചുകൊണ്ട് വീണ പറഞ്ഞു.
അവളിൽ നിന്നും ചലനങ്ങളൊന്നുമുണ്ടായില്ല. പെട്ടന്ന് അജിത്തിന്റെ ബൈക്കിന്റെ ശബ്ദം കേട്ട് അവൾ വെട്ടിത്തിരിഞ്ഞു. അവൻ ബൈക്ക് പാർക്ക് ചെയ്ത് ധൃതിയിൽ അവരുടെ അരികിലേക്ക് വന്നു.

” അഭീ എന്താ എന്തുപറ്റി ? ”

വന്നവരവിൽ അവളുടെ അരികിലേക്ക് മുട്ടുകുത്തിയിരുന്നുകൊണ്ട് അജിത്ത് ചോദിച്ചു.

” നീയെന്താ ഒന്നും കഴിച്ചില്ലേ പെട്ടന്നിപ്പോ തലചുറ്റി വീഴാൻ ? ”

അവന്റെ ഓരോ ചോദ്യത്തിലും ഉള്ളിലെ ആധി വ്യക്തമായിരുന്നു. അത് നോക്കിനിന്ന കീർത്തിയുടെ മുഖത്ത് അസ്വസ്ഥതയും വെറുപ്പും നിറഞ്ഞുനിന്നു.

” ഇയാൾടെ അവിഹിതകഥകൾ കേട്ടാൽ പിന്നെ ഞാൻ ബോധം കെട്ടുവീഴില്ലേ ? ”

അവനെ നോക്കി ഒരു പുഞ്ചിരിയോടെ അഭിരാമി പറഞ്ഞു.

” എന്തോന്ന് ? ”

പെട്ടന്ന് അവളെ വിട്ട് അമ്പരപ്പോടെ അവൻ ചോദിച്ചു.

” ആഹ് കീർത്തി എന്നോടെല്ലാം തുറന്നുപറഞ്ഞു. ”

കീർത്തിയെ നോക്കി അവളത് പറയുമ്പോൾ അജിത്ത് കണ്ണുമിഴിച്ചിരുന്നു.

” നിന്നോടെനിക്ക് ഒരുപാട് നന്ദിയുണ്ട്. എന്റെ ജീവിതമോർത്തുള്ള നിന്റെ കരുതലിന്. ഏതോ സിനിമയിൽ പറയുന്നത് പോലെ ഇനി ധൈര്യമായി എനിക്കിങ്ങേരെ കെട്ടാമല്ലോ. ഞങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടായില്ലേലോയെന്ന പേടി വേണ്ടല്ലോ. അജിത്തേട്ടന് കുഞ്ഞുങ്ങളുണ്ടാകും എന്നതിന്റെ തെളിവാണല്ലോ നിന്റെ കുഞ്ഞ്. ”

” നീയിതെന്തൊക്കെയാ ഈ വിളിച്ച് കൂവുന്നത് ? ”

കീർത്തിയോടായി അഭിരാമിയത് പറയുമ്പോൾ അവളുടെ കയ്യിൽ പിടിച്ച് ശബ്ദം കടിച്ചമർത്തി അജിത്ത് ചോദിച്ചു . അപ്പോഴേക്കും കീർത്തിയുടെ മുഖം രക്തമയമില്ലാതെ വിളറി വെളുത്തു.
പെട്ടന്ന് അഭിരാമിയുടെ മുഖം വലിഞ്ഞുമുറുകി.

” നീയെന്നെക്കുറിച്ചെന്താ വിചാരിച്ചത് നിന്നെപ്പോലൊരുത്തി വന്ന് കാള പെറ്റെന്ന് പറഞ്ഞാലുടൻ ഞാൻ കയറെടുക്കാനോടുമെന്നോ. ശരിയാണ് നീയെന്നെയൊന്ന് ഭയപ്പെടുത്തി അതെന്നെയൊന്ന് തളർത്തുകയും ചെയ്തു. പക്ഷേ ആ ഭയത്തിനും മുകളിലാണ് എനിക്കെന്റജിത്തേട്ടനോടുള്ള വിശ്വാസം. അതില്ലാതാക്കാൻ നിന്റെ ഇമ്മാതിരി തറ വേലകൾ പോരാ. പിന്നെ സ്വന്തം കുഞ്ഞിന്റെ അച്ഛന്റെ പേര് വരെ മാറ്റി പറഞ്ഞ നിന്റെ മുഖത്ത് എന്റെ കൈ പതിയാത്തത് അതിന് പോലുമുള്ള യോഗ്യത നിനക്കില്ല. പിന്നെ ഇങ്ങേരെ നീ പറയുന്ന അഞ്ചുവർഷത്തേക്കാൾ അഞ്ച് നിമിഷം കൊണ്ട് മനസിലാക്കിയവളാണ് ഞാൻ അതിനിനി നിന്റെ സർട്ടിഫിക്കറ്റ് വേണ്ട ”

എല്ലാം കേട്ട് പുഞ്ചിരിയോടെ നിന്ന അജിത്തിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവളത് പറയുമ്പോൾ അവന്റെ ഉള്ളിൽ സന്തോഷം പതഞ്ഞ് പൊങ്ങുകയായിരുന്നു തന്റെ പെണ്ണിനെയോർത്ത്. പറയാൻ വാക്കുകളൊന്നുമില്ലാതെ കീർത്തിയുടെ തല കുനിഞ്ഞു.

” എന്നാപ്പിന്നെ നമുക്ക് പോയാലോ ? ”

അവനെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ചിരിയോടെ അവനും മൂളി.

” പോയി ചത്തൂടെഡീ നിനക്ക് ? ”

അഭിരാമിയെ ചേർത്ത് പിടിച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ കീർത്തിയെ നോക്കി അജിത്ത് പറഞ്ഞു.

” കഷ്ടം… ”

അവളുടെ മുഖത്ത് നോക്കി പുച്ഛത്തോടെ ചുണ്ട് വക്രിച്ച് വീണയും മന്ത്രിച്ചു.

” എടീ അടക്കാക്കുരുവീ ഞാൻ നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നോട്ടേ ? ”
നടക്കുമ്പോൾ അവളെ അമർത്തിപ്പിടിച്ചുകൊണ്ട് അജിത്ത് ചോദിച്ചു.

” അയ്യെടാ ഇത് നടുറോഡാ ”

അവന്റെ വയറ്റിൽ കുത്തി ചിരിയോടെ അഭിരാമി പറഞ്ഞു. വീണയോട് യാത്ര പറഞ്ഞ് ബൈക്കിലേക്ക് കയറി അവളവനോട്‌ ചേർന്നിരുന്നു.

” അല്ല നിനക്കെന്നെ ഇത്ര വിശ്വാസമായിരുന്നോ ? ”

വണ്ടിയോടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

” അയ്യെടാ വിശ്വാസം ഉണ്ടായിട്ടൊന്നുമല്ല അവളുടെ മുന്നിൽ തോറ്റുകൊടുക്കണ്ട എന്ന് വിചാരിച്ചിട്ടാ. അല്ലാതെ ഈ കോഴിയെ വിശ്വസിക്കാൻ എനിക്ക് തലക്ക് ഓളമൊന്നുമില്ല. ”

മിററിലൂടെ അവനെ നോക്കി ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു.

” കോഴി നിന്റച്ചൻ വിശ്വനാഥൻ ” അജിത്ത്.

” പോടാ പട്ടീ … എന്റച്ഛൻ കോഴിയൊന്നുമല്ല. ”

അവന് നേരെ ചുണ്ട് കോട്ടിക്കാണിച്ച് അവൾ പറഞ്ഞു.
പിന്നീട് വീടെത്തും വരെ അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു. വീടിന്റെ മുന്നിൽ വണ്ടി നിർത്തിയതും ഒന്നും മിണ്ടാതെ ചവിട്ടിത്തുള്ളി അവൾ അകത്തേക്ക് നടന്നു. പുഞ്ചിരിയോടെ അജിത്തും പിന്നാലെ ചെന്നു. മുകളിലെത്തി അവൾ മുറിയിലേക്ക് കയറി വാതിലടക്കും മുന്നേ അജിത്തവളെ തള്ളി മാറ്റി അകത്തേക്ക് കേറി.

” ഇയാളെന്തിനാ ഓടി ഇങ്ങോട്ട് കേറിയത് ? ഇറങ്ങിപ്പോയേ . ”

അകത്തുനിന്നും അടച്ച ഡോറിൽ ചാരി നിന്ന് തന്നെ നോക്കി ചിരിക്കുന്ന അജിത്തിനോടായി അഭിരാമി പറഞ്ഞു.

” പോയില്ലേലോ ? ”

അവളുടെ കണ്ണുകളിലേക്ക് നോക്കി മീശ പിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

” ഇല്ലെങ്കിൽ ഞാനൊച്ച വെക്കും ”

അവന് നേരെ വിരൽ ചൂണ്ടി കണ്ണുരുട്ടിക്കോണ്ട് അവൾ പറഞ്ഞു.

” നീ ഒച്ച വെക്കുമോ? ”

ഷർട്ടിന്റെ കൈകൾ മുകളിലേക്ക് ചുരുട്ടി വച്ച് ചോദിച്ചുകൊണ്ട് അവനവളോടടുത്തു. അഭിരാമിയുടെ ശിരസ്സ് കുനിഞ്ഞു. അവൾ പതിയെ പിന്നിലേക്ക് നീങ്ങി.

” അജിത്തേട്ടാ വേണ്ട ”

അവളുടെ തുടുത്ത അധരങ്ങൾ മന്ത്രിച്ചു.

” അപ്പോ ബീച്ചിൽ വച്ച് ഞാൻ ചോദിച്ചത് വേണ്ടേ ? ”

അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് അജിത്ത് പതിയെ ചോദിച്ചു.

” വേണ്ട ”

തല ഉയർത്താതെ തന്നെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. അവളുടെ അധരങ്ങൾ വിറച്ചു. കഴുത്തിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു. അജിത്തിന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞു. അഭിരാമിയുടെ മിഴികൾ കൂമ്പിയടഞ്ഞു.

” മോളേ അഭീ… ”

പെട്ടന്ന് താഴെ നിന്നുമുള്ള ഗീതയുടെ വിളി കേട്ട് വെപ്രാളത്തിൽ അവനെ തള്ളി മാറ്റി ഡോറ് തുറന്ന് അവൾ താഴേക്ക് ഓടി.

” ഈ അമ്മയ്ക്ക് വിളിക്കാൻ കണ്ട സമയം ”

പിറുപിറുത്തുകൊണ്ട് അജിത്ത് തന്റെ മുറിയിലേക്ക് നടന്നു.

അനുവിന്റെ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിരുന്നു. അവളും മനുവും പാലക്കലേക്ക് വിരുന്നിന് വരുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കാലത്ത് ഒൻപത് മണിയോടെ മനുവിന്റെ കാർ പാലക്കൽ വീടിന്റെ മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും മനുവും അനുവും പുറത്തിറങ്ങി. കടും പച്ച നിറത്തിലൊരു ചുരിദാറായിരുന്നു അവളുടെ വേഷം. കഴുത്തിലെ താലിയും സീമന്ധരേഖയിലെ സിന്ദൂരവും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

” മോളേ … ”

വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഗീത അവളെ ചേർത്ത് പിടിച്ചു.

” കേറി വാ മോനേ ”

ചിരിയോടെ കാറിൽ നിന്നിറങ്ങിയ മനുവിനോടായി അരവിന്ദൻ പറഞ്ഞു. അവനും പതിയെ പൂമുഖത്തേക്ക് കയറി.

” സുഖമാണോ മോളേ അവിടെ ? ”

അടുക്കളയിൽ നിക്കുമ്പോൾ ഒരമ്മയുടെ ആകുലതയോടെ ഗീത ചോദിച്ചു.

” അവിടൊരു കുഴപ്പോമില്ലമ്മേ മനുവേട്ടനേക്കാൾ കാര്യാ ഡാഡിക്കും മമ്മിക്കുമെന്നെ. ”

നിറഞ്ഞ പുഞ്ചിരിയോടെ അനു പറയുമ്പോൾ ഗീതയുടെ മനസ്സും നിറഞ്ഞു.

” അല്ലച്ഛാ ഇവനെയിങ്ങനെ നിർത്തിയാൽ മതിയോ പിടിച്ച് കെട്ടിക്കണ്ടേ ? ”

എല്ലാവരുമൊന്നിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുമ്പോൾ അജിത്തിനെ ചൂണ്ടി അരവിന്ദനോടായി മനു ചോദിച്ചു.

” ആഹ് അവന്റെ സന്യാസ ജീവിതമവസാനിച്ച സ്ഥിതിക്ക് ഇനിയതുമൊന്ന് ആലോചിക്കണം. നല്ലൊരു കുട്ടിയെ കണ്ടുപിടിക്കണം ”

ചിരിയോടെ അവനെ നോക്കി അയാൾ പറഞ്ഞു.

” അതിനിപ്പോ വേറെ നോക്കുന്നതെന്തിനാ നമ്മുടഭിയെ ഒന്നാലോചിച്ചാലോ ? ”

എല്ലാവരെയുമൊന്ന് നോക്കി മനു പതിയെ ചോദിച്ചു. അത് കേട്ടെങ്കിലും ഒന്നുമറിയാത്തത് പോലെ അജിത്ത് കുനിഞ്ഞിരുന്ന് കഴിച്ചുകൊണ്ടിരുന്നു. അടുക്കളയിൽ നിന്നും പപ്പടം പൊള്ളിച്ചതുമായി അങ്ങോട്ട് വരികയായിരുന്ന അഭിരാമി പെട്ടന്ന് അവിടെ തറഞ്ഞ് നിന്നു. അരവിന്ദന്റെ മറുപടിക്കായി അവൾ കാതോർത്തു.

” അവളെന്റെ മരുമോളാകുന്നത് എനിക്ക് സന്തോഷമേയുള്ളു. പക്ഷേ അത് ഞാൻ മാത്രം തീരുമാനിച്ചാൽ മതിയോ ”

അരവിന്ദൻ പതിയെ പറഞ്ഞു. അത് കേട്ടതും അജിത്തിന്റെയും അഭിരാമിയുടെയും ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.

” താങ്ക്സളിയാ ”

ഊണ് കഴിഞ്ഞ് പോകാനിറങ്ങുമ്പോൾ മനുവിനെ കെട്ടിപിടിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.

” താങ്ക്സൊക്കെ കയ്യിൽ വച്ചോ കെട്ടുറക്കുമ്പോൾ ഒന്ന് കൂടണം. ”

” ഉവ്വാ മനുവേട്ടനിപ്പോ കൂടും ”

മനു പറഞ്ഞത് കേട്ടോണ്ട് അങ്ങോട്ട് വന്ന അനു പതിയെ അവന്റെ പുറത്തിടിച്ചുകൊണ്ട് പറഞ്ഞു.

” എന്റളിയാ ഇവളിത്ര പാരയാണെന്നറിഞ്ഞിരുന്നേൽ ഇത്ര പാടുപെട്ട് ഞാനിവളെ വളച്ച് കെട്ടുല്ലായിരുന്നു. ”

അനുവിനെ നോക്കി മനു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. അനു മാത്രം മുഖം വീർപ്പിച്ച് നിന്നു. മൂന്ന് മണിയോടെ അനുവും മനുവും മുളകുന്നത്തേക്ക് തിരിച്ചുപൊന്നു.

വർക്ക്‌ ലോഡ് കൂടുതലായിരുന്നത് കൊണ്ട് രാത്രി വൈകിയും ലാപ്ടോപ്പിന് മുന്നിൽ തന്നെയിരുന്ന അഭിരാമി ഉറങ്ങുമ്പോൾ സമയം രണ്ട് കഴിഞ്ഞിരുന്നു. കാലത്ത് അവളുണരാൻ വൈകിയത് കൊണ്ട് അജിത്ത് നേരത്തെ ഓഫീസിലേക്ക് പോയിരുന്നു. അവൾ ഓഫീസിന് മുന്നിലെ ബസ്സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു.

” ഇന്നെന്താഡോ പുള്ളിക്കാരൻ തന്നെയൊഴിവാക്കിയോ പുള്ളി നേരത്തെ പോയല്ലോ . ”

റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോൾ ഓടി അവളുടെ അടുത്തേക്ക് വന്ന നയന ചോദിച്ചു. അഭിരാമിയുടെ ഒപ്പം ജോലി ചെയ്യുന്ന പെൺകുട്ടിയാണ് നയന.

” ഇന്നലത്തെ ഉറങ്ങാൻ കുറച്ച് ലേറ്റായി അതുകൊണ്ട് എണീക്കാനും താമസിച്ചു. അജിത്തേട്ടന് തിരക്കുള്ളോണ്ട് നേരത്തെ പോയതാ ”
അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഭിരാമി ചോദിച്ചു.

“അത്ര നേരത്തെയൊന്നുമല്ല പുള്ളിക്കാരൻ അങ്ങോട്ട് പാസ്സ് ചെയ്തയുടനെയാ തന്റെ ബസ്സ് വന്നത്. ”

അത് കേട്ടതും അഭിരാമിയുടെ മുഖത്ത് ചുളിവുകൾ വീണു.

” അല്ല ആരായിരുന്നു പുള്ളിടെ കൂടെയുണ്ടായിരുന്ന പെൺകുട്ടി ? സിസ്റ്ററാവുമല്ലേ? ”

അഭിരാമിയിൽ വീണ്ടുമൊരു ഞെട്ടലുണ്ടായി. ആലോചനയിൽ മുഴുകി നിൽക്കുന്ന അവളെയൊന്ന് നോക്കി ഒരു മന്ദഹാസത്തോടെ നയന അകത്തേക്ക് നടന്നു.

” രാവിലെ നേരത്തെ പോന്ന അജിത്തേട്ടൻ ഇതുവരെ എവിടെയായിരുന്നു.? അനു വീട്ടിൽ ഇല്ലാത്തപ്പോൾ പിന്നെ ആരായിരുന്നു അജിത്തേട്ടനൊപ്പമുണ്ടായിരുന്നുവെന്ന് നയന പറഞ്ഞ പെൺകുട്ടി ? ”

പതിയെ ഓഫീസിനകത്തേക്ക് നടക്കുമ്പോൾ അഭിരാമി തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോഴും പല വിധ ചിന്തകൾ കൊണ്ട് അവളുടെ മനസ്സ് കലുഷിതമായിരുന്നു. അൽപ്പനേരം ആലോചിച്ചിരുന്നിട്ട് അവൾ ഫോണെടുത്ത് അജിത്തിന്റെ നമ്പർ ഡയൽ ചെയ്തു.
ഒന്ന് രണ്ട് ബെല്ലിന് ശേഷം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.

” എന്താ അഭീ നിനക്ക് ഞാൻ ഓഫീസിലല്ലേ ? ”

മറുവശത്ത് നിന്നും അലോസരം നിറഞ്ഞ അജിത്തിന്റെ ചോദ്യം വന്നു.

” ഇന്ന് അജിത്തേട്ടന്റെ കൂടെ ആരാ ഉണ്ടായിരുന്നത് രാവിലെ ? ”

അവന്റെ ചോദ്യം കേട്ട് ഒരു വല്ലായ്മ തോന്നിയെങ്കിലും അവൾ പെട്ടന്ന് ചോദിച്ചു.

” എന്റെ കൂടെ ആരുണ്ടാവാൻ ആരുമില്ലായിരുന്നു. വെറുതെ സമയം കളയാതെ നീ വച്ചേ എനിക്കിവിടെ നൂറുകൂട്ടം ജോലിയുണ്ട് . ”

അലക്ഷ്യമായി പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു. എന്തുകൊണ്ടോ അഭിരാമിയുടെ കണ്ണുകൾ നിറഞ്ഞു.

” എന്താടോ ഒരു വിഷമം പോലെ പുള്ളിയുമായി വഴക്കിട്ടോ ? ”

അങ്ങോട്ട്‌ വന്നുകൊണ്ട് നയന ചോദിച്ചു.

” ഏയ് നതിങ് ”

പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.

” താൻ വിഷമിക്കണ്ടഡോ ഈ ആണുങ്ങളൊക്കെ ഇങ്ങനാണ്. അവരുടെ കാര്യങ്ങൾ നടത്താൻ മാത്രമേ അവർക്ക് നമ്മുടെ ആവശ്യമുള്ളു. പിന്നെ തരം കിട്ടിയാൽ അവർ പുതിയ മേച്ചിൽ പുറങ്ങൾ തേടാനും മടിക്കില്ല . അയ്യോ ഞാൻ എല്ലാവരെയും കുറിച്ചല്ല കേട്ടോ പറഞ്ഞത്. ചിലരെങ്കിലുമുണ്ട് അങ്ങനെ. അപ്പോ ശരി ഞാനങ്ങോട്ട് ചെല്ലട്ടെ ”

പറഞ്ഞുകൊണ്ട് അവളെയൊന്ന് പാളി നോക്കി നയന തന്റെ സീറ്റിലേക്ക് നടന്നു. അപ്പോഴേക്കും അവൾ വിതറിയ തീക്കനലുകൾ അഭിരാമിയുടെ ഉള്ളിൽ കിടന്ന് പുകഞ്ഞ് തുടങ്ങിയിരുന്നു .

” രാവിലെ എന്നെ ഒഴിവാക്കി ആരുടെ കൂടെയായിരുന്നു കറക്കം ? ”

വൈകുന്നേരം അജിത്തിനൊപ്പം ബൈക്കിലിരിക്കുമ്പോൾ അഭിരാമി ചോദിച്ചു.

” ദേ അഭീ വെറുതെ വഴക്കിന് വരരുത് കേട്ടോ. എന്റെ കൂടെ ആരുണ്ടായിരുന്നെന്നാ നീയീ പറയുന്നത്. ”

അസഹ്യതയോടെ അവൻ ചോദിച്ചു. പിന്നീട് അഭിരാമി ഒന്നും തന്നെ സംസാരിച്ചില്ല.
ഓഫീസിൽ ഒരു സ്റ്റാഫിന് സുഖമില്ലാതെ ലീവിലായത് കൊണ്ട് ഉണ്ടായ അധികം ജോലിത്തിരക്കിന്റെ ക്ഷീണവും ടെൻഷനും കാരണം അവളോട് സംസാരിക്കാനോ അവളെയൊന്ന് സമാധാനിപ്പിക്കാനോ കഴിയാതെ അജിത്ത് രാത്രി നേരത്തെ ഉറങ്ങിപ്പോയിരുന്നു. ഈ സമയം ഓരോന്നോർത്ത് അഭിരാമിയുടെ മനസ്സ് കാടുകയറിക്കൊണ്ടിരുന്നു. ചിന്തകൾ അവളെ വല്ലാതെ അലോസരപ്പെടുത്തിക്കോണ്ടിരുന്നു. അജിത്തിന്റെ പെരുമാറ്റം അവളെ വല്ലാതെ വേദനിപ്പിച്ചു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

നിനക്കായ്‌ : ഭാഗം 12

നിനക്കായ്‌ : ഭാഗം 13

നിനക്കായ്‌ : ഭാഗം 14

നിനക്കായ്‌ : ഭാഗം 15

നിനക്കായ്‌ : ഭാഗം 16