Wednesday, January 22, 2025
Novel

നിൻ നിഴലായ് : ഭാഗം 7

എഴുത്തുകാരി: ശ്രീകുട്ടി

അടിയുടെ ആഘാതത്തിൽ ജാനകിയൊന്ന് വേച്ചുപോയി. കൈകൾ കവിളിലമർത്തി അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ മിഴികൾ കലങ്ങിയിരുന്നു. ” നിങ്ങൾക്കെന്താ ഭ്രാന്താണോ ???? ” വേദനയും ദേഷ്യവും കൊണ്ട് ചുളിഞ്ഞ മുഖത്തോടെ അവൾ ചോദിച്ചു. ” അതേടി എനിക്ക് ഭ്രാന്താ നീ ചെയ്തതിന് ഇതല്ല വേണ്ടത് ” ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളിക്കൊണ്ട് അഭിജിത്ത് പറഞ്ഞു. ” ഞാനെന്ത് ചെയ്തെന്നാ ??? ” ” മതിയെഡീ കിടന്നഭിനയിച്ചത്. ഇതെന്തോന്നാഡീ ചെയ്തുവച്ചേക്കുന്നത് ??? ” ഡ്രസ്സിങ്ങ് ടേബിളിന് മുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൻ അലറി.

അപ്പോഴാണ് ജാനകിയുടെ മിഴികൾ അങ്ങോട്ട് നീണ്ടത്. അവിടെ തലേദിവസം ജോലി പാതിയാക്കി വച്ച ഏതോ ഒരു ഫയലിന് മുകളിലായി അവൾ തലയിൽ കെട്ടിയഴിച്ചിട്ട നനഞ്ഞ തോർത്ത്‌ കിടന്നിരുന്നു. അതിലെ നനവ് ഫയലിലേക്കും പടർന്നിരുന്നു. അവൾ പെട്ടന്ന് കൈ നീട്ടി അതുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു. അപ്പോഴും ടേബിളിലേക്ക് തന്നെ നോക്കിനിന്ന് ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു അഭിജിത്ത്. ” എന്റീശ്വരാ….എന്തൊരടിയാ അടിച്ചത് ” തോർത്ത്‌ വിരിച്ചിട്ട് ചുവരിലെ കണ്ണാടിയിൽ നോക്കി അടികൊണ്ട കവിളിൽ വിരലോടിച്ചുകൊണ്ട് അവൾ സ്വയം പറഞ്ഞു.

അവളുടെ വെളുത്ത കവിളിൽ അവന്റെ അഞ്ചുവിരലുകളും പതിഞ്ഞുകിടന്നിരുന്നു. ” ഇനി അതിനകത്ത് കയറി അടയിരിക്കാതെ ഇങ്ങോട്ടിറങ്ങെഡീ എനിക്ക് കുളിക്കണം ” പെട്ടന്ന് പുറത്ത് നിന്നും അഭിജിത്തിന്റെ ഉച്ചത്തിലുള്ള വിളി കേട്ട് ജാനകി വേഗത്തിൽ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൾ പുറത്തേക്കിറങ്ങിയതും അവനകത്തേക്ക് കയറി വാതിൽ ഉച്ചത്തിൽ കൊട്ടിയടച്ചു. അടഞ്ഞ ആ വാതിലിലേക്ക് നോക്കി അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് ജാനകി താഴേക്ക് നടന്നു. ” എന്താടി ഒരു രാത്രികൊണ്ട് തന്നെ ഏട്ടന് ഒരുനിമിഷം പോലും നിന്നെക്കാണാതിരിക്കാൻ പറ്റുന്നില്ലേ ??? “

കൈകൾ കൊണ്ട് മുഖം അമർത്തിത്തുടച്ച് താഴേക്ക് വരുമ്പോൾ ജാനകിയെക്കണ്ട് മുകളിലേക്ക് വരികയായിരുന്ന അപർണ ചോദിച്ചു. ” അതേഡീ… നിന്റേട്ടനിടയ്ക്കിടയ്ക്ക് എന്നെക്കണ്ടോണ്ടിരിക്കണം ” പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. പിന്നെ അവൾ വേഗം താഴേക്ക് നടന്നു. ” ഡീ നീയൊന്ന് നിന്നേ …. ” പെട്ടന്ന് പിന്നിൽ നിന്നും അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അപർണ പറഞ്ഞു. ” എന്താടീ ??? ” ചോദിച്ചുകൊണ്ട് ജാനകി തിരിയുമ്പോൾ അപർണയുടെ കണ്ണുകൾ അവളുടെ അടികൊണ്ട് ചുവന്ന കവിളിലായിരുന്നു. ” ഇതെന്താഡീ ഏട്ടൻ നിന്നെ തല്ലിയോ ??? “

ആ ചുവപ്പിലൂടെ വിരലോടിച്ചുകൊണ്ട് അവൾ ചോദിക്കുമ്പോഴും ജാനകിയുടെ അധരങ്ങളിൽ പുഞ്ചിരി തന്നെയായിരുന്നു. ” ആഹ് ഇത് ഞാൻ ചോദിച്ചുവാങ്ങിയതാ. നീ വിഷമിക്കണ്ട ഇപ്പൊ എന്നെ തല്ലിയാ ആ കൈകൊണ്ട് തന്നെ അങ്ങേരെന്നെ ചേർത്ത് പിടിച്ചിരിക്കും. നിനക്ക് ജാനകിയെ നന്നായിട്ടറിയാല്ലോ പക്ഷേ നിന്റേട്ടന് ഇതുവരെ എന്നെ മനസ്സിലായിട്ടില്ല. അതങ്ങേരെ ഞാൻ മനസ്സിലാക്കിക്കൊടുത്തോളാം ” പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് താഴേക്കിറങ്ങിപ്പോകുന്ന അവളെ നോക്കി നിൽക്കുമ്പോൾ അപർണയ്ക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. “

കുളിയൊക്കെ കഴിഞ്ഞ് മടിച്ചുമടിച്ചാണ് താഴേക്ക് ഇറങ്ങിച്ചെന്നത്. പെട്ടന്നത് കണ്ടപ്പോ ഉള്ളിലെ അമർഷമെല്ലാം കൂടി അണപൊട്ടിയൊഴുകിയപ്പോഴാണ് ആവേശത്തിൽ അവളുടെ കരണത്തടിച്ചത്. പിന്നീടുണ്ടാകാൻ പോകുന്നതിനെക്കുറിച്ചൊന്നും അപ്പോ ഒരു ബോധവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോ…. അവളുടെ മുഖം കണ്ടാൽ അച്ഛനും അമ്മയും കൂടി അവളുടെ പക്ഷം ചേർന്ന് യുദ്ധത്തിന് വരുമെന്ന കാര്യം ഉറപ്പായിരുന്നു. എന്തായാലും രണ്ടും കല്പ്പിച്ച് താഴേക്ക് ചെന്നു. താഴെ ചെല്ലുമ്പോൾ എല്ലാവരും ഹാളിൽ തന്നെയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടിട്ട് ഒന്നുമറിഞ്ഞ ലക്ഷണമില്ല.

രണ്ടുപേരും കൂടി ചായയും കുടിച്ച് എന്തോ വലിയ ആഗോള കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പു Tv യുടെ മുന്നിലുമിരുന്നിരുന്നു. എന്റെ ജീവിതം കോഞ്ഞാട്ടയാക്കാൻ വന്നവളെ മാത്രം അവിടെയൊന്നും കാണുന്നുണ്ടായിരുന്നില്ല. ഭാഗ്യം കാലത്തേ തന്നെ . അവളുടെ മരമോന്ത കണ്ടിട്ട് പോകേണ്ടല്ലോന്നോർത്ത് മുന്നോട്ട് നടക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും അവളുടെ വിളി കേട്ടത് . ” അഭിയേട്ടാ കഴിച്ചിട്ട് പോ… ” ലവളാണ്…. ഡൈനിങ് ടേബിളിലേക്ക് എന്തോ കൊണ്ടുവച്ചുകൊണ്ടാണ് പറഞ്ഞത്. ” എനിക്കൊന്നും വേണ്ട കഴിച്ചിടത്തോളം മതി “

” അതേ ഒന്നിങ്ങോട്ട് നോക്കിക്കേ ” അവളെ നോക്കാതെ പറഞ്ഞിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും അവൾ വിളിച്ചത്. പിന്നിന്ന് വിളിച്ചതിന്റെ ദേഷ്യത്തിൽ തിരിയുമ്പോ അടികൊണ്ട കവിളും തടവി അച്ഛനേം അമ്മേം പിന്നെ എന്നെയും മാറി മാറി നോക്കി ഒരു . കൊലച്ചിരിയും കൊണ്ട് നിൽപ്പുണ്ട്. ” കഴിക്കുന്നില്ലെന്നുറപ്പിച്ചോ ??? ” നിഷ്കളങ്ക ഭാവത്തിൽ എന്നെ നോക്കിക്കൊണ്ട് ആ കള്ളി ചോദിച്ചു. ഒപ്പം കവിളിൽ വിരലോടിക്കുന്നുമുണ്ട്. ഉള്ളിൽ നുരഞ്ഞ ദേഷ്യമൊക്കെ ഒരു നീർക്കുമിള പോലെ പൊട്ടി. അവസാനം അവളുടെ ഭീഷണിക്ക് വഴങ്ങി കഴിക്കാനിരിക്കുമ്പോൾ tv കണ്ടുകൊണ്ടിരുന്ന പെങ്ങള് കുരുപ്പും വായ പൊത്തിച്ചിരിക്കുന്നുണ്ടായിരുന്നു.

അതൂടെ കണ്ടപ്പോൾ ലവളോടുള്ള ദേഷ്യം പിന്നെയും കൂടി. പറഞ്ഞിട്ടെന്താ കാര്യം ബോളവൾടെ കോർട്ടിലായിപ്പോയില്ലേ. അവൾ പ്ലേറ്റിലേക്ക് ചൂട് ഇടിയപ്പവും മുട്ടക്കറിയും വിളമ്പി. മിണ്ടാതിരുന്ന് കഴിച്ചുതുടങ്ങി. ” എങ്ങനുണ്ട് ” ” വായിൽ വെക്കാൻ കൊള്ളില്ല ” ഫുഡ് ടേസ്റ്റിയായിരുന്നുവെങ്കിലും അവളോടങ്ങനെ പറയാൻ മനഃപൂർവം തോന്നിയില്ല. എന്തായാലും സംഗതി ഏറ്റിട്ടുണ്ട് അവളുടെ മുഖം മങ്ങി. അത് കണ്ടപ്പോൾ എന്തോ ഒരു ആത്മ നിർവൃതി തോന്നി. ഒന്നൂടി കഴിക്കണമെന്നുണ്ടായിരുന്നുവെങ്കിലും കൊള്ളില്ലെന്ന് പറഞ്ഞിട്ട് വലിച്ചുവാരിത്തിന്ന് ഉള്ള വില കളയേണ്ടെന്ന് കരുതി മാത്രം വേണ്ടെന്ന് വച്ച് വേഗം എണീറ്റു.

” ദാ ഞാൻ നശിപ്പിച്ച ഫയൽ ” വാഷ് ബേസിനരികിൽ നിന്നും കൈ കഴുകി തിരിയുമ്പോൾ പിന്നിൽ വന്നുകൊണ്ട് അവൾ പറഞ്ഞു. കയ്യിൽ രാവിലെ നനഞ്ഞ ഫയലുമുണ്ടായിരുന്നു. ഒരു പുച്ഛത്തോടെ അവളിൽ നിന്നും അത് വാങ്ങി നിവർത്തി നോക്കി. രാവിലെ നനയാൻ ഇനിയൊരു പേപ്പറുപോലും ബാക്കിയില്ലായിരുന്ന അതിലൊന്നും വെള്ളം നനഞ്ഞതിന്റെ ഒരു സൂചന പോലുമുണ്ടായിരുന്നില്ല അപ്പോൾ . എങ്കിലും മുഖത്ത് പുച്ഛമൊട്ടിച്ചുവച്ച് പുറത്തേക്ക് നടന്നു. ബൈക്കിൽ കയറി പുറത്തേക്ക് കടക്കുമ്പോൾ അവൾ പൂമുഖത്തുണ്ടായിരുന്നുവെങ്കിലും മനഃപൂർവം നോക്കാതെ പുറത്തേക്ക് പൊന്നു. “

” അഭി പോയോ മോളേ ??? ” പൂമുഖത്ത് നിന്ന ജാനകിയുടെ പിന്നിൽ വന്നുകൊണ്ട് ശ്രീജ ചോദിച്ചു. മറുപടിയായി അവളൊന്ന് മൂളി. ” രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞ് ഓരോന്നോർത്ത് വെറുതെ ബാൽക്കണിയിലിരിക്കുകയായിരുന്നു. അഭിയേട്ടന്റെ അവഗണനയൊഴിച്ചാൽ ഹൃദയം കൊണ്ട് ഞാൻ വളരെ സന്തോഷിച്ചിരുന്നു. ഇടക്കെപ്പോഴെല്ലാമോ അഥിതിയായി മാത്രം വരാറുണ്ടായിരുന്ന ഈ വീട് ഇന്ന് തന്റേത് കൂടിയാണ്. ഒരുപാട് സ്നേഹമുള്ള ഒരച്ഛന്റെയും അമ്മയുടെയും കൂടി മകളായിരിക്കുന്നു താൻ . ഒരിക്കൽ ചങ്ക് കൂട്ടുകാരി മാത്രമായിരുന്നവൾ ഇന്നെനിക്കും സഹോദരിയാണ്.

ഇതിലെല്ലാമുപരി ഓർമ വച്ച കാലം മുതൽ ഹൃദയത്തിൽ കൊണ്ടുനടന്നവൻ ഇന്ന് തനിക്ക് മാത്രം സ്വന്തമായിരിക്കുന്നു. ” അറിയാതെ ജാനകിയുടെ ചുണ്ടുകളിൽ പുഞ്ചിരിവെട്ടം വീശി. ” എന്താഡീ ഒരാലോചന ??? ” അങ്ങോട്ട് വന്ന് അവളുടെ അരികിലേക്ക് ഇരുന്നുകൊണ്ട് അപർണ ചോദിച്ചു. ” ഒന്നൂല്ലഡീ….. ഞാൻ വെറുതെ ഓരോന്നാലോചിച്ചിങ്ങനെ… ” പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ജാനകി പറഞ്ഞു. ” എന്തായാലും എന്റെ മോളേ ഇങ്ങനെയാണ് പോക്കെങ്കിൽ നീയെന്റേട്ടനെ പിടിച്ചുകെട്ടും “. അവളെ നോക്കി ചിരിയോടെ അപർണ പറഞ്ഞു. ” അതെന്താഡീ നീ അങ്ങനെ പറഞ്ഞത് ??? “

” അല്ല കാലത്തെ തുള്ളിച്ചാടി താഴേക്ക് വന്ന ഏട്ടൻ പൂച്ചക്കുട്ടിയേപ്പോലെ വന്നിരുന്ന് കഴിച്ചതോർത്ത് പറഞ്ഞതാ. ” ” എടീ അതങ്ങേരെന്നെ പേടിച്ചിട്ടൊന്നുമല്ല തല്ലിയ കാര്യം ഞാൻ അച്ഛനോഡോ അമ്മയോടോ പറയുമെന്ന് പേടിച്ചിട്ടാ ” അപർണ പറഞ്ഞത് കേട്ട് ചിരിയോടെ ജാനകി പറഞ്ഞു. ” ജാനീ….. ” വിളിക്കുമ്പോൾ അപർണയുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു. ചോദ്യഭാവത്തിൽ ജാനകി അവളെ നോക്കി. ” എടാ നിനക്ക് ശ്രദ്ധയെ നേരത്തെയറിയുമോ ???. ” പെട്ടന്നുള്ള അവളുടെ ചോദ്യം ജാനകിയുടെ ചുണ്ടിലെ ചിരി മായ്ച്ചു. ” മ്മ്മ്… ” അവളൊന്ന് മൂളി. ” എങ്ങനെ ??? “

” കോളേജിൽ വച്ച് ആദ്യം അവളെന്റെ ഫ്രണ്ടായിരുന്നു. പിന്നീടെപ്പോഴോ എന്റെ ഏറ്റവും വലിയ ശത്രുവുമായി. ആദ്യമൊന്നും എനിക്കവളെ ശരിക്കറിയില്ലായിരുന്നു. പിന്നീട് പതിയെപ്പതിയെ അവളുടെ ഉള്ളിലെ വിഷം ഞാനും തിരിച്ചറിഞ്ഞു. കോളേജ് വിദ്യാർത്ഥികളെ ടാർഗെറ്റ് ചെയ്ത് പ്രവർത്തിച്ചിരുന്ന വലിയൊരു മയക്കുമരുന്ന് ഗാങ്ങിൽ അവളും അംഗമായിരുന്നു. അവളിലൂടെ ഒരുപാട് കുട്ടികൾ അവരിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഒരുദിവസം ആത്മാർത്ഥ കൂട്ടുകാരിയായിരുന്ന എന്നെയും അവൾ ചതിക്കാൻ നോക്കി. അതോടെ ഞാനവളിൽ നിന്നും പൂർണമായും അകന്നു.

മാത്രമല്ല അവളുടെ ഏറ്റവും വലിയ പ്രതിയോഗിയുമായി. അന്നത്തെ ആ പക എന്നോട് അവൾക്കിപ്പോഴുമുണ്ട്. ഇപ്പോഴത് ഒന്നുകൂടി കൂടിയിട്ടേയുള്ളൂ. അവൾ മോഹിച്ച താലിയല്ലേ എന്റെയീ കഴുത്തിൽ കിടക്കുന്നത്. ” ജാനകിയുടെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു അപ്പോഴും അപർണ. ” അല്ല നീയിപ്പോ ഇങ്ങനെയൊരു സംശയം ചോദിക്കാനെന്താ കാര്യം ??? ജാനകി പെട്ടന്ന് ചോദിച്ചു. ” നിന്നേക്കാളധികം നിന്നെയറിയാവുന്നവളല്ലേഡീ ഞാൻ ???? ജാനകിയുടെ കയ്യക്ഷരം ഈ അപർണയ്ക്ക് തെറ്റുമോ ??? ശ്രദ്ധയുടെയും ഏട്ടന്റെയും വിവാഹം മുടങ്ങാൻ കാരണമായ ആ ലെറ്റർ ഞാനും കണ്ടു. “

തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നിരുന്ന ജാനകിയോടായി അപർണ പറഞ്ഞു. ” ചീപ്പാണ് പക്ഷേ എനിക്ക് വേറെ വഴിയൊന്നുമില്ലായിരുന്നെടാ ” അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ജാനകി പറഞ്ഞു. അപർണ പുഞ്ചിരിയോടെ അവളെ കെട്ടിപിടിച്ചു. ” നിന്നെ ഞാൻ വെറുതെ വിടില്ല ജാനകി…… നിന്റെയീ ജീവിതം ഞാൻ ചവിട്ടിയരക്കും ” മുറിയിൽ വെറും തറയിലിരുന്നിരുന്ന ശ്രദ്ധ ഒരുന്മാദിനിയെപ്പോലെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ മുടിയിഴകൾ പാറിപറന്ന് കിടന്നിരുന്നു. കണ്ണുകളിലെ ചുവന്ന ഞരമ്പുകൾ വല്ലാതെ തെറിച്ചുനിന്നിരുന്നു. അവളുടെ ഒരു കയ്യിൽ ഒരു സിറിഞ്ജും മറുകയ്യിൽ ഒരു കത്തിയും പിടിച്ചിരുന്നു.

ആ കത്തികൊണ്ട് അവൾ മുന്നിൽ തറയിൽ കിടന്നിരുന്ന അഭിയുടെയും ജാനകിയുടെയും വിവാഹഫോട്ടോയിൽ ഒരു ഭ്രാന്തിയെപ്പോലെ ആഞ്ഞാഞ്ഞ് കുത്തിക്കോണ്ടിരുന്നു. ” മോളെ ഇനിയെങ്കിലും ഇതൊക്കെയൊന്ന് മതിയാക്കിക്കൂടെ ??? എത്ര കാലമായി മോളേ നീയിങ്ങനെ സ്വയം പകയിൽ എരിഞ്ഞടക്കിക്കോണ്ടിരിക്കുന്നു ??? സ്വന്തം ജീവിതം തന്നെ നശിപ്പിച്ചുകൊണ്ടുള്ള ഈ ഭ്രാന്ത് ഒന്നവസാനിപ്പിക്ക് “. അകത്തേക്ക് വന്ന് അവളുടെ തലമുടിയൊതുക്കിക്കൊണ്ട് സുധ പറഞ്ഞു.

ശ്രദ്ധ ഒരുതരം വികൃത ഭാവത്തിൽ അവരെ നോക്കി. ” അവസാനിപ്പിക്കാം അഡ്വക്കേറ്റ് ബാലചന്ദ്രമേനോന്റെ കുടുംബം തരിപ്പണമായതിന് ശേഷം. അതുവരെ എന്റെ മനസ്സടങ്ങില്ല. ” ” മോളേ നിന്റെ ചതി തിരിച്ചറിയാതെ നിന്നെ ജീവനായി സ്നേഹിച്ച ആ പാവം പയ്യനെ ഓർത്തെങ്കിലും നീയവരെ വെറുതേ വിട്. ” ” വിടില്ല…. പ്രത്യേകിച്ച് ഇവളെ … ” ജാനകിയുടെ മുഖം കത്തികൊണ്ട് കോറിക്കൊണ്ട് ശ്രദ്ധ പറഞ്ഞു. ” മോളേ…. ” ” മതി….. മേനോന്റെ കുടുംബത്തിന് വേണ്ടി എന്നോട് വക്കാലത്തിന് വരണ്ട വന്നാൽ നിങ്ങളെയും ഞാൻ കൊല്ലും. പൊയ്ക്കോ എന്റെ മുന്നീന്ന് “

സുധയുടെ നേരെ നോക്കി അലറുകയായിരുന്നു അവൾ. നിറഞ്ഞൊഴുകിയ കണ്ണുകൾ സാരിത്തുമ്പാലൊപ്പിക്കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി. തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കാണ് . മകളുടെ പോക്കെന്നറിഞ്ഞിട്ടും അവളെയൊന്ന് തിരുത്താൻ പോലുമാകാത്തതിൽ നെഞ്ചുപൊട്ടിക്കരയാൻ മാത്രമേ ആ പാവം അമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ. ” ജയിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല ജാനകി… നിന്നെ തകർക്കാൻ വേണ്ടി ഇവന്റെ ജീവൻ വരെ വേണ്ടി വന്നാൽ ഞാനെടുക്കും. ഞാൻ പറഞ്ഞില്ലേഡീ നിന്നോട് നിന്റെ താലി ഞാനഴിപ്പിക്കുമെന്ന് . നിന്റെ ജീവനായ ഇവനെ ഇല്ലാതാക്കിയിട്ടായാലും നിന്റെ താലി ഞാനറുക്കുമെഡീ…. “

തുടരും…..

നിൻ നിഴലായ് : ഭാഗം 1

നിൻ നിഴലായ് : ഭാഗം 2

നിൻ നിഴലായ് : ഭാഗം 3

നിൻ നിഴലായ് : ഭാഗം 4

നിൻ നിഴലായ് : ഭാഗം 5

നിൻ നിഴലായ് : ഭാഗം 6