Wednesday, January 22, 2025
Novel

നിൻ നിഴലായ് : ഭാഗം 18

എഴുത്തുകാരി: ശ്രീകുട്ടി

” ജാനകീ …. ” തന്റെ മാറിലേക്ക് കുഴഞ്ഞുവീണവളെ ചേർത്തുപിടിച്ചുകൊണ്ട് അഭി വിളിച്ചു. ” അയ്യോ മോളെ എന്താ എന്തുപറ്റി ??? ” ചോദിച്ചുകൊണ്ട് സിന്ധുവും ഓടിയവരുടെ അരികിലെത്തി. സദസിലുണ്ടായിരുന്നവരൊക്കെ അമ്പരപ്പോടെ അങ്ങോട്ട്‌ തന്നെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ. ” ഈ കുട്ടിക്കിതെന്തുപറ്റി പെട്ടന്ന് ??? ” ” തിരക്കിനിടയിൽ ചിലപ്പോ ഒന്നും കഴിച്ചുകാണില്ല.

” ആളുകളിൽ നിന്നും പലതരം അഭിപ്രായങ്ങൾ ഉയർന്നു. ” ഇതതൊന്നുമല്ല കെട്ട് കഴിഞ്ഞിട്ട് കൊല്ലമൊന്നാകുന്നില്ലേ ഇതതുതന്നെ ” ഏറ്റവും മുന്നിലിരുന്ന അല്പം പ്രായം ചെന്ന ഒരു സ്ത്രീ പല്ലില്ലാത്ത മോണകാട്ടി കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ” അരുൺ എന്റെ ജാനകി….. ” പെട്ടന്ന് എന്തോ ഓർത്തത് പോലെ മണ്ഡപത്തിൽ നിന്നിരുന്ന അരുണിന്റെ നേർക്ക് നോക്കി അഭി വിളിച്ചു. അവൻ വേഗം കഴുത്തിൽ നിന്നും ഹാരമൂരി അപർണയുടെ കയ്യിലേക്ക് കൊടുത്തിട്ട് അങ്ങോട്ട് ചെന്നു. അവളുടെ ഹാർട്ട് ബീറ്റ്സൊക്കെ നോക്കിയ അരുണിന്റെ ചുണ്ടിലൊരു ചെറുപുഞ്ചിരി വിരിഞ്ഞു.

” പേടിക്കാനൊന്നുമില്ല ലക്ഷ്ണങ്ങളൊക്കെ കണ്ടിട്ട് ജാനകി അമ്മയാകാൻ പോകുകയാണ് ” അരുണിന്റെ ആ വാക്കുകൾ കൂടിനിന്നിരുന്നവരിലെല്ലാം പുഞ്ചിരി വിടർത്തി. അഭിയുടെ നോട്ടം വാടിക്കുഴഞ്ഞ് തന്റെ മാറിലേക്ക് വീണുകിടക്കുന്നവളിലേക്ക് നീണ്ടു. പരിസരം പോലും മറന്ന് അവനവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു. ആ രംഗം കണ്ടുനിന്നവരുടെയെല്ലാം മനസ്സ് നിറച്ചു. അങ്ങനെ ചടങ്ങുകളെല്ലാം മംഗളമായി കഴിഞ്ഞു. രാത്രിയായപ്പോഴേക്കും ആകെയൊരു നിശബ്ദത ശ്രീമംഗലത്തെ വിഴുങ്ങിയിരുന്നു.

അപർണയുടെ അഭാവം എല്ലാവരിലും വല്ലാത്തൊരു മൂകത പടർത്തിയിരുന്നു. അത്താഴമൊക്കെ കഴിഞ്ഞ് അഭി പതിയെ റൂമിലേക്ക് നടന്നു. സന്ധ്യയ്ക്ക് ചെറിയൊരു ക്ഷീണം പോലെ തോന്നിയത് കൊണ്ട് ജാനകിയെ ശ്രീജ റൂമിൽ കൊണ്ട് കിടത്തിയിരുന്നു. അഭി റൂമിലെത്തുമ്പോൾ അവൾ ബെഡിൽക്കിടന്ന് തളർന്നുറങ്ങുന്നുണ്ടായിരുന്നു. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങിക്കിടക്കുന്ന അവളെ ആദ്യം കാണുന്നത് പോലെ അവനൽപ്പനേരം നോക്കി നിന്നു. പിന്നെ തിരിഞ്ഞ് വാതിലടച്ചിട്ട്‌ ബെഡിൽ അവൾക്കരികിലായി ചെന്നിരുന്നു.

അവളുടെ സുതാര്യമായ സാരിയൽപ്പം നീക്കി ആ വയറിൽ പതിയെ ചുംബിക്കുമ്പോൾ വല്ലാത്തൊരു വാത്സല്യം അവനിൽ അലതല്ലിയിരുന്നു. ആ ചുണ്ടിന്റെ ചൂടറിഞ്ഞാവാം പെട്ടന്ന് കണ്ണുതുറന്ന ജാനകി ചാടിയെണീറ്റു. ” ഒന്ന് പതിയെ എണീക്ക് പെണ്ണേ എന്റെ മോൾക്ക് വേദനിക്കും. ” അവൻ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചു. ” ആഹാ അപ്പോഴേക്കുമങ്ങ് തീരുമാനിച്ചോ മോളാണെന്ന് ??? ” ” ആഹ്… അതിപ്പോ തീരുമാമാനിക്കാനെന്താ മോള് തന്നെയാവും. ” അവളുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആ കുഞ്ഞുമുഖം മുന്നിൽ കാണുന്നത് പോലെ അവൻ പുഞ്ചിരിച്ചു.

തന്റെ വയറിൽ പതിയെ തലോടിയ ജാനകിയും ഉള്ള് നിറഞ്ഞ് പുഞ്ചിരിച്ചു. രാത്രി ഒരുപാട് വൈകിയിട്ടും ഉറക്കം വരാതെ അവരാ കുഞ്ഞുമാലാഖയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ മുഴുകിയിരുന്നു. പിറ്റേദിവസം കാലത്ത് ഏഴുമണിയോടെ ശ്രദ്ധ പുറത്തേക്ക് വരുമ്പോൾ എങ്ങോട്ടോ പോകാനൊരുങ്ങി നിൽക്കുകയായിരുന്നു സുധ. ” അമ്മയിതെങ്ങോട്ടാ ഇത്ര രാവിലെ തന്നെ ??? ” അവരുടെ അരികിലേക്ക് വന്നുകൊണ്ട് അവൾ ചോദിച്ചു. ” ആഹ് നീയെണീറ്റിട്ടിറങ്ങാമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ.

എനിക്ക് ഒറ്റപ്പാലം വരെയൊന്ന് പോണം ” ” അവിടിപ്പോ എന്താ ??? ” അവരുടെ മറുപടി കേട്ട് നെറ്റി ചുളിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു. ” അതല്ലേ പറഞ്ഞത് ആവശ്യമുണ്ടെന്ന്. തല്ക്കാലം അത്രയുമറിഞ്ഞാൽ മതി. ആഹ് ഞാനിറങ്ങുവാ. കാലത്തേക്കുള്ളത് ഉണ്ടാക്കി വച്ചിട്ടുണ്ട്. ഉച്ചക്കെന്തെങ്കിലും ഉണ്ടാക്കണം. ” പറഞ്ഞിട്ട് ഹാൻഡ് ബാഗുമെടുത്ത് അവർ പുറത്തേക്ക് നടക്കുമ്പോൾ മുറ്റത്തൊരു ടാക്സി കാർ വന്ന്നിന്നു. ശ്രദ്ധയെ ഒന്നുകൂടി തിരിഞ്ഞുനോക്കിയിട്ട് അവരതിൽ കയറിപ്പോയി. ” എങ്ങോട്ടാ ??? ” ” ഒറ്റപ്പാലം ” ഡ്രൈവറുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് സുധ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.

കാർ ഒറ്റപ്പാലം കഴിഞ്ഞ് അല്പം കൂടി ഉള്ളിലേക്ക് കയറി ഓടിട്ട ഒരു കൊച്ച് വീടിന് മുന്നിൽ നിന്നു. ഡ്രൈവറോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് അകത്തേക്ക് നടക്കുമ്പോൾ എന്തുകൊണ്ടോ സുധയുടെ കാലുകൾ വിറച്ചു. അവരുടെ ഉള്ളിൽ വല്ലാത്തൊരു വിമ്മിഷ്ടം തോന്നി. മുള്ളുവേലി കെട്ടിത്തിരിച്ച ആ കൊച്ചുവളപ്പ് നിറയെ പൂച്ചെടികളും മറ്റും നട്ടുപിടിപ്പിച്ചിരുന്നു. അരഭിത്തി കെട്ടിയ കൊച്ചുതിണ്ണയുടെ ഒരു മൂലയിൽ പഞ്ഞിപോലെ നരച്ച മുടിയുള്ള പ്രായമായ ഒരു സ്ത്രീ ഇരുന്നിരുന്നു. ” ആരാത് ???.

” മുറ്റത്തേക്ക് ചെന്ന സുധയുടെ നേരെ നോക്കി അവർ പതിയെ ചോദിച്ചു. ” അത് ഞാൻ…… ” ” ആരാ അമ്മേയത് ??? ” സുധ മറുപടി പറയും മുന്നേ അകത്ത് നിന്നും മദ്യവയസ്കയായ മറ്റൊരു സ്ത്രീയുമിറങ്ങി വന്നു. ജീവിതത്തിലെ പ്രാരാബ്ദങ്ങളുടെ ഫലമാവാം ഉള്ളതിലുമധികം പ്രായമവർക്ക് തോന്നിച്ചിരുന്നു. മുഷിഞ്ഞ ഒരു കോട്ടൺ സാരിയായിരുന്നു അവരുടെ വേഷം. കുഴിഞ്ഞ കണ്ണുകളിൽ ദുഃഖമുറഞ്ഞുകൂടിയിരുന്നു. ” കയറിയിരിക്കൂ… ” അകത്തുനിന്നും പഴകി നിറം മങ്ങിയ ഒരു പ്ലാസ്റ്റിക് കസേര തിണ്ണയിലേക്കിറക്കിയിട്ടുകൊണ്ട് സുധയോടായി ആ സ്ത്രീ പറഞ്ഞു. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവരകത്തേക്ക് കയറി.

” എനിക്ക് മനസിലായില്ല …. ” ” ഞാൻ …. ഞാൻ ശ്രീജിത്തിന്റെ അമ്മയാണ്. എനിക്ക് സമീരേയൊന്ന് കാണണം ” അവരുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലാതെ തല കുനിച്ചുനിന്നാണ് സുധയത് പറഞ്ഞത്. പെട്ടന്ന് മുന്നിൽ നിന്നിരുന്ന ആ സ്ത്രീയുടെ മുഖം വലിഞ്ഞുമുറുകി. മിഴികൾ നിറഞ്ഞു. ” എന്തിനാ ഇപ്പൊ വന്നത് മുറിവുകളുണങ്ങിത്തുടങ്ങിയ എന്റെ കുഞ്ഞിന്റെ ഹൃദയത്തെ ഇനിയും കീറിമുറിക്കാനോ ?? നിങ്ങളുടെ മകനെ സ്നേഹിക്കുക എന്നൊരു തെറ്റ് മാത്രമേ പാവമെന്റെ മോള് ചെയ്തിട്ടുള്ളൂ.

അതിന്റെ ഫലമാണ് ഇന്നും മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ ഭയന്ന് ഈ നാലുചുവരൂകൾക്കുള്ളിൽ അവൾ കഴിയുന്നത്. കോടതിമുറികളിലും പത്രത്താളുകളിലുമായി അവളുടെ മാനം ചതച്ചരക്കപ്പെട്ടില്ലേ ?? എല്ലാം നിങ്ങളുടെ മകൻ കാരണമാണ്. ദൈവം പോലും അവനോട് പൊറുക്കില്ല. ഉള്ള് നീറിയാ പറയുന്നത്. എന്റെ കുഞ്ഞിന്റെ കണ്ണീര് ഒരുകാലവുമവനെ വെറുതേ വിടില്ല. അവന്റെ കുലം വെണ്ണീറായിപ്പോകും. ” ” അരുത്….. ഞാനുമൊരമ്മയാണ്.

സ്വന്തം മകനുവേണ്ടി നിങ്ങളുടെ കാലുപിടിച്ചുഞാൻ യാചിക്കുകയാണ്. ശപിക്കരുത് ” നിറമിഴിയോടെ അവരുടെ കാൽക്കലേക്കിരുന്നുകൊണ്ടാണ് സുധയത് പറഞ്ഞത്. ഒരു ഞെട്ടലോടെ സാവിത്രി പിന്നിലേക്ക് മാറി. ” നിങ്ങൾ കാലുപിടിച്ചത് കൊണ്ടോ മാപ്പ് പറഞ്ഞത് കൊണ്ടോ എല്ലാത്തിനും പരിഹാരമാകുമോ ??? തകർന്നടിഞ്ഞുപോയ എന്റെ കുഞ്ഞിന്റെ ജീവിതം തിരിച്ചുതരാൻ നിങ്ങൾക്കാകുമോ??? ” ക്ഷോഭത്തോടെയെങ്കിലും പൊട്ടിക്കരഞ്ഞുകൊണ്ട് അവർ ചോദിച്ചു. ” കഴിയും.

ഒരിക്കൽ എന്റെ മോനെ ജീവന് തുല്യം സ്നേഹിച്ചതല്ലേ സമീര. അതിന്റെ പേരിലെങ്കിലും അവനോടവൾക്ക് ക്ഷമിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും സമ്മതമാണെങ്കിൽ സമീരയെ കൊണ്ടുപോകാനാ ഞാൻ വന്നത് എന്റെ മരുമകളായി, എന്റെ മകന്റെ ഭാര്യയായി. ” സുധയുടെ ഓരോ വക്കുകളും അത്ഭുതത്തോടെയാണ് സാവിത്രി കേട്ടത്. അവർ തളർന്ന് നിലത്തേക്കിരുന്നു. ” അവളിതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ?? ” അല്പനേരത്തെ ആലോചനകൾക്കൊടുവിൽ മിഴികൾ അമർത്തിത്തുടച്ചുകൊണ്ട് അവർ ചോദിച്ചു.

അതിനൊരു മറുപടി സുധയുടെ കയ്യിലുമുണ്ടായിരൂന്നില്ല. ” മോളെ മാളൂ…. ” സാവിത്രി അകത്തേക്ക് നോക്കി വിളിച്ചു. അകത്തുനിന്നും എല്ലാം കേട്ടുനിന്നത് പോലെ അവളിറങ്ങി വന്നു. മെലിഞ്ഞുണങ്ങി കവിളൊട്ടി പാറിപറന്ന മുടിയിഴകളുമായി മുന്നിൽ വന്നുനിന്ന അവളെ കണ്ടപ്പോൾ സുധയുടെ മനസ്സിൽ തെളിഞ്ഞത് ശ്രദ്ധയുടെ മുഖമായിരുന്നു. അവർക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി. ” മോളേ ഞാൻ….. ” എന്തോ പറയാൻ വന്ന സുധയെ അവൾ കയ്യുയർത്തി തടഞ്ഞു. ” എല്ലാം ഞാൻ കേട്ടു.

പറഞ്ഞതൊക്കെ ശരിയാണ്. നിങ്ങളുടെ മകനെ ഞാൻ സ്നേഹിച്ചിരുന്നു. അതിനുള്ള കൂലിയുമെനിക്ക് കിട്ടി. എങ്കിലും ഒരവസരം കൂടി അയാൾക്ക് കൊടുക്കാൻ ഞാൻ തയ്യാറാണ്. ” ദൃഡസ്വരത്തിലുള്ള അവളുടെ വാക്കുകൾ അവിശ്വസനീയതയോടെയാണ് സുധയും സാവിത്രിയും കേട്ടത്. അവരുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവളകത്തേക്ക് നടന്നു. കുറച്ചുസമയത്തിനുള്ളിൽ ഡ്രസ്സ്‌ മാറ്റി അവൾ പുറത്തേക്ക് വന്നു. സാവിത്രിയെയും മുത്തശ്ശിയെയും കെട്ടിപിടിച്ച് യാത്ര പറഞ്ഞ് സുധയോടൊപ്പം അവൾ കാറിലേക്ക് കയറി.

ആ വാഹനമകന്ന് പോകുന്നത് നോക്കി നിന്ന സാവിത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി. ” ന്റെ ദേവി…. എന്റെ കുഞ്ഞിന് തുണയായിരിക്കേണമേ … ” നെഞ്ചിൽ കൈവച്ച് അവർ പ്രാർഥിച്ചു. കാറിലിരിക്കുമ്പോൾ സമീരയും സുധയും പരസ്പരം ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ” മോളേ ക്ഷമിക്കണമെന്ന് പറയാനുള്ള അർഹതയില്ലെന്നമ്മയ്ക്കറിയാം. പക്ഷേ…. മാപ്പ് കൊടുക്കണം എന്റെ മോന്. അവനൊരുപാട് മാറി. ഒരുതവണയെങ്കിലും ഈ അമ്മയ്ക്ക് വേണ്ടി മോളവനെ കേൾക്കണം. “

മൗനത്തെയുടച്ചുകൊണ്ട് അവളുടെ കയ്യിലമർത്തിപ്പിടിച്ചുകൊണ്ട് സുധ പറഞ്ഞു. ” മാപ്പ്…. അതവനീജന്മം ഞാൻ കൊടുക്കില്ല. എതിർപ്പ് കൂടാതെ അവന്റെ ജീവിതത്തിലേക്ക് സമീര വന്നിട്ടുണ്ടെങ്കിൽ അതിനൊരേയൊരു ഉദ്ദേശമേയുള്ളൂ.. പ്രതികാരം. ജീവിതകാലം മുഴുവൻ അവൻ നീറും. നീറ്റും ഞാൻ . ” അവളുടെ ഉള്ളം അലറിവിളിച്ചു. ” മോളെന്താ ആലോചിക്കുന്നത് ???? ” ” ഏയ് ഒന്നുമില്ല. ” പറഞ്ഞിട്ട് അവൾ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. സന്ധ്യയോടെ അവർ തിരികെയെത്തി.

” ശ്രദ്ധ… പോയി നിലവിളക്ക് കൊളുത്തിക്കൊണ്ട് വാ ” കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ശ്രദ്ധയോടായി സുധ പറഞ്ഞു. ” ഞാൻ പറഞ്ഞത് കേട്ടില്ലേ ചെന്ന് വിളക്കെടുക്കെഡീ…. ” ഒന്നും മനസ്സിലാവാതെ നിന്ന അവളെ നോക്കി ആജ്ഞാസ്വരത്തിൽ അവർ പറഞ്ഞു. പിന്നീടൊന്നും പറയാതെ അവളകത്ത്പോയി വിളക്ക് കൊളുത്തിക്കൊണ്ട് വന്നു. സുധയത് കയ്യിൽ വാങ്ങി. ” ഇറങ്ങി വാ മോളേ… ” കാറിന്റെ ഡോർ തുറന്നുകൊണ്ട് അവർ പറഞ്ഞു.

പുറത്തേക്കിറങ്ങിയ സമീരയെ കണ്ട് ശ്രദ്ധയൊന്നമ്പരന്നു. ” വലതുകാലുവച്ച് കയറിവാ മോളെ… ” നിലവിളക്കവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് സുധ പറഞ്ഞു. പെട്ടന്ന് അമ്പരപ്പ് വിട്ടുമാറിയ ശ്രദ്ധ പാഞ്ഞുചെന്നവളുടെ കയ്യിൽ നിന്നും വിളക്ക് തട്ടി താഴേക്കിട്ടു. അതേ സമയം തന്നെ സുധയുടെ വലതുകരം അവളുടെ മുഖത്ത് പതിച്ചു. ” അമ്മേ…… ” അടികൊണ്ട കവിളും പൊത്തിപ്പിടിച്ച് കത്തുന്ന മിഴികളോടെ അവൾ വിളിച്ചു. ” അതേടി അമ്മ തന്നെ. ശിക്ഷിക്കേണ്ട സമയത്ത് ഞാനോ നിന്റച്ഛനൊ നിങ്ങളെ രണ്ട് മക്കളെയും ശിക്ഷിച്ചിട്ടില്ല.

അതിന്റെ ഫലമാണ് ഞങ്ങളനുഭവിച്ചത് മുഴുവൻ. ഇനിയും നിന്നെയൊന്നുമങ്ങനെ വിടാൻ ഞാനുദ്ദേശിച്ചിട്ടില്ല. ഇതെന്റെ വീടാണ്. ഞാൻ പറയുന്നതനുസരിക്കാവുന്നവർ മാത്രം മതിയിവിടെ. ” കിതപ്പോടെ സുധ പറഞ്ഞുനിർത്തുമ്പോൾ ഇതുവരെ കാണാത്ത അമ്മയുടെ ഭാവം കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു ശ്രദ്ധ. ” ഇവളെയെന്തധികാരത്തിലാണമ്മയിങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് ??? ” സമീരയെ ചൂണ്ടി വീറോടെ അവൾ ചോദിച്ചു. ” എന്റെ മകന്റെ ഭാര്യയെന്ന അധികാരത്തിൽ ” ഒട്ടും കൂസാതെ സുധ പറഞ്ഞു. ” ഓഹോ ഇവിടുത്തെ മരുമകളായി ഇവളെ ഞാൻ വാഴിക്കാം. “

” ശ്രദ്ധ….. ” പറഞ്ഞുകൊണ്ട് സമീരയുടെ നേർക്ക് പാഞ്ഞടുത്ത ശ്രദ്ധ ആ ശബ്ദം കേട്ട് പെട്ടന്ന് തറഞ്ഞുനിന്നു. കാറിൽ നിന്നിറങ്ങിയ ശ്രീജിത്തിനെ കണ്ട് അവളൊന്ന് പകച്ചു. ” എട്ടാ ഇവൾ… ” ” മ്മ്മ്… മതി എന്റനിയത്തിക്ക് ഭ്രാന്ത് മൂക്കുമ്പോൾ ചവിട്ടിയരക്കാനുള്ളതല്ലിവളെ. നിനക്കിറക്കി വിടാൻ വലിഞ്ഞുകയറി വന്നതുമല്ല. നിന്റേട്ടൻ അതായത് ഈ ഞാൻ താലി കെട്ടിക്കൊണ്ട് വന്ന പെണ്ണാണവൾ. ” കയ്യുയർത്തി അവളെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു. ” പക്ഷേ ഇവൾ കാരണമല്ലേ ഏട്ടൻ … ” ” അല്ല… ഇവൾകാരണം എനിക്കല്ല ഞാൻ കാരണം ഇവൾക്കാണ് എല്ലാം നഷ്ടപ്പെട്ടത്.

ആ ഇവളെയിനി ആർക്കും ചവിട്ടിത്തേക്കാൻ ഇട്ടുതരില്ല ഞാൻ അതിനി അനിയത്തി അയാലും. ” അവന്റെ വാക്കുകൾ കേട്ട് ശ്രദ്ധയുടെ മുഖം വലിഞ്ഞുമുറുകി. ” നാണമില്ലല്ലോ ഏട്ടന്. ആരുടെയൊക്കെയോ വിഴുപ്പ് പേറിയ ഒരുത്തിയെ ഭാര്യയാക്കി വീട്ടിലേക്ക് കൊണ്ടുവരാൻ. ” സമീരയെ നോക്കി അവജ്ഞയോടെ അവൾ പറഞ്ഞു. ” അവിടെ നിനക്ക് തെറ്റി ശ്രദ്ധ. ഇവൾ നിന്റേട്ടന്റെയല്ലാതെ ഒരാളുടെയും വിഴുപ്പ് പേറിയിട്ടില്ല. ” ആ വാക്കുകൾ കേട്ടതും തല കുനിച്ചുനിന്നിരുന്ന സമീര പെട്ടന്ന് തല ഉയർത്തി അവനെ നോക്കി. അപ്പോഴവളുടെ മിഴികൾ നനഞ്ഞിരുന്നു.

ശ്രീജിത്തപ്പോഴും പറഞ്ഞുകൊണ്ടേയിരീക്കുകയായിരുന്നു. ” നീ പറഞ്ഞത്പോലെ ഒരുപക്ഷേ സംഭവിച്ചേനെ. അപ്പോഴാപെൺകുട്ടികൾ അങ്ങോട്ട്‌ വന്നില്ലായിരുന്നെങ്കിൽ. എങ്കിലന്ന് ലഹരിയുടെ പുറത്ത് എന്നെ മാത്രം സ്നേഹിച്ച വിശ്വസിച്ച പെണ്ണിനെ ഞാൻ തന്നെ എന്റെ കൂട്ടുകാർക്കും കാഴ്ച വച്ചേനെ. ” അത് പറയുമ്പോൾ കുറ്റബോധം കൊണ്ട് അവന്റെ ശിരസ് കുനിഞ്ഞിരുന്നു. ” പക്ഷേ ഏട്ടാ… ” ” ഒരുപക്ഷേയുമില്ല. ഞാൻ സ്നേഹിച്ച പെണ്ണാണിവൾ. ഇപ്പൊ ഞാൻ താലി കെട്ടിയപെണ്ണ്. ഞാൻ കാലുപിടിച്ചുപറഞ്ഞിട്ടാ അമ്മയിവളെ കൂട്ടിക്കൊണ്ട് വന്നത്.

വരും വഴി ക്ഷേത്രത്തിൽ വച്ച് ഞാൻ കെട്ടിയ താലിയാ അവളുടെ കഴുത്തിൽ കിടക്കുന്നത്. അതുകൊണ്ട് ഇവളിവിടെ ജീവിക്കും . നീയകത്തേക്ക് പൊക്കോ. ” അവസാനം സമീരയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. ” വാ മോളെ… ” സുധയവളെയും ചേർത്തുപിടിച്ചകത്തേക്ക് നടന്നു. പിന്നാലെ ശ്രീജിത്തും. ” ആഹ് പിന്നേ…. ഇനിയീ എടീ പോടീ വിളിയൊന്നും വേണ്ട ഏട്ടത്തിയെന്ന് തന്നെ വിളിക്കണം. ” അകത്തേക്ക് കയറുമ്പോൾ തിരിഞ്ഞുനിന്ന് ശ്രദ്ധയോടായി അവൻ പറഞ്ഞു. അവളുടെ മുഖം വീണ്ടും വലിഞ്ഞുമുറുകി. സുധ സമീരയെയും കൂട്ടി മുകളിലേക്ക് പോയി.

കുറേ സമയം കഴിഞ്ഞ് മടിച്ചുമടിച്ചാണ് ശ്രീജിത്ത്‌ മുറിയിലേക്ക് ചെന്നത്. ഡോർ തുറന്നകത്തേക്ക് കയറുമ്പോൾ എന്തോ ആലോചിച്ച് ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ. ” ചെയ്തുപോയതിനൊന്നും പകരമാവില്ല ഇതൊന്നുമെന്നറിയാം പക്ഷേ ഇനിയെനിക്കിതൊക്കെയല്ലേ ചെയ്യാൻ കഴിയൂ… ക്ഷമിച്ചൂടെ മാളു നിനക്കെന്നോട് ??? ” ഒന്നുമാലോചിക്കാതെ പിന്നിലൂടെ ചെന്നവളെ തന്നോട് ചേർത്തുകൊണ്ടാണ് അവനത് ചോദിച്ചത്. ഒരുനിമിഷം അവളൊന്നുലഞ്ഞു. വർഷങ്ങൾക്ക് മുന്നേയുള്ള കോളേജ് ജീവിതത്തിലേക്കവൾ ഊളിയിട്ടു.

രണ്ടുതുള്ളി കണ്ണുനീർ ചുട്ടുപഴുത്ത അവളുടെ നെഞ്ചിലേക്കടർന്നുവീണു. പെട്ടന്നെന്തോ ഓർത്തത് പോലെ അവളവനിൽ നിന്നുമടർന്ന് മാറി. ” തൊട്ടുപോകരൂതെന്നെ. ” അവന് നേരെ നോക്കി അവളലറുകയായിരുന്നു. ” നിങ്ങളെന്ത് വിചാരിച്ചു ഞാനെല്ലാം മറന്ന് നിങ്ങളോടൊപ്പം ജീവിക്കാൻ വന്നതാണെന്നോ ??? ഒരിക്കലുമല്ല എനിക്കൊരിക്കലും നിങ്ങളോട് ക്ഷമിക്കാനോ പൊറുക്കാനോ കഴിയില്ല. സ്നേഹിച്ച, വിശ്വസിച്ച പെണ്ണിനെ കൂട്ടുകാർക്കുമുന്നിൽ കാഴ്ചവച്ച നിങ്ങളെപ്പോലെ വൃത്തികെട്ട ഒരുത്തനെ ഞാൻ സ്നേഹിക്കുമെന്ന് കരുതിയോ.

അന്നൊരു വേട്ടപ്പട്ടിയെപ്പോലെ നിങ്ങളെന്നെ കടിച്ചുകുടയുമ്പോൾ എന്റെ മനസ്സിൽ ഞാൻ സ്നേഹിച്ചിരുന്ന ശ്രീജിത്ത്‌ മരിച്ചു. പ്രണയത്തോടെ മാത്രം നോക്കിയിരുന്ന നിങ്ങളുടെ ഈ കണ്ണുകളിലെ അന്നത്തെ ഭാവം ഇന്നും ഞാൻ മറന്നിട്ടില്ല. അതും പോരാഞ്ഞിട്ട് നിങ്ങടെ ആവശ്യം കഴിഞ്ഞ് മറ്റുള്ളവർക്കും ഒരു കുറ്റബോധവും കൂടാതെ നിങ്ങളെന്നെയെറിഞ്ഞുകൊടുത്തു. ഒരുകാലത്തും ഞാൻ നിങ്ങളോട് ക്ഷമിക്കില്ല. ” അലറിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞുനിർത്തുമ്പോൾ അവനവളുടെ കാൽ ചുവട്ടിലേക്കിരുന്ന് ആ കാലുകളിൽ ചുറ്റിപ്പിടിച്ചിരുന്നു. “

എനിക്കറിയാം മാളു ഒരു പെണ്ണിനും പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാൻ ചെയ്തത്. പക്ഷേ നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലെന്ന് മാത്രം നീ പറയരുത്. നീയെനിക്ക് പ്രാണനായിരുന്നു മാളു. അന്ന് പക്ഷേ എന്റെയുള്ളിലെ മയക്കുമരുന്നിന്റെ ശക്തിയിൽ നീയെനിക്ക് വെറുമൊരു പെൺശരീരം മാത്രമായിപ്പോയി. നിന്റെ ഓർമ്മപോലും അന്നെന്നിൽ ഉണ്ടായിരുന്നില്ല വിലപേശി വാങ്ങിയ ഒരു ശരീരം മാത്രമേ അന്നെന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ” കാലിൽ കെട്ടിപ്പിടിച്ചുകരയുന്ന അവനെ നോക്കി ഒരു ശിലപോലെ അവൾ നിന്നു. ഒരിക്കൽ ജീവന്റെ പാതിയായിരുന്നവനാണ് ഇന്ന് കാൽക്കീഴിലെന്ന ഓർമ്മയിൽ അവളുടെ നെഞ്ച് വിങ്ങി.

തുടരും…. ചെയ്തത് ശരിയോ തെറ്റോ എന്നറിയില്ല. പക്ഷേ എത്ര ദുഷ്ടനും പശ്ചാത്തപിക്കാനൊരവസരം കൊടുക്കണമല്ലോ അതുകൊണ്ട് മാത്രമാണ് ശ്രീജിത്തിനും ഒരവസരം കൊടുത്തത്. പിന്നെ മാളുവെന്ന സമീര ശ്രദ്ധയ്ക്കെതിരായുള്ള ശക്തമായ ഒരായുധം കൂടിയാണ്. അമ്മയാകാൻ തയ്യാറെടുക്കുന്ന ജാനകിയെക്കൊണ്ട് അവളോട് ഗുസ്തിപിടിപ്പിക്കുന്നത് ശരിയല്ലല്ലോ. സ്നേഹത്തോടെ ❤️❤️❤️❤️❤️❤️

നിൻ നിഴലായ് : ഭാഗം 17