Sunday, December 22, 2024
Novel

നീലാഞ്ജനം: ഭാഗം 2

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

(തുലാമഴക്കു കിട്ടിയ പിന്തുണ നീലാഞ്ജനത്തിനും കിട്ടുമെന്ന പ്രതീക്ഷയോടെ എന്റെ രണ്ടാമത്തെ സംരഭം ഇവിടെ തുടങ്ങുന്നു….. )

ശ്രീകാന്ത് ഒതുക്കുകല്ലുകൾ കയറിയപ്പോഴേ
കേട്ടു ഉണ്ണിമോൾ ഉറക്കെ വായിച്ചു
പഠിക്കുന്നത്….

ആ വീട്ടിലെ ഏറ്റവും ഇളയ ആളാണ്
അവൾ…

അവൾ പ്ലസ്ടുവിന് ആണ് ഇപ്പോൾ….
പഠിക്കാൻ മിടുക്കിയാണ്….

ആ വീട്ടിലെ ശ്രീകുട്ടന്റെ മനസ്സ്
സൂക്ഷിപ്പുകാരി കൂടിയാണ് ആൾ….

ഏട്ടൻ എന്ന് വെച്ചാൽ അവൾക്ക്
ജീവനാണ്…

ഉണ്ണി മോളുടെ അടുത്ത് തന്നെ ഇരുന്ന് ശ്രീക്കുട്ടിയും പഠിക്കുന്നുണ്ട്….

ശ്രീകാന്തിന് നേരെ ഇളയ ആളാണ്….

ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുന്നു….

ഏതുവിധേനയും സ്വന്തം കാര്യം നടക്കണം എന്നുള്ള ചിന്ത മാത്രമാണ് പുള്ളിക്കാരിക്ക്….

ശ്രീകാന്തിന്റെ അമ്മയും അത്തരമൊരു സ്വഭാവത്തിന് ഉടമയാണ്…

ഏറ്റവും മൂത്ത ചേച്ചിയാണ് ശാലിനി….

അതിന് ഇളയത് ശാരിക….

ശ്രീകാന്ത് ഉമ്മറത്തേക്ക് കയറിയപ്പോൾ
തന്നെ ഉണ്ണിമോൾ അവന് അരികിലേക്ക്
ഓടി വന്നു….

ഏട്ടൻ എന്താ ഇത്രയും താമസിച്ചത്…

ഞാൻ വേണു മാമയുടെ അവിടെ
കയറി മോളെ….

സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല…

പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക്
കയറി…

ഷർട്ടിന്റെ ബട്ടൻസ് അഴിച്ചുകൊണ്ട്
നിന്നപ്പോൾ ഉണ്ണിമോൾ അകത്തേക്ക് വന്നു….

ഹരി ചേച്ചിയുടെ പിണക്കം
മാറ്റിയോ ഏട്ടൻ…

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു…

പിന്നെ തോർത്തും എടുത്തു കുളിക്കാനായി
കിണറിന് അടുത്തേക്ക് നടന്നു….

തണുത്ത വെള്ളം കോരി തലയിലേക്ക്
ഒഴിച്ചപ്പോൾ അവന് നല്ല ഉന്മേഷം തോന്നി…

തിരികെ അകത്തേക്ക് കയറി വന്ന് അടുക്കളയിലേക്ക് ചെന്നു….

അമ്മേ എനിക്ക് നന്നായി വിശക്കുന്നു…

നീ ഇതുവരെ എവിടെയായിരുന്നു..

ഞാൻ വേണു മാമയുടെ അടുത്ത്
ഒന്ന് കേറി അമ്മേ…

അതാ താമസിച്ചത്…

അവർ ഒരു പ്ലേറ്റിലേക്ക് ചോറും കറിയും
ഒഴിച്ചു അവന്റെ കയ്യിലേക്ക്
പ്ലേറ്റ് കൊടുത്തു…

അവൻ അടുക്കളയുടെ സ്ലാബിലേക്ക് കയറിയിരുന്ന് ചോറ് ഉരുളയാക്കി കഴിച്ചു…

ഒന്നു പതുക്കെ കഴിക്കെടാ….

നിനക്കുള്ളത് തന്നെയല്ലേ എന്തിനാ
ഇങ്ങനെ വെപ്രാളപ്പെടുന്നത്…

നല്ല വിശപ്പ് അമ്മേ അതുകൊണ്ടാ…

പറഞ്ഞുകൊണ്ട് അവൻ വിരലുകൾ
നക്കിത്തുടച്ചു…

പ്ലേറ്റ് അമ്മയുടെ കയ്യിൽ കൊടുത്തു
കൊണ്ട് കൈ കഴുകാനായി എഴുന്നേറ്റു…

കൈതുടയ്ക്കാൻ തോർത്തും ആയി
ദേവകിയമ്മ അവന്റെ അടുത്തേക്ക് ചെന്നു…

മോനേ ഇന്ന് ഒരു ബ്രോക്കർ ഇവിടെ
വന്നിരുന്നു…

അത്യാവശ്യം നല്ല ഒരു ആലോചനയാ
കൊണ്ടുവന്നത്…

ശാലിനിക്ക് ഇപ്പോൾ വയസ്സ് 32 കഴിഞ്ഞു…

ഇനിയും അവളെ ഇങ്ങനെ നിർത്തുന്നത് ശരിയാണോ…

കൂടെയുള്ളതിനൊക്കെ ഒന്നും രണ്ടും
പിള്ളേര് ആയി….

ഞാനെന്തു ചെയ്യാനാ അമ്മേ…

എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ…

ട്യൂട്ടോറിയൽ നിന്നും കിട്ടുന്ന
നക്കാപ്പിച്ച കൊണ്ട് എന്താവാന…

ദേവകിയമ്മ മൗനത്തോടെ നിന്നു…
അവർക്കും പറയാൻ ഒന്നുമില്ലായിരുന്നു…

കുറെ ബാധ്യതകൾ അല്ലാതെ എന്താണ് മകനുവേണ്ടി സമ്പാദിച്ചു വെച്ചത്…

അവർ ഒരു നെടുവീർപ്പോടെ പാത്രം
കഴുകി കമഴ്ത്തി വെച്ചു…

എന്റെ കുഞ്ഞിന് എവിടെയെങ്കിലും ഒരു ജോലി ശരിയായിരുന്നെങ്കിൽ…

അവർ ഒരു ദീർഘനിശ്വാസത്തോടെ
ഓർത്തു…
🌷🌷🌷🌷🌷🌷🌷🌷🌷🌷

ഞായറാഴ്ച ആയതുകൊണ്ട് ദേവകിയമ്മ കുറെ വൈകിയാണ് എഴുന്നേറ്റത്…

എല്ലാവർക്കും ഉള്ള കട്ടൻ തിളപ്പിച്ചു വെച്ചിട്ട് മുറ്റമടിക്കാൻ ചൂലുമായി ഇറങ്ങുമ്പോഴാണ്
പടിക്കെട്ട് കയറിവരുന്ന ഹരിതയെ
കണ്ടത്….

ഒരു ദാവണിയും ഉടുത്തു സുന്ദരിയായി വരുന്ന ഹരിതയെ ദേവകിഅമ്മ നോക്കിനിന്നു…

അപ്പച്ചി എന്താ എന്നെ ഇങ്ങനെ നോക്കുന്നത് കണ്ടിട്ടില്ലാത്ത പോലെ..

അവൾ കുസൃതിച്ചിരിയോടെ അവരുടെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു…

നീ രാവിലെ ക്ഷേത്രത്തിൽ ഒക്കെ
പോയോ ഹരി…

പോയി അപ്പച്ചി ഇവിടെ ആരും
എഴുന്നേറ്റില്ലേ ഇതുവരെ…

അവൾ അകത്തേക്ക് കണ്ണോടിച്ചു
കൊണ്ട് ചോദിച്ചു….

ആകെ കിട്ടുന്ന ഒരു ഞായറാഴ്ച അല്ലേ എല്ലാവർക്കും കിടക്കാൻ പറ്റുകയുള്ളൂ ആരും എഴുന്നേറ്റിട്ടില്ല…

ഞാൻ കട്ടൻ ഇട്ട് അടുപ്പത്ത് വെച്ചിട്ടുണ്ട്
നീ പോയി അത് ഒഴിച്ച് കുടിക്ക്….

ഞാൻ ഈ മുറ്റം ഒന്ന് അടിച്ചു വരട്ടെ..

കേൾക്കാത്ത താമസം ഹരിത
അകത്തേക്ക് ഓടിക്കയറി…

പക്ഷേ അത് അടുക്കളയിലേക്ക്
അല്ലെന്നു മാത്രം…

നേരെ ശ്രീകാന്തിന്റെ റൂമിലേക്ക് ആണ് അവൾ കയറിയത്…

ഒരു തലയിണയും കെട്ടിപ്പിടിച്ചു
ചുരുണ്ടുകൂടി കിടക്കുന്ന ശ്രീകാന്തിനെ
കണ്ട് അവൾക്ക് ചിരി വന്നു…

ഹും…. നാഴികയ്ക്ക് നാല്പത് വട്ടം
ഉറക്കഭ്രാന്തി എന്ന് പറഞ്ഞ് എന്നെ കളിയാക്കുന്ന ആളാ കിടക്കുന്ന കിടപ്പ് കണ്ടില്ലേ…

പറഞ്ഞുകൊണ്ട് അവൾ അവന് അരികിലേക്ക് കിടന്നു….

കണ്ണുതുറന്നു നോക്കിയ ശ്രീകാന്ത് അരികിൽ കിടക്കുന്ന ഹരിതയെ കണ്ട്
ഞെട്ടി പിടഞ്ഞ് ചാടിയെഴുന്നേറ്റു….

നീയോ നീ എന്താ രാവിലെ….

എന്താ എനിക്കിവിടെ വന്നുകൂടെ….

രാവിലെ എന്റെ അടുത്ത് വന്നു
കിടന്നത് എന്തിനാ എന്നാ ചോദിച്ചത്…

ഓ അതാണോ കാര്യം….
എന്നായാലും ഞാൻ ഇവിടെ തന്നെ കിടക്കേണ്ടത് അല്ലേ….

അതുകൊണ്ട്…

അതുകൊണ്ടെന്താ എനിക്ക് കിടക്കണം എന്ന് തോന്നി ഞാൻ കിടന്നു അത്രതന്നെ..

നിനക്ക് ഒരു ബോധവുമില്ലേ ഹരി…

ഇവിടെ എല്ലാവരും ഉള്ളതല്ലേ…

അവരൊക്കെ എന്തു കരുതും…

സാധാരണ എല്ലായിടത്തും പെണ്ണുങ്ങൾക്ക ഇതിനെക്കുറിച്ചൊക്കെ ബോധം ഉള്ളത്….

അല്ലേലും ഞാൻ ഇവിടെ കിടക്കാൻ ഒന്നും വന്നതല്ല ഞാൻ പോവാ ശ്രീയേട്ടന്റെ അടുത്തുവന്ന എന്നെ പറഞ്ഞാൽ
മതിയല്ലോ….

അവൾ ചവിട്ടി തുള്ളി വെളിയിലേക്ക് ഇറങ്ങി പോയി….

മുഖം വീർപ്പിച്ച് ഉമ്മറത്തിണ്ണയിൽ വന്നിരിക്കുന്ന ഹരിതയെ നോക്കി ശാലിനി പുഞ്ചിരിച്ചു..

എന്താ ഹരി ശ്രീക്കുട്ടൻ വഴക്ക് പറഞ്ഞോ..

ഓ…….. അല്ലേലും ചേച്ചിയുടെ ചിരി കുട്ടന് ഇച്ചിരി ജാഡ കൂടുതലാ..

ചുണ്ടു കോട്ടികൊണ്ട് തിരിഞ്ഞ അവൾ കണ്ടത് അവളെ രൂക്ഷമായി നോക്കുന്ന ശ്രീക്കുട്ടനെയാണ്…..

നീ എന്തിനാ ഹരി രാവിലെ ഇങ്ങോട്ട് വന്നത്..

നിനക്ക് ഇന്ന് ഒരു ദിവസമെങ്കിലും
വേണുമാമയെ ഒന്ന് സഹായിച്ചു
കൂടായോ….

ഒരു അവധി ദിവസം കിട്ടിയാൽ അപ്പോൾ തന്നെ ഊര് ചുറ്റാൻ ഇറങ്ങിക്കോണം….

ശ്രീയേട്ടന് ഇപ്പൊ എന്താ വേണ്ടത്..
ഞാൻ ഇവിടെ നിന്ന് പോകണം…
ഞാൻ പോവാ ഇനി ഞാൻ ഇങ്ങോട്ട് വരുകയില്ല….

പറഞ്ഞു കൊണ്ട് പോകാൻ എഴുന്നേറ്റ അവളെ ശാലിനി പിടിച്ചിരുത്തി…

നീ പിണങ്ങാതെ ഇവിടെ ഇരിക്ക് ഹരി അവൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറയുന്നതല്ലേ….

എന്നും വരുന്ന സമയത്ത് നിന്നെ കണ്ടില്ലെങ്കിൽ ഈ പറയുന്ന ആളുടെ
കണ്ണ് ആ റോഡിലാ….

അവൾ കള്ളച്ചിരിയോടെ ശ്രീകാന്തിന്റെ മുഖത്തേക്ക് നോക്കി….

എന്താടി ഉണ്ടക്കണ്ണി നോക്കുന്നത്….

അവളുടെ അടുത്തേക്ക് ഇരിക്കാൻ തുടങ്ങിയ അവൻ അപ്പോഴാണ് കണ്ടത് താഴെ നിന്നും കയറിവരുന്ന ബ്രോക്കർ ദാമുവിനെ….

ചെറിയ കിതപ്പോടെ ഉമ്മറപ്പടിയിൽ
കയ്യിലിരുന്ന കാലൻ കുടയും വെച്ച് അവിടേക്ക് കയറിയിരുന്നു ദാമു….

മോളെ കുറച്ചു ചൂടുവെള്ളം എടുക്ക്..

ആസ്മയുടെ പ്രശ്നം കുറച്ച് ഉണ്ട്..

ആയിട്ട് ഒന്നുമല്ല ഇതിനൊക്കെ ഇറങ്ങി നടക്കുന്നത് ജീവിക്കേണ്ടേ….

പറഞ്ഞുകൊണ്ട് അയാൾ ആ
ചൂടുവെള്ളം ഊതി കുടിച്ചു….

മുറ്റം അടിച്ച ചൂല് കഴുകി ചാരിവെച്ചു
കയ്യും മുഖവും കഴുകി ഉടുത്തിരുന്ന കൈലി തുമ്പിൽ മുഖമമർത്തി തുടച്ചുകൊണ്ട് ദേവകിയമ്മ ഉമ്മറത്തേക്ക് വന്നു….

ദാമു ചേട്ടാ ഇന്നലെ പറഞ്ഞ കാര്യത്തിന് ആണെങ്കിൽ ഒരു നിവൃത്തിയുമില്ല….

ഇവന് എന്തെങ്കിലും ഒരു ജോലി ആവാതെ എന്ത് ചെയ്യാനാ….

ആ അതുംകൂടി പറയാനാ ഞാൻ വന്നത്…

മോന് 26 വയസ്സ് ആയില്ലേ ഒരു വിവാഹമൊക്കെ കഴിക്കാനുള്ള പ്രായം ആയി…

നല്ല ഒരു ബന്ധവും കൊണ്ടാ ഞാൻ വന്നിരിക്കുന്നത്…

ഇത് നടന്നു കിട്ടിയാൽ നിങ്ങളുടെ വിഷമങ്ങൾ ഒക്കെ മാറും…

ഒറ്റ മോളാ ഇട്ടു മൂടാൻ സ്വത്തുവകകൾ
ഉണ്ട്….

പെൺ മക്കളുടെ വിവാഹവും നടക്കും നിങ്ങളുടെ കുടുംബവും രക്ഷപ്പെടും…

ശ്രീകാന്തിന്റെ കണ്ണുകൾ നേരെ പോയത് ഉമ്മറ വാതിലിൽ ചാരി നിൽക്കുന്ന ഹരിതയുടെ മുഖത്തേക്കാണ്….

വിതുമ്പി പെയ്യാൻ നിൽക്കുന്ന മുഖവുമായി
ഹരിത അവനെ നോക്കി…

അതുകണ്ട് അവന് വല്ലാതെ വേദന
തോന്നി….

അതൊന്നും വേണ്ട അതൊന്നും
ശരിയാവില്ല….

പറഞ്ഞുകൊണ്ട് ശ്രീകാന്ത് അവിടെ
നിന്നും എഴുന്നേറ്റു…

എടുത്തുചാടി വേണ്ടാന്ന് വെക്കേണ്ട…..
നല്ല ബന്ധമാ ഇത്….

നല്ല കൂട്ടരാ… മനുഷ്യപ്പറ്റുള്ള ആൾക്കാരാ…

ഇത് നടന്നാൽ ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ അവർ നോക്കിക്കൊള്ളും…..

വേണ്ട ദാമു ചേട്ടാ…

എനിക്ക് ഇപ്പോൾ വിവാഹം ഒന്നും വേണ്ട…

പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി….

നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ അമർത്തി തുടച്ചു ഹരിത……

പിന്നെ വീട്ടിലേക്ക് നടന്നു….

ദേവകി അമ്മ ഇന്നലെ മോനോട് ഒന്നും സംസാരിച്ചില്ലായിരുന്നോ….

ഇല്ല ദാമു ചേട്ടാ….

എനിക്ക് അവനോട് പറയാൻ ഒരു മടി….

ഒരു കാലില്ലാത്ത പെണ്ണിനെ ആണ് അവനുവേണ്ടി കണ്ടുപിടിച്ചത് എന്ന് എങ്ങനെയാണ് പറയുക…..

അതാ ഞാൻ ദാമു ചേട്ടനോട് വരാൻ പറഞ്ഞത്….

ഇനി എങ്ങനെയെങ്കിലും അവനെക്കൊണ്ട് ഒന്ന് സമ്മതിപ്പിക്കണം….

ഇത് നടന്നു കിട്ടിയാൽ നിങ്ങൾ രക്ഷപ്പെട്ടു….

മോന് നല്ല ബുദ്ധി തോന്നിക്കാൻ ദൈവത്തോട് പ്രാർത്ഥിക്ക്…..

ഞാൻ ഇറങ്ങുകയാണ് എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്ക്……

പറഞ്ഞുകൊണ്ട് അയാൾ മുറ്റത്തേക്കിറങ്ങി..

അമ്മേ അമ്മയീ ചെയ്യുന്നത്
അത്ര നല്ല കാര്യമല്ല കേട്ടോ…

അമ്മയ്ക്ക് അറിയില്ലേ ശ്രീക്കുട്ടനും
ഹരിയും തമ്മിലുള്ള ഇഷ്ടം….

ഞങ്ങൾക്കുവേണ്ടി അവരെ തമ്മിൽ
പിരിക്കല്ലേ അമ്മേ…..

നീ ആങ്ങളക്ക് നല്ല ജീവിതം ഉണ്ടാക്കി കൊടുക്കാൻ നിന്നോ….

നിന്റെ കൂടെയുള്ളവർക്കൊക്കെ
പിള്ളേര് ഒന്നും രണ്ടുമായി…..

കേട്ടിടത്തോളം ഇട്ടു മൂടാൻ
സ്വത്ത് വകകൾ ഉള്ള പെണ്ണാ….

ഒരുകാൽ ഇല്ലെങ്കിലെന്താ…..

അമ്മയോട് പറഞ്ഞ് ജയിക്കാൻ
ആവില്ലെന്ന് അറിയാവുന്ന ശാലിനി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി……..
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

സാറേ കഴിക്കാൻ എടുത്തു വച്ചു….

ഗോൾഡൻ ഫ്രെയിമിന്റെ കണ്ണട ഊരി
ടേബിളിലേക്ക് വെച്ചു ചന്ദ്രശേഖരമേനോൻ…

മോളെ കഴിക്കാൻ വിളിച്ചോ രാധമ്മേ….

വിളിച്ചു സാറേ….

ഇപ്പോൾ ഒന്നും വേണ്ടെന്നാ മോള്
പറഞ്ഞത്…..

വിശപ്പ് ഇല്ലാന്ന്…..

അവൾക്ക് കൂടി എടുത്തു വയ്ക്ക്….
ഞാൻ വിളിച്ചു കൊണ്ടു വരാം…

മേനോൻ മകളുടെ മുറിയിലേക്ക് നടന്നു…

മോളെ ദേവു എഴുന്നേൽക്ക്..

ആഹാരം കഴിച്ചിട്ട് കിടക്ക് മോളേ….

മരുന്ന് കഴിക്കാൻ ഉള്ളതല്ലേ….

അച്ഛനെ അനുസരിക്കാൻ മാത്രം പഠിച്ചിട്ടുള്ള ദേവിക മറുത്തൊന്നും പറയാതെ പതിയെ പിടിച്ച് എഴുന്നേറ്റിരുന്നു……

അടുത്ത് കിടന്ന വീൽചെയർ നീക്കി ദേവികയുടെ അടുത്തേക്ക് ഇട്ടു മേനോൻ…

പിന്നെ അവളെ താങ്ങി അതിലേക്ക്
ഇരുത്തി…

വീൽചെയർ ഉരുട്ടി കൊണ്ട് ദേവിക
ഊണ് മുറിയിലേക്ക് നീങ്ങി…

തന്റെ ഒരു നിമിഷത്തെ അശ്രദ്ധ തന്റെ
ഭാര്യയുടെ ജീവനും മകളുടെ ജീവിതവും
നശിപ്പിച്ചു…

അയാൾ ഹൃദയം തകർന്ന വേദനയോടെ മകളെ നോക്കി നിന്നു..

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

(തുടരും )

നീലാഞ്ജനം: ഭാഗം 1