നെഞ്ചോരം നീ മാത്രം : ഭാഗം 9
എഴുത്തുകാരി: Anzila Ansi
ശിവ മാമ്മ അഞ്ജുനെ ഒന്ന് വിളിക്കുവോ..? നാൻസിക്ക് അവളെ ഒന്ന് കാണണമെന്ന് ഉണ്ട്….. അതിന് എന്താ മക്കളെ നിങ്ങൾ കേറി ഇരിക്ക് ഞാൻ അഞ്ജുട്ടിയെ വിളിക്കാം…. ഞങ്ങൾ അകത്തോട്ട് കേറുനില്ല മാമ്മ അവളെ ഒന്നു വിളിച്ചാൽ മതി ഞങ്ങൾ പുറത്തുനിന്ന് സംസാരിച്ചോളാം…. അഞ്ജു മോളെ ഇങ്ങോട്ടൊന്നു വന്നേ… എന്താ അച്ഛാ… പുറത്തേക്ക് വന്ന അഞ്ജലി നോക്കിയത് കണ്ണന്റെ മുഖത്താണ്…. കൂടെ ഒരു പെണ്ണും ഉണ്ട്… അത് നാൻസി ചേച്ചി ആകും….
അവൾ നാൻസിക്ക് ഒരു പുഞ്ചിരി നൽകി… അഞ്ജു നീയൊന്നു വന്നേ…. നാൻസിക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ട്…. കണ്ണൻ മുന്നേ നടന്നു…. അവന്റെ തൊട്ടു പറയുകയായി നാൻസിയും അഞ്ജുവും നടന്നു… ആ നടത്തം ചെന്ന് അവസാനിച്ചത് കുള പടവുകളിലാണ്…. കണ്ണൻ ഒന്നു നിന്ന് തിരിഞ്ഞു നോക്കി…. അവന്റെ പുറകിലായി തലകുനിച്ചു നിൽക്കുന്ന അഞ്ജുവിനെ കണ്ട അവന്റെ ഉള്ള് ഒന്ന് നീറി…. അഞ്ജുസേ….. കണ്ണൻ ആർദ്രമായി അഞ്ജുവിനെ വിളിച്ചു…
അവൾ മുഖമുയർത്തി അവനെ ഒന്നു നോക്കി… എല്ലാരും പറയുന്നപോലെ നിനക്കും തോന്നിയോ കണ്ണേട്ടൻ നിന്നെ ചതിക്കുവായിരുന്നു എന്ന്… എന്താ കണ്ണേട്ടാ ഈ പറയുന്നേ…. കണ്ടിട്ടില്ലന്നേയുള്ളൂ നാൻസി ചേച്ചിയെ എനിക്ക് അറിയാവുന്നതല്ലേ….. പിന്നെ കണ്ണേട്ടൻ ഈ ചെയ്തത് നിത്യയെ ഒഴിവാക്കാൻ വേണ്ടിയാണന്ന് എനിക്കറിയാം…. പക്ഷേ കണ്ണേട്ടൻ ഒന്നോർക്കണം ഈ താലിക്ക് ഒരു പവിത്രതയുണ്ട്…. നാൻസിയുടെ കഴുത്തിലെ താലി ചൂണ്ടിക്കാണിച്ച് അഞ്ജു പറഞ്ഞു….
കണ്ണേട്ടനിൽ എനിക്ക് നല്ല വിശ്വാസമുണ്ട് നാൻസി ചേച്ചിയുടെ അവകാശങ്ങൾ ഒരിക്കലും കണ്ണേട്ടൻ നിഷേധിക്കില്ല എന്നതിൽ… നാൻസി ഒരു ആരാധനയോടെ അഞ്ജുവിനെ നോക്കി നിന്നു…. ജിത്തു പറഞ്ഞത് എത്രയോ ശരിയാണ്…. (കൃഷ്ണജിത്ത് എന്ന് കണ്ണിനെ നാൻസി വിളിക്കുന്നത് ജിത്തു എന്നാണ്) അഞ്ജലിയെ പോലെ ചിന്തിക്കുന്ന വേറൊരു പെണ്ണ് ഈ ലോകത്ത് കാണില്ല….. നാൻസി ചേച്ചി…. അഞ്ജുവിന്റെ ആ വിളിയിൽ നാൻസി ഒന്ന് ഞെട്ടി അവളെ നോക്കി…ഇത് എന്ത് ആലോചിച്ചു നിക്കുവാ… ഒന്നുമില്ല….
തന്നെക്കുറിച്ച് ആലോചിച്ചതാ… എന്നെക്കുറിച്ചോ അതെന്താ…. അഞ്ജലി ആവേശത്തോടെ ചോദിച്ചു…. ജിത്തു പറഞ്ഞത് ശരിയാണെന്ന് ആലോചിച്ചതാണ്…. വാക്കുകളുടെ ജിത്തു പറഞ്ഞ അഞ്ജലിയെ ഒരുപാട് എനിക്കറിയാം…. ആദ്യമൊക്കെ കേൾക്കുമ്പോൾ നിന്നോട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്…. പിന്നീടത് ഒത്തിരി ഇഷ്ടത്തിലേക്ക് മാറി… ഇപ്പ ദാ തികച്ചും ആരാധനയിലേക്ക് വഴിയൊരുങ്ങി….നാൻസി അഞ്ജലിയുടെ മുഖത്ത് തലോടി പറഞ്ഞു…. നിന്നെ ഇങ്ങനെ അല്ല ആദ്യമായി കാണണം എന്ന് ഞാൻ ആഗ്രഹിച്ചത്…
ഈ താലി ജിത്തു നിന്റെ കഴുത്തിലണിയുന്നതു കാണാനയിരുന്നു… പക്ഷേ ദൈവം ഇങ്ങനെ നിന്റെ മുന്നിൽ എന്നെ എത്തിച്ചു….നാൻസി വിഷമത്തോടെ പറഞ്ഞു നിർത്തി…. അയ്യോ ചേച്ചി വിഷമിക്കേണ്ട…. ദൈവം വിധിച്ചതല്ല നടക്കൂ…. കണ്ണേട്ടന് ചേച്ചിയെയാണ് വിധിച്ചത്…. അല്ലേ കണ്ണേട്ടാ…. ഉം…. കണ്ണൻ അമർത്തി ഒന്നു മൂളി… എന്ത് ശരി ഞങ്ങൾ ഇറങ്ങട്ടെ കണ്ണൻ അഞ്ജലിയോട് യാത്ര പറഞ്ഞു….. കണ്ണേട്ടാ….തിരിഞ്ഞുനടക്കാൻ ഒരുങ്ങിയ കണ്ണിനെ അഞ്ജലി വിളിച്ചു… അവൻ തിരിഞ്ഞു നോക്കി… വരില്ലേ ഞായറാഴ്ച്ച…. വരും…..
തീർച്ചയായും വരും നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അന്ന് അല്ലേ…. അതും പറഞ്ഞ് കണ്ണൻ വേഗം മുന്നോട്ടേക്ക് നടന്നു നീങ്ങി മ്മ്മ്മ് …..നാൻസി ചേച്ചിയും വരണം….. തിരിഞ്ഞു നിന്ന് നാൻസിയോടായി പറഞ്ഞു.. തീർച്ചയായും നീ വിളിച്ചില്ലേലും വരും….നാൻസി ഒരു ചിരിയോടെ പറഞ്ഞു നിർത്തി….. ചേച്ചി….. എന്താ മോളെ…. അത് പിന്നെ കണ്ണേട്ടൻ…. ആ മനസ്സിപ്പോൾ ഒരുപാട് വേദനിക്കുന്നുണ്ട് എനിക്കറിയാം…. ചേച്ചി ഒരു താങ്ങായി എപ്പോഴും ഉണ്ടാവണം കണ്ണേട്ടന്റെ കൂടെ..
ഇത് ഈ അനിയത്തിയുടെ അപേക്ഷയാണ്… മോളെ എനിക്ക് നിന്റെ ഈ കണ്ണേട്ടനെ മൂന്ന് കൊല്ലം കൊണ്ട് അറിയാം…. അവൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലാക്കിത്തരാൻ ആ മൂന്നുകൊല്ലം തന്നെ ധാരാളമാണ്…. ആദ്യമൊക്കെ എനിക്ക് അവനെ ഇഷ്ടമായിരുന്നു… ആ ഇഷ്ടം തുറന്നു പറയാൻ ഒരുങ്ങുന്നതിനു മുൻപേ തന്നെ അവൻ നിന്നോടുള്ള അവന്റെ ഇഷ്ടം എന്നോട് പറഞ്ഞിരുന്നു… എനിക്ക് നിന്നോട് അസൂയ തോന്നി… പിന്നെ അവനു നിന്നോടുള്ള ഇഷ്ടത്തിന്റെ ആഴം അറിഞ്ഞപ്പോൾ എന്റെ ഇഷ്ടം അതിനു മുന്നിൽ ഒന്നുമല്ലെന്ന് മനസ്സിലായി…
പിന്നീട് ജിത്തുവിന് ഞാൻ നല്ല ഒരു സുഹൃത്തായി മാറി…. ചേച്ചിക്ക് ആ ഇഷ്ടം ഇപ്പോഴും ഉള്ളിൽ ഉണ്ട് അല്ലേ…. നാൻസി തല കുനിച്ചു…. അവളുടെ താടി തുമ്പ് പിടിച്ചുയർത്തി…. എന്തിനാ ചേച്ചി കുട്ടി തലകുനിക്കുന്നേ… എനിക്കിപ്പോൾ ആശ്വാസമായി എന്റെ കണ്ണേട്ടനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാളെ കിട്ടിയല്ലോ… അഞ്ജലി സന്തോഷത്തോടെ നാൻസിയെ കെട്ടിപ്പിടിച്ചു…. അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നാൻസി കാണാതെ അവൾ അത് തുടച്ചു നീക്കി….. അപ്പൊ ശരി ഞായറാഴ്ച കാണാം കേട്ടോ… അഞ്ജലി ചിരിച്ചു എന്ന് വരുത്തി തീർത്തു…
അവർ യാത്ര പറഞ്ഞു പിരിഞ്ഞു…. രാത്രി അഞ്ജലി തിരിഞ്ഞും മറിഞ്ഞും കിടന്നു…. മനസ്സിന് വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെട്ടു…. ആരോ വാതിലിൽ മുട്ടുന്നു… അഞ്ജലി എഴുന്നേറ്റ് വാതിൽ തുറന്നു… എന്താച്ചാ എന്താ ഈ നേരത്ത്…. അഞ്ജലി ആവലാതിയോടെ ചോദിച്ചു…. മോള് ഇങ്ങു വാ…. ശിവപ്രസാദ് അവളെ പിടിച്ച് കട്ടിലിൽ ഇരുത്തി…. അവൾക്ക് മുന്നിലേക്ക് ഒരു തകരപെട്ടി എടുത്തുവെച്ചു…. അവൾ അതിൽ എന്താണെന്ന് രീതിയിൽ ശിവപ്രസാദിനെ നോക്കി…. മോളെ ഇത് നിന്റെ അമ്മയുടെതാണ്… ഇന്ന് വരെ ഞാൻ ഇത് തുറന്നു നോക്കിയിട്ടില്ല…
ഇത് മോൾക്ക് അവകാശപ്പെട്ടതാണ്… അച്ഛാ… ഒന്നും പറയണ്ട…. ഇത് തുറക്കാൻ നിനക്ക് മാത്രമേ അവകാശമുള്ളൂ…. ജാനകി മരിക്കും മുമ്പ് ഇത് എന്നോട് പറഞ്ഞതാണ്…. ഇതിൽ നിനക്കെന്തോ അവൾ കരുതി വെച്ചിട്ടുണ്ട്….. അയാൾ കണ്ണു തുടച്ച് പുറത്തേക്കിറങ്ങി… അഞ്ജലി പെട്ടിയുടെ മുകളിൽ ഒന്ന് തടവി… ആ പൊടി പിടിച്ച ഇരുമ്പ് പെട്ടി അവൾ പതിയെ തുറന്നു…. അതിൽ അമ്മയുടെ രണ്ടുമൂന്ന് നേടിയത് ഉണ്ടായിരുന്നു… അവൾ അത് കൈയിൽ എടുത്ത് നന്നായി മണത്തു… ഒരു ചില്ലു കുപ്പിയിൽ നിറയെ മഞ്ചാടിക്കുരു…
അവള് ആ കുപ്പിയിൽ ഒന്ന് വിരലോടിച്ചു…. ഒരു കുഞ്ഞ് തടികൊണ്ട് നിർമ്മിച്ച ഒരു പെട്ടി അവളുടെ ശ്രദ്ധയിൽ പെട്ടു…. അഞ്ജലി അത് കയ്യിലെടുത്തു തുറന്നു നോക്കി… അതിലൊരു സ്വർണ്ണ പാദസരമായിരുന്നു ഒപ്പം ഒരു കുറിപ്പും… അഞ്ജലി ആ കടലാസ് കഷ്ണം തുറന്നുനോക്കി… അത് വായിച്ചതും അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി… അഞ്ജു ഒന്നും മനസ്സിലാവാതെ പാദസരം കയ്യിലെടുത്തു.. അവളത് കയ്യിൽ മുറുകെ പിടിച്ച് പുറത്തേക്കോടി… മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് അഞ്ജലിയുടെ ശ്രദ്ധയിൽപ്പെട്ടു…
അവൾ വാതിക്കൽ നിന്ന് പുറത്തേക്ക് നോക്കി.. ഉമ്മറത്തെ ചാരുകസേരയിൽ കിടക്കുന്ന ശിവപ്രസാദിനെ കണ്ട അഞ്ജു അയാൾക്ക് അരികിലേക്ക് ഓടി ചെന്നു… ആരുടെ കാൽപെരുമാറ്റം ശ്രദ്ധിച്ച ശിവപ്രസാദ് കണ്ണിന് മീതെ വെച്ച കൈമാറ്റി നോക്കി… എന്താ മോളെ എന്തുപറ്റി…. കയ്യിൽ കരുതിയ പാദസരം അയാൾക്ക് നേരെ നീട്ടി…. ഇതാരുടെയാ മോളെ….. അയാൾ സംശയത്തോടെ ചോദിച്ചു…. അച്ഛൻ ഇതിനുമുമ്പും ഇത് കണ്ടിട്ടുണ്ടോ… അയാൾ ഇല്ലെന്ന് തലയാട്ടി…. അമ്മയുടെ പെട്ടിയിൽ ഉണ്ടായിരുന്നുത….
ആണോ എങ്കിൽ ഇത് ജാനകിയുടെ ആയിരിക്കും.. അയാൾ ഇത് ഇട്ട് ഞാൻ കണ്ടിട്ടില്ല…. ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് ശിവപ്രസാദ് പറഞ്ഞു….. അഞ്ജലി ഒരു മങ്ങിയ ചിരി അയാൾക്ക് നൽകി തന്റെ മുറിയിലേക്ക് പോയി… അവൾ വീണ്ടും ഒന്നുകൂടി ആ വരികൾ വായിച്ചു…. “ഇത് എന്റെ അഞ്ജു മോൾക്ക് അച്ഛന്റെ വിവാഹ സമ്മാനം….” അച്ഛൻ….. അഞ്ജലി നിറഞ്ഞ കണ്ണുകൾ തുടച്ചു നീക്കി… വീണ്ടും ആ പെട്ടി മുഴുവനും നോക്കി… ഒരു തുണിയിൽ കെട്ടി എന്തോ സൂക്ഷിച്ചിരിക്കുന്നു…..
അവള് ആ തുണിക്കെട്ട് തുറന്നു നോക്കി….അതിൽ ഒരു ഡയറി ഭദ്രമായി വെച്ചിരിക്കുന്നു….. അഞ്ജലി വിറച്ചുകൊണ്ട് അതു തുറന്നു…. കിച്ചു ഏട്ടന്റെ സ്വന്തം ജാനി ആദ്യത്തെ പേജിൽ മനോഹരമായി എഴുതിയിരിക്കുന്നു…. പ്രണയം തുളുമ്പുന്ന കൊച്ചുകൊച്ചു കവിതകളായിരുന്നു അതിൽ മുഴുവനും… അവൾ പതിയെ ഓരോ പേജു മറിച്ചു നോക്കി… ഡയറിയുടെ നടു മധ്യത്തിൽ മയിൽപീലികൊപ്പം ഒരു ഫോട്ടോ…. പത്തിരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരാൾ,.. അവള് ഫോട്ടോ കൈയിലെടുത്തു ഒരു നിമിഷം ആ ഫോട്ടോയിൽ കണ്ണിമ ചിമ്മാതെ നോക്കി നിന്നുപോയി….
ഫോട്ടോയുടെ മറുപുറത്തയി വടിവൊത്ത അക്ഷരത്തിൽ എഴുതിയിരിക്കുന്നു… ജാനിയുടെ സ്വന്തം കിച്ചുവേട്ടൻ… അപ്പോ ഇതാണ് എന്റെ അച്ഛൻ…. അല്ല ജാനിയുടെ കിച്ചു…. അഞ്ജലി തിരുത്തി പറഞ്ഞു… പിന്നെ അങ്ങോട്ടുള്ള കുറേ പേജുകൾ ഒന്നും തന്നെ എഴുതിയിട്ടില്ല….. കിച്ചു ഏട്ടൻ എന്നോട് ക്ഷമിക്കണം… കിച്ചു ഏട്ടന്റെ നല്ലതിനുവേണ്ടി ജാനി ഈ പടിയിറങ്ങുവ.. കിച്ചു ഏട്ടൻ തിരിച്ചു വരുമ്പോൾ എന്നോട് ദേഷ്യം തോന്നുമായിരിക്കും പക്ഷേ എന്റെ മുന്നിൽ വേറെ വഴിയില്ല…. അതിൽ പല അക്ഷരങ്ങളും കണ്ണുനീർത്തുള്ളി കൊണ്ട് മാഞ്ഞിരിക്കുന്നു…
അഞ്ജലി അടുത്ത പേജ് എടുത്തു വായിച്ചു… കിച്ചുവേട്ട…..കിച്ചുവെട്ടന്റെ ജീവന്റെ തുടിപ്പ് ഇന്ന് എന്നോടൊപ്പമുണ്ട്….നമ്മുടയെ മോള്…. കിച്ചുഏട്ടാ നമുക്കൊരു മോളാണ് പിറന്നത്… കിച്ചു ഏട്ടൻ തന്നെ ജയിച്ചു…. കിച്ചുവെട്ടന്റെ ചിരിയാണ് അവർക്കും….. ഞാൻ ആ നുണക്കുഴി കാട്ടിയുള്ള ചിരിയിൽ എല്ലാ വേദനയും മറക്കുവ….കിച്ചുവേട്ടന്റെ ആഗ്രഹം പോലെ ഞാൻ അവൾക്ക് അഞ്ജലി എന്ന് തന്നെയ പേരിട്ടത്… കിച്ചു വേട്ട.. നമ്മുടെ മോള് ഇന്ന് എന്നെ അമ്മേ എന്നു വിളിച്ചു…. ഇന്ന് നമ്മുടെ മോള് അച്ഛാ എന്ന് വിളിച്ചു….
പക്ഷേ അത് എന്റെ കിച്ചു ഏട്ടനെ അല്ലല്ലോ…. ഒത്തിരി സങ്കടം തോന്നി എനിക്ക്….. മോൾക്ക് അറിയാറാവട്ടെ ഞാൻ എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്…. എന്റെ കിച്ചു ഏട്ടനെ പോലെ ഒരു അച്ഛൻ ഈ ലോകത്ത് വേറെ ഉണ്ടാകില്ല…. കിച്ചു ഏട്ടാ എനിക്ക് പേടി തോന്നുന്നു…. നമ്മുടെ കുഞ്ഞിനെ ഏട്ടനെ ഏൽപ്പിക്കാതെ എനിക്ക് ഈ ലോകത്തോട് വിട പറയേണ്ടി വരുമോ….. പിന്നെ അങ്ങോട്ടുള്ള പേജുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…… അഞ്ജലി ആ ഡയറി നെഞ്ചോട് ചേർത്ത് വെച്ച് പൊട്ടിക്കരഞ്ഞു….
എന്താ ഇതൊക്കെ എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ എന്താണ് ജാനിയുടെയും കിച്ചുവിന്റെയും ജീവിതത്തിൽ സംഭവിച്ചത്… അപ്പോ കിച്ചു അമ്മേ ചതിച്ചതല്ലേ….. എന്തോ എനിക്ക് ഒരു വട്ടമെങ്കിലും ഈ മനുഷ്യനെ കാണാൻ തോന്നുന്നു….. കുടുംബവും കുട്ടികളുമായി എവിടെയെങ്കിലും ജീവിക്കുന്ന ഉണ്ടാകും…. വേണ്ട ഞാൻ കാരണം ആരുടെയും കുടുംബജീവിതം തകരണ്ട്…. അഞ്ജലിയുടെ അച്ഛൻ ശിവപ്രസാദ് ആണ് ഇനിയും അത് അങ്ങനെ തന്നെ ഇരിക്കട്ടെ…അഞ്ജലി ആ ഡയറി നെഞ്ചോട് ചേർത്തു വെച്ച് കിടന്നു…..
പിന്നെ അങ്ങോട്ട് ദിവസങ്ങൾ ഓടി നീങ്ങി…. ഇന്നാണ് അഞ്ജലിയുടെ വിവാഹം…. രാവിലെ കുളിച്ച് അമ്പലത്തിൽ പോയി തൊഴുതു വന്നു…. നാൻസി ചേച്ചി രാവിലെ തന്നെ വന്നു… അഞ്ജുവിനെ ഒരുങ്ങാൻ സഹായിച്ചത് നാൻസിയാണ്… അഞ്ജലി അധികം ആഭരണങ്ങൾ ഒന്നും അണിഞ്ഞില്ല….. കണ്ണേട്ടൻ തന്ന മാല അഞ്ജു നിർബന്ധിച്ച് നാൻസിയുടെ കഴുത്തിൽ അണീയിപ്പിച്ചു…. ശ്രീധരൻ മാമ്മൻ തന്ന മാല ഇട്ടു… അച്ഛമ്മ തന്ന വളയും പിന്നെ അച്ഛന്റെ അല്ല അമ്മയുടെ സമ്മാനം കാലുകളിൽ അണിഞ്ഞു….
അഞ്ജലി പുറത്തേക്ക് വന്ന് എല്ലാവരുടെയും അനുഗ്രഹം മേടിച്ചു…. അവർ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി… അമ്പലത്തിൽ നേരത്തെ തന്നെ ശ്രീഹരിയും വീട്ടുകാരും എത്തിയിരുന്നു…. കാറിൽ നിന്നും പുറത്തിറങ്ങിയ അഞ്ജുവിനെ കണ്ടു ശ്രീഹരി ഒന്നു നടുങ്ങി… ജാനിമ്മ…. 8 വയസ്സ് ഉള്ള ഹരിയും ആറു വയസ്സുള്ള ഉണ്ണിയും ഇരുകൈകളിലും ചേർത്ത് പാടവരമ്പത്തിലൂടെ അമ്പലത്തിലേക്ക് പോകുന്ന ആ 19 കാരിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു… അവൻ വേഗം അമ്മയെ നോക്കി… അവർ കണ്ണുചിമ്മി കാണിച്ചു…..
തുടരും…..