Sunday, December 22, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 29

എഴുത്തുകാരി: Anzila Ansi

പിറ്റേന്ന് തന്നെ അവർ ശ്രീമംഗലത്തെക്ക് തിരിച്ചു…. അവരെ കാത്തു അവിടെ രണ്ട് അതിഥികൾ കൂടി ഉണ്ടായിരുന്നു….. അഞ്ജു കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയതും ഉമ്മറത്ത് ഇരിക്കുന്ന ആളെ കണ്ടു ഒന്ന് ഞെട്ടി…. കിങ്ങിണി മോളെ ഹരിയെ ഏൽപ്പിച്ച് അവൾ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു…. രേവു…. അതിയായ സന്തോഷത്തോടെ അഞ്ജു രേവതിയെ കെട്ടിപ്പുണർന്നു… അഞ്ജുവിന്റെയും രേവുവിന്റെയും കണ്ണ് ഒരുപോലെ നിറഞ്ഞു…. മറ്റാരെയും ശ്രദ്ധിക്കാതെ കുറേനേരം അവരുടെ സ്നേഹപ്രകടനങ്ങളും പരിഭവം പറച്ചിലും ഒക്കെയായി നീങ്ങി…

പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ശ്രദ്ധ രേവുവിന്റെ കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരതിലേക്കും പതിഞ്ഞു…. അഞ്ജു അവളെ ഒന്നു നോക്കി ഒപ്പം കൂടെ നിൽക്കുന്ന മുടിയും താടിയും ഒക്കെ നീട്ടി വളർത്തിയ ചെറുപ്പക്കാരനിലേക്കും നീണ്ടു… അവൻ അഞ്ജുവിന് നിറഞ്ഞ ഒരു പുഞ്ചിരി നൽകി… ശാരദ അവരെ അകത്തേക്ക് ക്ഷണിച്ചു…. അഞ്ജു ഇതു രാജീവ്‌ ഏട്ടൻ… ആ പേര് കേട്ടതും അഞ്ജു ഞെട്ടി ഒന്ന് രേവതിയെ നോക്കി… അവൾ കണ്ണു ചിമ്മി അടച്ചു…. അമ്മായിയുടെ മകനാണ് പെട്ടെന്നായിരുന്നു വിവാഹം… അതുകൊണ്ടാണ് നിന്നെ അറിയിക്കാൻ കഴിയാഞ്ഞേ…. അഞ്ജുവിന്റെ മനസ്സിൽ പല ചോദ്യങ്ങളും രൂപപ്പെട്ടു അവൾ രേവതിയുടെ കയ്യിൽ മുറുകെ പിടിച്ചു…. ഹരി രാജീവന് കമ്പനി കൊടുത്തു…

അഞ്ജു രേവതിയും കൊണ്ട് തന്റെ മുറിയിലേക്ക് പോയി… ഇനി പറ ഇതൊക്കെ എങ്ങനെ സംഭവിച്ചേ…? രാജീവ് അയാൾ അല്ലേ നീ പറയാറുള്ള രാജീവേട്ടൻ… ഗായത്രി ചേച്ചിയുടെ…? അതിനുത്തരമായി രേവു ഒന്ന് മൂളി… എല്ലാം അറിഞ്ഞു വെച്ചുകൊണ്ട് നീ അയാളെ…. ദേ രേവു എനിക്ക് ദേഷ്യം വരുന്നുണ്ട് നീ എന്തെങ്കിലും ഒന്നു പറ ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കാതെ….. ചിരിച്ചുകൊണ്ടിരിക്കുന്ന രേവതിയെ നോക്കി അഞ്ജു ദേഷ്യപ്പെട്ട് ചോദിച്ചു… അഞ്ജു…. നീ ഇവിടെ ഇരിക്ക്…. രേവതി അഞ്ജുവിനെ തന്റെ അരികിൽ ഇരുത്തി…. അപ്പച്ചിക്ക് കുറച്ചായി ക്ഷീണവും വയ്യായ്കയൊക്കെ… കഴിഞ്ഞ ആഴ്ച അപ്പച്ചി വീട്ടിൽ വന്നിരുന്നു രണ്ടുദിവസം നിൽക്കാൻ..

വൈകുന്നേരം ചുമ്മാ അച്ഛനോട് എന്തൊക്കെയോ പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരിക്കുകയായിരുന്നു പെട്ടെന്ന് മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങി…. ഇടയ്ക്കിടയ്ക്ക് വരാറുള്ളത് കൊണ്ട് അപ്പച്ചി അത് കാര്യമായിട്ട് എടുത്തില്ലെങ്കിലും അച്ഛൻ ആകെ പേടിച്ചു… അച്ഛൻ നിർബന്ധിച്ച് അപ്പച്ചിയും കൊണ്ട് ഹോസ്പിറ്റലിൽ പോയി… അവിടെ ഒരുപാട് ടെസ്റ്റുകൾക്ക് ഒക്കെ എഴുതി കൊടുത്തു… എല്ലാം കഴിഞ്ഞപ്പോലാണ് ഡോക്ടർ പായുന്നേ ലുക്കിമിയയുടെ ലാസ്റ്റ് സ്റ്റേജ് ആണ്… ആ വാർത്ത അപ്പച്ചിയെ നന്നായി തളർത്തി…. ഹോസ്പിറ്റലിൽ വെച്ചുതന്നെ അപ്പച്ചി അച്ഛനോട് എന്നെ ആവശ്യപ്പെട്ടു രാജീവേട്ടൻ വേണ്ടി…

പിന്നെ ഒട്ടും വൈകാതെ വിളിയോ പറച്ചിലോ ഒന്നും ഇല്ലാതെ അമ്പലത്തിൽ വച്ച് അപ്പച്ചിയുടെ നിർബന്ധപ്രകാരം രാജീവേട്ടൻ എന്നെ താലികെട്ടി …. കണ്ണേട്ടന്റെ വീട്ടിൽ പോയാണ് നിന്റെ ഇവിടുത്തെ അഡ്രസ്സ് മേടിച്ചത്,… നിന്നോട് പറയാത്തതായി ഒന്നും ഇല്ല മോളെ എന്റെ ജീവിതത്തിൽ ഇതും നീ അറിയണമെന്ന് തോന്നി…. അതാ രാജീവേട്ടനെയും കൂട്ടി ഞാൻ ഇങ്ങോട്ട് പോന്നേ… അഞ്ജുവിന്റെ കവിളിൽ തലോടി ഒരു ചെറു ചിരിയോടെ രേവു പറഞ്ഞു… രാജീവേട്ടൻ ഗായത്രി ചേച്ചിയെ മറന്ന് നിന്നെ സ്നേഹിക്കുമോ രേവു… അഞ്ജുവിന്റെ ആ ചോദ്യത്തിന് മറുപടി അവൾ ഉള്ള നീറിയ ഒരു പുഞ്ചിരിയിലൊതുക്കി… ഗായത്രി…. രേവതിയുടെ ചേച്ചിയാണ്… ചേച്ചി രേവതിയെക്കാൾ നാലു വയസിന് മൂത്തതാണ്….

ഗായത്രി ചേച്ചി ജനിച്ചപ്പോഴേ എല്ലാരും കൂടി തീരുമാനിച്ചതാണ് ഗായത്രി രാജീവന് ഉള്ളതാണെന്ന്…. അറിയാറായ കാലം മുതൽ അവർ തമ്മിൽ പ്രണയിക്കാൻ തുടങ്ങിയതാണ്…. രണ്ടുപേരും മുതിർന്നപ്പോൾ വീട്ടുകാർ അവരുടെ കല്യാണവും തീരുമാനിച്ചു… രണ്ടു വീടുകളിലും കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി… ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ ക്ഷണിക്കുകയും ചെയ്തു…. അന്ന് രാജീവേട്ടൻ ചെന്നൈയിൽ ജോലി ചെയ്തിരുന്നത്… വിവാഹത്തിൽ നാലുദിവസം ബാക്കിനിൽക്കെയാണ് ഏട്ടന് ലീവ് കിട്ടിയത്… അതുകൊണ്ട് തന്നെ കല്യാണത്തിന് വേണ്ടി ഉള്ള വസ്ത്രങ്ങളും മറ്റും എടുക്കാൻ പോയത് രാജീവേട്ടൻ വന്നതിനുശേഷമാണ്…..

പണ്ടേ ചേച്ചിക്ക് റോഡ് മുറിച്ചു കടക്കുന്നത് പേടിയായിരുന്നു… അന്ന് അതും പറഞ്ഞ് രാജീവേട്ടൻ കളിയാക്കിയ വാശിക്ക് ഒറ്റയ്ക്ക് മുറിച്ചു കാണിച്ചു കൊടുക്കാം എന്നുപറഞ്ഞ് റോഡ് മുറിച്ചതാണ് ഒരു ലോറി ഇടിച്ചു തെറിപ്പിച്ചു… രക്തത്തിൽ കുളിച്ച് കിടക്കുന്ന ചേച്ചിയെ രാജീവേട്ടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…. ഇരു കൈകളിലും വസ്ത്രത്തിലും ഗായത്രി ചേച്ചിയുടെ ചോര കണ്ട അന്ന് മാനസികനില തെറ്റിയ രാജീവേട്ടനെ രണ്ടുകൊല്ലം ഒരു ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു… അവിടുന്ന് ഒക്കെ ഭേദമായി വന്നെങ്കിലും പിന്നെ ആരോടും ഒന്നും അധികം മിണ്ടാറില്ല… ഇപ്പോൾ ജോലിക്ക് ഒക്കെ പോകും എന്നാലും ആ സംഭവത്തിൽ നിന്നും പൂർണമായി ഏട്ടൻ പുറത്തുവന്നിട്ടില്ല….

താനാണ് ഗായത്രിയെ കൊന്നത് എന്നുള്ള ചിന്തയിൽ നീറി ജീവിക്കുന്ന ഒരു മനുഷ്യനാണ് രാജീവൻ…. ഇന്നും ഗായത്രി മാത്രമാണ് ആ മനസ്സ് മുഴുവൻ…. ഗായത്രി ചേച്ചിയെ അറിയാമെങ്കിലും രാജീവേട്ടനെ ആദ്യമായിട്ടാണ് അഞ്ജു ഇന്ന് കാണുന്നത്…. അഞ്ജു ഒരു ദീർഘനിശ്വാസം എടുത്തു രേവൂനെ നോക്കി… ഇപ്പോ നല്ല മാറ്റമുണ്ട്… അഞ്ജുവിന്റെ മനസ്സ് വായിച്ചതു പോലെ രേവു പറഞ്ഞു… പിന്നെ എന്നെ ഭാര്യയായി കാണാനൊന്നും ഇപ്പോൾ രാജീവേട്ടൻ കഴിയില്ല…. പക്ഷേ നല്ലൊരു സുഹൃത്തായി അംഗീകരിച്ചിട്ടുണ്ട്…. ഗായത്രി ചേച്ചിയുടെ സ്ഥാനം അത്ര പെട്ടെന്നൊന്നും രാജീവേട്ടന്റെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ കഴിയില്ല….. പിന്നെ ഒരിക്കലും എനിക്ക് ഗായത്രി ചേച്ചിയെ പോലെയാകാനും കഴിഞ്ഞില്ല….

എന്നെങ്കിലും എന്നെ മനസ്സിലാക്കി എനിക്കൊരു സ്ഥാനം തരുമേന്ന വിശ്വാസം എനിക്കുണ്ട്… അച്ഛൻ എന്നോട് ആദ്യം ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ഞാൻ എതിർത്തതാണ്…. പിന്നെ അച്ഛന്റെയും അപ്പച്ചിയുടെയും കണ്ണുനീർ കണ്ട് സമ്മതിച്ചതാണ്….. ഇപ്പോ ആ മനുഷ്യനെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട് അഞ്ജു… രാജീവേട്ടൻ എന്നോട് ഒരു ഇഷ്ടം തോന്നുന്നത് വരെയും എന്റെ പ്രണയം എന്റെ മനസ്സിൽ ഞാൻ സൂക്ഷിക്കും…. എന്റെ സ്നേഹം സത്യമാണെങ്കിൽ ഒരു ദിവസം രാജീവേട്ടനും തിരികെ എന്നെ സ്നേഹിക്കും… എന്നെ ആ നെഞ്ചോട് ചേർത്ത് വെക്കും…

രേവു ആത്മവിശ്വാസത്തോടെ പറഞ്ഞു അവളുടെ കണ്ണിൽ നിന്നും ഊർന്നു വീണ കണ്ണുനീർ അമർത്തി തുടച്ചു…. അഞ്ജു അവളെ കെട്ടിപ്പുണർന്നു…. പിന്നെയും അവർ കുറേ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു… രാജീവനും ഹരിയും കൂടി മുറിയിലേക്ക് കടന്നുവന്നു…. ഹരി അഞ്ജുവിനെ തന്നോട് ചേർത്തു നിർത്തി…. അഞ്ജു ഒരു ചെറു ചമ്മലോടെ രേവുനെ നോക്കി അവൾ അക്കി ചിരിക്കാൻ തുടങ്ങി… പെട്ടെന്ന് തന്നെ രാജീവൻ രേവതിയുടെ അടുത്തേക്ക് നീങ്ങി നിന്നു…. അവന്റെ സാമീപ്യം പോലും അവളിൽ പല ചലനങ്ങളും സൃഷ്ടിച്ചു… ഞെട്ടി വിറച്ച നിൽക്കുന്ന രേവൂനെ അഞ്ജുവും കളിയാക്കി…. ശാരദാമ്മ എന്തൊക്കെ ഒക്കെ കഴിക്കാൻ ഒരുക്കി അവരെ താഴേക്ക് വിളിച്ചു…

ആഹാരം എല്ലാം കഴിഞ്ഞ് രേവു അഞ്ജുവിനോടും ഹരിയോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി…. അവർ പോയതിനു തൊട്ടുപുറകെ തന്നെ ഹരിയും ഹോസ്പിറ്റലിലേക്ക് പോയി…. രാത്രി ഏറെ വൈകിയാണ് ഹരി വീട്ടിലെത്തിയത്… അവന്റെ മുഖം ആകെ വല്ലാതെ ഇരുന്നു… വന്ന ഉടനെ വാതിൽ തുറന്ന അഞ്ജലിയോട് അവൻ കയർത്ത് സംസാരിച്ചു…. ഒന്നും മനസ്സിലാവാതെ അഞ്ജു അവനെ നോക്കി നിന്നു…. ആഹാരം കഴിക്കാൻ ഇരുന്നെങ്കിലും ഒന്നും കഴിക്കാതെ അവൻ ചോറിട്ട് വെറുതെ വിരൽ ഒട്ടിച്ചിരുന്നു… എന്താ ശ്രീയേട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ എന്താ വല്ലാതെ ഇരിക്കുന്നെ അഞ്ജു ഉത്കണ്ഠയോടെ ചോദിച്ചു…. അവളുടെ ചോദ്യം കേട്ട് ഹരി മുന്നിലിരുന്ന് ചോറും പ്ലേറ്റും വലിച്ചു തറയിലേക്കു എറിഞ്ഞു….

അഞ്ജു അവന്റെ ആ പ്രവൃത്തിയിൽ ഒന്ന് സംഭവിച്ചു നിന്നുപോയി…. ഒന്നും മിണ്ടാതെ അവൾ ആ പ്ലേറ്റിന്റെ മുറിഞ്ഞ കഷണങ്ങൾ പറക്കി എടുത്തു… കൂർത്ത ഇരുന്ന് ഒരു മുറി കഷ്ണം അവളുടെ കയ്യിൽ കൊണ്ട് കീറി… സ്സ്…. അഞ്ജു കൈ കുടഞ്ഞു… അഞ്ജുവിന്റെ കൈയിൽ നിന്ന് ചോര ഒലിച്ച് ഇറങ്ങാൻ തുടങ്ങി… ഹരി വേഗം അവളുടെ അടുത്തേക്ക് വന്നു ആ കൈ കൊണ്ടുപോയി മുറിവ് കഴുകി വൃത്തിയാക്കി… ഫസ്റ്റയ്ഡ് ബോക്സ് എടുത്തുകൊണ്ടുവന്ന് ഹരി അവളുടെ മുറിവ് കെട്ടി കൊടുത്തു…. സോറി…. അഞ്ജുവിന്റെ മുഖത്ത് നോക്കാതെ ഹരി പറഞ്ഞു… അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ അഞ്ജു അവിടെ നിന്നും എഴുന്നേറ്റ് പോകാൻ തുനിഞ്ഞു…

ഹരി അവളുടെ കയ്യിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി അവളുടെ മാറോടു ചേർന്ന് കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരയാൻ തുടങ്ങി… അഞ്ജു ആകെ പകച്ചിരുന്നു പോയി…. അവനെ എന്തോ ഒരു വലിയ പ്രശ്നം അലട്ടുന്നുണ്ടന്ന് അവൾക്കു മനസ്സിലായി… പിന്നെ അവൾ ഒന്നും ഹരിയോട് ചോദിക്കാൻ നിന്നില്ല അവൾ അവന്റെ മുടിയിൽ തലോടി…. അവൻ അവളുടെ മടിയിൽ കിടന്നു ശാന്തമായി ഉറങ്ങി…. രാവിലെ ആദ്യം ഉണർന്നത് ഹരിയായിരുന്നു… കണ്ണു തുറന്നപ്പോൾ കാണുന്നത് തന്നെ വീഴാതെ ഇരു കൈകൾ കൊണ്ട് ചേർത്തുപിടിച്ചു ഇരുന്നുറങ്ങുന്ന അഞ്ജുവിനെ ആണ്…

മുറിഞ്ഞ ആളുടെ കൈകളിൽ അവൻ ചുണ്ടോടു ചേർത്തു… അഞ്ജു ഒരു ഞരക്കത്തോടെ എഴുന്നേറ്റു…. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു… എന്താ ശ്രീയേട്ടാ… ഏട്ടന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞുകൂടെ… അതോ ഇനി എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലും കാര്യം ആണോ… അഞ്ജു ഒരു തേങ്ങലോടെ അവനോടു ചോദിച്ചു…. ഞാൻ പറയാം അഞ്ജു…. ഹരി പറയാൻ തുടങ്ങിയതും കിങ്ങിണി മോള് അമ്മേ എന്ന് വിളിച്ചു മുകളിൽ നിന്ന് താഴേക്കിറങ്ങി വന്നു…. അഞ്ജുവിന്റെ മടിയിൽ കിടക്കുന്ന ഹരിയെ കണ്ടപ്പോൾ കിങ്ങിണി മോൾ കരയാൻ തുടങ്ങി… അതുകണ്ട ഹരി മോളെ എടുത്ത് നെഞ്ചത്ത് കിടത്തി…. ഹരിയുടെ കണ്ണുകൾ നിറഞ്ഞു….

അഞ്ജു അവനെ നോക്കി കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചു… കുറച്ചുനേരം അവർ മൂന്നുപേരും അങ്ങനെ തന്നെ അവിടെ ഇരുന്നു. അഞ്ജു കിങ്ങിണി മോളെ എടുത്തുകൊണ്ടുപോയി കുളിപ്പിച്ച് ഉടുപ്പ് മാറ്റി താഴേക്ക് കൊണ്ടുവന്നു…. ഹരിയും ബാക്കി കുടുംബാംഗങ്ങളും ആഹാരം കഴിക്കുകയായിരുന്നു…. ഹരി ഒരു ദീർഘനിശ്വാസം എടുത്തു…. എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട്…. എല്ലാവരും എന്താണ് എന്നർത്ഥത്തിൽ ഹരിയുടെ മുഖത്തേക്ക് നോക്കി….

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 28