Sunday, September 8, 2024
Novel

നീരവം : ഭാഗം 15

എഴുത്തുകാരി: വാസുകി വസു


“നീരവേ”

അച്ഛന്റെ അലർച്ച കേട്ടിട്ടും നീരവ് അനിയനിൽ നിന്ന് പിടി വിട്ടിരുന്നില്ല.മാധവ് അവർക്കിടയിലേക്ക് കയറി നീരജിനെ മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റ് വഴികൾ ഇല്ലാതാതോടെ അയാൾ നീരവിന്റെ മുഖത്ത് ആഞ്ഞടിച്ചു.

“അച്ഛാ”

വിളിയോടൊപ്പം നീരവിന്റെ കൈകൾ അയഞ്ഞതോടെ നീരജ് അവനിൽ നിന്ന് മോചിതനായി.മകന്റെ കണ്ണുകൾ നിറയുന്നത് മാധവ് കണ്ടു.ശരീരത്തിലൂടെയൊരു തരിപ്പ് മിന്നൽ പിണരുകൾ പോലെ പാഞ്ഞു കയറി.

“എന്റെ മോനേ ഭ്രാന്തൻ തല്ലിക്കൊന്നല്ലോ”

മീനമ്മ ഉറക്കെ നിലവിച്ചു തുടങ്ങി. അതോടെ എല്ലാം കണ്ടും കേട്ടും സ്തംഭിച്ചു നിന്നിരുന്ന നീരജ ഉറക്കെ പറഞ്ഞു.

“എല്ലാവരും ഒന്ന് നിർത്തുവോ.തല ചൂടായി പ്രാന്ത് പിടിച്ചു തുടങ്ങി”

മകളുടെ അലർച്ച കേട്ടു നിലവിളിച്ച് തുടങ്ങിയ മീനമ്മയുടെ ശബ്ദം പിടിച്ചു കെട്ടിയത് പോലെയായി.പഴയൊരു വെളളമുണ്ട് എടുത്ത് കൊണ്ട് വന്ന് മകന്റെ തലയിലെ ബ്ലഡ് തുടയ്ക്കാൻ തുടങ്ങി.

“അച്ഛാ…ഏട്ടനെ അടിച്ചത് ശരിയായില്ല.നീരവേട്ടന്റെ ഇപ്പോഴത്തെ അവസ്ഥയെങ്കിലും ഓർക്കണമായിരുന്നു.”

നീരജ അച്ഛന് അഭിമുഖമായി തിരിഞ്ഞു.അയാളുടെ കണ്ണുകൾ ഒഴുകി തുടങ്ങിയിരുന്നു.

“ഡീ നീയെന്റെ വയറ്റിൽ കുരുത്തവൾ തന്നെയാണോ?”

മകൾ തള്ളിപ്പറഞ്ഞത് മീനമ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല. എത്രയൊക്കെ ആയാലും തന്റെ വയറ്റിൽ ചുമന്ന് പ്രസവിച്ച മകളാണ്. അവരാകെ നീറിപ്പുകയാൻ തുടങ്ങി.

“അമ്മയെ തള്ളിപ്പറയാൻ കാരണം അമ്മയുടെ കയ്യിലിരുപ്പ് തന്നെയാണ്”

നീരജയും വിട്ടു കൊടുത്തില്ല..നീറ് പോലെ അവളും നിന്നു.

“ഹും അമ്മയാണത്രേ അമ്മ..മക്കളെ പലതട്ടിൽ കാണുന്ന നിങ്ങൾ ഒരമ്മ തന്നെയാണോ”

നീരജ വീണ്ടും അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചു.ഇടക്ക് നീരജിനെ നോക്കി ദഹിപ്പിക്കുന്നത് പോലെയൊരു നോട്ടമയച്ചു.

“ഞാൻ പിന്നെ എന്ത് വേണം മോളേ..സഹിക്കുന്നതിനും പരിധിയില്ലേ”

മാധവ് തളർച്ചയോടെ മകളെ നോക്കി.അയാളുടെ പ്രിയപ്പെട്ട പുത്രനാണ് നീരവ്.

“എല്ലാം അച്ഛന്റെ തെറ്റാണ്.. തുടക്കം മുതലേ അമ്മയെ നിയന്ത്രിച്ചിരുന്നെങ്കിൽ ഈ വീട് ഇങ്ങനെയൊന്നും ആകില്ലായിരുന്നു”

തളർന്ന് പോയ ഏട്ടനെ തനിക്ക് അരികിലായി കുഷ്യനിലേക്ക് ഇരുത്തുകയായിരുന്നു നീരജ.അതിനിടയിലാണവൾ അച്ഛനെ കുറ്റപ്പെടുത്തിയത്.

നീരവിന്റെ അമ്മ പ്രസവത്തോടെ മരിക്കുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും മാധവിനെ ഒരുപാട് സ്വാധീനം ചെലുത്തി മറ്റൊരു വിവാഹം കഴിക്കുവാനായിട്ട്.

ആദ്യമൊക്കെ അതിനോട് വിമുഖത കാണിച്ചെങ്കിലും മകനൊരു അമ്മയേയും തനിക്കൊരു ഭാര്യയുടെ ആവശ്യവും അയാൾക്ക് ബോദ്ധ്യപ്പെട്ടത്.

തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നവൾക്ക് മകനൊരു ബാധ്യതയാകുമോന്ന് ഭയം മാധവിന് ഉണ്ടായിരുന്നു. അതിനാലാണ് സാധാരണ വീട്ടിലെയൊരു പെൺകുട്ടിയെ വിവാഹം ആലോചിച്ചത്.

നീരവിനെ മകനായി കാണാമെന്ന അയാളുടെ ഡിമാന്റ് മീനമ്മ അംഗീകരിച്ചതിനാലാണ് അവരെ വിവാഹം കഴിച്ചത്.

നീരജും നീരജയും ജനിക്കുന്നത് വരെ മീനമ്മക്ക് നീരവ് പ്രിയപ്പെട്ട മകനായിരുന്നു. പ്രസവശേഷം ചെറിയ ഒരു അകൽച്ച നീരവിനോട് കാണിച്ചെങ്കിലും അവർക്ക് ഇഷ്ടക്കേട് ഇല്ലായിരുന്നു. പക്ഷേ നീരജ് വളരുന്തോറും ഏട്ടനോടുളള അനിഷ്ടവും വളർന്നു. ഇടക്കിടെ അവനത് പ്രകടിപ്പിച്ചിരുന്നെങ്കിലും നീരവിനു ജീവനായിരുന്നു അനിയനും അനിയത്തിയും.

മകനോടുളള അമിതമായ സ്നേഹം നീരജ് മുതലെടുക്കാൻ തുടങ്ങി.ഓരോന്നും പറഞ്ഞു നീരവിൽ നിന്ന് മീനമ്മയെ അവനകറ്റി.അവരുടെ മനസ്സിൽ അവൻ വിഷം നിറച്ചു.ആ വിഷം ഇടക്കിടെ മീനമ്മ അവസരം പോലെ നീരവിന്റെ നേരെ ചീറ്റിയിരുന്നു.പക്ഷേ അവനൊന്നും അച്ഛനെ അറിയിച്ചിരുന്നില്ല.അനിയനേയും അനിയത്തിയേയും അമ്മയേയും നഷ്ടപ്പെടുത്താൻ നീരവിനു കഴിയില്ലായിരുന്നു.മാധവിനു മുമ്പിൽ മീനമ്മക്ക് നീരവ് പ്രിയപ്പെട്ട മകനായിരുന്നു.

പക്ഷേ അനിയത്തി നീരജക്ക് നീരവിനെ ആയിരുന്നു ഏറ്റവുമധികം ഇഷ്ടം. അവനെ എപ്പോഴും സപ്പോർട്ട് ചെയ്തിരുന്നതും അവളാണ്.അച്ഛനെ എല്ലാം അറിയിച്ചതും അവളാണ്. ബട്ട് അപ്പോഴേക്കും മാധവിൽ നിന്ന് എല്ലാം പിടിവിട്ടു കഴിഞ്ഞു. കതിരിൽ കൊണ്ട് ചെന്ന് വളം ചെയ്താൽ ഫലമില്ലെന്ന് മനസ്സിലായതോടെ അയാൾ സ്വയം പിൻ വാങ്ങി കൂടുതൽ ദുർബലനായി തീർന്നു.

“ശരിയാണ് മോളേ എല്ലാം അച്ഛന്റെ കഴിവുകേടാണ്..നീ കുറ്റപ്പെടുത്തിയതിലൊരു തെറ്റുമില്ല.

“അച്ഛാ…ഞാൻ”

നീരജ വാക്കുകൾക്കായി പരതി.അച്ഛന്റെ മുഖത്തെ വ്യസനം കണ്ടതോടെ അങ്ങനെ പറയേണ്ടിയില്ലെന്ന് അവൾക്ക് തോന്നി.

“നീരജിനെ ഹോസ്പിറ്റൽ കൊണ്ട് പോകാൻ നോക്ക് മനുഷ്യാ നിങ്ങൾ”

മീനമ്മ ചീറ്റപ്പുലിയെ പോലെ ചീറ്റിക്കൊണ്ട് മാധവിന് അരികിലെത്തി. കൈകളിൽ സർവ്വശക്തിയും ആവാഹിച്ച് അവരുടെ കരണത്ത് ആഞ്ഞ് പ്രഹരിച്ചു.അടിയുടെ ആഘാതത്തിൽ ആടിയുലഞ്ഞു അവർ നിലത്തേക്ക് വീണു. കണ്ണുകളിൽ നിന്ന് പൊന്നീച്ച ചിതറുന്നത് അവരറിഞ്ഞു.ഭർത്താവ് തല്ലിയത് സഹിക്കാൻ മീനമ്മക്ക് കഴിഞ്ഞില്ല.അവർ കവിളിൽ കൈ തിരുമ്മി രോഷത്തോടെ ചാടിയെഴുന്നേറ്റു.

“നിങ്ങൾ എന്നെ തല്ലിയല്ലേ..ഇനിയൊരു നിമിഷം ഞാനിവിടെ നിൽക്കില്ല”

നീരജിനെയും കൂട്ടി മീനമ്മ മുറിയിലേക്ക് പോയി..അമ്മക്ക് തല്ല് കിട്ടിയത് നീരജക്ക് നന്നേ ബോധിച്ചു.അച്ഛൻ കുറച്ചു കൂടി നേരത്തേയിത് ചെയ്യണമെന്ന് ആയിരുന്നു അവളുടെ അഭിപ്രായം.

കുറച്ചു കഴിഞ്ഞപ്പോൾ തോളിലും കയ്യിലും ബാഗുമായി നീരജും മീനമ്മയും ഇറങ്ങി വന്നു.നീരവിനെ തറപ്പിച്ചൊന്ന് നോക്കിയവർ ശാപവാക്കുകൾ ചൊരിഞ്ഞു.

“ചുമ്മാതല്ലെടാ നീയിങ്ങനെ ഭ്രാന്തനായത്. പ്രസവത്തോടെ പെറ്റതളളയുടെ ജീവനും എടുത്തല്ലേ പുറത്തേക്ക് വന്നത്”

മീനമ്മയുടെ വാക്കുകൾ നീരജയുടെയും മാധവിന്റെയും ഹൃദയങ്ങളിൽ തുളച്ചു കയറി. അവരിൽ നിന്നൊരു നോവായത് നീരവിലേക്ക് പടർന്നു കയറി.

“നിന്റെ തല പോകാതെ ഞാനും മോനും ഇവിടത്തെ പടികൾ ചവിട്ടില്ല..അല്ലെങ്കിൽ നീ ഞങ്ങളെ കൊല്ലാനും മടിക്കില്ല”

മകന്റെ കയ്യും പിടിച്ചു മീനമ്മ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതും നീരവ് എഴുന്നേറ്റു ചെന്ന് കതക് ശബ്ദത്തോടെ വലിച്ചടച്ചു.അവന്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായി. അത് മീനമ്മയെ തെല്ലൊന്ന് അമ്പരപ്പിച്ചു. അവന്റെ നീക്കമെന്തെന്ന് ആർക്കും മനസ്സിലായില്ല.

“അമ്മയും അനിയനും കൂടിയങ്ങ് പോയാലോ..എന്റെ നീഹാരിക എവിടെയെന്ന് ഒന്ന് പറഞ്ഞിട്ട് പോയാൽ മതി”

നീരവ് ഉടുത്തിരുന്ന ലുങ്കിയെടുത്ത് ഒന്നുകൂടി മുറുക്കി ഉടുത്തിട്ട് മീനമ്മയുടെ നേർക്ക് നടന്നു ചെന്നു. അവർ ഭയത്തോടെ പിന്നോക്കമൊരു ചുവട് വെച്ചു.

“അവൾ നിന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു പോയതല്ലേ”

മീനമ്മ വിക്കി വിക്കി പറഞ്ഞു.. നീരജ് ഭയത്തോടെ അമ്മക്ക് പിന്നിൽ പതുങ്ങി.

“ഞാൻ മീരയുടെ കാര്യമാണ് ചോദിച്ചത്… മയക്കുമരുന്ന് മണപ്പിച്ച് എന്നെ ബോധം കെടുത്തിയട്ട് അവളെ നിങ്ങൾ എന്ത് ചെയ്തൂന്നാ ചോദിച്ചത്?”

നീരവിന്റെ വാക്കുകൾ മിന്നൽ പിണരായി കത്തിപ്പടർന്നു..വ്യക്തമായി അവൻ ചോദിക്കുന്നത് കേട്ട് എല്ലാവരും അവനെ തറപ്പിച്ചു നോക്കി..വിശ്വാസം വരാത്ത പോലെ മീനമ്മയും നീരജും മിഴിച്ചു നിന്നുപോയി.

“നിങ്ങൾക്കായി,നിങ്ങളുടെ മകന്റെ സാർത്ഥലാഭങ്ങൾക്കായി പലപ്പോഴായി എന്നെ ദ്രോഹിപ്പിച്ചപ്പോഴും ഞാൻ സ്വയം ഒഴിവായി തന്നു.സ്വയം തീർത്ത തടവറയിൽ ഞാൻ സ്വയമെരിഞ്ഞു.എല്ലാം എന്റെ അനിയനു വേണ്ടി.ഒടുവിൽ ഭ്രാന്തനായി മുദ്ര കുത്തിയട്ടും എതിർപ്പുകളില്ലാതെ ഇരുളിന്റെ കൂട്ടുകാരനായി മാറിയില്ലേ..എന്നിട്ടും എന്നിട്ടും നിങ്ങൾ…”

വേദനയോടെ അതിലുപരി നിയന്തിക്കാൻ കഴിയാത്ത സങ്കടത്തോടെ നീരവിന്റെ ഹൃദയം പിടഞ്ഞു.അവന്റെ നെഞ്ഞ് നീറുന്നത് നീരജക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

“ഏട്ടാ..ഏട്ടൻ എന്തൊക്കെ ആണ് വിളിച്ചു പറഞ്ഞത്.. എനിക്ക് അറിയണം എല്ലാ സത്യങ്ങളും എനിക്ക് അറിഞ്ഞേ പറ്റൂ”

ഏട്ടന് അരികിലേക്ക് നീരജ ഓടിയെത്തി അവനെ പിടിച്ചു ഉലച്ചു.മകന്റെ സംസാരം ശ്രദ്ധിച്ചിരുന്ന മാധവും ആടിയുലഞ്ഞു.. നീരജും മീനമ്മയും പിടിക്കപ്പെട്ട കുറ്റവാളികളെ പോലെയായി.

“എന്നും എന്റെ അനിയനായി നിന്നെ കണ്ടിട്ടുള്ളൂ…ചെറുപ്പം മുതലേ എനിക്കിഷ്ടപ്പെട്ടതൊക്കെ എന്നിൽ നിന്ന് പിടിച്ചെടുക്കുന്ന ശീലം നിനക്കുണ്ട്.

എന്നിട്ടും എന്റെ അനിയനു വേണ്ടിയാണെന്ന് കരുതി വിട്ടു നൽകിയട്ടേയുള്ളൂ..എല്ലാത്തിനും ഒടുവിൽ എന്റെ പ്രാണനെ പറിച്ചടുത്തപ്പോൾ ഹൃദയം നീറുന്ന വേദനയിലും ക്ഷമിച്ചു.

അപ്പോഴും എന്റെ അനിയനാണെന്ന് വെച്ച് ക്ഷമിച്ചു.പക്ഷേ ഇതെനിക്ക് പൊറുക്കാൻ കഴിയില്ല.എന്റെ മീരയെവിടെ..അതോ നീഹാരികയെ പോലെ നിങ്ങൾ അവളെയും കൊന്ന് കളഞ്ഞോ?”

നീരജിനെ തനിക്ക് അഭിമുഖമായി നീരവ് പിടിച്ചു നിർത്തി.അവന്റെ മിഴികളിൽ ഭയം ഓളം വെട്ടുന്നത് കണ്ടു അവനു ചിരി വന്നു.

“ഇവന് ഭ്രാന്ത് കൂടിയതാ…മുഴുത്ത ഭ്രാന്ത്.. ചങ്ങലയിൽ ബന്ധിക്കാൻ നോക്ക്”

അലർച്ചയോടെ മീനമ്മ നീരവിനെ തള്ളിയകറ്റി നീരജിനെയും പിടിച്ചു വലിച്ചു വാതിക്കലിലേക്ക് ഓടാൻ ശ്രമിച്ചു.അവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.അതിനു മുമ്പ് മാധവ് വർമ്മ വാതിൽ മറഞ്ഞു നിന്നു.

“സത്യങ്ങൾ എല്ലാം അറിഞ്ഞട്ട് പോയാൽ മതി അമ്മയും മകനും.ഭ്രാന്തനാണെന്ന് പറഞ്ഞു എന്റെ കുഞ്ഞിനെ എത്രയോ നാളുകളായി അടച്ചിട്ട മുറിയിൽ നിങ്ങൾ തളച്ചിട്ടൂ”

ക്രോധവും സങ്കടവും വേദനയുമെല്ലാം അയാളുടെ സ്വരത്തിൽ നിഴലിച്ചിരുന്നു. അതുപോലെ ആയിരുന്നു നീരജയുടെയും അവസ്ഥ.എന്തായാലും നീരജിനും അമ്മക്കും മാപ്പില്ലെന്ന് അവൾ സ്വയം തീരുമാനം എടുത്തിരുന്നു.

“പറയ് ഏട്ടാ എല്ലാം… എനിക്കും അച്ഛനും സത്യമറിയണം..ഭ്രാന്തില്ലാത്ത എന്റെ ഏട്ടനെ ഭ്രാന്താക്കി മുദ്ര ചാർത്തിയത് എന്തിനെന്ന്…എന്റെ പ്രിയപ്പെട്ട കൂട്ടുകാരി നീഹാരികക്ക് എന്ത് പറ്റിയെന്ന്”

നീരവിനെ പിടിച്ചു ഉലച്ചു കൊണ്ട് നീരജ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ശക്തമായി ഏങ്ങലടിച്ചു കരയാൻ തുടങ്ങി…

“കൊന്നതാ മോളേ എന്റെ നീഹാരികയെ…അല്ല കൊല്ലിച്ചതാണ് ഇവൻ..അതിന് അമ്മ ഇവന് സപ്പോർട്ടും ചെയ്തു..”

നീരവ് പറഞ്ഞതു കേട്ട് നീരജയുടെ അടിവയറ്റിലൂടെയൊരു മിന്നൽ പാഞ്ഞു മുകളിലേയ്ക്ക് കയറി തുടങ്ങി.. അതേ അവസ്ഥയിൽ ആയിരുന്നു മാധവും..

നീരവ് മെല്ലെ ആ കഴിഞ്ഞു പോയതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു..

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14