Tuesday, January 21, 2025
Novel

നവമി : ഭാഗം 7

എഴുത്തുകാരി: വാസുകി വസു


“ശരി പന്ത്രണ്ട് മണി കഴിഞ്ഞു വാ.അപ്പോഴേക്കും നവിയും ഉറങ്ങും”

ഫോണിലൂടെ എല്ലാം പറഞ്ഞു ഉറപ്പിച്ചു നീതി മുറിയിലേക്ക് കയറി.. നവിയൊന്ന് ചിരിച്ചു.ഇന്ന് കൊണ്ട് തീർക്കണം നീതിയുടെയും ധനേഷിന്റെയും അഹങ്കാരം.

ഇനി രണ്ടും തല പൊക്കരുത്..മുറിയിലെത്തിയ നവി തലപുകഞ്ഞ് ആലോചിച്ചു. അതിനൊരു വഴിയും അവൾ കണ്ടെത്തി…

രാത്രി പന്ത്രണ്ട് മണി കഴിയാൻ നീതിയും നവിയും കാത്തിരുന്നു.. നവി തനിക്ക് പാര പണിയാനുളളതെല്ലാം ഒരുക്കി വെച്ചിട്ടുണ്ടെന്ന് പാവം നീതി അറിഞ്ഞതേയില്ല….

രാത്രി മെല്ലെ വളർന്നു ഇരുളിനു കനം കൂടി വന്നു.ഒരുമുറിയിലെ ലൈറ്റ് മാത്രം അണയാതിരുന്നു.

മുറിയിൽ മിടിക്കുന്ന ഹൃദയവുമായി നീതി ഉഴറി നടന്നു.

മുറിയിൽ രാധയുണ്ടായിരുന്നില്ല.

സൂത്രത്തിൽ അവൾ അവരെ അവിടെ നിന്ന് മാറ്റിയിരുന്നു. രാധ എത്രയൊക്കെ കിള്ളി ചോദിച്ചിട്ടും മറുപടി കിട്ടിയില്ല.

ഇന്നുവരെ മകളെ പിരിഞ്ഞൊരു രാത്രി അവർ ഇരുന്നട്ടില്ല.

ഊണും ഉറക്കവുമെല്ലാം മകളോടൊത്തായിരുന്നു ഇത്രയും നാളും.

അപ്രതീക്ഷിതമായി ഇന്നവൾ അമ്മ മറ്റൊരു മുറിയിൽ കിടന്നോളൂന്ന് അറിയിച്ചപ്പോൾ അവർ അമ്പരന്നു നിന്നു.

“നീയെന്താടീ ഇങ്ങനെയൊക്കെ പറയുന്നത്”

“ഞാൻ മലയാളമല്ലേ പറഞ്ഞത്.മറ്റ് ഭാഷകളൊന്നും അല്ലല്ലോ”

മനസ്സിലെ ടെൻഷൻ പുറത്ത് കാണിക്കാതിരിക്കാൻ നീതി ശ്രദ്ധിച്ചു.ഉള്ളിലൊരു ഭയവും ഇല്ലാതില്ല.ആരെങ്കിലും ധനേഷ് വരുന്നെന്ന് അറിഞ്ഞാൽ അതോടെ തീർന്നു..

“അമ്മയെന്താ ആലോചിക്കുന്നത്? പൊയ്ക്കോളൂ എനിക്ക് ഉറക്കം വരുന്നു”

രാധക്ക് പോകാൻ മനസ്സിലാതെ അവിടെ നിന്നു.മകളുടെ മുഖം മാറുന്നത് മനസ്സിലാക്കിയ അവർ അവിടെ നിന്ന് ഇറങ്ങിപ്പോയി.

അമ്മ മടങ്ങിയ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് അവൾ കട്ടിലിലേക്ക് ഇരുന്നു.

മൊബൈൽ കയ്യെത്തും അകലത്ത് ഇരിപ്പുണ്ടെന്ന് നീതി ഉറപ്പ് വരുത്തി.

ഹാളിലെ മുറിയിൽ ക്ലോക്ക് പതിനൊന്നായെന്ന് ഓർമ്മിപ്പിച്ചു അത്രയും പ്രാവശ്യം സംഗീതം മുഴക്കി.

സമയം അടുക്കുന്തോറും മനസ്സിലെ ഭീതിയും വർദ്ധിച്ചു.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

നവമി മുറിയിൽ ലൈറ്റ് ഓഫാക്കി നേരത്തെ കിടന്നിരുന്നു.കുറച്ചു നേരം റെസ്റ്റ് എടുക്കുന്നത് നല്ലതാണ്.ലൈറ്റ് ഓഫ് ചെയ്തത് ബുദ്ധിപൂർവ്വമാണ്.

ചേച്ചി പൊട്ടയല്ലെന്ന് നവിക്ക് അറിയാം. നന്നായി ശ്രദ്ധിച്ചേ അവളൊരു കാര്യം ചെയ്യൂ.

മൊബൈലിൽ സമയം പതിനൊന്ന് നാൽപ്പത്തഞ്ചിനു അലാറം വെച്ചു.

കിടന്ന് ഉറങ്ങിപ്പോയാൽ എഴുന്നേൽക്കണം.കുറച്ചു നേരം കിടന്നതും കണ്ണുകൾ തെല്ലൊന്ന് അടഞ്ഞു പോയി.സമയം ഓർമ്മിപ്പിച്ചു മൊബൈൽ ശബ്ദിച്ചതോടെ നവി എഴുന്നേറ്റു.

സൗണ്ട് കുറച്ചാണ് അലാറം വെച്ചത്.മറ്റാരും കേട്ടാലോന്ന് കരുതി.

പൂച്ചയുറക്കമാണ് നവിയുടെ.ചെറിയ ശബ്ദമെന്തെങ്കിലും കേട്ടാൽ മതി ചാടി എഴുന്നേൽക്കും.

മയക്കം വിട്ടുണർന്ന നവി മുഖം അമർത്തി തുടച്ചു.അലമാരയിൽ നിന്ന് ബ്ലാക്ക് ജീൻസും ടീ ബനിയനും ധരിച്ചു.കതകിന്റെ ലോക്ക് ശബ്ദം കേൾപ്പിക്കാതെ തുറന്നു.അപ്പോഴേക്കും സമയം പന്ത്രണ്ട് മണി ആയി കഴിഞ്ഞിരുന്നു..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

സമയം പന്ത്രണ്ട് ആയപ്പോഴേക്കും രമണന്റെ മൊബൈലിൽ ധനേഷിന്റെ കോൾ എത്തി.

സാധാരണ ഫോൺ ആയതിനാൽ റിങ്ങ് ടോണിന് സൗണ്ട് കൂടുതൽ ആയിരുന്നു. മൊബൈലിന്റെ ശബ്ദം കേട്ടതോടെ അവളൊന്ന് ഞെട്ടി.പെട്ടെന്ന് കോൾ അറ്റൻഡ് ചെയ്തു.

“നീതി ഞാനെത്തി.ഇറങ്ങി വാ” കാതരമായ തേൻ ഒലിപ്പിക്കുന്ന ധനേഷിന്റെ സ്വരം അവളുടെ കാതിലേക്ക് ഒഴുകിയെത്തി.

“ധനേഷ് പ്ലീസ് വേണ്ടാ..ആരെങ്കിലും അറിഞ്ഞാൽ എനിക്കാ നാണക്കേട്” അവനെ പിന്തിരിപ്പിക്കാൻ നീതി ഒരിക്കൽ കൂടി ശ്രമിച്ചു.

“ഞാനെന്തായാലും നിന്നെ വിവാഹം കഴിക്കേണ്ട ആളാണ്. നിനക്കൊരു നാണക്കേട് വന്നാൽ ഇന്ന് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടും”

ധനേഷ് ഒഴുക്കിയ പഞ്ചാര വാക്കിൽ നീതി മതിമറന്ന് പോയി.ഒരുനിമിഷം അവളെല്ലാം മറന്നു.

“ശരി ദാ ഞാൻ വരുന്നു”

മീറ്റ് ചെയ്യുന്ന ഭാഗം സൂചിപ്പിച്ചിട്ട് നീതി ഫോൺ കട്ട് ചെയ്തു.

പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിയാത്തൊരു സന്തോഷം അവളിൽ ഉളവായി.നാണത്താൽ അടിമുടി പൂത്തുലഞ്ഞു.

മുറിയിൽ നിന്ന് ശബ്ദം കേൾപ്പിക്കാതെ നീതി ഹാളിലെത്തി.

നവിയുടെ മുറിക്ക് സമീപമെത്തി വാതിലിനു അരികിലായി കുറച്ചു നേരം ചെവിയോർത്തു.

അകത്ത് ഫാൻ കറങ്ങുന്നതിന്റെ ഒച്ച കേൾക്കാൻ കഴിഞ്ഞു.

കുറച്ചു നേരം നിന്നിട്ട് മെല്ലെ അവിടെ നിന്ന് പിന്തിരിഞ്ഞു അടുക്കള വാതിക്കലിലേക്ക് നടന്നു.മൊബൈലിലെ ചെറിയ ടോർച്ച് തെളിച്ചാണ് നടന്നത്.

അടുക്കളയിലെത്തി കതക് തുറന്നു വെളിയിലേക്ക് ഇറങ്ങി. പുറത്ത് പൂനിലാവ് പുഞ്ചിരി തൂകി നിൽക്കുന്നത് അവൾ കണ്ടു.

“ശ് ശ്ശ്..ഇവിടെ” ശബ്ദം കേട്ടിടത്തേക്ക് നീതി നടന്നു.അവിടെ ധനേഷ് നിൽക്കുന്നു.

“ധനേഷ്” നീതിയുടെ സ്വരത്തിൽ പരിഭ്രമം കലർന്നിരുന്നു.

“എന്താ രാത്രിൽ.. ”

“എന്തേ എനിക്ക് നിന്നെ കാണാൻ രാത്രിയും പകലെന്നും ഉണ്ടോടീ”

നീതിയുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ മാറിലേക്ക് ഇട്ടു.അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് അവനൊന്ന് അമർത്തി ചുംബിച്ചു. നീതി മെല്ലെയൊന്ന് പിടഞ്ഞ് കുറുകലോടെ കൂടുതൽ ചേർന്ന് നിന്നു.

“നമ്മുടെ പദ്ധതിയെല്ലാം പാളിപ്പോയി ഇല്ലേ”

“നീ എന്റെ അടുത്ത് എല്ലാം വിശദമായി പറഞ്ഞതിനാലാണ് നവിയെന്നെ കബളിപ്പിച്ചതെന്ന് മനസ്സിലായത്.ഇന്നൊരുത്തൻ ഇടപെട്ടതാ എല്ലാം കലങ്ങിപ്പോയത്.

സാരമില്ലെടീ സമയം കിടക്കുവല്ലേ രണ്ടിനും ഞാൻ പണി കൊടുത്തോളാം”

“ഏതായാലും അവനെ വെറുതെ വിടരുത്”

“ഇല്ലന്നേ” നീതിയെ കൂടുതൽ വരിഞ്ഞ് മുറുക്കി കൊണ്ട് അവൻ പറഞ്ഞു. ധനേഷിന്റെ ചിന്ത എവിടേക്കാണെന്ന് മനസിലായതും അവളൊന്ന് കുതറി.അവൻ പിടി കൂടുതൽ മുറുക്കി.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

നീതി വെളിയിലേക്ക് ഇറങ്ങുന്നതൊക്കെ ശ്രദ്ധിച്ചു നിന്നിരുന്ന നവി മെല്ലെ അടുക്കള വാതിലിനു അരികിലായി എത്തി.

പതിയെ ചുറ്റുപാടും അവൾ നിരീക്ഷിച്ചു. അടുക്കളയുടെ കിഴക്ക് ഭാഗത്തുള്ള മരങ്ങൾക്ക് അരികെ രണ്ടു നിഴൽ രൂപം ചലിക്കുന്നത് നവി കണ്ടു.ഹൃദയമിടിപ്പ് ശക്തമായി വർദ്ധിച്ചു.

അടുക്കളയിൽ പരതിയപ്പോൾ കയ്യിൽ തടഞ്ഞതൊരു വിറകിൻ കക്ഷണം ആയിരുന്നു. അതവൾ കൈപ്പിടിയിൽ ഒതുക്കി.

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

മറ്റൊരു മുറിയിൽ ചെന്ന് കിടന്ന രാധക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

മൂത്തമകളെ കൂടുതൽ സ്നേഹിക്കുന്തോറും അവൾ മുതലെടുക്കുകയാണ്.

ഇളയമകളോട് അകൽച്ച കാണിക്കുന്നുണ്ടെങ്കിലും മൂത്തമകളെ കൈവെടിയാൻ കഴിയില്ല.ആ മാതൃഹൃദയമൊന്ന് തേങ്ങി.

ഉറക്കം വരാത്തതിനാൽ രാധ അവിടെ നിന്ന് എഴുന്നേറ്റു മകളുടെ മുറിയിൽ ചെന്നു.നീതിയെ അവിടെ കാണാഞ്ഞ് അവർ പരിഭവിച്ചു.

ലൈറ്റ് ഓൺ ചെയ്തു അവിടെല്ലാം തിരഞ്ഞെങ്കിലും അവിടെയും കണ്ടില്ല.അവസാനം അവർ നവിയുടെ മുറിയിലേക്ക് ഓടി.

നവമിയെയും അവിടെ കാണാത്തതിനാൽ അവർക്ക് ശരിക്കും പ്രാന്തായി.

അടുക്കളയിൽ നോക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു.അവിടത്തെ ലൈറ്റ് ഓൺ ആക്കാമെന്ന് കരുതിയപ്പോൾ പിന്നിൽ നിന്ന് ആരോ അവരുടെ വായ് പൊത്തിപ്പിടിച്ചു.

“അമ്മേ ഇത് ഞാനാ നവി.ഇപ്പോൾ ലൈറ്റ് ഇടരുത്”

അമ്മ ഹാളിലെ ലൈറ്റ് ഇട്ടതൊക്കെ അവൾ കണ്ടിരുന്നു. അടുക്കളയിൽ ലൈറ്റ് ഇട്ടാൽ രണ്ടു പേരെയും പിടികൂടാൻ കഴിയില്ല.അമ്മയുടെ ചെവിയിൽ എല്ലാം അടക്കം പറഞ്ഞിട്ടാണ് നവി കയ്യെടുത്ത് മാറ്റിയത്.

രാധക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല മൂത്ത മകൾ ഇങ്ങനെയെല്ലാം ചെയ്യുമെന്ന്. അവരുടെ നെഞ്ചിൽ കനത്ത ഭാരം വർദ്ധിച്ചു. തേങ്ങലോടെ അവർ താഴേക്ക് ഇരുന്നു.

“അമ്മയൊന്ന് കരയാതിരിക്കുവോ?

രണ്ടിനെയും കയ്യോടെ പിടികൂടണം..ചേച്ചിയെ ചതിക്കാനാ അവന്റെ പരിപാടി” അവൾ പല്ലുകൾ കൂട്ടി ഞെരിച്ചു.നവിയുടെ ഉദ്ദേശം എന്തെന്ന് മനസിലാകാതെ അവർ പകച്ചു.

“അമ്മേ നീതിക്കൊരു ചീത്തപ്പേര് വീണാൽ നമുക്കാ നാണക്കേട്.

നാളെയൊരു നല്ല വിവാഹാലോചന വരില്ലെന്ന് മാത്രമല്ല.ധനേഷ് കൈ കഴുകി രക്ഷപ്പെടുകയും ചെയ്യും”

ഇളയമകളുടെ വാക്കുകൾ തീമഴയായി അവരിലേക്ക് കോരിയിട്ടു.

വർദ്ധിച്ച ഹൃദയം ഇടിപ്പോടെ രാധ എഴുന്നേറ്റു.മകൾ പറഞ്ഞതൊക്കെ അവർ ശ്രദ്ധയോടെ കേട്ടു.

“അമ്മ അകത്ത് ചെന്ന് അച്ഛനെ കൂടി വിളിച്ചോളൂ”

രാധ അകത്ത് ചെന്ന് രമണനെ വിളിച്ചു എഴുന്നേൽപ്പിച്ചു.ഉറക്കം മുറിഞ്ഞതിൽ അയാൾ നീരസപ്പെട്ടു.അപ്പോൾ ഭാര്യ ചില കാര്യങ്ങൾ പറഞ്ഞത് കേട്ട് അയാൾ ഞെട്ടിപ്പോയി.

“അവളെ ഒറ്റച്ചവിട്ടിനു ഞാൻ കൊല്ലും”

അയാൾ ദേഷ്യപ്പെട്ടു എഴുന്നേറ്റു.

“മനുഷ്യാ ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് നമുക്കാ” രാധ അയാളുടെ ചെവിയിൽ മന്തിച്ചു.അത് ശരിയാണല്ലോന്ന് രമണൻ ഓർത്തു.

ഇളയമകൾ സൂചിപ്പിച്ചത് അവർ പറഞ്ഞു. അതാണ് നല്ലതെന്ന് അയാളും ഓർത്തു.

കയ്യിൽ ഒരു കയറും പഴം തുണിയുമായി അയാൾ ഭാര്യയുടെ കൂടെ അടുക്കളയിലേക്ക് ചെന്നു.ടോർച്ച് നവി രാധയുടെ കയ്യിൽ ഏൽപ്പിച്ചു.

നവിയുടെ ലക്ഷ്യം മറ്റൊന്ന് ആയിരുന്നു.

ചേച്ചിക്ക് ഒരു കാരണവശാലും ചീത്തപ്പേര് ഉണ്ടാകരുത്.ഇതോടെ ധനേഷിന്റെ ശല്യവും തീരണം.

അഥവാ സംഗതി ചീറ്റി നാട്ടുകാർ അറിഞ്ഞാൽ അവൻ മോഷണത്തിനായി വന്നതാണെന്ന് വരുത്തി തീർക്കണം..

മൂന്നു പേരും കൂടി പതുങ്ങി നിഴലുകൾ പിടയുന്നതിനു അടുത്തെത്തി.അതേസമയം നവി വിറകിൻ കക്ഷണം ഉയർത്തി വീശി.

നീതിയിലേക്ക് പടർന്ന് കയറാൻ ശ്രമിച്ച ധനേഷിന്റെ മുതുകത്ത് ശക്തമായി അടി കിട്ടി.

എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അലറിക്കൊണ്ട് അവൻ ചാടി എഴുന്നേറ്റു.

ആ സമയം രമണൻ അവനെ പിടികൂടി. രാധ ടോർച്ച് പ്രകാശിപ്പിച്ചതും രമണൻ അവന്റെ വായിൽ തുണി തിരുകി.കയ്യിൽ കരുതിയ കയർ കൊണ്ട് അയാളെ ബന്ധിക്കുകയും ചെയ്തു.

രമണൻ നല്ല കരുത്തനായതിനാൽ ഏറെ നേരം പിടിച്ചു നിൽക്കാൻ കഴിയാതെ ധനേഷ് കീഴടങ്ങി. ആ സമയത്താണ് അവനെ കയറാൽ വരിഞ്ഞ് മുറുക്കിയതും.ഇരുട്ടിൽ അപ്രതീക്ഷിതമായ ആക്രമണം ആയതിനാൽ അവൻ ശരിക്കും പതറിയിരുന്നു.

എല്ലാം കണ്ടും കേട്ടും നിലത്ത് നിന്ന് ചാടി എഴുന്നേറ്റു ഓടാൻ ശ്രമിച്ചു. കിട്ടിയ അവസരം നവി ശരിക്കും പ്രയോഗിച്ചു.

നീതിക്ക് ശരിക്കും കൊടുത്തു വിറകിനാൽ പുറത്ത് തന്നെ. കിട്ടിയ അടിയും വാങ്ങി മോങ്ങിക്കൊണ്ട് നീതി അകത്തേക്ക് ഓടി.

“ചേച്ചി തെറ്റ് ചെയ്യാൻ ശ്രമിച്ചതിനും അവൻ വിളിച്ചപ്പോൾ ഇറങ്ങി ചെന്നതിനും തനിക്ക് പാര പണിതതിനും കൂടി പലിശ ചേർത്താണ് നവി കൊടുത്തത്.

” ഇനി നീതി ആളാകാൻ ശ്രമിക്കരുത്..ഇതോടെ അവൾ നന്നാകണം”

രമണൻ വരിഞ്ഞ് മുറുക്കിയ ധനേഷിനെ ബലം പ്രയോഗിച്ച് വീടിനു അകത്ത് കയറ്റി.വെളിയിൽ അധികം നിൽക്കുന്നത് നന്നല്ലെന്ന് അറിയാം..അവരുടെ ഭാഗ്യത്തിന് അയൽക്കാർ ആരും ഉണർന്നിരുന്നില്ല…

രാധയും കൂടി അകത്ത് കയറിയതോടെ നവി അടുക്കളയുടെ കതക് ലോക്ക് ചെയ്തിട്ട് പിന്തിരിഞ്ഞു…

“അപ്പോൾ അവളുടെ ചുണ്ടിലൊരു ഗൂഢാമായ മന്ദഹാസം വിരിഞ്ഞു…

തുടരും….

NB:- ഇഷ്ടം ആയാലും ഇല്ലെങ്കിലും ലൈക്ക് ബട്ടൺ പ്രസ് ചെയ്തിട്ട് അഭിപ്രായം വാരി വിതറിക്കോളൂ….💃💃💃💃

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6