Sunday, December 22, 2024
Novel

നവമി : ഭാഗം 5

എഴുത്തുകാരി: വാസുകി വസു


എന്തായാലും കിട്ടിയ അവസരം നവിയൊട്ടും പാഴാക്കിയില്ല. കൈ ചുരട്ടി നീതിയുടെ പുറത്ത് രണ്ടു മൂന്ന് ഇടി ഗും ഗും എന്ന ശബ്ദത്തോടെ കൊടുത്തു. വേദനയാൽ നീതി നിലവിളിച്ചു.ഉറങ്ങിക്കിടന്ന രാധയും രമണനും കരച്ചിൽ കേട്ടു ഞെട്ടിയുണർന്നു.അപ്പോൾ നീതിയുടെ കരച്ചിലിനെക്കാൾ ഒച്ചയിൽ നവി വിളിച്ചു കൂവി.

“അച്ഛാ കളളൻ കളളൻ ഓടിവരണേ”

നവിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായി നീതി കുതറിയെങ്കിലും അവൾ മുറുക്കി പിടിച്ചു. ഗതികെട്ടൊടുവിൽ നീതി ഉറക്കെ പറഞ്ഞു.

“എടീ ഇത് ഞാനാ നീതി”

നവിക്ക് ചിരി വന്നെങ്കിലും അതടക്കി.ഒരു ഇടി കൂടി കൊടുത്തു.

“ഇതെന്റെ ചേച്ചിയല്ല അവളുടെ ശബ്ദം ഇങ്ങനെയല്ല”

വേദനയാൽ നീതി പുളഞ്ഞു.രാധയും രമണനും ഓടിയെത്തി. അവർ വരുമ്പോൾ കാണുന്നത് നവി ഒരാളെ ചുറ്റി വരിഞ്ഞു പിടിച്ചിരിക്കുന്നതാണ്.

രാധക്ക് ഒറ്റനോട്ടത്തിൽ ആളെ പിടികിട്ടി.രമണൻ കരുതിയത് വീട്ടിൽ ആരെങ്കിലും മോഷ്ടിക്കാൻ കയറിയത് ആയിരിക്കുമെന്നാണ്.

“ആരാ മോളേ ഇത്”

“അറിയില്ല അച്ഛാ.ശബ്ദം കേട്ട് ഞാൻ ഉണരുമ്പോൾ ഒരുരൂപം പതുങ്ങി വരുന്നതാണ്. കയ്യോടെ പിടികൂടി”

അച്ഛന്റെ ചോദ്യത്തിന് ഉത്തരമായി നവി മറുപടി കൊടുത്തു. രാധ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി.

മകൾക്ക് മുന്നറിയിപ്പ് കൊടുത്തതാണ് ആവശ്യമില്ലാത്ത പണിക്ക് നിൽക്കരുതെന്ന്.അനുഭവിക്കട്ടെ.

ഇടക്കിടെ ഒരെണ്ണം കിട്ടുന്നത് നല്ലതാണ്. മോൾ ഇടക്കിടെ തരുന്ന സമ്മാനം ഓർത്ത് അവർ മനസ്സിൽ പറഞ്ഞു.

“മോളേ മുറുക്കി പിടിച്ചോ ഇവൻ ഓടി രക്ഷപ്പെടരുത്.ആളാരാണെന്ന് അറിയണമെല്ലോ?”

നവി നീതിയെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.

രമണൻ പുതപ്പ് വലിച്ചു മാറ്റി.അയാൾ ഞെട്ടിപ്പോയി… മൂത്ത മകൾ.. നീതി.

നീതിയുടെ മുഖം ചുളിയുന്നത് നവി ആസ്വദിച്ച് നിന്നു.

“അയ്യോ ചേച്ചി ആയിരുന്നോ?.

ഞാൻ കരുതി വല്ല കളളന്മാരും ആയിരിക്കുമെന്ന്”

അവളെ നോക്കി നീതി പല്ലിറുമ്മി.മകളുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചു നിന്ന രാധ ഉറപ്പിച്ചു..ഇളയമകൾ കാര്യമായി പെരുമാറിയട്ടുണ്ടെന്ന്…

“നീയെന്താ ഇവിടെ?”

“അത് ഞാൻ ..എന്റെ ഫോൺ മുറിയിൽ കണ്ടില്ല.അത് നോക്കാൻ വന്നതാ”

അച്ഛന്റെ ചോദ്യത്തിന് വിക്കി വിക്കി മറുപടി കൊടുത്തു.സത്യം തുറന്ന് പറയാൻ പറ്റില്ല.അങ്ങനെ ആയാൽ നവിയെല്ലാം വിളിച്ചു കൂവിയാൽ തനിക്കും അമ്മക്കും അച്ഛന്റെ കയ്യിൽ നിന്നും കിട്ടും.

“പാതിരാത്രിയിലാണോ ഫോൺ നോക്കി നടക്കുന്നത്. പോയി കിടന്ന് ഉറങ്ങെടീ” രമണൻ അലറിയതോടെ അമ്മയും മകളും കൂടി അവിടെ നിന്ന് മുങ്ങി.

കൂടുതൽ നേരം നിന്നാൽ ശരിയാകില്ലെന്ന് അവർക്ക് മനസ്സിലായി.

പോകും മുമ്പേ രൂക്ഷമായി നവി യെ നോക്കാനും നീതി മറന്നില്ല.

നിന്നെ എന്റെ കയ്യിൽ കിട്ടും..ശരിയാക്കിക്കൊളളാം എന്ന ഭാവമായിരുന്നു.നവിയത് പുഞ്ചിരിയോടെ നേരിട്ടു.

“അമ്മക്കും മോൾക്കും പ്രാന്താണ്.അവളൊരുത്തിയാ മകളെ വഷളാക്കുന്നത്.പെണ്ണിനെ പെണ്ണായി വളർത്തണം.ആണായിട്ടൊരിക്കലും വളർത്തരുത്”

അച്ഛൻ പറയുന്നത് ശരിയാണെന്ന് നവിക്ക് അറിയാം.അമ്മക്കുളള വേർതിരിവ് അവൾ ചെറുപ്പം മുതലേ അനുഭവിക്കുന്നതാണ്.

നീതി എന്ത് കുരുത്തക്കേട് കാണിച്ചാലും കുറ്റം നവിക്കാണ്.ഒരുദിവസം പോലും അമ്മയുടെ കയ്യിൽ നിന്ന് രണ്ടെണ്ണം അനിയത്തി വാങ്ങി കൊടുത്തില്ലെങ്കിൽ അവൾക്ക് സമാധാനമില്ല.

പലപ്പോഴും നവമി മാറിയിരിക്കുന്നു കരയാറേയുള്ളൂ.

നീതിക്ക് ദേഷ്യം വരുമ്പോൾ വീട്ടിലെ സാധനങ്ങൾ എന്തെങ്കിലും എറിഞ്ഞ് ഉടക്കും.അതും അനിയത്തിയുടെ മുകളിൽ കെട്ടിവെക്കും.

അച്ഛന്റെ കയ്യിൽ നിന്ന് കൂടി വാങ്ങിച്ചു കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്.

പതിയെ രമണനു മൂത്തമകളുടെ രോഗം മനസ്സിലായതും അടവുകൾ ഫലിക്കാതെയായി.

ചക്കിനു വെച്ചത് കൊക്കിനു കൊള്ളുമെന്ന അവസ്ഥയിൽ എത്തിയതോടെ അച്ഛന്റെ അടുത്ത് പരാതി പറയുന്നത് നീതി നിർത്തി.

നവി പത്താം ക്ലാസിൽ എത്തിയ ടൈമിൽ നീതി പ്ലസ് വണ്ണിനു പഠിക്കുന്നു.ചേച്ചിക്ക് സൈക്കിൾ ഉണ്ട്. കൂട്ടുകാരികളെ അതിൽ കയറ്റി കൊണ്ട് വന്നാലും അനിയത്തിയെ അതിൽ തൊടീക്കില്ല..

വീട്ടിൽ ഒരു ഞായറാഴ്ച ദിവസം.

രാധയും രമണനും സ്ഥലത്തില്ല.നവി ടീവിയിൽ സിനിമ കാണുന്നു. നീതിക്ക് വേറെ ചാനൽ വെക്കണം.

റിമോട്ട് തട്ടിയെടുത്ത് ചാനൽ മാറ്റി.ചേച്ചി വെച്ചത് കാണാമെന്ന് കരുതി അതിൽ കണ്ണുകൾ നട്ടിരിക്കുമ്പോൾ നീതി ചാനൽ മാറ്റിക്കൊണ്ടിരിക്കും.

“ഏതെങ്കിലും ഒരു ചാനൽ വെക്ക് ചേച്ചി”

നവി നീതിയെ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

“നീ പോടി എനിക്ക് ഇഷ്ടമുള്ളത് വെക്കും”

ചേച്ചിയുടെ തറുതല പറച്ചിലും കണ്ണുരുട്ടലും കാണുമ്പോൾ അനിയത്തി എഴുന്നേറ്റ് പോകും.നവി സ്ഥലം വിട്ടാൽ നീതിയും മുങ്ങും.

ചേച്ചി കാണുന്നില്ലെന്ന് കരുതി നവി വീണ്ടും വന്ന് ടീവി വെക്കും.അപ്പോൾ നീതി വന്ന് പഴയ സ്വഭാവം പുറത്തെടുക്കും‌.

ഒടുവിൽ സഹിക്കാൻ കഴിയാതെ വന്നപ്പോൾ നവി മെയിൻ സ്വിച്ച് ഓഫ് ചെയ്തു പണി കൊടുത്തു.

“മെയിൻ സ്വിച്ച് ഓൺ ചെയ്യെടീ”

ദേഷ്യത്തോടെ ചേച്ചിയുടെ അധികാരത്തിൽ നീതി പറയും.

“എന്നെക്കൊണ്ട് പറ്റില്ല” നവിക്കും കോപം കലശലാകും.അവസാനം ഒരെണ്ണം നീതി നവിക്ക് കൊടുത്തു.

അന്നുവരെ ചേച്ചിയെ അനിയത്തി ഉപദ്രവിച്ചിട്ടില്ല.പക്ഷേ അന്നത്തെ ദിവസം ഇതുവരെയുള്ള പലിശയും ചേർത്തു നവിയങ്ങ് പെരുമാറി.

അന്നത്തോടെ അനിയത്തിയുടെ കരുത്ത് മനസിലാക്കിയ ചേച്ചി നവിയെ തല്ലാൻ തെല്ലും മടിക്കും..

“നീ ശരിക്ക് കൊടുത്തു ഇല്ലേ”

രമണൻ സംശയത്തോടെ ചോദിച്ചു. മകളുടെ ചിരിയിൽ നിന്ന് അയാൾക്ക് കാര്യങ്ങൾ വ്യക്തമായി.

“അച്ഛനു എങ്ങനെ മനസ്സിലായി”

“അവളുടെ നിൽപ്പ് കണ്ടാലറിഞ്ഞ് കൂടെ.ഇടക്ക് ഒരെണ്ണം ആവശ്യമാണ് നീതിക്ക്” രമണൻ പിറുപിറുത്തു.

“അച്ഛൻ പോയി കിടന്നോളൂ” നവി പറഞ്ഞതോടെ രമണൻ ഉറങ്ങാനായി പോയി.നവി ചിരിയോടെ ബെഡ്ഡിലേക്ക് കിടന്നു.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃

” തള്ളേ പതിയെ തിരുമ്മ് ”

വേദനയാൽ നീതി പുളഞ്ഞു.

മകളുടെ പുറത്ത് കുഴമ്പിട്ട് അമർത്തി തിരുമ്മുകയായിരുന്നു രാധ.നീതിയുടെ പുറത്തെ പാടുകൾ കണ്ടപ്പോൾ മനസിലായി കാര്യമായിട്ട് ഇളയമകൾ കൊടുത്തിട്ടുണ്ടെന്ന്.

“നിന്നോട് ഞാൻ പറഞ്ഞതല്ലെ പോകരുതെന്ന്”

“ദേ നിങ്ങൾ ഇളയമോളെ സപ്പോർട്ട് ചെയ്യുവാണോ?”

നവിയെ അമ്മ സപ്പോർട്ട് ചെയ്യുന്നത് നീതിക്ക് സഹിക്കാൻ കഴിയില്ല.അങ്ങനെ ആയാൽ ആ ദേഷ്യം കൂടി മകൾ രാധയിൽ തീർക്കും.

മൂത്തമകളുടെ സ്വഭാവം അറിയാവുന്നതിനാൽ ഒന്നും മിണ്ടാതെ അവർ തന്റെ ജോലി തുടർന്നു.

“തന്നതിന് ഇരട്ടിയായി അധികം താമസിയാതെ തിരിച്ച് തന്നിരിക്കും”

മനസ്സിൽ ശക്തമായി നീതി പ്രതിജ്ഞ ചെയ്തു ”

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃

രണ്ടു മൂന്ന് ദിവസങ്ങൾ കുഴപ്പങ്ങളൊന്നും ഇല്ലാതെ കടന്നു പോയി. നീതി കോളേജിൽ പോകാൻ തുടങ്ങിയെങ്കിലും നവി പോയില്ല.

“എപ്പോഴും ഇവിടെ ചടഞ്ഞിരുന്നാൽ ശരിയാകില്ല. കോളേജിൽ ചെന്നാൽ നിന്റെ മൈൻഡ് കുറച്ചു ഫ്രീയാകും”

നവിയുടെ അടുത്ത് വന്ന് രമണൻ ഉപദേശിച്ചു.

“ശരിയാണച്ഛാ.വിവാഹം പ്രതീക്ഷിച്ച് എല്ലാവരും വന്നതല്ലേ.കല്യാണം മുടങ്ങിയതിനാൽ എല്ലാവരെയും ഫെയ്സ് ചെയ്യാനൊരു മടി”

നവി അച്ഛനു മുമ്പിൽ മനസ്സ് തുറന്നു.മകളുടെ മുടിയിൽ വിരലോടിച്ചു അവളെ സ്വാന്തനിപ്പിക്കാൻ ആ പിതാവ് ശ്രമിച്ചു.

“അച്ഛന്റെ ചുണക്കുട്ടി ഇങ്ങനെ തളർന്നാലോ.

എഴുന്നേറ്റ് ഫ്രഷായിട്ട് വാ.പുറത്തൊക്കെയൊന്ന് കറങ്ങിയട്ട് വരാം.നിന്റെ കിടപ്പ് കാണുമ്പോൾ അച്ഛന്റെ നെഞ്ചാണ് പൊട്ടുന്നത്”

അച്ഛന്റെ സ്വരം ഇടറിയതോടെ നവി എഴുന്നേറ്റു.

“അയ്യേ ആണുങ്ങൾ കരയുകയാണോ?”

അച്ഛനു മുമ്പിൽ ചിരിയോടെ അവൾ നിന്നു.പിതാവിന്റെ മുഖം വാടുന്നത് നവിക്ക് ഉൾക്കൊളളാൻ കഴിയില്ല.

കല്യാണം മുടങ്ങിയത് ആശ്വാസമാണെങ്കിലും എല്ലാവരെയും ഫേസ് ചെയ്യാൻ അവൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

“അച്ഛൻ ഒരുങ്ങിക്കോളൂ.പത്ത് മിനിറ്റിൽ ഞാൻ റെഡിയായി വരും”

രമണൻ മുറിവിട്ട് ഇറങ്ങിയതോടെ കുളിക്കാനായിട്ട് അവൾ കുളിമുറിയിലേക്ക് ഓടി.ഫ്രഷായിട്ട് പെട്ടെന്ന് അച്ഛന്റെ കൂടെ ഒരുങ്ങിയിറങ്ങി.അച്ഛനും മകളും കൂടി ആക്റ്റീവയിൽ പുറത്തേക്ക് പോകുന്നത് നോക്കി നീതി പല്ല് ഞെരിച്ചു.

“ഞാനും മോളല്ലേ അമ്മേ.എന്നെയും കൂട്ടാമല്ലോ?”

“നിന്റെ കയ്യിലിരുപ്പ് ശരിയല്ല” അമ്മയുടെ എടുത്തടിച്ച മറുപടി നീതിയെ ദേഷ്യം പിടിപ്പിച്ചു.

“ദേ..തള്ളേ” നീതി വിരൽ ചൂണ്ടിയതോടെ അവർ വായ് തുറന്നതേയില്ല.ചവുട്ടി കുലുക്കി അവൾ മുറിയിലേക്ക് പോയി.

നവിയും അച്ഛനും കൂടി ചെറിയൊരു ഷോപ്പിംഗ് നടത്തി.മകൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി നൽകി അവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.

സന്ധ്യയോടെ അവർ തിരികെ വീട്ടിലെത്തി.

“അച്ഛാ ഞാൻ നാളെ മുതൽ കോളേജിൽ പോകുവാ”

“അതാണ് നല്ലത്. ഇവിടെ ഇരുന്നാൽ ശരിയാകില്ല”

അച്ഛന്റെയും മകളുടെയും സംസാരം ശ്രദ്ധിച്ചിരുന്ന നീതി മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി..

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

“പുലർച്ചയോടെ നവി എഴുന്നേറ്റു കുളിച്ച് അടുക്കളയിൽ കയറി. ചായയിട്ട് അച്ഛനും കൊടുത്തിട്ട് അവളും കുടിച്ചു.അരി കഴുകി കലത്തിലിട്ടു.പിന്നെ കറിക്കുളള പച്ചക്കറികൾ അരിഞ്ഞ് അടുപ്പിൽ വെച്ചു.

ഏഴ് മണി കഴിഞ്ഞാണ് രാധ ഉണർന്നത്.അവർ അടുക്കളയിൽ വരുമ്പോൾ എല്ലാം റെഡിയാണ്.നവി കോളേജിൽ പോകുന്ന ദിവസം രാധക്ക് അടുക്കളയിൽ റോളൊന്നുമില്ല.എല്ലാം നവി ചെയ്തിരിക്കും.

ചേച്ചിക്കും തനിക്കുമുളള പൊതി കെട്ടിവെച്ചിട്ട് നവി ഒരുങ്ങി വന്നു.എട്ടരയോടെ കോളേജിൽ പോകാനായി അവളിറങ്ങി.

നീതി നവിക്ക് മുമ്പായി കോളേജിലേക്ക് പോയി.അവർ ഒരുമിച്ച് പോയി വരാറില്ല.എവിടെയും.

നവി ബസ് കയറി കോളേജ് സ്റ്റോപ്പിലിറങ്ങി നടന്നു.ഗേറ്റിൽ കൂടി യുളള ടാറിട്ട ചെറിയ റോഡിലൂടെ അഞ്ച് മിനിറ്റ് യാത്രയുണ്ട് കോളേജിലെത്താൻ.

റോഡിനിരുവശത്തും നിരനിരയായി ഗുൽമോഹർ പൂത്തുലഞ്ഞ് നിൽപ്പുണ്ട്.

വാകപ്പൂക്കൾ വഴിയിലുടനീളം ചുവപ്പ് പരവതാനി വിരിച്ചു കൊഴിഞ്ഞു കിടപ്പുണ്ട്.

ആ വഴിയിലൂടെ മറ്റൊരു ഗുൽമോഹർ പൂവായി നവി നടന്ന് നീങ്ങി.കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും പരിചിതമായൊരു സ്വരം കാതിലേക്ക് ഒഴുകിയെത്തി.

“നവീ ഒന്ന് നിൽക്കണേ”

പിന്തിരിഞ്ഞു നോക്കിയപ്പോൾ തനിക്ക് അരികിലേക്ക് നടന്ന് വരുന്നയാളെ കണ്ടവളൊന്ന് ഞെട്ടി..

ധനേഷ്…ചേച്ചിയുടെ ലൈൻ..

തെല്ലൊരു സങ്കോചത്തോടെ തനിക്ക് അരികിലെത്തിയ ധനേഷിനെ നോക്കി.അവന്റെ കയ്യിലൊരു പനിനീർപ്പൂവ് ഉണ്ടായിരുന്നു.

“ധനേഷെന്താ ഇവിടെ”

മനസ്സിലെ ആശങ്കൾ മറച്ച് വെച്ച് നവി ചോദിച്ചു.

“എടോ നീതി പറഞ്ഞാണ് ഞാൻ അറിയുന്നത് തനിക്ക് എന്നെ ഇഷ്ടമാണെന്ന്.

അങ്ങനെ എങ്കിൽ നേരിട്ടൊരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ചേച്ചിയെ തേച്ച് ഞാൻ അനിയത്തിയെ പ്രേമിക്കില്ലായിരുന്നോ”

ധനേഷ് പറയുന്നത് കേട്ടവൾ സ്തംഭിച്ചു നിന്നു.എന്ത് മറുപടി നൽകണമെന്ന് അറിയാതെ. ചേച്ചി പണി തുടങ്ങിയെന്ന് നവിക്ക് മനസ്സിലായി.

“Love U …നവി…still ,, I love u”

നിലത്ത് കാൽമുട്ടുകളൂന്നി ഇരുന്നിട്ട് കയ്യിലിരുന്ന പനിനീർപ്പൂവ് അവൻ അവൾക്കായി നീട്ടി.

അപ്പോഴാണ് തങ്ങൾക്ക് നേരെ നടന്നടുക്കുന്ന അഥർവ്വിനെ നവി കാണുന്നത്.ശക്തമായി ശരീരം വിറകൊള്ളുന്നത് അവളറിഞ്ഞു.

ഒരുപ്രതിമ പോലെ നവി തറഞ്ഞ് നിന്നുപോയി..

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4