Saturday, January 18, 2025
Novel

നല്ല‍ പാതി : ഭാഗം 5

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

(എല്ലാരും വായിച്ച് അഭിപ്രായം പറയണേ… ഈ ഡയറി വായിച്ച് കഴിയണ്ടേ..)

💞 നല്ല പാതി 💞
ഭാഗം 05

“നന്ദൂ…”

അവൾ തിരിഞ്ഞു നോക്കി.

“എന്താ മറുപടിയ്ക്കാണോ..??
ഞാൻ വിളിക്കാം..”

“അതിനു നിൻറെ കയ്യിൽ നമ്പർ ഇല്ലല്ലോ..”

“അതൊക്കെ ഞാൻ വിളിച്ചോളാം..

“എങ്ങനെ…??”

“എടാ ഞാൻ വിളിക്കാം..ന്ന്..”

നന്ദു പറഞ്ഞതിന്റെ ദ്വയാര്ത്ഥം മനസ്സിലായപ്പോൾ അതിന്റെ എല്ലാ സന്തോഷവും അഭിയുടെ മുഖത്തു പ്രകടമായിരുന്നു..

“ഡീ..പോത്തേ..അപ്പോ നിനക്കെന്നെ ശരിയ്ക്കും ഇഷ്ടമാണല്ലേ..??”

“ഞാൻ പോട്ടെ എനിക്ക് ലാബ് ഉണ്ട്..??”

“ഹേയ്.. അങ്ങനെ അങ്ങ് പോയാലോ.. പറഞ്ഞിട്ട് പോടീ..”

തിരിഞ്ഞ് നടക്കാൻ തുടങ്ങിയ
നന്ദുവിൻറെ കൈപിടിച്ച് അഭി പറഞ്ഞു..

“ഇഷ്ടമാണോ നിനക്കെന്നെ..??”

“ഉം… ഇഷ്ടമാണ്.. ഒരുപാട്..”

അവന്റെ മുഖത്തു നോക്കാതെ ദൂരേയ്ക്കു നോക്കിയാണ്അവൾ അതു പറഞ്ഞത്.. അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“നന്ദൂ… അതിന് നീ എന്തിനാ കരയണേ..??”

“നീ ഇപ്പൊ പറഞ്ഞത് ഞാൻ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച കാര്യാ അഭീ… കുറച്ചുകൂടി വൈകിയിരുന്നുവെങ്കിൽ ഞാൻ തന്നെ നിന്നോട് പറയുമായിരുന്ന സത്യം.. ”

“നന്ദൂ…
സ്വന്തമെന്ന് പറയാൻ ഈ ലോകത്തിൽ എനിക്ക് ആരുമില്ല.

ഞാൻ വളർന്ന അനാഥാലയത്തിൽ പോലും ഞാൻ ഇന്ന് അന്യനാണ്. എന്റെ കൂടെ വന്നാൽ ഇതു വരെ അനുഭവിച്ച സുഖ സൗകര്യങ്ങൾ ഒന്നും കിട്ടിയില്ല എന്ന് വരും നിനക്ക്..

അതുകൊണ്ട് ഞാൻ നിർബന്ധിക്കില്ല.. നന്നായി ആലോചിച്ച് പറഞ്ഞാൽ മതി..

പിന്നീട് ഒരിക്കൽ അത് പറഞ്ഞു നീ എന്നോട് പിണങ്ങിയാൽ..

എന്നില് നിന്ന് അകന്നാല്.. ചിലപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിയ്ക്കും..അതിലും ഭേദം ഇപ്പോൾ പറയുന്നതാ…”

“അപ്പോ ഞാൻ ഇപ്പോൾ എന്താ പറയണ്ടേ.. ഇഷ്ടമല്ല എന്ന് പറയണോ..?? എങ്കിൽ പറയാം എനിക്കിഷ്ടമല്ല.. മതിയായോ.. അല്ല പിന്നെ..??

“അതല്ല പെണ്ണേ.. ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് ചാടല്ലേ നീ… കാർത്തി പറയുന്നത് എത്ര ശരിയാ.. തനി വെട്ടുപോത്ത്..”

“ഓ..പിന്നെ ഞാൻ എന്താ ചെയ്യണ്ടേ.. ഇതൊക്കെ നിനക്കറിയാമെങ്കിൽ പിന്നെ നീ എന്തിനാ എന്നെ പ്രൊപ്പോസ് ചെയ്തേ.. തമാശയ്ക്കോ..??”

“തമാശയോ.. ഇത് എനിക്ക് എൻറെ ജീവിതാ നന്ദൂ…

ആരോരുമില്ലാത്ത എനിക്ക് നിന്റെ കൂട്ട് കിട്ടിയപ്പോഴാ ആരൊക്കെയോ ഉണ്ടെന്ന തോന്നി തുടങ്ങിയത്..

അതുവരെ ശരിക്കും ഒരനാഥൻ തന്നെയായിരുന്നു..

എന്നെപ്പോലുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കണം എന്നായിരുന്നു ഇതുവരെ മനസ്സിൽ.. പക്ഷേ നിന്നെ പരിചയപ്പെട്ടപ്പോൾ… അടുത്തറിഞ്ഞപ്പോൾ..

ഈ കൂട്ട് തുടർന്നങ്ങോട്ടുള്ള ജീവിതത്തിലും വേണമെന്ന് തോന്നി.. മനസ്സിൽ ഒന്നുവച്ച് പുറമേയ്ക്ക് വേറെ പെരുമാറാൻ അറിയാത്തതുകൊണ്ട് വന്ന് പറഞ്ഞു.. അത്രയേ ഉള്ളൂ..

അപ്പോഴും എനിക്ക് സംശയമായിരുന്നു.. എന്തായിരിക്കും നിന്റെ പ്രതികരണമെന്ന്..”

“അഭീ…
നിന്നോട് സംസാരിക്കുമ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നും..

നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കാത്ത എന്തോ ഒന്ന് നിന്നിലുണ്ട്..

നീ പറഞ്ഞില്ലേ നിൻ്റെ കുറവുകളെ പറ്റി.. അനാഥനാണെന്ന കുറവ്…

എന്നെ സംബന്ധിച്ചിടത്തോളം അതൊരു കുറവേ അല്ല അഭീ.. കാരണം എന്തെന്ന് അറിയോ..

ചുറ്റും എല്ലാവരും ഉണ്ടായിട്ടും ഞാൻ ജീവിക്കുന്നത് അതുപോലെ തന്നെയാണ്..

അവരൊന്നും എന്നെപ്പറ്റി ചിന്തിക്കാറു പോലുമില്ല..

മാസാമാസം ചിലവിനുള്ള പൈസ അക്കൗണ്ടിൽ വരും.. പ്ലസ് ടു വരെ ബോർഡിങ്ങിൽ പഠിച്ച എനിക്ക് ഒരു അറ്റാച്ച്മെൻറ് പോലും അവരോട് തോന്നിയിട്ടില്ല..

എന്റെ അമ്മയോടോ.. അച്ഛനോടോ.. വെക്കേഷന് പോലും വീട്ടിലെ സെർവന്റസ് ആണെനിക്ക് കൂട്ട്…

മോളെ നിനക്ക് സുഖമാണോ..?? എന്തെങ്കിലും വയ്യായ്ക ഉണ്ടോ..??
പഠിത്തം എങ്ങനെ..??

കോളേജിലെ വിശേഷം എന്താ..?? ഇതൊക്കെ അവർ എന്നോട് ചോദിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ്… ഇതിൽ ഒന്നു പോലും ഇതുവരെ ചോദിച്ച് ഞാൻ കേട്ടിട്ടില്ല.

ഒരു പരിധി വരെ ഞാൻ എന്റെ വിഷമം മറന്നിരുന്നത് അവൻ ഉള്ളതുകൊണ്ടാ.. കാർത്തി..
പലരും ചോദിച്ചിട്ടുണ്ട് ഉണ്ട് ഞങ്ങൾ തമ്മിൽ പ്രണയം ആണോന്ന്..

ഇനി ഞാൻ അങ്ങനെ കണ്ടാലും അവൻ അങ്ങനെ കാണില്ല.

എനിക്ക് എല്ലാം പറയാൻ കഴിയുന്ന ഒരു സുഹൃത്താണ് അവൻ.. പക്ഷേ അവനോട് സംസാരിക്കുമ്പോൾ കിട്ടുന്ന ഫീൽ അല്ല എനിക്ക് നിന്നോട് സംസാരിക്കുമ്പോൾ കിട്ടുന്നത്..

എനിക്ക് നിന്നോട് വല്ലാത്തൊരു അടുപ്പം തോന്നുന്നു.. ഇതുവരെ ഞാൻ അറിയാത്ത എന്തോ ഒരിഷ്ടം…

സത്യത്തിൽ പേടിച്ചിട്ടാ ഞാൻ നിന്നോട് ഇത് പറയാതിരുന്നത്..

ചിലപ്പോ അപ്പോൾ നീ അനാഥൻ ആണെന്ന് എന്ന് പറഞ്ഞു എന്റെ ഇഷ്ടം നീ വേണ്ടെന്നുവച്ച് പോയാൽ.. പിന്നെ..എനിക്ക് അത് സഹിക്കാൻ പറ്റില്ലായിരുന്നു..

നീ ചിന്തിക്കുന്നതിനും അപ്പുറമാണ് അഭീ എനിക്ക് നിന്നോടുള്ള ഇഷ്ടം..”

“നന്ദൂ…ഒരു വാക്കേ എനിക്ക് തരാൻ പറ്റുള്ളൂ..

ഞാൻ ഒരിക്കലും നിന്നെ തനിച്ചാക്കി പോകില്ല.. എന്റെ മരണം വരെ ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും..”

നന്ദു അഭിയുടെ കൈകൾ ചേർത്ത് പിടിച്ചു പറഞ്ഞു..

“എനിക്ക് വേണം അഭീ..

ഈ സ്നേഹം…

എന്നെ കേൾക്കാൻ…

എനിക്ക് കേൾക്കാൻ…

ഇടയ്ക്കൊക്കെ ഒന്ന് വഴക്ക് കൂടാൻ..

സന്തോഷം വരുമ്പോൾ ഒന്നിച്ച് ആഘോഷിക്കാൻ…

സങ്കടം വരുമ്പോൾ ഒന്നു കെട്ടിപ്പിടിച്ചു കരയാൻ…

ഒരുമിച്ച് സ്വപ്നം കാണാൻ…

എനിക്ക് വേണം ഈ സ്നേഹം… അഭിയുടെ മാത്രമായി ജീവിക്കണം എനിക്ക്…”

അത് കേട്ടതും അഭിയുടെ കണ്ണു നിറഞ്ഞു..

“അപ്പോള് സ്വന്തമെന്നു പറയാൻ എനിക്കും ആളുണ്ടെന്ന് പറയാമല്ലേ…..”

“ഇനി ഉറങ്ങാലോ നിനക്ക്…പോയി സമാധാനത്തോടെ കിടന്നുറങ്ങിക്കോ…”

അന്നത്തെ സംഭവം വിവരിച്ചതിന് അവസാനം നന്ദു ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു…

“ഇന്നെനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ ഏറ്റവും അധികം സന്തോഷിച്ച ദിവസം.

ഇങ്ങനെ ഒരു ദിവസം എൻറെ ജീവിതത്തിൽ
ഉണ്ടാകും എന്ന് ഒരിക്കൽ പോലും ഞാൻ വിചാരിച്ചിട്ടില്ല..

എനിക്കും സ്വന്തമായി ആരൊക്കെയോ ഉണ്ട് എന്ന് എന്റെ മനസ്സിനെ ഞാൻ ബോധ്യപ്പെടുത്തിയ ദിവസം… എന്നെ മനസ്സിലാക്കാൻ..

എന്നെ കേൾക്കാൻ ഇന്ന് ഒരാളുണ്ടായിരിക്കുന്നു……എന്റെ അഭി..”

“നാളെ ആവട്ടെ… ഇതൊക്കെ കാർത്തിയോട് പറയണം..
വൈകിട്ട് കാർത്തി ഫോൺ വിളിച്ചിരുന്നു.. നാളെ എന്തോ പറയാനുണ്ട്.. അത്യാവശ്യമാണത്രേ..
അത്യാവശ്യമാണെങ്കിൽ അവനത് ഇന്ന് പറഞ്ഞൂടെ…

ഇത് അറിയുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത് ചിലപ്പോൾ അവൻ ആയിരിക്കും.. ചിലപ്പോ അഭി അനാഥനായതുകൊണ്ട് അവൻ എതിർക്കോ..??

ഏയ് എതിർക്കാൻ വഴിയില്ല… നാളെ തന്നെ പറയണം..”

കാർത്തി അത്യാവശ്യമായി പറയാനുണ്ട് എന്ന് പറഞ്ഞത് തൻ്റെ കാര്യമായിരിക്കാം..

അന്ന് കോളേജിനടുത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു സഞ്ജുവും കാർത്തിയും..അന്ന് കാർത്തി ഭയങ്കര എക്സൈറ്റഡ് ആയിരുന്നു.

ഇപ്പൊ എല്ലാം ഒക്കെ ആക്കി വരാമെന്ന് പറഞ്ഞു പോയ ആൾ രാവിലെ തന്നെ ക്ലാസ്സ് കട്ട് ചെയ്തു ആകെ സങ്കടത്തോടെയാണ് കയറിവന്നത്.. ചോദിച്ചിട്ട് പോലും ഒന്നും പറഞ്ഞില്ല.. എന്ന് സഞ്ജു ഓർത്തു..

കുറെ ചോദിച്ചിട്ടാണ് അവസാനം കാർത്തി കാര്യം പറഞ്ഞത്. അഭിയുടെ കാര്യം പറഞ്ഞപ്പോൾ മനസ്സിൽ ഒരുപാട് സങ്കടം തോന്നി..

എങ്കിലും താൻ അതെല്ലാം മറച്ചുവെച്ചാണ് അന്ന് പെരുമാറിയത്..

തനിക്ക് അവളെ വിധിച്ചിട്ടുണ്ടാകില്ല.. അവളുടെ സന്തോഷം അതാണെങ്കിൽ അവർ സന്തോഷിക്കട്ടെ…അവിടെ എന്റെ വിഷമം ഞാൻ കാര്യമാകുന്നില്ല..

സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ലെന്നറിഞ്ഞിട്ടും യാതൊരു ഉപാധികളും ഇല്ലാതെ താൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നില്ലേ…

പ്രണയം എന്നാൽ ഒരാളെ സ്വന്തമാക്കുകയെന്ന സ്വാർത്ഥത മാത്രമല്ലല്ലോ… സ്വന്തമായില്ലെങ്കിലും പരാതിയില്ലാതെ… പരിഭവങ്ങളില്ലാതെ.. കാരണങ്ങളില്ലാതെ സ്നേഹിക്കുക.. അതല്ലേ യഥാർത്ഥ പ്രണയം..

സഞ്ജു വായന തുടർന്നു…

രാവിലെ ക്ലാസിന് മുന്നില് ഗ്രിൽ ചാരി നിൽക്കുകയായിരുന്നു നന്ദു, കാർത്തി വരുന്നതും കാത്ത്..

“ഭയങ്കര സന്തോഷത്തോടെ ആണെന്ന് വരുന്നേ എന്താണാവോ കാര്യം”…നന്ദു മനസ്സിൽ പറഞ്ഞു

“ടീ…ഞാൻ ഇന്ന് ഭയങ്കര എക്സൈറ്റഡ് ആണ്..”

“അതെന്താടാ നീ ഇന്ന് വല്ലോരും പ്രൊപ്പോസ് ചെയ്യാൻ പോവുകയാണോ..”

“അതൊന്നും നീ ഇപ്പൊ അറിയണ്ട.. സമയം ആകുമ്പോ അറിഞ്ഞാൽ മതി..”

“ഓ…മതിയെങ്കിൽ മതി”

“എന്താ നീ ഇന്നലെ എന്തോ അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞത്.. എനിക്കുമുണ്ട് പറയാൻ ഒരു കാര്യം.. ഞാനും ഭയങ്കര എക്സൈറ്റഡ് ആണ്..”

“എന്നാൽ നീ ആദ്യം പറ… എന്താ കാര്യം.. ലേഡീസ് ഫസ്റ്റ് എന്നല്ലേ.. പറ..”

“വേണ്ടാ.. നീ ആദ്യം പറ..”

“എങ്കിൽ പറയാം നിന്നെ ഒരാൾക്ക് ഭയങ്കര ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു..”

“ഓ… അതാണോ വലിയ കാര്യം അത് ഞാൻ ഇന്നലെയേ അറിഞ്ഞു..”

“ഇന്നലെയോ..??അത് എങ്ങനെ അറിഞ്ഞു..??”

“ആ ആള് തന്നെ എന്നോട് പറഞ്ഞു..”

“ആര്..??”

“ഇന്നലെ ഉച്ചയ്ക്ക് ശേഷം ഞാൻ നിന്നെ കൂടാതെ ഒരു സ്ഥലം വരെ പോയില്ലേ.. ഞാൻ ആൽത്തറയിലേയ്ക്കാ പോയെ അവിടേക്ക് വരാനാ ആ ഒരാൾ പറഞ്ഞത്..”

“ആര്…??”

“അഭിജിത്ത്..”

“ഏത് അഭിജിത്ത്..???”

” ടാ..അഭിജിത്ത്.. നമ്മുടെ അഭി”

അതു കേട്ടതും കാർത്തി ആ ഷോക്കേറ്റതുപോലെ നിന്നു.

“എന്താടാ നീ ഇടി വെട്ടേറ്റത് പോലെ നിൽക്കുന്നത്.. ??
നീ അഭിയുടെ കാര്യം തന്നെയല്ലേ പറയാൻ വന്നത്…??”

വേഗം വിഷയം മാറ്റി കാർത്തി..

“ഉം..അതെ.. ആ ഞാൻ അഭിടെ കാര്യം തന്നെയാ പറയാൻ വന്നത്.”

“എന്നിട്ട്..??”

” അവനെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു..”

“എന്നിട്ട് നീ എന്തു പറഞ്ഞു നിനക്ക് ഇഷ്ടമാണോ അവനെ..??”

“ഉം.. ഇഷ്ടമാണ്..”

“പറഞ്ഞോ നീ..??”

“ഉം..പറയാതെ പിന്നെ..”

എനിക്ക് അവനെ ഇഷ്ടമാണെടാ..ഇതുവരെ ഞാൻ അറിയാത്ത എന്തോ ഒരിഷ്ടം..

ഞാൻ പറഞ്ഞില്ലേ നിന്നോട് അവനോട് സംസാരിക്കുമ്പോൾ എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നാറുണ്ടെന്ന്..

അവനോട് ഉടക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട് എനിക്ക്.. അവൻ എനിക്ക് ആരൊക്കെയോ ആണ്.

പിന്നെ അവന് ആരും ഇല്ല എന്നുള്ള കുറവ് അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു കുറവല്ല..കുറവാണെങ്കിൽ തന്നെ കുറവ് മനസ്സിലാക്കി സ്നേഹിക്കുമ്പോൾ അല്ലേ സ്നേഹത്തിന് ശരിക്കും വിലയ ഉണ്ടാവുള്ളൂ..

നീയെന്താ കാർത്തീ ഒന്നും മിണ്ടാതെ ഇരിക്കുന്നേ..??”

“ഏയ് ഒന്നും ഇല്ലെടി.. ഞാൻ കേൾക്കായിരുന്നു നിന്നെ..”

” അവനെ ഇഷ്ടം അല്ലേ നിനക്ക്..??

“ഇതിൽ എൻറെ ഇഷ്ടത്തിന് എന്ത് പ്രസക്തി നന്ദൂ..”

“ഇത് നിന്റെ ഇഷ്ടമാണ്..

നിന്റെ ജീവിതമാണ്..

നിൻ്റെ സന്തോഷമാണ്..

നിൻ്റെ സന്തോഷമാണ് എനിക്ക് വലുത്..”

അപ്പൊ ശരി ഡീ.. ഞാൻ പോട്ടെ..

അന്ന് പിന്നെ കാർത്തി നന്ദു വിനോട് അധികം സംസാരിച്ചില്ല..
ഫസ്റ്റ് അവർ തന്നെ ക്ലാസ്സ് കട്ട് ചെയ്തു ഒന്നും മിണ്ടാതെ കാര്ത്തി വീട്ടിലേക്ക് പോയി..

ഇന്ന് കാർത്തിയ്ക്ക് എന്താ പറ്റിയത്…???
എന്താ അവൻ എന്നോട് ഒന്നും മിണ്ടാതെ പോയത്…??

എന്താ പറ്റിയെ അവന്…??

ഇനി അഭിയുടെ കാര്യം തന്നെയല്ലേ പറയാൻ വന്നത്..?? അതോ വേറെ വല്ലതും..??

ഇനി അഭിയെ ഇഷ്ടമായില്ല എന്നുണ്ടോ..??

അതാ ആവോ കാരണം.. ??

അഭിക്ക് വേണ്ടി കാർത്തിയുടെ സൗഹൃദമോ കാർത്തിയ്ക്കു വേണ്ടി അഭിയുടെ പ്രണയമോ എനിക്ക് നഷ്ടപ്പെടാൻ പറ്റില്ല..

എനിക്ക് രണ്ടാളും വേണം.. ആദ്യായിട്ടാ കാർത്തി, അവൻ എന്നോട് ഉടക്കി മിണ്ടാതെ പോയത്..

സാധാരണ ഞാനാ അവനോട് വഴക്കിടാറ്… ആ ചെക്കന് എന്താ പറ്റിയെ.. എന്തായാലും നാളെ ചോദിച്ചേ പറ്റൂ..

പിറ്റേദിവസം രാവിലെ തന്നെ കാർത്തി വരുന്നതും നോക്കി നന്ദു ക്ലാസിലെ വാതിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു..

കാര്ത്തി വന്നതോ..

ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന മട്ടിൽ യാതൊരു ഭാവവ്യത്യാസവും കൂടാതെ വളരെ ഹാപ്പിയായി..

ഇവനിതെന്തു പറ്റി ഇന്നലെ ക്ലാസ്സ് കട്ട് ചെയ്ത് ഗൗരവത്തോടെ പോയ ആളല്ലല്ലോ ഇത്…നന്ദു മനസ്സില് പറഞ്ഞു.

“നീ എന്താടി അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കണേ..”

“അല്ലാ നീ തന്നെയല്ലേ ഇന്നലെ എന്നോട് ഗൗരവം കാണിച്ചു മുഖം വീർപ്പിച്ചു പറയാതെ പോയത് എന്നാലോചിക്കുകയായിരുന്നു..

ഇപ്പൊ ദാ ഒരു പ്രശ്നവുമില്ലാതെ വന്നേക്കണൂ.. എന്താടാ..നിൻറെ തലയിൽ തേങ്ങ വല്ലതും വീണോ..??

“നമ്മുടെ തലയിൽ ഒന്നുമല്ലല്ലോ തേങ്ങ വീണത് വേറെ ചിലരുടെ തലയിലല്ലേ.. ഇനി നമ്മുടെ ആവശ്യം ഉണ്ടാവോ ആവോ..?? എല്ലാത്തിനും അഭിയില്ലേ..”

“ഓഹോ.. അപ്പൊ അതാണ് കാര്യം…” നന്ദു മുഖം വീർപ്പിച്ചു..

“ഏയ്… അതൊന്നും ഇല്ലെടീ.. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ.. എനിക്ക് സന്തോഷമേയുള്ളൂ..

നന്ദു നീ എപ്പോഴും ഹാപ്പിയായി ഇരിക്കുന്നത് കണ്ടാൽ മതി എനിക്ക്.. നിങ്ങളുടെ കൂടെ എന്തിനുമേതിനും എന്നും ഞാനുണ്ടാകും.. പ്രോമിസ്..”

“ഹോ..ഇപ്പോഴാ ആശ്വാസമായത്..
ഇത്രനേരം ടെൻഷനായിരുന്നു…”

നന്ദു പറഞ്ഞു.

വിഷമത്തോടെയാണെങ്കിലും കാർത്തി അത് പറഞ്ഞത് തന്നെ ഓർത്താവും..

താൻ ആണല്ലോ അന്നു മുഴുവൻ അവനെ ഇരുന്നു സമാധാനിപ്പിച്ചത്. ഏട്ടന് വിഷമം ഒന്നും തോന്നുന്നില്ലേ എന്ന് അവൻ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എനിക്കറിയില്ലായിരുന്നു..

അങ്ങനത്തെ ഒരു മാനസികാവസ്ഥയിലായിരുന്നു ഞാൻ.

അന്നത്തെ സംഭവം സഞ്ജു ഓർത്തു.

“ചില സ്വപ്നങ്ങൾ ഒക്കെ അങ്ങനെയാണ് കാർത്തീ.. കയ്യെത്തും ദൂരത്ത് ഉണ്ടാവും…

പക്ഷേ എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ അവ വീണ്ടും സ്വപ്നങ്ങൾ തന്നെ ആയി മാറും…

എന്നിട്ടും നമ്മൾ വീണ്ടും ആ സ്വപ്നങ്ങൾ കാണാറില്ലേ..

അതുപോലെയുള്ളൂ ഇതും.. പോട്ടെടാ സാരമില്ല..

നീ അവളോട് വിഷമം ഒന്നും വിചാരിക്കരുത്..

അവൾക്ക് ആകെയുള്ള കൂട്ടു നീയാണ്.. നീ ഇപ്പോ അവളോട് പിണങ്ങിയാൽ അവൾ കരുതും നിനക്ക് ആ റിലേഷൻ എതിർപ്പാണെന്ന്.

അതൊരിക്കലും ഉണ്ടാകരുത്. സോ.. നീ ഒന്നും പറയാൻ പോയിട്ടില്ല.. അങ്ങനെ കരുതിയാൽ മതി.. ആദ്യത്തെ പോലെ തന്നെ അവളോട് ഹാപ്പിയായി പെരുമാറണം.. വിഷമിപ്പിക്കരുത് അവളെ.

നീയല്ലേ പറഞ്ഞത് അവൾ ആകെ സന്തോഷിക്കുന്നത് കോളേജിൽ ആണെന്ന്.. അവൾ സന്തോഷിക്കട്ടെ..

അവളുടെ സന്തോഷത്തിന് ഞാനും ഒരു കാരണം ആണെങ്കിൽ അതാണ് എനിക്കും സന്തോഷം.. എന്റെ കാര്യം അവൾ ഒരിക്കലും അറിയരുത്.

പ്രണയത്തിന് അപ്പുറം ഒരു സ്നേഹം ഇല്ലേ.. നേടാൻ കഴിയില്ല എന്നറിഞ്ഞാലും..

സ്നേഹിക്കാൻ കഴിയുന്ന.. ഉള്ളിനുള്ളിൽ ആരുമറിയാതെ സൂക്ഷിച്ചുവെക്കുന്ന ചില ഇഷ്ടങ്ങൾ.. ആഗ്രഹങ്ങൾ..

ഇതും അതുപോലെ ആണെന്ന് വിചാരിച്ചാൽ മതി.. പറഞ്ഞതെല്ലാം മനസ്സിലായല്ലോ..”

“ടാ ഏട്ടാ.. നിനക്കൊരു തരി സങ്കടം പോലുമില്ലേ…

നീ ഒരുപാട് സ്നേഹിച്ചത് അല്ലേ അവളെ.. എന്നിട്ടും നിനക്ക് എങ്ങനെ ഇതൊക്കെ പറയാൻ പറ്റുന്നു..

മൂന്നു കൊല്ലം ഉണ്ടായിട്ടും ഇത്രയും അവസാനം വരെ കാത്തു നിൽക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ നിനക്ക്..”

അന്നൊക്കെ താൻ അതിനെ ചിരിച്ചു തള്ളി.. പക്ഷേ മനസ്സിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റില്ലല്ലോ.. ഒരുപാട് സങ്കടം ആയിരുന്നു..

എങ്ങനെയാ ദിവസങ്ങൾ തള്ളി നീക്കിയതെന്ന് തനിക്കറിയില്ല. പിന്നീട് അതിനെപ്പറ്റി മനപ്പൂർവ്വം ഒന്നും ചോദിക്കാറില്ല..

കാർത്തി ഇങ്ങോട്ടുവന്ന് പറയാറുമില്ല.. അവനറിയാം എനിക്ക് ഒരുപാട് സങ്കടാകുമെന്ന്..

എങ്കിലും നന്ദൂ.. എനിക്കിപ്പോഴും ഇഷ്ടമാണ് നിന്നെ..

സ്വന്തമാകില്ല എന്നറിഞ്ഞിട്ടും.. നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അതൊരു സുഖമാണ്..

കുറച്ചു വേദനകൾ ഉള്ളൊരു സുഖം.. കാത്തിരുന്നു.. കാത്തിരുന്നു.. കാത്തിരിപ്പിന് അവസാനം എനിക്ക് നിന്നെ കിട്ടിയാലോ..

അന്ന് താൻ പറഞ്ഞത് അറംപറ്റിയ പോലെ ആയല്ലോ എന്നോർത്തപ്പോൾ സഞ്ജുവിനെ കണ്ണുനിറഞ്ഞു. അന്നത്തെ അവസ്ഥയിൽ പറഞ്ഞതാ..

താൻ ഒരിക്കലും അങ്ങനെ ആവണം എന്ന് വിചാരിച്ചിട്ടില്ല. അവളുടെ സന്തോഷം മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.

തനിക്ക് വേണമെങ്കിൽ നേരെ അവളുടെ വീട്ടിൽ ചെന്ന് ഒരു പ്രൊപ്പോസൽ അവതരിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ..

പക്ഷേ കോഴ്സ് കഴിയട്ടെ എന്ന് വിചാരിച്ചു..

അവളോട് ആദ്യം കാര്യം പറയണമെന്ന് തോന്നിയതു കൊണ്ടാണ് ഇപ്പൊ കാർത്തിയോട് പറഞ്ഞത്.

അവസാനം അത് ഇവിടെ എത്തി.. അതായിരിക്കും ദൈവ നിശ്ചയം..

താൻ വായിച്ചു തുടങ്ങി ഒരുപാട് നേരമായിരിക്കുന്നു സഞ്ജയ് ക്ലോക്കിലേക്ക് നോക്കി സമയം രണ്ടു മണി.. നാളെ പോകേണ്ടതല്ലേ.. ഡയറി അടച്ചു വെച്ച് സഞ്ജു കിടന്നു..

അന്ന് സഞ്ജു എറണാകുളത്താണ് ജോലി ചെയ്തു കൊണ്ടിരുന്നത്.. ആഴ്ചയിലൊരിക്കൽ വീട്ടിലോട്ട് വരും. അങ്ങനെ ആയിരുന്നു പതിവ്..

പക്ഷേ ഇത്തവണ പോകാൻ തോന്നുന്നില്ല.. എന്തായാലും പോയേ പറ്റൂ.. ആകെ മൊത്തം ഒരു കൺഫ്യൂഷൻ.. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുയാണ് സഞ്ജു..

സഞ്ജു എണീറ്റ് ബാൽക്കണിയിലേയ്ക്ക് നടന്നു. ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ഊഞ്ഞാലിൽ കണ്ണടച്ചിരുന്നു…

സഞ്ജു അഭിയെയും നന്ദുവിനെയും കാണുകയായിരുന്നു..

കണ്ണ് തുറന്നു ആകാശത്തോട് നോക്കിയപ്പോൾ ആകാശം നിറയെ നക്ഷത്രങ്ങൾ.. അതിലൊരു നക്ഷത്രം തന്നെ നോക്കി കൺചിമ്മുന്നതു പോലെ തോന്നി സഞ്ജുവിന്…

എവിടെയോ വായിച്ചതോർക്കുന്നു നക്ഷത്രങ്ങൾ ആത്മാക്കളാണ് എന്ന്.. അങ്ങനെയെങ്കിൽ ഈ കൂട്ടത്തിൽ

അഭി ഉണ്ടാകില്ലേ.. എന്നെ അവന് മനസ്സിലാവില്ലേ…
അഭീ.. ഞാൻ നിന്റെ നന്ദുവിനെ ഒരുപാട് സ്നേഹിക്കുന്നു…

നിന്നെക്കാൾ മുൻപ് സ്നേഹിച്ചു തുടങ്ങിയതാ ഞാൻ.. നിങ്ങളുടെ സന്തോഷം അറിഞ്ഞപ്പോൾ മനസ്സറിഞ്ഞ് വേണ്ടാന്ന് വെച്ചതാ.. ഇപ്പോൾ അവൾ തനിച്ചായില്ലേ…

അവളെ എനിക്ക് തന്നൂടെ അഭിയ്ക്ക്… ജീവനുള്ള കാലത്തോളം ഞാൻ നോക്കിക്കൊള്ളാം.. പൊന്നുപോലെ…

സഞ്ജു കണ്ണടച്ചു കിടന്നു.. മനസ്സ് നിറയെ നന്ദുവിനോടുള്ള സ്നേഹവുമായി… അപ്പോഴും അങ്ങ് ദൂരെ ചക്രവാളത്തിൽ ഒരു നക്ഷത്രം സഞ്ജുവിനെ നോക്കി കൺചിമ്മുന്നുണ്ടായിരുന്നു…

തന്റെ സമ്മതം അറിയിക്കുന്നത് പോലെ…

(തുടരും…..)

(എല്ലാർക്കും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു…സ്മൈലീസും സ്റ്റിക്കേർസും ഒഴിവാക്കി അഭിപ്രായങ്ങൾ പോരട്ടെ…

കാത്തിരിക്കുന്നു…
സ്നേഹത്തോടെ ധന്യ….)

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4